ഒരുമ്മ കൊണ്ടൊന്നും തീരൂല്ല… ഭഗവാനെ ന്റെ കൂടെ നിന്നോണെ എന്നു മനസിൽ പ്രാർത്ഥിച്ചു…..

രചന : റോസ് മേരി

“”നന്ദു””

എന്നെ ദഹിപ്പിച്ചൊന്നു നോക്കിയതല്ലാതെ അവൾ വിളികേട്ടില്ല

കുടിക്കില്ലെന്നു അവളോട്‌ സത്യം ചെയ്തിരുന്നതാണ്.

പക്ഷെ ഇന്നലെ നിവിൻ ഗൾഫിന്നു വന്നതിന്റെ സന്തോഷത്തിൽ എല്ലാവരും കൂടി ഒന്നു കൂടിയപ്പോൾ താനും അവരുടെ കൂടെയൊന്നു മിനുങ്ങി. രാത്രി വൈകിയാണ് വീട്ടിൽ വന്നത്. അതിനാണ് പ്രിയതമയുടെ ഈ പിണക്കം.

“നന്ദൂട്ടി”

ഇത്തവണ വിളി അല്പം കൂടി സ്നേഹത്തിലാക്കി.

എന്നിട്ടും ഒരു രക്ഷയുമില്ല. അരികിൽ കിടന്ന അവളോട് ചേർന്നു , പതിയെ അവളുടെ മുടിയിഴകൾ വകഞ്ഞു മാറ്റി കഴുത്തിലൊരുമ്മ വെയ്ക്കാൻ തുടങ്ങിയതും ദേഷ്യത്തിൽ എന്റെ കൈയും തട്ടിമാറ്റി അഴിഞ്ഞു കിടന്ന മുടിയും വാരിക്കെട്ടി അവൾ എണീറ്റു പോയി.

ഈശ്വര , ഇവള് നല്ല കലിപ്പിലാണല്ലോ. അല്ലെങ്കിൽ എന്തു പ്രശ്നവും പരിഭവവും ഒരുമ്മയിൽ അലിഞ്ഞില്ലാതാവുന്നതാണ്. അത്രയ്ക്കുള്ള ദേഷ്യമൊക്കെയെ എന്റെ പെണ്ണിനുള്ളു.

വേണ്ടായിരുന്നു. അവന്മാരെല്ലാം കൂടി നിർബന്ധിച്ചപ്പോൾ മാറി നിൽക്കാൻ തോന്നിയില്ല.

ഒരുപാട് നാള് കൂടി കുടിച്ചതുകൊണ്ട് രണ്ടെണ്ണം അകത്താക്കിയപ്പോൾ തന്നെ തന്റെ കണ്ട്രോൾ പോയി.

വീട്ടിൽ വന്നു കയറിയതൊക്കെ ചെറുതായി ഒരോർമ്മ മാത്രം. ഇന്നവളുടെ കൂട്ടുകാരിയുടെ കല്യാണമാണെന്നും ഗിഫ്റ്റും വാങ്ങി രണ്ടാൾക്കും കൂടി പോകാണമെന്നുമൊക്കെ ഒരു മാസം മുൻപ് പറഞ്ഞു വെച്ചേക്കുന്നതാണ്. ഇന്നലെ രാവിലെയും അവളതു ഓർമ്മിപ്പിച്ചതാണ്. എല്ലാം മറന്നുപോയി.

ഒരുമ്മ കൊണ്ടൊന്നും തീരൂല്ല… ഭഗവാനെ ന്റെ കൂടെ നിന്നോണെ എന്നു മനസിൽ പ്രാർത്ഥിച്ചു ഒരു കള്ളച്ചിരിയും മുഖത്തു ഫിറ്റ് ചെയ്തു അടുക്കളയിലേക്കു ചെന്നു.

അവൾ ദോശ ചുടുകയായിരുന്നു. തിരിഞ്ഞു നിൽക്കുന്നത് കൊണ്ടു മുഖഭാവം വ്യക്തമല്ല. കുളി കഴിഞ്ഞു തലയിൽ തോർത്തു കെട്ടിവെച്ചിട്ടുണ്ട്.

എങ്കിലും അനുസരണയില്ലാത്ത കുറച്ചു മുടി ചെവിക്കു വശത്തായി കിടക്കുന്നു. ഓരോ ദിവസം കഴിയുമ്പോഴും പെണ്ണിന്റെ സൗന്ദര്യം കൂടുന്നതെയുള്ളൂ.. പിറകിലൂടെ ചെന്നു ഇരു കൈ കൊണ്ടും അവളെ പുണർന്നു . പിൻകഴുതിൽ മൃദുവായി ചുംബിച്ചു. അവളൊന്നു പിടഞ്ഞു. ദോശ മറിച്ചിട്ടു കൊണ്ടിരുന്ന ചട്ടുകമുയർത്തി അവളെന്നെ അടിക്കാനാഞ്ഞു. പക്ഷെ ഇതുവരെയുണ്ടായിരുന്ന ആ പരിഭവം മാറി മുഖത്തു നാണത്താൽ പൊതിഞ്ഞൊരു പുഞ്ചിരിയുണ്ടായിരുന്നു.

ഭഗവാനെ പെണ്ണ് അലിഞ്ഞു തുടങ്ങിയിട്ടുണ്ട്.

“നന്ദൂട്ടാ.. മുത്തേ..ഇന്ന് നിന്റെ കൂട്ടുകാരിയുടെ കല്യാണമായിട്ടു നീയിവിടെ ദോശ ചുട്ടു നിൽക്കുവാണോ.. വേഗം കുളിച്ചു റെഡിയായെ. “

അതു കേട്ടതും നേരത്തെ പകുതി ഓങ്ങി വെച്ച ചട്ടുകം കൊണ്ട് അവളെന്റെ കൈക്കിട്ടൊരെണ്ണം തന്നു.

“ കുടിയന് അതൊക്കെ ഓർമ്മയുണ്ടോ.. ഗിഫ്റ്റും വാങ്ങി വരാമെന്ന് പറഞ്ഞിട്ടു കുടിച്ചു നാലു കാലിൽ വന്നു കയറിയേക്കുന്നു.

“സോറി നന്ദൂട്ടാ… ഇനി നിന്റെയെട്ടൻ കുടിക്കില്ല.. വാക്ക്”

“മുന്പത്തെപ്പോലെ എന്നെ പറ്റിക്കാനല്ലേ.. “

“അല്ല നന്ദൂട്ടാ ഇതു വാക്ക്”

“ഉറപ്പാണോ?’

“നാൻ ഒരു തടവ് സോനാൽ നൂറ് തടവ് സൊന്ന മാതിരി”

രജനീകാന്ത് സ്റ്റൈലിൽ ഞാനതു പറഞ്ഞു നിർത്തിയതും ഒരു പാത്രം എന്റെ നേരെ പാഞ്ഞു വരുന്നത് ഓർമ്മയുണ്ട്. ക്രിക്കറ്റ് കളിച്ചോണ്ടിരുന്നതിന്റെ ഗുണം ഇന്നാണ് മനസിലായത്. നൈസായി ഞാനതു ക്യാച് ചെയ്തു.

അവളെ നോക്കി ചിരിച്ചപ്പോൾ അവളെന്നെ മുഖം വെട്ടിച്ചു കോക്രി കാണിച്ചു.

നാലു വർഷം ഒരുത്തിയെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും ഒടുവിലവളെന്നെ തേച്ചിട്ടു പോയപ്പോൾ ഇനി കല്യാണമേ വേണ്ടെന്നു പറഞ്ഞു നിന്നതാണ്.

ഒടുവിൽ അച്ഛന്റെയും അമ്മയുടെയും നിർബന്ധം സഹിക്കാനാവാതെയാണ് അകന്ന ബന്ധത്തിൽ പെട്ട നന്ദൂനെ പോയി പെണ്ണ് കാണുന്നതു. നന്ദൂന്റെ അച്ഛൻ ഹൃദ്രോഗം വന്നു മരിച്ചതാണ്

ഉള്ളതൊക്കെ വിറ്റു പെറുക്കിയാണ് അവളുടെയമ്മ അവളുടെ ചേച്ചിയെ കല്യാണം കഴിച്ചയച്ചത്.

അരപ്പട്ടിണിയുമായി ആ ഒറ്റമുറി വാടകവീട്ടിൽ കഴിയുന്ന നന്ദുനേ സ്വീകരിക്കാതിരിക്കാൻ എനിക്കായില്ല.

അവളെന്റെ ജീവിതത്തിൽ വന്നതിനു ശേഷമാണ് യഥാർത്ഥ പ്രണയമെന്തെന്നു ഞാനറിയുന്നത്.

നിഷ്കളങ്കമായ അവളുടെ സ്നേഹത്തിനു പകരം വെയ്ക്കാൻ ഈ ലോകത്തു തനിക്കൊന്നുമില്ല. ചെറിയ കാര്യങ്ങൾക്ക് പിണങ്ങുകയും വാശി കാണിക്കുകയും ചെയ്യുമെങ്കിലും എന്റെയൊരു ചുംബനത്താൽ അവളുടെ എല്ലാ പിണക്കവും തീരും. സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു പൊട്ടിപ്പെണ്. എന്റെ എല്ലാ പ്രണയവും അവൾക്കു മാത്രം അവകാശപ്പെട്ടതാണ്.

കുളിച്ചിറങ്ങി വരുമ്പോൾ കല്യാണത്തിന് പോകാൻ നന്ദു സാരി ചുറ്റുകയാണ്. സാരിക്കിടയിലൂടെ അവളെ ഞാൻ ഇക്കിളിയിട്ടപ്പോൾ എല്ലാ പരിഭവവും മറന്നു ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൾ ചിരിച്ചു

ഞാൻ കുനിഞ്ഞിരുന്നു അവളുടെ സാരിയുടെ ഞൊറിവുകൾ പിടിച്ചു ശെരിയാക്കി കൊടുത്തു….

വാൽകഷ്ണം: എന്നും ഉറപ്പുള്ളത് ഭാര്യയോടുള്ള പ്രണയത്തിനാണ്. സ്വന്തം ഭാര്യയെപ്പോലെ എന്നെന്നും നിഷ്കളങ്കമായി പ്രണയിക്കാനും ക്ഷമിക്കാനും ഒരു കാമുകിക്കും കഴിയുകയു്മില്ല…

ലൈക്ക് കമൻ്റ് ചെയ്യണേ..

രചന : റോസ് മേരി