മക്കളുടെ വിവാഹത്തിന് മുൻപ് അ, മ്മയെ വിവാഹം ചെ, യ്യിക്കുന്നതിൽ ആളുകൾ പ, ലതും പറയുമായിരിക്കും……

അമ്മയ്ക്ക് സ്നേഹപൂർവ്വം

രചന : നീലിമ A

അമ്മയുടെ പിറന്നാളിന് ഒരു സാരി എടുക്കാനാണ് ആ ഷോപ്പിൽ കയറിയത്. ഇളം നിറത്തിലുള്ള സാരിയാണമ്മയ്ക്കിഷ്ടം. കടുംനിറമുള്ള സാരിയണിഞ്ഞ് ഒരിക്കലും അമ്മയെ കണ്ടിട്ടില്ല.

വിശേഷിച്ച് അച്ഛൻ മരിച്ചതിന് ശേഷം കടുംനിറങ്ങൾ തീർത്തും അമ്മ ഉപേക്ഷിച്ചിരിക്കുന്നു. അല്ലെങ്കിലും അച്ഛൻ ഉണ്ടായിരുന്നപ്പോഴും അമ്മയുടെ ജീവിതത്തിൽ നിറങ്ങൾ ഉണ്ടായിരുന്നില്ലല്ലോ.സങ്കടങ്ങളും പീഡനങ്ങളും ആ ജീവിതത്തെ വർണ്ണരഹിതമാക്കിത്തീർത്തിരുന്നു

അമ്മയുടെയും അച്ഛന്റെയും ജീവിതത്തിൽ എന്നും കലഹം മാത്രം. കലഹിക്കാൻ എന്തെങ്കിലും കാരണങ്ങൾ അച്ഛൻ എളുപ്പം കണ്ടെത്തുമായിരുന്നു.

കുട്ടിക്കാലത്ത് അച്ഛൻ അമ്മയെ ശാസിക്കുന്നത് കാണുമ്പോൾ അതിന്റെ പൊരുളറിയാതെ താനും അനിയത്തിയും ഒരുപാട് സങ്കടപ്പെട്ടിരുന്നു.അച്ഛന്റെ നിഴലിനെപ്പോലും ഭയന്നിരുന്ന ബാല്യമായിരുന്നു ഞങ്ങളുടേത്.

അച്ഛൻ ജോലി കഴിഞ്ഞ് വന്നാൽ വീട്ടിലിരുന്ന് മദ്യപിക്കും. അതിന് ശേഷം വിചാരണയാണ്‌.

വക്കീലും ജഡ്ജിയും ഒക്കെ അച്ഛൻ തന്നെ.എല്ലാം കഴിഞ്ഞ് അമ്മയെ കണ്ണ് പൊട്ടുന്ന ചീത്ത വിളിക്കും.

ചിലപ്പോഴൊക്കെ അമ്മ പ്രതികരിക്കാറുണ്ട് . പക്ഷേ അതിന്റെ മറുപടി തിണർത്ത പാടുകളായി അമ്മയുടെ കവിളിലും ദേഹത്തും തെളിയും.

അച്ഛൻ അമ്മയെ നോവിക്കുന്നതിന്റെ കാരണമറിയാൻ കുട്ടികളായ ഞങ്ങൾ ഒത്തിരി ശ്രമിച്ചെങ്കിലും ഒന്നും പറയാതെ അമ്മ മൗനത്തിലൊളിക്കും.അന്ന് അമ്മയുടെ മിഴികളിലെ ആഴങ്ങളിൽ കണ്ട നിസ്സഹായത കുഞ്ഞായിരുന്നിട്ടും തന്നെ തളർത്തിയിരുന്നു.

“ഏതാ വേണ്ടത്, നോക്കി എടുത്തോളൂ ”

സെയിൽസ് ഗേളിന്റെ വാക്കുകൾ ചിന്തയിൽ നിന്നുണർത്തി

വെള്ളയിൽ പല നിറങ്ങളിലുള്ള പൂക്കൾ വസന്തം തീർത്ത ഒരു സാരി തിരഞ്ഞെടുത്തു. ക്യാഷ് അടക്കാൻ കൗണ്ടറിൽ ചെന്നപ്പോൾ അവിടെ വാസുദേവൻ ചേട്ടൻ ഇരിക്കുന്നു.മാമന്റെ കൂടെ പഠിച്ച ആളാണ്.

“അല്ല, ഗോപിക മോളോ ഇതാർക്കാ സാരിയൊക്കെ.. ”

“സാരി അമ്മയ്ക്കാ, അമ്മയുടെ പിറന്നാളാണ് വരുന്നത് ”

“ആ, ശരിയാ, മീനത്തിലെ രോഹിണി അല്ലെ നക്ഷത്രം ”

“അത് വാസുവേട്ടനെങ്ങനെ ഇത്ര കൃത്യമായി അറിയാം? ”

വാസുവേട്ടൻ ഒന്ന് പരുങ്ങിയോ

“അത്…. പിന്നെ…. ഞാനും നിന്റെ മാമനും അമ്മയും ഒക്കെ ഒരുമിച്ച് കളിച്ച് വളർന്നവരല്ലേ, മാത്രമല്ല നക്ഷത്രവും പേരും ഒന്ന് തന്നെയാണല്ലോ.പിറന്നാളിനൊക്കെ ഞങ്ങൾ ഒരുമിച്ചാ അമ്പലത്തിൽ പോയിരുന്നത്, അതോണ്ട് എല്ലാരുടെയും നാളൊക്കെ നല്ല ഓർമ്മയാ…. ”

“ഇത്രേം പ്രായം ആയിട്ട് ഇതൊക്കെ ഓർത്തുവെക്കുന്നത് അതിശയം തന്നെ ”

ഞാൻ ചിരിച്ചു

വാസുവേട്ടൻ ഒന്നും മിണ്ടാതെ വേഗം ബില്ലും പൈസയും വാങ്ങി സാരിയുടെ കൂടെ മനോഹരമായ ഒരു കർച്ചീഫും വെച്ച് ഒരു കവറിലിട്ടു തന്നു.

“എങ്കിൽ ഞാൻ ഇറങ്ങട്ടെ ”

“അല്ല, ജോലിയൊക്കെ ആയിട്ട് കല്യാണം മതിയെന്ന് പറഞ്ഞയാൾ,ജോലി കിട്ടി ഇത്രേം കാലം ആയിട്ടും വരുന്ന ആലോചനകൾ ഒക്കെ തട്ടിക്കളയുന്നെന്ന് പറയുന്നത് കേട്ടല്ലോ, എന്താ ഇനി മനസ്സിൽ വല്ല ആളും ഉണ്ടോ ”

” എന്റെ മനസ്സിൽ ചില കണക്ക് കൂട്ടലുകൾ ഒക്കെയുണ്ട് വാസുവേട്ടാ, അതൊക്കെ നടന്നു കഴിഞ്ഞാൽ കല്യാണത്തെക്കുറിച്ച് ആലോചിക്കാം ”

“അതെന്താപ്പോ ഇത്ര വലിയ കണക്ക് കൂട്ടൽ ഒക്കെ.. ”

“അതൊക്കെയുണ്ട്….എന്നാൽ ശരി കാണാം ”

ഷോപ്പിൽ നിന്നിറങ്ങി ബസ്‌സ്റ്റോപ്പിലേക്ക് നടന്നു.

ബസ്സിനായി കാത്തിരിക്കുമ്പോൾ വീണ്ടും ഓർമ്മകളുടെ തിരയിളക്കം.

വലുതാകും തോറും അച്ഛനും അമ്മയും തമ്മിലുള്ള കലഹത്തിന്റെ പിറകിൽ ഒളിഞ്ഞിരിക്കുന്ന സത്യം വെളിപ്പെട്ടു തുടങ്ങി. വിവാഹത്തിന് മുൻപ് അമ്മയ്ക്കുണ്ടായിരുന്ന പ്രണയം വിവാഹം കഴിഞ്ഞ ആദ്യനാളുകളിലൊന്നിൽ അമ്മ അച്ഛനോട് തുറന്ന് പറഞ്ഞിരുന്നു. ഒന്നും മറച്ചുവെക്കരുതെന്ന അമ്മയുടെ പാവം മനസ്സ്… പക്ഷേ അച്ഛന് അതൊരിക്കലും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.

അന്യമതസ്ഥനുമായുള്ള പ്രണയം വീട്ടുകാർക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിഞ്ഞില്ല അങ്ങനെ ആണ് ഒക്കെ മറച്ചു വെച്ച് അച്ഛനുമായുള്ള വിവാഹം നടത്തിയത്. പക്ഷേ സത്യം അറിഞ്ഞപ്പോൾ അച്ഛന് അമ്മയോടും വീട്ടുകാരോടും ക്ഷമിക്കാൻ സാധിച്ചില്ല.കൂടാതെ സംശയരോഗവും…വിവാഹത്തിന് ശേഷം ഒരിക്കലും സ്വന്തം വീട്ടിലേക്ക് പോകാൻ അമ്മയെ അനുവദിച്ചിരുന്നില്ല. പുറത്തേക്ക് പോകാനും ആരോടെങ്കിലും സംസാരിക്കാനും അനുവാദമില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയെ പോലെ അമ്മ വീട്ടിൽ കഴിഞ്ഞു കൂടി.അതിനിടയിൽ രണ്ട് മക്കളും പിറന്നു.

അമിതമദ്യപാനത്തിന്റെ അനന്തരഫലം കരൾ രോഗമായി മാറുകയും താമസിയാതെ അച്ഛൻ മരിക്കുകയും ചെയ്തു. അച്ചന്റെ മരണം ഞങ്ങൾ മക്കൾക്ക് സത്യത്തിൽ വല്ലാത്തൊരാശ്വാസം ആയിരുന്നു.

ജീവിച്ചിരുന്നപ്പോൾ അമ്മയെ ദ്രോഹിച്ചത് മാത്രമല്ല, മക്കളെന്ന നിലയിൽ ഒരു പരിഗണന പോലും തന്നിരുന്നില്ല. ഞങ്ങളുടെ വിദ്യാഭ്യാസം പോലും അമ്മ പൊരുതി നേടിത്തന്നതാണ്

നാട്ടിലേക്കുള്ള ബസ്സ് വന്നപ്പോൾ അതിൽ കയറി.

ഭാഗ്യം സീറ്റുണ്ട്.

കാഴ്ചകൾ പിന്നിലേക്ക് മറയുമ്പോൾ വീണ്ടും ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിച്ചു തുടങ്ങി

അച്ഛൻ മരിച്ചതിന് ശേഷം അമ്മയുടെ വീട്ടുകാരൊക്കെ വീട്ടിൽ വന്ന് തുടങ്ങി.

വല്യമ്മ, രഘുമാമൻ, മാമി, അവരുടെ മക്കൾ …..

അറ്റുപോയ ബന്ധങ്ങളൊക്കെ വീണ്ടും വിളക്കിച്ചേർക്കപ്പെട്ടു.

ഒരിക്കൽ മാമന്റെ വീട്ടിൽ വച്ച് പഴയ കാര്യങ്ങൾ ഒക്കെ പറയുന്ന കൂട്ടത്തിലാണ് അമ്മയുടെ പ്രണയവും കടന്ന് വന്നത്. അമ്മയുടെ സീനിയർ ആയി കോളേജിൽ പഠിച്ചിരുന്ന ഒരു ക്രിസ്ത്യാനി പയ്യൻ ആയിരുന്നത്രേ ആൾ.അതറിഞ്ഞ കാരണവൻമാർ തിരക്കിട്ട് വിവാഹം നടത്തുകയായിരുന്നു. പയ്യനെ പറ്റി കൂടുതൽ ഒന്നും അന്വേഷിക്കാനും മിനക്കെട്ടിരുന്നില്ല.

വേറെ ആരെക്കൊണ്ട് വിവാഹം കഴിപ്പിച്ചാലും അന്യമതക്കാരന് കൊടുക്കില്ലെന്ന തറവാട്ടുകാരുടെ ദുരഭിമാനം. അത് ഒരു പാവം സ്ത്രീയുടെയും അവർക്ക് ജനിച്ച മക്കളുടെയും ജീവിതം ദുരിത പൂർണ്ണമാക്കി എന്നല്ലാതെ ആർക്ക് എന്ത് നേട്ടമാണ് ഉ ണ്ടാക്കിയതെന്ന ചോദ്യത്തിന് ഒരാൾക്കും ഉത്തരം ഉണ്ടായിരുന്നില്ല

“അമ്മ സ്നേഹിച്ചയാൾ ഇന്നെവിടെ ആണെന്ന് മാമന് അറിയാമോ? “ഞാൻ തിരക്കി

“അയാൾ പഠിത്തം കഴിഞ്ഞ് വിദേശത്തേക്ക് പോയി, പിന്നീട് വിവാഹം കഴിഞ്ഞെന്നും അറിഞ്ഞു.പക്ഷേ ”

“എന്താ ഒരു പക്ഷേ… ”

“എന്റെ കൂടെ പഠിച്ച വാസുദേവന് രോഹിണിയെ ഇഷ്ടമായിരുന്നു. അത് പക്ഷേ അയാൾ ആരോടും പറയാതെ മനസ്സിൽ കൊണ്ട് നടക്കുകയായിരുന്നു.രോഹിണിയുടെ വിവാഹം കഴിഞ്ഞതോടെ വേറെ വിവാഹത്തെക്കുറിച്ച് അയാൾ ചിന്തിച്ചുമില്ല ”

അത് കേട്ടപ്പോൾ മനസ്സിൽ പ്രതീക്ഷയുടെ ഒരു തിരിവെട്ടം തെളിഞ്ഞു. വീട്ടിൽ വന്ന് അതിനെ കുറിച്ച് ഒരുപാട് ആലോചിച്ചു. അമ്മയുടെ യൗവനം മുഴുവൻ സ്വന്തം വീട്ടുകാരുടെയും ഭർത്താവിന്റെയും പിടിവാശിയിൽ എരിഞ്ഞുപോയി. പാവത്തിന്റെ ബാക്കി ജീവിതം എങ്കിലും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കണം.ഒരാളെ സ്നേഹിച്ചതിന്റെ പേരിൽ മാത്രം ഒരായുസ്സിന്റെ സങ്കടം മുഴുവൻ അനുഭവിച്ചതാണ്.എന്റെയും അനിയത്തിയുടെയും വിവാഹത്തോടെ അമ്മ തനിച്ചാകും. അത് പാടില്ല.

കാര്യങ്ങളൊക്കെ അനിയത്തി ഗീതുവുമായി സംസാരിച്ചു.ഡിഗ്രിക്കാണ് പഠിക്കുന്നത് എങ്കിലും പ്രായത്തിൽ കവിഞ്ഞ പക്വത അവൾക്കുണ്ട്.

അമ്മയുടെ ദുരിതജീവിതം അവൾക്കും മറക്കാൻ സാധിക്കുമായിരുന്നില്ല. കേട്ടപ്പോൾ അവൾക്കും സമ്മതം തന്നെ. ഞങ്ങൾ രണ്ട് പേരും കാര്യങ്ങൾ മാമന്റെ മുന്നിൽ അവതരിപ്പിച്ചു.. പെങ്ങളുടെ ജീവിതം ഇങ്ങനെ ഒക്കെ ആയതിൽ ഒരു പങ്ക് തനിക്കും ഉണ്ടെന്ന കുറ്റബോധം മാമന്റെ ഉള്ളിൽ നീറിക്കിടപ്പുണ്ടായിരുന്നു.

അത് കൊണ്ട് തന്നെ അക്കാര്യത്തിൽ മാമന് പൂർണ്ണസമ്മതം ആയിരുന്നു.

സ്റ്റോപ്പിൽ ബസ്സ് നിർത്തി. അവിടെയിറങ്ങി.

രണ്ട് ദിവസം കഴിഞ്ഞാൽ അമ്മയുടെ പിറന്നാൾ ആണ്. അന്ന് ഇക്കാര്യം അമ്മയോട് പറയണം.

പെട്ടെന്നൊന്നും സമ്മതിക്കില്ല എന്നറിയാം. എന്നാലും എങ്ങിനെ എങ്കിലും സമ്മതിപ്പിക്കണം.വാസുദേവേട്ടനോട് മാമൻ കാര്യം പറയാമെന്ന് ഏറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉള്ളിൽ ഇപ്പോഴും അമ്മ മാത്രമേ ഉള്ളൂ.അദ്ദേഹംസമ്മതിക്കാതിരിക്കില്ല. മക്കളുടെ വിവാഹത്തിന് മുൻപ് അമ്മയെ വിവാഹം ചെയ്യിക്കുന്നതിൽ ആളുകൾ പലതും പറയുമായിരിക്കും. എങ്കിലും സാരമില്ല. അമ്മയ്ക്ക് വേണ്ടി മകൾ എന്ന നിലയിൽ ഇതെങ്കിലും ചെയ്യണം.അച്ഛന്റെ സ്ഥാനത്ത് വാസുദേവേട്ടൻ വരുമ്പോൾ ആ വീട് ഒരു സ്വർഗ്ഗം ആയിരിക്കുമെന്നെനിക്കുറപ്പുണ്ട്.

എന്നും നിറഞ്ഞ് മാത്രം കണ്ടിരുന്ന അമ്മയുടെ മിഴികളിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും തിളക്കം ദർ ശിക്കാനുള്ള ഭാഗ്യം കൈവരുമെന്ന ശുഭപ്രതീക്ഷ ഉണ്ട്…

വരാൻ പോകുന്ന സന്തോഷം നിറഞ്ഞ നാളുകൾ ഓർത്ത് നിറഞ്ഞ മനസ്സോടെ ഞാൻ വീട്ടിലേക്ക് നടന്നു.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഇന്ന് അമ്മയുടെ വിവാഹം ആയിരുന്നു.വലിയ ചടങ്ങൊന്നും ഉണ്ടായിരുന്നില്ല. അടുത്തുള്ള ശ്രീകൃഷ്ണക്ഷേത്രത്തിൽ വെച്ച് ഒരു താലികെട്ട്.

ബന്ധുക്കൾക്കും അയല്പക്കക്കാർക്കും ചെറിയ രീതിയിൽ സദ്യയും. ഇനിയെങ്കിലും ആ ജീവിതം
പ്രകാശപൂർണ്ണമാകട്ടെ, പ്രാർത്ഥനയോടെ…

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : നീലിമ A