ഞാൻ പ്രായശ്ചിത്തം ചെയ്യാൻ എന്റെ അനിയനെ കൊണ്ട് ഞാൻ അവളെ വിവാഹം കഴിപ്പിക്കാൻ പോകുകയാണ്.

രചന: Santhosh Appukkuttan

“കണ്ണിൽ കണ്ട പെണ്ണുങ്ങളുടെ ഗന്ധവും പേറി വരുന്നൊരാളുമായി കിടക്ക പങ്കിടാൻ ഞാനെന്താ തെരുവ് പെണ്ണോ?

മാലിനിയുടെ വാക്ക് കേട്ട സുദേവ് പൊള്ളിയതു പോലെ അവളെ തഴുകിയിരുന്ന കൈ പിന്നോട്ട് വലിച്ചു.

” നീയെന്താ പറഞ്ഞത്?’

ശബ്ദം താഴ്ത്തിയാണ് സുദേവ് അതു ചോദിച്ചെങ്കിലും, അവന്റെ മനസ്സിൽ ഒരു കടലിരമ്പുന്നുണ്ടായിരുന്നു.

തൊട്ടപ്പുറത്തെ റൂമിൽ ശാരദമ്മായിയുടെ മകൾ കിടക്കുന്നുണ്ട്.

ഹാളിൽ അമ്മയും, അച്ഛനും ഉറങ്ങാതെ എന്തോ കഥ പറയുന്നുണ്ട്.

ഒച്ചവെച്ച് സംസാരിച്ചാൽ അവർ കേൾക്കുമെന്ന ഭയത്താൽ പതിയെ ചോദിച്ചു കൊണ്ട് സുദേവ് കട്ടിലിൽ എഴുന്നേറ്റിരുന്നു..

” ശാലിനിയുടെ ഗന്ധവും പേറി എന്നെ തൊട്ടു പോകരുതെന്ന് ”

പറഞ്ഞു തീരും മുൻപെ സുദേവിന്റെ കൈത്തലം മാലിനിയുടെ കവിളിൽ ആഞ്ഞു പതിച്ചു.

“ഇതായിരുന്നോടി പട്ടീ നിന്റെ മനസ്സിലുണ്ടായിരുന്നത് ”

അവൻ കത്തിയെരിയുന്ന കണ്ണുകളോടെ മാലിനിയെ നോക്കി.

“അവിടെ പോകുന്നതാണ് നിനക്ക് പിടിക്കാത്തതെങ്കിൽ അത് നീ സഹിച്ചേ പറ്റൂ, കാരണം ഞാൻ മൂലം ഭർത്താവിനെ നഷ്ടപ്പെട്ട വിധവയാണവൾ, കൂടെ അച്ഛനെ നഷ്ടപ്പെട്ട ഒരു മകനും ഉണ്ടവിടെ ”

കവിളിൽ പതിയെ തടവിക്കൊണ്ട്, അഗ്നി വമിക്കുന്ന കണ്ണുകളോടെ സുദേവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു മാലിനി.

” ഇത്ര മുരടിച്ച മനസ്സുള്ള നിന്നോട് ഇത് പറയേണ്ട ആവശ്യമില്ല. എന്നാലും പറയുകയാണ് ”

സുദേവ് ഒരു സിഗററ്റടുത്ത് കത്തിച്ചു, ജനലകൾ തുറന്നിട്ടു.

ഓർമ്മകൾ പോലെ പുക ചുരുൾ പുറത്തേക്ക് പോകുന്നതും നോക്കിയിരുന്നു സുദേവ്.

“വർഷങ്ങൾക്കു മുൻപുള്ള ഒരു ഓണനാളിൽ, കുടുംബവുമായിഭക്ഷണം കഴിക്കാനൊരുങ്ങി നിന്ന അവനെ നിർബന്ധത്തോടെയുള്ള വിളിയോടെ ബാറിലേക്ക് കൊണ്ടുപോകുമ്പോൾ, അത് അവനെ മരണത്തിലേക്ക് കൊണ്ടു പോകുകയാണെന്ന് ഞാനറിഞ്ഞില്ല ”

“മതി നിർത്ത്”

കൈ എടുത്ത് വിലക്കിയ അവളുടെ ചുണ്ട് പരിഹാസം കൊണ്ട് കോടിയിരുന്നു.

“മൂന്നു വർഷമായി, ഞാൻ സുദേവിന്റെ ഒപ്പം കൂടിയിട്ട്. ഇതു വരെ സുദേവ് കുടിക്കുന്നത് ഞാൻ കണ്ടിട്ടില്ല ശ്വാസത്തിൽ മദ്യത്തിന്റെ ഒരു ഗന്ധവും ഞാനറിഞ്ഞിട്ടില്ല.”

പറഞ്ഞതു മുഴുപ്പിക്കാനൊരുങ്ങിയ സുദേവിനെ നോക്കി മാലിനി ചെവിയടച്ചു.

” കെട്ടുകഥകൾ കേൾക്കാനുള്ള സമയമല്ലിത് നേരം പതിനൊന്നു മണി കഴിഞ്ഞു, എനിക്ക് കിടക്കണം”

സിഗററ്റ് കുറ്റി, വലിച്ചെറിഞ്ഞ് ജനൽ അടച്ചു അവൻ അവളെ പുച്ഛത്തോടെ നോക്കി.

“ഒരു മാസത്തോളമായി, രാത്രിയിൽ തുടർച്ചയായി നിനക്കു വരുന്ന വയറുവേദനയുടെ കാരണം ഇപ്പോഴാണ് എനിക്ക് മനസ്സിലായത്?”

സുദേവ് പതിയെ വാതിലിനരികത്തേക്ക് നടന്നു.

“പിന്നെ ഒരു കാര്യം ”

മാലിനിയുടെ ശബ്ദം കേട്ടപ്പോൾ, തുറക്കാനൊരുങ്ങിയ കൊളുത്തും പിടിച്ച് അവൻ നിന്നു.

“ഇപ്പോൾ എന്റെ കവിളിൽ നിങ്ങൾ തന്നതിനു പകരം, മുതലും പലിശയും നിങ്ങടെ പൊട്ടിപെങ്ങൾക്ക് എന്റെ വീട്ടിൽ കിട്ടിയിരിക്കും.”

വിളിച്ചു പറയുന്നുണ്ടു ഞാൻ എന്റെ ഏട്ടനോട്

അവജ്ഞയോടെ അവളെയും നോക്കി വാതിൽ തുറന്ന സുദേവ്, മുന്നിൽ നിൽക്കുന്ന അച്ഛനെയും അമ്മയെയും കണ്ട് ഒരു വരണ്ട ചിരി സമ്മാനിച്ചു.

“ഒരു മാറ്റ കല്യാണത്തിനു വേണ്ടി എന്റെ ജീവിതം നശിപ്പിച്ചപ്പോൾ സമാധാനമായില്ലേ നിങ്ങൾക്ക്?”

ഒന്നും പറയാതെ വാതിലും തുറന്ന് പുറത്തെ ഇരുട്ടിലേക്കിറങ്ങിയ മകനെ നോക്കി സങ്കടത്തോടെ അവർ നിന്നു.

കാലത്ത് കരുവാളിച്ച മുഖത്തോടെ അടുക്കളയിലേക്ക് കടന്നു വന്ന മാലിനിയെ കണ്ട് ശ്യാമ ഞെട്ടി

” എന്തു പറ്റീ മോളെ?”

“ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തിനെ പറ്റി ചോദ്യം ചെയ്തതിന് കിട്ടിയ സമ്മാനമാണ് ”

പോട്ടെ ഭർത്താവല്ലേ മോളെ ചിലത് കണ്ടില്ലാന്നും, കേട്ടില്ലാന്നും നമ്മൾ പെണ്ണുങ്ങൾ നടിക്കണം”

ശ്യാമ ഒരു ചായക്കപ്പ് അവൾക്കു നേരെ നീട്ടി.

” എന്നിട്ട് ശ്യാമയെന്തിന് ഒരു മാസം തികയും മുൻപെ ,ഭർത്താവുമായി പിണങ്ങി പിരിഞ്ഞത്?”

മാലിനിയുടെ ചോദ്യത്തിനു മുന്നിൽ ശ്യാമയുടെ കണ്ണ് നിറഞ്ഞു.

” താലികെട്ട് സമയത്തു പോലും കുടിച്ചു ബോധം കെട്ട് വന്നവന്റെ സ്വഭാവം എങ്ങിനെയാണെന്ന് ഞാൻ പറയാതെ തന്നെ മോൾക്ക് അറിയാമല്ലോ പക്ഷെ ഒരിക്കൽ പോലും അയാളെ കൊണ്ട് എന്റെ ദേഹത്ത് തൊടുപ്പിച്ചിട്ടില്ല ഞാൻ. എല്ലാം വിധിയാണ് മോളെ ”

“വിധി മണ്ണാങ്കട്ട .ആ വിധിയിൽ ഉരുകി തീരാൻ എന്നെ കിട്ടില്ല.”

ചായ മൊത്തി കുടിക്കുന്നതിനിടയിൽ മാലിനി ശ്യാമയെ നോക്കി! വല്ലാതെ മെലിഞ്ഞുണങ്ങിയിരിക്കുന്നു.

കൺത്തടങ്ങളിൽ കരുവാളിപ്പ് പടർന്നിരിക്കുന്നു. നേരം വെളുക്കും മുൻ‌പെ അടുക്കളയിൽ കയറി, എല്ലാവരും ഉറങ്ങിയതിനു ശേഷം അവിടെ നിന്നിറങ്ങുന്ന അപൂർവ്വ ജീവി. പൈസ കൊടുക്കാതെ കിട്ടിയ ഒരു വേലക്കാരി.

” അന്ന് മേത്ത് ചായ വീണപ്പോൾ ഞാൻ അടിച്ചതിന് സോറി ട്ടാ”

മാലിനി അത് പറഞ്ഞപ്പോൾ, ശ്യാമ കണ്ണീരോടെ പുഞ്ചിരിച്ചു.

“എന്തിന് സോറി. അതപ്പോൾ തന്നെ ഞാൻ മറന്നു കുട്ട്യേ” “അല്ല സുദേവട്ടൻ എവിടെ?”

” ഞാനൊന്നും കണ്ടില്ല ശ്യാമേ നേരം വെളുക്കുമ്പോൾ തന്നെ ആ ഒരുമ്പെട്ടോൾടെ അടുത്തു പോയിട്ടുണ്ടാവും”

ഗ്ലാസ്സ് സിങ്കിലേക്ക് വലിച്ചെറിഞ്ഞ് അടുക്കളയിൽ നിന്ന് ദേഷ്യത്തോടെ പോകുന്ന മാലിനിയെ നോക്കി നിന്നു ശ്യാമ ഒരു നിമിഷം. കാലത്ത് വീട്ടിൽ നിന്നിറങ്ങിയ സുദേവ് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും വന്നില്ല.

മകൻ വരാത്തതു കാരണം അച്ഛനും അമ്മയും ഊണ് കഴിച്ചില്ലെങ്കിലും, മാലിനി വയറ് നിറയെ കഴിച്ചു.

ഒരു തീപൊരിയായ് ഉയർന്ന ശാലിനിയെന്ന വിഷയം ആ വീടിനെ കത്തി ചാമ്പലാക്കൻ തുടങ്ങിരുന്നു.

സന്തോഷത്തോടെ കഴിഞ്ഞിരുന്ന ആ വീട് അശാന്തിയിലമർന്നു കഴിഞ്ഞു. ആരും പരസ്പരം സംസാരിക്കാതെ, റോബോട്ടുകളെ പോലെ ആ വലിയ വീടിന്റെ ചതുരത്തിൽ ചലിച്ചുകൊണ്ടിരുന്നു.

” ശാലിനിയെ താരാട്ടുപാടി ഉറക്കിയിട്ടാണോ വന്നത്?”

വൈകീട്ട് സുദേവൻ വീട്ടിലെത്തിയപ്പോൾ, കലി കൊണ്ട് മാലിനി പൂമുഖത്തേക്ക് കുതിച്ചെത്തി, അതിനൊന്നും പറയാതെ സന്ധ്യാനാമം ജപിച്ചിരുന്ന അമ്മയെ ഒന്നു നോക്കുക മാത്രമാണ് അവൻ ചെയ്തത്. അരുതേയെന്ന് അമ്മ തലയാട്ടിയപ്പോൾ, അവൻ ഒന്നും സംസാരിക്കാതെ അകത്തേക്ക് കയറുമ്പോൾ, മാലിനി അവന്റെ കൈ പിടിച്ചു.

” ഞാൻ വക്കീലിനെ ഫോൺ ചെയ്തിരുന്നു. മ്യൂച്ചൽ പെറ്റീഷൻ കൊടുക്കുകയാണെങ്കിൽ ഡിവോഴ്സ് കിട്ടാൻ എളുപ്പമാണെന്ന് പറഞ്ഞു ”

സുദേവൻ പതിയെ തലയാട്ടിക്കൊണ്ട് മാലിനിയെ നോക്കി.

” നിന്റെ ഇഷ്ടം അതാണെങ്കിൽ അത് നടക്കട്ടെ ”

“മോളേ നീ എന്താ പറയുന്നതെന്ന് ബോധ്യമുണ്ടോ?”

നിലവിളക്ക് അണച്ച് അവൾക്കരികിലേക്ക് വന്ന് ആ കൈ പിടിച്ചു ദമയന്തിയമ്മ.

” ഇനി ഒന്നും ആലോചിക്കാനില്ല, എല്ലാം ആലോചിച്ചു കൊണ്ടു തന്നെയാണ് ഞാൻ ഈ തീരുമാനം എടുത്തിട്ടുള്ളത് ”

ചവിട്ടിതുള്ളി അകത്തേക്ക് പോകുന്ന മാലിനിയെ ഒരു മാത്ര നോക്കി നിന്ന് അവൻ അമ്മയുടെ നേരെ തിരിഞ്ഞു.

“സ്വഭാവം നന്നല്ലെങ്കിൽ കുടുംബമഹിമയും, സ്വത്തും വെറും കരിക്കട്ട മാത്രമാണെന്ന് ഇപ്പോൾ അമ്മയ്ക്ക് മനസ്സിലായില്ലേ?”

മനുഷ്യന്റെ സമാധാനത്തിനു മുകളിൽ, വികൃതമായി കുത്തിവരക്കാനുള്ള വെറും കരിക്കട്ട

” പെയ്യാനൊരുങ്ങിയ കണ്ണുകളെ അമ്മയിൽ നിന്ന് മറച്ച്, അവൻ ധൃതിയിൽ റൂമിലേക്ക് നടന്നു. ”

പിരിയാൻ എളുപ്പമാണ് മോളെ. കൂട്ടി ചേർക്കാനാണ് ബുദ്ധിമുട്ട് മോൾ ഒന്നുകൂടി മനസ്സിരുത്തി ചിന്തിച്ച് ശ്യാമയുടെ ഉപദേശം കേട്ടപ്പോൾ, അടുക്കളയിലേക്ക് വന്ന മാലിനിയ്ക്ക് കലി കയറി

അമ്മാവന്റെ മകളായിട്ടല്ലല്ലോ ഇവിടെ നിൽക്കുന്നത്?

വെറും വേലക്കാരിയായിട്ടല്ലേ വേലക്കാരിയുടെ ഉപദേശം കേൾക്കാൻ എനിക്ക് വലിയ താൽപ്പര്യമില്ല

അതു പറഞ്ഞു പിൻതിരിഞ്ഞ മാലിനി, ശ്യാമയുടെ തേങ്ങൽ പിന്നിൽ നിന്നു കേട്ടു. പിറ്റേ ദിവസം,ഇനി കോടതിയിൽ വെച്ചു കാണാം എന്ന് സുദേവനോട് പറഞ്ഞ് മാലിനി വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ, ശ്യാമ ഓടി വന്ന് അവളെ തടഞ്ഞു.

“മോളെ ഒരു അരിശ്ശത്തിന് കിണറിൽ ചാടിയാൽ ആയിരം അരിശ്ശമുണ്ടായാലും കയറാൻ പറ്റില്ലട്ടോ!”

കത്തുന്ന കണ്ണുകളോടെ ശ്യാമ യെ നോക്കി അവളുടെ വായ് അടപ്പിച്ചപ്പോൾ, ഒരു വിജയിയുടെ ഭാവത്തോടെ ഞാൻ അച്ചനെയും, അമ്മയെയും, സുദേവിനെയും ഇടംകണ്ണിട്ട് നോക്കിയിരുന്നു.

“എന്താണ് ഇത്രയും ആലോചിക്കുന്നത് മാലിനീ ”

ശാലിനിയുടെ ചോദ്യമാണ് നീണ്ട ചിന്തയിൽ നിന്ന് മാലിനിയെ ഉണർത്തിയത്. തന്നെ പറ്റി ചേർന്നിരിക്കുന്ന ഓർമ്മകളെ തൂത്തെറിയാനെന്നവണ്ണം അവൾ തല കുടഞ്ഞു.

രണ്ടാം കെട്ടായാലും നീ എന്നെ വന്ന് ക്ഷണിച്ചല്ലോ?

ഞാൻ വരാം ശാലിനീ

മാലിനിയുടെ വീടിന്റെ പടിയിറങ്ങും മുൻപെ ശാലിനി തിരിഞ്ഞു നിന്നു.

“മാലിനി വിചാരിക്കും പോലെ ഞാനും സുദേവും തമ്മിൽ അരുതാത്ത ബന്ധമൊന്നും ഉണ്ടായിരുന്നില്ല”

മാലിനി നിർവികാരതയോടെ തലയാട്ടി കൊണ്ടിരുന്നു.

“എന്റെ പേരും പറഞ്ഞ് നിങ്ങൾ ഡിവോഴ്സ് ആകുന്നതിനു മുൻപ് മാലിനിക്ക് വന്ന് എന്നോടൊന്നു ചോദിക്കാമായിരുന്നു എന്റെ കൂടപ്പിറപ്പായിട്ടേ സുദേവനെ ഞാൻ ഇതുവരെ കണ്ടിട്ടുള്ളൂ”

അതും പറഞ്ഞ് പടിയിറങ്ങി പോകുന്ന ശാലിനിയെ നോക്കി കൊണ്ടിരിക്കുമ്പോൾ മാലിനിയുടെ കണ്ണ് നിറഞ്ഞു തുടങ്ങിയിരുന്നു. ഒരു തെറ്റിദ്ധാരണയുടെ പേരിൽ ജീവിതം ഹോമിച്ച മണ്ടിയായിരുന്നു ഞാൻ.

രണ്ട് കുടുംബങ്ങളെ തമ്മിൽ അകറ്റി നിർത്തിയവൾ!

മിണ്ടാനും സംസാരിക്കാനും കഴിയാത്ത വീണയെ ഇതിന്റെ പേരിൽ എത്ര ഉപദ്രവിച്ചിരിക്കുന്നു ചേടത്തിയായി കാണേണ്ട അവളെ അടിമയാക്കി ഭരിക്കുകയായിരുന്നു. വീണയോട് മാപ്പു ചോദിക്കും മുൻപ്, ശ്യാമയെ ഒന്നു വിളിക്കണമെന്ന് തോന്നി

“ക്ഷമിക്കണം മാലിനീ എല്ലാറ്റിനും പിന്നിൽ ഈ ശ്യാമയാണ് ”

മൊബൈലിൽ കൂടി ആ സ്വരം കേട്ട മാലിനിയുടെ നെഞ്ചിൽ ഒരു ഇടി വെട്ടി, ഇവളായിരുന്നു ശാലിനിയെന്ന പേര് തന്റെ കാതിൽ ആദ്യമായി ഓതി തന്നവൾ. കൂടെ ചേർന്ന് കിടന്ന്, തരം കിട്ടിയപ്പോൾ തന്നെ ചുറ്റിമുറുക്കിയ പെരുമ്പാമ്പ് ഇവളായിരുന്നുവോ? മാലിനിയുടെ ചിന്തകളെ ന്യായീകരിക്കും വിധം ശ്യാമയുടെ ശബ്ദം അവളിലേക്ക് ഒഴുകിയെത്തി.

“ഒരു ചെറിയ പ്രതികാരമായിരുന്നു മാലിനി ”

ഫോണിന്റെ അങ്ങേ തലക്കൽ നിന്ന് ശ്യാമയുടെ ചിരി കേട്ടപ്പോൾ മാലിനി പല്ലിറുമ്മി

” ആരോടായിരുന്നു നിന്റെ പ്രതികാരം എന്നോടോ?”

വീണ്ടും ശ്യാമയുടെ പൊട്ടിച്ചിരി ഈയക്കട്ടയായി മാലിനിയുടെ കർണ്ണപുടത്തിൽ പതിച്ചു.

നിന്നോട് മാത്രമല്ല മാലിനീ, സുദേവട്ടൻ, അമ്മായി, അമ്മാവൻ . ശാലിനിയോട് എനിക്ക് പ്രതികാരമില്ലായിരുന്നു പക്ഷെ നിങ്ങളെ ചുട്ടുചാമ്പലാക്കാൻ ഒരു തീപ്പെട്ടി കൊള്ളി വേണ്ടേ?

അതായിരുന്നു എനിക്കവൾ

“എനിക്ക് ഒന്നും മനസ്സിലാവുന്നില്ല ശ്യാമേ? ”

കരച്ചിൽ പോലെ മാലിനി അത് പറഞ്ഞപ്പോൾ, ശ്യാമ പതിയെ ചിരിച്ചു.

“ഡിവോഴ്സ് ആയ നീ ഇനി മനസ്സിലാക്കിയിട്ട് കാര്യമില്ല. എന്നാലും ഞാൻ പറഞ്ഞു തരാം”

അപ്പുറത്ത് ശ്യാമ ദീർഘനിശ്വാസമെടുത്തത് ഒരു കൊലവിളി യായിട്ടാണ് മാലിനിയ്ക്ക് തോന്നിയത്.

“കുട്ടിക്കാലത്ത്, അച്ഛനോടും അമ്മയോടും നിങ്ങടെ ശ്യാമകുട്ടി എന്റെ സുദേവനുള്ളതാണെന്നു പറഞ്ഞ്, എന്നിൽ സ്വപ്നങ്ങൾ നിറച്ചിട്ട്, വലുതായപ്പോൾ അതെല്ലാം മറന്ന് പണ്ടോം പൊന്നും നോക്കി മറ്റൊരു പെണ്ണിനെ കൊണ്ടുവരാൻ സുദേവട്ടനെ നിർബന്ധിച്ചത് അമ്മാവനായിരുന്നു!”

അച്ഛനും അമ്മയും നഷ്ടപ്പെട്ട ഞങ്ങളിൽ നിന്ന് ഒരു ലാഭവും ഉണ്ടാവില്ലെന്ന അമ്മാവന്റെ കുരുട്ടു ബുദ്ധിയായിരുന്നു അത്.

പിന്നെ സ്വന്തം അനിയത്തിയുടെ ഭാവി നോക്കി, എന്റെ സ്വപ്നങ്ങൾ തകർത്ത്, എന്നെ ഒരു വേലക്കാരിയായ് ഇവിടെയെത്തിച്ചത് സുദേവട്ടനായിരുന്നു’! ഒടുക്കം, വല്യവീട്ടിൽ നിന്ന് ഒരു മാറ്റ കല്യാണത്തിന്റെ ലോട്ടറി അടിച്ചപ്പോൾ, അന്നോളം വരെ പ്രാണനെ പോലെ സ്നേഹിച്ചിരുന്ന ഒരുവനെ നിഷ്ക്കരുണം വേപ്പിലയാക്കി എന്റെ സുദേവട്ടന്റൊപ്പം വന്നത് നീയായിരുന്നു.

വേണ്ടായെന്ന് ഒരുപാട് കരഞ്ഞുപറഞ്ഞിട്ടും, ആങ്ങളയുടെ കള്ള് കുടിയനായ മകന് എന്നെ കെട്ടിച്ചു വിട്ടതിന്റെ പിന്നിൽ അമ്മായിയായിരുന്നു മാലിനി അമ്പരപ്പോടെ അവൾ പറയുന്നതും കേട്ടിരുന്നു.

“നിങ്ങളോട് ചെയ്തതിൽ എനിക്കൊരു പശ്ചാത്താപവുമില്ല. പക്ഷേ ആ പാവം ശാലിനിയെ ഞാൻ ഇതിലേക്ക് വലിച്ചിട്ടതിൽ കുറ്റബോധം ഉണ്ട്”

“നീ ഇതിനൊക്കെ അനുഭവിക്കും ശ്യാമേ? ”

കരച്ചിൽ പോലെ ആയിരുന്നു മാലിനിയുടെ ശബ്ദം!

“ഒന്നും അനുഭവിക്കില്ല മാലിനീ ശാലിനിയോട് ചെയ്തതിന് ഞാൻ പ്രായശ്ചിത്തം ചെയ്യാൻ എന്റെ അനിയനെ കൊണ്ട് ഞാൻ അവളെ വിവാഹം കഴിച്ചിക്കാൻ പോകുകയാണ്. ശാലിനി അവിടെ വന്നില്ലേ വിവാഹം വിളിക്കാൻ?”

ശ്യാമയുടെ ചോദ്യം കേട്ട മാലിനി അമ്പരന്നു.

” നീ ആശ്ചര്യപ്പെടേണ്ട. ഞാൻ തന്നെയാണ് അവളെ അങ്ങോട്ടേക്ക് പറഞ്ഞു വിട്ടത് ”

ഒന്നും പറയാൻ കഴിയാതെ നിൽക്കുന്ന മാലിനിയുടെ ചെവിട്ടിലേക്ക് വീണ്ടും വീണ്ടും കൊലവിളി പോലെയുള്ള ശ്യാമയുടെ ചിരി വന്നെത്തി.

സമ്പത്ത് ഇല്ല, ആൾബലം ഇല്ല. വെറും നിരാലംബയാ യ ഒരു പെൺക്കുട്ടി!പക്ഷെ തോൽക്കാൻ എനിക്ക് മനസ്സുണ്ടായിരുന്നില്ല മാലിനീ. അതു കൊണ്ടു തന്നെയാണ് ഒരിക്കൽ നീ എന്റെ ചെകിട്ടത്ത് അടിച്ചിട്ടും കൊണ്ടു നിന്നത്

“ഒറ്റയ്ക്ക് നിന്ന് ഞാൻ നേടിയെടുത്തതാണ് ഈ വിജയം! ”

“ഒരിക്കലെങ്കിലും പണത്തിന്റെയം പവറിന്റെയും, ആഭിജാത്യത്തിന്റെയും മുകളിലായി ഈ ദരിദ്രയുടെ പ്രണയം പൂത്തോട്ടേ പെണ്ണേ ”

ഞാൻ ചെയ്തത് കടന്ന കൈയാണെന്നു നിനക്ക് തോന്നുകയാണെങ്കിൽ, സുദേവട്ടന്റെ ആലോചന വന്നപ്പോൾ നീ നിഷ്ക്കരുണം വലിച്ചെറിഞ്ഞ ആ ചെറുപ്പക്കാരനെ ഓർത്താൽ മതി

ശ്യാമയുടെ വാക് പെയ്ത്തിനു മുന്നിൽ ഒന്നും പറയാനാവാതെ, ദാമ്പത്യബന്ധത്തിൽ മൂന്നാമതൊരാളുടെ വാക്കിന് വില കൊടുത്താൽ നഷ്ടപ്പെടുന്നത് സ്വന്തം ജീവിതം തന്നെയാണെന്ന് അവൾ വേദനയോടെ തിരിച്ചറിയുകയായിരുന്നു.

“ഞാനിത്തിരി തിരക്കാണ് മാലിനീ ഹോസ്പിറ്റലിൽ ഗൈനക്കോളജി സെക്ഷനു മുന്നിലാണ് ”

ശ്യാമ പറഞ്ഞു തീരും മുൻപെ, പെട്ടെന്നുയർന്ന ഒരു സ്ത്രീയുടെ വിളിശബ്ദം കേട്ടപ്പോൾ, അവൾ ആ വിളി പതിയെ ആവർത്തിച്ചു

മിസിസ്സ് ശ്യാമസുദേവ്

ഞാനാണ് സിസ്റ്റർ

ആ സ്ത്രീയുടെ ചോദ്യത്തിനുത്തരമായി,ഓഫ് ചെയ്യാത്ത മൊബൈലിലൂടെ ശ്യാമയുടെ ശബ്ദം കേട്ടപ്പോൾ, ഒരു തളർച്ചയോടെ മാലിനി തറയിലേക്ക് ഇരുന്നു.

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യൂ…

രചന: Santhosh Appukkuttan