ഇന്നലെ ഇടവഴിയിൽ വച്ച് റോബിൻ തന്ന ലൗലെറ്റർ കളഞ്ഞു പോയി…..

‘ലില്ലിക്കുട്ടി ടെ ഐ ലൗ യൂ,”

രചന: ഷൗക്കത്ത് മൈതീൻ , കുവൈത്ത്

”കോളേജിൽ പോകാൻ സമയമായിട്ടും റൂമിലൂടെ വട്ടം ചുറ്റുന്ന ലില്ലിക്കുട്ടിയോട് ,അമ്മ അന്നമ്മ ചോദിച്ചു,

”എന്തുവാടി പരതുന്നത്,..?

” ഇന്നലെ ഇടവഴിയിൽ വച്ച് റോബിൻ തന്ന ലൗലെറ്റർ കളഞ്ഞു പോയി ..അത് തപ്പുകയാണ് ലില്ലിക്കുട്ടീ…

”ചോദിച്ചത് കേട്ടില്ലേടി ..? അന്നമ്മയുടെ വോയ്സ് ഘനഗംഭീരമായി …!!

”അമ്മേ ..ബുക്കിലിരുന്ന ” ഐ ലൗ യൂ ”

കാണുന്നില്ല,…എവിടയോ വീണു പോയി ..!!

”ലൗലെറ്റർ എന്നു പറഞ്ഞാൽ ഏകദേശം അമ്മച്ചിക്കറിയാം …അതു കൊണ്ടാണ് ലില്ലിക്കുട്ടി

” ഐ ലൗ യു ” എന്ന് തളളിയത്,…

”പാവം അന്നാമ ചേടത്തി ഓർത്തത് മകൾക്ക് പഠിക്കാനുളള എന്തോ പേപ്പറാണെന്നാണ് ….

”സമയമേറെയായി നീ പൊയ്ക്കോ ..മുറി തൂത്തു വാരുമ്പോൾ കിട്ടിയാൽ ഞാനെടുത്തു വച്ചോളാം,…

”ശരിയമ്മേ … ചോറ്റു പാത്രവും, കുടയും, പുസ്തകത്തോടൊപ്പമെടുത്ത് ലില്ലിക്കുട്ടി പുറത്തേക്കോടി …

ഠൗണിലെ പാരലൽ കോളേജിലെ പ്രിഡിഗ്രി വിദ്യാർത്ഥിനിയാണ് ലില്ലിക്കുട്ടി….

ആഴ്ചയിൽ രണ്ട് ലൗലെറ്ററുകളെങ്കിലും കിട്ടാറുളള കോളേജിലെ സുന്ദരി കോതയാണ് ലില്ലിക്കുട്ടി…

”ലില്ലിക്കുട്ടി കോളേജിലേക്ക് പോയപ്പോൾ അന്നമ്മ ചേടത്തിക്ക് ആധിയായി …’

‘അവർ ആദ്യം മുറി തൂത്തൂവാരി … ലില്ലിക്കുട്ടി കിടക്കുന്ന കട്ടിലനടിയിൽ നിന്ന് രണ്ട് സ്ളൈഡും, ഒരു ബട്സും, മാത്രമേ കിട്ടിയുളളു,.

”ഐ ലൗ യു .. മാത്രം കിട്ടിയില്ല…

”ഇനി റോഡിലെങ്ങാൻ വീണു പോയതാണോ,..?

ഒന്നന്വേഷിച്ചു കളയാം എന്നു വിചാരിച്ചു ,വീടു പൂട്ടി അന്നമ്മ ചേടത്തി റോഡിലേക്കിറങ്ങി …

”പാൽസൊസൈറ്റിയിൽ പോയി വരുന്ന വിജയനെയാണ് റോഡിലാദ്യം കണ്ടത്,…അയാളെ തടഞ്ഞു നിർത്തി ചേടത്തി ചോദിച്ചു,…

”എടാ വിജയാ … വഴീലെങ്ങാനും കിടന്ന് ”ഐ ലൗ യൂ ” കിട്ടിയാർന്നോ,..?

””ങേ ..? വിജയൻ വാ പൊളിച്ചു നിന്നു ,

” ലില്ലിക്കുട്ടി ടെ ” ഐ ലൗ യൂ” കളഞ്ഞു പോയെടാ …”

ചേടത്തി സങ്കടത്തോടെ പറഞ്ഞ് റോഡിനിരു വശവും പരതി കൊണ്ട് മുന്നോട്ടു പോയി ..!

”ശൊ എന്റെ വേളാങ്കണ്ണി മാതാവേ… എന്റെ മോളുടെ ഐ ലൗ യു നിന്റെ കൃപയാൽ കാണിച്ചു കൊടുത്താൽ മോളോം കൂട്ടി അവിടെ വന്ന് നൂറ് തിരി കത്തിച്ചേക്കാമേ …. !!!

റോഡിൽ നിന്നു കൊണ്ടു തന്നെ അന്നാമ ചേടത്തി കേരളത്തിനപ്പുറത്തെ പളളിയിലേക്ക് നേർച്ച നേർന്നു

”എന്നതാ തളേള നടു റോഡിൽ നിന്ന് പിച്ചും പേയും പറയണത്,…!

”ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ലില്ലിക്കുട്ടി ക്ക് പ്രണയ ലേഖനം കൊടുത്ത റോബിന്റ് വല്ല്യമ്മ ,ആനിയമ്മ,..

”പിച്ചും പേയും പറഞ്ഞതല്ലെടി,.നേർച്ച നേർന്നതാ,… ലില്ലിക്കുട്ടി ടെ ”ഐ ലൗ യു ”വഴിയിൽ കളഞ്ഞു പോയെടി ..അത് തപ്പി ഇറങ്ങീയതാ,.

”എന്നാലെ പളളിലോട്ട് ചെല്ല് ഗീ വറുഗീസച്ചൻ കണ്ടുപിടിച്ചു തരും,…കടമറ്റത്ത് കത്തനാരുടെ കുടുംമ്പത്തിലെ ആളാന്നാ കേട്ടത്,…!

”അന്നമ്മ ചേടത്തി മുന്നോട്ടു നടന്നു, കവലയിലെത്തി

പലചരക്കു കടക്കാരൻ ഹമീദിന്റെ കടയിലെത്തി ഹമീദിനോട് തിരക്കി,

”എടാ ഹമീദേ, മോളിന്നലെ സാധനങ്ങൾ വല്ലതും വാങ്ങാൻ ഇവിടെ വന്നിരുന്നോ,…?

”ഇന്നലെ വന്നില്ലല്ലോ ചേടത്തി …”എന്നാ ചേടത്തി ?

”അവളുടെ ഏ ലൗ യൂ കളഞ്ഞു പോയി ഞാൻ തപ്പി ഇറങ്ങിയതാ …

”ഐ ലൗ യ്വൊ ” അതെന്തു സാധനം ?

”പഠിക്കാനുളള എന്തോ വിഷയമാ..ഞാൻ പളളീലച്ചനെ കണ്ടിട്ടു വരട്ടെ ..

”പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്തിടുന്നത് നല്ലതാ …നാടോടി പെണ്ണുങ്ങൾ കറങ്ങുന്ന ഏരിയയാണ് .. ഹമീദ് തന്റെ അഭിപ്രായം പറഞ്ഞിട്ട് കടയുടെ പിന്നാമ്പുറത്തേക്ക് പോയി….

അന്നമ്മ ചേടത്തി കടയിൽ നിന്നിറങ്ങി പളളിയിലേക്കുളള വഴിയിൽ നടന്നു,…

”ഈ സമയം പറമ്പിൽ തെങ്ങിന് തടമെടുക്കുകയായിരുന്നു റോബിൻ,

തടമെടുക്കുന്നുണ്ടെങ്കിലും മനസിൽ ലില്ലിക്കുട്ടി യായിരുന്നു,…

”ഇന്നലെ ഇടവഴിയിൽ വച്ച് താൻ കൊടുത്ത ലൗലെറ്റർ വാങ്ങി ധ്യതിയിൽ പുസ്തകത്തിനുളളിലേക്കു വച്ചപ്പോൾ അത് താഴെ വീണിരുന്നു..

ലില്ലിക്കുട്ടി കണ്ടതുമില്ല,….

”റോബിനത് കുനിഞ്ഞെടുത്തപ്പോഴേക്കും അംഗൻവാടി ടീച്ചറും, പിളേളരും ആ വഴി വന്നു,

ലില്ലിക്കുട്ടി കൂട്ടുകാരിയുമൊത്ത് നടന്ന് മറയുകയും ചെയ്തു,..

”ലൗലെറ്റർ പോക്കറ്റിലിട്ട് റോബിൻ വീട്ടിലേക്കും പോയി നിരാശയോടെ,…

”എടാ റോബിനെ ..,? ആനിയമ്മയുടെ വിളി കേട്ട് തൂമ്പ താഴെ വച്ച് റോബിൻ തലയുർത്തി …നെറ്റിയിലെ വിയർപ്പ് തുടച്ചു കളഞ്ഞു ….

”എടാ നീ പ്രിഡിഗ്രി പഠിച്ചു കഴിഞ്ഞതല്ലേ ..?

”അതെ …എന്താ അമ്മച്ചി ,..?

”നിന്റെ കൈയ്യിൽ ഐ ലൗ യു ഇരിപ്പുണ്ടോ ..?

”റോബിൻ കണ്ണുമിഴിച്ചു നിന്നു …

”തെങ്ങിൻ ചോട്ടിൽ നിന്ന് അവൻ ,വല്ല്യമ്മച്ചീടെ അരികിലേക്ക് നീങ്ങി വന്നു ….

”എന്നതാ അമ്മച്ചി ചോദിച്ചത്, ..?

”എടാ ..കാരിമറ്റത്തെ അന്നമ്മയുടെ മോളില്ലയോ ലില്ലിക്കുട്ടി ,…

”റോബിനൊന്നു പകച്ചു,….

”ഉം, …ലില്ലിക്കുട്ടി ക്കെന്താ,..?

”വഴിയിൽ വച്ച് അന്നമ്മയെ കണ്ടു,…ലില്ലിക്കുട്ടി ടെ ഐ ലൗ യു കളഞ്ഞ് പോയത്രേ,…റോഡിലൂടെ തിരക്കി നടക്കുവാ പാവം,… പഠിക്കാനുളള എന്തോ ബുക്കോ മറ്റോ ആണെന്നു തോന്നുന്നു …!!

”റോബിന് ചിരി പൊട്ടി വന്നെങ്കിലും നിയന്ത്രിച്ചു കൊണ്ടു പറഞ്ഞു,

”എന്റെടുത്തു രണ്ടെണ്ണം ഇരിപ്പുണ്ട് ..ഓരെണ്ണം വേണമെങ്കിൽ കൊടുത്തേക്കാമായിരുന്നു …!!

”ഈശോയേ …ആനിയമ്മ കുരിശു വരച്ചു,…

”എങ്കിൽ മോനതു കൊണ്ടു പോയി കൊടുക്ക് …പാവത്തുങ്ങളല്ലേ ..അപ്പനിട്ടേച്ചു പോയ പെണ്ണല്ലേ …മോനത് കൊടുത്താൽ പുണ്യം കിട്ടും,…!!

അന്നമ്മ പളളിലോട്ട് അച്ഛനെ കാണാൻ പോയിരിക്കുവാ …എന്റെ മോൻ ആ കാലും കൈയ്യും കഴുകി ഒന്നോടി ചെല്ല്,…!!

ആനിയമ്മ വാത്സല്ല്യത്തോടെ ,റോബിനോട് പറഞ്ഞു,..’

”കേൾക്കേണ്ട താമസം , കിണറ്റിൻ കരയിലേക്കോടി റോബിൻ,…

വ്യത്തിയായി, സൈക്കിളുമെടുത്തു പാഞ്ഞു പളളിയിലേക്ക്,….

”വൈകിട്ട് കോളേജു വിട്ട് കവലയിലെത്തിയ ലില്ലിക്കുട്ടി യെ കൈ കൊട്ടി വിളിച്ചു പലചരക്കു കടക്കാരൻ ഹമീദ് …

” കടയിൽ നല്ല തിരക്കുണ്ടായിരുന്നു,…

”കടയിലെത്തിയ ലില്ലിക്കുട്ടി യോട് , ഹമീദ് ഉച്ഛത്തിൽ ചോദിച്ചു,…

”അന്റെ കാണാതെ പോയ ഐ ലൗ യൂ കിട്ടിയോ?

”ങേ ..? ലില്ലിക്കുട്ടി അന്ധാളിച്ചു,…ഇതെങ്ങനെ നാട്ടിൽ പാട്ടായി,…!

”രാവിലെ മുതൽ, വഴി നീളെ അമ്മ തപ്പി നടക്കുവായിരുന്നു …ലില്ലിക്കുട്ടി ടെ ഐ ലൗ യൂ കളഞ്ഞു പോയെന്നും പറഞ്ഞ്,… പലരോടും ചോദിച്ചു ആർക്കും കിട്ടീലെന്നാ പറയണെ …അമ്മച്ചി കേസ് കൊടുക്കാൻ പോയിട്ടുണ്ട് …

കടയിൽ നിന്ന ചിലർ പൊട്ടിച്ചിരിച്ചു,..

”ദൈവമേ ഈ അമ്മച്ചീടെ ഒരു കാര്യം,…ലില്ലിക്കുട്ടി നെഞ്ചിൽ കൈവച്ചു,…അവിടുന്ന് ഒരോട്ടമായിരുന്നു ലില്ലിക്കുട്ടി വീട്ടിലേക്ക് ,…!!

”വീട്ടിലാകട്ടെ,

”ലില്ലിക്കുട്ടിയുടെ കളഞ്ഞു പോയ ” ഐ ലൗ യു ” നു പകരം റോബിൻ കൊടുത്ത പുസ്തകം മാറോട് ചേർത്ത് വേളാങ്കണ്ണി മാതാവിനെ സ്തുതിക്കുകയായിരുന്നു അന്നമ്മ

റോബിൻ കൊടുത്ത പുസ്തകത്തിൽ , കളഞ്ഞു പോയ ലില്ലിക്കുട്ടി ടെ ”ഐ ലൗ യു , ഭദ്രമായി ഇരിപ്പുണ്ടായിരുന്നു….

രചന: ഷൗക്കത്ത് മൈതീൻ , കുവൈത്ത്