7 വർഷം കഴിഞ്ഞിരുന്നു വിവാഹം കഴിഞ്ഞിട്ട് കൂട്ടിനൊരു കുഞ്ഞ് വാവ വന്നില്ല….

രചന: ആതിര ചന്ദ്ര

സോപ്പിന്റെ സുഗന്ധം മൂക്കിലേക്കടിച്ചപ്പോളാണ് എബി കണ്ണു തുറന്നത്..

നീലിമ മുറിയിൽ നിന്ന് തല തുവർത്തുന്നുണ്ടായിരുന്നു

“എന്താ നീലു രാവിലെ കുളിയൊക്കെ കഴിഞ്ഞോ ”

എബി ബെഡിൽ നിന്നെഴുന്നേറ്റു ചോദിച്ചു

“രാവിലെയൊന്നുമല്ല 8 മണി കഴിഞ്ഞു ഇച്ചായാ പിന്നെ സാധാരണ ജോലി തീർത്തു കോളേജിൽ പോകാറാകുമ്പോഴേ കുളിക്കാൻ പോകു. അത്‌ നേരത്തെ കുളിച്ചാൽ ദേഹത്തൊക്കെ കറിയുടെ മണം വരുമെന്ന് കരുതിയാ ഇതിപ്പോ എങ്ങും പോണ്ടല്ലോ ”

നീലിമ തല തുവർത്തിക്കൊണ്ട് പുറത്തേക്കു പോയി

എബി ഒരു ഇന്റീരിയർ ഡിസൈനറാണ് നീലിമ കോളേജ് അധ്യാപികയും

ലോക്ക്ഡൗൺ കാരണം വീട്ടിലിരിക്കുന്ന രണ്ടു പേർ

എബി ഫ്രഷ് ആയി വരുമ്പോഴേക്കും നീലിമ കോഫീ തയാറാക്കിയിരുന്നു

പുതുതായി നട്ട പച്ചക്കറി വിത്തുകൾക്ക് വെള്ളം നനയ്ക്കുന്നിടത്തേക്ക് അവൻ കോഫീ എടുത്തു കൊണ്ട് പോയി

ചെറിയ മൂളിപ്പാട്ടോടെ ചെടികൾക്ക് വെള്ളമൊഴിക്കുന്ന അവളെ വെറുതെ നോക്കിക്കൊണ്ട് എബി ഇരുന്നു

വിവാഹം കഴിഞ്ഞ നാളിലേക്കാൾ വലിയ മാറ്റമൊന്നും നീലിമക്ക് ഇല്ലായിരുന്നു.. മുഖത്തെ പുഞ്ചിരിക്ക് ഒരു വാട്ടമുണ്ടെന്നൊഴിച്ചാൽ..

വിരസമായ അടച്ചിടലിന്റെ ദിനങ്ങളിൽ ആദ്യമൊക്കെ ടീവി കണ്ടും മൊബൈലിൽ കുത്തിയും നേരം കളഞ്ഞെങ്കിലും എല്ലാം പെട്ടന്നു തന്നെ മടുത്തിരുന്നു.

ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ എന്ന് തീവ്രമായി രണ്ടു പേരും ആഗ്രഹിച്ചു.

7 വർഷം കഴിഞ്ഞിരുന്നു വിവാഹം കഴിഞ്ഞിട്ട് കൂട്ടിനൊരു കുഞ്ഞ് വാവ വന്നില്ല.

പ്രശ്നം ആർക്കാ എന്നു ചോദിച്ചാൽ രണ്ടാൾക്കും ഇല്ല എന്ന് ഡോക്ടർ പറയുന്നു.

ആർക്കാ പ്രശ്നം എന്ന ചോദ്യം കേട്ടു മടുത്തു

ഇപ്പോൾ നാട്ടിലേക്കു പോകുന്നത് കുറച്ചിരുന്നു

മുഖത്ത് വെള്ളം വീണപ്പോഴാണ് എബി ചിന്തയിൽ നിന്നുണർന്നത്

“എന്താ ഇച്ചായ ആലോചന ”

നീലിമ മുഖത്തേക്ക് വെള്ളം കുടഞ്ഞു കൊണ്ട് ചോദിച്ചു

സാധാരണ ഗതിയിൽ ദേഷ്യം വരുന്നതാണ് ഇന്ന് വെറുതെ അവളെ നോക്കി ചിരിച്ചു

” നിന്റെ കണ്ണിലെ ഡാർക്ക്‌ സർക്കിൾസ് ഒക്കെ പോയോ നീലു” എബി ചോദിച്ചു

“ഓഹ് ഇപ്പോൾ നല്ല ഉറക്കമുണ്ടല്ലോ. മുന്നേ കോളേജിലെ എന്തേലും നോക്കാനോ ഒക്കെ ഉണ്ടെങ്കിൽ കിടക്കുമ്പോൾ താമസിക്കില്ലാരുന്നോ നാലു മണിയാകുമ്പോൾ എഴുനേൽക്കുകയും വേണം ഇപ്പോൾ പിന്നെ നേരത്തെ കിടക്കും എട്ടു മണിയാകും എഴുനേൽക്കാനും അപ്പൊ കണ്ണിലെ കറുപ്പൊക്കെ പോയി ”

നീലിമ പറഞ്ഞു

എബി ശരി എന്ന് തലയാട്ടി

“അല്ല ഇച്ചായൻ എന്റെ കണ്ണിലുണ്ടാരുന്ന കറുപ്പൊക്കെ ശ്രദ്ധിച്ചിരുന്നോ ”

നീലു അവന്റെ അടുത്തു വന്നു ചോദിച്ചു

അവളെ ഈയിടെയായി ശ്രദ്ധിക്കാറേയില്ലായിരുന്നു.

കാരണങ്ങൾ കണ്ടെത്താനാകാത്ത വിരസത തന്നെ ബാധിച്ചിരുന്നു. അതിന്റെ ഫലമായി അവളെയും ശ്രദ്ധിക്കാതായി

എബി മറുപടി പറയാതെ ദൂരേക്ക് നോക്കിയിരുന്നു

നീലിമ താഴേക്കു പോയിരുന്നു

അടുക്കളയിൽ ബ്രേക്ഫാസ്റ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു നീലിമ..

എബി അടുക്കളയിലേക്കു ചെന്ന് അവൾ കഴുകി വച്ചിരുന്ന പച്ചക്കറികൾ നുറുക്കാൻ തുടങ്ങി

അടച്ചിടൽ തുടങ്ങിയ ശേഷമുള്ള ദിവസങ്ങളിലാണ് നീലിമയെ സഹായിക്കാൻ എബി തുടങ്ങിയത്

“ഇച്ചായൻ അവിടെ വച്ചോ ഞാൻ ചെയ്തോളാം.

കമ്മുണിറ്റി കിച്ചണിൽ പോകണ്ടേ റെഡി ആകു ”

നീലിമ കത്തി വാങ്ങി കൊണ്ട് പറഞ്ഞു

എബി അവളുടെ കൈ പിടിച്ചു അടുപ്പിച്ചു നെറ്റിയിലേക്ക് ചുണ്ടമർത്തി

” ഞാൻ നിന്നെ തീരെ ശ്രദ്ധിച്ചിരുന്നില്ല സോറി നീലു”

എബി പറഞ്ഞു

നീലിമയുടെ കണ്ണിൽ ചെറിയ നീർത്തിളക്കമുണ്ടായിരുന്നു

“ഇച്ചായൻ റെഡി ആകു അവർ വെയിറ്റ് ചെയ്യുകയായിരിക്കും ”

നീലിമ പാചകത്തിലേക്ക് ശ്രദ്ധിച്ചു

അന്ന് മുഴുവൻ എബി തങ്ങളെ കുറിച്ച് തന്നെ ചിന്തിച്ചു..

എവിടെയൊക്കെയോ പരസ്പരം നഷ്ടമായിരുന്നു

മധുവിധുവിനപ്പുറം നമ്മൾ ജീവിച്ചിരുന്നുവോ..

എബി ചിന്തിച്ചു കൊണ്ടിരുന്നു

പരസ്പരം ഒരു തിരിച്ചു നോക്ക് ആവശ്യമായിരിക്കുന്നു

വീട്ടിൽ എത്തുമ്പോൾ നീലിമ പഴയ ഫോട്ടോകൾ പൊടി തുടച്ചു വയ്ക്കുന്നുണ്ടായിരുന്നു

“ആ ഇച്ചായൻ എത്തിയോ.. ജോലി ഒക്കെ നേരത്തെ തീർന്നു..അതോണ്ട് എല്ലാം ഒന്നു പൊടി തട്ടി വക്കാം എന്ന് കരുതി ”

നീലിമ എബിയോട് പറഞ്ഞു

“നമ്മളൊരു ഫോട്ടോ എടുത്തിട്ട് കുറെ കാലമായല്ലോ”

എബി പറഞ്ഞു

“ഇപ്പോൾ എന്താ ഇങ്ങനെ തോന്നാൻ ”

നീലിമ ചോദിച്ചു

“കുറെ നാളായില്ലേ അതോണ്ട് പിന്നെ എഫ്ബിയിൽ എല്ലാവരും പറ പറാന്ന് പ്രൊഫൈൽ പിക്ചർ ഇടുന്നുണ്ട് നമുക്കും ഇടാം ”

എബി പറഞ്ഞു

“അപ്പൊ ഞാൻ ഡ്രസ്സ്‌ മാറണ്ടേ ഇച്ചായാ “”

“ഈ ചുരിദാറിന് എന്താ കുഴപ്പം ”

അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു

മൊബൈൽ ക്യാമറ ഒന്നു രണ്ടു വട്ടം മിന്നി

“നല്ല ഫോട്ടോ അല്ലേ ”

എബി നീലിമയുടെ നെറ്റിയിൽ തല മുട്ടിച്ചു കൊണ്ട് പറഞ്ഞു…

നീലിമ വെറുതെ പുഞ്ചിരിച്ചു

രാത്രി ഭക്ഷണം തയാറാക്കുന്ന സമയത്താണ് എബി നാട്ടിലെ കാര്യങ്ങൾ പറയാൻ തുടങ്ങിയത്

“അവിടെ സുബിനും അരുണും കൂടി ബക്കറ്റ് ചിക്കൻ ഉണ്ടാക്കിയെന്റെ വീഡിയോ അയച്ചു തന്നു

പിന്നെ ചക്കയും മാങ്ങയും ഒക്കെ ”

എബി പറഞ്ഞു

“ഇപ്പൊ നാട്ടിലാരുന്നേൽ ഇച്ചായനും കിട്ടിയേനെ ചക്കയും ചിക്കനും ഒക്കെ ഞാൻ കുറച്ചു ദിവസം കഴിഞ്ഞു പോകാമെന്നു പറഞ്ഞത് കൊണ്ടാ അല്ലേ… നീട്ടി വച്ച് ലോക്കഡൗൺ ആയി അല്ലേൽ നമ്മളും ഇപ്പോൾ നാട്ടിലാരുന്നേനെ അല്ലേ ഇച്ചായാ ”

നീലിമ ചോദിച്ചു

“അതൊന്നും കാര്യമില്ല നീലു.. ഇപ്പോൾ ഇത് നമുക്ക് നമ്മളായിട്ട് ജീവിക്കാൻ കിട്ടിയ സമയം ആണെന്ന് കരുത്… നീ ഒന്നോർത്തു നോക്ക് നമ്മൾ ഇത്രയെങ്കിലും സംസാരിച്ചിട്ട് എത്ര നാളായെന്ന്..

നിന്റെം എന്റേം തിരക്കിൽ എവിടെക്കെയോ പഴയ അടുപ്പം പോയില്ലേ.. ഇനി നമുക്ക് കുറച്ചു നാൾ നമ്മളായി ജീവിക്കാം ” എബി പറഞ്ഞു

“ശരിയാ ഇച്ചായാ ഞാനും ഇന്ന് ആലോചിച്ചു ഇത്..

കല്യാണം കഴിഞ്ഞു സമയത്തു എന്തൊരു ലൈഫ് ആയിരുന്നു ഇപ്പോ വീട്ടു സാധനങ്ങളുടെ കണക്കും ഇൻഷുറൻസും പിന്നെ നാട്ടിലെ കാര്യങ്ങളും മാത്രമായി സംസാരം.. മനസമ്മതത്തിന്റെ അന്ന് തന്നെ നമ്മൾ പരസ്പരം പറഞ്ഞതാണ് എന്നും നല്ല സുഹൃത്തുക്കൾ ആകുമെന്ന്. ഇപ്പോ അതുമില്ല..

എനിക്കും കൂടി ജോലി കിട്ടിയതിൽ പിന്നെ നമ്മൾ അകന്ന പോലെ ” നീലിമ പറഞ്ഞു

“ഒക്കെ മാറും ” എബി നീലിമയുടെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു

പിന്നീടുള്ള ദിവസങ്ങളിൽ അവർ പരസ്പരം കൂടുതൽ അടുക്കാൻ ശ്രമിക്കുകയായിരുന്നു

മുൻപ് പറയാൻ ബാക്കി വച്ചതെല്ലാം പറഞ്ഞു തീർക്കുകയായിരുന്നു

കോളേജിൽ വിശേഷങ്ങളും കുട്ടികളുടെ പെരുമാറ്റവും ചില ആൺകുട്ടികളുടെ നോട്ടവും സഹപ്രവർത്തകരും പൂത്തുലയുന്ന ക്യാമ്പസ്‌ പ്രണയങ്ങളുമെല്ലാം നീലിമ വാതോരാതെ പറഞ്ഞു

കുട്ടിക്കാലത്തെ കാര്യങ്ങൾ തൊട്ടു ഓഫീസിൽ കാണിക്കുന്ന തമാശകൾ, വരാൻ പോകുന്ന പ്രൊജക്റ്റ്‌ പറഞ്ഞു തീരാത്ത കാര്യങ്ങൾ എബിക്കും ഉണ്ടായിരുന്നു

കൂടുതൽ ആഴത്തിൽ പരസ്പരം വേരിറങ്ങുകയായിരുന്നു അവർ

ഉച്ച തിരിഞ്ഞു കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസ്സ്‌ റെക്കോർഡ് ചെയ്യാൻ നീലിമ മുകളിലെ സ്റ്റഡി റൂമിലേക്ക്‌ പോയിരുന്നു.

എബി ഉച്ച മയക്കം കഴിഞ്ഞു എഴുന്നേറ്റിട്ടും നീലിമ താഴെ വന്നിരുന്നില്ല..

എബി സ്റ്റഡി റൂമിലേക്ക്‌ ചെല്ലുമ്പോൾ വാതിൽ ചാരി നീലിമ ചുമരിൽ പെയിന്റ് ചെയ്യുകയായിരുന്നു

ഒരു സ്കാർഫ് തലയിൽ കെട്ടിവെച്ചു കയ്യിൽ പെയിന്റിംഗ് ബ്രഷ് കൊണ്ട് ചുമരിൽ കടും ചുവപ്പും ഇളം വയലറ്റും പൂക്കൾ വരച്ചു ചേർത്തിരുന്നു

എബി മുറിയിലേക്ക് വന്നത് നീലിമ അറിഞ്ഞിരുന്നില്ല

എബി നീലിമയെ പുറകിലൂടെ വട്ടം പിടിച്ചു

“എടൊ ഭാര്യേ താൻ ഇത്രേം നന്നായി ചിത്രം വരക്കോ?? എന്നോട് പറഞ്ഞിട്ടില്ല ”

എബി പറഞ്ഞു

“ഇച്ചായാ എന്തിനാ ഇങ്ങോട്ട് വന്നത് കംപ്ലീറ്റ് ചെയ്തിട്ടു കാണിക്കാമെന്ന് കരുതിയതാ ”

നീലിമ പിണക്കത്തോടെ പറഞ്ഞു

“ഓൺലൈൻ ക്ലാസ്സ്‌ എന്ന് പറഞ്ഞു വന്നു ആളെ കാണാൻ ഇല്ലാത്തോണ്ട് വന്നതാ.. അപ്പൊ ഇവിടെ തകർത്തു വച്ച് പടം വരക്കുന്നു ”

“ക്ലാസ്സ്‌ ഒരു മണിക്കൂറേ ഉള്ളു അത്‌ കഴിഞ്ഞു വരച്ചതാ ഇച്ചായൻ ഉണരുന്നതിനു മുൻപ് തീർത്തിട്ട് ഇറങ്ങി വരണം എന്ന് കരുതിയതാ സമയം പോയതും അറിഞ്ഞില്ല ”

നീലിമ പറഞ്ഞു

“സമയം 6 മണിയായി നീലു…. ഇതിനി കുറെ ഉണ്ടോ തീർക്കാൻ ”

എബി ചോദിച്ചു

“പകുതി പോലും ആയില്ല.. ഇച്ചായൻ ഇത് കംപ്ലീറ്റ് ആകാതെ ഇനി വന്നു കാണരുത് ”

നീലിമ പറഞ്ഞു.

“ഹമ് ശരി.. ആദിയും നന്നായി വരക്കുമായിരുന്നു ”

എബി പറഞ്ഞു

“ഈ ആദി എന്ന് പറഞ്ഞത് അദ്വൈത അല്ലേ ”

അവൾ ചോദിച്ചു

” നിങ്ങളുടെ കോളേജ് ലവർ ”

“അതെ എന്താ നീലു ”

എബി നീലിമയെ നോക്കിയപ്പോൾ അവൾ ദേഷ്യത്തോടെ നിൽക്കുകയായിരുന്നു

അവൾ അവന്റെ നെഞ്ചിൽ പിടിച്ചു പുറകിലേക്ക് തള്ളി

“നിങ്ങൾക്ക് ഞാൻ വരക്കുമോന്നു അറിയില്ല അവൾ വരക്കുന്നത് ഓർമയുണ്ട് എല്ലാം പോട്ടെ ഇത്രേം വരച്ചത് കൊള്ളാം എന്ന് പറയാതെ അവൾ വരക്കുന്നതും ഓർത്തു കൊണ്ടിരിക്കുന്നു ”

നീലിമ പറഞ്ഞു

“പൂർവ കാമുകിയുടെ പേരും പറഞ്ഞു വഴക്കിടാത്ത ഏതെങ്കിലും ഭാര്യമാർ കാണുമോ ന്റെ കർത്താവെ ”

എബി നെഞ്ചിൽ കൈ വച്ചു

നീലിമ ദേഷ്യത്തോടെ നിൽക്കുകയായിരുന്നു

എബി നീലിമയുടെ തുടുത്ത കവിളിൽ കൈ വച്ചു

“നീലു പഴയ കാര്യം പറഞ്ഞു എന്തിനാ വഴക്കുണ്ടാക്കുന്നെ നീ.. അന്ന് അങ്ങനെ ഒരു റിലേഷൻ ഉണ്ടായിരുന്നു രണ്ടു പേർക്കും ഒത്തു പോകാൻ കഴിഞ്ഞില്ല അതോണ്ട് പിരിഞ്ഞു..

അവളെ പൂർണമായും മാറ്റിയിട്ടാണ് നിന്നെ കെട്ടിയതും ”

നീലിമ അവന്റെ മുഖത്ത് നോക്കി നിന്നു

എബി അവളുടെ മൂക്കിൻ തുമ്പിൽ ചെറുതായി കടിച്ചു

“ഒന്ന് ചിരിക്ക് പൊന്നു ” എബി അവളുടെ കണ്ണിൽ നോക്കി പറഞ്ഞു

“എബിച്ചാ ” അവൾ മൃദുവായി വിളിച്ചു

ശക്തിയായി കാറ്റടിക്കുന്നുണ്ടായിരുന്നു

“യ്യോ ഇച്ചായാ തുണികളൊക്കെ ഉണക്കാൻ ഇട്ടിരുന്നു എടുക്കട്ടേ. മഴ ഇപ്പോ പെയ്യും ”

അവൾ പെട്ടെന്ന് മുകളിലേക്കോടി

മഴ പെയ്തു തുടങ്ങിയിട്ടും നീലിമ താഴേക്കു വന്നില്ല

ടെറസിൽ മഴ നനഞ്ഞു നിൽക്കുന്ന നീലിമയുടെ അടുത്തേക്ക് എബി കുടയുമായി വന്നു

“എടി നിനക്ക് വട്ടായോ മഴയും കൊണ്ട് നിക്കുന്നു ”

“വട്ടല്ല ഇച്ചായാ എനിക്ക് മഴ കൊള്ളാൻ ഇഷ്ടാണ് പക്ഷെ എനിക്ക് കിട്ടിയത് മഴ കണ്ടാൽ കുരിശു കണ്ട ചെകുത്താനെ പോലെ ഓടുന്ന കെട്ടിയോനെ ”

നീലിമ പറഞ്ഞു

“എന്റെ കൊച്ചേ പനി പിടിക്കും നീയൊന്നു അകത്തു കേറിക്കെ ” എബി പറഞ്ഞു

“ആ ഇതാണ് ഞാൻ പറഞ്ഞത്.

എന്തൊക്കെയായിരുന്നു കെട്ടിന് മുന്നേ മഴ നനഞ്ഞു ബൈക്കിൽ പോണം കട്ടൻ കുടിക്കണം.. എന്നിട്ട് ഇതിപ്പോ കെട്ടു കഴിഞ്ഞു കാറിൽ അല്ലാണ്ട് പുറത്ത് പോകില്ല പറഞ്ഞു പറഞ്ഞു വാങ്ങിയ ബൈക്ക് ആണേൽ അടുത്ത് എവിടേലും പോയാൽ എടുത്താലായി.. ”

“Lockdown കഴിയട്ടെ നമുക്ക് ബൈക്കിൽ പോകാം ഇപ്പോ നീ വാ ”

“ബൈക്കിൽ പോയിട്ടെന്തിനാ കാറിൽ ആണേലും കോളേജിന്റെ മുന്നിൽ ഇറക്കി മുഖം പെരുക്കി വച്ച് ഒറ്റ പോക്കാ ഒന്നു നോക്കുക പോലും ഇല്ല ബൈക്കിൽ ആണേലും നിങ്ങടെ തിരുമോന്തക്ക് ഒരു മാറ്റവും വരില്ല

“ഇന്ന് ചൊറിയാൻ നിക്കുകാണാല്ലോ താൻ ഞാൻ എന്റെ എക്സിനെ കുറിച്ച് പറഞ്ഞോണ്ടാണോ ”

“ഇച്ചായാ എത്ര നാളായി നമ്മൾ എബിച്ചാന്നും പൊന്നൂന്നും വിളിച്ചിട്ട് അതൊക്കെ ഒരുപാട് സ്നേഹം വരുമ്പോൾ വിളിക്കുന്നതല്ലാരുന്നോ പിന്നേം ഇച്ചായൻ പൊന്നൂന്ന് വിളിച്ചപ്പോൾ സന്തോഷം. അപ്പൊ ചുമ്മാ വഴക്കിടാൻ തോന്നി ”

അവൾ എബിയോട് ചേർന്ന് നിന്നു പറഞ്ഞു

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയോ എന്ന് തിരിച്ചറിയാനാകാത്ത ശക്തിയിൽ മഴ അവർക്കു മേൽ പെയ്തു കൊണ്ടിരുന്നു

ശക്തമായി ഇടി മുഴങ്ങിയതും എബി അവളെ ശക്തമായി ചേർത്തു പിടിച്ചു

“വാ പൊന്നു മഴത്തുന്നു കയറു പ്ലീസ് ”

എബി പറഞ്ഞു

നീലിമ എബിയും താഴേക്കു വന്നു

നീലിമ കുളി കഴിഞ്ഞു വരുമ്പോഴേക്കും എബി ചൂട് കാപ്പിയുമായി റൂമിലേക്ക്‌ വന്നു

“ലോക്ക്ഡൗൺ കാരണം എന്റെ കെട്ടിയോൻ നന്നായി കാപ്പിയുണ്ടാക്കാൻ പഠിച്ചു ”

നീലിമ ചിരിച്ചു കൊണ്ട് പറഞ്ഞു

“ഹലോ എനിക്ക് കാപ്പി ഉണ്ടാക്കാനൊക്കെ അറിയാം”

അവൻ പറഞ്ഞു

അവൾ കാപ്പി കപ് മേശമേൽ വച്ച് മുടി തുവർത്തിക്കൊണ്ടിരിന്നു

കണ്ണാടിയിൽ എബിയുടെ പ്രതിബിംബം കാണുമ്പോൾ നീലിമ ചിരി തുടങ്ങിയിരുന്നു

“എന്താടി ചിരിക്കൂന്നേ ” എബി ചോദിച്ചു

“ഏയ് ഇടി വെട്ടിയപ്പോൾ ഇയാൾ പേടിച്ചതോർത്ത് ചിരിച്ചതാ. ഞാൻ കരുതി എന്നെ ഞെക്കി പൊട്ടിക്കുമെന്ന് ”

“എല്ലാവരും നിന്നെ പോലെ പേടി ഇല്ലാത്തവരൊന്നും അല്ല ”

എബി പറഞ്ഞു

നീലിമ പിന്നെയും ചിരിച്ചു കൊണ്ടിരുന്നു

” നീലു ചിരി നിർത്തിക്കെ എനിക്ക് ദേഷ്യം വരുന്നുണ്ട്

നീലിമ പിന്നെയും ചിരിച്ചു കൊണ്ടിരിക്കുന്നു

എബി അവളെ ചുറ്റിപിടിച്ചു കവിളുകളിൽ പല്ലുകളാഴ്ത്തി

“ചിരിക്ക് പൊന്നു ” അവൻ കുസൃതിയോടെ പറഞ്ഞു

അവന്റെ ശ്വാസം അവളുടെ മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു.

നീലിമയുടെ ശ്വാസഗതി വേഗത്തിലായി

മുഖത്തേക്ക് വീണ മുടിയിഴകൾ മാറ്റി അവൻ അവളുടെ കണ്ണുകളിൽ ചുംബിച്ചു..പിന്നെ ചുണ്ടുകളിൽ

അവളുടെ കൈ നഖങ്ങൾ അവന്റെ പിൻ കഴുത്തിൽ പാടുകൾ വീഴ്ത്തുന്നുണ്ടായിരുന്നു

“എബിച്ചാ ” അവളുടെ ശബ്ദം വിറച്ചു

ആലിംഗനത്തിന്റെ ചൂടിൽ അവർ വിയർത്തു

പരസ്പരം ഒരു മഴയായി അവർ പെയ്തിറങ്ങുകയായിരുന്നു…

പുറത്തു മഴ തോർന്നിരുന്നു

തന്റെ നെഞ്ചോടു ചേർന്ന് പൂച്ചക്കുഞ്ഞിനെ പോലെ കിടക്കുന്ന നീലിമയുടെ മുഖത്തേക്ക് എബി വാത്സല്യത്തോടെ നോക്കി.

“പൊന്നു നീ ഉറങ്ങിയോ ”

“ഇല്ല എബിച്ചാ ” അവൾ എബിയുടെ മുഖത്ത് നോക്കി

“എന്താ ആലോചിച്ചു കിടക്കുകയാണല്ലോ ”

“ഒന്നുല്ല എബിച്ചാ. എത്ര നാളായി ഇങ്ങനെ സ്നേഹത്തോടെ ചേർന്ന് കിടന്നിട്ട് ”

“ഞാനും ആലോചിച്ചു പൊന്നു ”

“മെഷീൻ പോലെ ദിവസം എഴുന്നേൽക്കുന്നു ജോലിക്ക് പോകുന്നു തിരിച്ചു വരുന്നു. ഫുഡ്‌ കഴിക്കുമ്പോൾ മാത്രാണ് ഓർമിച്ചു ഇരിക്കുന്നത് ”

നീലിമ പറഞ്ഞു

“അതെ ഒന്നുകിൽ എനിക്ക് എന്തെങ്കിലും വർക്ക്‌ കാണും അല്ലെങ്കിൽ നീ എന്തേലും എഴുതി കൊണ്ടിരിക്കും ഒരാൾ ഉറങ്ങി കഴിഞ്ഞ അടുത്തയാൾ റൂമിലേക്ക്‌ വരുന്നതും. ഓവുലേഷൻ ഡേറ്റ് നോക്കിയുള്ള ഒരു ചടങ്ങായിരുന്നല്ലേ ഫിസിക്കൽ റിലേഷൻ പോലും ”

എബി പറഞ്ഞു

നീലിമയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

“ജോലിക്ക് പോയി തുടങ്ങി കഴിഞ്ഞാൽ പിന്നേം പഴേ പോലെ ആകത്തില്ലേ എബിച്ചാ ”

എബി അവളുടെ കണ്ണുകളിൽ ചുംബിച്ചു

“ഇല്ലെടോ നമ്മൾ നമ്മളെ കണ്ടെത്തിയത് ഇപ്പോ അല്ലേ പഴയ എബിയും നീലിമയും ഒക്കെ പോട്ടെ.

നമ്മുടെ ഹണിമൂണിലെ പോലെ എബിച്ചന്റെ പൊന്നു ആയ മതി നമുക്കങ്ങ് പ്രേമിക്കാം ”

എബി നീലിമയെ ഒന്നുടെ ചേർത്തു പിടിച്ചു

പ്രണയത്തിന്റെ പിണക്കങ്ങളുടെ ദിനങ്ങൾ കൊഴിഞ്ഞു വീണു.

“എബിച്ചാ ഹോസ്പിറ്റലിൽ പോണം ”

“എന്ത് പറ്റി നിനക്ക് വയ്യേ ” എബി ചോദിച്ചു

“മിഴി വിളിച്ചിരുന്നു കൺസൾട്ടിങ് ഡേറ്റ് കഴിഞ്ഞും ചെന്നില്ലല്ലോ എന്ന് പറഞ്ഞു. നമ്മൾ രണ്ടാളും മറന്നു”

നീലിമ പറഞ്ഞു

“പോകണോ നീലു രണ്ടു വർഷായി തുടങ്ങീട്ട് ”

“പോണം ” നീലിമ ഡ്രസ്സ്‌ മാറ്റാനായി അകത്തേക്ക് പോയി

കാറിലിരിക്കുമ്പോൾ രണ്ടു പേരും നിശ്ശബ്ദരായിരുന്നു

ലോക്ക്ഡൗൺ കാരണം ഹോസ്പിറ്റലിൽ തിരക്ക് കുറവായിരുന്നു

ഡോ. മിഴി ദേവനാരായണൻ എന്ന പേരെഴുതിയ വാതിലിനു മുന്നിൽ എബി ഇരുന്നു..

ഒരു തരം നിസ്സംഗത അവനിൽ നിറഞ്ഞിരുന്നു

“ഡോക്ടർ വിളിക്കുന്നു ”

നഴ്സ് എബിയോട് പറഞ്ഞു

മിഴിയുടെ മുന്നിൽ നീലിമ ഇരിക്കുന്നുണ്ടായിരുന്നു

“ഹായ് എബി സിറ്റ് “മിഴി പറഞ്ഞു

എബി കസേരയിലേക്കിരുന്നു

“എബി നീലിമ പ്രെഗ്നന്റ് ആണ് ” മിഴി പറഞ്ഞു

എബി നീലിമയുടെ മുഖത്ത് നോക്കി അവൾ അതെയെന്ന് തലയാട്ടി

“എന്ത് പറ്റി എബി മുഖത്ത് ചിരി പോലും ഇല്ലല്ലോ ”

മിഴി ചോദിച്ചു

“ഒരു എക്സൈറ്റ്മെന്റ് അറിയില്ല എന്ത് പറയണം എന്ന് അറിയില്ല ഭയങ്കര സന്തോഷം ”

“നീലിമ ഒരു റൗണ്ട് കരച്ചിൽ കഴിഞ്ഞേ ഉള്ളു എബി കൂടെ ഇമോഷണൽ ആകാനുള്ള പ്ലാൻ ആണോ ”

“കുറച്ച് ഇമോഷണൽ ആകണ്ടേ ഡോക്ടർ ഞങ്ങൾ ഒരു കുഞ്ഞിന് വേണ്ടി അത്രക്ക് ആഗ്രഹിച്ചിട്ടുണ്ട്.

ഇപ്പോ ഞങ്ങൾ ഫാമിലിയിൽ പോലും പ്രോഗ്രാംസിനു പോകാറില്ല എല്ലാർക്കും ആർക്കാ കുഴപ്പം എന്നാ ചോദ്യം ആർക്കും ഇല്ലാന്ന് പറഞ്ഞാൽ പിന്നെ കുറ്റം മുഴുവൻ ഇവൾക്കാ സൗന്ദര്യം പോകുമെന്ന് പറഞ്ഞു കുഞ്ഞിനെ വേണ്ടാന്ന് വച്ചിട്ടാണ് എന്ന് പറഞ്ഞു.

ഓഫീസിൽ കൂടെ വർക്ക്‌ ചെയ്യുന്നവരുടെ ചോദ്യങ്ങൾ എവിടെ ചെന്നാലും…. അറിയാല്ലോ നമ്മുടെ സമൂഹത്തിൽ ഏഴ് വർഷം ഒക്കെ വലിയ ഒരു കാലയളവാണ്.. എന്നേക്കാളധികം ഒരു കുഞ്ഞിന് വേണ്ടി നീലു ആഗ്രഹിച്ചിരുന്നു. ഞാൻ നേരത്തെ ഉറങ്ങുന്ന ദിവസം ജോലി കഴിഞ്ഞു റൂമിലേക്ക് വന്നു പില്ലോ എടുത്തു ചുരിദാർ ടോപിനുള്ളിൽ കൂടി വയറിൽ വച്ച് കണ്ണാടിയിൽ നോക്കുന്നത് ഉറക്കം നടിച്ചു കിടന്നു കണ്ടിട്ടുണ്ട്…ഞാൻ പലപ്പോഴും ഒരു അഡോപ്‌ഷനെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്. പിന്നെ രണ്ടാൾക്കും പ്രോബ്ലം ഇല്ല എന്ന ഒറ്റ പ്രതീക്ഷയിലാ.

എബി പറഞ്ഞു

“ഇപ്പോ ഹാപ്പി അല്ലേ രണ്ടാളും ” മിഴി ചോദിച്ചു

“ഒരുപാട് മിഴി.. എങ്ങനെ നന്ദി പറയണം എന്നറിയില്ല ” നീലിമ പറഞ്ഞു

“എന്തിനാ നന്ദി ഒക്കെ നമ്മൾ തമ്മിൽ ആ ഫോര്മാലിറ്റീസ് വേണോ നമ്മൾ തമ്മിൽ ഒരു ഡോക്ടറും രോഗിയും ആകുന്നതിനു മുന്നേ നമ്മൾ ഫ്രണ്ട്‌സ് അല്ലേ. പിന്നെ നിങ്ങൾക്ക് പ്രോബ്ലം ഒന്നും ഉണ്ടായില്ല ”

മിഴി നീലിമയോട് പറഞ്ഞു

“കേട്ടോ എബി സാധാരണ വരുന്ന ഡേറ്റ് കഴിഞ്ഞും വരാത്തത് കൊണ്ടാ ഞാൻ ഇവളെ വിളിച്ചത്..

ലോക്ക് ഡൗൺ ആയതു കൊണ്ട് നിങ്ങൾ ഒരുമിച്ചുള്ള ഡേയ്‌സ് ഹാപ്പി ആയി വക്കുകയാണ് എന്ന് മനസിലായി. ഞാൻ കരുതിയത് അങ്ങനെ മറന്നു എന്നാ. വിളിച്ചപ്പോൾ പറയുന്നു പ്രെഗ്നന്റ് ആണോന്നു ഡൌട്ട് ഉണ്ട്‌ ടെസ്റ്റ്‌ ചെയ്യാൻ പേടി ഇനി അങ്ങനെ അല്ലങ്കിലോ അതു കൊണ്ട് എബിയോടും പറഞ്ഞില്ലെന്നു. ഞാൻ സ്ട്രിക്ട് ആയി പറഞ്ഞിട്ടല്ലേ വന്നത് ഇവൾ ” മിഴി പറഞ്ഞത് കേട്ടു എബി നീലിമയുടെ കയ്യിൽ മുറുകെ പിടിച്ചു

“നിങ്ങൾ രണ്ടാളും എങ്ങനൊക്കെയോ ജീവിച്ചു പോകുകയായിരുന്നു അല്ലേ. പരസ്പരം ഒരു അറ്റാച്ച്മെന്റ് ഇല്ലാതെ നല്ല പ്രായത്തിൽ തന്നെ വയസായതു പോലെ.. മേ ബി നിങ്ങളുടെ വർക്ക്‌ പ്രഷർ ഒക്കെ ആകാം അങ്ങനെ പറഞ്ഞാലും അത്‌ വെറും ന്യായീകരണം ആണ് ഒരു ദാമ്പത്യം എന്നത് സ്നേഹം കൊണ്ട് നിർമിക്കേണ്ടതാണ് പരസ്പരം ഉള്ള കടമകളും സ്നേഹവും എന്തിന്റെ പേരിലായാലും മാറ്റി വക്കാൻ പാടില്ല. ഇപ്പോ ഇങ്ങനെ വീട്ടിൽ ഇരിക്കേണ്ടി വന്നു നിങ്ങൾക്കത് മനസിലാക്കാൻ.

മുന്നേ നിങ്ങളോട് സംസാരിക്കുമ്പോൾ ഞാൻ പറയുമായിരുന്നു നിങ്ങൾക്കൊരു കുഞ്ഞിനുള്ള സമയം ആയില്ലെന്നു. ഇപ്പോ നിങ്ങളുടെ റിലേഷനിൽ ലവ് കൂടെ ആഡ് ചെയ്തു. ഇതാണ് പെർഫെക്ട് ടൈം പ്രണയത്തിൽ പിറന്ന കുഞ്ഞു ”

മിഴി പറഞ്ഞത് കേട്ടു ഇരുവരും ചിരിച്ചു

“എന്തായാലും നന്നായി ശ്രദ്ധിക്കണം ഞാൻ കുറച്ചു ടെസ്റ്റ്‌ എഴുതിയിട്ടുണ്ട് അടുത്താഴ്ച ചെയ്തു കാണിക്കണം കേട്ടോ ”

മിഴി കൊടുത്ത പ്രിസ്‌ക്രിപ്‌ഷനും വാങ്ങി അവർ പുറത്തേക്കു ഇറങ്ങി

തിരിച്ചു വരുമ്പോൾ ഇരുവരും സന്തോഷത്തിലായിരുന്നു

“എബിച്ചൻ വാ ഒരു സംഭവം ഉണ്ട് ”

നീലിമ മുകളിലേക്കുള്ള പടികൾ കയറി

“ഒന്ന് പതുക്കെ കയറു പൊന്നു നല്ലോണം സൂക്ഷിക്കണം “എബി പിന്നാലെ ചെന്നു പറഞ്ഞു

നീലിമ വരച്ച ചിത്രം പൂർത്തിയായിരുന്നു

ചുവപ്പും ഇളം വയലറ്റും പൂക്കൾക്കിടയിൽ ശയിക്കുന്ന ഒരുവൾ.. അവളുടെ നാഭിയിൽ നിന്നും പറന്നുയരുന്ന കടും നീല നിറമുള്ള ചിത്രശലഭങ്ങൾ അവളെ പ്രണയപൂർവം നോക്കുന്ന ഒരു പുരുഷന്റെ ഹൃദയഭാഗത്തു ചെന്നു ചേരുന്നു..

ചിത്രത്തിലുള്ളവർക്ക് എബിയുടെയും നീലിമയുടെയും മുഖമായിരുന്നു

എബി നീലിമയുടെ നെറ്റിയിൽ ചുംബിച്ചു

ടേബിളിലെ സ്കെച്ച് പേന എടുത്തു ചിത്രത്തിന്റെ താഴെ എഴുതി

“നമുക്കൊരു കുഞ്ഞു പിറക്കാൻ പോകുന്നു

നമ്മുടെ രണ്ടാം മധുവിധുവിൽ ”

എബിയും നീലിമയും അവരുടെ മധുരമായ സന്തോഷങ്ങളിൽ ജീവിച്ചു തുടങ്ങിയിരുന്നു

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന: ആതിര ചന്ദ്ര

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top