പൗർണ്ണമിത്തിങ്കൾ തുടർക്കഥ, ഭാഗം 2 വായിച്ചു നോക്കൂ…..

രചന : മീര സരസ്വതി

“പൗർണ്ണമിത്തിങ്കളെ…. നന്ദി.. എല്ലാത്തിനും…

വിവേക് ”

വായിച്ചതും സന്തോഷം തിരതല്ലി…

വല്ലാത്തോരുത്സാഹം വന്ന് പൊതിയും പോലെ..

ആളെ കാണണമെന്ന് വല്ലാത്തൊരാഗ്രഹം..

സ്കൂളിൽ വിധുവും ഞാനും ഒരുമിച്ചാണ് പോകാറ്..

അവൾ വഴിയിൽ കാത്തുനിൽക്കും.. നാളെ നേരത്തെ ഇറങ്ങണം.. വീട്ടിൽ പോകണം..

വിവിയേട്ടനവിടെയുണ്ടെങ്കിലോ.. ആളെ മനസ്സിലേക്കാവാഹിച്ച് ഉത്സാഹത്തോടെ ചാർട്ട് വരക്കാൻ തുടങ്ങി..

സ്കൂളിൽ ടീച്ചിങ് പ്രാക്റ്റീസ് തുടങ്ങുന്നതിനു മുന്നേ സിമ്പിൾ ആയിട്ടുള്ള രണ്ട മൂന്ന് കോട്ടൺ സാരികിൽ വാങ്ങി വെച്ചിരുന്നു.. കൂട്ടത്തിൽ ഭംഗിയുള്ളതെന്ന് തോന്നിയൊരു സാരിയെടുത്തണിഞ്ഞു..

പെട്ടെന്നൊരുങ്ങി.. അവസാനമായൊന്ന് കണ്ണാടിയിലേക്ക് നോക്കി സ്വയമൊന്ന് വിലയിരുത്തി..എന്തോ കുറവ് തോന്നുന്നുണ്ടല്ലോ..

ശൂന്യമായ കഴുത്തിലേക്ക് നോട്ടം പോയി.. എന്റെ ചെയിൻ കാണാനില്ല.. അതാ ഒരു കുറവുപോലെ തോന്നിയത്.. കുളിക്കുമ്പോഴൊന്നും അഴിച്ചു വെച്ചതായി ഓർക്കുന്നുമില്ല.. തിരയാൻ നിന്നാൽ വൈകുമെന്ന് ഉറപ്പുണ്ട്.. വൈകിട്ട് തിരിച്ചു വന്നിട്ട് തിരയാമെന്നൊർത്ത്‌ തിരക്കിട്ടിറങ്ങി..

വിവിയേട്ടന്റെ വീട്ടിലേക്ക് ആളവിടെയുണ്ടാകണേ എന്ന പ്രാർത്ഥനയോടെയാണ് നടന്നത്..

പ്രതീക്ഷിച്ചതുപോലെ തന്നെ ആള് ഉമ്മറത്ത് തന്നെയുണ്ട്.. പത്രവായനയിലാ.. ഞാൻ ചെന്നതൊന്നും അറിഞ്ഞിട്ടില്ല.. കൈയ്യിലെ മുറിവിലേക്ക് നോട്ടം പായിച്ചു.. ഡ്രസ്സ് ചെയ്തിട്ടുണ്ട്..

പടിമേൽ കയറി നിന്ന് മുരടനക്കിയതും ആളൊന്ന് മുഖമുയർത്തി നോക്കി.. അതേ സ്പീഡിൽ തന്നെ പിന്നെയും പേപ്പറിൽ മുഖം പൂഴ്ത്തി.. ഒന്ന് ചിരിച്ചത് പോലുമില്ല ജാഡതെണ്ടി.. ഒന്നുമില്ലേലും ആ കഷ്മലന്മാരുടെ കൈയ്യീന്ന് രക്ഷിച്ചതല്ലേ.. ആ നന്ദിയെങ്കിലും..ഏ.. ഹേ.. കെറുവോടെ ചിറികോട്ടി ഞാൻ അകത്തേക്ക് കയറിപ്പോയി..

“ഏഹ്.. നീ നേരെത്തെ ഇറങ്യാ..ഇന്ന് കാക്ക മലർന്നു പറക്കും ഉറപ്പാ..”

“എന്നാ ഞാൻ തിരിച്ചു പോയി വൈകി വരാം..

വെറുതെയെന്തിനാ കാക്കയെ ബുദ്ധിമുട്ടിക്കുന്നേ..

മര്യാദയ്ക്ക് പെട്ടെന്നുടുത്തൊരുങ്ങ്‌ പെണ്ണെ.. ഞാൻ പോയി ശാരദാമ്മയെ കണ്ടിട്ടും വരാം..”

ബാഗും ചാർട്ടുമൊക്കെ ബെഡിനു മുകളിൽ വെച്ച് അടുക്കളയിലേക്ക് വിട്ടു.. ശാരദാമ്മ കാര്യായിട്ട് ദോശ ചുട്ടെടുക്കുന്നുണ്ട്.. പിന്നിലെ പോയി കെട്ടിപ്പിടിച്ചതും ആളൊന്ന് ഞെട്ടി..

“പൗമി മോളെ.. നിന്നോടൊരായിരം തവണ പറഞ്ഞിട്ടുണ്ട് പിന്നിൽ ശബ്ദമില്ലാതെ വന്ന് നിൽക്കരുതെന്ന്..

പേടിച്ചു പോയല്ലോ..”

“ഇങ്ങനെ ഞാൻ മാത്രല്ലേ നിൽക്കാറുള്ളൂ..

പിന്നെന്തിനാ പേടിക്കുന്നെ ശാരദാമ്മോ…”

കവിള് പിടിച്ച് കൊഞ്ചിച്ച് പറഞ്ഞ് ആളുടെ കൈയ്യിൽ നിന്നും തവി പിടിച്ചു വാങ്ങി ദോശ മറിച്ചിട്ടു..

” പ്ലേറ്റ്‌ എടുത്തിട്ടും വാ മോളെ.. ചൂടോടെ കഴിക്കാം..”

“ഇയ്യോ.. വയറു ഫുള്ളാ.. ഇനി കേറത്തില്ല..

അവിടേം ദോശയായിരുന്നു…”

ആ ദോശയെടുത്ത് കാസറോളിൽ ഇടാൻ പോയതും ഒരു പ്ലേറ്റ് നീണ്ടു വന്നു.. വിവിയേട്ടനാണെ.. ആ മുഖത്തെ ഗൗരവത്തിനൊരു കുറവുമില്ല.. ഞാനും വിട്ടുകൊടുത്തില്ല.. പ്ലേറ്റിലിടാതെ കാസറോളിലേക്ക് തന്നെയിട്ടു വിജയീ ഭാവത്തിൽ ആളെ നോക്കി..

കലിപ്പിച്ചാളു നോക്കിയതും ഞാനൊന്നിളിച്ച് കാട്ടി..

അപ്പോഴേക്കും ശാരദാമ്മ അടുത്ത ദോശയ്ക്കുള്ള മാവ് പാനിലൊഴിച്ചു തവികൊണ്ട്‌ പരത്തി..

കാസറോളിൽ നിന്നും ദോശയെടുത്തിട്ട് ചട്ണിയും അതിൽ തന്നെ ഒഴിച്ച് തട്ടിമേൽ കയറി ആള് തീറ്റി ആരംഭിച്ചു..

അവിടെ നിന്ന് കൊത്തിപ്പെറുക്കിയിട്ട് ഒരു കാര്യവുമില്ല.. ആളുടെ മുഴുവൻ ശ്രദ്ധയും ആഹാരത്തിൽ മാത്രമായിരുന്നു.. പിന്നെയവിടെ നിൽക്കാൻ തോന്നിയില്ല.. വിധൂനെ അന്വേഷിച്ഛ് അവളുടെ മുറിയിലേക്ക് നടന്നു..

പെണ്ണൊരുങ്ങി കഴിക്കാനായി അടുക്കളയിലേക്ക് നടന്നതും ഞാൻ ഉമ്മറത്ത് പോയി ഇരുന്നു..

“പൗമീ.. നിന്റെ മുറിയിൽ ജനാല റെഡിയാക്കിയാ..?”

റിനീഷേട്ടനാണ്.. വിവിയേട്ടന്റെ തിക്ക്‌ ദോസ്ത്..

ആച്ചിനൊത്ത കൂച്ച്‌ എന്നൊക്കെ പറയ്യാറില്ലേ ആ ടൈപ് സാധനം.. തൊട്ടടുത്താണ് ആളുടെ വീട്..

“അപ്പൊ ജനൽ പൊട്ടിച്ചത് റിനീഷേട്ടനാണല്ലേ..

വേറെത്ര മുറിയുണ്ടായിരുന്നെടാ കാലമാട..

എന്റേതേ പൊട്ടിക്കാൻ കണ്ടുള്ളൂ..”

“ഏയ്.. അത് ഞാനല്ല.. ഞാൻ താഴത്തെ റൂമിലേതാ പൊട്ടിച്ചെ.. ”

റിനീഷേട്ടൻ നിഷ്കളങ്കമായി പറഞ്ഞതും ഞാൻ എളിയിൽ കൈകുത്തി ആളെ കൂർപ്പിച്ച് നോക്കി..

ആളെന്നെയൊന്ന് ഇളിച്ചുകാട്ടി.. വിവിയേട്ടൻ ശാരദാമ്മയോട് യാത്ര പറഞ്ഞിറങ്ങി.. കൂടെ വിധുവുമിറങ്ങി വന്നു.. അവര് രണ്ടുപേരും മുന്നിലായി നടക്കുന്നുണ്ട്.. അവരുടെ പിന്നാലെ കുറച്ചകലത്തിൽ ഞങ്ങളും..

പെട്ടെന്ന് റിനീഷേട്ടൻ എന്തോ പറയാനായി ഞങ്ങളെ തിരിഞ്ഞു നോക്കിയതും വിവിയേട്ടൻ റിനീഷേട്ടന്റെ വാ പൊത്തിപ്പിടിച്ച് കുനിച്ച് നിർത്തി തല്ലുന്നത്‌ കണ്ടു..

പിന്നെയും എന്തൊക്കെയോ പറഞ്ഞു രണ്ടാളും ചിരിക്കുന്നുമുണ്ട്.. എന്റെ ശ്രദ്ധമുഴുവൻ അവരിലായിരുന്നു.. കൂടെ വിധു ഉള്ള കാര്യം തന്നെ മറന്നു പോയിരുന്നു..

“ഡി.. നീ ഞാൻ പറഞ്ഞത് വല്ലതും കെട്ടായിരുന്നോ..?”

“ഏഹ്ഹ്.. എന്താ പറഞ്ഞെ..?”

“കുന്തം.. ഡീ നീ ഇങ്ങനെ നോക്കി വെള്ളമിറക്കാതെ പോയി ഇഷ്ടമാണെന്ന് പറ..”

“നല്ല കാര്യായിപ്പോയി നിന്റെ കാട്ടുമാക്കാൻ ആങ്ങളയ്ക്ക് എന്നെ കണ്ണിനു കണ്ടുകൂടാ.. ഒന്ന് നോക്കി ചിരിച്ചാൽ തന്നെ ആള് നോക്കി പേടിപ്പിക്കും.. ഞാൻ ഇനി ഇഷ്ടൊം പറഞ്ഞോണ്ട് ചെന്നാൽ മടല് വെട്ടി അടിക്കും..”

“നിക്ക് തോന്നുന്നത് ഏട്ടന് നിന്നെ ഇഷ്ടാണെന്നാ…”

“ഹും.. ഇഷ്ടം.. നീ ഇത് നോക്ക്യേ..”

ബാഗിൽ നിന്നും ആളെഴുതി വെച്ച കുഞ്ഞു നോട്ടെടുത്ത് അവളെ കാണിച്ചു.. നടന്ന കാര്യങ്ങളൊക്കെ പറഞ്ഞതും പെണ്ണിന്റെ കണ്ണൊക്കെ വിടർന്നിട്ടുണ്ട്…

“പൗർണ്ണമിത്തിങ്കൾ … ഇതതെന്നെ.. ഞാൻ പറഞ്ഞില്ലേ..”

“ഞാനും അത് പ്രതീക്ഷിച്ചാ രാവിലെ ഓടി വന്നത്..

എവിടെ.. എന്നെ കണ്ട ഭാവമില്ലായിരുന്നു.. ഒന്ന് നോക്കിയത് കൂടിയില്ല..”

പെണ്ണ് ചുണ്ടുമലർത്തി പറഞ്ഞു..

റിനീഷേട്ടനും വിവിയേട്ടനും വായനശാലയിലേക്ക് കയറിപ്പോയിരുന്നു.. വായനശാലയുടെ അടുത്തെത്തിയതും ചുമ്മാ അകത്തേക്ക് നോട്ടം പായിച്ചു.. വാതിൽക്കൽ തന്നെ ആള് നിൽപ്പുണ്ട്..

വായനശാലയും കടന്ന് പോയപ്പോളാണ് ഓർത്തത് ആളുടെ ചുണ്ടിൽ ചെറുചിരിയുണ്ടായിരുന്നെന്ന്..

പെട്ടെന്ന് തിരിഞ്ഞു നോക്കിയതും ഞങ്ങളെ ചെറു ചിരിയോടെ നോക്കി നിൽക്കുന്ന വിവിയേട്ടനെ കണ്ടു..

ഇങ്ങേരെ മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ ഈശ്വരാ..

സ്കൂളെത്തിയതും ഞങ്ങൾ സയൻസ് ലാബിലേക്ക് നടന്നു.. സ്റ്റാഫ്‌റൂമിൽ ഇടമില്ലാത്തതിനാൽ ഞങ്ങൾ ട്രൈനീസിനിരിക്കാൻ ലാബാണ് ഒരുക്കിത്തന്നത്..

അവിടെ ഒരു അസ്ഥികൂടവും കുപ്പിയിൽ ലായനിയിൽ അടച്ചു സൂക്ഷിച്ച പാമ്പ്, തവള ഇത്യാദി ജീവികളൊക്കെയുണ്ട്.. ഞങ്ങളെ കൂടാതെ വേറെ രണ്ടു ട്രൈനീസ് കൂടെയുണ്ട്.. എല്ലാവരും വിവിധ വിഷയങ്ങളും.. വിധുവിനു ഫസ്റ്റ് പീരീഡ് ക്ലാസ് ഉണ്ടായതിനാൽ ബാഗ് അവിടെ വെച്ച് അവള് പോയി..

ഞാനാ കുറിപ്പെടുത്ത് പിന്നെയും വായിച്ചു..

അന്നത്തെ സംഭവങ്ങൾ പിന്നെയും മനസ്സിലേക്കോടി വന്നു.. ഇന്നത്തെ സംഭവങ്ങളിലൂടെയും ഒന്ന് ഓടിച്ചു നോക്കി.. അവസാനമാ ചിരിയും.. ആളുടെ മനസ്സിലെന്താണെന്ന് മനസ്സിലാക്കാൻ പറ്റുന്നില്ലാലോ..

💖💖💖💖💖💖💖💖

കുറച്ച് ദിവസങ്ങൾ അങ്ങനെ കടന്നുപോയി..

ഇടയ്ക്ക് ഒന്ന് രണ്ടു തവണ വിവിയേട്ടനെ കണ്ടിട്ടുണ്ട്.. പതിവ് പോലെ തന്നെ.. ആലുവാ മണൽപുറത്ത് കണ്ട പരിചയം പോലും കാണിക്കാറില്ല..

“പൗർണ്ണമി ടീച്ചറെ ഈ പീരീഡ് ഫ്രീയാണല്ലേ.. സിക്ക് റൂമിൽ ഇരിക്കാവോ..? ഒരു കൊച്ച്‌ വയ്യാതെ ഇരിപ്പുണ്ട്.. തലവേദനയാണെന്ന്..എനിക്കീ പീരീഡ് കേറണം അതാ..”

വത്സമ്മ ടീച്ചറാണ്.. ആളിവിടെ ഹിന്ദി ടീച്ചറാണ്..

എന്നെയും പഠിപ്പിച്ചിട്ടുണ്ട്..

ട്രൈനീസ് ആയാലും ഞങ്ങൾക്കും അദ്ധ്യാപകരുടെ ഇടയിൽ അതേ ബഹുമാനം തന്നെ കിട്ടുന്നുണ്ടെ..

സിക്ക് റൂമിൽ പോയി നോക്കി.. ഒരു കുഞ്ഞു പയ്യൻ ഡസ്കിൽ തലവെച്ച് ഇരിക്കുന്നുണ്ട്.. പതിയെ പോയി അവന്റെ തോളിൽ തൊട്ടു.. അവൻ തല ഉയർത്തി നോക്കി.. അഭിറാം.. ഞങ്ങളുടെ രാമു..

റിനീഷേട്ടന്റെ അകന്ന ബന്ധുവാണ്.. വിധുവിന്റെ വീടിനു കുറച്ചടുത്താണ് വീട്.. ഇവിടെ അഞ്ചാം ക്ലാസ്സിലാണ്..കണ്ണൊക്കെ കലങ്ങിയിട്ടുണ്ടല്ലോ..

ചാലിട്ടൊഴുകിയ കണ്ണ് നീർ കണ്ടതും ഞാനൊന്ന് പകച്ചു..

“എന്ത് പറ്റിയതാ രാമൂ.. എന്തിനാ കരയുന്നെ..

വയ്യേ നിനക്ക്….? വീട്ടിൽ പോണോ..? ”

ഒറ്റ ശ്വാസത്തിൽ കുറെയേറെ ചോദ്യങ്ങൾ..

ഒന്നിനും മറുപടി തരാതെ ചേച്ചീ എന്നും വിളിച്ചവൻ എന്നെ കെട്ടിപിടിച്ചു.. തനിച്ചായപ്പോൾ പേടിച്ചു കാണണം..

പതിയെ അവന്റെ മുടിയിലൂടെ വിരലോടിച്ചു..

“ടീച്ചർ എന്തേലും മരുന്ന് തന്നായിരുന്നോ രാമൂ.. ?”

ഇല്ലെന്ന് തലായാട്ടി ആ കുഞ്ഞ്..

“എവിടെയാ വേദനിക്കുന്നെ..?”

നെറ്റിയിലാണ് വേദനയെങ്കിൽ ബാം പുരട്ടികൊടുക്കാം എന്നോർത്താണ് ചോദിച്ചത്..

പക്ഷെ അവന്റെ മറുപടി എന്നെ അത്ഭുതപ്പെടുത്തി..

അവനു വയറു വേദനയാണെന്ന്.. ടീച്ചർ എന്നോട് തലവേദനയാണെന്നല്ലേ പറഞ്ഞത്.. കള്ള വേദനയാണപ്പോൾ.. പക്ഷെ അവന്റെ കരച്ചിൽ കണ്ടപ്പോൾ വേറെന്തോ കാര്യമുണ്ടെന്ന് തോന്നി..

അവന്റെ കണ്ണുകളിൽ വല്ലാത്തോരു നിസ്സഹായത അനുഭവപ്പെട്ടു…

“നമുക്ക് വീട്ടിൽ പോയാലോ രാമു.. ചേച്ചി കൊണ്ട് വിടാം…”

സമ്മത ഭാവത്തിൽ തലയാട്ടിയതും ഞാൻ സ്റ്റാഫ്‌റൂമിൽ നിന്നും അനുവാദം വാങ്ങിച്ചു.. വിധൂന് ക്‌ളാസ്സുണ്ടായതിനാൽ അവളോട് പറയാൻ ഒരു കുട്ടിയെ ഏൽപ്പിച്ച് രാമുവിന്റെ കൈയും പിടിച്ചു മുന്നോട്ട് നടന്നു.. ഉച്ചകഴിഞ്ഞുള്ള പെരിയഡുകളൊന്നും എനിക്കുണ്ടായിരുന്നില്ല..

ഒക്കെയും രാവിലെ തന്നെ തീർന്നതിനാൽ പ്രശ്നമില്ലായിരുന്നു..

പോകും വഴിയേ അമ്പലത്തിനടുത്തെത്തിയതും.

ഞാൻ നിന്നു..

“രാമൂ.. ചേച്ചി തളർന്നെടാ.. നമുക്ക് കുറച്ചു നേരം ആൽമരച്ചുവട്ടിൽ ഇരുന്നാലോ..?”

അവൻ സമ്മതിച്ചതും അവനെ പൊക്കിയെടുത്ത് ആൽമരത്തറയിൽ ഇരുത്തി.. ഉച്ച സമയമായതിനാൽ ആരുമുണ്ടായിരുന്നില്ല.. ഞാനും അവിടെ ചാരി നിന്ന് അവനെ വീക്ഷിച്ചു..

എവിടേക്കോ കണ്ണും നട്ട്‌ ഇരിപ്പാണ്.. എന്തോ കാര്യമായ ചിന്തയിലാണ്..

“രാമൂ.. എന്തിനാ കള്ളം പറഞ്ഞെ.. ?

വേദനയില്ലെന്ന് ചേച്ചിക്കറിയാലോ..”

അവൻ അത്ഭുതത്തോടെ മിഴിച്ചു നോക്കുന്നുണ്ട്..

“രാമു കള്ളം പറയാത്ത കുഞ്ഞാണെന്നാ ചേച്ചി വിചാരിച്ചേ..”

ഞാൻ നിരാശയോടെ അവനെ നോക്കി.. ആ കുഞ്ഞു മുഖവും ചുളിഞ്ഞു പോയി..

“എന്തിനാ കരഞ്ഞേ..അമ്മയോട് വഴക്കിട്ടോ.. ?”

ഇല്ലെന്ന് തലയാട്ടി.. അവനെന്തോ പറയാനുണ്ടെന്ന് തോന്നി..

“കുഞ്ഞോൾ വന്നതാണോ പ്രശ്നം.. കുഞ്ഞോളെ ഇഷ്ടായില്ല രാമൂന്..?”

അവന്റെ കുഞ്ഞനിയത്തിയാണെ.. മാസങ്ങൾ മാത്രമേ ആയുള്ളൂ..

“കുഞ്ഞോളെ എനിക്കത്രയ്ക്ക് ഇഷ്ടാ ചേച്ചി..”

അവൻ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞതും വല്ലാതായി.. ചേർത്ത് പിടിച്ചു പുറത്ത് തട്ടിക്കൊടുത്തു..

കുറച്ച് ആശ്വാസമായതും അവൻ നേരെയിരുന്നു..

“എന്താ പറ്റ്യെന്ന് ചേച്ചിയോട് പറയില്ലേ രാമൂ…?”

“നിക്ക് പേടിയാ ചേച്ചി.. ഞാൻ പറഞ്ഞാൽ അരുൺചേട്ടൻ.. എന്റെ കുഞ്ഞോളേയും…

അയാള് ചീത്തയാ.. നിക്ക് പേടിയാ..”

ആ പത്ത് വയസ്സുകാരൻ പറഞ്ഞു നിർത്തിയതും എന്നിലൂടെയൊരാന്തൽ കടന്നു പോയി..

വിചാരിച്ചതിനേക്കാൾ വേറെന്തോ വലിയ പ്രശ്നമാണെന്ന് തോന്നി..

“ചേച്ചിയോട് പറ രാമൂ.. രാമു പറഞ്ഞെന്ന് ഞാൻ ആരോടും പറയത്തില്ല.. കുഞ്ഞോളെ ഒന്നും ചെയ്യാൻ ചേച്ചി സമ്മതിക്കില്ല.. ഉറപ്പ്..”

ആ കുഞ്ഞ് പറയുന്ന കാര്യങ്ങൾ കേട്ടതും ഉള്ളം കാൽ മുതൽ തലവരെ പെരുത്ത് കയറി.. ഒരു വേള ഛർദിക്കണമെന്ന് പോലും തോന്നിപോയി..

ഈ കുഞ്ഞു പ്രായത്തിൽ അവനനുഭവിച്ച കാര്യങ്ങൾ കണ്ണീരിന്റെ അകമ്പടിയോടെ പറയുമ്പോൾ അറിയാതെ ഞാനും തേങ്ങിപ്പോയി.. അവനെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുമ്പോഴും ഇനിയെന്ത് വേണമെന്ന് ഒരു എത്തുംപിടിയും ഇല്ലായിരുന്നു..

രാമുവിന്റെ അച്ഛന്റെ ചെറിയച്ഛന്റെ മോനാണ് അരുൺ.. തറവാട്ടിലാണ് താമസം.. തൊട്ടടുത്താണ് അവരുടെ വീടും.. നാട്ടിലും വീട്ടിലും അയാളെ കുറിച്ച് നല്ല അഭിപ്രായം മാത്രമേയുള്ളൂ.. മാത്രമല്ല ചെറുപ്പവും..

“മോനെന്താ അമ്മയോടിതൊന്നും പറയാതിരുന്നേ..?”

“ഞാൻ പറഞ്ഞാൽ കുഞ്ഞോളേയും ഇതുപോലൊക്കെ ചെയ്യും.. കുഞ്ഞോളെ കൊല്ലുമെന്നൊക്കെ പറഞ്ഞു.. പേടിയാ.. ന്റെ കുഞ്ഞോളേയും അയാൾ..”

“പോട്ടെ.. പേടിക്കേണ്ടാ.. ഇനി രാമുവിനെയും കുഞ്ഞോളേയും അയാൾ ഒന്നും ചെയ്യില്ല.. ഇനി അയാൾ രാമുവിന്റെ അടുത്തേക്ക് പോലും വരാതെ ചേച്ചി നോക്കിക്കോളാം.. വീട്ടിൽ ചെന്ന് കുളിച്ച് ഭക്ഷണമൊക്കെ കഴിച്ചൊന്ന് ഉറങ്ങ്.. ഒക്കെ ശെരിയാകും ട്ടോ..”

സാരിത്തലപ്പ് കൊണ്ട് മുഖം തുടച്ച് കൊടുത്തു കൊണ്ട് പറഞ്ഞതും അവൻ തലയാട്ടി.. രാമുവിനെ വീട്ടിൽ വിട്ട് തിരികെ നടക്കുന്നതിനിടിയിൽ റിനീഷേട്ടനെ വിളിച്ചു.. റിനീഷേട്ടനും വിവിയേട്ടനും കവലയിൽ ഒരു ഫുട്‍വെയർ ഷോപ് നടത്തുന്നുണ്ട്..

അളവിടെയാണ്.. അർജന്റാണ് ഒന്ന് കാണണമെന്ന് പറഞ്ഞതും പത്ത് മിനിറ്റിനുള്ളിൽ ആൽമരച്ചുവട്ടിൽ എത്തിക്കോളാമെന്ന് പറഞ്ഞു..

ആൽമരത്തറയിൽ ഇരിക്കുമ്പോഴും റിനീഷേട്ടനോട് ഇതെങ്ങനെ പറഞ്ഞു തുടങ്ങുമെന്നായിരുന്നു ആലോചന..

പ്രതീക്ഷിച്ചത് പോലെ വിവിയേട്ടനും കൂടെയുണ്ട്..

റിനീഷേട്ടൻ എന്റെ അടുത്ത് വന്നിരിന്നു…

വിവിയേട്ടൻ ബൈക്കിൽ നിന്നും ഇറങ്ങിയില്ല..

എന്തോ ആളെ നോക്കാനെ പോയില്ല.. കാര്യങ്ങൾ ഒരു വിധം പറഞ്ഞു കഴിഞ്ഞതും ദേഷ്യം കൊണ്ട് വിറക്കുന്നുണ്ട് റിനീഷേട്ടൻ..

“വന്ന് കേറടാ.. ആ പന്നിയെ ഇന്ന്..”

നാവു കടിച്ച് കോമരം പോലെ ഉറഞ്ഞു തുള്ളുന്നുണ്ട് വിവിയേട്ടൻ.. കൂടെ പോകാനൊരുങ്ങിയ റിനീഷ്ട്ടന്റെ മുന്നിൽ കയറി നിന്ന് ആളെ തടഞ്ഞു..

“റിനീഷേട്ടാ.. എടുത്തു ചാടിപ്പോയി അയാളെ ഇടിച്ചത് കൊണ്ട് മാത്രം പരിഹാരമാകില്ല.. കാര്യം കേസാക്കിയെ പാടുള്ളൂ.. ഇനിയും ഒരു കുഞ്ഞിനെ പോലും അവനിങ്ങനെ കാണാൻ തോന്നരുത്.. ഒരു കുഞ്ഞിനെ പോലും തൊടാൻ ഇനിയിന്നാട്ടിൽ ഒരുത്തനും മുതിരരുത്.. അത്രയേറെ ദുഷിച്ച കാര്യങ്ങളാ ആ കുഞ്ഞിനോട് ചെയ്തേ.. അറപ്പു തോന്നിപോകും.. പറയാൻ പറ്റാത്തതായതിനാൽ ഞാൻ പലതും നിങ്ങളോടു പറയാതെ വിഴുങ്ങിയതാ..

കേട്ട എനിക്ക് ഇത്രമേൽ നൊന്തെങ്കിൽ അനുഭവിച്ച രാമുവിന്റെ അവസ്ഥയെന്താകും..

രാമുവിന് നല്ല കൗൺസിലിംഗ് കൊടുക്കണം..

അവൻ ആകെ തകർന്നിരിപ്പാ.. റിനീഷേട്ടൻ ആദ്യം അവന്റെ വീട്ടിൽ ചെന്ന് അവന്റെ അമ്മയോടും അച്ഛനോടും കാര്യം പറഞ്ഞ് മനസ്സിലാക്ക്‌.. സ്വന്തം കുടുംബത്തിൽ പോലും കുഞ്ഞുങ്ങൾ സുരക്ഷിതരല്ലെന്ന് വെച്ചാൽ..”

പറയുമ്പോൾ കിതച്ചു പോയിരുന്നു.. തളർച്ചയോടെ ആൽമരത്തറയിൽ പോയിരുന്നു.. അടുത്തായി ആരോ വന്നിരുന്നത് അറിഞ്ഞതും തല ഉയർത്തി നോക്കി.. വിവിയേട്ടനാണ്.. ആളുടെ അപ്പുറത്തായി റിനീഷേട്ടനും വന്നിരുന്നു.. വിവിയേട്ടൻ എന്റെ വലതു കൈയ്യുടെ മേൽ ആളുടെ കൈ ചേർത്ത് പിടിച്ചു..

അറിയാതെ തന്നെ ആ തോളിലോട്ട് ഞാൻ തല ചായ്ച്ചിരുന്നു..

(തുടരാം..)

എത്രത്തോളം നന്നായെന്നറിയില്ലാട്ടോ…

എന്റെ ടീച്ചേഴ്സ് ട്രെയിനിങ് ടൈം സ്കൂളിൽ ഇതുപോലൊരു അനുഭവം ഉണ്ടായിരുന്നു.. സ്കൂളിലെ ടീച്ചേഴ്സ് ഭംഗിയായി തന്നെ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നു.. എത്ര കണ്ടാലും കേട്ടാലും ഇങ്ങനുള്ള കാര്യങ്ങളൊക്കെ പിന്നെയും സമൂഹത്തിൽ നടക്കുന്നുണ്ട്.. ഗുഡ് ടച്ച് ആൻഡ് ബാഡ് ടച്ച് പറഞ്ഞാൽ മനസിലാകുന്ന പ്രായം തൊട്ടേ പറഞ്ഞു കൊടുക്കാൻ നമ്മൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു..

പിന്നെ മാതാപിതാക്കളോട് എന്തും തുറന്ന് പറയാനുള്ള മനോഭാവം പിള്ളേരിൽ ഉണ്ടാക്കിയെടുക്കുകയും ചെയ്യണം…

ലൈക്ക് ഷെയർ ചെയ്യണേ…

രചന : മീര സരസ്വതി