തന്റെ പ്രിയപ്പെട്ടവൻ ഇനിയൊരിക്കലും തിരിച്ചുവരാൻ കഴിയാത്തത്ര അകലേക്ക് പോയിരിക്കുന്നു…..

രചന:Athira Venu

ഹൊ, വല്ലാത്ത കഷ്ടമായിപ്പോയി…. നല്ലോരു കൊച്ചനാരുന്നു…

ഇന്നെലക്കൂടി വീട്ടിൽ വന്നതാ അപ്പൂന്റെ കൂടെ…

ആ പിള്ളേരെപ്പറ്റി ഓർത്തിട്ടാ എനിക്ക്… ആ കൊച്ച് ഇനിയെന്ത് ചെയ്യും അതുങ്ങളെക്കൊണ്ട്….

താടിക്ക് കൈയ്യും കൊടുത്ത് വേദനയോടെ അടക്കിപ്പിടിച്ച സ്വരത്തിൽ ആരൊക്കെയോ സംസാരിക്കുമ്പോൾ……. പറക്കമുറ്റാത്ത തന്റെ രണ്ടുമക്കളെ നെഞ്ചോടുചേർത്ത്… കണ്ണുകളേതോ ബിന്ദുവിൽ കേന്ദ്രീകരിച്ച് ചുവർചാരി അവൾ നിലത്തിരിക്കുകയാണ്….

അതൊരു പ്രതിമയല്ലെന്ന് ഉറപ്പിക്കാൻവേണ്ടി മാത്രം നിലയ്ക്കാതെ അവളുടെ കണ്ണുനീർ ഒഴുകിയിറങ്ങിക്കൊണ്ടേയിരുന്നു..

തന്റെ ജീവിതത്തിലെ വർണ്ണങ്ങളും ,സന്തോഷങ്ങളും,തന്നിൽനിന്ന് ഒഴുകിപ്പോകുന്നത് അവളറിയുന്നുണ്ട്….

ഒരുചുവരിനപ്പുറം തിരിയിട്ട വിളക്കിനുമുന്നിൽ, പുതുനെൽമണിയുടെ അതിർവരമ്പിനുള്ളിൽ,വെളുത്ത കോടിമുണ്ടാൽ പൊതിഞ്ഞ്, തന്റെ പ്രിയപ്പെട്ടവൻ…

ഇനിയൊരിക്കലും തിരിച്ചുവരാൻ കഴിയാത്തത്ര അകലേക്ക് പോയിരിക്കുന്നു എന്നവൾ അറിയുന്നുണ്ട്…

അവിടമാകെ നിറഞ്ഞു നിന്ന മടുപ്പിക്കുന്ന ചന്ദനത്തിരിയുടെ ഗന്ധം ഓരൊ നേർത്ത നിശ്വാസത്തിലും നഷ്ട്ടത്തിന്റെ ആഴം അവളെ ഓർമ്മിപ്പിക്കുന്നുണ്ട്….

സ്നേഹിച്ചു മതിവരാതെ, എനിക്കുനിന്നോടു കൊതിയാണ് പെണ്ണേന്ന് ഇന്നലെ രാത്രയും കാതോരം പറഞ്ഞു നെഞ്ചോടടക്കിയയാൾ… നേരത്തേ വരാടീ പെണ്ണേ എന്നു രാവിലെ വാക്കുതന്നയാൾ….

കാവിൽ തൊഴാൻ പോകാൻ ഒരുങ്ങിയിരിക്കാൻ പറഞ്ഞിട്ടു പോയയാൾ… പൊതിച്ചോറുവാങ്ങി സീമന്തരേഖയിൽ ചുംബിച്ചു ചിരിച്ച് യാത്ര പറഞ്ഞയാൾ… മാളൂനെ വണ്ടിയുടെ മുന്നിലിരുത്തി,ദേവൂന്റെ കവിളിൽ ഉമ്മ വെച്ചു തങ്ങളുടെ നേരെ കൈവീശിപ്പോയയാൾ….

ഇനിയൊരിക്കലും വരില്ലത്രേ… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു…

ആക്സിഡന്റാരുന്നു…മെയിൻ റോഡിലോട്ട് കേറിയപ്പോ ബസ്സിടിച്ചയാ…അപ്പളേ തീർന്നെന്നാ കേട്ടെ…

അവൻമാരുടെ ഓട്ടപ്പാച്ചിലല്ലെ…

മര്യാതക്കാരൻ കൊച്ചനാരുന്നു…വിധി അല്ലാതെന്താ

മൂത്തകൊച്ചിനെ സ്കൂളിലാക്കീട്ട് പോയപ്പളാ..അല്ലേ അതും തീർന്നേനെ… ജനലഴിക്കപ്പുറം പയ്യെയെന്നു തോന്നിക്കും വിധം ഉറക്കെ ആരൊക്കെയോ ചർച്ചചെയ്യുകയാണ്… അവൾ മാളുവിനെ ഒന്നുകൂടി ചേർത്തുപിടിച്ചു…

അടക്കിപ്പിടിച്ച സംസാരങ്ങളും, തന്റെ പ്രിയപ്പെട്ടവന്റെ വിശേഷണങ്ങളും,ചെറിയ തേങ്ങലുകളും, വിധിയെ പഴിക്കുന്ന ദീർഘനിശ്വാസങ്ങളും, അവളുടെ കാതോരം വന്നലച്ചുനിന്നു….

വിധിയെ ഏറ്റടുക്കാൻ അവൾ മനസ്സുകൊണ്ട് തയ്യാറാവുകയായിരുന്നു…. താനിപ്പോൾ മുതൽ വിധവയാണ്… മാളുവിനെയും ദേവുവിനെയും കൈപിടിച്ചുയർത്തേണ്ടവളാണ്..ഒരുപോലെ അച്ഛനും അമ്മയുമാണ്… പൊരുതേണ്ടവളാണ്…

മനസ്സിലവൾ ഉരുവിടുമ്പോളും, നിസ്സഹായത ഉള്ളിൽ നിറഞ്ഞു,കണ്ണുനീരിറ്റിറ്റു വീണു, ചുണ്ടുകൾ നിശബ്ദം വിതുമ്പിവിറച്ചു…

എന്റെ മോനേ…. നിശബ്ദതയെ കീറിമുറിച്ച് ഒരലറിക്കരച്ചിൽ…അദ്ദേഹത്തിന്റ അമ്മയാണ്…എല്ലാവരും വന്നിരിക്കുന്നു…

ഇനിയാർക്കുവേണ്ടിയും കാത്തിരിക്കാനില്ല… തന്റെ വീട്ടിൽ നിന്ന് ആരും വരാനില്ല… രണ്ടുകൊല്ലം മുൻപാണ് ആകെയുണ്ടായിരുന്ന വല്യമ്മയും മരിച്ചത്… അനാഥജന്മം….

ആ നാശംപിടിച്ചവൾക്കുവേണ്ടി വാശിപിടിച്ചപ്പോഴേ ഞാൻ പറഞ്ഞയാ…കേട്ടിരുന്നേ ഇങ്ങനെ വരുമായിരുന്നോടാ…. തനിക്കുമുകളിൽ ശകാരവും,ശാപവാക്കുകളും വർഷിച്ചുകൊണ്ട് അമ്മ അലറിക്കരയുകയാണ്…

പയ്യെപ്പറയാനും,മിണ്ടാതിരിക്കിനും പലരും പറയുന്നുണ്ട്… തന്നെ ചിലർ അടുത്തുവന്ന് സമാധാനിപ്പിക്കാനും ശ്രമിക്കുന്നുണ്ട്…

എന്നാലീ വാക്കുകളൊന്നും തനിക്കു പുതിയതല്ല…

ആ കൈപിടിച്ച് കയറിച്ചെന്ന അന്നുമുതൽ കേൾക്കുന്നുണ്ട്… അടുപ്പിലെ പാൽ തിളച്ചുമറിഞ്ഞാലും, തൊടിയിലെ വാഴ ഒടിഞ്ഞുവീണിലും, സ്വന്തബന്ധങ്ങളിലെ ആരോ മരിച്ചാലും ഇതേ ശകാരവർഷങ്ങൾ തനിക്കു മുകളിലായിരുന്നു… അദ്ദേഹത്തോടു പോലും പറയാതെ നിശബ്ദം ഏറ്റുവാങ്ങിയിരുന്ന വാക്കുകൾ… തന്നെയും മക്കളെയും കൂട്ടി ഈ വീട്ടിലേക്കു കയറും വരെ തുടർന്നിരുന്ന അതേ വാക്കുകൾ.. ഇടക്കൊക്കെ വരുമ്പോൾ ഒളിഞ്ഞും തെളിഞ്ഞും കേൾക്കുന്ന വാക്കുകൾ….

ഇപ്പോൾ പിന്നെയവർ എങ്ങനെ സഹിക്കും, സ്വന്തം മകന്റെയീ വിയോഗത്തിൽ…ശപിക്കട്ടെ… ആവോളം ശപിക്കട്ടെ…അവൾ കണ്ണുകൾ ഇറുക്കിയടച്ചു ചുവരോടു ചേർന്നു…

വെള്ളം കുടിക്കാനും,എഴുന്നേറ്റിരിക്കാനും പലരും തന്നെ നിർബന്ധിക്കുന്നത് അവളറിയുന്നുണ്ട്… തന്റെ മക്കളുടെ കൈപിടിച്ച് അലറിക്കരഞ്ഞുകൊണ്ട് ഈ മടുപ്പിക്കുന്ന ദിനത്തിൽ നിന്നോടിയോളിക്കാൻ അവളുടെയുള്ളം തുടിക്കുന്നുമുണ്ട്….ഒരു ദു:സ്വപ്നമാകണെയെന്ന് ആരോടെന്നില്ലാതെ കേഴണമെന്നുണ്ട്……എന്നാൽ നിശ്ചലമാണ്…ഒന്നനങ്ങുവാൻ പോലുമാകാതെ അവളുടെ ശരീരം തണുത്തു മരവിച്ചിരിക്കുന്നു…

തന്റെ പ്രിയപ്പെട്ടവന്റെ കവിൾതടത്തിൽ തൊട്ടപ്പൊളറിഞ്ഞ അതേ തണുപ്പ്…

വിരൽത്തുമ്പിലൂടെ തന്നിലേക്കു പടർന്ന തണുപ്പ്…

തന്റെ മനസ്സിലേക്കും,ശരീരത്തിലേക്കും,ജീവിതത്തിലേക്കും ഒരു നിമിഷംകൊണ്ടു ആഴ്ന്നിറങ്ങിയ മരവിപ്പിക്കുന്ന തണുപ്പ്….

മാളു കരഞ്ഞു തളർന്നിരിക്കുന്നു.. ആ ഇളംമനസ്സിൽ വേർപാടിന്റെ ആഴം അറിയുവാൻതക്ക പാകമായില്ലെങ്കിലും അവളുടെ അച്ഛനിനി വരില്ലെന്നോ, വലിയെന്തോ നഷ്ടം വന്നെന്നോ അവൾക്കും മനസ്സിലായിട്ടുണ്ടാകണം…

ദേവു കിന്നരിമോണകാട്ടി ചിരിക്കുന്നുണ്ട്.. കൈയ്യിലെ കളിക്കോപ്പ് നിലത്തിട്ട് തട്ടുന്നുണ്ട്… ഇടക്കൊക്കെ അമ്മേന്ന് വിളിക്കുന്നുണ്ട്… താൻ കരയുന്നതു നോക്കി വിഷമിക്കുകയും…തന്റെ കൈപ്പിടിയിൽനിന്ന് പോകാനിടക്ക് ശാഠ്യംപിടിക്കുകയും..

സാരിത്തുമ്പിനിടയിലൂടെ തന്റെ മാറിൽപരതി വിശക്കുന്നെന്ന് അവളെയോർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്…

3,4 അയൽക്കാരുവന്ന് കുട്ടികളെയെടുത്ത് അവളുടെ കൈകളിൽ പിടിച്ചുയർത്തി താങ്ങിനടത്തിച്ചു…

എടുക്കുകയാണ്……. ആരോ പറഞ്ഞു.

തേങ്ങലുകൾ ഉയർന്നുവന്നു… കുട്ടികളെക്കൊണ്ട് അവരുടെ അച്ഛന്റെ കവിളിലുമ്മ കൊടുപ്പിച്ചു…

അവളും അയാളിലേക്കു ചുണ്ടുകളമർത്തി…

കുട്ടികൾ കാണുമെന്നു ഇന്നവളോർത്തില്ല…അയാളിലെ കള്ളനോട്ടമവളെ എതിരേറ്റില്ല…ഒന്നൂടിയെന്ന് മറുകവിൾ കാട്ടിയില്ല…

അയാളിൽ ചിരി വിരിഞ്ഞില്ല…ചൂടുപടർന്നുമില്ല…

അടരുവാൻ വയ്യാതെ അവളുടെ ചുണ്ടുകൾ അയാളിൽ തങ്ങിനിന്നു…അവളുടെ കണ്ണുകൾ ആ മുഖത്തെ നനയിച്ചു… കൈകൾ മുറുക്കി തന്നിലേക്കു ശക്തമായി പ്രിയപ്പെട്ടവനെ ചേർത്തണക്കാൻ അവളാഗ്രഹിച്ചു….

എന്നാൽ,ആരോചേർന്നു പുറകോട്ടുവലിക്കുന്നതും…അദ്ദേഹത്തിൽ നിന്നു പിടിച്ചകറ്റുന്നതും അവളറിയുന്നുണ്ട്…

അകലുകയാണ്… വിളിക്കണം… താൻവിളിച്ചാൽ വരാതിരിക്കില്ല അദ്ദേഹം….

യുഗങ്ങൾ പോലെ കഴിഞ്ഞ ഇത്രയും നിമിഷവും,അടക്കിപ്പിടിച്ച വേദനയും,ആകുലതകളും,നഷ്ടബോധവും,
പരിഭവങ്ങളു, മാളുവും,ദേവുവും,ചുറ്റിലും നിന്ന ആരെല്ലാമോ എന്തെല്ലാമോ ,എല്ലാം മറന്നവൾ ഉറക്കെ വിളിച്ചു.. സർവ്വസ്വവും മറന്ന് സർവ്വശക്തിയുമെടുത്ത് ഒരു ഭ്രാന്തിയേപ്പോലെ അലറിവിളിച്ചു…

കാറ്റിനെപ്പോലും നിശബ്ദമാക്കും വിധം,അവളിലെ നഷ്ടം കൂടിനിന്നവരിൽ തേങ്ങലാകും വിധം….ആകാശഗോളങ്ങളെ കീറിമുറിച്ച് എവിടെയോ മറഞ്ഞിരിക്കും ദൈവങ്ങൾ കേൾക്കും വിധം……

ഉണ്ണിയേട്ടാാ…………..

ആ അലറിക്കരച്ചിലൊരു നേർത്ത തേങ്ങലാകുന്നതവൾ അറിഞ്ഞു….കണ്ണുകളിൽ അവളുടെ ഉണ്ണിയേട്ടൻ മറഞ്ഞ് ഇരുട്ടു പടരുന്നതും,കൈകാലുകൾ തളരുന്നതും…മാളു വിളിക്കുന്നതും,ദേവു കരയുന്നതും നേർത്തു നേർത്തില്ലാതാകുന്നതും അവളറിഞ്ഞു…

നിറം മങ്ങിയ,വർണ്ണങ്ങളില്ലാതായ,ഒറ്റപ്പെടലിന്റെ ദിനങ്ങളിലേക്ക്,ഉണ്ണിയേട്ടൻ തന്നുപോയ ഒരുപാടു കടമകളിലേക്ക്,ഓർമ്മകളെ ചേർത്തണച്ച് അവളുണരും… മാളുവിനും ദേവൂനും വേണ്ടി…..

ലൈക്ക് കമൻ്റ് ചെയ്യണേ…..

രചന:Athira Venu