ആറ്റിൽ നീന്തിത്തുടിച്ചു കുളിക്കവേ ചെറിയ ഒഴുക്കിൽ അവളുടെ തോർത്ത് പോയതറിഞ്ഞില്ല….

നല്ല മനസ്സിനൊരു സമ്മാനം

രചന : Vijay Lalitwilloli Sathya

ആളൊഴിഞ്ഞ ആറ്റിൽ നീന്തിത്തുടിച്ചു കുളിക്കവേ ചെറിയ ഒഴുക്കിൽ അവളുടെ തോർത്ത് പോയതറിഞ്ഞില്ല.

ആറ്റിറമ്പിൽ തന്റെ ഊരിവെച്ച വസ്ത്രങ്ങൾ ഉണ്ട്.

പക്ഷേ കേറി വരൂമ്പോൾ ആരെങ്കിലും കണ്ടാലോ..

കുറച്ചുനേരം അവൾ തല മാത്രം വെളിയിൽ കാണിച്ചു നിന്നു.

സമയം പോയാൽ അപകടം ആകും പാടവരമ്പത്ത് കൂടെ പണി കഴിഞ്ഞു വരുന്ന വല്ലവരും ഉണ്ടാവും.!

എന്നാൽ ഇപ്പോൾ ഭാഗ്യത്തിന് എങ്ങും ആ ഭാഗത്തു ഒരു മനുഷ്യ ജീവിയും ഇല്ല. അതാണ് ആശ്വാസം.

അതുകൊണ്ടാണ് എന്നും കുളിക്ക് ഈ സമയം തെരഞ്ഞെടുക്കുന്നത് തന്നെ.

ചുറ്റും കണ്ണോടിച്ചു കൈതകൾ തങ്ങളുടെ ഓലകൾ കൊണ്ട് കാവലായി കുട പിടിച്ചു നിൽപ്പുണ്ട്.

അവൾ പതുക്കെ മുങ്ങാംകുഴിയിട്ടു കരയിലേക്ക് അടുത്തു വന്നു.

പിന്നെ രണ്ടും കൽപ്പിച്ചു മിന്നൽ വേഗത്തിൽ കരയിൽ പാഞ്ഞുകയറുമ്പോൾ ഒരായിരം വെള്ളത്തുള്ളികൾ ചിതറിത്തെറിച്ചു കൂടെ കുതിച്ചു.

കാഴ്ച കണ്ട് കൈതകൈകൾ ഒരു നിമിഷം കണ്ണുപൂട്ടിയോ?

വേഗം തന്റെ പാവാടയും ബ്ലൗസും ഇട്ടു. ഈശ്വരാ രക്ഷപ്പെട്ടു.

എന്നാലും ആ തോർത്ത് തന്നെ ചതിച്ചല്ലോ.

അവൾക്കു സങ്കടവും നാണവും ഒന്നാകെ വന്നു.

ഇന്ന് എന്തൊക്കെയോ തന്റെ ജീവിതത്തിൽ സംഭവിക്കുന്നത്?

വിറക് ശേഖരിച്ചു വീട്ടിലെത്തിയാൽ പിന്നെ തോർത്തെടുത്ത് നേരെ ആറ്റിലേക്ക് വരും

വിസ്തരിച്ച് ഒരു കുളിയാണ്. അതിനീ കാട്ടു കൈതകൾ അവൾക്കു മറ നിൽക്കും.

ആ വെള്ളത്തിൽ അങ്ങനെ കുറെ നേരം അവൾ കുളിച്ചു തിമിർക്കും.

ഇന്ന് ഒരു സംഭവമുണ്ടായി. ഭാഗ്യദേവതയുടെയും ധന ദേവത യുടെയും ഒരു കടാക്ഷം.

“ഒന്നും കാണില്ലെന്നറിയാം എന്നാലും അവറാച്ചൻ ചേട്ടൻ ഇതിൽ വല്ലതുമുണ്ടോ എന്ന് നോക്കിക്കെ..”

പ്രഭ തന്റെ കുഞ്ഞു പേർസ് തുറന്നു താൻ ഇന്നലെ വാങ്ങിയ കേരള ലോട്ടറി ടിക്കറ്റ് എടുത്തു വിൽപ്പനക്കാരൻ അവറാച്ചനെ ഏൽപ്പിച്ചു പറഞ്ഞു

“ഭാഗ്യം..അഞ്ഞൂറ് രൂപ അടിച്ചിട്ട് ഉണ്ട് പ്രഭ കുട്ടിയെ നിനക്ക്..!”

“ആണോ അപ്പൊ കോളടിച്ചല്ലോ”

ഒരു പാവം പെൺകുട്ടിയാണ് പ്രഭ എന്ന പതിനെട്ടുകാരി.

അച്ഛൻ നേരത്തെ മരിച്ചു. ഇപ്പോൾ അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പം താമസം.

അവറച്ചൻ നൽകിയ അഞ്ഞൂറ് രൂപയുമായി അവൾ റോഡിൽ നിന്നും കാട്ടുപാതയിലൂടെ നടന്നു.

റോഡരികിലുള്ള ഈ കൊല്ലിയിൽ നിന്നും അല്പം ഉണങ്ങിയ ചുള്ളിക്കമ്പുകൾ ശേഖരിക്കാം അവൾ കരുതി.

പെട്ടെന്നാണ് അത് അവളുടെ കണ്ണിൽ പെട്ടത്!

ഒരു കാർട്ടൻ..!! വേഗത്തിൽ കയ്യിലെടുത്തു.

നല്ല കനമുള്ള എന്തോ ഒന്നാണ് അകത്തുള്ളതെന്നു തോന്നുന്നു.

കൈയിലുള്ള ചെറിയ കത്തികൊണ്ട് അതിന്റെ ഒരു സൈഡ് വെട്ടി പൊളിച്ചു നോക്കി.

അവൾ ഞെട്ടിപ്പോയി. രണ്ടായിരത്തിന്റെ നോട്ടുകെട്ടുകൾ

മുകളിലെ റോഡിൽ നിന്നും പോകുമ്പോൾ ആരുടെയെങ്കിലും വാഹനത്തിൽ നിന്നും തെറിച്ചു വീണതാവാം.

എന്തു ചെയ്യണം ഒരു നിമിഷം അവൾ ശങ്കിച്ചു.

അന്വേഷണം ഉണ്ടാകുമോ ഇതിന്റെ ആൾക്കാർ തേടി വരുമോ

പോലീസ് പിടി കൂടുമോ?

തുടങ്ങിയ ചില സംശയങ്ങൾ അവളെ പൊതിഞ്ഞു.

പിന്നെ അത് തന്റെ വിറകിന്റെ കൂടയിൽ ഭദ്രമായി ഒളിപ്പിച്ചു.

വീട്ടിലേക്ക് നടന്നു.

വഴിയിൽവെച്ച് സുലോചന ചേച്ചിയെ കണ്ടു.

കുടുംബശ്രീ പ്രസിഡണ്ട് ആണ്.

“എന്താ പ്രഭ ഇന്ന് വിറകു കുറവാണല്ലോ എന്താ വേഗം പോന്നത്,?”

“അവിടെ ഒന്നു ഉണങ്ങി ഇല്ലെന്നെ”

അവൾ പറഞ്ഞു

“നീ എന്തിനാ എപ്പോഴും മഞ്ഞപ്ര ഭാഗത്ത് പോകുന്നത്? അവിടെ കോയിപ്പുറം റോഡുവക്കിൽ നന്നായി ഉണങ്ങിയ ചുള്ളിക്കമ്പുകൾ ഉണ്ട് ഞാൻ അവിടുന്ന് ശേഖരിക്കുക നാളെ അങ്ങോട്ട് പോരൂ ”

“ശരി ചേച്ചി”

“മോളെ പ്രഭ..ആ കുടുംബശ്രീയുടെ കടമെടുത്ത തുക അടക്കെടി.. ട്രഷറർ സരള എപ്പോഴും എന്നോട് ചൂടാവുന്നെടി അതേ ചൊല്ലി”

“ശരി ചേച്ചി ഈയാഴ്ച തന്നെ വഴിയുണ്ടാക്കാം”

പ്രഭ പറഞ്ഞു.

വേഗം യാത്രയും പറഞ്ഞ് സുലോചന ചേച്ചിയുടെ വീട് കടന്നു മുന്നോട്ടു നടന്നു നേരെ വീട്ടിലെത്തി.

വീട്ടിൽ അവൾ കിടക്കുന്ന റൂമിലെ കട്ടിലിനടിയിൽ ഇരുണ്ട ഭാഗത്ത് ആ പണമടങ്ങിയ കെട്ട് സൂക്ഷിച്ചു വെച്ചു.

എന്നിട്ടു ആറ്റിൽ വന്നു പഴയതുപോലെ ഒരു കുളി പാസാക്കിയതായിരുന്നു.

പ്രഭയ്ക്ക് ലോട്ടറി അടിച്ച വിവരം അവറാച്ചൻ വഴി മഞ്ഞപ്ര നാട്ടിൽ ആകെ പരന്നു.

പലരും തുക അഞ്ഞൂറ് ആണെന്ന് അറിഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചു.

പ്രഭ തനിക്ക് വീണു കിട്ടിയ പണം പോലീസിനെ ഏൽപ്പിക്കാൻ തീരുമാനിച്ചു.

ആദ്യം തന്നെ വിവരം അറിയിക്കാൻ ടൗണിലേ പോലീസ് സ്റ്റേഷനിലേക്ക് പോകാൻ അവൾ ബസ്സ് കയറി.

പോലീസ് സ്റ്റേഷനിൽ ഗേറ്റിൽ എത്തിയപ്പോൾ തന്നെ ഉള്ളിൽ നിന്നും നിലവിളിയും ആക്രോശവും മർദന ശബ്ദവും എല്ലാം കേട്ട് അവൾ പേടിച്ചു പോയി.

“അങ്ങോട്ട് മാറി നിക്കടാ”

“ഇങ്ങോട്ട് കേറി നിൽക്കെടാ”

അത് കേട്ടപ്പോൾ അവൾ ഉടനെ നാട്ടിലേക്ക് തിരിച്ചു പോയി. അവൾ പണം അവൾക്ക് പരിചയമുള്ള ഒരു അനാഥാലയത്തിലെ അധികൃതർക്കു ഏൽപ്പിക്കാൻ തീരുമാനിച്ചു.

രാജ്യത്തിന്റെ നികുതി വെട്ടിച്ചും ആൾക്കാരെ പറ്റിച്ചു ഉണ്ടാക്കുന്ന ഇതുപോലുള്ള കറുത്ത പണം അങ്ങനെ പാവപ്പെട്ട കുട്ടികൾക്ക് കുറേക്കാലം അന്നത്തിനും വസ്ത്രത്തിനും മറ്റു ചിലവുകൾക്കും ആയി ഉപകരിക്കുമെങ്കിൽ ഉപകരിക്കട്ടെ.

അവൾക്ക് അത് സന്തോഷം ആണ്.

തനിക്ക് ഒരുപാട് ബാധ്യതകളുണ്ട്. എന്നാലും തനിക്ക് അർഹതയില്ലാത്ത ഈ പണം വേണ്ട.

അവൾ പണം കൈമാറി.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് ലഭിച്ച ആ ധനം അനാഥാലയ അധികൃതർക്ക് ഒരു ആശ്വാസമായി മാറി.

വരുന്ന വഴിയിൽ ലോട്ടറിടിക്കറ്റുമായി സൈക്കിളിൽ വരുന്ന അവറാച്ചനെ കണ്ടപ്പോൾ അന്ന് കിട്ടിയ അഞ്ഞൂറ് രൂപയിൽ നിന്നും അവൾ ക്രിസ്മസ് ന്യൂഇയർ ബംബറിന്റെ ഒരു ലോട്ടറി എടുത്തു.

അന്ന് കൊല്ലിയിൽ വീണുകിടന്നിരുന്ന ആ നോട്ട് കെട്ടുകളുടെ പിന്നാമ്പുറ കഥ എന്താണ് നോക്കാം.

“സാർ സ്റ്റേറ്റ് റോഡിൽ നിന്നും ഹൈവേയിൽ പോകുന്ന വഴിയിലൂടെ രണ്ടു കോടി രൂപയും കൊണ്ട് ഒരു കുഴൽപ്പണ സംഘം കടന്നുവരും അവരൊരു ഓമിനി വാനിൽ ആണുള്ളത്.”

എസ്ഐക്ക് വന്ന ഫോണിലുള്ള രഹസ്യവിവരം ആണിത്.

“ഡ്രൈവർ വണ്ടി എടുക്കു”

രാമനാഥ് എസ് ഐ അലറി.

ഉടനെ ജീപ്പ് സ്റ്റാർട്ട് ആക്കി വണ്ടി പിറകോട്ട് എടുത്തു. എസ്ഐ ചാടിക്കയറി!!

“വേഗം വിട്ടോ..”

“എങ്ങോട്ടാണ് സാർ.?”

ഡ്രൈവർ തിരക്കി

“നമ്മുടെ മഞ്ഞപ്ര പോകുന്ന റോഡിലേക്ക്…..

അതുവഴി ഒരു നീല നിറത്തിലുള്ള ഓമിനി വാൻ വരും.. അതിനെ തടഞ്ഞു ചെക്ക് ചെയ്യണം.”

അവർ മഞ്ഞപ്ര റോഡിലേക്ക് പ്രവേശിക്കുമ്പോൾ തൊട്ടു മുമ്പിൽ ആ പറഞ്ഞ വണ്ടി പോകുന്നതു കണ്ടു.

വേഗം പിന്തുടരൂ എസ്ഐ ആ വണ്ടി ചൂണ്ടിക്കാട്ടി ഡ്രൈവറോട് പറഞ്ഞു.

ഈ സമയം ആ വണ്ടിക്കുള്ളിൽ നാലുപേർ ഉണ്ടായിരുന്നു. പോലീസ് വാഹനം തങ്ങളെ പിന്തുടരുന്നത് അവർ ശ്രദ്ധിച്ചു. അവർ വണ്ടിക്ക് വേഗതകൂട്ടി. പോലീസ് ജീപ്പും വേഗത വർദ്ധിപ്പിച്ചു.

അവിടെ ഒരു മത്സര ഓട്ടം തന്നെ നടന്നു.

ചെറിയ വളവുകളും കയറ്റങ്ങളും ഇരു വാഹനവും മത്സരിച്ച ഓടി പിന്നിട്ടു.

സാധനം പോലീസിന് കിട്ടിയാൽ പ്രശ്നമാണ്.

അതില്ലെങ്കിൽ പ്രശ്നമില്ല. എന്തെങ്കിലും ചെയ്തേ പറ്റൂ. വണ്ടിക്കുള്ളിൽ ഉള്ളവർ പരിഭ്രമത്തോടെ ആലോചിച്ചു.

കയറ്റം കയറി ഒരു ചെറിയ വളവ് തിരിഞ്ഞപ്പോൾ ഓമിനി വാനിൽ ഉള്ളവർ കാറിന്റെ സ്ലൈഡിങ് ഡോർ തുറന്നു പോലീസിനെ കാണാതെ രണ്ടു കോടിയുടെ ആ നോട്ടുകെട്ടുകൾ ഉള്ള കർട്ടൻ ഒരു കൊല്ലിയിലേക്ക് വലിച്ചെറിഞ്ഞു.

സ്ഥലം ഓർമ്മിച്ചു വെച്ചു.

കുറെ ദൂരം ഓടിയപ്പോൾ പിന്തുടർന്നുവന്ന പോലീസിന് അവർ പിടികൊടുത്തു.

പോലീസ് വാഹനം പരിശോധിച്ചു അവർക്കൊന്നും കണ്ടെത്താനായില്ല. വാഹന റിക്കാർഡുകൾ, ലൈസൻസ് എല്ലാം ഉണ്ടായിട്ടും എന്തിനാണ് പിന്തുടർന്നപ്പോൾ ഓടിയെതെന്നു ചോദിച്ചു.

അത്യാവശ്യമായി ഹോസ്പിറ്റലിൽ പോവുകയാണെന്ന് അവർ പറഞ്ഞത്.

വേറെ തെളിവുകൾ ഒന്നും ലഭിക്കാത്തതിനാൽ വണ്ടി നിർത്താതെ പോയതിന് ഒരു പെറ്റി കേസ് ചാർജ് ചെയ്യാൻ അവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി….

അവിടെ വെച്ച് വാഹനം വിശദമായി പരിശോധിച്ചു.

ഒന്നും ലഭിച്ചില്ല. പോലീസുകാർ അവരെ വെറുതെ വിട്ടു.

അന്നത്തെ ദിവസം അവിടെ ചുള്ളിക്കമ്പ് ശേഖരിക്കാൻ ഇറങ്ങിയപ്പോൾ ആണല്ലോ പ്രഭ ആ കാർട്ടൻ കണ്ടത്..!

ദിവസങ്ങൾ പിന്നെയും കടന്നു പോയി.

കുറച്ചു നാളുകൾക്ക് ശേഷം ഒരു സായാഹ്നം കോയിപ്രം ഭാഗത്ത് റോഡുവക്കിൽ സുലോചന ചേച്ചിയുടെ കൂടെ ചുള്ളിക്കമ്പ് ഓടിക്കുകയായിരുന്നു പ്രഭ.

അവിടേക്ക് അവളെ തേടി നമ്മുടെ അവറാൻ സൈക്കിളുമായി ഓടിയെത്തി.

“എവിടെ ഒക്കെ തിരിഞ്ഞു നിന്നെ.. ”

“എന്താ കാര്യം”

“അടിച്ചെടി….മോളെ അടിച്ചു ”

“എന്തോന്നാ അവറാച്ചാ”

“ഇപ്രാവശ്യത്തെ ക്രിസ്മസ് ന്യൂഇയർ ബംബർ സമ്മാനത്തുക 12 കോടി രൂപ നിനക്ക് തന്ന ടിക്കറ്റിനാ…….മോളെ…”

തിന്മയിൽ കൂടി കിട്ടുന്ന ഗുണത്തെ നാം ഉപേക്ഷിക്കുകയാണെങ്കിൽ നന്മയിൽ കൂടെ തന്നെ ആ ഗുണം ഇരട്ടിക്കിരട്ടിയായി നമ്മേ തേടിവരും!!

വായിച്ചു കഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ…

രചന : Vijay Lalitwilloli Sathya


Comments

Leave a Reply

Your email address will not be published. Required fields are marked *