അവളുടെ കണ്ണിൽ നിറഞ്ഞതു ചെയ്തു പോയ തെറ്റിന്റെ മിഴിനീരായിരുന്നു…..

രചന: ഷെഫി സുബൈർ

ഗൾഫുകാരന്റെ ആലോചന വരുമ്പോൾ, കൂലി പണിയായാലും എന്നും കൂടെയുള്ളവൻ മതിയെന്നു പറയുന്ന പെൺകുട്ടികളും. കൂലി പണിക്കാരന്റെ ആലോചന വരുമ്പോൾ സ്ഥിര ജോലിയും വരുമാനവുമുള്ളവർക്കു മാത്രമേ മോളെ കൊടുക്കുമെന്ന് പറയുന്ന മാതാപിതാക്കളുമുള്ള ഒരു നാട്ടിൻപുറത്തുക്കാരനായിരുന്നു ഞാൻ.

സ്ഥിരമായ ജോലിയും വരുമാനവുമില്ലാത്തതിന്റെ പേരിൽ ഒരു കുഞ്ഞിന്റെ അച്ഛനാകാൻ ഭാഗ്യമില്ലാത്തവനായിരുന്നു ഞാൻ.

ഓടിന്റെ മുകളിൽ വീഴുന്ന മഴത്തുള്ളികൾ ശക്തമായപ്പോഴാണ് അവളോട് ചേർന്നു കിടക്കാൻ തുടങ്ങിയത്.

ദേ മനുഷ്യ, ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ഉദ്ദേശ്യമൊന്നും നടക്കാൻ പോകുന്നില്ലെന്ന്.

മഴയിന്നു പെയ്തങ്ങു തോരും. നാളെ ഞാൻ വേണം ഈ പ്രാരബ്ധത്തിനിടയിൽ ഏണത്തൊരു കുഞ്ഞുമായി നടക്കാൻ.

ശക്തമായ കാറ്റിൽ മുറിയിൽ കത്തിച്ചു വെച്ചിരുന്ന മണ്ണെണ്ണ വിളക്കിന്റെ തിരി കെട്ടപ്പോൾ എന്റെ മനസ്സിലും ഒരു കുഞ്ഞെന്ന സ്വപ്നം ഇരുട്ടിലായി.

തലേന്നു പെയ്ത മഴയിൽ ചാമ്പ മരത്തിലെ വെള്ളം ദേഹത്തേക്ക് കുലുക്കി വീഴ്ത്തിയപ്പോഴും അവൾ മുഖം വീർപ്പിച്ചു. ഏട്ടാ, വെറുതെ രാവിലെതന്നെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.

രാവിലെ തുടങ്ങിയോ രണ്ടു പേരും. കല്ല്യാണം കഴിഞ്ഞു മക്കളുമാകാറായി എന്നിട്ടും അവന്റെ കുഞ്ഞുക്കളി ഇന്നും മാറിയിട്ടില്ലെന്നു ഒരു ചിരിയോടെ അമ്മ പറഞ്ഞപ്പോഴും തിരിച്ചുള്ള എന്റെ മറുപടിയും ഒരു ചിരി മാത്രമായിരുന്നു.

അലക്കു കല്ലിനു മുകളിൽ തലേന്നത്തെ പെയ്ന്റ് പണിയുടെ പാടുകൾ ചകിരിക്കൊണ്ടു ചെരുപ്പിൽ നിന്നു തേച്ചൊരച്ചു കഴുകി കളയുന്നതു കണ്ടപ്പോൾ, മഴയായതുകൊണ്ടു ഇന്നു പണിയൊന്നും കാണില്ലെയെന്നു അമ്മ പറഞ്ഞു.

എന്നാൽ കൂട്ടുകാരുടെ കൂടെ ആ കടത്തിണ്ണയിലെങ്ങാനും പോയിരുന്നോ. ഉച്ചയ്ക്ക് ഉണ്ണാൻ സമയമാകുമ്പോൾ ഇങ്ങോട്ടു വന്നാൽ മതിയെന്നു അവളും പറഞ്ഞു. വെറുതെ ഇവിടെയിരുന്നു എന്നോടു വഴക്കിടാൻ.

അല്ലെങ്കിലും കണ്ണിൽ കണ്ണിൽ നോക്കിയാൽ രണ്ടും ഏത് നേരവും വഴക്കാണ്. അവള് പറഞ്ഞതും ശരിയാണെന്നു അമ്മയും സമ്മതിച്ചു.

സ്ഥിരമായി ജോലിയും, വരുമാനവുമില്ലാത്തവനോടുള്ള അവഗണനയാണ് അവൾ കാണിയ്ക്കുന്നതെന്നു അല്ലെങ്കിലും അമ്മയ്ക്ക് അറിയില്ലല്ലോ.

ചുരുണ്ടിരിയ്ക്കുന്ന ഈ ഷർട്ടൊന്നു ഇസ്തിരിയിട്ടു വെച്ചുക്കൂടെയെന്നുള്ള ചോദ്യത്തിനും, കളക്ടറുദ്യോഗത്തിനല്ലല്ലോ പോകുന്നതെന്നുള്ള പരിഹാസം നിറഞ്ഞ മറുപടിയായിരുന്നു.

പിന്നീടുള്ള ദിവസ്സങ്ങളിൽ മകന്റെ വീട്ടിലേക്കുള്ള വരവ് വൈകുന്നതും, ആ ചെറിയ വീട്ടിനുള്ളിലെ പരിഭവവും, പിണക്കവും അമ്മയ്ക്ക് മനസ്സിലായി.

പെണ്ണിന്റെ മനസ്സു വായിക്കാൻ പെണ്ണിനാണ് കഴിവു കൂടുതലെന്ന്‌ പറയുന്നതുപ്പോലെ അവളുടെ മനസ്സറിയാൻ അമ്മയ്ക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

ഈ വരുമാനവും, അവന്റെ കാര്യപ്രാർത്തിയ്ക്കു മുന്നിലും നിന്നെപ്പോലെ രണ്ടു പെൺകുട്ടികളാണ് നിറഞ്ഞ മനസ്സോടെ ഈ വീടിന്റെ പടിയിറങ്ങി മറ്റൊരു വീട്ടിലേക്കു പോയത്.

ഒരിയ്‌ക്കൽപ്പോലും എന്റെ കുട്ടിയുടെ ആഗ്രഹങ്ങൾ സാധിച്ചിരുന്നില്ല. അല്ലെങ്കിലും അവന്റെ ആഗ്രഹങ്ങളും, സ്വപ്നങ്ങളുമെല്ലാം കുടുംബത്തിനും കൂടപ്പിറപ്പുകൾക്കും വേണ്ടി മാറ്റി വെച്ചതായിരുന്നു.

ഒന്നല്ല, ഒമ്പതു മക്കളുണ്ടായാൽപ്പോലും അവരെ പൊന്നുപൊലെ നോക്കാനുള്ള മനസ്സും, ആരോഗ്യവും ന്റെ കുട്ടിയ്ക്കു ഈശ്വരമാർ നൽകിയിട്ടുണ്ട്.

അതിനുള്ള തെളിവാണ് ഞാനും എന്റെ പെൺമക്കളും. ന്റെ കുട്ടി ഈ കാലമത്രയും ആഗ്രഹങ്ങളെല്ലാം മനസ്സിലൊതുക്കി വെച്ചവനാണ്. ഇനിയും എന്റെ മോളായിട്ടു ആ മനസ്സു വേദനിപ്പിക്കരുത്.

മണ്ണിൽ അടർന്നു വീണ അമ്മയുടെ കണ്ണുനീർ പക്ഷേ, വീണുടഞ്ഞതു അവളുടെ ഹൃദയത്തിലായിരുന്നു.

അമ്മയുടെ കൈകൾ ചേർത്തു പിടിയ്ക്കുമ്പോൾ അലിഞ്ഞു പോയതു അവളുടെ മനസ്സിൽ അടിഞ്ഞു കൂടിയ അവഗണനയായിരുന്നു. അവളുടെ കണ്ണിൽ നിറഞ്ഞതു ചെയ്തു പോയ തെറ്റിന്റെ മിഴിനീരായിരുന്നു. അന്നു രാത്രിയും മഴ പെയ്തിരുന്നു. അച്ഛനെപ്പോലെ സുന്ദരനായ ഒരു മോനായിരിക്കും വരുന്നതെന്ന് എന്റെ കാതോരം അവൾ കുസൃതിയോടെ മൊഴിഞ്ഞു….. !

രചന: ഷെഫി സുബൈർ