തന്നെ ഉപേക്ഷിച്ചു വേറെ ഒരാളെ കെട്ടണമെന്ന് അവൾ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.

പ്രണയം…

രചന : അമിത വാഹിദ്

” നീ എല്ലാം തീരുമാനിച്ച സ്ഥിതിക്ക് ഞാൻ ഇനി എന്ത് പറയാനാണ്? എല്ലാം നിന്റെ ഇഷ്ടം പോലെ ആയി കോട്ടെ. നമുക്ക് പിരിയാം”

അഖിലിന്റെ പെട്ടെന്നുള്ള മറുപടി കേട്ട് രമ്യ ഒരു നിമിഷം അന്താളിച്ചു നിന്നു. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വാർന്നൊഴുകി.

അഖിൽ ആവട്ടെ ഇതൊന്നും ശ്രദ്ധിക്കാതെ റൂമിലെ ലൈറ്റ് അണച്ച് കട്ടിലിന്റെ ഒരു വശത്തായി കിടന്നു.

കുറച്ച് കഴിഞ്ഞ് രമ്യയും മറുവശത്തായി കിടന്നു. ഒരു കട്ടിലിന്റെ ഇരുവശങ്ങളിലായും അവർ രണ്ടു പേരും പരസ്പരം നോക്കാതെ രണ്ട് ഭിത്തികളിലേക്കും അഭിമുഖമായി കിടന്നു.

ആ രാത്രിയുടെ നിശബ്ദതയിൽ രമ്യയുടെ തേങ്ങലുകൾ മുഴങ്ങി. അഖിലിന് അവളെ ചേർത്തു പിടിക്കണമെന്ന് തോന്നി.

പക്ഷെ എന്തോ അവന് അതിന് കഴിഞ്ഞില്ല.

“കരയട്ടെ… അവളുടെ ഉള്ളിലുള്ള സങ്കടങ്ങളെല്ലാം പെയ്തൊഴിയട്ടെ” അവൻ മനസ്സിൽ വിചാരിച്ചു.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

അഖിലും രമ്യയും കളിക്കൂട്ടുകാരായിരുന്നു. പറമ്പിലും തൊടിയിലും മാങ്ങക്ക് കല്ലെറിയാനായാലും മീൻ പിടിക്കാനായാലും അവർ ഒരുമിച്ചായിരുന്നു.

സ്കൂളിലും ഉറ്റ ചങ്ങാതിമാർ. അവർ വളരും തോറും അവരുടെ സൗഹൃദവും വളർന്നു.

അഖിൽ പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞ് എഞ്ചിനീയറിംഗിന് പോയി. രമ്യക്ക് ടീച്ചറാകാനായിരുന്നു ആഗ്രഹം.

അവൾ ഡിഗ്രിക്ക് ചേർന്നു.

ഇടയ്ക്കപ്പോയോ അവരുടെ സൗഹൃദം പ്രണയത്തിന് വഴി മാറി. എഞ്ചിനീയറിംഗ് കഴിഞ്ഞ് അഖിൽ വളരെ പ്രശസ്തമായ ഒരു ഐ. ടി. കമ്പനിയിൽ ജോലിക്ക് കയറി.

രമ്യ ബി. എഡ് കഴിഞ്ഞ് സ്കൂൾ ടീച്ചറായി ജോലിക്ക് കയറി. എല്ലാം അറിഞ്ഞപ്പം വീട്ടുകാർക്കും സമ്മതം.

അങ്ങനെ വളരെ ആർഭാടമായി തന്നെ അവരുടെ വിവാഹം കഴിഞ്ഞു.

രണ്ട് പേർക്കും ജോലിക്ക് പോകാനുള്ള എളുപ്പം കണക്കിലെടുത്ത് അവർ നഗരത്തിലേക്ക് വീട് മാറി.

പരസ്പരം പ്രണയിച്ചും കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി അവരുടെ ജീവിതം മുന്നോട്ടു പോയി.

ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയി.

എല്ലാ ദമ്പതിമാരും അഭിമുഖികരിക്കേണ്ടിവരുന്ന ചോദ്യങ്ങൾ അവർക്കും നേരിടേണ്ടതായി വന്നു.

” വിശേഷമൊന്നുമായില്ലെ? ആർക്കാണ് കുഴപ്പം ?

ഡോക്ടറെ കണ്ടോ? ” തുടങ്ങിയ ബന്ധുക്കളുടെ ചോദ്യങ്ങൾ അവരെ വീർപ്പുമുട്ടിച്ചു.

ഇതൊക്കെ ഏറ്റവും കൂടുതൽ ബാധിച്ചത് രമ്യയെ ആയിരുന്നു. ചോദ്യങ്ങളിൽ നിന്നും കുhത്തുവാക്കുകളിൽ നിന്നും രക്ഷപ്പെടാൻ അവർ നാട്ടിലേക്കും വീട്ടിലേക്കുമുള്ള യാത്രകൾ കുറച്ചു.

പക്ഷെ ഇതൊന്നും തന്നെ അവരുടെ പ്രണയത്തിന് വിള്ളൽ വീഴ്ത്തിയില്ല. അവർ പരസ്പരം പ്രണയിച്ചു കൊണ്ടേയിരുന്നു.

അങ്ങനെയിരിക്കെ ഒരിക്കൽ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി അവർ ഡോക്ടറെ കാണാൻ തീരുമാനിച്ചു. ഡോക്ടർ രണ്ടു പേരെയും പരിശോധിച്ചു. റിസൾട്ട് വന്നപ്പം രമ്യക്ക് ആണ് പ്രശ്നം എന്ന് ഡോക്ടർ പറഞ്ഞു. രമ്യക്ക് അത് വലിയൊരു ആഗാദമായിരുന്നു.

പക്ഷെ ഡോക്ടർ അവളെ സമാധാനിപ്പിച്ചു. അതിന് പരിഹാര മാർഗങ്ങൾ ഉണ്ടെന്ന് പറഞ്ഞു. പ്രതീക്ഷ കൈവിടാതെ അവർ ചികിത്സ തുടങ്ങി. പക്ഷെ ഒന്നും ഫലം കണ്ടില്ല. അവരുടെ കാത്തിരിപ്പ് നീണ്ടു നീണ്ടു പോയി.

ഈ കാര്യങ്ങളൊക്കെ അവർ രണ്ടാളും അവരുടെ വീട്ടുകാരിൽ നിന്നും മറച്ചു വെച്ചിരുന്നു.

ആദ്യമൊക്കെ ഡോക്ടറെ കാണാനും മരുന്നു കഴിക്കാനും രമ്യക്ക് നല്ല ഉത്സാഹമായിരുന്നു.

പയ്യ പയ്യ അത് കുറഞ്ഞു. അവളുടെ ചിരിയും കളിയുമൊക്കെ നഷ്ടമായി. സംസാരം കുറഞ്ഞു.

ഒന്നിലും ശ്രദ്ധ ഇല്ലാതായി.

എപ്പോയും എന്തെങ്കിലുമൊക്കെ ചിന്തിച്ചിരിക്കും.

ഇടക്ക് പൊട്ടി കരയുന്നതു കാണാം. കാരണമില്ലാതെ ദേഷ്യപ്പെടും. അവളൊരു വിഷാദരോഗിയായി മാറി.

അവളെ ചികിത്സിക്കുന്ന ഡോക്ടറോടു അഖിൽ കാര്യങ്ങൾ തുറന്നു സംസാരിച്ചു. ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഒരു സൈക്യാർട്ടിസ്റ്റിനെ അവർ കണ്ടു. കുഞ്ഞില്ലാത്തതിന്റെ ദുഃഖവും ബന്ധുക്കളുടെ കുറ്റം പറച്ചിലുകളും ആണ് അവളെ വിഷാദരോഗിയാക്കിയതെന്ന് ഡോക്ടർ പറഞ്ഞു.

കൗൺസിലിംഗ് കൊണ്ടും മരുന്നുകൾ കൊണ്ടും പതിയെ അവൾ പഴയ രമ്യ ആയി മാറി. വീണ്ടും സന്തോഷത്തിന്റെ നാളുകൾ. അവൾക്ക് അമ്മ ആകാൻ കഴിയില്ല എന്നറിഞ്ഞിട്ടും വിഷാദരോഗത്തിന് അടിമപെട്ടിട്ടും അവളോടുള്ള അഖിലിന്റെ സ്നേഹത്തിന് അല്ല, പ്രണയത്തിന് ഒരു കുറവും വന്നില്ല…

കൂടിയതല്ലാതെ.

അങ്ങനെയിരിക്കെ കഴിഞ്ഞ ദിവസം അഖിലിന്റെ അമ്മയും അച്ഛനും വന്നിരുന്നു. അവര് എങ്ങനെയൊക്കെയോ കാര്യങ്ങൾ അറിഞ്ഞു.

അവളോടുള്ള ഒരു യാചന പോലെ അമ്മ അഖിലിന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണമെന്നു പറഞ്ഞു. അമ്മ ആകാൻ കഴിയാത്ത ഭ്രാന്തിയായ ഒരു പെണ്ണിനെ തന്റെ മോന് വേണ്ടാന്ന് അമ്മ പറഞ്ഞു.

അഖിൽ അമ്മയുമായി വഴക്കിട്ടു. ഇത് പറയാനായി ഇനി അമ്മ ഇങ്ങോട്ടേക്ക് വരരുതെന്നും പറഞ്ഞു.

പക്ഷെ അമ്മയുടെ സംസാരം അവളെ വല്ലാതെ വേദനിപ്പിച്ചിരുന്നു.

തന്നെ ഉപേക്ഷിച്ചു വേറെ ഒരാളെ കെട്ടണമെന്ന് അവൾ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.

അവളുടെ വാക്കുകൾ അവനെ വല്ലാതെ വേദനിപ്പിച്ചു.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“എങ്കിലും എങ്ങനെ പറയാൻ തോന്നി അവൾക്ക് അത്? എന്ത് നിസാരമായിട്ടാണ് അവളെ ഉപേക്ഷിച്ച് വേറൊരു പെൺകുട്ടിയെ കെട്ടണമെന്ന് പറഞ്ഞത്‌?

“കഴിഞ്ഞു പോയ കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് എപ്പോഴോ അവൻ ഉറങ്ങി പോയി.

പിറ്റേ ദിവസം രാവിലെ അവൾ ഉണർന്നപ്പോൾ കുളി കഴിഞ്ഞു വന്ന അഖിലിനെയാണ് കണ്ടത്. മുന്നിൽ പാക്ക് ചെയ്ത് വെച്ചേക്കുന്ന ബാഗുകളും.

” എഴുന്നേറ്റോ, വേഗം കുളിച്ച് റെഡിയായി വാ.

നിന്നെ അവിടെ ആക്കിയിട്ടു വേണം എനിക്കു ഓഫീസിൽ പോകാൻ. ഹാഫ് ഡെ ലീവെ ഉള്ളൂ”

അഖിൽ പറയുന്നത് എന്താണെന്ന് മനസ്സിലാകാതെ അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു

” ഇതെന്താ പറഞ്ഞത് മനസ്സിലായില്ല എന്നുണ്ടോ?

വേഗം റെഡി ആയി വാ നിന്റെ സാധനങ്ങളൊക്കെ ഞാൻ എടുത്തുവെച്ചിട്ടുണ്ട്. ഞാൻ തന്നെ വീട്ടിൽ കൊണ്ടാക്കാം. നീ പറഞ്ഞതാണ് ശരി നമുക്ക് പിരിയാം.”

കേണ്ടത് വിശ്വസിക്കാൻ പറ്റാത്തപോലെ അവൾ തറച്ചു നിന്നു. ഒരു നിമിഷത്തെ മൂകതക്ക് ശേഷം അവൾ നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ടു പറഞ്ഞു.

” ചേട്ടായി ഓഫീസിൽ പോയിക്കോളൂ. ഞാൻ വീട്ടിലേക്ക് ഒറ്റക്ക് പോയിക്കോളാം.”

“അത് വേണ്ട. നിന്റെ അച്ഛനും അമ്മയും എന്റെ കൈയ്യിൽ ഏൽപ്പിച്ചതാ നിന്നെ. അപ്പോൾ തിരിച്ചു അവരുടെ കൈകളിൽ ഏൽപ്പിക്കേണ്ട ബാധ്യത എനിക്കുണ്ട്. കരഞ്ഞും തർക്കിച്ചും ഇനി സമയം കളയണ്ട. എല്ലാം നിന്റെ തീരുമാനങ്ങൾ ആണല്ലോ.

ഇതെങ്കിലും ഞാൻ പറയുന്ന പോലെ ആവട്ടെ.

ഞാൻ ബാഗൊക്കെ വണ്ടിയിൽ എടുത്തുവെക്കട്ടെ

നീ ഒരുങ്ങി അങ്ങോട്ടേക്ക് വാ”

രമ്യ ഒന്നും മിണ്ടാതെ എഴുന്നേറ്റു ബാത് റൂമിലേക്ക് പോയി വാതിൽ അടച്ചു. വാഷ് ബേസന്റെ പൈപ്പ് തുറന്നു കണ്ണൂനീർ വാർന്നൊഴുകുന്ന അവളുടെ മുഖത്തേക്ക് വെള്ളം ഒഴിച്ചു. വീണ്ടും വീണ്ടും അവൾ പൊട്ടി കരഞ്ഞു. കണ്ണാടിയിൽ അവളുടെ രൂപം കണ്ടപ്പോൾ അവൾക്ക് സങ്കടം വന്നു.

“സോറി ചേട്ടായി. ചേട്ടായി എന്നെ ഒരുപാടു സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. എനിക്കും ഇഷ്ടമുണ്ടായിട്ടല്ല ഞാൻ ഈ തീരുമാനം എടുത്തത്.

ഇനിയും കുറ്റപ്പെടുത്തലുകൾ താങ്ങാനുള്ള കഴിവ് എന്റെ മനസ്സിനില്ല. ഇപ്പോഴെ ഞാനൊരു വിഷാദ രോഗി ആയിരിക്കുന്നു. ഇനിയും ഞാൻ ഏട്ടന്റെ ജീവിതത്തിൽ തുടർന്നാൽ ഏട്ടന്റെ ജീവിതം കൂടി ഇല്ലാതാകും.

നമ്മുടെ ഒരു കുഞ്ഞിനെ നമ്മൾ എത്ര കൊതിച്ചതാണ്. എന്നാൽ ദൈവത്തിന്റെ വിധി മറ്റൊന്നായിരുന്നു.

ചേട്ടനില്ലാതെ ഒരു ജീവിതം എനിക്കു സങ്കല്പിക്കാൻ പോലും പറ്റില്ല. പക്ഷെ അമ്മയാകാൻ കഴിയാത്ത ഒരു പെണ്ണിനെ സമൂഹം ഒരിക്കലും അംഗീകരിക്കില്ല.

അത് കൊണ്ട് ചേട്ടന്റെ ജീവിതത്തിൽ ഒരു കരിനിഴലായി ഞാൻ ഇനി വേണ്ട.

എന്റെ തീരുമാനമാണ് ശരി. എന്റെ മാത്രം ശരി”

“അതേ കഴിഞ്ഞില്ലേ. വേഗം ആവട്ടെ”

അഖിൽ കതകിൽ മുട്ടികൊണ്ട് പറഞ്ഞു.

മുഖം കഴുകി കണ്ണ് തുടച്ചു. ഡ്രെസ്സുകൾ മാറി രമ്യ പുറത്തിറങ്ങി.

” പോകാം” അവൾ പറഞ്ഞു.

ഒന്നും മിണ്ടാതെ അവൻ മുൻപിൽ നടന്നു. രണ്ടാളും പുറത്തിറങ്ങി.

രമ്യ വീട് പൂട്ടി താക്കോൽ അഖിലിനു നൽകി.

അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.

അവൻ കാറിന്റെ ഡോർ അവൾക്ക് കയറാനായി തുറന്നു കൊടുത്തു. അവൾ അവന്റെ മുഖത്ത് നോക്കാതെ കാറിന്റെ അകത്തേക്ക് കയറി ഇരുന്നു.

അവനെ നോക്കിയാൽ താൻ സംഭരിച്ചു വെച്ചേക്കുന്ന ധൈര്യമൊക്കെ ചോർന്നുപോകുമെന്നു അവൾക്ക് അറിയാം.

അഖിലും ഒന്നും മിണ്ടാതെ കാറിൽ കയറി വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ടു പോയി. കുറച്ചു നേരത്തെ മൗനത്തിന് ശേഷം അഖിൽ

” നിനക്കു വിശക്കുന്നുണ്ടോ? നമുക്ക് എന്തേലും കഴിച്ചാലോ?”

“വേണ്ട, എനിക്കൊന്നും വേണ്ട. വിശക്കുന്നില്ല”

“അങ്ങനെ പറഞ്ഞാൽ എങ്ങനാണ്. ഇന്നലെയും ഒന്നും കഴിച്ചില്ലല്ലോ? നമുക്കൊരു ചായ എങ്കിലും കുടിക്കാം. ഇനി ഒരുപാട് പോകണ്ടതല്ലേ?”

അവൾ ഒന്നും മിണ്ടിയില്ല. അഖിൽ ഒരു ചായക്കടയുടെ വാതിൽക്കൽ വണ്ടി നിറുത്തി.

“ചേട്ട രണ്ട് ചായ. പിന്നെ രണ്ട് പഴം പൊരിയും. നല്ല മൊരിഞ്ഞ പഴം പൊരി തരണേ ചേട്ട. വൈഫിന് അതാണ് ഇഷ്ടം”

അഖിലിന്റെ സംസാരം കേട്ട് രമ്യക്ക് അത്ഭുതം തോന്നി. ആൾക്ക് അത്ര സങ്കടമില്ലാത്ത പോലെ.

അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.

കുറച്ച് കഴിഞ്ഞ് അഖിൽ ഒരു ചായയും പഴം പൊരിയും രമ്യക്ക് കൊടുത്തു. അവൾ കാറിൽ തന്നെ ഇരിക്കുവായിരുന്നു.

അഖിൽ വെളിയിൽ നിന്ന് കടക്കാരനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അവനും ചായയും പഴം പൊരിയും കഴിക്കുന്നുണ്ട്.

രമ്യക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല. അവൾ ചായ ഒരു സിപ്പ് കുടിച്ചു ബാക്കി കളഞ്ഞു.. പഴം പൊരി പൊതിഞ്ഞു കൈയ്യിൽ തന്നെ വെച്ചു.

അഖിൽ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷെ അഖിൽ ഒന്നും കണ്ട ഭാവം നടിച്ചില്ല. അവളുടെ കൈയ്യിൽ നിന്ന് ഗ്ലാസ്സ് വാങ്ങി കടക്കാരനു പൈസയും കൊടുത്തു തിരിച്ചു കാറിൽ കയറി വണ്ടി എടുത്തു മുന്നോട്ടു പോയി.

അഖിലിന്റെ അവഗണന അവളെ വീണ്ടും സങ്കടപ്പെടുത്തി. നിറഞ്ഞു വന്ന മിഴികൾ അവൾ അവൻ കാണാതെ വിരലുകൾ കൊണ്ട് തുടച്ചു.

എന്തൊക്കെയോ ചിന്തകളിൽ മുഴുകി പുറത്തേക്ക് യാന്ത്രികമായി നോക്കി ഇരുന്നു. അഖിലും ഇടയ്ക്കിടക്ക് അവളെ നോക്കുന്നുണ്ടായിരുന്നു.

” സ്ഥലം എത്തി ഇറങ്ങാം” കാറ് വലിയ ഒരു ഗേറ്റിന് മുന്നിൽ നിറുത്തിയിട്ട് അവൻ പറഞ്ഞു.

പെട്ടെന്നവൾ തന്റെ ചിന്തകളിൽ നിന്ന് ഉണർന്ന് വെളിയിലേക്ക് നോക്കി. സ്ഥലം മനസ്സിലാകാത്ത പോലെ അവൾ അവനെ നോക്കി. അവൻ വണ്ടി സൈഡിലായി പാർക്ക് ചെയ്ത് നിറുത്തിയിട്ട് പുറത്തേക്കിറങ്ങി അവളുടെ ഡോറ് തുറന്നു.

അവൾ പുറത്തുള്ള വലിയ കെട്ടിടത്തിന്റെ ബോർഡിലേക്ക് നോക്കി. അവൾ അതിശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.

” സ്ഥലമൊന്നും തെറ്റിയിട്ടില്ല. ഇവിടേക്ക് തന്നെയാണ് നിന്നെ കൂട്ടി കൊണ്ടു വന്നത്.”

അവൻ പറഞ്ഞു. അതൊരു അനാഥാലയം ആയിരുന്നു. ഒരുപാടു കുഞ്ഞുങ്ങൾക്ക് ആശ്രയമായ ഒരു അനാഥാലയം.

” നമ്മൾ എന്താണ് ഇവിടെ?”

കാറിൽ നിന്നു പുറത്തിറങ്ങിയ അവൾ ചോദിച്ചു.

“നമ്മുടെ മകളെ കാണാൻ. അവളെ നമ്മുടെ വീട്ടിലേക്ക് കൊണ്ടു പോകാൻ”

” ചേട്ടായി എന്തൊക്കെയാ ഈ പറയുന്നത്? നമ്മുടെ മകളോ?”

“അതേ മക്കളില്ലാത്ത നമുക്ക് ദൈവം തന്ന മകൾ.

അവൾ ഇവിടാണ്. അന്നു നമ്മൾ സൈക്യാർട്ടിസ്റ്റിനെ കാണാൻ പോയത് ഓർമയുണ്ടോ നിനക്ക്.

അന്ന് എന്നെ മാറ്റി നിറുത്തി സംസാരിച്ചില്ലെ .

അന്ന് എന്നോടു പറഞ്ഞായിരുന്നു. നീ ഒരു കുഞ്ഞിനായി എത്രത്തോളം കൊതിക്കുന്നുണ്ടെന്ന്.

അങ്ങനെയാണ് നീ വിഷാദരോഗി ആയതെന്ന്.

ഇനിയും നിന്റെ ആഗ്രഹം നടന്നില്ലെങ്കിൽ ചിലപ്പോൾ നിന്റെ മനസ്സ് കൈവിട്ട് പോകും എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

നിന്നെ ചികിത്സിക്കുന്ന ഗൈനക്കോളജിസ്റ്റുമായും ഞാൻ സംസാരിച്ചിരുന്നു. നീ അനുഭവിക്കുന്ന മാനസിക പിരിമുറുക്കത്തിന് ഒരു കുഞ്ഞാണ് പരിഹാരം എന്ന് ഡോക്ടറും പറഞ്ഞു. അങ്ങനെ ഡോക്ടർ തന്നെയാണ് ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെ കുറിച്ച് പറഞ്ഞത്.

ആലോചിച്ചപ്പോൾ എനിക്കും അത് ശരിയാണ് എന്ന് തോന്നി. ആരോരുമില്ലാത്ത ഒരു കുഞ്ഞിന് അച്ഛനും അമ്മയും ആവുക അതിൽ പരം എന്താണ് ഒരു പുണ്യം.ഒപ്പം നമുക്കും ഒരു പുതു ജൻമം”

” ഏട്ടാ പക്ഷെ..”

“എന്താണ് നിനക്ക് ഇഷ്ടമല്ലെ? നിനക്ക് ആ കുഞ്ഞിനെ സ്വന്തമായി കരുതി സ്നേഹിക്കാൻ കഴിയില്ലേ?

അതിന്റെ അമ്മ ആവാൻ കഴിയില്ലേ?

എനിക്കറിയാം ഏത് സ്ത്രീയും കല്യാണം കഴിഞ്ഞാൽ തന്റെ ഭർത്താവിന്റെ ചോരയിൽ ഒരു കുഞ്ഞിനെ ഉദരത്തിൽ പേറാൻ ആഗ്രഹിക്കും. പ്രസവിക്കാൻ ആഗ്രഹിക്കും. പക്ഷെ നമ്മളോടു ദൈവം ഇത്തിരി വികൃതി കാട്ടി. അതിനുള്ള ഭാഗ്യം തന്നില്ല. പക്ഷെ ദൈവം നമ്മളോടു ഒത്തിരി ഇഷ്ടമുള്ളോണ്ടല്ലേ തന്റെ ജോലി നമ്മളെ ഏൽപ്പിച്ചത് ആരോരുമില്ലാത്ത ഒരു കുഞ്ഞിന് അച്ഛനും അമ്മയും ആവാൻ?”

” ചേട്ടൻ എന്തുവാ പറയുന്നത്. എനിക്ക് ഇഷ്ടമില്ലെന്നോ? സ്വന്തം കുഞ്ഞിനെ പ്രസവിക്കാനും ലാളിക്കാനും ആഗ്രഹമുണ്ട് പക്ഷെ അതിന് വിധി ഇല്ലല്ലോ. അങ്ങനെയുള്ള എനിക്ക് എന്റേതെന്നു പറയാൻ എന്നെ അമ്മ എന്നു വിളിക്കാൻ ഒരു മോളെ കിട്ടുക എന്നു പറയുന്നത് എന്റെ പുണ്യം തന്നെയാണ്.എത്രയോവട്ടം എന്റെ മനസ്സിൽ ഇങ്ങനെ ഒരു ചിന്ത വന്നതാ. അന്നൊന്നും ചേട്ടനോട് പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.

പക്ഷെ ചേട്ടന്റെ അമ്മ ഇത് സമ്മതിക്കുമോ? സ്വന്തം മകന്റെ ചോരയെ ലാളിക്കാൻ കൊതിക്കുന്ന അമ്മയെ ചേട്ടൻ കാണാതെ പോവരുത്.

അതുകൊണ്ടാണ് ചങ്കു പറിച്ചെറിയണ വേദനയോടെ ഞാൻ അങ്ങനെ ഒരു തീരുമാനം എടുത്തത്.”

” അമ്മ ആദ്യം എതിർക്കുവായിരിക്കും.

പ്രായമായവരല്ലെ പറഞ്ഞ് തിരുത്താൻ പെട്ടെന്ന് പറ്റില്ല. പതിയെ പറഞ്ഞു മനസ്സിലാക്കാം.പിന്നെ എന്റെ ചോരയിൽ ഒരു കുഞ്ഞ്. അങ്ങനെ എനിക്ക് മാത്രം ഒരു കുഞ്ഞു വേണ്ട. ദൈവം ഒരു കുഞ്ഞിനെ തരുന്നെങ്കിൽ അത് നമ്മൾക്ക് രണ്ടാൾക്കും കൂടി മതി.പിന്നെ ഞാൻ നിന്നെ സ്നേഹിച്ചതും കല്യാണം കഴിച്ചതും നമുക്ക് ഒരു കുഞ്ഞ് ഉണ്ടാകാൻ വേണ്ടി മാത്രം അല്ലല്ലോ. കല്യാണം കഴിയുന്ന ദമ്പതിമാരുടെ മനസ്സിൽ ഒരു സ്വപ്നമാണ് അവരുടെ ചോരയിൽ ഒരു കുഞ്ഞ്. പക്ഷെ ചിലപ്പോൾ പല കാരണങ്ങൾ കൊണ്ടും അത് വൈകും. ചിലപ്പോൾ ആരുടെയെങ്കിലും അസുഖം കൊണ്ട് അവർക്ക് ആ ഭാഗ്യം നിഷേധിക്കപ്പെടാം. എന്ന് പറഞ്ഞ് പരസ്പരം ഒരായുസ്സ് കാലം ഒരുമിച്ചു താങ്ങായി തണലായി ജീവിക്കാമെന്നു വാഗ്ദാനം നൽകി കൂടെ കൂട്ടിയ വരെ പാതി വഴിയിൽ ഉപേക്ഷിക്കുകയാണോ ചെയേണ്ടത്.

ഒരു കുഞ്ഞിനെ ഞാൻ ആഗ്രഹിച്ചു എന്നുള്ള സത്യമാണ്. പക്ഷേ എന്റെ ആ ആഗ്രഹത്തെക്കാൾ വലുതാണ് എനിക്ക് നിന്നോടുള്ള സ്നേഹം പ്രണയം.

എന്നാലും അമ്മ വന്ന് എന്തോ പറഞ്ഞപ്പം നീ എന്നെ വിട്ടിട്ടു പോകാൻ തീരുമാനിച്ചില്ലെ? അതിന് നിനക്കെങ്ങനെ കഴിഞ്ഞു?”

” എന്നോട് ക്ഷമിക്കണം ചേട്ടായി. എനിക്ക് ഒട്ടും ഇഷ്ടം ഉണ്ടായിട്ടല്ല. അമ്മ അങ്ങനെ പറഞ്ഞപ്പം ഞാൻ കാരണം ചേട്ടന്റെ ജീവിതം നശിക്കായാണ് എന്ന് തോന്നിയപ്പം ഞാൻ എടുത്ത തീരുമാനമാണത്”

“നിനക്കങ്ങനെ എന്നെ ഉപേക്ഷിക്കാൻ പറ്റുമോ?

ഞാനില്ലാതെ ജീവിക്കാൻ പറ്റുമോ?”

അവളുടെ കവിളുകൾ തന്റെ കൈയ്കുള്ളിലാക്കി കൊണ്ട് അവൻ ചോദിച്ചു.

“ഇല്ല ചേട്ടായി. അത് എന്നെക്കാൾ ചേട്ടായിക്ക് അറിയാലോ. ഞാൻ ചേട്ടായിയെ മറക്കണമെങ്കിൽ ഞാൻ ഇല്ലാതാകണം. അത് തന്നെയായിരുന്നു ഞാൻ കരുതിയത്. ചേട്ടായീടെ ജീവിതത്തിൽ നിന്നു മാത്രല്ല ഈ ഭൂമിയിൽ നിന്ന് തന്നെ പോകാൻ”

അവൾ പറഞ്ഞ് നിറുത്തിയതും. അഖിൽ കൈ വീശി കവളിൽ ഒരടി കൊടുത്തു. ആദ്യമായിട്ടാണ് അവൻ അവളെ അടിക്കുന്നത്. ഉടനെ അവളെ കെട്ടി പിടിച്ചു നെഞ്ചോടു ചേർത്തു. അവൾ അവന്റെ നെഞ്ചിൽ മുഖം ചേർത്തു കരഞ്ഞു.

“അങ്ങനെ നീ പോയാൽ നിന്നോടൊപ്പം ഞാനും ഉണ്ടാകും”

അവർ രണ്ടു പേരും പരസ്പരം ആശ്വസിപ്പിച്ചു.

മനസ്സിലുള്ള കാർമേഘങ്ങൾ പെയ്തൊഴിഞ്ഞു.

“നീ വന്നെ നമുക്ക് അകത്തേക്ക് പോകാം. നിനക്ക് നമ്മുടെ മോളെ കാണണ്ടേ. കുറച്ച് ദിവസായിട്ട് ഞാനിതിന്റെ പേപ്പറുകൾ ശരിയാക്കുന്ന തിരക്കിലായിരുന്നു. എല്ലാം ശരിയായിട്ട് നിനക്ക് ഒരു സർപ്രൈസ്സ് ആയിട്ട് ഇവിടെ കൊണ്ടുവരണമെന്ന് വിചാരിച്ചതാണ്”

“അതിനെന്താ ഇപ്പോഴും എനിക്കിതൊരു സർപ്രൈസ് ആയിരുന്നല്ലോ? എന്നാലും ഇന്നലെ തൊട്ട് ഞാൻ എന്തോരം വിശമിച്ചുന്നറിയോ? കള്ളൻ വെച്ചിട്ടുണ്ട് ഞാൻ. വീട്ടിലേക്ക് വാ.”

അഖിലിന്റെ കൈയ്യിൽ നുള്ളി കൊണ്ട് രമ്യ പറഞ്ഞു.

” അത് പിന്നെ . നിനക്ക് അഹങ്കാരമല്ലായിരുന്നോ.

എന്നെ ഉപേക്ഷിക്കാൻ തിടുക്കം അല്ലാരുന്നോ, എന്നിട്ട് എന്നെ കൊണ്ട് വേറെ കെട്ടിക്കാൻ. അപ്പം ഞാനും വിചാരിച്ചു കുറച്ചു വിഷമിക്കട്ടെയെന്ന്.”

അഖിൽ ഒരു കള്ള ചിരിയോടെ പറഞ്ഞു.

“പിന്നെ ചായ കളഞ്ഞതും പഴം പൊരി കഴിക്കാത്തെയും ഒക്കെ ഞാൻ കണ്ടു. പിന്നെ എവിടെംവരെ പോകുന്ന് നോക്കിതാ. എന്നാലും ഒരിക്കൽ പോലും വണ്ടിയിൽ വെച്ച് നമുക്ക് തിരിച്ച് പോകാന്ന് നീ പറഞ്ഞില്ലല്ലോ?”

“അത് പിന്നെ….”

” ആ നിങ്ങൾ എത്തിയോ? ഇത്ര രാവിലെ വരുമെന്ന് വിചാരിച്ചില്ല.”

ഓർഫനേജ് ഇൻ ചാർജ് ആയ സ്ത്രീ അവിടേക്ക് വന്നു കൊണ്ട് പറഞ്ഞു.

” രാവിലെ തന്നെ മോളെ കൂട്ടികൊണ്ടുപോകാന്നു വെച്ചു. ഇത് രമ്യ. എന്റെ ഭാര്യ.”

“നമസ്കാരം . ഞാൻ അപർണ ഇവിടുത്തെ ഇൻ ചാർജാണ്. അഖിൽ എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞിട്ടുണ്ട്. മോളെ ആരൊ പ്രസവിച്ച് വഴിയിൽ ഉപേക്ഷിച്ചതാ. നാട്ടുകാര് പോലീസിൽ അറിയിച്ചു.

പിന്നെ ഇവിടാക്കി. ജനിച്ചു രണ്ട് ദിവസം ഉള്ളപ്പോയാ ഇവിടെ വന്നത്. ഇപ്പം ഒരു വയസ്സായി..

ഞങ്ങളുടെ എല്ലാം പുന്നാര വാവയാണ്. ഇവിടുന്ന് ഓരോ കുഞ്ഞുങ്ങളയും കൂട്ടികൊണ്ടുപോകുമ്പം മനസ്സ് പിടയും എന്നാലും അവർക്കും ഒരു അവകാശികൾ ഉണ്ടാവുകയാണെന്ന് ഓർക്കുമ്പം സന്തോഷമാണ്.”

“മേഡം വിഷമിക്കണ്ട . ഞങ്ങൾ പൊന്നു പോലെ നോക്കി കോളാം. അവൾക്ക് ഒരു കുറവും വരാതെ.”

രമ്യ പറഞ്ഞു.

അപ്പോഴേക്കും മോളുമായി ആയ വന്നു. മോളെ കണ്ടതും രമ്യ ഓടി ചെന്നു. അവളെ കണ്ടതും കുഞ്ഞു ചിരിച്ചു. എടുക്കാനായി കൈ നീട്ടി. ഒരു മുജ്ജൻമ ബന്ധം പോലെ അവൾ കുഞ്ഞിനെ വാരി എടുത്തു.

ഉമ്മ വെച്ചു.

“പാറു കുട്ടി… അമ്മേടെ പാറു കുട്ടി. നമുക്ക് പോകാം ചക്കരെ. നമ്മുടെ വീട്ടിലേക്ക് പോകാം. ദാ അച്ഛായെ നോക്ക്. അച്ഛയോട് പറ വീട്ടിൽ പോകാന്ന്”

‘ പാറു പാർവ്വതി’ രമ്യയും അഖിലും തങ്ങൾക്ക് ജനിക്കുന്ന കുഞ്ഞിനായി കരുതിവെച്ച പേര്.ഒരു നിമിഷം കൊണ്ട് തന്നെ അവൾ പാറു കുട്ടിയുടെ അമ്മ ആയി മാറി കഴിഞ്ഞിരുന്നു. ആ അമ്മയുടെയും മകളുടെയും ലോകത്തിൽ ബാക്കിയുള്ളവർ കാണികളായി നിൽക്കാനെ കഴിഞ്ഞുള്ളൂ.

അവിടുത്തെ പേപ്പർ വർക്കുകൾ കഴിഞ്ഞ് കുഞ്ഞുമായി അവർ കാറിൽ കയറി. രമ്യ പാറുകുട്ടിയെ നെഞ്ചോടു ചേർത്തു പിടിച്ചു. അവളും ഒരു കൈ രമ്യയുടെ സാരിയിൽ മുറുക്കി പിടിച്ചു.

“ചേട്ടായി നമ്മൾ ഇനി എങ്ങോട്ടാ?”

“ആദ്യം നമുക്ക് ഒരു കുട്ടി ഷോപ്പിംഗ്. നമ്മുടെ പാറുകുട്ടിക്ക് പുത്തൻ ഉടുപ്പുകളും കളിപ്പാട്ടങ്ങളും വാങ്ങാൻ. അത് കഴിഞ്ഞ് ഒരു കൊച്ചു ട്രിപ്പ്”

” ട്രിപ്പോ ? എവിടേക്ക്? അതിന് ഡ്രസ്സൊന്നും എടുത്തില്ലല്ലോ?”

“അതൊക്കെ നേരത്തെ ഞാൻ ബാഗിലാക്കി വെച്ചിട്ടുണ്ട്. വയനാട്ടിൽ റിസോർട്ടും ബുക്ക് ചെയ്തു മോളെ”

“കള്ള അതിനാണല്ലെ ബാഗൊക്കെ എടുത്തെ.

എന്തായാലും എന്നെ വെറുതെ കരയിപ്പിച്ചു.”

“പോട്ടെ സാരമില്ല. ഇനി ദാ ഇതോടെ തീർന്നു. ഇനി ഈ കണ്ണ് നിറയരുത്. ഈ യാത്ര കഴിയുമ്പം നിന്റെ മൂഡും മാറും പിന്നെ പാറുകുട്ടി നമ്മളോടും അടുക്കും.

നമ്മുടെ മാത്രം മോളായി മാറും”

“പക്ഷെ അമ്മ …?”

” അതിനെ കുറിച്ച് ഒന്നും ഓർക്കണ്ട. ഇപ്പം നമ്മൾ മാത്രം. ഞാനും നീയും പിന്നെ നമ്മുടെ പാറുകുട്ടിയും”

അഖിലിന്റെ തോളിലേക്ക് രമ്യ ചരിഞ്ഞു. അവൻ അവളെയും പാറുകുട്ടിയെയും നെഞ്ചിലേക്കു ചേർത്ത്. രണ്ടു പേരുടെയും നെറ്റികളിൽ ഉമ്മ വെച്ചു.

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : അമിത വാഹിദ്


Comments

Leave a Reply

Your email address will not be published. Required fields are marked *