ഐഷാ ലോഡ്ജിൻ്റെ റിസപ്ഷനിസ്റ്റിനോട് റൂം ചോദിച്ച യുവതിയെ അയാൾ സാകൂതം നോക്കി..

രചന : സജി തൈപ്പറമ്പ്.

ഒരു റൂം വേണം

ടൗണിൻ്റെ തിരക്കിൽ നിന്നും കുറച്ച് മാറിയുള്ള വലിയ പഴക്കമില്ലാത്ത ഐഷാ ലോഡ്ജിൻ്റെ റിസപ്ഷനിസ്റ്റിനോട് റൂം ചോദിച്ച യുവതിയെ അയാൾ സാകൂതം നോക്കി..

മേഡം തനിച്ചേയുള്ളോ? കൂടെയാരുമില്ലേ?

ഇരുള് വീണ സമയത്ത് ഒരു യുവതി തനിച്ച് ചെന്നത് കൊണ്ടാവാം, റിസപ്ഷനിസ്റ്റിൻ്റെ മുഖത്ത് സങ്കോചം നിറഞ്ഞു

ഇല്ല തനിച്ചേയുള്ളു ,എന്താ ഒരാൾക്ക് മാത്രമായി റൂം കൊടുക്കില്ലേ?

യുവതിയുടെ മുഖത്ത് ഗൗരവം നിറഞ്ഞു .

അതല്ല മാഡം, നിങ്ങൾക്കിപ്പോൾ റൂം തന്നാൽ കുറച്ച് കഴിയുമ്പോൾ ,നിങ്ങളുടെ ഗസ്റ്റ് ആരെങ്കിലും കാണാൻ വരും ,പുറകെ റെയ്ഡെന്ന് പറഞ്ഞ് പോലീസും, ഇത് ഞങ്ങൾ മാന്യമായി നടത്തിക്കൊണ്ട് പോകുന്നൊരു സ്ഥാപനമാണ്,

കഴിഞ്ഞ മാസം നിർഭാഗ്യവശാൽ അങ്ങനൊരു സംഭവമുണ്ടായി, അതിന് ശേഷം ,മുറിയെടുക്കാൻ ഒറ്റക്ക് വരുന്ന സ്ത്രീകളോട്, കാര്യങ്ങൾ അന്വേഷിച്ചതിന് ശേഷം, മുറി കൊടുത്താൽ മതിയെന്നാണ്, മുതലാളിയുടെ ഓർഡർ

എടോ ഞാൻ ,താൻ കരുതുന്ന പോലൊരു സ്ത്രീയല്ല

ഒരു പബ്ളിക് ഫിഗറാണ് ,ഒരെഴുത്ത്കാരിയാണ്, എനിക്ക് പുതിയൊരു സിനിമയ്ക്ക് വേണ്ടി ഒരു തിരക്കഥയെഴുതണം, അതിന് കുറച്ച് ദിവസത്തേക്ക് സ്വസ്ഥമായൊരിടം തേടിയാണ് ഞാനിങ്ങോട്ട് വന്നത്

അയ്യോ സോറി, മേഡത്തിൻ്റെ പേര്?

രമ്യ ,രമ്യാ രഘുനാഥ്

ഒഹ്ഗോഡ്, അത് മേഡമായിരുന്നോ ? ഞാൻ മേഡത്തിൻ്റെ മിക്ക കഥകളും വായിച്ചിട്ടുണ്ട്, പെട്ടെന്ന് കണ്ടപ്പോൾ മനസ്സിലായില്ല,

ഏത് റൂമാണ് വേണ്ടത് മേഡം ?

Ac or Non Ac?

ഏസിയൊന്നും വേണ്ട ,എനിക്ക് പുഴയ്ക്ക് അഭിമുഖമായിട്ടുള്ള ,മുകളിലെ ഏതെങ്കിലും റൂം മതി

ഓകെ മേഡം, വരൂ ഞാൻ കാണിച്ച് തരാം

പുറകിലെ ചുമരിൽ തൂക്കിയിരുന്ന നൂറ്റിപ്പന്ത്രണ്ടാം നമ്പർ കീച്ചെയിനുള്ള താക്കോലുമെടുത്ത്, അയാൾ മുമ്പേ നടന്നപ്പോൾ രമ്യ , അയാളെ അനുഗമിച്ചു.

മേഡം കയറിക്കോളു

വീതി കുറഞ്ഞ സ്‌റ്റെയർകെയ്സിനടുത്തെത്തിയപ്പോൾ ,വിനയത്തോടെ ഒഴിഞ്ഞ് നിന്നിട്ട്, അയാൾ രമ്യയോട് പറഞ്ഞു.

ആദ്യ പടികൾ കയറി ഫസ്റ്റ് ലാൻറിങ്ങിലെത്തിയപ്പോൾ, നേരെയുള്ള ചുമരിൽ പതിച്ചിരിക്കുന്ന നിലക്കണ്ണാടിയിലൂടെ പിന്നാലെ വരുന്ന റിസപ്ഷനിസ്റ്റിൻ്റെ കണ്ണുകൾ, തൻ്റെ ഇളകുന്ന നിതംബത്തിലാണെന്ന് മനസ്സിലാക്കിയ രമ്യ ,അയാളോട് മുൻപേ നടക്കാനാവശ്യപെട്ടു

ഉം ഇനി താൻ പൊയ്ക്കോ

റൂമിൻ്റെ മുന്നിലെത്തിയപ്പോൾ രമ്യ അയാളോട് പറഞ്ഞു.

ശരി മാഡം,എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ,കോളിംഗ് ബെല്ല് അകത്തുണ്ട്, ഒന്നമർത്തിയാൽ മതി,

താക്കോല് രമ്യയെ ഏല്പിച്ചിട്ട് അയാൾ വീണ്ടും വിനയാന്വിതനായി.

ഓ ..ശരി ശരി..

നീരസത്തോടെ രമ്യ തലകുലുക്കി.

മുറിയിൽ കയറി വാതില് കുറ്റിയിട്ടിട്ട് ,രമ്യ കിഴക്ക് ഭാഗത്തെ ജനാലകൾ മലർക്കെ തുറന്നിട്ടു.

അത് വരെ പുറത്ത് മഞ്ഞ് കൊണ്ടിരുന്ന ഇളം കാറ്റ്, പെട്ടെന്ന് അകത്തേക്ക് തള്ളിക്കയറി.

ഞൊറിയിട്ട് തോൾ ഭാഗത്ത് പിൻചെയ്ത് വച്ചിരുന്ന സാരിത്തലപ്പ്, രമ്യ താഴേക്കഴിച്ചിട്ടപ്പോൾ, അവളുടെ അർദ്ധനഗ്നമേനിയെ ആവോളം നുകർന്ന ശീതക്കാറ്റ്, മുറിയിൽ തന്നെ ചുറ്റിത്തിരിഞ്ഞു

പുഴയിലൂടെ മോട്ടോർ ഘടിപ്പിച്ചൊരു കേവ് വള്ളം, നെല്ല് നിറച്ചചാക്കുകളുമായി വടക്കോട്ട് സാവധാനം നീങ്ങുന്നത് നിലാവെളിച്ചത്തിൽ അവൾ കണ്ടു.

സാമാന്യം വീതിയുള്ള പുഴയുടെ അക്കരെയുള്ള വീടുകളിൽ, വൈദ്യുത വിളക്കുകൾ കത്തി നില്പുണ്ട്.

സ്റ്റെപ്പ് കയറി വന്ന വിയർപ്പൊന്നാറിയപ്പോൾ, സാരി മാറി നൈറ്റി ധരിച്ചിട്ട്, രമ്യ മേശയ്ക്കരികിൽ കിടന്ന കസേരയിൽ വന്നിരുന്നു.

മേശപ്പുറത്ത് താൻ വെച്ച ബാഗ് കൂടാതെ, മറ്റൊരു ഡയറികൂടി ഇരിക്കുന്നത് കണ്ട്, വെറുതെ അവളത് മറിച്ച് നോക്കി.

ആദ്യ പേജിൽ, പേരോ മറ്റ്അഡ്രസ്സോ ഒന്നുമുണ്ടായിരുന്നില്ല ,താള് മറിച്ചപ്പോൾ ,രണ്ടാമത്തെ പേജിൽ കുറിച്ച ആദ്യ വരികൾ വായിച്ചപ്പോൾ തന്നെ, അതൊരു കഥയാണെന്ന് രമ്യയ്ക്ക് തോന്നി, കൈയ്യക്ഷരത്തിൽ നിന്നും അതൊരു പുരുഷനെഴുതിയതാവാമെന്ന് അവർ ഊഹിച്ചു.

ആദ്യ പേജുകൾ വായിച്ചപ്പോഴുണ്ടായ ആകാംക്ഷയിൽ, ഓരോ പേജുകളും മറിച്ച് വായിച്ച്കൊണ്ടിരുന്ന രമ്യയ്ക്ക്, പോകപോകെ കൗതുകം വർദ്ധിച്ച് വന്നു.

പാലക്കാട്ടെ, നെൽപാടങ്ങളാലും ചെറിയ കൈത്തോടുകളാലും പ്രകൃതി രമണീയമായ ഒരു കൊച്ചുഗ്രാമത്തിലെ ശിവൻ്റെയും ഭാര്യ ഗൗരിയുടെയും ജീവിതം പറയുന്ന മനോഹരമായ കഥയായിരുന്നത്

ഇത്രയും മനോഹരമായ ഗ്രാമത്തിൻ്റെ നന്മയും നിഷ്കളങ്കതയും നിറഞ്ഞൊരു കഥ താനിത് വരെ വായിച്ചിട്ടില്ലെന്ന് രമ്യയ്ക്ക് തോന്നി

ഒരു മുഴുനീള ഫാമിലി എൻ്റർടെയിൻമെൻ്റ് സിനിമയ്ക്ക് വേണ്ടതെല്ലാം ആവോളമുണ്ട്

അതിൻ്റെ ലാസ്റ്റ് ഭാഗം എഴുതിയിരിക്കുന്നത് ഇന്നലെയാണ്

അതിനർത്ഥം ഇതിൻ്റെ രചയിതാവ് ഇന്നലെ വരെ ഈ റൂമിലുണ്ടായിരുന്നു എന്നല്ലേ ?

അയാൾ മനപ്പൂർവ്വം ഉപേക്ഷിച്ച് പോയതാവുമോ?

ഹേയ്,കഷ്ടപ്പെട്ടെഴുതിയ ഇത്ര മനോഹരമായ കഥ ,അങ്ങനെ ഉപേക്ഷിച്ച് പോകാൻ വഴിയില്ല, ചിലപ്പോൾ എന്തെങ്കിലും അത്യാവശ്യ കോള് വന്നപ്പോൾ പോകാനുള്ള ധൃതിയിൽ ചിലപ്പോൾ മറന്നതാവാം

ഇതെഴുതിയ ആളുടെ അഡ്രസ്സ് താഴെ റിസപ്ഷനിലുണ്ടാവും , എന്തായാലും ആ കഥാകൃത്തിനെ ഒന്ന് കണ്ടെത്തണം ,ഒരു പക്ഷെ ഡയറി നഷ്ടപ്പെട്ടതറിയാതെ അയാൾ എന്തെങ്കിലും തിരക്കിൽ പെട്ടിട്ടുണ്ടാവും

പിറ്റേന്ന് റൂംബോയി കൊണ്ട് കൊടുത്ത ചായ കുടിച്ചതിന് ശേഷം, ഒന്ന് ഫ്രഷായി വസ്ത്രം മാറിയിട്ട്, രമ്യ താഴേക്ക് ചെന്നു.

ഇന്നലെ എനിക്ക് തന്ന റൂം, വെക്കേറ്റ് ചെയ്ത് പോയ ആളുടെ അഡ്രസ്സും, ഫോൺ നമ്പരും ഒന്ന് തരാമോ?

എന്താ മേഡം ? എന്തെങ്കിലും പ്രശ്നമുണ്ടോ?

ഹേയ് പ്രശ്നമൊന്നുമില്ല, ഒരാവശ്യമുണ്ടായിരുന്നു,

കൂടുതൽ ചിക്കി ചികഞ്ഞ് ചോദിച്ചാൽ, അവർക്ക് അനിഷ്ടമുണ്ടാകുമെന്ന് കരുതി ,അയാൾ രജിസ്റ്റർ തുറന്ന് അഡ്രസ്സും, ഫോൺ നമ്പരും രമ്യക്ക് നൽകി.

റൂമിൽ തിരിച്ചുവന്ന രമ്യ ,തൻ്റെ ഫോണിൽ നിന്നും, ആ നമ്പറിലേക്ക് ഡയൽ ചെയ്തു.

കോള് പോകാൻ വല്ലാതെ താമസം നേരിട്ടു, അവസാനം കട്ട് ചെയ്ത് വീണ്ടും വിളിച്ചപ്പോൾ, ഡയൽ ചെയ്ത നമ്പർ ഔട്ട് ഓഫ് റേഞ്ച് എന്നാണ് പറയുന്നത്, കുറച്ചു കഴിഞ്ഞ് വീണ്ടും ഡയൽ ചെയ്തെങ്കിലും , നിരാശയായിരുന്നു ഫലം.

ഉച്ചവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും, അത് നടക്കാതെ വന്നപ്പോൾ, റിസപ്ഷനിസ്റ്റ് കൊടുത്ത അഡ്രസ്സിൽ, നേരിട്ട് ചെന്ന്, അയാൾക്ക് ഡയറി കൈമാറണമെന്ന് ,അവർക്ക് തോന്നി, മാത്രമല്ല ആ കഥ തനിക്ക് തിരക്കഥയെഴുതാനുള്ള അവകാശവും, ചോദിച്ച് വാങ്ങണമെന്നുയിരുന്നു,
രമ്യയുടെ പ്ളാൻ

ആ അഡ്രസ്സിൽ സൂചിപ്പിച്ചിരിക്കുന്ന, പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൽ എത്തിച്ചേരാൻ ,രമ്യയ്ക്ക് കെഎസ്ആർടിസി ബസിൽ, മൂന്ന് മണിക്കൂറോളം യാത്ര ചെയ്യേണ്ടിവന്നു, ഒടുവിൽ
വികസനം എത്തിച്ചേരാത്ത ഒരു കുഗ്രാമത്തിൻ്റെ നാൽക്കവലയിലാണ്, ബസ് ചെന്ന് നിന്നത്.

അടുത്തുകണ്ട ഒരു പെട്ടി കടയിൽ ചെന്ന് രമ്യ, കടക്കാരനോട് തൻ്റെ കൈവശമുണ്ടായിരുന്ന മേൽവിലാസത്തെക്കുറിച്ചന്വേഷിച്ചു.

കുട്ടി എവിടുന്നാ?

അഡ്രസ്സ് വായിച്ചിട്ട് അയാൾ രമ്യയോട് ചോദിച്ചു.

ഞാൻ കുറച്ച് ദൂരേന്നാണ്, എനിക്ക് ഇതിൽ പറഞ്ഞിരിക്കുന്നയാളുടെ വീട്ടിൽ അത്യാവശ്യമായിട്ടെത്തണം

ഒരു 10 മിനിറ്റ് മുൻപ് ആയിരുന്നെങ്കിൽ, അങ്ങോട്ടേക്ക് ഒരു ജീപ്പ് പോകുന്നുണ്ടായിരുന്നു, ഇനിയിപ്പോൾ ആ കാണുന്ന മലയുടെ അപ്പുറത്തേക്ക് നടന്ന് പോകേണ്ടി വരും, അവിടെ ചെന്ന് ആരോടെങ്കിലുമുന്വഷിച്ചാൽ മതി ,വീട് കാട്ടി തരും

അങ്ങോട്ടേക്ക് ഇനി വേറെ ജീപ്പ് കിട്ടില്ലേ?

ഇന്നിനി ഉണ്ടാവില്ല,

ഇനി ഇവിടെ സംശയിച്ച് നിന്നിട്ട് കാര്യമില്ല, നേരം ഇരുണ്ട് തുടങ്ങുന്നു, രാത്രിയായാൽ അന്തിയുറങ്ങാൻ ഇവിടെങ്ങും ഒരു ലോഡ്ജ് പോലുമില്ല , എങ്ങനെയെങ്കിലും അയാളുടെ വീട്ടിലെത്തിയാൽ, ഇന്ന് രാത്രി അവിടെ തങ്ങാം, കൂട്ടിന് അയാളുടെ ഭാര്യയും അമ്മയുമൊക്കെ കാണാതിരിക്കില്ലല്ലോ?

രണ്ടും കല്പിച്ച് രമ്യ, മല കയറാൻ തുടങ്ങി ,ഏതാണ്ട് മുക്കാൽ മണിക്കൂറിനു ശേഷം , അവൾ മലയിറങ്ങി അപ്പുറത്തെത്തി, ചെറിയ കുന്നിൻ പ്രദേശമായിരുന്നു അത്, അങ്ങിങ്ങായി ഓട് മേഞ്ഞ കുറേ കെട്ടിടങ്ങൾ കാണാം, അതിലൊന്നിൽ ചെറിയൊരു ആൾക്കൂട്ടം കണ്ട്, അവൾ നേരെ അങ്ങോട്ടേക്ക് വേഗം നടന്ന് ചെന്നു, അവിടെ ആദ്യം കണ്ട മദ്ധ്യവയസ്കനോട്, അഡ്രസ്സിലുള്ള വീട് ചോദിച്ചു.

അത് ഈ വീട് തന്യാ, കുട്ടി അയാളുടെ ആരാ ?

ഞാനറിയുന്നയാളാ, അയാളുടെ ഫ്രണ്ടാണ് ഞാൻ

എങ്കിൽ വേഗം ചെന്നോളു , ചിതയിലേക്കുടനെയെടുക്കും

ങ്ഹേ, ആരാ മരിച്ചത് ?

അപ്പോൾ കുട്ടി ഒന്നും അറിയാതെയാണോ വന്നത്?

ഇല്ല എനിക്കൊന്നുമറിയില്ല,

എങ്കിൽ കുട്ടീടെ ഫ്രണ്ട് തന്യാ അവിടെ മരിച്ച് കിടക്കുന്നത് ,അച്ഛനും അമ്മയ്ക്കും ഒറ്റമകനായിരുന്നു ,ഇന്നലെ ടൗണിൽ വച്ചുണ്ടായൊരാക്സിഡൻറിൽ…

അയാൾ പറഞ്ഞത് മുഴുവൻ കേൾക്കാൻ നില്ക്കാതെ, രമ്യ തിരിഞ്ഞ് നടന്നു.

വേണ്ട, ജീവിതത്തിൽ ഇത് വരെ കാണാത്തൊരാളെ, ജീവനോടെയല്ലാതെ തനിക്കിനി കാണണ്ട

തിരിച്ച് മലകയറി മുകളിലെത്തിയ രമ്യ ,പുറകിലേക്ക് തിരിഞ്ഞ് നോക്കി.

ആ വീടിൻ്റെ തെക്കേമുറ്റത്ത്, ഒരുക്കിയ ചിതയിൽ ,അപ്പോഴേക്കും അയാളുടെ ചേതനയറ്റ ശരീരം എരിഞ്ഞ് തുടങ്ങിയിരുന്നു.

പിറ്റേന്ന് വെളുപ്പിനെ നാല് മണിക്ക് ടൗണിലേക്ക് പോകാൻ നിർത്തിയിട്ടിരിക്കുന്ന KSRTC ബസ്സിൻ്റെ കണ്ടക്ടറോട് ,അനുവാദം ചോദിച്ചിട്ട് രമ്യ ബസ്സിൽ കയറിയിരുന്നു.

നേരം പുലർന്നപ്പോൾ റൂമിൽ തിരിച്ചെത്തിയ അവൾ, കൈയ്യിലുണ്ടായിരുന്ന ഡറിയിലെ കഥയ്ക്ക് ഒരു തിരക്കഥയെഴുതാൻ തുടങ്ങി.

സംവിധായകന് സ്ക്രിപ്റ്റ് കൈമാറുമ്പോൾ, ഒറ്റ ഡിമാൻ്റേ അവൾക്കുണ്ടായിരുന്നുള്ളു, ടൈറ്റിലിന് താഴെ കഥ തിരക്കഥ സംഭാഷണം, താനിത് വരെ കാണാത്ത ആ അജ്ഞാത എഴുത്ത്കാരൻ്റെ പേര് വയ്ക്കണമെന്ന്,

ഒടുവിൽ പ്രൊഡ്യൂസർ കൊടുത്ത ചെക്കും കൈയ്യിൽ വാങ്ങി, രമ്യ വീണ്ടും ആ ഗ്രാമത്തിലേക്ക് വണ്ടി കയറി.

ലക്ഷ്യം ഒന്നേ ഉണ്ടായിരുന്നുള്ളു, അയാളെഴുതിയ കഥയ്ക്ക് കിട്ടിയ പ്രതിഫലം, മകനെ നഷ്ടപ്പെട്ട ആ മാതാപിതാക്കളെ ഏല്പിക്കുക,എന്നിട്ട് അദ്ദേഹം ജീവൻ കൊടുത്ത കഥാപാത്രങ്ങൾക്ക് ഒരിക്കലും മരണമുണ്ടാവില്ലെന്നും ജനഹൃദയങ്ങളിൽ എന്നും നിറഞ്ഞ് നില്ക്കുമെന്നും അവരോട് പറയുക

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : സജി തൈപ്പറമ്പ്.