ഒറ്റക്കാലില്‍ നിൽക്കാൻ കഴിയുമെന്ന് കാണിച്ചു കൊടുത്ത പെണ്ണിന്റെ തന്റേടം…..

രചന :Ameen Azad

സിറ്റിയിലുള്ള ഒരു ജ്വല്ലറിയില്‍ നിന്നും ഒന്നര പവന്റെ സ്വര്‍ണ്ണവും വാങ്ങി അവൾ ബസ്സ് സ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു നീങ്ങി….

പതിമൂന്ന് വർഷത്തെ കടം….!!!

വിവാഹം സമയത്ത് അച്ഛൻ അളന്നു തൂക്കി കൊടുത്ത സ്ത്രീധനത്തില്‍ ഒന്നര പവന്റെ

‘വലിയൊരു’ കുറവുണ്ടായിരുന്നു.

“എനിക്കൊരു രണ്ടുമാസത്തെ സാവകാശം കൂടി തരണം…..ഞാൻ തരാം….ചെറിയൊരു ബുദ്ധിമുട്ടായി പോയി…..”

അച്ഛൻ കാലു പിടിച്ചു ഒരുവിധത്തില്‍ അവളുടെ ഭര്‍ത്താവിനെ പറഞ്ഞു നിറുത്തിയെങ്കിലും…..

വിധി, ഹാര്‍ട്ടറ്റാക്കിന്റെ രൂപത്തിൽ വന്ന് അച്ഛനെ തട്ടിയെടുത്തു…

പക്ഷെ, അച്ഛൻ കൊടുത്ത ആ വാക്ക്.

അതൊരു വലിയ ചോദ്യ ചിഹ്നമായി ഈ ഭൂമുഖത്തവശേഷിച്ചു..!

“ചത്തുപോയ നിന്റെ തന്ത, എന്നെ പറഞ്ഞു പറ്റിച്ചല്ലേടി….നിന്നെ എന്റെ തലയില്‍ കെട്ടി വെച്ചത്…..”

മനസ്സിലേക്ക് തുളച്ചു കയറുന്ന കുത്തു വാക്കുകള്‍….

“ചത്തുപോയ നിന്റെ തന്ത…..”

ആ വാക്കിന് സൂചി മുനയേക്കാൾ പതിനായിരം മടങ്ങ് മൂര്‍ച്ചയുണ്ടായിരുന്നു…!!

മനുഷ്യത്വത്തിന് പോലും വിലകല്പിക്കാതെ വളരെ തുച്ഛമായ സ്ത്രീധനത്തിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന വേദന, ചില്ലറയൊന്നുമല്ല.

എന്നിരുന്നാലും ഒരോരോ ആവശ്യങ്ങള്‍ക്കായി, ഊരിപെറുക്കിയെടുക്കാന്‍….,അവളുടെ കഴുത്തിലും, കാതിലും കിടന്ന ബാക്കി സ്വര്‍ണ്ണങ്ങളെ ഉണ്ടായിരുന്നുള്ളൂ….

എന്നിട്ടും, എന്ത് നല്കിയിട്ടുമെന്തേ…,കാലമേ…

ഒരു നുള്ള് പൊന്നിന്റെ പേരില്‍ പെണ്ണിനെന്നും പൊള്ളുന്ന ജീവിതം….???

ജോലി ചെയ്തു കിട്ടുന്നത് തികയാതെ വരുമ്പോൾ , കടവും വാങ്ങി മൂക്കറ്റം മദ്യപിച്ച്, നാഴിക്കുനാല്‍പ്പതു വട്ടം കുറ്റവും പറഞ്ഞു നടക്കുന്ന അയാൾ സ്വന്തം മക്കള്‍ക്കായി

‘” എന്തെങ്കിലും സമ്പാദിച്ചു വെച്ചിട്ടുണ്ടൊ ‘” എന്ന ചോദ്യത്തിന് ഒരു പക്ഷേ ഉത്തരം വട്ടപൂജ്യമായിരിക്കും…

“” ഇങ്ങനെ പോയാല്‍ താമസിയാതെ ഞാനും, എന്റെ മക്കളും പട്ടിണി കിടന്നു മരിക്കേണ്ടിവരും…..

“” എന്റെ മകളുടെ വിവാഹം സമയത്ത് ഞാൻ ഉറപ്പായും തെരുവിലിറങ്ങി തെണ്ടേണ്ടിവരും….

വെറും നിസ്സാരമായ ആ കടത്തിന്റെ പേരില്‍ മരണം വരെ ആട്ടുംതുപ്പും സഹിച്ച് ഇങ്ങനെ നീറി നീറി നരകിച്ചു ജീവിക്കേണ്ടവളല്ല ഞാൻ…

ആ, പൊള്ളുന്ന അനുഭവങ്ങളില്‍ നിന്നും അവൾ പഠിച്ച പാഠം…

എനിക്കും ജീവിക്കണം….!!

അഭിമാനത്തോടെ, അന്തസ്സായിട്ട്…!!

സിറ്റിയിലുളള ഒരു ടെക്സ്റ്റൈല്‍സ്‌ ഷോപ്പില്‍ സെയില്‍സ്‌ ഗേളായി അവൾ ജോലിയ്ക്ക് കയറി….

പതിയെ, പതിയെ മൊട്ടിട്ടു തുടങ്ങി അവളുടെ സ്വപ്നങ്ങള്‍….

കിട്ടുന്ന ശമ്പളം എത്രയായാലും, ഉപ്പു തൊട്ടു കര്‍പ്പൂരം വരെയുള്ള കണക്കുകൾ വളരെ കരുതലോടെ നീക്കി….

“” ഇന്നെന്റെ കുടുബം എന്റെ ഈ കരങ്ങളില്‍ ഭദ്രമാണെന്ന് അവള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്.

ഒരു നുള്ള് പൊന്നിന്റെ പേരില്‍ വാശിയോടെ തുടങ്ങിവെച്ച ജീവിതം….

വർഷങ്ങൾക്കിപ്പുറം…..,

ഒറ്റക്കാലില്‍ നിൽക്കാൻ കഴിയുമെന്ന് കാണിച്ചു കൊടുത്ത പെണ്ണിന്റെ തന്റേടം…..!!

ഫീനിക്സ് പക്ഷിയെ പോലെ ചാരത്തില്‍ നിന്നും പറന്നുയര്‍ന്ന നാൾ തൊട്ട് മനസ്സിൽ കുറിച്ചിട്ടതാണ്…!!

ഇനിയൊരിക്കലും ആ ഒന്നര പവന്‍ സ്വര്‍ണ്ണത്തിന്റെ കണക്കു പറയാന്‍ ആരുടെയും നാവ് എന്റെ നേര്‍ക്ക് പൊങ്ങരുതെന്ന്….!!!

രചന :Ameen Azad