കല്യാണം കഴിക്കാൻ ഒരു പാവപ്പെട്ട വീട്ടിലെ പെണ്ണിനെ വേണമെന്ന് കണ്ണേട്ടന് നിർബന്ധം ഉണ്ടായിരുന്നു…..

വില

രചന : Vijay Lalitwilloli Sathya

കഠിനാധ്വാനവും അർപ്പണ മനോഭാവവും കൈമുതലായിരുന്ന കണ്ണേട്ടൻ ഗൾഫിൽ ഒരുപാട് സമ്പാദിച്ചു.

നാട്ടിൽ അറിയപ്പെടുന്ന പണക്കാരൻ ആയി മാറി.

ഗൾഫിൽ ധാരാളം വ്യാപാര സ്ഥാപനങ്ങൾ സ്വന്തമായി ഉണ്ടാക്കി. വിവാഹത്തിന് മുമ്പേ ഇത്രേം സമ്പാദിച്ചവർ കണ്ണേട്ടന്റെ നാട്ടിൽ ഇല്ല.

ആ കാലയളവിൽ ആണ് കണ്ണേട്ടൻ ആമിയെ കെട്ടുന്നത്. വളരെ താഴ്ന്ന സാമ്പത്തിക നിലയിൽ ഉള്ള പാവപെട്ട ഒരു പെണ്ണിനെ വേണമെന്ന് കണ്ണേട്ടന് നിർബന്ധം ഉണ്ടായിരുന്നു.

അത്‌ കൊണ്ട് തന്നെ ആ നറുക്ക് ആമിയുടെ കുടുംബത്തിന് ലഭിച്ചു. വളരെ ചെറിയ വീടായിരുന്നു ആമിയുടേത്. അപ്പനാണെങ്കിൽ അല്പം സ്വല്പം വെള്ളമടിയൊക്കെയുണ്ടെങ്കിലും സാധു എന്നാണ് നാട്ടുകാർ പറയുന്നത്. സുന്ദരിയായ ആമിയെ കണ്ണേട്ടൻ ഒറ്റനോട്ടത്തിൽ ഇഷ്ടപ്പെട്ടു.

ആമിക്ക് കണ്ണേട്ടനെ തനിക്കു കിട്ടുമോ എന്ന് ഉള്ളിൽ സംശയം ഉണ്ടായിരുന്നു. കാരണം കണ്ണേട്ടൻ വീട്ടിൽ വന്ന വണ്ടിയുടെ വിലയും വേഷഭൂഷാദികൾ എല്ലാം എങ്ങേനെയും തന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയുമായി ഒത്തു പോകുന്നതല്ല.പെണ്ണ് കാണാൻ വീട്ടിൽ വന്നു ഇരുന്നപ്പോൾ കണ്ണേട്ടന്റെ സുഗന്ധം തന്റെ കൊച്ചു വീടിനെ മുക്കിക്കളഞ്ഞു.

ചായ കൊണ്ട് കൊടുക്കുമ്പോൾ ആമിയുടെ വിരലുകൾ വിറയാർന്നിരുന്നു. അടുത്ത് വന്നു പേര് ചോദിക്കുമ്പോൾ വശ്യമായ ആ സൗന്ദര്യം തുളുമ്പുന്ന ആ മുഖത്തെ എളിമ എന്തോ തനിക്കു ഊർജമായി.

തന്റെ താല്പര്യമാണ് എളിയ കുടുംബത്തിലെ കുട്ടി തന്നെ വേണമെന്നത്. വളരെ കഷ്ടതയിൽ ആണ് അച്ഛന്റെ മരണശേഷം അമ്മ എന്നെ വളർത്തിയത്.

ദാരിദ്രവും പരാധീനതയും മാത്രമായിരിന്നു ഈ അടുത്ത കാലം വരെ ഞങ്ങൾക്ക്. ദൈവം കൃപ ചൊരിഞ്ഞു എന്ന് പറഞ്ഞാൽ മതിയല്ലോ ചുരുങ്ങിയ കാലം കൊണ്ട് എനിക്ക് ഒരുപാട് സമ്പാദ്യം ദൈവം തന്നു. എന്റെ അമ്മ ഇന്നും ആ എളിയ ജീവിതം ഇഷ്ടപെടുന്നു. ഈ സുഖത്തിലും ഏകയായ തന്റെ അമ്മയ്ക്ക് കൂട്ടായി ഒരു മകളെ പോലെ നിൽക്കുന്ന പെണ്ണിനെ വേണം. സമ്പന്നതയിൽ നിന്നു വരുന്നവർ തന്റെ അമ്മയെ എത്ര മാത്രം ശുഷ്കാന്തിയുടെ നോക്കുമെന്നത് കണ്ണേട്ടന് അറിയാം.അതു കൊണ്ട് എന്റെ അമ്മയെ സ്വന്തം അമ്മയായി കണ്ടു സ്നേഹിക്കുന്ന ഒരു പെണ്ണിനേയും പെണ്ണ് വീട്ടുകാരെയും നോക്കി നടക്കുന്ന എനിക്ക് നിന്നെയും കുടുംബത്തെയും ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു കണ്ണേട്ടൻ ആമിയോട്.

അങ്ങനെ ആമിയുമായി കണ്ണേട്ടൻ വിവാഹം കഴിഞ്ഞു.

വിവാഹത്തോടെ ആമിയും കുടുംബവും രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ.

പലർക്കും ഇതിൽ നീരസം ഉണ്ടായി. സമ്പന്നരായ പല കുടുബത്തിൽ നിന്നും കണ്ണേട്ടന് ആക്ഷേപവും അപഹാസ്യവും നേരിടേണ്ടി വന്നു. ആമിയുടെ അച്ഛനുമമ്മയും കുടുംബവും കണ്ണേട്ടനെ ദൈവമായി കണ്ടു സ്നേഹിച്ചു. കണ്ണേട്ടൻ ആമിയുമായി ചെല്ലുമ്പോൾ, ചെല്ലുമ്പോൾ ആടും മാടും കോഴിയും കറി വെച്ച് ആമിയുടെ വീട്ടുകാർ ഗംഭീരമായി സൽക്കരിച്ചു. അവരുടെ നല്ല സൽക്കാരം കണ്ണേട്ടന് ഇഷ്ടപ്പെട്ടു.

കണ്ണേട്ടന് സന്തോഷമായി. താൻ കരുതിയ പോലെ ആത്മാർഥമായി തന്നെ സ്നേഹിക്കുന്ന കുടുംബം തന്നെ തനിക്ക് കിട്ടി.

ആമിയെ വീട്ടിലാക്കി കണ്ണേട്ടൻ വീണ്ടും ഗൾഫിൽ പോവുകയും വരികയും ചെയ്തു.

ആമിയോട് പറഞ്ഞു ആമിയുടെ വീട്ടിലേക്കും ചെലവിനായി കണ്ണേട്ടൻ കാശ് അയച്ച് കൊടുത്തു.

സന്തോഷമായി അങ്ങനെ കഴിയവെ കണ്ണേട്ടൻ ഒരു ദിവസം വീട്ടിൽ വന്നു. ആകെ തകർന്ന മനോഭാവം.

മുഷിഞ്ഞ വേഷവും മണവും. സുഗന്ധം പൂശിയിട്ടില്ല.

ആമി എന്റെ എല്ലാ സമ്പാദ്യവും പോയി. അതു പറഞ്ഞു കണ്ണേട്ടൻ ആമിയുടെ ചുമലിൽ തല ചേർത്ത് കരഞ്ഞു. ആമി ആശ്വസിപ്പിച്ചു. കണ്ണേട്ടാ കണ്ണേട്ടന്റെ സമ്പാദ്യം കണ്ടിട്ടല്ല ഞാൻ കണ്ണേട്ടന്റെ പെണ്ണായതു.

എനിക്ക് ഇങ്ങനെയൊക്കെ ജീവിതം മതി നാട്ടിൽ വല്ല ജോലിക്കും പോയി എന്നെയും അമ്മേയെയും നോക്കിയാൽ മതി. തന്റെ അവസ്ഥ ആമി മനസിലാക്കിയല്ലോ അതു മതി. നീ നിന്റെ വീട്ടിലേക്ക് വിളിക്ക് നാളെ നമുക്ക് അങ്ങോട്ട് ചെല്ലാം.

ആമി അമ്മയെ വിളിച്ചു പറഞ്ഞു. കണ്ണേട്ടൻ എത്തിയിട്ടുണ്ട്. എന്നും പതിവാണ് കണ്ണേട്ടൻ നാട്ടിൽ എത്തിയാൽ തന്റെ വീട്ടിൽ ചെല്ലുന്നതിന്റെ ഒരു ദിനം മുമ്പേ വിളിച്ചു പറയുക എന്നത്.

പിറ്റേന്ന് ആമിയും കണ്ണേട്ടനും ഒരു ഓട്ടോ പിടിച്ചു ആമിയുടെ വീട്ടിലെത്തി. അവിടെ ഗംഭീര സൽക്കാരം തയ്യാറാക്കി വെച്ചിരുന്നു.

ഭക്ഷണം കഴിക്കുമ്പോൾ ആമിയുടെ അച്ഛനുമമ്മയും ചോദിച്ചു. മോന്റെ കാറെവിടെ കൈയിലെ റാഡോ വാച്ചും കഴുത്തിൽ ഉണ്ടായിയുന്ന ചെയിനും എവിടെ.

സുഗന്ധവും ഇല്ല. അതെന്നാ പറ്റിയേത്?

കണ്ണേട്ടനെ ഗൾഫിൽ അറബി വഞ്ചിച്ച ആ മഹത്തായ കഥ അറിഞ്ഞു ആമിയുടെ കുടുംബം ഞെട്ടി.

അവർക്ക് വിഷമമായി എങ്കിലും പുറത്ത് കാണിച്ചില്ല.

മാസം ഒന്ന് കഴിഞ്ഞു.

അങ്ങനെ കണ്ണേട്ടൻ നാട്ടിൽ തന്നെ കഴിച്ചു കൂട്ടി.

പിന്നീട് പല പ്രാവശ്യവും ആമിയെയും കൂട്ടി ഭാര്യ വീട്ടിലെത്തിയ കണ്ണേട്ടന് ചാളക്കറിയും, ഉണക്കമീൻ ചുട്ടതുമായിരുന്നു ഊണിനു. കണ്ണേട്ടൻ വെച്ച് കൊടുത്ത കടയിൽ നിന്നു നല്ല വരുമാനം ആമിയുടെ അച്ഛന് ഉണ്ടായിട്ടും ഒരു കോഴിയെ പോലും കറിവെച്ചു കൊടുത്തില്ല കണ്ണേട്ടൻ ആമിയുമായി പോയപ്പോഴൊക്കെ.

ഒരു ദിവസം ആമിയോട് കണ്ണേട്ടൻ ആമിയുടെ പത്തു നൂറോളം വരൂന്ന, ആമിയുടെ കണ്ണേട്ടൻ ഇട്ടുകൊടുത്ത സ്വർണ പണ്ടം പണയം വെക്കാൻ ചോദിച്ചു.ഒരു ചോദ്യം പോലും ചോദിക്കാതെ അവൾ എല്ലാം പൊതിഞ്ഞു കണ്ണേട്ടന്റെ മുന്നിൽ വെച്ചു.

അതുകണ്ടു കണ്ണേട്ടന് സന്തോഷമായി കണ്ണേട്ടൻ ആമിയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. മോളെ നിന്റെ സ്നേഹമാണ് യഥാർത്ഥത്തിൽ പരിശുദ്ധമായതു. നിന്റെ വീട്ടുകാരുടേതു കലർപ്പാണ്.നീയിതു അവിടെ എടുത്തിട്ടത് തന്നെ കൊണ്ട് വെക്ക്.എന്നിട്ട് കണ്ണേട്ടൻ ഊറിച്ചിരിച്ചു.

നിന്റെ വീട്ടുകാരെ ഒന്ന് ടെസ്റ്റ്‌ ചെയ്തതാണ്. എന്റെ ചില സുഹൃത്തുക്കൾ പറഞ്ഞപ്പോൾ പോലും ഞാൻ വിശ്വസിച്ചില്ല. ഇപ്പോൾ മനസിലായി നിന്റെ കുടുംബ മഹിമ. ഒക്കെ കണ്ണേട്ടന്റെ അഭിനയം ആയിരുന്നു.

ദരിദ്രനായതും ബിസ്സിനസ്സ് തകർന്നതെല്ലാം നാടകമായിരുന്നു. അപ്പോഴേക്കും സുഹൃത്തുക്കൾ കാറുമായി എത്തി.

കണ്ണേട്ടൻ ഇപ്പോൾ പോകുകയാണ് ഗൾഫിൽ. വന്നിട്ട് ഒരു റോൾ കൂടി അഭിനയിക്കാൻ ഉണ്ട്.ആമിക്ക് എല്ലാം സ്വപ്നം പോലെ തോന്നി. ആമി നീ വീട്ടിൽ വിളിച്ചു കാര്യങ്ങൾ ഒന്നും ഇപ്പോൾ വിളിച്ചു പറയരുത്.

അടുത്ത മാസം വന്നിട്ട് നമുക്ക് ഒന്നിച്ചു നിന്റെ വീട്ടിൽ ഒന്നുക്കൂടി പോകാനുണ്ട്. പോകാൻ നേരം കണ്ണേട്ടൻ പറഞ്ഞു.

ഒരു മാസം കഴിഞ്ഞു കണ്ണേട്ടൻ സർവ്വാഭരണ വിഭൂഷിതനായി തന്നെ വന്നു. അവൾ അമ്മയെ വിളിച്ചു പറഞ്ഞു ഞങ്ങൾ വരുന്നുണ്ടെന്ന്.

കണ്ണേട്ടനും ആമിയും കാറിൽ ആമിയുടെ വീട്ടിലേക്ക് തിരിച്ചു.

പഴയ പ്രതാപത്തോടെ കണ്ണേട്ടനെ കണ്ട ആമിയുടെ അച്ഛനുമമ്മയും വേഗം ഇറച്ചിയും മീനും ഒക്കെയായി എടുപിടീന്ന് സദ്യ ഒരുക്കി.

മേശമേൽ വിളമ്പി. കഴിക്കു മോനെ അവർ കണ്ണേട്ടനെ നിര്ബന്ധിപ്പിച്ചു. അപ്പോൾ കണ്ണേട്ടൻ തന്റെ കാറിന്റെ ചാവി, മൊബൈൽ, റാഡോ വാച്ചു, കഴുത്തിലെ ചെയിൻ ഇവ ഊരി ഭക്ഷണത്തിന്റെ മുന്നിൽ വെച്ച് അതിനോട് കഴിക്കാൻ പറഞ്ഞു.

എന്നിട്ട് അപ്പനോടും അമ്മയോടും പറഞ്ഞു. ഇനി മുതൽ നിങ്ങൾക്ക് മരുമോനു എന്തെങ്കിലും വെച്ചുണ്ടാക്കി നൽകണം എന്ന് തോന്നുമ്പോൾ ഈ കാറിന്റെ കീ ക്കും, വാച്ചിനും, ചെയിനിനും നൽകിയാൽ മതി. ഇതിവിടെ ഇരിക്കട്ടെ.

എന്നിട്ടു ആ വിലകൂടിയ വസ്തുക്കൾ അവിടെ ഇട്ടിട്ടു സുഹൃത്തുക്കൾ കൊണ്ട് വന്ന വേറൊരു കാറിൽ കേറി ആമിയുമൊത്തു മടങ്ങിയപ്പോൾ

മനുഷ്യന്റെ വില റാഡോ വാച്ചിലും, ചെയിനിലും കാറിലും കണ്ടിരുന്ന ആ അപ്പനുമമ്മയുടെയും അകക്കണ്ണ് തുറന്നു പോയി.കണ്ണേട്ടന്റെയും ആമിയുടെയും ആ വീടിന്റെ പടിയിറങ്ങലിൽ അതാണ്‌ സംഭവിച്ചത് അവിടെ…..!

വായിച്ചു കഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ….

രചന : Vijay Lalitwilloli Sathya


Comments

Leave a Reply

Your email address will not be published. Required fields are marked *