ഇത്തിരി പൊന്ന് കൊണ്ട് ഒരു താലി കെട്ടി എന്നെയും കൂടെ കൂട്ടികൂടെ…

രചന: അനുജിത്ത് ശബരി കെ . എസ്

ടിങ് ടോങ്

‘one message from rohit ‘

അമൃതയുടെ സ്മാർട്ഫോൺ ഡിസ്പ്ലേയിൽ ഒരു ഫേസ്ബുക് മെസ്സഞ്ചർ നോട്ടിഫിക്കേഷൻ തെളിഞ്ഞു വന്നു….

മഞ്ഞു മൂടിയ മല നിരകളുടെ പശ്ചാത്തലത്തിൽ ഒരു റോയൽ എൻഫീൽഡിൽ ചാരി നിൽക്കുന്ന രോഹിത്തിന്റെ സെൽഫി ഫോട്ടോ…

അമൃത : ഹാ .. എന്തായി .. ഡെസ്റ്റിനേഷൻ എത്താറായോ ?

രോഹിത് : ഇല്ല .. 10 ..15 km കൂടി ഉണ്ട് മൂന്നാറിലേക്ക് .. അവിടന്ന് കൊറച്ചൊള്ളു

അമൃത : അവിടെ ചെന്നിട്ട് ആ വികൃതിടെ ഒരു ഫോട്ടോ ഒന്ന് അയച്ച തരണം .. എന്നേക്കാൾ ഗ്ലാമർ ആണോന്ന് ഞാനൊന്നു നോക്കട്ടെ .

രോഹിത് : വികൃതി അല്ലെടി … വൃതിക ..

വൃതിക.

അമൃത : ഓ .. തന്നെ.. തന്നെ . ഓരോരോ പേര്

രോഹിത് : ആം .. ഫോട്ടോ ……. നോക്കട്ടെ

അമൃത : പറഞ്ഞ പോലെ നമ്മൾ എന്നാ തമ്മിൽ കാണുന്നെ ? ഈ ഫേസ്ബുക്കിൽ ചാറ്റിങ് അല്ലാണ്ട് ഒന്ന് നേരിട്ട് കാണാൻ പറ്റീട്ടില്ലല്ലോ

അമൃത : അതെങ്ങനാ .. പരിചയപ്പെട്ട നാള് മുതലേ ഇങ്ങള് ഗൂഗിൾ മാപ്പും നോക്കി ആ പെണ്ണിനേം അന്വേഷിച്ചു നടപ്പല്ലേ

രോഹിത് : കാണാമെന്നേ ..വൈകാതെ തന്നെ

അമൃത : ഉവ്വ .. എന്നാ ആ പെണ്ണിനെ പോലെ അല്ലെ ഞാനും . എന്നെ പരിചയപ്പെട്ട പോലെ തന്നെ അല്ലെ അവളേം പരിചയപെട്ടത് . ഇതുവരെ നേരിട്ട് കാണാൻ പറ്റീട്ടില്ലല്ലോ…

അമൃത : ഒടുക്കം ഞാൻ ഒന്ന് പ്രൊപ്പോസ് ചെയ്തപ്പോ ഞാൻ ഔട്ട് . ഓളെ തന്നെ വേണം

രോഹിത് : നീ എന്റെ ബെസ്റ് ഫ്രണ്ട് അല്ലെടി .

അമൃത : ഉവ്വ .. തേപ്പ് ..തേപ്പ് ..ഞാൻ പോണു

***********

സന്ധ്യക്ക് ഉമ്മറത്തെ തിണ്ണയിൽ ഇരുന്ന് രോഹിത്തിന്റെ ഫേസ്ബുക് ടൈംലൈൻ സ്ക്രോൾ ചെയ്ത് നോക്കുകയാണ് അമൃത

രോഹിത് കൃഷ്ണ ..

3 , 4 മാസങ്ങൾക്ക് മുൻപ് പരിചയപ്പെട്ട ഒരു ഫേസ്ബുക് ഫ്രണ്ട് . ഒരു നേരമ്പോക്കിനെന്നോണം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന ചെറുകഥകൾ ചികഞ്ഞപ്പോഴാണ് രോഹിത്തിന്റെ പേജ് ശ്രദ്ധയിൽപെട്ടത്

വ്യത്യസ്തമായ കഥകളും ചിത്രങ്ങളും നിറഞ്ഞ ഫേസ്ബുക് പേജ് . ആശംസ സന്ദേശങ്ങളിൽ നിന്ന് ആരംഭിച്ച സൗഹൃദം . ഒടുവിൽ വിഫലമായി പോയ ഒരു പ്രണയാഭ്യർഥനയും…

അന്നാണ് വൃതികയെപറ്റി അറിയുന്നത് .

അമൃതയ്ക്കു മുന്നേ രോഹിത്തിന് ലഭിച്ച സൗഹൃദം , പ്രണയം , എല്ലാമാണ് വൃതിക…

ഒരു ആണിന്റെ മനസ്സിൽ ഒരു പെണ്ണ് മാത്രമേ സ്ഥാനം അർഹിക്കുന്നുള്ളു . മനസ്സിൽ മെനഞ്ഞെടുത്തതൊക്കെയും ഉള്ളിലൊതുക്കി അമൃത എല്ലാം മറക്കാൻ ശ്രമിച്ചു….

ഇപ്പോൾ ബെസ്റ് ഫ്രണ്ട് . അതിനുള്ള ശ്രമം….

ടിങ് ടോങ്

‘one message from rohit ‘

രോഹിത് : ഹായ് .

അമൃത : ഗുഡ് ഈവനിംഗ് .. എന്തായി . ?

രോഹിത് : എന്താവാൻ ? ഞാൻ തിരിച്ചു പോന്നു .

അമൃത : തിരിച്ചു പോന്നോ ? അപ്പൊ വൃതിക .?

രോഹിത് : ശനിയാഴ്ച വൈകിട്ട് ചെന്നൈക്ക് പോകുവാ .

അമൃത : ചെന്നൈക്കൊ ? എന്തിനു ?

അമൃത : വൃതികയേ കണ്ടോ .?

രോഹിത് : ഹലോ?

***************

മൂന്നു ദിവസങ്ങൾക്ക് ശേഷം ഒരു ശനിയാഴ്ച . വൈകുന്നേരം , എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ…..

നാട്ടിലേക്ക് വണ്ടി കയറുന്ന വിദ്യാർത്ഥികളുടെയും ഉദ്യോഗസ്ഥരുടെയും തിരക്ക് . ചെന്നൈ മെയിലിന്റെ ഒരു കംപാർട്മെന്റിൽ ഒറ്റക്ക് ഇരിക്കുന്ന രോഹിത്…..

കയ്യിൽ 2017 ദി വീക്കിന്റെ ഡയറി .

” ഹായ് .. രോഹിത് അല്ലെ ?”

മുഖം ഉയർത്തി നോക്കിയപ്പോൾ മുന്നിൽ അമൃത….

” അമൃത … ഇതെന്താ ഇവിടെ ? ഒട്ടും പ്രതീക്ഷിച്ചില്ല .”

” ഞാൻ പറഞ്ഞതാണല്ലോ .. ഇന്ന് ഐ.ഐ.ടി യിൽ പോകുന്നുണ്ടെന്ന് . അതെങ്ങനാ . 2 , 3 ദിവസായിട്ട് ആളുടെ ഒരു വിവരോം ഇല്ലല്ലോ . എന്നാ പറ്റി .?”

” ബിസി ആയിപോയി …ഇരിക്ക് .”

“ഞാൻ ഇന്ന് രോഹിതിനെ കാണാൻ പറ്റണേന്നു വിചാരിച്ച വീട്ടിൽ നിന്നിറങ്ങിയെ .ഭാഗ്യം .”

“എന്നിട്ട്… അന്ന് വൃതികയേ കണ്ടോ .?”

“ഇല്ല …”

” എന്റെ പൊന്ന് ചങ്ങായീ എനിക്ക് തോന്നണത് ഇങ്ങളെ ആരോ പറ്റിക്കാൻ നോക്കണതാണെന്നാ ..

അത് മിക്കവാറും വല്ല ഫേക്ക് ഐ ഡി ആയിരിക്കും . ഒരു കേട്ട് പരിചയോം ഇല്ലാത്ത പേരും ..

വിക്രി……ഛേ…. വൃതിക .”

രോഹിത് ഒരു ചെറു പുഞ്ചിരിയിൽ മറുപടിയൊതുക്കി

വിശേഷങ്ങൾ പറഞ്ഞു സമയം കടന്നു പോയി .

” അമൃതേ.. കിടക്കാറായില്ലേ .? ”

” ഞാൻ ഈ ബുക്ക് ഒന്ന് വായിച്ചു തീർക്കട്ടെ .”

“എന്റെ നിരാശാകാമുകി.. മതിയാക്കാറായില്ലേ.?”

“ഇല്ലാ .. എന്റെ സങ്കടം ഞാൻ എങ്ങനെയെങ്കിലും തീർത്തോട്ടെ ..പ്ളീസ് .”

“ഓ … ഞാൻ എന്നാ പറയാനാ .. ”

“എനിക്കൊന്നും കേൾക്കണ്ടായെ..”

“ആയിക്കോട്ടേ..ഗുഡ് നൈറ്റ് .”

പിറ്റേന്ന് പുലർച്ചെ ട്രെയിൻ ചെന്നൈയിൽ എത്തി .

“രോഹിത് .. രോഹിത് .. ”

പുതപ്പ് മാറ്റി കണ്ണ് തിരുമ്മി നോക്കുമ്പോൾ യാത്ര പറയാൻ ഒരുങ്ങി നിൽക്കുകയാണ് അമൃത .

” ഞാൻ പോണു . ദേ ഫ്രണ്ട്സ് അവിടെ വൈറ്റിംഗാ . എന്തായാലും നേരിൽ കണ്ടതിൽ സന്തോഷം ..

ബൈ .”

രോഹിത്തിന്റെ മറുപടി കാക്കാതെ അമൃത ബാഗ് എടുത്ത് കംപാർട്മെന്റിൽ നിന്ന് വെളിയിലേക്ക് നടന്നു…

ഉറക്കച്ചടവിൽ ബാഗും തൂക്കി വെളിയിലേക്ക് ഇറങ്ങാൻ നേരം പുറത്ത് ജനലിന്നരികിൽ നിന്ന് അമൃതയുടെ ശബ്ദം….

” ഹോയ് .. ഈ സോളോ റൈഡ് മടുത്തില്ലേ ?

വൃതികയേ തേടിയുള്ള യാത്രയിൽ ഇങ്ങടൊപ്പം ഇനി ഞാനും കൂടിക്കോട്ടേ ? ഇത്തിരി പൊന്ന് കൊണ്ട് ഒരു താലി കെട്ടി എന്നെയും കൂടെ കൂട്ടികൂടെ .? ”

ബാഗിനുള്ളിൽ നിന്ന് അമൃത രോഹിത്തിന്റെ ഡയറി എടുത്ത് നീട്ടി .

” അമൃത … ”

പിന്നിൽ നിന്ന് അമൃതയുടെ കൂട്ടുകാരിയുടെ ശബ്ദം….

ഒന്നും മിണ്ടാതെ പകച്ചു നിൽക്കുകയാണ് രോഹിത്

ഡയറി രോഹിത്തിന് നൽകി അമൃത നടന്നകന്നു

രോഹിത് ഡയറി തുറന്നു . ആദ്യ പേജിൽ അവൻ കോറിയിട്ട വരികൾ….

” വൃതികയെ തേടുന്ന യാത്രയിലാണ് ഞാൻ ..

നിന്റെ അംശമാണ് ഞാൻ.. നിന്നിലേക്കുള്ള യാത്രയെ സ്നേഹിക്കുന്നു.. പ്രണയമാണെനിക്ക് യാത്രയോട്.

ഓരോ യാത്രയും…ഓരോ പ്രഭാതവും ….. ഓരോ പ്രദോഷവും… നീ എനിക്ക് നൽകുന്ന സ്നേഹ ചുംബനങ്ങളാണ് .”

കാറ്റിൽ മറിയുന്ന താളുകളിൽ ഓരോ യാത്രക്കിടയിലും രോഹിത് പകർത്തിയ ചിത്രങ്ങൾ .

മൂടൽ മഞ്ഞിൽ കുളിർന്ന നെല്ലിയാമ്പതിയും ..

കണ്ണെത്താ ദൂരം പടർന്നു കിടക്കുന്ന തേനിയിലെ സൂര്യകാന്തിത്തോട്ടവും ..

ചന്ദനം തൂകിയ ആകാശക്കീഴിൽ അലയടിക്കുന്ന കാണാക്കടലും ..

തേയിലത്തോട്ടം പച്ച പുതച്ച മൂന്നാറിന്റെ മലയോരവും . അങ്ങനെയങ്ങനെ….

ഒടുവിൽ അവസാന താളിൽ അമൃതയുടെ ഒരു കുറിപ്പ്

“രോഹിത് …

ഈ ഭൂമിയെ , പ്രകൃതിയെ, യാത്രയെ , നീ എത്രമാത്രം പ്രണയിക്കുന്നുവെന്ന് ഞാൻ അറിയുന്നു

എനിക്കും ഇപ്പോൾ ആ പ്രണയം മാധുര്യമേറിയതാണ് . ഇനിയുള്ള യാത്രയിൽ , നിന്നോടൊപ്പം … ഓരോ പ്രഭാതത്തിലും ഓരോ പ്രദോഷത്തിലും നിന്റെ കൈ ചേർത്ത് പിടിക്കട്ടെ ഞാൻ ….? ”

തിരക്കിനിടയിലേക്കു ഉൾവലിയുന്നതിനു മുന്നേ അമൃത തിരിഞ്ഞു നോക്കി . രോഹിത്തിന്റെ ഒരു ചെറുപുഞ്ചിരി…..

ടിങ് ടോങ് .

അമൃതയുടെ ഫോൺ ഡിസ്പ്ലേയിൽ ഒരു നോട്ടിഫിക്കേഷൻ തെളിഞ്ഞു വന്നു .

Rohit updated his status.

“In a relationship.”

രചന: അനുജിത്ത് ശബരി കെ . എസ്


Comments

Leave a Reply

Your email address will not be published. Required fields are marked *