അനുരാഗ നോവലിൻ്റെ അവസാന ഭാഗം വായിക്കുക……

രചന : അഞ്ജു

“ചെറുപ്ലശ്ശേരി.. ചെറുപ്ലശ്ശേരി…….”

ബസ്സിലെ ബഹളമാണ് മനസ്സിനെ വർത്തമാനത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.

സീറ്റിലിരുന്ന ബാഗെടുത്തു തോളിലേക്കിട്ടുകൊണ്ട് സേതുമാധവൻ തിടുക്കപ്പെട്ടെഴുന്നേറ്റു.

പത്തു വർഷം….

നീണ്ട പത്തു വർഷങ്ങൾക്കപ്പുറം പിറന്നു വീണ മണ്ണിലേക്കൊരു തിരിച്ചു വരവ്. അയാളുടെ കണ്ണുകൾ നാലുപാടും സഞ്ചരിച്ചു. വിവാഹം കഴിഞ്ഞൊരു പുതുപ്പെണ്ണിനെ എന്നപോലെ ഒരുപാട് മാറ്റമുണ്ട് ആ കൊച്ചു ഗ്രാമത്തിന്……

ഗ്രാമീണതയുടെ നൈർമല്യത്തിൽ നിന്നൊരു പരിഷ്കാരിയുടെ പത്രാസ് വന്നിരിക്കുന്നു….

കൊച്ചു കൊച്ചു പീടികകളും തുണിക്കടകളും ചന്തകളും ടെക്സ്റ്റൈസുകളും മാളുകളുമായി മാറ്റിസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. നടപ്പാതകളും ഊടുവഴികളും ടാറിട്ടു മിനുക്കിയിണ്ട്. പാതയോരത്തെ സ്കൂളും ലൈബ്രറിയും കാൺകെ കണ്ണുകളിൽ നനവും ചുണ്ടിലൊരു പുഞ്ചിരിയുമുണ്ടായിരുന്നു.

കുമാരേട്ടൻെറ ചായക്കട നിന്നിടത്തൊരു സ്റ്റുഡൻസ് സ്റ്റോറാണ്. ആ മനുഷ്യനിപ്പോൾ എവിടെ ആണോ ആവോ.. തനിച്ചായപ്പോൾ തനിക്കായ് മിഴിനിറക്കാൻ ആ വൃദ്ധവേ ഉണ്ടായിരുന്നൊള്ളു..

വഴിയോരത്തുകൂടി നടക്കുമ്പോൾ ചുറ്റിനുമുള്ളവരെ നോക്കി പരിചിതമായ ഒട്ടേറെ മുഖങ്ങൾ. പക്ഷെ ആരും തന്നെ തിരിച്ചറിയുന്നില്ല അല്ലെങ്കിൽ തിരിച്ചറിയാൻ ആഗ്രഹിക്കുന്നില്ല..

മാണിക്യമംഗലത്തെ പെണ്ണിനെ വഴിതെറ്റിച്ചവനാണല്ലോ താൻ.. പഴയ ഓർമ്മകൾ അനുവാദം കാക്കാതെ മനസ്സിലേക്കോടിയെത്തി. ബാല്യം കൗമാരം അച്ഛൻ അമ്മ കല്യാണി അശോകൻ.. ഒടുവിൽ കണ്ണീരോടെ നോക്കി നിന്നൊരു ധാവണിക്കാരിയും.. മനസ്സിലൊരു നോവായവൾ…

“”അനുരാഗ””

വേദനകളെ പുഞ്ചിരിയാക്കി പിറന്ന വീട്ടിലേക്ക്..

വീടും പരിസരവും നല്ല വൃത്തിയായി കിടക്കുന്നു. കണ്ടപ്പോൾ അത്ഭുതം തോന്നി. ആർക്കും വേണ്ടത്തവൻെറ വീട് നോക്കാൻ ഇവിടെ ആരാണുള്ളത്.

പട്ടിണിയും കഷ്ടപ്പാടുമായി കുടുസ്സു മുറിയിൽ ഒതുങ്ങി കൂടിയപ്പോൾ പോലുമിത് വിൽക്കാൻ മനസ്സു വന്നില്ല.. ജന്മം തന്നവർ ഉറങ്ങുന്ന മണ്ണാണ് അവരുടെ ഓർമ്മകൾ തങ്ങി നിൽക്കുന്ന വീടാണ്.

അമ്മയുടെ അമ്മിഞ്ഞപ്പാലിൻെറയും അച്ഛൻെറ വിയർപ്പിൻെറയും ഗന്ധം ഇപ്പോഴുമവിടെ നിറഞ്ഞു നിൽക്കും പോലെ. ഒരിറ്റു കണ്ണിനിർ കവിളിണനെ നനച്ചുകൊണ്ട് നെഞ്ചിലേക്കടർന്നു വീണു.

തൊടിയിലെ അസ്തിത്തറയിൽ തലചായ്ച്ചു കിടന്നു കുറേ നേരം അമ്മയുടെ മടിത്തട്ടിലെന്നപോലെ..

അച്ഛൻെറ വിയർത്തൊട്ടിയ നെഞ്ചിലെന്നപോലെ..

ഒടുവിൽ ഞാനും തനിച്ചായി… ആരുമില്ലാത്തവൻ..

എന്തിനോ വേണ്ടി പിറന്നു വീണവൻ..

പോകറ്റിൽ നിന്നും താക്കോൽ എടുത്ത് വാതിൽ തുറന്നു.. വലിയൊരു ശബ്ദത്തോടെയത് രണ്ടായി പിളർന്നു.. പുറമേ നല്ല വെടുപ്പാണെങ്കിലും വീടിനകം ആകെ പൊടിപിടിച്ചു കിടപ്പാണ്.. ചിലന്തികൾ വലകെട്ടി ആഘോഷമാക്കിയിട്ടുണ്ട്..

എല്ലാമൊന്ന് പൊടിതട്ടിയെടുത്തപ്പോഴേക്കും നേരം ഉച്ച കഴിഞ്ഞു. വിയർപ്പു വറ്റാൻ ഉമ്മറത്തു വന്നിരുന്നിരുന്നപ്പോൾ മതുലിനപ്പുറത്തു നിന്നൊരാൾ എത്തി നോക്കുന്നു. കാഴ്ചക്കുറവ് കാരണമാവാം വലതു കൈപ്പത്തി കണ്ണിനു മുകളിൽ വച്ച് കൂർപ്പിച്ചാണ് നോക്കുന്നത്. മുഖം വ്യക്തമാവുന്നില്ല.

“ആരാ അത്….. ”

പരിചിതമായ ശബ്ദം കേട്ടപ്പോൾ തന്നെ ആളെ മനസ്സിലായി.

“കുമാരേട്ടൻ…… ”

വല്ലാത്തൊരു സന്തോഷം ആ മനുഷ്യനെ കണ്ടപ്പോൾ.

പ്രായം തളർത്തി തുടങ്ങിയ ശരീരം കൊണ്ടയാൾ പതുക്കെ കയറി വരുമ്പോഴേക്കും ഓടിച്ചെന്നാ കയ്യിൽ പിടിച്ചു…..

“മാഷ്……”

വൃദ്ധ നയനങ്ങളിൽ അശ്രു നിറഞ്ഞു. ചുക്കിച്ചുളിഞ്ഞ കൈകൊണ്ടയാൾ സേതുവിൻെറ മുഖമാകെ തഴുകി…..

“സുഖല്ലേ കുമാരേട്ടാ….. ”

“മ്… മാഷ്കോ….. ”

ചോദിക്കുന്നതിനോടൊപ്പം അയാളുടെ കണ്ണുകൾ സേതുവിനു പുറകിൽ പരതി.. ആരെയോ തേടുന്നപോലെ……

“ആരുമില്ല… ഇപ്പോഴും തനിച്ചാ…. ”

വേദന ചാലിച്ചൊരു പുഞ്ചിരി ചൊടികളിൽ സ്ഥാനം പിടിച്ചു.

“മ്…. എന്തൊക്കെയുണ്ട് വിശേഷങ്ങൾ… എഴുതി ചോദിക്കാൻ ഒരു വിലാസം കൂടി തന്നില്ല.. എന്താ..

എവിടെയാ.. എങ്ങനെയാ ഒന്നും അറിയാതെ ഒരു സമാധാനം ഉണ്ടായിരുന്നില്ല എനിക്ക്…”

“സുഖായിട്ടിരിക്കുന്നു….. ”

ഒറ്റവാക്കിൽ മറുപടി ചുരുക്കി. എൻെറ വേദനകൾ എന്നും എൻെറ മാത്രമാകട്ടേ….

കിടക്കാനൊടിമില്ലാതെ ഭക്ഷണമില്ലാതെ ജോലിതേടി അലഞ്ഞതും കടത്തിണ്ണകളിൽ

അന്തിയുറങ്ങിയതുമെല്ലാം ഒരുവേള മനസ്സിലൂടെ ഒഴുകി. ജീവിക്കാൻ കരുത്തേകിയ ഒരുപിടി യാതനകൾ.

“പിന്നെ വല്ലപ്പോഴും വന്ന് ഈ വീടും പരിസരവും വൃത്തിയാക്കി ഇടും.. പറമ്പിലെ വിളകളൊക്കെ കാലായപ്പോൾ ചന്തയിൽ കൊണ്ടുപോയി വിറ്റു…

ആ കാശയച്ചു തരാൻ പോലും ഒരു വഴിയുണ്ടായില്ല…. ”

“അതൊന്നും സാരല്യ കുമാരേട്ടാ.. ആർക്കുവേണ്ടിയ ഞാൻ സമ്പാതിച്ചു കൂട്ടേണ്ടത്… സേതുവിൻെറ വിയർപ്പു മുഴുവൻ ഈ നാട്ടിൽ തന്നെ കിടക്കട്ടേ….

എന്നെ ഇവിടേക്കു ചേർത്തു വക്കുന്നൊരു കണ്ണിയായിട്ട്….. ”

ഇരുവരും തെളിച്ചമില്ലാത്തൊരു പുഞ്ചിരി കൈമാറി.

“ഇനി ഇവിടെ ഉണ്ടാകുമോ….. ”

“ഇല്ല പോണം… എന്നാലും രണ്ടൂസം കാണും… ”

“മ്….. ”

“നമ്മുടെ നാടാകെ മാറിപ്പോയി… പണ്ടത്തെ ആ ഒച്ചയും ബഹളവും ഒന്നുമില്ല… ഒരു നഗരത്തിൻെറ ഛായ…. “….

“ഭരണം മാറി വരുന്നതനുസരിച്ച് നാടും നന്നായി…

എന്നാലും ഇപ്പോഴും പകുതിലേറെ മാണിക്യമംഗത്തുകാര് തന്നെയാണ് നോക്കി നടത്തുന്നത്….. ”

“എനിക്കൊന്ന് അത്രേടം വരെ പോണം… കുറേ ആയില്ലേ എല്ലാവരേം കണ്ടിട്ട്…. ”

അതുവരെ പുഞ്ചിരിച്ചിരുന്നിരുന്ന കുമാരേട്ടൻെറ മുഖം പൊടുന്നനെ മാറി.

“വേണ്ട മാഷേ… അവിടേക്ക് പോകണ്ട… മാഷ്ക്ക് കാണാൻ അവിടെ ആരും ഇല്ല…. ”

ഒന്നും മനസ്സിലാകാതെ നോക്കിയിരുന്നെങ്കിലും കുമാരേട്ടൻ മുഖം കുനിച്ചിരിക്കുകയാണ്.

അവ്യക്തമായ എന്തെല്ലാമോ ഭാവങ്ങൾ ആ മുഖത്തു മിന്നിമറയുന്നുണ്ട്.

“അശോകനും കല്യാണിയും….. ”

മറ്റൊരു പേരുകൂടി നാവിൻ തുമ്പിൽ കാത്തു നിന്നെങ്കിലും അതിനെ മനപ്പൂർവം പുറത്തു വിട്ടില്ല.

“മരിച്ചു….. ആക്സിഡെൻെറ് ആയിരുന്നു….. ”

വല്ലാത്തൊരു ആഘാതത്തോടെയാണ് ആ വാർത്ത എന്നിലേക്ക് വന്നു പതിച്ചത്. കുഞ്ഞുനാൾ മുതൽ കൂടെ കളിച്ചു ചിരിച്ചു നടന്നൊരു കിലുക്കാംപെട്ടി പെണ്ണ്. എൻെറ കല്യാണി. അവൾ തനിക്ക് ആരല്ലാമോ ആയിരുന്നു. ഉറ്റ തോഴി.. തെറ്റുകളെ ശകാരിച്ച ചേച്ചി.. കുറുമ്പുകാട്ടി ചിണുങ്ങുന്ന അനുജത്തി..

ചേർത്തുപിടിച്ച അമ്മ.. അറിവു പകർന്ന അദ്ധ്യാപിക… കുഞ്ഞു മുറിവിൽ മരുന്നു വച്ചു തന്നിരുന്ന വൈദ്യൻ… അങ്ങനെ അനവധി വേഷങ്ങളിൽ ഉയർച്ച താഴ്ച്ചകളിൽ എന്നും തനിക്കൊപ്പം നിന്നവൾ.

തനിക്കെല്ലാമെല്ലാമായവൾ.

അവളിലൂടെയായിരുന്നു അശോകനെ പരിചയപ്പെട്ടത്.

കല്യാണിയുടെ മുറച്ചെറുക്കൻ.. അതിലുപരി അവളുടെ പ്രണയം.. കണ്ട നാൾ മുതൽ അവനും തൻെറ പ്രീയപ്പെട്ടവനായി മാറുകയായിരുന്നു.

കൂലിപ്പണിക്കാരൻെറ മകൻ എന്നൊരു അവഗണന ഇന്നോളം കാണിച്ചിട്ടില്ല മാണിക്യമംഗലത്തെ ഇണക്കുരുവികൾ…..

തനികേറ്റവും പ്രീയപ്പെട്ടവർ.. ഹൃദയത്തോട് ചേർത്തു വച്ചവർ.. ഇനി അവരില്ല എന്ന സത്യം വല്ലാത്ത നോവേകി. അവസാനമായൊരു നോക്ക് കാണുവാൻ കൂടി തനിക്കായില്ലാലോ.

കണ്ണുകൾ നിറഞ്ഞൊഴുകി…..

“പത്താണ്ടു കഴിഞ്ഞു അവര് പോയിട്ട്… സുമിത്രയും സാവിത്രിയും(അശോകൻെറ സഹോദരിമാർ)

അവരുടെ ഭർത്താക്കന്മാരുമാണ് ഇപ്പോൾ തറവാടും കാര്യങ്ങളും നോക്കി നടത്തുന്നത്….. ”

വീണ്ടുമൊരു നാമം വല്ലാതെ പുളിച്ചു തികട്ടി വന്നു. അടക്കി നിർത്താനാവുന്നില്ല.

“രാഗ… അനുരാഗ……. ”

ഏറെ പ്രയാസപ്പെട്ട് മടിച്ചു മടിച്ചൊടുവിലതു പുറത്തു വന്നു.

കുമാരേട്ടൻെറ കണ്ണുകളിൽ ദൈന്യത വന്നു നിറയുന്നത് ഭയത്തോടെയാണ് നോക്കിയിരുന്നത്.

ഉത്തരം നൽക്കാൻ താമസിക്കുന്ന ഓരോ സെക്കൻെറുകളും ഓരോ യുഗങ്ങളെ പോലെ നീണ്ടു നീണ്ടു പോയി…..

“തകർന്നു പോയില്ലേ അവള്… എല്ലാവരും കൂടെ തളർത്തി കളഞ്ഞില്ലേ ആ കുഞ്ഞിനെ… അന്ന് മാഷ് പോയേപ്പിന്നെ അനുമോളൊന്ന് ചിരിച്ചിട്ടില്ല..

കരഞ്ഞിട്ടില്ല… ഒന്നിനോടും പ്രതികരിക്കാതെ മരവിച്ചൊരു ഇരുപ്പായിരുന്നു… അശോകൻ വന്ന് തലങ്ങും വിലങ്ങും അടിച്ചപ്പോൾ പോലും അവളൊന്നനങ്ങുക പോലും ചെയ്തില്ല..

മനസ്സ് മരിച്ചു കാണും അതിൻെറ….”

അയാളുടെ ദൃഷ്ടി സേതുവിൽ നിന്നും മറ്റെങ്ങോട്ടോ തെന്നി മാറി.

“ഉള്ളിലെ മുറിവുണങ്ങും മുന്നേ അവരതിൻെറ കല്യാണം നടത്തി.. ഒരിക്കലവളെ പെണ്ണ് കണ്ട് പോയവർ തന്നെയായിരുന്നു… കല്യാണപ്പന്തലിൽ പാവകണക്കെ ഇരിക്കുന്ന അനുകുഞ്ഞിൻെറ മുഖം… സഹിക്കില്ല മാഷേ… ഇപ്പോഴുമുണ്ടത് മനസ്സിൽ മായാതെ…..”

വിവാഹം… രാഗയുടെ വിവാഹം കഴിഞ്ഞുവോ…

നന്നായി.. അതുതന്നെയല്ലേ താനും ആഗ്രഹിച്ചിരുന്നത്.. അവൾക്കൊരു നല്ല ജീവിതം…

നല്ല ഭാവി..

എല്ലാം നന്നായി വന്നു ഇത്തിരി വിഷമിച്ചിട്ടാണെങ്കിലും.. ഹൃദയത്തിലേക്കൊരു മഞ്ഞുവീഴ്ചയുണ്ടായ പോലെ… തണുത്തകാറ്റ് തലോടിയപോലെ..

“അതോടെ എല്ലാം തീർന്നുവെന്നു കരുതി സമാധാനിച്ചിരിക്കായിരുന്നു.. പക്ഷെ അത് അതിലും വലിയ വിഷമങ്ങൾക്കുള്ള മുന്നോടിയാണെന്ന് ആരും കരുതിയിരുന്നില്ല…”

“കല്യാണം കഴിഞ്ഞ് ഒരാഴ്ച തികഞ്ഞില്ല അപ്പോഴേക്കും അവരവളെ തിരിച്ചു കൊണ്ടാക്കി…

ഒരു മനോരോഗിയെ ചുമക്കാൻ അവന് പറ്റില്ലാത്രേ…. ”

“മനോരോഗിയോ….. ”

അറിയാതെ ഇരുന്നിടത്തു നിന്നെഴുന്നേറ്റു പോയി.

“മ്.. അനുകുഞ്ഞിൻെറ മനോനില തെറ്റിയരുന്നു…… ”

കാലുകൾ കുഴയുന്ന പോലെ.. ‘മനോരോഗി’ ആ ഒരു വാക്ക് ഹൃദയം തുളഞ്ഞു കയറി.

“എല്ലാം മറച്ചു വച്ച് അവരുടെ തലയിൽ കെട്ടിവച്ചു എന്നും പറഞ്ഞ് ഒച്ചയും ബഹളവും കയ്യേറ്റവുമൊക്കെ ആയിരുന്നു… നാട്ടുകാരെല്ലാം കൂടി ആകെ നാണക്കേടായി.. ഇതൊന്നും അറിയാതെ അനുമോൾ അപ്പോ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് നിൽക്കായിരുന്നു….. ”

അയാളുടെ മിഴിക്കോണിൽ കണ്ണുനീർ ഉരുണ്ടു കൂടി.

“ഭ്രാന്തുള്ള പെണ്ണിനെ വേണ്ടെങ്കിലും അവളുടെ ശരീരം അവന് വേണമായിരുന്നു.. ഇവിടെ കൊണ്ടാക്കിയതിൻെറ പുറകെ അനുമോള് ഗർഭിണിയായി….

അത് പറയാൻ ഞാനും പോയിരുന്നു അശോകൻെറ ഒപ്പം അത്രേടം വരെ..

അശോകൻ അവരുടെ കാലുപിടിച്ചു പറഞ്ഞതാ മകളുടെ ജീവിതം നശിപ്പിക്കരുതെന്ന്….

വല്ലവൻെറയും കൂടെ നടന്നവളാ.. കുഞ്ഞ് അവൻെറ ആണെന്നുള്ളതിന് എന്തുറപ്പാ ഉള്ളതെന്നാ

അവൻ അശോകനോട് ചോദിച്ചത്….. ഇതിൽ കൂടുതൽ ഒരച്ഛന് താങ്ങാൻ പറ്റുമോ… എല്ലാംകൊണ്ടും തളർന്നു പോയി അശോകൻ.. നാട്ടുകാരുടെ മുന്നിലും വീട്ടുകാരുടെ മുന്നിലും നാണംകെട്ട് പഴിവാക്കും പ്രാക്കും കേട്ട് ജീവച്ഛവമായി രണ്ടു ജന്മങ്ങൾ… സ്ഥിരബുദ്ധി ഇല്ലാത്ത ഗർഭിണിയായ മകളും…

എന്നിട്ടും അവരവളെ ശപിച്ചില്ല.. സ്വയം ഉരുകുമ്പോഴും അനുമോളെ പൊന്നുപോലെ നോക്കി…

ഇടക്കിടെ അവൾ പൊട്ടിച്ചിരിക്കുന്നതും പൊട്ടിക്കരയുന്നതും കേൾക്കാം… കണ്ടു നിൽക്കാൻ പറ്റില്ലായിരുന്നു അതിൻെറ അവസ്ഥ…. “….

ഒരു നീണ്ട നിശ്വാസമെടുത്തയാളൊന്നു നിവർന്നിരുന്നു.

ഉള്ളുരുകിയാണ് സേതു അതെല്ലാം കേട്ടിരുന്നത്. അറിയാതെ എങ്കിലും താൻ കൂടി ഇതിനെല്ലാം കാരമാണെന്ന തോന്നലവനെ കാർന്നു തിന്നുകയായിരുന്നു.

“അനുമോൾക്ക് വേണ്ടി എന്തൊക്കയോ വഴിപാട് കഴിപ്പിക്കാനുണ്ടെന്ന് പറഞ്ഞു ഗുരുവായൂർ പോയതാ രണ്ടാളും.. എന്നോട് അനുവിനെ നോക്കാനും പറഞ്ഞിരുന്നു… ഒരുപാട് നാളുകൂടി രണ്ടാളുടേയും മുഖം ഒന്ന് തെളിഞ്ഞു കണ്ടത് അന്നായിരുന്നു…

പക്ഷെ സന്തോഷത്തോടെ പോയവർ തിരിച്ചു വന്നത് വെള്ള പുതപ്പിച്ച രണ്ടു ശരീരങ്ങളായിട്ടാ…

വരുന്ന വഴിയിൽ കാറ് ബാലൻസുതെറ്റി അടുത്തുള്ള പാലത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു…

രണ്ടു പേരും അപ്പോൾ തന്നെ….. മനപ്പൂർവ്വം ആണെന്നും അറിയാതെ ആണെന്നുമൊക്കെ കണ്ടവര് പറയുന്നുണ്ട്……

അവർക്കും താങ്ങാൻ പറ്റിക്കാണില്ല….. ”

തോളിൽ കിടന്ന മുഷിഞ്ഞ തോർത്തെടുത്തയാൾ കണ്ണുതുടച്ചു.

“അച്ഛൻെറയും അമ്മയുടേയും വെള്ള പുതപ്പിച്ച ശരീരങ്ങൾക്കു മുന്നിൽ ഇരുന്ന് സ്വബോധം ഇല്ലാതവൾ കൈകൊട്ടി ചിരിക്കുന്ന് കണ്ടു നിൽക്കാൻ കഴിമായിരുന്നില്ല… ഒരു കണക്കിന് ഭ്രാന്തുള്ളത് നന്നായി അല്ലെങ്കിൽ ഇതൊക്കെ ആ കുഞ്ഞെങ്ങനെ സഹിക്കാനാ… അവര് പോയതിൻെറ മൂന്നാം പക്കം അനുമോള് ഒരാൺകുഞ്ഞിനെ പ്രസവിച്ചു…

അമിഞ്ഞപ്പാലിൻെറ ഗന്ധം പോലും അറിഞ്ഞിട്ടില്ല ആ കുഞ്ഞ്…. അവളതിനെ തലോലിച്ചിട്ടില്ല ചേർത്തു പിടിച്ചിട്ടില്ല… വെറുമൊരു കളിപ്പാവയായിരുന്നു അവൾക്കാ കുഞ്ഞ്….. ”

“പിന്നെ അങ്ങോട്ട് സുമിത്രയും സാവിത്രിയുമായി തറവാടു ഭരണം… ചേട്ടൻെറ മരണത്തിന് അനുവാണ് കാരണമെന്നു പറഞ്ഞുകൊണ്ട് അതിനെ ദ്രോഹിക്കാവുന്നതിൻെറ അങ്ങേ അറ്റം ദ്രോഹിച്ചു…

ആ കുഞ്ഞിനെപ്പോലുമവർ തിരിഞ്ഞു നോക്കിയിട്ടില്ല… അവിടെ പണിക്കു നിൽക്കുന്ന പെണ്ണുങ്ങളാ അവരുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്… അവരവനെ കുഞ്ഞൂട്ടൻ എന്നാ വിളിച്ചിരുന്നത്..

അല്ലാതെ ആ കുഞ്ഞിനൊരു പേരിടാൻ കൂടി നേരമുണ്ടായില്ല അമ്മായിമാർക്ക്.. ”

അവസാന വാചകത്തിൽ പുച്ഛം കലർന്നു.

“ഒരായുസ്സിൻെറ ദുരിതങ്ങൾ മുഴുവനും ഒരു വർഷം കൊണ്ടാ കുടുംബം അനുഭവിച്ചു കഴിഞ്ഞു…

ഹാാ… ഓരോരുത്തരുടെ തലവര… അല്ലാണ്ടെന്താ പറയാ… സത്യം പറഞ്ഞാൽ മാഷന്ന് അവളെ കൊണ്ടുപോയിരുന്നെങ്കിൽ എന്നു വരെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്…. ”

പത്തു വർഷങ്ങൾ പിന്നോട്ടു സഞ്ചരിച്ചതിൻെറ തളർച്ച അയാളുടെ വാക്കുകളെ നേർപ്പിച്ചു.

തല പെരുക്കും പേലെ.. മനസ്സിലേക്കൊരായിരം അസ്ത്രങ്ങൾ ആരോ തൊടുത്തുവിട്ടപോലെ…

പ്രണയത്തിന് ഇത്രമേൽ ക്രൂരമായ മറ്റൊരു മുഖം കൂടി ഉണ്ടായിരുന്നോ…

“അങ്ങനെ ഒന്നും പറയല്ലേ മാഷേ… ഇഷ്ടം കൊണ്ടാ… അതുകൊണ്ട് മാത്രാ… ഇനിയും എന്നെ ഇങ്ങനെ കുത്തി നോവിക്കല്ലേ… ചങ്കു പൊട്ടി മരിച്ചു പോവും… വേണ്ട മാഷേ….

വേദനിക്കുന്നു… വല്ലാതെ വേദനിക്കുന്നു,”……

കരഞ്ഞുകൊണ്ടുള്ള അനുരാഗയുടെ അവസാന വാക്കുകൾ സേതുവിൻെറ തലക്കു ചുറ്റും വട്ടം കറങ്ങി.

ഒപ്പം കരഞ്ഞു വീർത്ത മുഖവുമായി കേണപേക്ഷിക്കുന്നൊരു പാവം പെണ്ണിൻെറ ദയനീയ ചിത്രവും.

അവളിലെ പ്രണയത്തിനേയും പ്രതീക്ഷയേയും ദാരുണമായി താൻ കൊന്നുകളഞ്ഞ ആ നിമിഷം.

സ്വയമൊരു കൊലപാതകിയുടെ മുഖച്ഛായ കൈവന്നപോലെ. കണ്ണുകളുടെ കുത്തൊഴുക്കിന് തടയിടാൻ കഴിയാതയാൾ ഉഴലി………

അടക്കാനാവത്തൊരു വിങ്ങൽ ഹൃയത്തെ കീഴ്പ്പെടുത്തി.

ശരിയാണ് വെറുപ്പായിരുന്നു.. ദേഷ്യമായിരുന്നു..

പക്ഷ അതൊരിക്കലും രാഗയോടായിരുന്നില്ല..

അവളുടെ ബാലിശമായ പ്രവർത്തികളോടായിരുന്നു..എടുത്തു ചാട്ടത്തോടായിരുന്നു.

മുറിവേറ്റ പെണ്ണിനെ.. തൻെറ കാൽക്കൽ കിടന്നവളെ വീണ്ടും ചവിട്ടി താഴ്തി വിഷാദത്തിൻെറ പടുകുഴിയേക്കു തള്ളി വിട്ടത് താൻ മാത്രമാണ്..

വാക്കുകൾ കൊണ്ട് താനവളെ വീണ്ടും വീണ്ടും കുത്തി നോവിച്ചു.. അവളുടെ ഈ അവസ്ഥക്ക് താൻ മാത്രമാണ് കാരണക്കാരൻ… മിണ്ടാതെ കടന്നു പോയാൽ മതിയായിരുന്നു.. തൻെറ വേർപാട് ഏൽപ്പിക്കാവുന്ന ആഘാതത്തിനേക്കാൾ ഇരട്ടി വാക്കുകൾ കൊണ്ടവൾക്ക് സമ്മാനിച്ചുകൊണ്ട് മനുഷ്യത്വം മറന്നൊരു പിശാചാകാൻ തനിക്കെങ്ങനെ സാധിച്ചു.

വയ്യ… ഇനിയുമാ പാവം പെണ്ണിനേയും ഒരു തെറ്റും ചെയ്യാത്ത ആ കുഞ്ഞിനെയും നോവിക്കാൻ വയ്യ..

“ഞാൻ അവരെ കൊണ്ടുപോവാ കുമരേട്ടാ…

ഇനിയും അതിനെ നരകിപ്പിക്കാൻ പറ്റില്ല….. ”

മനസ്സിലൊരു ദൃഢനിശ്ചയവുമായി മുന്നോട്ടു നടക്കവേ കയ്യിലാ വൃദ്ധൻെറ പിടി വീണിരുന്നു.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

കേട്ട ഓരോ വാർത്തയും ഹൃദയം അനേകം കഷ്ണങ്ങളായി വെട്ടിമുറിച്ചു. അതിലെല്ലാം തെളിഞ്ഞു നിന്നത് കണ്ണീർ വാർക്കുന്നൊരു പാവം പെണ്ണിൻെറ മുഖമായിരുന്നു. എന്തൊക്കെയോ സന്തോഷ വാർത്ത പ്രതീക്ഷിച്ചാണ് വീണ്ടുമീ മണ്ണിൽ കാലുകുത്തിയത്. പക്ഷെ….

കുറ്റബോധത്തിൽ വെന്തു വെണ്ണീറായ മനസ്സോടെയാണ് മാണിക്യമംഗലത്തെ ഗെയ്റ്റു കടന്നത്.

“കട്ട് തിന്നുന്നോ… അശ്രീകരം….. നിൻെറ തന്തേടേം തള്ളേടേം സ്വഭാവം കയ്യിൽ വച്ചാ മതി…

അതിവിടെ ഇറക്കാൻ നിൽക്കണ്ട….. ”

സുമിത്രയുടെ കയ്യിലിരുന്ന കുറ്റിച്ചൂൽ പലവുരു ആ പത്തു വയസ്സുകാരൻെറ ശരീരത്തിൽ പ്രഹരങ്ങളേൽപ്പിച്ചു……

“തല്ലല്ലേ അമ്മായി… വിശന്നിട്ടാ ഞാൻ…

രണ്ടൂസായില്ലേ ഞാൻ വല്ലതും കഴിച്ചിട്ട്..

വയ്യാഞ്ഞിട്ടാ… ഇനി എന്നെ തല്ലല്ലേ അമ്മായി….

അറിയാതെ… അറിയാതെ ചെയ്തുപോയതാ… ”

കരഞ്ഞുകൊണ്ടാ കുരുന്നവരുടെ കാലിൽ വീഴുമ്പോഴും തരുമ്പു പോലും മനസ്സാക്ഷിയില്ലാതവർ അവനെ ചവിട്ടി മാറ്റുകയാണ്. ഹൃദയഭേദകമായ ആ കാഴ്ച കണ്ടുനിൽക്കാനാവുന്നില്ല.

അവനിൽ താൻ കാണുന്നത് തന്നെത്തന്നെ അല്ലേ..

വർഷങ്ങൾക്കു മുന്പ ഒറ്റപ്പെടലിൻെറ സാഗരത്തിൽ നീന്തലറിയാതെ പിടഞ്ഞൊരാ ഇരുപതുകാരനെ…

ഒരിറ്റു സ്നേഹത്തിനായി തൻെറ മുന്നിൽ കെഞ്ചിയ രാഗയെ.. ഇരു മിഴികളിലും വേദനാജനകമായ രണ്ടു ദൃശ്യങ്ങൾ മിന്നിമാറി…..

“സുമിത്രേ……. ”

തറവാടാകെ പ്രകമ്പനം കൊള്ളുമാറുറക്കെയുള്ള സേതുവിൻെറ ശബ്ദവും ആ കണ്ണുകളിലെരിയുന്ന കോപവും കണ്ട് സുമിത്രയുടെ കയ്യിലിരുന്ന കുറ്റിച്ചൂൽ താനെ നിലത്തേക്കു വീണു…..

“എന്ത് തോന്നിയവാസമാണ് നീയീ കാണിക്കുന്നത്…

കൊച്ചുകുഞ്ഞിനോടാണോ നിൻെറ പരാക്രമം…

ഒന്നുമില്ലെങ്കിലും ഇവനീ കുടുംബത്തിലെ സന്തതിയല്ലേ….. ”

ഓടിച്ചെന്നവനെ ചേർത്തു പിടിച്ചപ്പോൾ കുരുന്നു കൈകൾ തന്നെയും പുണർന്നിരുന്നു.

“ഓ… എഴുന്നെള്ളിയോ തെണ്ടിയുടെ തന്ത…

ഒരുത്തിക്ക് വയറ്റിലുണ്ടാക്കി കൊടുത്തിട്ടു നാടു വിട്ടു പോയതല്ലെ നിങ്ങൾ… ചെറുപ്പം മുതലേ കൂടെ നടന്നവരോട് ചെയ്ത കാര്യം എന്തായാലും കേമായിട്ടുണ്ട്…. ഇപ്പോ എന്തിനാണാവോ കെട്ടിയെടുത്തത് ഈ ചെക്കൻെറ പേരും പറഞ്ഞ് വല്ലതും കിട്ടുമെന്നു കരുതിയിട്ടാണെങ്കിൽ സേതുമാഷ് നിന്ന് കാലുകഴപ്പിക്കണ്ട….. ”

“നിർത്ത്….. മതി…. ഇനിയൊരക്ഷരം മിണ്ടിയാൽ നിയന്ത്രണം വിട്ടെൻെറ കൈ നിൻെറ മുഖത്തു പതിഞ്ഞെന്നുവരും…. ”

സുമിത്രയുടെ നാവടങ്ങി.

“ആർക്കും വേണ്ടത്തവനല്ലേ… ഞാൻ കൊണ്ടുപോവാ ഇവനെ… ചോദിക്കാനും പറയാനും നിൽക്കുന്നില്ല…. ”

വീണ്ടും കുത്തി നോവിക്കുന്ന വാക്കുകൾ..

കേൾക്കുന്തോറും കാതുകൾ വരെ വിങ്ങുകയാണ്…

ഇത്രമേൽ കൊടിയപാപിയാണോ ഞാൻ.. കേട്ടു നിൽക്കാനാവുന്നില്ല ചെയ്യാത്തെ തെറ്റിൻെറ പേരിൽ താനും അവളും ഇങ്ങനെ പരിഹാസപാത്രമാവുന്നത്….

ഒരു പിഞ്ചു കുഞ്ഞിങ്ങനെ വേദന തിന്നുന്നത്.

കൂടെ കൂട്ടാനൊരുങ്ങുമ്പോഴും മനസ്സു ശൂന്യമായിരുന്നു. പക്ഷെ സന്തോഷത്തോടെയുള്ള അവൻെറ പുഞ്ചിരിയൊരാശ്വാസമേകി.

“എൻെറ അച്ഛനാണോ….. ”

തന്നെ സാകൂതം വീക്ഷിച്ചുകൊണ്ടുള്ള അവൻെറ ചോദ്യത്തിലെ അളവറ്റ പ്രതീക്ഷകൾ തച്ചുതകർക്കാൻ മനസ്സു വന്നില്ല. നിശബ്ദമായി തലയനക്കി സമ്മതിച്ചു. ആ കുഞ്ഞിക്കണ്ണുകൾ തിളങ്ങി.

“ശരിക്കും എൻെറ അച്ഛനാ…. ”

വിശ്വാസം വരാത്തതുകൊണ്ടോ അതോ വീണ്ടും കേൾക്കാനുള്ള കൊതികൊണ്ടോ അവനാ ചോദ്യമാവർത്തിച്ചു……

“അതെ കുഞ്ഞൂട്ടാ….. ”

ഇക്കുറി സന്തോഷം കൊണ്ടവൻ തുള്ളിച്ചാടി.

“മാഷേ……… ”

എവിടെ നിന്നോ അനുരാഗയുടെ ശബ്ദം കാതുകളിലേക്കൊഴുകിയെത്തി. ഞെട്ടിത്തിരിഞ്ഞു നോക്കി.

ധാവണി ചുറ്റി കൈനിറയെ കുപ്പിവളയുമിട്ട് കിലുങ്ങി ചിരിച്ചുകൊണ്ടോടി വരുന്ന രാഗ.

സന്തോഷത്തിൽ കണ്ണുകൾ വിടരും മുന്നേയവൾ കൺമുന്നിൽ നിന്നുമപ്രത്യക്ഷയായിരുന്നു. എല്ലാം തൻെറ വെറും തോന്നൽ മാത്രം.. മിദ്ധ്യയുടെ മാധുര്യത്തെ ഞെരിച്ചുകൊണ്ട് യാഥാർത്യത്തിൻെറ കയ്പ് ശക്തി പ്രാപിച്ചു……

അവൾ നിന്നിടത്തു ചില്ലകൾ വിടർത്തി പൂവിട്ടു നിൽക്കുന്നൊരു പാരിജാതച്ചെടി മാത്രം. അതിനു കീഴെ ശാന്തമായുറങ്ങുന്നുണ്ടവൾ.. തൻെറ രാഗ..

കാലുകൾ യാന്ത്രികമായവിടേക്കു സഞ്ചരിച്ചു.

“പോയിട്ടു കാര്യമില്ല മാഷേ… അനുമോള് പോയിട്ട് കൊല്ലം രണ്ടു കഴിഞ്ഞു… ചങ്ങലയിൽ നിന്നും രക്ഷപ്പെട്ടോടിയതാ ഒരു ദിവസം…. പിന്നെ കിട്ടിയത് മുന്നാം പക്കമാ… കുളക്കടവിൽ ചത്തു മലച്ച നിലയിൽ”…..

ഒടുവിലവളും പോയി.. മരണം വരെ കൂടെയുണ്ടാകുന്ന ഹൃദയഭാരം തനിക്കു സമ്മാനിച്ചവളും ഓടിമറഞ്ഞു…….

“ഇഷ്ടമായിരുന്നു പെണ്ണേ… ഒരുപക്ഷേ എന്നിലേറെ നിന്നെ ഞാൻ പ്രണയിച്ചിരുന്നു… നിൻെറ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്ന എന്നെ ഞാൻ എന്നോ തിരിച്ചറിഞ്ഞതുമാണ്… പക്ഷേ ചേർത്തുപിടിക്കാനായില്ല…. ആർക്കോ വേണ്ടി…

എന്തിനോ വേണ്ടി ഉള്ളം പറിച്ചെടുത്ത് അടർത്തി മാറ്റിയതാ നിന്നേ… നീയനുഭവിച്ചതിൻെറ ആയിരം മടങ്ങ് ഞാനുരുകി കഴിഞ്ഞിരുന്നു…… മാപ്പ്…..

വേദനിപ്പിച്ചതിന്… അവഗണിച്ചതിന്….

ഉള്ളിലെന്നോ തോന്നിയ പ്രണയത്തെ അവിടെ തന്നെ കുഴിച്ചു മൂടിയതിന്… എല്ലാത്തിനും മാപ്പ്…..

ഇനിയൊരു ജന്മമുണ്ടെങ്കിൽ ആർക്കുവേണ്ടിയും ഒന്നിനു വേണ്ടിയും നിന്നെ ഞാൻ വിട്ടുകളയില്ല..

നിനക്കായ് മാത്രം തുടിക്കൊന്നൊരു ഹൃദയവുമായി ഞാൻ കാത്തിരിക്കാം… നീ കൂട്ടുവരുമെന്ന പ്രതീക്ഷയോടെ…..”

ഒരിറ്റു കണ്ണുനീരവൻെറ കണ്ണുകളിൽ നിന്നവളുട ചരണങ്ങളിലേക്കിറ്റു വന്നു.

കയ്യിലെ പുസ്തകമാ കുഴിമാടത്തിനു മീതെ വച്ചുകൊണ്ടയാൾ കല്ലിച്ച മാനസ്സുമായാ പത്തുവയസ്സുകാരനോടൊപ്പം പിൻതിരിഞ്ഞു നടന്നു…..

ഒരു നേർത്ത കാറ്റവരെ തലോടിക്കടന്നുപോയി അനുരാഗയുടെ പുഞ്ചിരിയെന്നപോലെ…

കാറ്റിൽ പാറിപ്പറന്ന താളുകൾക്കിടയിൽ അന്നവൾ പ്രണയം മഷിയാക്കിയെഴുതിയ വരികൾക്കുമീതെ രണ്ടു പാരിജാതപ്പൂക്കൾ അടർന്നു വീണു……

ഇനിയും വസന്തം വരും, പൂവുകൾ പുഞ്ചിരിക്കും, നിൻെറ ഹൃദയതാളം കേൾക്കാൻ കാതോർത്ത് ഞാനിവിടെ കാത്തിരിക്കും, തേഞ്ഞു തീർന്ന പാദുകങ്ങളും വെന്തുവെണ്ണീറായ സ്വപ്നങ്ങളും തോളിലേന്തി തനിയെ 💞 (കടപ്പാട് : നന്ദിത)……

അവസാനിച്ചു….

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : അഞ്ജു


Comments

Leave a Reply

Your email address will not be published. Required fields are marked *