വരദക്ഷിണ തുടർക്കഥയുടെ നാലാം ഭാഗം വായിക്കാം…..

രചന : ഊർമ്മിള മിഥിലാത്മജ

പതിവ് സന്ദർശനത്തിന്റെ ഇടയിലെപ്പോഴോ ആണ് വെളുത്തു മെലിഞ്ഞ പയ്യനിൽ കണ്ണുടക്കിയത്.

ചിരിയും കളിയുമായി എന്റെ പെണ്ണിന്റെ പുറകെ എല്ലായപ്പോഴും ഉണ്ടായിരുന്ന അവന്റെ കണ്ണുകളിൽ സൗഹൃദത്തിനപ്പുറം പ്രണയത്തിന്റെ തിളക്കം കണ്ട് തുടങ്ങിയപ്പോൾ ഉറപ്പിച്ചു ഇവനാണ് എന്റെ പ്രണയകഥയിലെ വില്ലനെന്ന്.

ഉള്ളിലൊതുക്കിയ പ്രണയം തുറന്നുപറയാനാവാതെ വീർപ്പുമുട്ടുന്ന തനിക്ക് അവന്റെ കണ്ണിലെ പ്രണയം തിരിച്ചറിയാൻ അത്ര പ്രയാസമൊന്നും ഉണ്ടായിരുന്നില്ല.

അവളുടെ ചെറിയ തമാശകൾക്ക് പോലും പൊട്ടി ചിരിക്കുകയും, ആവശ്യത്തിനും അനാവശ്യത്തിനും കെയർ ചെയ്യുകയും ചെയ്യുന്ന അവൻ അവളെ അവളറിയാതെ തന്നെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അവന്റെ മുന്നിൽ ചെന്നുനിന്നവളെ ചേർത്ത് നിർത്തി ഇവടെമേൽ കണ്ണ് വേണ്ടന്നും ഇത് വിഷ്ണുവിന്റെ പെണ്ണാണെന്നും പറയാൻ തോന്നി.

പക്ഷെ അപ്പോഴും അവളെന്നെ വിട്ടു പോകില്ലെന്ന ഉറച്ച ധാരണയുണ്ടായിരുന്നു മനസ്സിൽ.

പിന്നീടെപ്പൊഴോ കോരിച്ചൊരിയുന്ന മഴയിൽ ബസ് നോക്കിനിന്ന അവൾക്ക് മുന്നിൽ വണ്ടിയുമായി ചെന്ന് നിന്ന അവനെ കാണെ നിയന്ത്രണം വിട്ടുപോയിരുന്നു.

ചിരിയോടെ തന്നവൾ അവന്റെ ക്ഷണം നിരസിച്ചപ്പോളും നനഞ്ഞുകുതിർന്ന അവളുടെ ഉടലിനെ അവന്റെ മിഴികൾ കൊളുത്തി വലിക്കുന്നത് കണ്ടപ്പോൾ നടുറോഡിലിട്ട് തല്ലാനാണ് ആദ്യം തോന്നിയത്.

പാടില്ല അവനിലെ ഭാവമാറ്റം ഇനിയുമാ പൊട്ടിപ്പെണ്ണ് മനസ്സിലാക്കിയിട്ടില്ല എന്നോർത്തപ്പോൾ അവളെ വിഷമിപ്പിക്കാൻ തോന്നിയില്ല.

അച്ഛൻ മരിച്ചതോടെ കഷ്ടപ്പാട് കൊണ്ട് പണിക്കിറങ്ങിയ പെണ്ണ് തന്നെ മറ്റുള്ളവർ കാമകണ്ണുകളോടെയാണ് നോക്കുന്നതെന്നറിയുമ്പോൾ തകർന്നു പോകുമെന്ന് തോന്നി . ഒരുപക്ഷെ അവൾ ജോലി തന്നെ വേണ്ടന്ന് വച്ചുകളയും എന്നാണ് ആദ്യം കരുതിയത് . ഇനിയൊരു നഷ്ടം കൂടിയാ പെണ്ണ് താങ്ങില്ല . അവൾക്ക് താങ്ങായി ഈ വിഷ്ണു ഉള്ളപ്പോൾ അവളുടെ കണ്ണുകൾ ഇനിയും നിറയാൻ പാടില്ലെന്നു തോന്നി.

അതുകൊണ്ട് തന്നെയാണന്ന് അവളുടെ ബസ് പോകാൻ കാത്തുനിന്നതും . അവന്റെ ബൈക്ക് ഇടവഴിയിൽ തടഞ്ഞു നിർത്തിയതും . തന്നെ അത്രമാത്രം വേദനിപ്പിച്ച മറ്റൊരു ദിവസവും ഇതുവരെയീ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. എത്ര ഭീകരമായിരുന്നു ആ വൈകുന്നേരം.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

തിരക്കേറിയ പാതയിൽ നിന്നേറേ മാറി ഗ്രാമകവാടത്തിലേക്ക് കടക്കുന്ന മൺപാത തുടങ്ങുന്നിടത്ത് വച്ചാണ് ഞാൻ അവനെ തടഞ്ഞു നിർത്തിയത് . അവനെ കുറിച്ചുള്ള അത്യാവശ്യം കാര്യങ്ങളൊക്കെ അതിനുള്ളിൽ തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു. വണ്ടി നിർത്തി എന്നെ തന്നെ നോക്കിയിരിക്കുന്ന അവനെ നോക്കി ഞാൻ ചെറുതായൊന്നു ചിരിക്കാൻ ശ്രമിച്ചു എന്നാൽ ഉള്ളിൽ നുരഞ്ഞ്പൊന്തിയ ദേഷ്യം പല്ലുകളെ ഞെരിച്ചു കളഞ്ഞപ്പോൾ കണ്ണിൽ രക്തം പരക്കുന്നത് അവനറിഞ്ഞു കാണണം.

” Mr. വിഷ്ണു അല്ലെ . ദക്ഷിണ പറഞ്ഞു നന്നായറിയാം എന്താ മാഷേ വഴിയിൽ വണ്ടി തടഞ്ഞു നിർത്തിയൊരു കസർത്ത്. ”

അപ്രതീക്ഷിതമായി അവനിൽ നിന്ന് വന്ന വാക്കുകൾ തെല്ലോന്നമ്പരിപ്പിക്കാതിരുന്നില്ല എന്നതാണ് സത്യം.

അവനെന്നെ അറിയാം എന്നുള്ളത് എനിക്ക് പുതിയ അറിവായിരുന്നു.

ആ അപ്പോളവളെന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്.

ഞാനിനിയെന്നെ പരിചയപ്പെടുത്തി സമയം കളയണ്ട ആവശ്യമില്ലല്ലോ?

എന്റെ പെണ്ണാ അവള് കാർന്നവന്മാരായി പറഞ്ഞു വച്ചിരിക്കുന്നതാ അവളെ വിഷ്ണു വിന്റെ പെണ്ണായിട്ട്.

അവളെവിടെ പോയാലും ഈ വിഷ്ണുവിന്റെ കണ്ണുകൾ അവൾക്ക് പുറകെ ഉണ്ടാവും.

അച്ഛനില്ലാത്ത കുട്ടി ആണെന്ന് കരുതി കയറി മുട്ടാൻ നിൽക്കണ്ട.

പൊന്നിട്ടു മൂടാൻ പോന്ന സ്വത്തുവകകൾ കുടുംബത്തുണ്ടായിട്ടും നീയ് നാട്ടുകാരുടെ കടയിൽ കൂലിവേലക്ക് നിൽക്കുന്നതിന്റെ ഉദ്ദേശം നന്നായിട്ടെനിക്കറിയാം എന്നുള്ള കാര്യം നിനക്കും അറിയാം എന്നത് നിന്റെ സംസാരം കേട്ടപ്പോൾ ബോധ്യമായി.

അതുകൊണ്ട് മോനെ അനി അവളെയങ്ങു വെറുതെ വിട്ടേര്. ഇനി നിന്റെ നിഴൽ പോലും വിഷ്ണുവിന്റെ പെണ്ണിന്റെ ദേഹത്ത് വീഴരുതെന്ന താക്കിതോടെ തിരിഞ്ഞു വണ്ടിയിൽ കയറുമ്പോൾ വീണ്ടും മുന്നിൽ തടസ്സമായി നിൽക്കുന്ന അനിയെ കണ്ടു.

അങ്ങനെയങ്ങു പോയാലോ വിഷ്ണു നീ പറഞ്ഞതൊക്കെ ഞാൻ കേട്ടില്ലേ ഇനി ഞാൻ പറയുന്നത് നീയും കൂടൊന്നു കേൾക്കു.

കാർന്നവന്മാരായി പറഞ്ഞു വച്ച ബന്ധമൊക്കെ ശരിയായിരിക്കാം പക്ഷെ നീ പറഞ്ഞ നിന്റെ പെണ്ണന്ന ആ വാചകം അങ്ങ് തിരുത്തിയേക്ക്.

നിന്റെ പെണ്ണല്ല ഈ അനിയുടെ പെണ്ണ്. അത് ഞാനും അവളും കൂടെ തീരുമാനിച്ചതാ.

അവളെന്തിനെന്നോട് നിന്റെ കാര്യം പറഞ്ഞെന്നു നിനക്കൊന്നു ചിന്തിച്ചൂടായിരുന്നോ?

ബോധമില്ലാത്ത കാർന്നവന്മാർ ജനിക്കുന്നതിനു മുന്നേ പറഞ്ഞു വച്ച അബദ്ധത്തിന്റെ കാര്യം അവളെന്നോട് പലപ്പോഴും പറഞ്ഞിരുന്നു. അവൾക്കതിൽ തീരെ താല്പര്യമില്ല. അല്ലെങ്കിൽ തന്നെ നിന്നെപ്പോലൊരു ദേഷ്യപിശാശിനെ വിവാഹം കഴിക്കാൻ എത് പെണ്ണിന മനസ്സ് വരുക.

ഫ നീർത്തട കഴിഞ്ഞോ നിന്റെ നാടകം…

ഇനിയൊരു വാക്ക് മിണ്ടിയാൽ അരിയും ഞാൻ നിന്നെ…

ഇന്നും ഇന്നലെയും കണ്ടു തുടങ്ങിയതല്ല ഞാനവളെ അവൾക്കെന്നോടുള്ള ഇഷ്ട്ടം എനിക്ക് നീ പറഞ്ഞിട്ട് വേണ്ട അറിയാൻ പറഞ്ഞു പറഞ്ഞങ് കാട് കയറാതെ നീയ്.

” വെറുതെ പറഞ്ഞതല്ല വിഷ്ണു ദാ കാണു നീ പറഞ്ഞ നിന്റെ പെണ്ണും ഞാനും കൂടിയുള്ള ഫോട്ടോസ്.”

അത്രയും അടുപ്പമില്ലാത്ത ആരുമായെങ്കിലും അവൾ ഇത്രയും ക്ലോസായി നിന്ന് ഫോട്ടോ എടുക്കുമെന്ന് നീ കരുതുന്നുണ്ടോ? അവൾ പറയാതെ നിന്റെ കുടുംബകാര്യങ്ങൾ ഞാൻ അറിയുമെന്ന് തോന്നുന്നുണ്ടോ?.

നിനക്ക് ചിലപ്പോൾ അവളെ പേടിപ്പിച്ചു ഭാര്യയാക്കാൻ പറ്റുമായിരിക്കും പക്ഷെ എന്നെ മാത്രം മനസ്സുകൊണ്ടാഗ്രഹിക്കുന്ന പെണ്ണായിരിക്കും അവൾ .

അവൻ പറഞ്ഞു തീരും മുൻപവന്റെ കവിളിൽ കൈ പതിഞ്ഞിരുന്നു. പക്ഷെ പുഞ്ചിരിച്ചു കൊണ്ട് അവിടെ നിന്ന് നടന്നകന്ന അവൻ പിന്നീടെന്റെ സ്വൈര്യം കെടുത്തി കൊണ്ടിരുന്നു.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

പിറ്റേന്ന് മുതൽ പരിചയമില്ലാത്ത നമ്പറിൽ നിന്നും ഓരോ ദിവസവും എന്നെ തേടിയെത്തുന്ന തെളിവുകൾ എല്ലാം വിരൽ ചൂണ്ടിയത് അനിയെ സ്നേഹിക്കുന്ന ദച്ചുവിലേക്കാണ്.

മനസ്സിൽ കൊണ്ട് നടന്നവൾ ചതിച്ചതായിട്ടാണ് ആദ്യം തോന്നിയത് പിന്നീടെപ്പോഴോ ചതിയെന്ന് പറയാൻ പറ്റില്ലാന്ന് തോന്നി അവളോ ഞാനോ ഇഷ്ടം തുറന്നു പറഞ്ഞിട്ടില്ലെന്നതാണ് സത്യം.

പിന്നീടെപ്പോഴോ നാരായണേട്ടൻ വഴി അവൾക്കൊരു പ്രൊപോസൽ വന്നെന്നും അത് മുടക്കാൻ അവൾ വിഷ്ണുവിന്റെ പെണ്ണാണെന്ന് പരക്കെ വിളിച്ചു പറഞ്ഞെന്നും കേട്ടപ്പോൾ ഹൃദയം നുറുങ്ങുന്ന വേദന തോന്നി. അവളുടെ പ്രണയം തകരാതിരിക്കാൻ അവളെത്ര സമർത്ഥമായെന്നെ കരുവാക്കിയെന്നു ചിന്തിച്ചപ്പോൾ തല പെരുത്ത് തുടങ്ങിയിരുന്നു.

അവളെ എനിക്ക് വേണ്ടി പറഞ്ഞു വച്ച കാർന്നവന്മാരെ ബുദ്ധിശൂന്യരെന്നു തരംതാഴ്ത്തിയ അവളോട് ദിനംപ്രതി വെറുപ്പേറി വന്നുകൊണ്ടിരുന്നു.എന്നതാണ് സത്യം.

താൻ പ്രണയിക്കുന്ന പെണ്ണിന്റെ മനസ്സിൽ മറ്റൊരു പുരുഷൻ സ്ഥാനം പിടിച്ചിരിക്കുന്നു എന്ന തിരിച്ചറിവ് ഏതൊരു പുരുഷന്റെയും അഭിമാനത്തിനേൽക്കുന്ന കളങ്കം തന്നെയാണ് എന്നാൽ അതറിയുന്നത് അവളുടെ കാമുകന്റെ വായിൽ നിന്നാവുമ്പോൾ വേദന കൂടും.

എന്നെ ഇഷ്ടമല്ലാത്തവൾ മറ്റൊരുത്തനെ മനസ്സിൽ ചുമക്കുന്നവൾ എന്റെ മുറിയിൽ കയറിയിറങ്ങുകയും , എന്റെ പേര് പറഞ്ഞു വിവാഹം മുടക്കുകയും ചെയ്തതിനെ ചോദ്യം ചെയ്തപ്പോൾ ഒരു മനസ്സാക്ഷി കുത്തുമില്ലാതെ കാർന്നവന്മാർ അവൾക്ക് തീറെഴുതി കൊടുത്ത ബന്ധമാണെന്ന് അവളുടെ വായിൽ നിന്ന് തന്നെ കേട്ടപ്പോൾ എനിക്കവളോടുള്ള ദേഷ്യം ഇരട്ടിയായി…

അൽപ്പസമയത്തിനകം ഫോൺ വീണ്ടും ചിലച്ചു തുടങ്ങിയിരുന്നു. മറുപുറത്തെ പരിഹാസ ചിരിയിൽ കേട്ടത് കവലയിൽ വന്നാൽ കാണാം എന്റെ പെണ്ണ് എന്റെ വണ്ടിയിൽ കയറി വരുന്നതെന്നാണ്.കേട്ടപ്പോൾ ഹൃദയം കല്ലായി മാറിയിരുന്നു. അവളവന്റെ വണ്ടിയിൽ കയറല്ലേ എന്ന പ്രാർത്ഥനയോടെയാണ് ആൽത്തറയിൽ കൂട്ടുകാരൊത്ത് കയറിയിരുന്നത്.

ഒരേ മനസ്സോടെ കാത്തിരിക്കുന്ന കൂട്ടുകാരിൽ ചിലർക്ക് കാര്യം അറിയാമായിരുന്നത് കൊണ്ട് അവർക്കൊപ്പം കൂടിയിരുന്നു.

കൂട്ടുകാരനെ ചതിച്ച തന്റെടി പെണ്ണിനോട് അവർക്കും വെറുപ്പായിരുന്നു എന്നതാണ് സത്യം . എന്റെ കണ്മുന്നിൽ കൂടി അവളെയും കൊണ്ടവൻ പറന്നു പോകുമ്പോളും കണ്ണാടിയിലൂടെ അവനെന്നെ പുച്ഛിച്ചു ചിരിക്കുകയായിരുന്നു.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

പതിവിന് വിപരീതമായി കിച്ചു ഒറ്റക്ക് ബസിറങ്ങി വരുന്നത് കണ്ടപ്പോൾ ചേച്ചി എവിടെയെന്നു കാര്യം അന്വേഷിച്ചിരുന്നു. ചേച്ചി വന്നില്ലെന്നും താൻ തന്നെയാണ് വന്നതെന്നും പരിഭവം പറഞ്ഞ അവളെ വീട്ടിൽ കൊണ്ടാക്കി ചായകുടിച്ചിരിക്കുമ്പോൾ വീണ്ടും വന്നു എന്റെ പെണ്ണ് അവന്റെ കൂടെ നിൽക്കുന്ന ഫോട്ടോ.

അതുകൂടി ആയപ്പോൾ ക്ഷമ നശിച്ചിരുന്നു എന്ന് തന്നെ പറയാം.

വണ്ടിയുമായി ആൽത്തറയിലേക്ക് പായുമ്പോൾ മനസ്സ് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. അതിലേറെ അവളോടുള്ള വെറുപ്പും. മനസ്സുകൊണ്ടവൾ മറ്റൊരുവനെ സ്നേഹിക്കുന്നു എന്നറിയുമ്പോളും വിട്ടുകൊടുക്കാൻ മനസ്സനുവദിച്ചിരുന്നില്ല.

എനിക്കില്ലാത്ത അവളെ അവന് കൊടുക്കില്ല എന്ന് മനസ്സിൽ ഉറപ്പിക്കുമ്പോളും എന്നെ വേണ്ടന്ന് വച്ച അവളെ ഒരു പാഠം പഠിപ്പിക്കണമെന്ന വാശിയായിരുന്നു മുന്നിൽ.

ആൽത്തറയിൽ എന്റെ കൂട്ടുകാരന്റെ മുഖത്തടിച്ചു കൊണ്ട് അഴിഞ്ഞുലഞ്ഞ തലമുടിയും അലസത നിറഞ്ഞ വസ്ത്രധാരണവുമായി നിൽക്കുന്ന അവളെ കണ്ടപ്പോൾ ഫോണിലൂടെ കേട്ട അവന്റെ വാക്കുകൾക്ക് കനം വക്കുകയായിരുന്നു.

തകർന്നു പോയിരുന്നു ഞാൻ എന്നിൽ ഉണർച്ച പ്രാപിച്ച വികാരത്തെ വെളിപ്പെടുത്താൻ വാക്കുകൾ കിട്ടാതെ വന്നപ്പോൾ ദേഷ്യം ബുദ്ധിയെ നിയന്ത്രിച്ചപ്പോൾ എന്തൊക്കെയാണ് പറഞ്ഞു തീർത്തതെന്നു ഇപ്പോളും ഒരു ബോധവും ഇല്ലെനിക്ക്.

പിന്നെപ്പോളോ അവളുടെ മുഖത്തു കൈ പതിച്ചപ്പോൾ നിറകണ്ണുകളോടെ നടന്നകലുന്ന പെണ്ണിനോട് കരുണ തോന്നിയെങ്കിലും അതവൾ അർഹിക്കുന്നില്ലന്ന് മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

എത്രനേരമങ്ങനെ ചിന്തിച്ചിരുന്നെന്നറിയില്ല ഇരുണ്ടുകൂടിയ ആകാശത്തിൽ നിന്നൊരു തുള്ളി മുഖത്തു പതിച്ചപ്പോഴാണ് അവിടെ നിന്നെഴുന്നേറ്റ് നടന്നത്. വണ്ടിയൊടിച്ചു വീട്ടിലേക്കുള്ള വരമ്പു തിരിഞ്ഞപ്പോഴാണ് അമ്മ അവളുടെ അടുത്താണെന്ന് ഓർത്തത്. മഴപെയ്യാൻ തുടങ്ങിയിരുന്നെങ്കിലും കാര്യമാക്കാതെ അവളുടെ വീട് ലക്ഷ്യമാക്കി പാഞ്ഞു.

മനസ്സ് ചുട്ടുപൊള്ളുമ്പോളും ഉടൽ കുളിർപ്പിക്കുന്ന മഴയിൽ കണ്ണുനീർ ഒഴുക്കി കളഞ്ഞു. കണ്ണുനീർ ആൺകുട്ടികൾക്ക് വിലക്കപ്പെട്ട കനിയാണത്രെ.

അച്ഛൻ മരിച്ചു കിടക്കുമ്പോൾ അലമുറയിട്ട് കരഞ്ഞപ്പോഴാണ് ആ വാക്കുകൾ ആദ്യം കേട്ടത്.

നീയോരാൺകുട്ടി അല്ലെ വിച്ചു. നീ വേണ്ടേ അമ്മയെ സമാധാനിപ്പിക്കാൻ എന്ന് .പിന്നീടങ്ങോട്ട് പ്രതിസന്ധികൾ വഴിമുടക്കി നിന്നപ്പോളെല്ലാം കേട്ട ഉപദേശങ്ങളിൽ ആൺകുട്ടി കരയാൻ പാടില്ലെന്ന സാരാംശം നിറഞ്ഞു നിന്നിരുന്നു. സങ്കടം വരുമ്പോളെല്ലാം ഇറങ്ങി നടന്നാണ് ശീലം എങ്ങോട്ടെന്നില്ലാതെ ഒരു നടപ്പ് . പക്ഷെ ഇവിടെ അതിനും മനസ്സനുവദിക്കുന്നില്ല കണ്ണൊന്നു തെറ്റിയാൽ അവൾ കൈവിട്ട് പോയാലോ എന്ന ഭയമാണ് മനസ്സിൽ. മറ്റൊരുവന്റെ താലിയുമായി നിൽക്കുന്ന എന്റെ പെണ്ണിനെ കാണാൻ മാത്രം മനക്കട്ടി അന്നും ഇന്നും ഈ വിഷ്ണുവില്ലന്ന് എങ്ങനെയാണ് ഞാനവളെ മനസ്സിലാക്കിക്കുന്നത്.

വണ്ടി നിർത്തി ഉമ്മറത്തേക്ക് ഓടിക്കയറുമ്പോൾ വീണ്ടും കേട്ടു എന്റെ ഉറക്കം കെടുത്തുന്ന ശബ്ദം.

അകത്തേക്കൊന്നുകൂടി കയറി നിന്നപ്പോൾ എന്റെ പെണ്ണിന്റെ തൊട്ടടുത്ത് അവളുടെ ബെഡിൽ ഇരിക്കുന്ന അനി.

തുടരും…

ലൈക്ക് കമൻറ് ചെയ്യണേ…

രചന : ഊർമ്മിള മിഥിലാത്മജ