എനിക്കിഷ്ടാണ് ഒരുപാടു.. മാഷ്ടെ കഥകളിലൊക്കെ പറയുന്നപോലെ പാടത്തെ പണിയും….

രചന : ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ

ചേട്ടനെ കാണാൻ ദേ ഒരു ചേച്ചി വന്നിരിക്കുന്നു.

പാടത്തെ പണി കഴിഞ്ഞു വന്നു ട്രാക്ടർ കഴുകുമ്പോഴാണ് അപ്പു വന്നു പറഞ്ഞത്.

ചേച്ചിയോ? ഏത് ചേച്ചി? അതറിയില്ലെന്ന് പറഞ്ഞു അവൻ ഓടി.

മോട്ടോർ ഓഫ്‌ ആക്കി കാലും മുഖവും കഴുകി ഉടുത്തിരുന്ന മുണ്ടുകൊണ്ട് മുഖം തുടച്ചു ഉമ്മറത്തേക്ക് ചെന്നപ്പോൾ അമ്മയോട് സംസാരിച്ചിരിക്കുന്ന അവളെ കണ്ടു ഞാൻ ഒന്ന് നിന്നുപോയി. വൈദ്ദേഹി.

എന്നെക്കണ്ടതും അവളൊന്നു ചിരിച്ചു. വന്നത് എന്ത് ഉദ്ദേശത്തിലാണ് എന്നും പോലും അറിയാത്തതുകൊണ്ടു എന്റെ ചിരിക്കു അവളുടെ ചിരിയുടെ അത്ര വോൾട്ടേജ് ഉണ്ടായിരുന്നോ എന്ന് എനിക്കുപോലും അറിയില്ലായിരുന്നു.

ആ നീ വന്നോ.. ഞാൻ ചായ എടുക്കാം. മക്കള് സംസാരിക്കു എന്ന് പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി.

മൗനം.

മാഷ്ടെ വീട്‌ കാണാൻ നന്നായിട്ടുണ്ടല്ലോ. നല്ല രസമുണ്ട്.

അതുപറയാനാണോ ഇപ്പോൾ വന്നത്. സ്വരത്തിൽ ദേഷ്യം ഉണ്ടെങ്കിലും ശബ്ദം താഴ്ത്തിയാണ് ഞാനതു ചോദിച്ചത്.

കൂസലില്ലാതെ അവള് മറുപടി പറയുകയും ചെയ്തു.

“അല്ല. എന്തായാലും വന്നപ്പോൾ അതുംകൂടി പറയാമെന്നു കരുതി ”

ഓ.. എവിടെയായിരുന്നു ഇത്രേം കാലം?

പറയാം മാഷേ ഞാൻ വന്നു കേറിയല്ലേ ഉള്ളു.. എല്ലാം പറയാം.

നമുക്കൊന്ന് പുറത്തുപോയാലോ?

അമ്മയുള്ളത് കൊണ്ടു അതാണ് നല്ലതെന്നു എനിക്കും തോന്നി

എന്നാൽ താൻ ചായയും കുടിച്ചു ഇരിക്കു. ഞാൻ ഒന്ന് ചേഞ്ച്‌ ചെയ്തിട്ടു വരാം.

അതേയ് മുണ്ടും ഷർട്ടും മതിയേ.

ഇവളെ അധികനേരം ഇവിടെ ഇരുത്തിയാൽ ശരിയാവില്ല എന്ന് തോന്നിയത് കൊണ്ടു വേഗം കുളിക്കാൻ കയറി. അപ്പോഴൊക്കെയും മനസു കലാലയ മുറ്റത്തെ മുത്തച്ഛൻ മാവിന്റെ ചുവട്ടിലായിരുന്നു.

ഇതു നമ്മുടെ അവസാനത്തെ കാഴ്ചയാണ് മാഷേ.

ഒരുപാട് ഇഷ്ട്ടമായിരുന്നു മാഷേ. പക്ഷെ ഭാവിയെ കുറിച്ചു ഒരു ചിന്തയില്ലാതെ ഇത്രക്കും പഠിച്ചിട്ടു കൃഷി ചെയ്തു ജീവിക്കാൻ പോവുന്ന ഒരാളുടെ കൂടെ കൂടി എന്റെ ജീവിതം അടുക്കളയിലും പറമ്പിലും കിടന്നു നരകിക്കാൻ എനിക്കു താല്പര്യമില്ല.

ഇന്നലെ വരെ കൂടെ ഉണ്ടായവൾ ജീവിതത്തിനൊപ്പം കൂട്ടാൻ ആഗ്രഹിച്ചവൾ. എന്റെ എഴുത്തിനെ കഥകളെ. കവിതകളെ സ്നേഹിച്ചവളുടെ മാറ്റം കണ്ടു ഞാൻ അമ്പരന്ന് പോയ നിമിഷമായിരുന്നു അതു.

ഉള്ളിൽ തികട്ടി വന്ന ദേഷ്യവും സങ്കടവും ആവാം ചുറ്റും ആളുകൾ ഉണ്ടായിട്ടും അതൊന്നും വകവെക്കാതെ കരണം നോക്കി പൊട്ടിച്ചത്.

നീ പോയാൽ എനിക്കു ദേ….

ഇതാണ് എന്നും പറഞ്ഞു തിരിഞ്ഞു നടന്നതും.

ചങ്കു പൊട്ടിയാലും അഭിമാനം കളയാൻ പാടില്ലല്ലോ.

അവിടം കൊണ്ടു തീർന്നതാണ്

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഇതു വരെ തീർന്നില്ലേ മാഷേ…

പുറത്തു നിന്നു അവളുടെ വിളിയാണ്..

ഇനി കിടന്നു വിളിച്ചുകൂവും മുൻപ്. ജീപ്പിന്റെ ചാവിയുമെടുത്തു ഞാൻ ഇറങ്ങി.

ചാവി തിരിച്ചു കൊണ്ടു ചോദിച്ചു എവിടെക്കാണാവോ മാഡം ഉദ്ദേശിക്കുന്നത്.?

മാഷ്ടെ പ്രിയപ്പെട്ട ഇടമില്ലേ എല്ലാ കഥകളിലും എഴുതാറുള്ള പാടത്തുള്ള കൃഷ്ണന്റെ അമ്പലം.

ആൽത്തറയും കൽവിളക്കും എല്ലാം ഉള്ള അവിടേക്കു കൊണ്ടൊവോ?

ജീപ്പ് പടി കടന്നു ഇടത്തോട്ടു തിരിഞ്ഞുള്ള മണ്ണിട്ട പാതയിലൂടെ നീങ്ങി. ആൽത്തറയുടെ അടുത്തു ചെന്നു നിർത്തി.

എനിക്കും നിനക്കുമിടയിൽ അകൽച്ച വന്നത് എപ്പോഴാണ്?

തന്റെ കയ്യിൽ അതിനുള്ള ഉത്തരമുണ്ടോ വൈദ്ദേഹി

പറക്കുന്ന മുടിയിഴകളെ ഒരു കൈ കൊണ്ടു ചെവിക്കു പിറകിലേക്ക് ഒതുക്കിവെച്ചു. ഒരു നിശ്വാസത്തോടെ നിന്നു.

അന്നും ഉത്തരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ മുന്നിലായിരുന്നു. അപ്പോഴും അവൾ ഒരു നിശ്വാസത്തോടെ ദൂരേക്കെവിടേക്കോ നോക്കി നിൽക്കും.

ഇപ്പോഴും ഒരു മാറ്റവുമില്ലല്ലേ എന്ന് ചോദിച്ചപ്പോൾ ഒന്ന് ചിരിച്ചു.

ഇപ്പോഴും ദേഷ്യമുണ്ടോ ജീവനോളം സ്നേഹിച്ചവൾ ഇല്ലാത്ത കാരണം പറഞ്ഞു ഒഴിവാക്കിയതിന്റെ.?

ഹേയ്. ഞാനതൊക്കെ അന്നേ വിട്ടു. എന്നിൽ നിന്നു സന്തോഷം കിട്ടുന്നുണ്ടെങ്കിൽ ഏത് അവസ്ഥയിലും കൂടെ നിന്നേനെ. അതു തനിക്കു കിട്ടാത്തത് കൊണ്ടാവാം കളഞ്ഞിട്ടു പോയത്.

” ആവശ്യമില്ലാത്തല്ലേ വലിച്ചെറിയൂ.

പ്രിയപ്പെട്ടതാണെങ്കിൽ നെഞ്ചോടു ചേർത്തുപിടിക്കില്ലേ

അങ്ങിനെയേ ഞാൻ കരുതിയുള്ളു. ആ അവസ്ഥയെ.

ഏറ്റവും പ്രിയപ്പെട്ടത് വലിച്ചെറിയേണ്ടി വരുന്നവരുടെ അവസ്ഥ മാഷ് ചിന്തിച്ചു നോക്കിയിട്ടുണ്ടോ എപ്പോഴെങ്കിലും?

മറുപടി ഒരു ചിരിയിൽ ഒതുക്കി ഞാൻ ആൽത്തറയിലേക്ക് കേറിയിരുന്നു.

ഇപ്പോൾ കണ്ട ഈ ചിരിക്കു പരിഹാസത്തിന്റെ ആവരണം ഉണ്ടാവും അല്ലേ മാഷേ?

ഉണ്ടാവണം. കോളേജിൽ പുറമെ ചിരിച്ചു കളിച്ചുനടക്കുന്ന എനിക്കു ഉള്ളിൽ നിറയെ വേദനകളായിരുന്നു മാഷേ.

അച്ഛൻ പോവുമ്പോൾ പറഞ്ഞത്. ആൺകുട്ടികൾ ഇല്ലാത്തതിന്റെ വിഷമം എനിക്കുണ്ടായിരുന്നു. പക്ഷെ എനിക്കൊരു വിശ്വാസം ഉണ്ട്‌ എന്റെ മോളു ഉള്ളപ്പോൾ രണ്ടു അനിയത്തികുട്ടികളെയും പൊന്നുപോലെ നോക്കുമെന്ന്. കയ്യിൽ മുറുകെ പിടിച്ച അച്ഛന്റെ കയ്യിലെ തണുപ്പ് കൂടുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു

പഠിച്ചൊരു നല്ല ജോലി. അതിനിടയിൽ എങ്ങിനൊക്കെയോ. മാഷേ കണ്ടു പരിചയപെട്ടു പറിച്ചു മാറ്റാൻ പറ്റാത്ത വിധം ചേർന്നുപോയി എന്ന് അറിഞ്ഞപ്പോൾ. അറുത്തു മുറിച്ചു കളഞ്ഞത് തന്നെയാണ്.

എല്ലാം തുറന്നു പറഞ്ഞാൽ മാഷും കൂടി എന്റെ സ്വപ്നങ്ങളുടെ കൂടെ നിൽക്കുമെന്ന് അറിയാം.

ആരെയും ആശ്രയിച്ചു അനിയത്തികുട്ടികളെയും അമ്മയെയും നോക്കാമെന്നല്ലല്ലോ മാഷേ ഞാൻ അച്ഛനുകൊടുത്ത വാക്ക്. എന്ന എന്റെ ആത്മാഭിമാനം കൊണ്ടാകും ഞാൻ അതു പറയാതിരുന്നത്.

സ്വന്തമായി പഠിച്ചു ജോലി വാങ്ങി അവരെയെല്ലാം ഒരു നിലയിലാക്കി. ഇപ്പോൾ എന്റെ അച്ഛൻ ആകാശത്തിരുന്നു സന്തോഷിക്കുന്നുണ്ടാവും അല്ലേ മാഷേ എന്ന് പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഇപ്പോൾ. ദേഷ്യം മാറിയോ മാഷ്ടെ?

എനിക്കിഷ്ടാണ് ഒരുപാടു. മാഷ്ടെ കഥകളിലൊക്കെ പറയുന്നപോലെ പാടത്തെ പണിയും. കയ്യലാപുരയും . എല്ലാം മാഷേ പോലെ ജീവനാണ് എനിക്കു മാഷ്ടെ ഇഷ്ടങ്ങളും

മാഷ് ചോദിച്ചില്ലേ എന്തിനാ വന്നതെന്ന്. ഇനിയും ഇതൊക്കെ പറഞ്ഞില്ലെങ്കിൽ നെഞ്ചിലിരുന്ന് പൊട്ടിപോയാലോ എന്ന് തോന്നി.

ഇനി ഞാൻ പൊയ്ക്കോളാം മാഷേ. എന്ന് പറഞ്ഞു അവൾ ജീപ്പിന്റെ ഫ്രന്റ് സീറ്റിൽ കയറിയിരുന്നു.

പോവാൻ തീരുമാനിച്ചോ.?

പിന്നെ പോവാതെ.ഇരിക്കാൻ പറ്റില്ലല്ലോ.

ഇത്രനാള് കൂടികണ്ടിട്ട് എന്നെ പറ്റി ഒന്നും ചോദിക്കാനില്ല?

ഞാനെന്തിനാ ചോദിക്കണേ.എനിക്കെല്ലാം അറിയാലോ. വല്യ കൃഷിക്കാരനായതും. പറ്റിച്ചു പോയഒരു പെണ്ണിനെ ഓർത്തു പെണ്ണ് കെട്ടാതെ നടക്കുന്നതും എല്ലാം..

മാഷ്ടെ സ്നേഹം സത്യമാണെന്ന് അറിയാം.

ഒരുദിവസം ഞാൻ തിരിച്ചുവരുമ്പോഴേക്കും വേറെ ആരെങ്കിലും സ്വന്തമാക്കിയാലോ എന്നൊരു പേടി ഉള്ളത് കൊണ്ടു ഞാൻ ഇടക്കിടക്ക് മാഷ്ടെ അമ്മയെ വിളിച്ചു വിശേഷങ്ങളൊക്കെ തിരക്കാറുണ്ട്.

ഇനി ആ പാവത്തിനെ പോയി കണ്ണുരുട്ടി പേടിപ്പിക്കേണ്ട ഞാൻ ഗുരുവായൂരപ്പനെ കൊണ്ടു സത്യം ചെയ്യിപ്പിച്ചതാ. മാഷോട് പറയല്ലേന്ന്.

അപ്പോൾ എന്താണ് സംഭവിച്ചതെന്നു മനസിലായില്ലേ.

നായികയും സഹനടിയായ അമ്മയും കൂടെ നല്ല താങ്ങു താങ്ങി.

തെങ്ങിന് തടമെടുക്കുന്ന നായകന് സംഭാരവുമായി വരുന്ന ഉത്തമയായ ഭാര്യ ഈ സീനിൽ കർട്ടൻ വീഴുകയാണ് സുഹൃത്തുക്കളെ.. വീഴുകയാണ്.

രചന : ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ