കീർത്തന, തുടർക്കഥയുടെ രണ്ടാം ഭാഗം വായിക്കുക……

രചന: Chilanka Rifu

മറുകയ്യിൽ അയാൾ ചാർത്തിയ താലിയെന്ന പേരുള്ള വെറും നൂൽ ചരട് ദേഷ്യത്താൽ നെരിച്ചുടക്കുകയായിരുന്നു..

“എന്താടി നിന്റെ ഉദ്ദേശം…പണമാണോ????

അതിനാണോ ഈ വേഷം കെട്ടി ഇങ്ങോട്ട് കെട്ടിയെടുത്തത്????”

വലതു കാല് വെച്ചു കയറിയ എനിക്ക് നേരെ അയാൾ ഒരു നിമിഷം പോലും കഴിയാതെ ആക്രോംശിച്ചത് കേട്ട് മുഖം താനേ കുനിഞ്ഞു.

“ഇവിടെ നിന്റെ ആവിശ്യമില്ല… ഇറങ്ങിക്കോണം ഈ നിമിഷം…ഒരു വേശ്യയെ ഭാര്യയായി കൂട്ടേണ്ട ഗതികേട് ഒന്നും അനന്തപുരത്തിലെ ആദിത്യൻ വർമ്മക്ക് ഇല്ല….”

“ആദി…… ഇനി ഒരക്ഷരം ഇവളെ കുറിച്ച് മിണ്ടരുത്… എന്തൊക്കെ ആയാലും കീർത്തന ഇപ്പോൾ നിന്റെ ഭാര്യയാണ്….എന്റെ മരുമകൾ..

അല്ലാ, മകൾ തന്നെ…”

അപ്പോഴാണ് അവര് ആദിത്യന്റെ അമ്മയാണെന്ന് അറിയുന്നത് തന്നെ..എന്റെ കയ്യും പിടിച്ചു അമ്മ നേരെ ചെന്നത് അടുക്കളയിലേക്കാണ്..എനിക്കായി ഒരു ഉരുള നീട്ടി

“മോള് ഒന്നും രാവിലെ മുതൽ കഴിച്ചില്ലല്ലോ…

അവിടുത്തെ പൂജാരി പറഞ്ഞു…”

സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. ആ നിമിഷം സ്വന്തം അമ്മയെ മുന്നിൽ കാണുന്നതായി തോന്നി..

“അമ്മേ… ഞാൻ ഒരു വേശ്യ…..”

ബാക്കി പറയും മുമ്പവർ എന്റെ വായ പൊത്തി പിടിച്ചു.

“എല്ലാം ഞാൻ അറിഞ്ഞു… സുജാത എന്നെ വിളിച്ചിരുന്നു… നീ അവിടെ എങ്ങെനെ എത്തിപ്പെട്ടന്നും, ഈ കുടുംബം നിനക്ക് നൽകിയ ദ്രോഹങ്ങളും എല്ലാം പറഞ്ഞു…. ദൈവ നിശ്ചയം ആണ് മോളേ നീ ഇവിടെ എത്തിയത്…. ഇല്ലങ്കിൽ ഒരിക്കലും ഈ അനന്തപുരം തറവാട് നന്നാവില്ല…”

കണ്ണീരോടെ അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഞാൻ ആ കാൽക്കൽ വീണു കഴിഞ്ഞിരുന്നു..ഇക്കാലത്ത് എത്ര സ്ത്രീകൾ ഒരു വേശ്യയോട് സംസാരിക്കും??? അവരെ മനസ്സിലാക്കാൻ ശ്രമിക്കും??? ആയിരത്തിൽ ഒന്നോ രണ്ടോ,,പുരുഷന്മാരിൽ നിന്നെക്കാൾ ചൂഷണം വേശ്യകൾ നേരിടേണ്ടി വരുന്നത് സ്ത്രീകളിൽ നിന്നാണ്…അതുപോലുള്ള ഈ കാലത്ത് ഇങ്ങനെയൊരു അമ്മ!!!

എന്റെ കണ്ണുനീർ ആ കാൽപാദങ്ങളെ നനയിച്ചു..

അന്ന് രാത്രി ഏറെ വൈകും വരെ ഞങ്ങൾ അമ്മയും മോളും സംസാരിച്ചു…. ആ വീട്ടിൽ അവരെ കൂടാതെ ആദിത്യന്റെ അച്ഛനും, അമ്മായിയും ഉണ്ടായിരുന്നു…അമ്മ ഒഴിച് മറ്റാരും എന്നെ ശ്രദ്ധിച്ചതേയില്ല… അവർക്കെല്ലാവർക്കും എന്നോട് എന്തോ പുച്ഛം ഉള്ള പോലെ….

അച്ഛൻ ആണെങ്കിൽ വീട്ടിൽ ഇതുവരെ എത്തിയിട്ടുമില്ല.

“അവന് ആള് ലേശം വാശിക്കാരൻ ആണെങ്കിലും പാവമാ മോളേ….. നീ കുറച്ചൊക്കെ സ്ട്രോങ്ങ്‌ ആയി നിന്നാലേ ആ മസില് പിടുത്തം നമുക്കൊന്ന് കുറക്കാൻ പറ്റൂ…”

എന്നെ ആദിത്യന്റെ മുറിയിലേക്ക് വിടുമ്പോൾ ഒരു മന്ത്രം പോലെ അവർ പറഞ്ഞു തന്നു…ആ മന്ത്രം മനസ്സിലുരുവിട്ട് കൊണ്ട് തന്നെയാണ് എന്നെ കാത്തു നിന്ന പോലെ അടുത്തേക്ക് കലിതുള്ളി വരുന്ന ആദിത്യനെ നേരിട്ടത്.. കഴുത്തിൽ രണ്ട് നിമിഷം മുമ്പ് കാഴ്ച്ചക്ക് എന്ന കണക്കെ ഇട്ട താലി കെട്ടിൽ ഉറപ്പില്ലാതെ അഴിയുന്നുണ്ടായിരുന്നു.

“എന്തിനാടി ഇവിടെ കയറി പൊറുക്കുന്നത്????

പോലീസുക്കാരുടെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിയതാണീ താലി എന്ന് നിനക്കറിയില്ലേ????

ഇന്നലെ കള്ള് കുടിച്ചപ്പോൾ എന്റെ കൂട്ടുക്കാരൻ ചെയ്ത പണി കൊണ്ടാ നിന്റെ അടുത്തേക്ക് ലക്ക് കെട്ട് വന്നത്….അപ്പോഴാണേൽ കൃത്യം ആയിട്ട് പോലീസും വന്നു….”

ഞാനൊന്ന് ഞെട്ടി,ആ പോലീസുകാരെ വിളിച്ചത് ഞാൻ ആണ് എന്നറിഞ്ഞാൽ എന്തായിരിക്കും ഇയാളുടെ പ്രതികരണം..എന്നെ തെറ്റിദ്ധരിക്കുവോ!!! ചിന്തകളെ മുറുകെ പിടിച്ചു കൊണ്ട് ആദിത്യൻ തുടർന്നു.

“അതുകൊണ്ട് നീ നാളെ രാവിലെ തന്നെ ഇവിടുന്ന് ഇറങ്ങിക്കോണം… ഇല്ലെങ്കിൽ പൊന്ന് മോളേ,,,

നിനക്കെന്നെ അറിയില്ല…. എന്നെ സ്നേഹിക്കാൻ ആരും വേണ്ട….

ആരുടേയും സ്നേഹം എനിക്ക് വിശ്വാസവും ഇല്ല…”

“അത് നിങ്ങൾ അങ്ങ് തീരുമാനിച്ചാൽ മതിയോ???

ദേ ഈ കഴുത്തിൽ കിടക്കുന്ന താലിക്ക് ഒരു മൂല്യം ഞാൻ നൽകുന്നുണ്ട്…അതുമാത്രമല്ല എന്നെ സ്വന്തം മോളേ പോലെ സ്നേഹിക്കുന്ന ആ അമ്മയെ ബഹുമാനിക്കുന്നും ഉണ്ട്…

അതുകൊണ്ട് ഇവിടുന്നൊരു തിരിച്ചുപോക്ക് ഇല്ലാ….

നിങ്ങൾക്ക് സ്നേഹം വേണ്ടായിരിക്കാം… പക്ഷെ എനിക്ക് എന്റെ ഭർത്താവിന്റെ സ്നേഹം വേണം….

അത് കിട്ടിയിരിക്കണം…”

കടുപ്പിച്ചു അത്രയും പറഞ്ഞു ബെഡിൽ ചെന്ന് കിടന്നതും അയാളെന്നെ വലിച്ചിഴച്ചു നിലത്തേക്കിട്ടു.

“വേശ്യകൾക്ക് ദേ ഈ തറയിൽ ആണ് സ്ഥാനം…”

ആ വാക്കിൽ തളർന്നു പോയി… ഇത്രയും നേരം മനസ്സിൽ സൊരുക്കൂട്ടിയ ധൈര്യം ഒരു പുകച്ചുരുൾ പോലെ അലിഞ്ഞില്ലാതാക്കാൻ ആ വാക്കുകൾക്ക് ശക്തി ഉണ്ടായിരുന്നു….

കരച്ചിൽ അടക്കി കൊണ്ട് തല മുട്ടിന്മേൽ വെച്ചു ഇരുന്നു.എനിക്കാരുടെയും ഭാര്യപതവിയും, പണവും ഒന്നും വേണ്ടെന്ന് നിനക്കറിയില്ലേ ഗുരുവായൂരപ്പാ….അച്ഛനേം അമ്മയേം എനിക്ക് തിരിച്ചു തരണേ….

അതിന് നീ തന്ന ഒരവസരം ആയിട്ടാ ഞാനീ താലിയെ കാണുന്നത്….

നെറ്റിയിൽ എന്തോ കിടന്ന് കുത്തുന്ന വേദന…

ആദിത്യൻ ഇന്ന് രാവിലെ മുറിവാക്കിയ ഭാഗത്താണ്… എഴുന്നേൽക്കാൻ നോക്കിയിട്ട് വേച്ചു പോവുന്നു, എന്റെ ജീവിതം പോലെ….

ആ തറയിൽ തന്നെ ചുരുണ്ടു കൂടി കിടക്കുമ്പോൾ നിലത്ത് നിന്ന് ശരീരത്തിലേക്ക് അരിച്ചു കയറുന്ന തണുപ്പിനെ തടുക്കാൻ നേരിയ ആ പട്ടുസാരി വെറുതെ ഒന്ന് വാരി പുതച്ചു, പക്ഷെ രക്ഷയില്ലായിരുന്നു..പാതി ഉറങ്ങി എന്ന് മാത്രമേ പറയാൻ കഴിയൂ

രാവിലെ അയാള് എഴുന്നേൽക്കും മുമ്പ് തന്നെ കുളിച്ചു താഴേക്കിറങ്ങിയിരുന്നു.ഇനിയൊരു ചീത്തവിളി കേൾക്കാൻ വയ്യായിരുന്നു.മനസ്സ് ക്ഷീണിച്ചു പോവുന്നു..

അതിന്റെ ഭലം അയാളുടെ ഓരോ വാക്കുകളും കരിയിച്ചു കളയുന്നു..

“ഏട്ടെത്തിയമ്മേ….”

എന്നൊരു നീട്ടിയ വിളി കേട്ട് ആ ദിശയിലേക്ക് നോക്കിയപ്പോൾ ഒരു ടൈപ്പിക്കൽ new gen boy എന്ന് തോന്നിപ്പിക്കുന്ന ഒരുവൻ എനിക്ക് കൈവീശി കാണിക്കുകയാണ്…അവനോടൊന്ന് ചിരിച്ചെന്ന് വരുത്തിയെങ്കിലും ഈ വീട്ടിലെ ആരെയായിട്ടും എനിക്ക് അടുക്കാൻ കഴിയുന്നില്ല…

അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടതിനുള്ള ദേഷ്യമായിരിക്കാം ഹൃദയത്തിന്റെ പകുതി ഭാഗവും.

“എന്താണ് ഏട്ടത്തി… ഏട്ടൻ പറഞ്ഞിട്ടുണ്ടോ ഇവിടൊരു ഉടായിപ്പ് സാധനം ഉണ്ട്,അവനോട് മിണ്ടരുത് എന്നൊക്കെ…അതുകൊണ്ടാണോ മുഖം വീർപ്പിച്ചുള്ള ഈ പോക്ക്.”

അവനെ മൈൻഡ് ചെയ്യാതെ അടുക്കളയിലേക്ക് നടന്നിരുന്ന ഞാൻ സംശയത്തോടെ തിരിഞ്ഞു നോക്കി.

“റിയലി സോറി ഏട്ടത്തി….നിങ്ങളുടെ കല്യാണം ഞാൻ അറിഞ്ഞില്ല…

അതുകൊണ്ടാ വരാൻ പറ്റാതിരുന്നെ…

‘എന്നെ സ്നേഹിക്കാൻ ആരും വേണ്ടേ’ എന്ന് പാട്ട് പാടി നടക്കുന്ന അങ്ങേര് ഇത്ര പെട്ടന്ന് പെണ്ണ് കെട്ടും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല….”

അവന്റെ സംസാരത്തിനൊപ്പം ഇന്നലെ ആദിത്യൻ ഈ ഡയലോഗ് പറഞ്ഞപ്പോഴുള്ള ആക്ഷൻ കൂടി കടന്നു വന്നതോടെ പരിസരം മറന്നു ചിരിച്ചു പോയി.

അതോടെ അവൻ സംസാരം നിർത്താതെയും ആയി.

ആദിത്യൻ വർമയുടെ അനിയൻ ആകാശ് വർമ…

ബാംഗ്ലൂരിൽ ആണ് …ഇപ്പൊ MBA ചെയ്യുന്നു, ഏട്ടന് അവനോടെന്തോ വല്ലാത്ത വെറുപ്പാണ് എന്നതാണ് പ്രധാന പരാതി…അത് ഞാൻ മാറ്റി കൊടുക്കണം എന്ന അപേക്ഷയും…..

എല്ലാത്തിനും മറുപടിയായി ഒന്ന് മൂളികൊടുത്താൽ മതി…ഇനിയിപ്പോ മൂളിയിട്ടില്ലേലും അവൻ പറഞ്ഞോണ്ടിരിക്കും..എന്നെക്കാളും വയസ്സിന് മൂത്തത് ആണെങ്കിലും ‘ഏട്ടെത്തിയമ്മേ’ എന്നെ വിളിക്കുന്നുള്ളൂ…സത്യം പറഞ്ഞാൽ എനിക്കൊരു അനിയനെ കിട്ടിയ പോലെ..കുഞ്ഞു നാളിൽ അമ്മയെ നോക്കി എനിക്കൊരു അനിയൻ വേണമെന്ന് വാശി പിടിച്ചു കരഞ്ഞതോർമ വന്നു.

“ആഹാ…കയറി വന്നപ്പോഴേക്കും ഇവനെയും വശത്താക്കിയോ????”

എന്ന പരിഹാസം നിറഞ്ഞ അമ്മായിയുടെ ചോദ്യമാണ് ശ്രദ്ധ തിരിച്ചത്.ഞെട്ടി പിടഞ്ഞെഴുന്നേറ്റ എന്നെ ആകാശ് അവിടെ തന്നെ പിടിച്ചിരുത്തി.

“അമ്മായി…ഇതെന്റെ ഏട്ടത്തിയാണ്,,,, എന്ന് വെച്ചാൽ അമ്മക്ക് തുല്യം….ഇതുപോലുള്ള ചൊറിഞ്ഞ വർത്താനവുമായി ഈ സൈഡിലോട്ട് വരണ്ട…കേട്ടല്ലോ???”

“ചേട്ടന്റെ തനി കൊണവാ അനിയൻ…”.

എന്തൊക്കെയോ പിറുപിറുത്തു കൊണ്ടവർ അകത്തേക്ക് നടന്നു.അമ്മയുടെ മുറിയിൽ നിന്ന് പെട്ടന്നാണ് ഫുൾ സ്യൂട്ടിൽ ഒരാള് ഞങ്ങളെ ഒന്ന് നോക്കുക പോലും ചെയ്യാതെ പുറത്തേക്ക് ഇറങ്ങി പോയത്.

“അച്ഛനാ….”

എന്ന് എനിക്ക് മാത്രം കേൾക്കാൻ വിധത്തിൽ ആകാശ് പറഞ്ഞപ്പോൾ അത്ഭുതപ്പെട്ടു പോയി..സ്വന്തം മകൻ കല്യാണം കഴിച്ചു കൊണ്ടുവന്നവളെ എന്തേ ഒന്നു നോക്കുക പോലും ചെയ്തില്ല!!!ആ മുഖത്ത് വെറുപ്പല്ലായിരുന്നോ!!!അതോ ദേഷ്യമോ!!

“ഏട്ടത്തീടെ അച്ഛനും അമ്മയും എവിടെയാണെന്ന് ആ പോവുന്ന ആൾക്ക് മാത്രേ ഈ വീട്ടിൽ അറിയൂ!!!”

വിശ്വസിക്കാനാവാതെ അവന്റെ മുഖത്തേക്ക് നോക്കിയ എനിക്ക് എല്ലാം അറിയാം എന്ന മട്ടിൽ അവൻ കണ്ണുകളടച്ചു കാണിച്ചു തന്നു…ഈ വീട്ടിൽ എനിക്കറിയാൻ കഴിയാത്ത പലതും നടക്കുന്നുണ്ടെന്ന് തോന്നി..അതറിയാൻ അതിയായ കൗതുകം മനസ്സിൽ മുളപൊട്ടുകയും ചെയ്തു.

ഉച്ചക്കായിരുന്നു ആദിത്യൻ എഴുന്നേറ്റത്….

അപ്പൊതന്നെ എങ്ങോട്ടോ ധൃതിപ്പെട്ട് ഇറങ്ങുകയും ചെയ്തു…പോവുമ്പോൾ സംസാരിച്ചിരിക്കുന്ന എന്നെയും ആകാഷിനെയും നോക്കി പുച്ഛം നൽകി മുഖം തിരിച്ചു..അതിൽ എനിക്ക് പ്രത്യേകിച്ചൊന്നും തന്നെ തോന്നിയില്ല….

കാരണം അയാളിൽ എനിക്കൊരു വികാരവും ഇല്ലായിരുന്നു എന്നതാണ്…

ദേഷ്യമോ,സ്നേഹമോ,പ്രണയമോ…ഒന്നും…

വൈകീട്ടുള്ള പലഹാരം ഉണ്ടാക്കുന്ന അമ്മയെ പിന്നിൽ നിന്ന് ചേർത്തു പിടിച്ചപ്പോൾ വാത്സല്യത്തോടെ എന്റെ കവിളുകൾ തലോടി…ഇനിയും അടക്കാൻ കഴിയാതെ ഞാൻ അത് ചോദിച്ചു.

“എന്റെ അച്ഛനും അമ്മയും ജീവനോടെയുണ്ടല്ലേ അമ്മേ????”

വേദന കലർന്ന ഒരു നോട്ടം നോക്കിയവർ എന്നെ ചേർത്തു പിടിച്ചു.

“ആദിക്ക് 4 വയസ്സുള്ളപ്പോൾ ആണ് അവന്റെ അച്ഛൻ മരിച്ചത്…ശക്തമായി പിടിച്ചു നിന്നിട്ടും അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിന് വഴങ്ങി ഞാൻ മറ്റൊരു വിവാഹം ചെയ്തു…അതാണ് രാവിലെ പോയ ആ മനുഷ്യൻ..വാസുദേവൻ….കല്യാണം കഴിഞ്ഞ ഉടനെ എന്നെ വിദേശത്തേക്കൊരു ചെറിയ ട്രിപ്പ് എന്ന് പറഞ്ഞു കൊണ്ട് പോയി…ആദിയെ കൂടെ കൊണ്ട് പോവാൻ സമ്മതിച്ചില്ല…മാത്രമല്ല ഞങ്ങളുടെ കൂടെ വരാൻ മടിച്ചു അവൻ എന്റെ അമ്മയുടെ മാറിൽ ഒതുങ്ങിയപ്പോ ഞാനും കരുതി അവന് നിൽക്കാൻ ഇഷ്ട്ടം അവിടെയാവും എന്നത്…ഇപ്പോഴാ മനസ്സിലായത് സ്വന്തം അമ്മയുടെ കൂടെ തീർത്തും ഒരു അപരിചിതനെ കണ്ട അങ്കലാപ്പായിരുന്നു ആ കുഞ്ഞിൽ എന്ന്…എനിക്കെന്റെ അമ്മയുടെയും അച്ഛന്റെയും സ്നേഹം വേണ്ടുവോളം കിട്ടീട്ടുണ്ടായിരുന്നു…. അതുകൊണ്ട് തന്നെ അത് കിട്ടാതെ വളരുന്നതിന്റെ വില മനസ്സിലാക്കാൻ കഴിഞ്ഞില്ല അന്നൊന്നും…

അമ്മ എന്നെയൊന്നു നോക്കി…ആ കണ്ണുകൾ എന്നിൽ നിന്നൊരു ആശ്വാസവാക്ക് പ്രതീക്ഷിച്ചിരുന്നിരിക്കണം… എന്നാൽ ഞാൻ തീർത്തും വികാരങ്ങൾക്ക് കീഴ്പ്പെട്ടിരുന്നു, വിതുമ്പുന്ന ചുണ്ടുകൾ കൊണ്ട് ഒന്നും മിണ്ടാൻ കഴിയുന്നില്ല….

മനസ്സ് നിറയെ അച്ഛനും അമ്മയും മാത്രം…

അവരുടെ തലോടലും ആ സംരക്ഷണ ചൂടും ചുറ്റും നിറയുന്ന പോലെ..

വേദനയോടെ അമ്മ തുടർന്നു..

“വാസുവേട്ടൻ നിർബന്ധിപ്പിച്ചു ഒരു ആറു മാസത്തോളം എന്നെ വിദേശത്തു നിർത്തി….തിരിച്ചു വന്നപ്പോഴേക്കും ഞാൻ ഗർഭണിയും ആയിരുന്നു…ഗർഭകാലത്തെ ചെറിയൊരു മാനസിക പ്രശ്നം ഉണ്ടായതിനാൽ അന്ന് ആദിയെ വാസുദേവന്റെ വീട്ടിലേക്ക് കൊണ്ടുവരാത്ത വിവരം ഒന്നും എനിക്കറിയില്ലായിരുന്നു…. ആകാശ് ജനിച്ചു ഒരു വർഷം കഴിഞ്ഞിട്ടാണ് മാനസികം മാറിയത്…അപ്പോഴേക്കും എന്റെ ആദി മനസ്സ് കൊണ്ട് എന്നിൽ നിന്നൊക്കെ എത്രെയോ അകലെയായി മാറിയിരുന്നു.”

ആ അമ്മ കണ്ണിൽ ഉരുണ്ടു കൂടിയ തുള്ളികൾ സാരി തലപ്പ് കൊണ്ട് തുടച്ചു മാറ്റി.

“ശെരിയാണ് മോളേ…ഞാൻ ചെയ്തത് തെറ്റാണ്, സ്വന്തം മകനെ അത്രയും അവഗണിച്ചിരിക്കുന്നു…

പക്ഷെ ഒന്നും ഞാൻ അറിഞ്ഞു കൊണ്ടല്ല….വാസുദേവന് പണത്തോടൊരു തരം ആർത്തിയാണ്….ഈ ലോകം കാൽകീഴിലാക്കാനുള്ള തത്രപ്പാട് ആണ്…എന്നും ആദി അയാളുടെ മോൻ അല്ല എന്ന് നൂറാവർത്തി പറയും….

എന്റെ ആദി സ്നേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടാണ് ഈ നിലയിൽ എത്തിയത്….”

അപ്പോഴേക്കും അവര് ഏങ്ങലടിച്ചിരുന്നു…. അവരെ മാറോടണച്ചു ആശ്വസിക്കുമ്പോൾ മനസ്സിൽ തെളിഞ്ഞത് അമ്മയെയും കാത്ത് മുത്തശ്ശിയുടെ കൂടെ പടിക്കലേക്ക് നോക്കിയിരിക്കുന്ന ഒരു നിക്കറുകാരന്റെ മുഖമാണ്…താലി ചേർന്നിരിക്കുന്ന ഇടത്ത് ഒരു നോവ് ഉണർന്നു.

“ആകാശിന് അറിയുവോ ഈ കാര്യങ്ങൾ ഒക്കെ???

അവനിതൊന്നും എന്നോട് പറഞ്ഞില്ല!!”

“ആകാശിന് ഇതെല്ലാം അറിയാം….അവന് ആദിയേട്ടൻ എന്നാൽ ജീവനാ…എന്നോട് എപ്പോഴും പറയും അവൻ കാരണമാണ് ആദി അത്രയും ചെറുപ്രായത്തിൽ തന്നെ അവഗണനയുടെ വേദന അറിഞ്ഞതെന്ന്…”

“എന്റെ അച്ഛനും അമ്മയും??????”

“അവരെ പിടിച്ചു കൊണ്ട് പോയതെല്ലാം വാസുവേട്ടൻ ആണ്…ഇതുപോലുള്ള കാര്യങ്ങൾ തടുക്കാൻ ഞാൻ ഒരുപാട് ശ്രമിക്കും,,പക്ഷെ അദ്ദേഹത്തിന് എന്നേക്കാൾ പ്രിയം പണമാണ്….പണം കൊണ്ട് ലോകത്തിന്റെ സിംഹാസനം പണിയാം എന്നാണ് അദ്ദേഹത്തിന്റെ വിചാരം..”

പണം കൊണ്ട് ലോകത്തിന്റെ സിംഹാസനം പണിയാം പക്ഷെ ഹൃദയത്തിന്റെ സിംഹാസനം.. അതെപ്പോഴും സ്നേഹത്തിന്റെ അടിമയാണ് ‘എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടായിരുന്നു റൂമിലേക്ക് തിരിച്ചത്.

രാത്രി നിലത്ത് കിടക്കുന്ന എന്നെ കാലു കൊണ്ടൊന്ന് തൊഴിച്ചു കട്ടിലിലേക്ക് കള്ളിന്റെ ബോധമില്ലാതെ മറിയുന്ന അയാളെ ഞാൻ ഭാവഭേദമന്യേ നോക്കി..

ആ മുഖത്തേക്ക് നോക്കുമ്പോൾ സ്നേഹത്തിന് വേണ്ടി യാചിക്കുന്ന ഒരു പിഞ്ചു മനസ്സിനെ എനിക്ക് കാണാമായിരുന്നു.

വല്ലാത്തൊരു സഹതാപം തോന്നി ആ മനുഷ്യനോട്… നാം എത്രത്തോളം വളർന്നാലും ചെറുപ്രായത്ത് ഹൃദയത്തിലേൽക്കുന്ന മുറിവിന്റെ ആയുസ്സ് കൂടുതലായിരിക്കും…ആ മുറിവ് ഉണങ്ങാതെ കിടക്കുകയാവാം അയാളുടെ ഹൃദയത്തിൽ..ഒരു ഇരുപത് വയസ്സുകാരിയായ എനിക്ക് അച്ഛനും അമ്മയും ഇല്ലാതെ പറ്റുന്നില്ലെങ്കിൽ അത്രയും ചെറു പ്രായത്തു അവരെ നഷ്ട്ടപ്പെട്ട ആദിത്യന്റെ വേദന എന്തായിരിക്കും!!!

രാവിലെ ചായയിട്ട് ഞാൻ മുറിയിലേക്ക് പോവുന്നത് അമ്മ തെല്ലൊരു അത്ഭുതത്തോടെ നോക്കുന്നത് കണ്ടു.

ചായ ടേബിളിൽ വെച്ച് ഒട്ടും സംശയിക്കാതെ തന്നെ ആദിയെ തട്ടി ഉണർത്തി.

ഉറക്കപിച്ചിൽ അറിയാതെ എന്നോടൊന്ന് പുഞ്ചിരിച്ചു,ഈ ഒരു എക്സ്പ്രഷൻ പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ എന്റെ ഹൃദയം നിലക്കുന്ന പോലെ തോന്നി…ആ കവിളിൽ വിരിഞ്ഞ താടി രോമത്തിനിടയിലെ നുണകുഴിയിലേക്ക് നോട്ടം തെന്നി.

അയാള് അപ്പോഴേക്കും നീട്ടി പിടിച്ച ചായ വാങ്ങി ഒരു സിപ് കുടിക്കുകയും ചെയ്തു.

പിന്നെയാണ് അങ്ങേർക്ക് ബോധം തെളിഞ്ഞത്…അതോടെ ചായ ഗ്ലാസ് നിലത്ത് വീണു ചിഞ്ഞി ചിതറി.എന്റെ മുഖത്ത് ഒരു ഉള്ളം കയ്യും പതിഞ്ഞു.

“മേലാൽ എന്റെ കാര്യത്തിൽ ഇടപെടാനോ, എന്നെ സ്നേഹിക്കാനോ വന്നേക്കരുത്…”

എന്നൊരു അലർച്ചയോടെ അയാൾ ബാത്റൂമിലേക്ക് കയറിയപ്പോൾ ഞാൻ മനസ്സിലാക്കുകയായിരുന്നു എന്താണ് ആദിത്യൻ എന്ന്.

അയാൾക്ക് പേടിയാണ്…സ്നേഹത്തോട് ,തിരിച്ചു താനും സ്നേഹിക്കുമോ എന്ന ഭയമാണ്…തന്നേക്കാൾ നല്ലൊരു ബന്ധം കിട്ടുമ്പോൾ തനിക്ക് തന്ന സ്നേഹം ഉപേക്ഷിച്ചവർ പോകുമോ എന്ന ആവലാതി….

ഒന്നിനും അദ്ദേഹത്തെ കുറ്റപ്പെടുത്താൻ കഴിയില്ല, ഇതെല്ലാം അനുഭവങ്ങൾ പഠിപ്പിച്ചു കൊടുത്തതാണ്…

അടികൊണ്ട ഭാഗത്ത്‌ കൈവെചു വരുന്ന എന്നോട് അമ്മ എന്തൊക്കെയോ ആവലാതിയോടെ ചോദിക്കുന്നുണ്ടായിരുന്നെങ്കിലും എന്റെ മനസ്സ് ആദിയിൽ തന്നെ ചുറ്റിപ്പറ്റിയായിരുന്നു.

9 മണി ആയപ്പോഴേക്കും മുണ്ടും മടക്കി കുത്തി ഇറങ്ങുന്ന അവനെ കണ്ട് അമ്മ അഭിനന്ദനം എന്നോണം പറഞ്ഞു.

“ഇവൻ ഇത്രയും നേരത്തെ എണീക്കുന്നത് അമ്മ ആദ്യമായിട്ടാ കാണുന്നെ…”

പിന്നേ അതൊരു പതിവാക്കി… രാവിലെ ചെന്ന് കോഫി കൊടുക്കുമ്പോൾ ഒരു തല്ല് കിട്ടും എങ്കിലും പുള്ളി നേരത്തെ എഴുന്നേറ്റ് പോവും…

ആദിത്യന്റെ അച്ഛനെ ഞാൻ കാണാനും സംസാരിക്കാനും ശ്രമിക്കാറുണ്ടെങ്കിലും അദ്ദേഹം എന്നെ ഗൗനിക്കാതെ നടക്കാറാണ് പതിവ്.

ചുരുക്കം പറഞ്ഞാൽ അമ്മയും ആകാശും ഉള്ളത് കൊണ്ട് ആദി വരുന്നത് വരെ ബോറടിക്കാതെ പോവുന്നു… കണവൻ വന്നൊരു തൊഴി തന്നില്ലേൽ ഉറക്കം വരാത്ത അവസ്ഥയാണിപ്പോൾ..

ആദിത്യൻ വരുന്നതും കാത്ത് ജനലിനടുത്തു നിന്ന് അവന്റെ ബൈക്കിന്റെ ശബ്ദം കേട്ടാൽ ഓടി ചെന്ന് ഭക്ഷണം വിളമ്പി വെച്ച് തിരിച്ചു റൂമിലേക്ക് വെപ്രാളത്തോടെ വന്ന് ഒന്നും അറിയാത്ത പോലെ തറയിൽ ഉറക്കം അഭിനയിച്ചു കിടക്കുമ്പോൾ ഇടക്കൊക്കെ ഞാനും അത്ഭുതപ്പെടാറുണ്ട്….

എന്തിന്റെ വട്ടാണ് എനിക്കെന്ന്???

രാവിലെ അമ്മ തലേന്ന് ഞാൻ ടേബിളിൽ വെച്ച ഭക്ഷണം എടുത്ത് വലിച്ചെറിയുമ്പോൾ ഉള്ളിലെന്തോ ഒരു നോവാണ്…അദ്ദേഹം കഴിച്ചില്ല,, ഒരിക്കലും കഴിക്കേം ഇല്ല…. കാരണം ആ ചോറിൽ നിന്റെ സ്നേഹമുണ്ട്… അതദ്ദേഹത്തിന് ഭയമാണ്….

ഉള്ളിൽ നിന്നാരോ പറയും.

എന്താണ് എനിക്ക് അയാളോട് തോന്നുന്ന വികാരം…. സഹതാപമാണോ??വാത്സല്യമോ??

ആരാധനയോ??? അതോ പ്രണയമാണോ??? പക്ഷെ ഇത്ര പെട്ടന്ന് പ്രണയം തോന്നുമോ??

എനിക്കാകെ ഭ്രാന്ത്‌ പിടിക്കും പോലെ തോന്നി!!

പക്ഷെ ഒന്നെനിക്കു ഉറപ്പാണ്… ഈ താലി കഴുത്തിൽ ചേർന്ന് കിടക്കുമ്പോൾ അദ്ദേഹം എപ്പോഴും എന്നെ ചുറ്റി പറ്റി നിൽക്കുന്ന പോലെ എനിക്ക് തോന്നുന്നു… ആ സാന്നിധ്യം ഞാൻ ആഗ്രഹിക്കുന്നു..

തുടരും…..

ലൈക്ക് കമന്റ് ചെയ്യാൻ മടിക്കല്ലേ….

രചന: Chilanka Rifu