എനിക്ക് നിൻറെ പാദസരം ഒന്ന് തരുമോ…വിൽക്കാനാണ് വേറെ വഴി ഇല്ലാത്തോണ്ട..

രചന: അമിത വാഹിദ്

” ഹലോ ബിജു ചേട്ട … ആ ഓർമ്മയുണ്ട് ഇന്ന് തന്നെ ഇടാം. ഉറപ്പാണ്. നേരത്തെ പറഞ്ഞ പോലെ അല്ല .ഞാൻ പൈസ അറേഞ്ച് ചെയ്യാനുള്ള ഓട്ടത്തിലായിരുന്നു. അതാ ഫോൺ എടുക്കാനെ.

ചേട്ടന്റെ അക്കൗട്ട് നമ്പർ ഒന്ന് വാട്ട്സപ്പ് ചെയ്തേക്കണേ.. പൈസ കിട്ടിയാൽ ഉടനെ ഞാനതിലേക്കിടാം”

ജോമോൻ ഫോൺ തന്റെ പോക്കറ്റിലേക്കു വെച്ചു.

“എന്റെ ദൈവമേ …ഞാനിനി എന്ത് ചെയ്യും?!!!

ചോദിച്ചവരുടെ കയ്യിലൊന്നും പൈസ ഇല്ല. ഇന്ന് തന്നെ കൊടുക്കുകയും വേണം. 6 മാസമായിട്ട് ജോലിയുമില്ല. കടവങ്ങാൻ പറ്റുന്നവരോടൊക്കെ കടവും വാങ്ങി. പലവട്ടം അവധി പറഞ്ഞ ദിവസങ്ങൾ കഴിഞ്ഞു. ഇന്നെന്തായാലും കൊടുത്തേ പറ്റുള്ളൂ.

എന്തേലും ഒരു വഴി കാണിച്ചു തരണേ…

വണ്ടിയുടെ സ്‌റ്റിയറിംഗിൽ അവൻ മുഖം താഴ്ത്തി കടന്നു.

“ണിം …ണിം…” ഫോൺ അടിക്കുന്നത് കേട്ടവൻ ഉണർന്നു. ജിനി ആണല്ലോ.

പെട്ടെന്നാണവൻ സമയം നോക്കിയത്.

ദൈവമേ 8 മണി ആയോ?!! എന്നും 7 മണി കഴിയുമ്പോഴേക്കും എത്തുന്നതാ. ഇനി താമസിക്കുവാണേൽ തന്നെ വിളിച്ചു പറയുന്നതുമാണ്.

ഇന്നാണേൽ പൈസ ശരിയാക്കാനുള്ള ഓട്ടപാച്ചലിൽ അവളെ വിളിക്കുകയും ചെയ്തില്ല. ഇങ്ങോട്ടു വിളിച്ചിട്ട് ഫോണും എടുത്തില്ല. പാവം പേടിച്ച് കാണും.

ജോമോൻ ജിനിയുടെ നമ്പറിലേക്ക് തിരിച്ചു വിളിച്ചു.

“ഹലോ..എന്തുവാ ഇച്ചായ എത്ര നേരായിട്ട് ഞാൻ വിളിക്കുന്നു ഒന്ന് ഫോൺ എടുത്ത് കൂടെ? ഒന്ന് ഇങ്ങോട്ട് ഒന്ന് വിളിച്ചു പോലും ഇല്ലല്ലോ? അതങ്ങനാ വീട്ടിൽ നിന്നിറങ്ങിയാൽ പിന്നെ എന്നെയും മോനെയും കുറിച്ച് ചിന്ത ഒന്നുമില്ലല്ലോ? അല്ലേ പിന്നെ ലേറ്റ് ആകുന്ന് ഒന്ന് വിളിച്ച് പറയാതിരിക്കോ? ഞാൻ എത്ര ടെൻഷൻ അടിച്ചുന്നറിയോ നിങ്ങൾക്ക്?” ജിനി പറഞ്ഞു.

“സോറി മോളേ… ദേ ഞാൻ ഇവിടുന്നിറങ്ങി. ഒരു അരമണിക്കൂർ അവിടെ എത്തും. കുറച്ച് തിരക്കായി പോയി. ഞാൻ വന്നിട്ട് വിശദമായി പറയാം”

” ഇച്ചായാ… പിന്നെ ബിജു ചേട്ടൻ എന്റെ നമ്പറിലേക്ക് വിളിച്ചാരുന്നു. ഇച്ചായൻ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല എന്ന് പറഞ്ഞിട്ട്.”

” ആടാ എന്നെ ഇപ്പം വിളിച്ചു സംസാരിച്ചായിരുന്നു. ഫോൺ സൈലന്റായിരുന്നു. അതാ എടുക്കാനെ. ഞാൻ വെക്കുവാണേ. ബാക്കി വന്നിട്ട് പറയാം.”

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“ആഹാ വന്നായിരുന്നോ ഇച്ചായൻ? ഞാൻ മോനെ ഉറക്കുവായിരുന്നു. അവൻ ഇന്ന് നേരത്തെ ഉറങ്ങി.

കോളിംഗ് ബെൽ അടിക്കാതിരിക്കാനാണ് ചാവി മാറ്റി വെച്ചത്. വന്നിട്ട് അനക്കമൊന്നും കേട്ടില്ലല്ലോ..

പതിവ് ചായ വേണ്ടേ ?

ആകെ മൂഡ് ഓഫ് ആണല്ലോ..എന്തുപറ്റി?

അല്ലെങ്കിൽ വന്നാലുടനെ മോനെ അന്വേഷിക്കുന്നതാണല്ലോ?

തൻറെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതായപ്പോൾ എന്തോ പന്തികേട് ഉണ്ടെന്ന് ജിനിക് തോന്നി..

“ഇച്ചായാ.. ഇച്ചായാ… ഞാൻ ചോദിച്ചത് കേട്ടോ..?”സെറ്റിയില്‍ ചാരി കിടക്കുന്ന ജോമോനെ തട്ടി അവൾ ചോദിച്ചു.

കണ്ണുതുറന്ന് അവളെ നോക്കിയപ്പോൾ അവന്റെ മനസ്സിൽ ഭാരം കൂടുന്നത് ആയി തോന്നി. എങ്ങനെ പറയും അവളോട്?!!!

കല്യാണം കഴിഞ്ഞ് കുറച്ചുനാൾ ആയപ്പോഴേക്കും ബിസിനസ്സ് ആവശ്യത്തിനായി അവളുടെ സ്വര്‍ണ്ണം എല്ലാം വിൽക്കേണ്ടിവന്നു.

പിന്നെ ബാക്കി ഉണ്ടായിരുന്ന താലിമാലയും വളയും സ്വർണപാദസരവും ആയിരുന്നു.

അതിൽ വളകൾ മൂന്ന് മാസം മുൻപ് പണയം വെച്ചത. ഒരാഴ്ച കഴിഞ്ഞ് എടുത്ത് കൊടുക്കാന്ന് പറഞ്ഞതാ. ഇത് വരെ എടുത്തു കൊടുക്കാൻ പറ്റിയിട്ടില്ല. എന്റെ സാഹചര്യം അറിയാവുന്നത് കൊണ്ട് അവളും ഇത്‌വരെ എന്നോട് ചോദിച്ചിട്ടില്ല.

ഇനി അവളോട് എങ്ങനെയാണ് സ്വർണ്ണപാദസരം വിൽക്കാൻ ചോദിക്കുന്നത്?!! മാത്രമല്ല ഇന്നവളുടെ ജന്മദിനം കൂടിയാണ്.

അവൾക്കൊന്നും ഗിഫ്റ്റ് ആയി വാങ്ങി കൊടുക്കാൻ പോലും കഴിഞ്ഞില്ല, അപ്പോഴാണ് ഉള്ളത് വിൽക്കാൻ ചോദിക്കുന്നത്.

പക്ഷേ എൻറെ മുന്നിൽ വേറെ ഒരു വഴിയും ഇല്ല.ഒരു ആപത്തിൽ സഹായിച്ചതാണ് അവൻ, അടുത്ത ബന്ധുക്കൾപോലും അന്ന് കൂടെ ഉണ്ടായിരുന്നില്ല.

വീടിന്റെ വാടക കൊടുക്കാൻ കാശില്ലാതെ ഇറക്കിവിടും എന്ന അവസ്ഥയിൽ താൻ ചോദിക്കാതെ തന്നെ തന്റെ കഷ്ടപാടുകൾ കണ്ട് അറിഞ്ഞു സഹായിച്ചതാണ് ബിജു ചേട്ടൻ.

ഇപ്പം പുള്ളിക്ക് കുറിച്ച് ബുദ്ധിമുട്ടാണ്. ഉണ്ടായിരുന്ന ജോലി പോയി. അതാണ് തന്നോട് ഇപ്പം ചോദിച്ചത്.

എന്തേലും വഴി ഉണ്ടായിരുന്നേൽ ബിജു ചേട്ടൻ എന്റെ സാഹചര്യം വെച്ച് ചോദിക്കില്ലായിരുന്നു. ഒരു വഴിയും ഇല്ലാത്തിട്ടാണ്. അതെനിക്കറിയാം.അത് കൊണ്ട് തന്നെ തിരികെ കൊടുത്തേ പറ്റൂ. ബിജു ചേട്ടനോട് പറഞ്ഞ അവസാന ഡേറ്റ് ഇന്നാണ്.

പൈസ സംഘടിപ്പിക്കാനുള്ള നെട്ടോട്ടം ആയിരുന്നു ഇതുവരെ.. ഒന്നും നടന്നില്ല. ആറുമാസമായി ജോലി ഇല്ലായിരുന്നവസ്ഥ. കടം വാങ്ങിക്കാൻ പറ്റുന്നവർടെ കയ്യില്‍ നിന്നെല്ലാം വാങ്ങി കഴിഞ്ഞു….

“ഇച്ചായാ എന്താ ഒന്നും മിണ്ടാത്തെ?”

“എനിക്ക് നിൻറെ പാദസരം ഒന്ന് തരുമോ ?

വിൽക്കാനാണ് വേറെ വഴി ഇല്ലാത്തോണ്ട..

ബിജു ചേട്ടന് ഇന്നാണ് പൈസ കൊടുക്കേണ്ടത്..

നിനക്കറിയാമല്ലോ ഞാൻ പല വഴികളും നോക്കി, ഒന്നും നടന്നില്ല..നമ്മുടെ പ്രശ്നങ്ങളൊക്കെ മാറുമ്പോൾ നിനക്ക് ഇതിലും നല്ലത് വാങ്ങിത്തരാം

“അതിനെന്താ ചേട്ടായി എനിക്ക് അറിയാവുന്നതല്ലേ കാര്യങ്ങൾ.. നമുക്ക് പിന്നീട് നല്ല ഡിസൈൻ വാങ്ങാം.

ഇത് പറയാനായിരുന്നോ ഇത്രയും വിശമിച്ചിരുന്നേ?

ജിനി ഉടനെ പാദസരം ഊരാൻ ആയി കൊളുത്ത് അകത്തി.. എന്തോ അവളുടെ മനസ്സ് കുറച്ച് കാലം പിന്നോട്ട് നടന്നു….

ആദ്യമായി സ്വർണ കൊലുസ് വേണമെന്ന് മോഹം അവളുടെ ഉള്ളിൽ വരുന്നത്..അയലത്തെ ചേച്ചി വയസ്സറിയിച്ച സമയത്ത് ചേച്ചിയുടെ അമ്മ വാങ്ങി കൊടുത്തപ്പോഴാണ്.

ചേച്ചിയുടെ വീട്ടിൽ അന്ന് എന്താഘോഷമായിരുന്നെന്നോ!!!

ബന്ധുക്കളൊക്കെ വരുന്നു. ചേച്ചിക്ക് കുറേ സമ്മാനങ്ങൾ കൊടുക്കുന്നു.

പുതിയ ഉടുപ്പും വളയും മാലയും കമ്മലും പാദസരവുമൊക്കെ ഇട്ടു ചേച്ചി അതിവ സുന്ദരി ആയിരുന്നു അന്ന്. പക്ഷേ അന്നേ തന്റെ നോട്ടം ആ സ്വർണ പാദസരത്തിൽ ആയിരുന്നു.

വീട്ടിലെ സാമ്പത്തികസ്ഥിതി അറിയാവുന്നത് കൊണ്ട് അവൾ ആഗ്രഹം മനസ്സിൽ തന്നെ കുഴിച്ചുമൂടി.

പക്ഷേ അവളോടൊപ്പം അതും വളരുന്നുണ്ടായിരുന്നു.

താൻ വയസ്സറിയിച്ച സമയത്ത് ഒരു സ്വർണ്ണപാദസരം കിട്ടുമെന്ന് അവൾ പ്രതീക്ഷിച്ചു പക്ഷേ ഒന്നും ഉണ്ടായില്ല…

തന്റെ സമപ്രായക്കാരായ കുട്ടികള്‍ ഒത്തിരി ആഭരണങ്ങൾ ഇട്ടു നടക്കുമ്പോഴും അവളുടെ മനസ്സിൽ സ്വർണ്ണപാദസരം എന്നത് മോഹം മാത്രമായി അവശേഷിച്ചു.

കാലം അവളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ആയി കാത്തു വച്ച നാൾ വിവാഹത്തിൻറെ തലേന്ന് ആയിരുന്നു. അന്ന് ആദ്യമായിട്ട് സ്വർണ്ണപാദസരം ഇടുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു….

“ജിനി.. നിനക്ക് സങ്കടം ആണെങ്കിൽ വേണ്ട.ഞാൻ ബിജു ചേട്ടനോട് ഒരവധി കൂടി പറയാം”

ജോമോൻറെ വാക്കുകളാണ് തന്റെ ഓർമ്മകളിൽ നിന്നും അവളെ ഉണർത്തിയത്.

” അതല്ല ഇച്ചായാ..എനിക്ക് ഈ കൊളുത്ത് ഊരാൻ പറ്റുന്നില്ല..ചേട്ടായി തന്നെ ഊരിയെടുക്ക്‌… എനിക്ക് അടുത്ത വെഡിങ് ആനിവേഴ്സറിക്‌ ഇതിലും നല്ലത് വാങ്ങി തന്നാൽ മതി”.

ഇങ്ങനെ പറയുമ്പോഴും അവളുടെ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ ബാക്കിയായിരുന്നു…!!

രചന: അമിത വാഹിദ്

Scroll to Top