ഈശ്വരാ…ആദ്യരാത്രി… ഇനി എന്തൊക്കെ ആണോ നടക്കാൻ പോണത്…

ആദ്യരാത്രി

രചന: ജീസുസുധീർ

” പഠിച്ചു പഠിച്ചു പെണ്ണാകെ വഷളായി.. ഇനിയും ഇവളെ ഇങ്ങനെ ഇവിടെ നിർത്തിയാൽ ശരിയാവില്ല..

ദൂരം കൂടുതൽ ആണ് എന്നേ ഉള്ളു.നല്ല ആലോചന ആണ് “.

അച്ഛനും അമ്മയും എന്തോ ഒപ്പിക്കുന്നുണ്ട്.. ഒന്നും പറയുന്നില്ലല്ലോ..

ചെക്കൻ എവിടുന്നാ? ഫോട്ടോ ഉണ്ടോ? എന്താ പണി? എന്നോട് ഒഴികെ ബന്ധുക്കളോടും അയൽക്കാരോടും ഒക്കെ വിശദമായി ചെക്കനെക്കുറിച്ചു വർണ്ണിച്ചു കഴിഞ്ഞു.

എന്നോട് കൂടെ പറഞ്ഞാൽ എന്താ?? ഇവിടെ എനിക്കൊരു വിലയും ഇല്ലല്ലോ?

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോൾ കുറച്ചു പേർ സൊറ പറഞ്ഞ് ഉമ്മറത്തിരുന്നു ചായ കുടിക്കുന്നുണ്ട്.

പരിചയം ഇല്ലാത്തവരാണല്ലോ? ..ആരാണ്? അമ്മ മുഖം കൊണ്ട് എന്തൊക്കെയോ ആംഗ്യം കാണിച്ചു..

തലേന്നത്തെ ഗൂഡലോചന ഓർമ്മയിൽ…. ബുദ്ധി പ്രവർത്തിച്ചു..ഇത് ലത് തന്നെ..

എവിടെ ചെക്കൻ? ഞാൻ ഓരോ മുഖത്തേക്കും ഒളിക്കണ്ണു പായിച്ചു കൊണ്ട് അകത്തേക്ക് കയറി..

അക്കൂട്ടത്തിൽ വെളുത്ത ഷർട്ട്‌ ഇട്ട ഒരു ചുള്ളൻ എന്നെ നോക്കി പുഞ്ചിരിച്ചു.. സകല നാഡീ ഞരമ്പുകളെയും മരവിപ്പിച്ചു കൊണ്ട് ആ ചിരി എന്റെ നെഞ്ചിൽ ആഞ്ഞുതറച്ചു. നാണം പോലെ എന്തോ വികാരം ഉള്ളിൽ ഉണർന്നതും ഹൃദയവേഗം കൂടിയതും ആദ്യമായി അറിഞ്ഞു.

ആരും എന്നോട് ഒന്നും പറയുന്നില്ലല്ലോ? കൂടിയാലോചനകളിൽ എന്റെ സാമീപ്യം മനപ്പൂർവ്വം ഒഴിവാക്കിയിരിക്കുന്നു. അതിന്റെ ആവശ്യം ഇല്ലത്രെ… മനസ്സിലൊരു പുഞ്ചിരി അമ്പുതറച്ചുപോയ പാരവശ്യത്താൽ ഞാൻ സമ്മതം മൂളിക്കൊണ്ട് അമ്മയെ കടിച്ചു…

ഒക്കെ പെട്ടന്നായിരുന്നു… ഒരു ചിരി കൊണ്ട് ഒളിയമ്പെയ്തെന്നെ കറക്കിയെടുത്തവൻ താലി കെട്ടി കൂടെ കൂട്ടി.. പരിചയമില്ലാത്ത സ്‌ഥലം, വീട്, അപരിചിതരായ ആളുകൾ,ചടങ്ങുകൾ….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഒരു മുറിയിൽ നിറയെ ചളു പിള് പെണ്ണുങ്ങൾ, അവരെന്നെ പിച്ചി, കളിയാക്കി, ആരൊക്കെയോ അവരുടെ ആദ്യരാത്രിയുടെ കഥകൾ പറഞ്ഞെന്നെ ത്രസിപ്പിക്കാൻ ശ്രമിച്ചു… കുറേ ബോറടിപ്പിച്ചു കഴിഞ്ഞ് ഓരോരുത്തരായി എന്റെ കവിളത്തു നുള്ളി വേദനിപ്പിച്ചു പിരിഞ്ഞു പോയി.. ഒറ്റക്കായപ്പോൾ ഞാൻ മുറിയാകെ ഒന്ന് കണ്ണോടിച്ചു .. സിനിമകളിൽ കണ്ട് പരിചയിച്ചിട്ടുള്ള പൂമഞ്ചവും പാലും പഴങ്ങളും ഒന്നും ഇല്ലല്ലോ? ആരെങ്കിലും ഇനി കൊണ്ട് തരുമായിരിക്കും? ചിരിച്ചു മയക്കിയവൻ കെട്ടിയ താലി കൈയിൽ പിടിച്ചു ഞെരടിക്കൊണ്ട് ജനാലയിലൂടെ ഇരുട്ടിനെ നോക്കി ഇരുന്നു..

എപ്പോഴോ ഉറങ്ങിപ്പോയി..

“കാത്തിരുന്നു ബോറടിച്ചോ?”

പരിചയം തീരെ ഇല്ലാത്ത ആ ശബ്ദം കേട്ട് ഞെട്ടി ഉണർന്നു ചാടി എണീറ്റു ..

“വേണ്ട..അവിടിരുന്നോളൂ..ഞാൻ വൈകിയോ, ഉറങ്ങിപ്പോയോ ? ”

ഓഹ്..!!!! എന്റെ ഭർത്താവ്..എന്തൊരു കരുതൽ ആണ്.. സ്നേഹം ഉള്ളവനാണ്…

പെട്ടെന്ന് ഒരു അങ്കലാപ്പോടെ ഓർത്തു, ഈശ്വരാ…ആദ്യരാത്രി…!!!! എന്തൊക്കെ ആണോ നടക്കാൻ പോണത്??? !!!!

നെഞ്ചിടിപ്പിന്റെ ശബ്ദം പുറത്ത്കേൾക്കുന്നുണ്ടോ?.

“ഈ വാതിൽ അടച്ചേക്കട്ടെ?”

അത് കൂടെ ആയപ്പോൾ പേടി കൊണ്ട് തല ചുറ്റുന്നുണ്ടോ എന്ന് തോന്നി.. കെട്ടിയവൻ വാതിൽ കുറ്റിയിട്ടു.. അവിടെ തന്നെ നിന്ന് ഒന്ന് കൂടി ചിരിച്ചു കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി…

ഈശ്വരാ..!!! ഇത് എന്തിനുള്ള ഭാവം ആണ്?….

അയ്യോ ഷർട്ട്‌ ഒക്കെ മാറ്റുന്നുണ്ടല്ലോ?

അദ്ദേഹം മെല്ലെ എന്റെ അടുത്തേക്ക് വന്നു കട്ടിലിൽ ഇരുന്ന് ഒരു കൈകൊണ്ട് എന്റെ മുഖം ഉയർത്തി…

നാണവും, പേടിയും, ചമ്മലും ഒക്കെ കൊണ്ട് എന്റെ മുഖം വക്രിക്കുന്നത് എനിക്ക് നന്നായി അറിയാം.

ആദ്യരാത്രിയുടെ മധുരോന്മത്തമായ ആ നിമിഷം..

എന്റെ പുരുഷൻ..

ആദ്യചുംബനം,ആദ്യസമാഗമം,സ്വപ്നലോകത്തേക്കു വഴുതി വീഴാനൊരുങ്ങി അദ്ദേഹത്തിന്റെ കരവലയത്തിൽ ഒതുങ്ങി അടിയറവുപറയാൻ തയ്യാറായി കൂമ്പി നിന്ന എന്നോട് അദ്ദേഹം പതിഞ്ഞ ശബ്ദത്തിൽ പ്രണയപുരസ്സരം ആവശ്യപ്പെട്ടു…

“ഒന്ന് പുറം ചൊറിഞ്ഞു തന്നേ….ടീ… ”

ശുഭം….

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന: ജീസുസുധീർ

Scroll to Top