പൗർണ്ണമിത്തിങ്കൾ, തുടർക്കഥയുടെ ഏഴാം ഭാഗം വായിക്കൂ……

രചന : മീര സരസ്വതി

“നീ കേറ് പൗമി.. സന്ധ്യ ആയിത്തുടങ്ങീലെ.. ”

ആള് നിർബന്ധിച്ചതും വേറെ വഴിയില്ലാതെ കയറേണ്ടി വന്നു.. വായനശാലയുടെ പുറത്ത് തന്നെ എന്നെയും കാത്ത് നിൽക്കുന്ന വിവിയേട്ടനെ കണ്ടു.. എന്നെ ജീപ്പിൽ കണ്ടതും ആ മുഖത്ത് വിരിയുന്ന ഭാവമെന്തെന്ന് മനസ്സിലായില്ല..

“സോറി വിവിയേട്ടാ… വേറെ വഴിയില്ലാഞ്ഞിട്ടാ..”

ഉടനെ തന്നെ ഫോണെടുത്ത് വിവിയേട്ടന് മെസ്സേജ് അയച്ചു..

ആളെ ഓൺലൈനിൽ കാണുന്നുമില്ല..

അതിനിടയിൽ വിക്രമേട്ടൻ എന്തൊക്കെയോ പറയുന്നുണ്ട്.. എന്റെ മനസ്സ് മുഴുവൻ വിവിയേട്ടന്റെ ഒരു മറുപടിക്കായി കാത്തു നിൽക്കുന്നതിനാൽ പറഞ്ഞതൊന്നും കേട്ടതുമില്ല.. വെറുതെ മൂളിക്കൊടുത്തു..

വീടെത്തിയതും ജീപ്പിൽ നിന്നും ചാടിയിറങ്ങി മുന്നോട്ട് വേഗത്തിൽ നടന്നു..

എന്നെ കണ്ടതും പീലിപ്പെണ്ണ് ഏടത്തിയുടെ കൈയ്യിൽ നിന്നും എന്റെ മേലേക്കൊന്ന് ചാഞ്ഞു…

“മൊത്തം അഴുക്കാ പീലാച്ചു.. അപ്പച്ചി പോയി കുളിച്ചേച്ചും വരാം..”

താടി പിടിച്ചു മോളെ കൊഞ്ചിച്ചു പറഞ്ഞ് മുകളിലേക്ക് നടന്നു.. റൂമടച്ച് ബാഗ് ബെഡിൽ വെച്ച് പെട്ടെന്ന് തന്നെ വിവിയേട്ടനെ വിളിച്ചു.. ഒറ്റ ബില്ലിൽ തന്നെ ആൾ കോളെടുത്തു..

“പൗർണ്ണമിത്തിങ്കളേ…”

” വിവിയേട്ടാ…”

ആളുടെ ആ വിളിയിൽ എന്തോ കണ്ണ് നിറഞ്ഞുവന്നു.. വിളി കേൾക്കുമ്പോൾ ശബ്ദം ഇടറിപ്പോയിരുന്നു..

“എന്ത് പറ്റി ന്റെ കുറുമ്പിപ്പാറുവിന്..?”

“ഞാൻ വിചാരിച്ചു പിണക്കമാണെന്ന്..”

” എന്തിന് …?”

“വിക്രമേട്ടന്റെ കൂടെ വന്നതിന്..”

“ന്റെ പെണ്ണേ.. അതിനു നിന്റെ കൈയ്യിൽ എന്തേലും തെറ്റുണ്ടായാലല്ലേ പിണങ്ങേണ്ടൂ.. എനിക്കൊരു പിണക്കവും ഇല്ലാട്ടോ… പിന്നേ.. മോള് പോയി രണ്ടു ഗ്ലാസ് ചായ ഇട്ടു വെക്ക്.. അങ്ങോട്ട് വന്നോണ്ടിരിക്കുവാ.. എന്തായാലും നിന്നെ പെണ്ണ് കാണാൻ വന്നൊരു ചായ കിട്ടുമെന്ന പ്രതീക്ഷയൊന്നുമില്ല… ഇങ്ങനേലും കുടിക്കാം..”

പെണ്ണിൽ സന്തോഷം നിറയാൻ പിന്നെയിനി എന്ത് വേണം.. വാഷ്‌റൂമിൽ പോയി കൈയും മുഖവും കഴുകി താഴേക്കോടി..

“കുളിക്കണം എന്നും പറഞ്ഞ് പോയിട്ടെന്താ പൗമീ അത് പോലെ തിരിച്ചു വന്നേ..”

“എന്തോ തലവേദനിക്കുന്നു ഏട്ടത്തി.. രാമൂന്റെ വീട്ടീന്ന് ചായ കുടിച്ചിട്ട് ശെരിയായില്ലെന്ന് തോന്നുന്നു..

ഞാനൊന്ന് ചായയിടട്ടെ..”

മൂന്നാൾക്കുള്ള ചായയ്ക്ക് വെച്ച് തിളയ്ക്കാൻ കാത്തു നിൽക്കുമ്പോഴാണ് ഏട്ടത്തി ചായപാത്രത്തിലോട്ട് ശ്രദ്ധിക്കുന്നത്..

“നിനക്കൊരാൾക്ക് ഇത്രേം ചായയെന്തിനാ പൗമീ..”

“അത്‌ പിന്നെ നിങ്ങൾക്കൊക്കെ വേണെങ്കിലോന്ന് വിചാരിച്ച് കൂടുതലിട്ടതാ ഏട്ടത്തി..”

“ഞങ്ങളൊക്കെ നേരത്തെ കുടിച്ചതല്ലേ.., ഈ സമയത്ത് ഇനിയാര് കുടിക്കാനാ..”

കാളിങ് ബെൽ മുഴങ്ങി..

“ചായ കുടിക്കാനുള്ള ആളെത്തി..”

ആത്മഗതം കുറച്ചുറക്കെ ആയെന്ന് തോന്നുന്നു..

ഏട്ടത്തി തുറിച്ചു നോക്കിന്നുണ്ട്..

“അല്ല പുറത്ത് വന്ന ആൾക്ക് കൊടുക്കാലോ..

വേസ്റ്റ് ആക്കേണ്ടല്ലോ.. ”

വളരെ നിശ്കളങ്കതയോടെ ചമ്മല് മറച്ചുവെച്ച് പറഞ്ഞു.. ഉമ്മറത്ത് നിന്നും സംസാരം കേട്ടതും ഏട്ടത്തി ആരെന്നറിയാൻ ഉമ്മറത്തേക്ക് നടന്നു..

ഏടത്തിയും അവിടെ സംസാരത്തിലായി.. ചായ റെഡി ആയതും രണ്ടു ഗ്ലാസ്സുകളിലേക്ക് പകർന്ന് ഒരു കുഞ്ഞു ട്രെയിൽ എടുത്ത് വെച്ച് ഉമ്മറത്തേക്ക് വെച്ച് പിടിച്ചു.. വിവിയേട്ടന്റെ കൂടെ റിനീഷേട്ടനുണ്ട്..

മുത്തശ്ശിയും ഏടത്തിയും അവരോട് സംസാരത്തിലാണ്.. നേരെ ചെന്ന് രണ്ടാൾക്കു നേരെയും ചായ നീട്ടി.. റിനീഷേട്ടൻ അത്ഭുതത്തോടെ എന്നെയും വിവിയേട്ടനെയും മാറി മാറി നോക്കുന്നുണ്ട്..

ശെരിക്കുമൊരു പെണ്ണുകാണലാണോ എന്ന് സംശയിച്ചു കാണും.. വിവിയേട്ടൻ ചുണ്ടിലൊളിപ്പിച്ച നേർത്ത ചിരിയോടെ ചായ കുടിക്കുന്നുണ്ട്..

“എനിക്കില്ലേ പൗമി ചായ..?”

പീലിക്കുട്ടിയേം എടുത്ത് മുറ്റത്ത് നിന്നും വിക്രമേട്ടൻ അകത്തേക്ക് കയറിക്കൊണ്ട് ചോദിച്ചു..

ഇയാളിനിയും പോയില്ലേ.. ഇന്നേട്ടൻ വീട്ടിലില്ല..

എന്തോ മീറ്റിങിനോ മറ്റോ പോയതാണ്..

“ഞാനെടുത്തിട്ട് വരാം..”

“വേണ്ടടോ ചുമ്മാ ചോദിച്ചതാ..

“പീലാച്ചു നീ എടുക്കാതെ പോയതിനു കരഞ്ഞു വിളിച്ചതാ.. വിക്രം എടുത്ത് പുറത്തേക്ക് പോയപ്പോഴാ ഒന്ന് കരച്ചിൽ നിർത്തിയത്..”

ഏട്ടത്തി മോളെ തിരികെ വാങ്ങിച്ചു കൊണ്ട് പറഞ്ഞു.

“വണ്ടിയിൽ നിന്ന് ഇറങ്ങുന്നേയില്ല പീലിക്കുട്ടി..

ചുമ്മാ സ്റ്റിയറിംഗ് തിരിച്ച് കളിപ്പായിരുന്നു… ഇപ്പൊ ഉറക്കം വരന്നുണ്ടെന്ന് തോന്നുന്നു.. ചെറുതായി ചിണുങ്ങുന്നുണ്ട്.. ഞാനിറങ്ങട്ടെ മുത്തശ്ശി..”

എല്ലാരോടും യാത്രയും പറഞ്ഞ് വിക്രമേട്ടൻ പോയി..

പിന്നാലെ വിവിയേട്ടനും റിനീഷേട്ടനും ഇറങ്ങി..

കുഞ്ഞിപ്പെണ്ണിന്റെ കരച്ചിലിനു ആക്കം കൂടിയതും ഏട്ടത്തി അകത്തേക്ക് പോയി.. പടിക്കൽ അഴിച്ചു വെച്ച ചെരുപ്പിടുമ്പോൾ വിവിയേട്ടനെന്നെ നോക്കി മനോഹരമായി ചിരിച്ചു.. ആ ചിരിയിൽ ലയിച്ചങ്ങനെ നിന്നു..

രാത്രിയുടെ നിശബ്ദതയിൽ സ്ട്രീറ്റ് ലൈറ്റിന്റെ അകമ്പടിയോടെ ആ തോളോട് തോൾ ചേർത്ത് പിന്നെയും പിന്നെയും നടക്കുവാൻ മോഹം തോന്നിപോയി.. പിന്നെയും ആ മനോഹര രാത്രിയുടെ ഓർമ്മകളിലേക്ക് ഊളിയിട്ടു..

കൈകോർത്തു തോളോട് തോൾ ചേർന്ന് നടന്നതും..

പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞതും.. ആളോട് പിണങ്ങിയതും.. ഒരു കുഞ്ഞു പാട്ടിലൂടെ പിണക്കം മാറ്റിയതും..

“സൂര്യൻ വരാൻ വൈകും കുട്ട്യേ.. അകത്തു കയറൂ.. പോയി ആ വേഷൊക്കെ മാറിയേച്ചും വാ ”

മുത്തശ്ശിയുടെ വാക്കുകളാണ് ആലോചനകളിൽ നിന്നും ഉണർത്തിയത്.. പെട്ടെന്ന് പോയി കുളിച്ച് വേഷം മാറി.. കോളേജിലേക്ക് കുറച്ച് വർക്കിംഗ് മോഡൽസ് ഉണ്ടാക്കണം.. അതിനായുള്ള ഐഡിയകൾ യുട്യൂബിൽ തപ്പി നടന്നു.. വിധുവിനെ വിളിച്ചില്ലെന്ന് അപ്പോഴാണ് ഓർത്തത്..

“സങ്കടം മാറിയില്ലേ പെണ്ണെ…?”

“സങ്കടോന്നുമില്ല പൗമി.. ആളെന്നോട് ഇഷ്ടമില്ലെന്നൊന്നും പറഞ്ഞില്ലല്ലോ.. അപ്പൊ പ്രതീക്ഷിക്കാൻ വകുപ്പുണ്ട്.. എപ്പളെങ്കിലും ഇഷ്ടപ്പെടുമായിരിക്കും..”

കുറച്ച് നേരം കൂടി അവളോട് സംസാരിച്ചു..

കുറച്ചൊക്കെ അവള് ശെരിയായിട്ടുണ്ട്.. എന്തായാലും ഇഷ്ടം പറഞ്ഞു പോയില്ലേ ഇനി തോറ്റു മടങ്ങാൻ പോകുന്നില്ലെന്ന്.. റിനീഷേട്ടനെ കൊണ്ട് ഇഷ്ടമാണെന്ന് പറയിച്ചിട്ടേ ഉള്ളൂ ഇനി കാര്യമെന്ന്..

കിടക്കാൻ നേരത്താണ് പിന്നെ വിവിയേട്ടൻ വിളിച്ചത്..

“ഏതായാലും പെണ്ണുകാണൽ കഴിഞ്ഞ സ്ഥിതിക്ക് നമ്മൾക്ക് വേഗം കെട്ട്യാലൊ പൗമീ…?”

“ഞാനപ്പോളേ റെഡി..”

കുറുമ്പൊടെ പറഞ്ഞതും മറുപുറം ഒരു പൊട്ടിച്ചിരി മുഴങ്ങി..

“നിന്റെ എക്സാമിനു ഇനി മൂന്നാലു മാസമല്ലേ ഉള്ളൂ പൗമിക്കുട്ടാ.. അത് കഴിഞ്ഞു നിന്റേട്ടനോട് വന്നു ചോദിക്കാം.. ഏട്ടന്റെ ഈ തക്കുടുപ്പെണ്ണിനെ എനിക്ക് തരുമോന്നറിയണല്ലോ…”

“തന്നില്ലേലോ…?”

കുറച്ചു നേരം നിശബ്ദമായി നിന്നു ആള്..

” ഞാൻ വിളിച്ചാൽ നീ കൂടെ വരില്ലേ പെണ്ണെ..?”

ഇടറിയ ശബ്ദത്തോടെ വിവിയേട്ടൻ ചോദിച്ചു..

അതിനെന്ത് മറുപടി പറയുമെന്ന് അറിയില്ലായിരുന്നു..

എന്ത് വന്നാലും ഏട്ടനെ ധിക്കരിക്കാൻ വയ്യ..

ഏട്ടനോളം പിരിശം ഈ ഭൂവിൽ വേറൊന്നിനോടും ഇല്ലെനിക്ക്… ഏട്ടന് തിരിച്ചും.. ഇല്ല ഏട്ടൻ സമ്മതിക്കും.. എന്റെ ഇഷ്ടമാകും ഏട്ടന്റെയും ഇഷ്ടം.. അതുറപ്പാ…

“ഏട്ടൻ സമ്മതിക്കാതിരിക്കില്ല വിവിയേട്ടാ.. ഇല്ലേൽ ഞാൻ സമ്മതിപ്പിക്കും..”

ഉറച്ച ശബ്ദത്തോടെ പറഞ്ഞതും മറുവശത്ത് നീണ്ട നെടുവീർപ്പുയർന്നു..

“വെച്ചോട്ടെ ന്റെ പൗർണ്ണമിത്തിങ്കളേ..ഉറക്കം വന്നു തുടങ്ങി.. നാളെ തൊട്ട് ഫുൾ ടൈം വായനശാലയിലാകും.. തിരക്കാകും.. എന്നാലും പറ്റും പോലെ വിളിക്കാം..”

“ങ്ങും..വെച്ചോ..”

“ഒന്നും തരാതെയോ..”

“എന്ത് തരാതേന്ന്…?”

“ഒരുമ്മ താടി കുറുമ്പിപെണ്ണേ..”

“അയ്യേ.. നിക്കൊന്നും മേലാ.. വന്ന് വന്ന് വെറും ഉമ്മച്ചനാകുന്നുണ്ട് ട്ടോ.. ഇതിനു മുന്നേ എന്തൊക്കെയായിരുന്നൂ.. മിണ്ടില്ല നോക്കില്ല..

അങ്ങോട്ട് ചെന്ന് ഇഷ്ടം പറഞ്ഞപ്പോ നോക്യേ ഒലിപ്പിക്കുന്നെ.. ”

“എന്തൊരു സാധനാടി.. ഒരുമ്മയല്ലേ ചോദിച്ചുള്ളൂ..”

“ഇങ്ങനെ ഒന്നും തരാൻ പറ്റില്ല.. വേണേൽ നേരിട്ട് വന്നാൽ തരാം..”

” ഡി നീയെന്നെ മതില് ചാടാൻ പ്രേരിപ്പിക്കരുത് ട്ടോ.. ഞാൻ വരുമേ… നിന്റെ ബാൽക്കണിയിൽ കേറിപ്പറ്റാൻ വല്യ പണിയൊന്നുമില്ലെന്ന് അറിയാലോ..”

അയ്യോ.. വേണ്ടാ.. ഇനിയിപ്പോ വാശിപ്പുറത്ത് കേറി വന്നാൽ പ്രശ്‌നമാകും.. കുഞ്ഞൊരുമ്മ കൊടുത്തതും ആള് ഹാപ്പി.. പകരമായി ആളെ കൊണ്ട് ഒരു പാട്ടും പാടിച്ചിട്ടാണ് വെച്ചത്..

💖💖💖💖💖

“വിവിയേട്ടാ.. എനിക്കൊന്നൂടെ നിങ്ങളുടെ തോളോട് തോൾ ചേർന്ന് രാത്രിയിൽ റോഡിലൂടെ നടക്കാനൊരാശ… ഞാൻ റെക്കോർഡിന്റെ പേരും പറഞ്ഞങ്ങ് വന്നാലോ..?”

ഇടക്കെപ്പോഴോ വിളിച്ചപ്പോൾ ആളോട് ചോദിച്ചു..

“ഇപ്പൊ നല്ല തിരക്കാ പെണ്ണേ.. നേരത്ത് വീട്ടിൽ പോലും എത്താൻ പറ്റുന്നില്ല.. ഈ പ്രോഗ്രാം ഒന്ന് കഴിഞ്ഞോട്ടെ.. എന്നിട്ട് പോരെ..”

അത്രയും കേട്ടാൽ മതിയായിരുന്നു.. ഇനി കുറച്ച് ദിവസം കൂടിയല്ലേ ഉള്ളൂ..

അതിനിടയിൽ വായനശാലയുടെ വാർഷികാഘോഷം വന്നെത്തി..

രാവിലെ തന്നെ ഞാനും വിധുവും അവിടെ ഹാജരായി.. പരിപാടി വിജയകരമായി നടത്താൻ ഊർജ്ജസ്വലരായ ഒരുപിടി ചെറുപ്പക്കാർ ഉണ്ട് നമ്മുടെ നാട്ടിൽ.. എല്ലാരുടെയും അശ്രാന്ത പരിശ്രമത്തിൽ നല്ല ഭംഗിയായി തന്നെ മത്സരങ്ങളൊക്കെയും നടന്നു..

എന്റെ കവിതാ പാരായണ നേരം തിരക്കുകൾ മാറ്റിവെച്ച് എന്നെ ശ്രവിക്കാൻ സദസ്സിൽ വിവിയേട്ടൻ വന്നിരുന്നു..

എന്റെ പ്രാണനിൽ അലിഞ്ഞു ചേർന്നവനെ നോക്കി അവൻ തന്നെ കണ്ടെത്തി തന്ന കവിത ഞാൻ ചൊല്ലി.. സദസ്സിലെ നിറഞ്ഞ കൈയ്യടിയേക്കാൾ എന്റെ പ്രിയപ്പെട്ടവന്റെ നിറഞ്ഞ പുഞ്ചിരിയാണെന്റെ മനം നിറച്ചത്..

പ്രൈസ് കിട്ടിയപ്പോഴും അഭിനന്ദനവുമായി ആൾ അടുത്തെത്തിയിരുന്നു..

വേറൊരു രസമെന്താണെന്ന് വെച്ചാൽ നമ്മടെ ഗിരിരാജൻ ആകെയിന്ന് വെള്ളത്തിൽ വീണു നനഞ്ഞ കോഴിയെ പോലെയായിരുന്നു..

പെൺപിള്ളേരുടെ പിറകെ പുഷ്പിച്ചോണ്ട് നടന്നിരുന്ന ചെക്കനിപ്പോൾ പെണ്പിള്ളേരുള്ള ഭാഗത്തോട്ട് നോക്കുന്നു പോലുമില്ല.. എപ്പോഴും ചിലച്ചോണ്ടിരിക്കുന്ന ആള് മൊത്തത്തിൽ ഒരു ഗൗരവ് കുമാർ ആയിട്ടുണ്ട്..

ഇടക്കിടയ്ക്ക് വിധുവിന്റെ മേൽ പാളി വീഴുന്ന ഓരോ നോട്ടങ്ങളെയും പിടിച്ച് നിർത്താൻ ആൾ നന്നേ പാട് പെടുന്നുണ്ട്..

“ഡി പെണ്ണെ.. ആൾക്ക് നിന്നോടൊരു സോഫ്റ്റ് കോർണർ ഒക്കെയുണ്ട്.. വിടാതെ പിടിച്ചോ.. ”

വിധുവിന്റെ ചെവിയിൽ സ്വകാര്യം പറഞ്ഞതും പെണ്ണൊന്ന് ചിരിയോടെ ആളെ നോക്കി.. പെണ്ണിന്റെ നോട്ടമെത്തിയത് കണ്ടതും പിടച്ചിലോടെ കണ്ണ് പിൻവലിച്ചൂ റിനീഷേട്ടൻ..

💖💖💖💖

വൈകിട്ട് ചെറിയൊരു രീതിൽ ഗാനമേള വെച്ചിട്ടുണ്ട്… അത് കേൾക്കാനുള്ള ആഗ്രഹത്തിലാണ് ഏട്ടത്തി വന്നത്.. പകലൊന്നും ആൾ വന്നിരുന്നില്ല.. കുഞ്ഞിപ്പെണ്ണിന് മങ്കി ക്യാപ്പൊക്കെ ഇട്ടുകൊടുത്ത് ഒരു ബൊമ്മക്കുട്ടിയെ പോലെയുണ്ടിപ്പോൾ.. ഏട്ടത്തി ഞങ്ങളുടെ അടുത്ത് വന്നിരിന്നു..പെണ്ണ് നമ്മുടെ പിന്നിലും സൈഡിലുമൊക്കെ ഇരുന്ന ആളുകളോട് കൊഞ്ചുകയും അവര് തലയാട്ടുമ്പോൾ പൊട്ടിച്ചിരിച്ചും കളിച്ചും രസിച്ചു.. ഇത്തിരി നേരം കഴിഞ്ഞതും പീലിപ്പെണ്ണിന് ബോറടിച്ചു തുടങ്ങി..

ചെറുതായി തുടങ്ങിയ കരച്ചിൽ പിന്നെ വലുതായിത്തുടങ്ങി..

ഇനി പെണ്ണ് അടങ്ങി ഇരിക്കില്ലെന്ന് ഉറപ്പായി..

അടുത്തിരിക്കുന്നവർക്ക് ശല്യമാകേണ്ടെന്ന് കരുതി ഞങ്ങൾ പോകാനിറങ്ങി..

” നീ പോയാൽ ഞാൻ തനിച്ചാകുമെടി.. ഇവളെ ഞാൻ കൊണ്ട് വിട്ടാൽ മതിയോ ഏട്ടത്തി…?”

വിധൂന്റെ അപേക്ഷയിൽ ഏട്ടത്തി സമ്മതിച്ചു..

ഏട്ടനോടൊപ്പം ഏട്ടത്തി വീട്ടിലേക്ക് പോയി..

പ്രോഗ്രാം ഒക്കെ കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.. റിനീഷേട്ടനും കൂടെയുണ്ട്.. ഞങ്ങൾക്ക് പ്രൈവസി ആകട്ടെന്നും പറഞ്ഞ് റിനീഷേട്ടൻ വിധുവിനെ വിളിച്ച് മുന്നിൽ നടന്നു.. അവരുടെ പിന്നിലായി ഞങ്ങളും.. വായനശാലയിൽ നിന്നും കുറച്ച് ദൂരെ എത്തും വരെ ഒരു അകലം പാലിച്ചാണ് ഞങ്ങൾ നടന്നതെങ്കിലും നടക്കും തോറും അകലം കുറഞ്ഞ് കുറഞ്ഞ് വന്നു.. ഒടുവിൽ രണ്ടാളുടെയും കൈ വിരലുകളും വിരലുകളും തമ്മിൽ കോർത്ത് തോളോട് തോൾ ചേർന്ന് നടന്നു തുടങ്ങി..

ഒരായിരം നക്ഷത്രങ്ങളെ സാക്ഷിയാക്കി ഒരുപാട് സ്വപ്‌നങ്ങൾ പങ്കുവെച്ച് മുന്നോട്ട് നടന്നു..

ഇടയ്ക്കെപ്പോഴോ മുന്നിൽ നടക്കുന്നവർക്ക് നേരെ ദൃഷ്ടിയൂന്നി.. ഒരകലം വിട്ട് മൗനത്തെ കൂട്ടുപിടിച്ച് നടക്കുന്നവരെ അത്ഭുതത്തോടെ നോക്കി.. എപ്പോഴും തമ്മിൽ കലഹിച്ചു കൊണ്ടേയിരിക്കുന്ന രണ്ടുപേർ ഒന്നും സംസാരിക്കാനില്ലാതെ ഒന്ന് പരസ്പരം നോക്കുക പോലും ചെയ്യാതെ മുന്നോട്ട് നടക്കുന്നു..

“റിനിക്ക് കുറച്ച് ദിവസായിട്ട് എന്തോ പറ്റീട്ടിണ്ട്..

ചോദിച്ചാൽ പറയുകേം ഇല്ലാ.. ആകെയൊരു മിണ്ടാട്ടവും അനക്കവും ഇല്ലാത്തൊരവസ്ഥ.. ”

എന്റെ നോട്ടം കണ്ടാകണം ആരോടെന്നില്ലാതെ വിവിയേട്ടൻ പറയുന്നുണ്ട്… കാര്യം എന്താണെന്ന് പറഞ്ഞാലോ എന്ന് ആദ്യം ചിന്തിച്ചെങ്കിലും പിന്നെ വേണ്ടെന്ന് വെച്ചു.. അവരായിട്ടൊരു തീരുമാനം എടുത്തു പറയട്ടെ.. റിനീഷേട്ടനും പെണ്ണിനെ ഇഷ്ടമൊക്കെയുണ്ട്.. എത്രകാലം മറച്ചു വെക്കാൻ കഴിയും.. ഒരു നാൾ അത് മറ നീക്കി പുറത്ത് വരിക തന്നെ ചെയ്യും..

💖💖💖💖💖

ദിവസങ്ങൾ കൊഴിഞ്ഞു പോകുംതോറും ഞങ്ങളുടെ പ്രണയം അതിന്റെ തീവ്രതയിൽ എത്തിയിരുന്നു..

ഒരു ദിവസം പോലും കാണാതെയോ മിണ്ടാതെയോ നില്ക്കാൻ പറ്റാത്ത അവസ്ഥ.. ആളുടെ പാട്ടു കേൾക്കാതെ ഒരു ദിവസം പോലും ഉറങ്ങാൻ പറ്റില്ലെന്ന അവസ്ഥ.. ഏതൊരാലോചനയും അവസാനം ആ ഒരാളിൽ മാത്രമേ ചെന്നെത്തുള്ളൂ..

ഓർമ്മകളിലും നാവിൻ തുമ്പിലും ആ ഒരു പേരുമാത്രം തത്തിക്കളിച്ചു.. അതിന്റെ ഫലമായി ആഹാരം കഴിച്ചു കഴിഞ്ഞാൽ കറിയുടെ അവശേഷിപ്പുള്ള പാത്രത്തിൽ എന്റെ പേരോടൊപ്പം സഖാവിന്റെ പേരും കോറിയിടും.. വാഷ്‌റൂമിലെ ഈർപ്പമുള്ള കണ്ണാടിയിൽ ആളുടെ പേര് സ്ഥാനം പിടിച്ചു തുടങ്ങി.. ഏട്ടനോട് സംസാരിക്കുമ്പോൾ അബദ്ധത്തിൽ ഏട്ടാ എന്നതിന് പകരം വിവിയേട്ടാ എന്ന് വിളിച്ചു പോകുമോ എന്ന ഭയമായി.. അതിനാൽ തന്നെ വളരെ കരുതി സംസാരിച്ചു തുടങ്ങി..

ക്ലാസിലും അസ്സലായി ഉഴപ്പിത്തുടങ്ങി..

ഇന്നും പതിവ് പോലെ വിവിയേട്ടന്റെ പാട്ടും കേട്ട് ഉറങ്ങിപ്പോയി.. രാത്രിയിലെപ്പോഴോ ജനൽ വാതിലിൽ കൊട്ട്‌ കേട്ടാണ് ഞെട്ടി എഴുന്നേറ്റത്..

ചെറുതായൊരു ഭയം തോന്നിയിരുന്നു.. എഴുന്നേറ്റ്‌ താഴേക്കോടിയാലോ എന്ന് ചിന്തിക്കുമ്പോഴാണ് വിവിയേട്ടന്റെ കോൾ വന്നത്..

“ന്റെ പൗർണ്ണമി തിങ്കളേ.. ബാൽക്കണിയിലോട്ട് വാ…”

“ഏഹ്.. ന്തിന്..?”

“ഡോർ തുറക്കെടി പെണ്ണെ…”

ഫോൺ കട്ട് ചെയ്ത്‌ മൊബൈലിലോട്ട് നോക്കി..

പന്ത്രണ്ട് മണി കഴിഞ്ഞു.. പെട്ടെന്ന് ചെന്ന് ഡോർ തുറന്നതും മുന്നിൽ ചിരിയോടെ നിൽപ്പുണ്ട്..

“ഇതെന്താ വിവിയേട്ടാ ഈ നേരത്ത്.. ആരേലും കണ്ടാലോ..? ”

പേടിയോടെ ചുറ്റും നോക്കി കൊണ്ടാണ് ചോദിച്ചത്..

ആള് പെട്ടെന്ന് തന്നെ റൂമിനകത്തേക്ക് കേറി..

ഡോർ അടച്ച് തിരിഞ്ഞു നിന്നതും ഒരു കാറ്റുപോൽ വന്നെന്നെ വാരിപ്പുണർന്നൂ വിവിയേട്ടൻ…

“പിറന്നാൾ ആശംസകൾ പൗർണ്ണമിത്തിങ്കളേ..”

ആ കരവലയത്തിനുള്ളിൽ ഒതുങ്ങിക്കൂടുമ്പോൾ അടക്കാനാകാത്ത സന്തോഷം തോന്നിപോയി ആ പെണ്ണിന്.. നെറുകയിലായി ഒരു കുഞ്ഞു ചുംബന മുദ്രണമവൻ അർപ്പിക്കുമ്പോൾ കണ്ണ് താനേ കൂമ്പിയടഞ്ഞു പോയി..

“ഇതെന്റെ പെണ്ണിന്.. ഞാൻ പോയിട്ട് തുറന്ന് നോക്കിയാൽ മതീട്ടോ.. ”

കൈയ്യിലിരുന്ന കുഞ്ഞു ബോക്സ് പെണ്ണിന് നേരെ നീട്ടി പറഞ്ഞു..

“ഇനി പോകട്ടെ… കാലത്ത് കാണാം.. റിനീഷ് റോഡിലുണ്ട്.. ആരേലും കാണും മുന്നേ പോകണം..”

ഒരിക്കൽ കൂടി പൗമിയെ പുണർന്ന് പുറത്തേക്കിറങ്ങി.. ആളിറങ്ങിപോകുന്നത് പെണ്ണ് കൗതുകത്തോടെ നോക്കി നിന്നു…

💖💖💖💖

റോഡരികിൽ നിർത്തിയിട്ട ബൈക്കിൽ ചാരി നിന്ന് കാര്യമായ ആലോചനയിലാണ് റിനി.. തോളിൽ കരതല സ്പർശമറിഞ്ഞതും ഞെട്ടിപ്പിടിഞ്ഞ് എണീറ്റു നോക്കി.. വിവിയാണെന്ന് കണ്ടതും നെഞ്ചത്ത് കൈ വെച്ച് ശ്വാസമാഞ്ഞെടുത്തു..

“പോകാം…”

പിന്നിൽ കയറിയിരുന്ന വിവിയുടെ ചോദ്യത്തിൽ തലയൊന്നാട്ടി ബൈക്ക് മുന്നോട്ടെടുത്തു.. ഇപ്പോഴും തന്റെ പ്രാണന്റെ പിറകെയാണ് വിവിയുടെ മനസ്സ്..

അവളുടെ ഗന്ധമാകെയും ഇപ്പോഴും തനിക്കു ചുറ്റും കറങ്ങി നടക്കും പോലെ.. പെണ്ണെ കെട്ടിപ്പുണർന്നു നിന്ന ഓർമ്മയിൽ മുഖമൊന്ന് താഴ്ത്തി മൂക്ക് വിടർത്തി ആ ഗന്ധം ആവോളം വലിച്ചെടുത്തു…

ഈ രാത്രിയിൽ അപ്രതീക്ഷിതമായി കണ്ടപ്പോൾ തൊട്ടുള്ള പൗമിയുടെ ഓരോ ഭാവങ്ങളും ഓർത്തോർത്തു കൈകൾ രണ്ടും തലയ്ക്ക് പിറകിൽ മടക്കി വെച്ച് മുകളിൽ ആകാശത്തേക്ക് നോക്കി പുഞ്ചിരിച്ചു സഖാവ്..

വർഷങ്ങൾക്ക് മുന്നേ അവൻ പോലുമറിയാതെ അവന്റെ മനസ്സിൽ കൂടു കൂട്ടിയ ആ കരിമഷി കണ്ണുകളെ ഓർമയിൽ കണ്ടവൻ.. സ്കൂളിൽ പഠിക്കുമ്പോഴേ വിദ്യാർത്ഥി യൂണിയനിൽ സജീവമായിരുന്നു.. അച്ഛൻ പകർന്നു തന്ന വിപ്ലവ നായകന്മാരെ ചങ്കിൽ കൊണ്ട് നടന്നിരുന്ന ഒരു കുട്ടി സഖാവ്.. സ്കൂളിലെ എന്ത് പരിപാടികളിലും ആവേശത്തോടെ പങ്കെടുത്തിരുന്നു..

സമരമുഖങ്ങളിലെല്ലാം മുൻ നിരയിൽ നിന്ന് തന്നെ മുദ്രാവാക്യങ്ങൾ വിളിക്കും.. അങ്ങനെയുള്ള ഒരു സമര സമയത്താണ് മുദ്രാവാഖ്യങ്ങൾ വിളിച്ച് മുന്നോട്ട് നീങ്ങുന്നയവനെ ആരാധനയോടെ നോക്കുന്ന ആ കണ്ണുകളവനെ ആകർഷിക്കുന്നത്.. സ്കൂളിലെ നീളൻ വരാന്തയുടെ ഓരത്ത് തന്നെ നോക്കി നിൽക്കുന്ന പെണ്ണിനെയവൻ കൗതുകത്തോടെ നോക്കി..

വിധുവിന്റെ ആത്മ സഖി.. എത്രയോ തവണ അവളോടൊപ്പം വീട്ടിൽ വന്നിരിക്കുന്നു.. എത്രയോ തവണ അവളെ കണ്ടിരിക്കുന്നു.. അപ്പോഴൊന്നും തോന്നാത്തൊരു ആകർഷണം പെട്ടന്നവളിൽ തോന്നിയപ്പോൾ മനസ്സൊന്നിടറി.. പിന്നെയാ ആ ഭാഗത്തോട്ട് പോലും ശ്രദ്ധിക്കാതെ മുദ്രാവാഖ്യങ്ങളുമായി മുന്നോട്ട് നടന്നു..

പോകെ പോകെ അവളെ കാണുമ്പോൾ ഹൃദയം തുടികൊള്ളുന്നതറിയാൻ തുടങ്ങി.. സ്വയമെത്ര വിലക്കിയിട്ടും അറിയാതെ പെണ്ണിലേക്ക് ശ്രദ്ധ തിരിഞ്ഞു തുടങ്ങി.. അവന്റെ പകൽ സ്വപ്നങ്ങളൊക്കെയും പെണ്ണ് കവർന്നെടുത്തു തുടങ്ങി..

പലപ്പോഴും തുറന്നു പറഞ്ഞാലോ എന്നാലോചിച്ചിട്ടുണ്ട്.. അതുപോലൊരു ഫീലിങ്ങ്സ് പൗമിക്കില്ലെങ്കിലോ എന്ന് കരുതി മടിച്ചു.. സ്കൂളിൽ തന്നെ ആരാധനയോടെ നോക്കുന്ന പല മുഖങ്ങളുണ്ട്.. ചിലപ്പോൾ അവളും അതുപോലെയാകാമെന്ന് കരുതി.. വർഷങ്ങളോളം പെണ്ണിന്റെ മനസ്സറിയതെ പോയി.. പക്ഷെ എത്ര വർഷങ്ങൾ കഴിഞ്ഞിട്ടും അവന്റെ മനസ്സിൽ കോറിയിട്ട അവളുടെയാ മുഖത്തിന് ഒരു മങ്ങൽ പോലും വന്നിരുന്നില്ല..

അറിയാതെയെങ്ങാനും ഇഷ്ടം വെളിയിൽ വന്നേക്കുമോ എന്നുള്ള ഭയത്തിൽ അവളുടെ മുന്നിൽ ഗൗരവത്തിന്റെ മുഖമൂടി എടുത്തണിഞ്ഞു..

പിന്നെ എപ്പോഴാണ് ആ കണ്ണുകളിൽ ആരാധനയ്ക്കുമപ്പുറം പ്രണയം തുളുമ്പുന്നതറിഞ്ഞത്..?!

തനിക്കു വേണ്ടി തുടിക്കുന്ന ഒരു ഹൃദയമവളിലും ഉണ്ടെന്നറിഞ്ഞത്…?!

വിവി പിജി സെക്കന്റ് ഇയറിൽ പഠിക്കുമ്പോഴാണ് പൗമിയും വിധുവും അതെ കോളേജിൽ ചേരുന്നത്..

അപ്പോഴേക്കും കോളേജിലെ കരുത്തുറ്റ നേതാവായി മാറിയിരുന്നു നമ്മുടെ സഖാവ്.. ഡിഗ്രി ഫൈനൽ ഇയറിലെ കുറച്ച് കുട്ടികൾ റാഗിംഗിന്റെ പേരും പറഞ്ഞ് ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി..

അത് ചോദിയ്ക്കാൻ ചെന്ന വിവിയും പിള്ളേരും തമ്മിൽ വഴക്കായി.. ഇടയിലെപ്പോഴോ ഓർക്കാപുറത്തേറ്റ പ്രഹരത്തിൽ സഖാവൊന്ന് വേച്ചു പോയി.. നേരെ നിന്ന് നോക്കിയപ്പോഴാണ് മുന്നിൽ കണ്ണ് നിറച്ചു നിൽക്കുന്ന പെണ്ണിനെയവൻ കണ്ടത്..

ആ കണ്ണുകളിൽ അലയടിക്കുന്ന പ്രണയ സാഗരമവൻ കണ്ടത്… മതിമറന്നാ കണ്ണുകളിൽ തറഞ്ഞിരിക്കുമ്പോഴാണ് അടുത്ത പ്രഹരമേറ്റത്..

തന്റെ വേദനയിൽ എരിവ് വലിക്കുന്ന പെണ്ണിനെ കണ്ടതും ആ വേദനയിലും സന്തോഷം തോന്നി..

അന്നുതൊട്ട് അവനോടുള്ള അവളുടെ ഇഷ്ടം മനസ്സിലാക്കുകയായിരുന്നു..

അവളോട് ഇഷ്ടം തുറന്ന് പറയാൻ റിനി ഒത്തിരി നിർബന്ധിച്ചിട്ടുണ്ട്.. സൂര്യൻ ഒരിക്കലുമീ ഇഷ്ടം അംഗീകരിക്കില്ലെന്ന ഭയം അതിൽ നിന്നവനെ പിന്തിരിപ്പിച്ചു.. പഠനം കഴിഞ്ഞും പുറത്തെവിടെയും ജോലിക്കൊന്നും ശ്രമിക്കാതെ കടയിടാമെന്ന് തീരുമാനിച്ചത് ഒന്ന് പ്രസ്ഥാനത്തിൽ പൂർണ്ണമായും പ്രവർത്തിക്കാനുള്ള ആഗ്രഹം കൊണ്ടും അവളെ കാണാതെ നില്ക്കാൻ പറ്റില്ലെന്ന തിരിച്ചറിവ് കൊണ്ടുമാണ്..

വണ്ടി വീട്ടിലേക്കുള്ള വഴിയും കടന്ന് മുന്നോട്ട് പോയപ്പോളാണ് വിവി ഓർമ്മകളിൽ നിന്നും തിരികെ വന്നത്..

“ഇതെവിടേക്കാണെടാ….?”

റിനിയിൽ നിന്ന് മറുപടിയൊന്നും ഉണ്ടായില്ല..

കലുങ്കിലേക്കുള്ള വഴിയാണെന്ന് മനസ്സിലായതും പിന്നെയവനൊന്നും ചോദിച്ചുമില്ല.. കൽക്കെട്ടിനു മുകളിൽ മാനം നോക്കിയിരിക്കുന്നവനെ തട്ടി വിളിച്ചു..

“എന്താടാ നിനക്ക് പറ്റ്യെ റിനി..? എത്ര ദിവസമായി ചോദിക്കുന്നു… ഒരുമാതിരി നിരാശാ കാമുകന്മാരുടെ കൂട്ട്‌ ശോകം പിടിച്ചു നടക്കുന്നു…”

“വിവീ.. ഞാനൊരു കാര്യം പറഞ്ഞാൽ നീയെന്നെ തല്ലുവോ കൊല്ലുവൊ എന്ത് വേണേലും ചെയ്തോ..

പക്ഷെ വെറുക്കരുത്…”

“നീയിങ്ങനെയിട്ട് പേടിപ്പിക്കാതെ പറയാൻ നോക്ക്..”

“എനിക്ക്.. നിക്ക്.. വിധൂനെ ഇഷ്ടാ…”

വിവി പ്രതേകിച്ചൊരു വികാരവുമില്ലാതെ ബാക്കി കേൾക്കാനായി ചെവികൂർപ്പിച്ചു..

“അറിയില്ലെടാ എന്ന് തൊട്ടാ അവളോട് ഇഷ്ടം തോന്നി തുടങ്ങിയതെന്ന്.. കൂട്ടുകാരന്റെ പെങ്ങളെ പ്രേമിക്കുന്നത് തെണ്ടിത്തരമാണെന്ന് അറിയുന്നത് കൊണ്ടാ ഒരു നോട്ടം കൊണ്ടു പോലും അവളോടത്‌ പ്രകടിപ്പിക്കാതിരുന്നതും.. പക്ഷെ അവളെന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ തള്ളണോ സ്വീകരിക്കാണോ എന്നറിയാൻ പറ്റാത്ത അവസ്ഥയിലായി.. അറിയാടാ നിനക്കോ ശാരദാമ്മയ്‌ക്കോ എന്നെ അംഗീകരിക്കാൻ പറ്റില്ലെന്ന്.. അവളുടെ കൺവെട്ടത്തുണ്ടായാൽ എനിക്ക് പിന്നെ മറക്കാൻ പറ്റാതാകും..

മാമൻ വിസ അയച്ചു തരാമെന്നേറ്റിട്ടുണ്ട്.. ഞാൻ പൊക്കോട്ടെ വിവീ.. എനിക്കിനിയും അവളുടെ മുന്നിൽ പറ്റില്ലെടാ…”

മറുപടിയായി വിവി അവന്റെ പുറം തല്ലിപ്പൊളിച്ചു..

“നിനക്ക് പോണോടാ കുരിപ്പെ..? വിസയുടെ കാര്യൊക്കെ അപ്പൊ ഓക്കേ ആയി.. എന്നിട്ടിപ്പോളാ എന്നോട് പറയാൻ തോന്നിയത് അല്ലെ..? നിന്നെ ഞങ്ങൾക്ക് അംഗീകരിക്കാൻ പറ്റില്ല അല്ലെ..?

നിന്റെ മനസ്സ് ഞാൻ മനസ്സിലാക്കില്ലെന്ന് വിചാരിച്ചല്ലേ കോപ്പേ.. നിന്നെക്കാളും മുന്നേ നിനക്ക് വിധിവിനോടുള്ള ഇഷ്ടം ഞാൻ മനസ്സിലാക്കിയിട്ടുണ്ട്..

നിനക്ക് അതറിയാവോ.. അവളുടെ പഠനം കഴിഞ്ഞ് നിന്നെയിട്ട് കുടഞ്ഞ് പറയിക്കാനാ ഇത്രേം കാലം കാത്ത് നിന്നത്.. എന്നിട്ടവന് പോകണം പോലും..

നിന്നോളം നല്ലൊരാളെ എന്റെ പെങ്ങൾക്ക് തേടിക്കൊടുക്കാൻ എനിക്ക് കഴിയോ റിനി..?”

അവനെ ആഞ്ഞുപുണർന്ന് വിവിയത് പറഞ്ഞതും അവനൊന്ന് തേങ്ങിപ്പോയി..

“എന്നാൽ ഞങ്ങളുമൊന്ന് പ്രണയിച്ച് നടന്നോട്ടെ അളിയാ.. നിങ്ങളുടെ പ്രണയം കണ്ടു സഹിക്കാനിട്ടാ..”

ചിരിയോടെ അവനത്‌ പറഞ്ഞതും വിവിയിലതൊരു പൊട്ടിച്ചിരിയായി മാറിയിരുന്നു…

💖💖💖💖

കൈയിലിരിക്കുന്ന കുഞ്ഞു ബോക്സ് ആകാംക്ഷയോടെ നോക്കി പൗമി.. നല്ല ഭംഗിയായി പൊതിഞ്ഞിട്ടുണ്ട്.. ശ്രദ്ധയോടെ പൊതിയഴിച്ച് തുറന്നു..

ചുവന്ന കല്ല് വെച്ച മൂക്കുത്തി.. മൂക്കുത്തിയുടെ തിളക്കത്തോടൊപ്പം പെണ്ണിന്റെ കണ്ണുമൊന്ന് തിളങ്ങി..

തന്റെ പ്രാണന്റെ ആദ്യ സമ്മാനം ചുണ്ടോടു ചേർത്തു പെണ്ണ്.. കണ്ണാടിയ്ക്കരികിൽ ചെന്ന് ധരിച്ചിരുന്ന മൂക്കുത്തി അഴിച്ചു വെച്ച് ആ ചുവന്ന കൽമൂക്കുത്തി സൂക്ഷ്മതയോടെ ധരിച്ചു..

തന്റെ മുഖത്തിനത് നന്നായി ഇണങ്ങുന്നുണ്ട്.. വേഗം തന്നെ ഒരു ഫോട്ടോയെടുത്ത് വിവിയേട്ടന് അയച്ചു കൊടുത്തു.. മെസ്സേജ് കണ്ടയുടനെ കോളും വന്നിരുന്നു..

“പൗർണ്ണമിത്തിങ്കളേ.. ഇഷ്ടായോടി..??”

അതിനിടയിൽ ഒരിക്കൽ കൂടി കണ്ണാടിയുടെ മുന്നിൽ നിന്ന് മുക്കുത്തിയുടെ സൗന്ദര്യം ആസ്വദിച്ചു ആ പെണ്ണ്…

“ഒരുപാടൊരുപാട്… വീട്ടിലെത്തിയോ വിവിയേട്ടാ..”

“ഇല്ലാ.. കലുങ്കിന്റവിടെയുണ്ട്.. ഓരാൾക്കെ പ്രേമപ്പനി.. കുമ്പസാരം കേൾക്കുവാ..”

“അതാരിക്കാണപ്പാ…”

പൗമിയോട് കാര്യങ്ങൾ പറഞ്ഞതും പെണ്ണും ഹാപ്പി..

“ഡീ നീയിനി ഉറങ്ങിക്കിടക്കുന്ന പെണ്ണിനെ വിളിച്ചുണർത്തി കാര്യം പറഞ്ഞേക്കരുത്.. എന്റെ പെണ്ണിനോടെ ഞാൻ തന്നെ പറഞ്ഞോളാ..”

പുറകിൽ ഉച്ചത്തിൽ റിനീഷേട്ടന്റെ ശബ്ദം കേൾക്കാം..

🎶ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ ഒടുവിൽ നീയെത്തുമ്പോൽ ചൂടിക്കുവാൻ

ഒരു ഗാനം മാത്രമെൻ…. ഒരു ഗാനം മാത്രമെൻ ഹൃദയത്തിൽ സൂക്ഷിക്കാം

ഒടുവിൽ നീയെത്തുമ്പോൾ ചെവിയിൽ മൂളാൻ 🎶

ആളുടെ പാട്ടിൽ ലയിച്ചെപ്പോഴോ ഉറങ്ങിപ്പോയിരുന്നു..

രാവിലെ അമ്പലത്തിൽ പോകാനുള്ളതിനാൽ നേരത്തെ റെഡി ആയി… യൂണിഫോം സാരിയാണ് ധരിച്ചത്.. താഴെ ഇറങ്ങിച്ചെന്നതും ഏട്ടന്റെയും ഏട്ടത്തിയുടെയും പിറന്നാളാശംസകൾ എത്തിയിരുന്നു..

ഏട്ടത്തി സംശയത്തോടെ മുഖത്തേക്ക് നോക്കുന്നുണ്ട്.. മൂക്കുത്തി ആള് കണ്ടുപിടിച്ചിരിക്കുന്നു..പക്ഷെ ഏട്ടൻ അടുത്തുള്ളതിനാലാകണം ഒന്നും ചോദിച്ചില്ല..

നേരത്തെ വിളിച്ചുപറഞ്ഞതിനാൽ വിധു റെഡി ആയി കാത്ത് നിൽപ്പുണ്ട്.. അമ്പലത്തിലേക്കുള്ള ഇടവഴിയെത്തിയതും ഞങ്ങളെ കാത്തെന്നപോൽ നിൽക്കുന്ന വിവിയേട്ടനെയും റിനീഷേട്ടനെയും കണ്ടു..

ചുവപ്പ് കളർ ഷർട്ടും അതേ കരയുള്ള മുണ്ടും ധരിച്ച് നിൽക്കുന്ന വിവിയേട്ടനെ കൗതുകത്തോടെ നോക്കി നിന്ന് പോയി..

ഈശ്വരാ..എന്തൊരു ഭംഗിയാ കാണാൻ..

റിനീഷേട്ടൻ കറുത്ത കളർ ഷർട്ടും കറുത്ത കരയുള്ള മുണ്ടും ധരിച്ചിട്ടുണ്ട്.. റിനീഷേട്ടന്റെ ശോകഭാവമൊക്കെ മാറി ഒന്നുഷാറായിട്ടുണ്ട്…

ഞാനൊന്ന് ചിരിച്ചതും തിരിച്ച് എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു..

“എന്താടി പൗർണ്ണമിത്തിങ്കളേ.. ഇങ്ങനെ കണ്ണുമിഴിച്ചു നോക്കുന്നേ…?”

“വിവിയേട്ടൻ അമ്പലത്തിലൊക്കെ പോകുവോ..

ആകെ ഉത്സവത്തിന് മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ..”

മറുപടി ഒരു ചിരി മാത്രമായിരുന്നു.. നീ വന്നേ എന്നും പറഞ്ഞ്‌ ആളെന്റെ കൈയും പിടിച്ച് നടപ്പായി..

പിന്നാലെ അവര് രണ്ടും.. ഇടവഴി അവസാനിക്കുന്നിടത്തു നിന്ന് തന്നെ കോർത്ത് പിടിച്ച കൈകൾ വേർപ്പെടുത്തി ഞങ്ങൾ നടന്നിരുന്നു..

പ്രസിദ്ധമായ കരിവെള്ളൂർ മഹാദേവ ക്ഷേത്ര നടയ്ക്കലാണ് ഞങ്ങളുള്ളത്. പയ്യന്നൂരിനടുത്തുള്ള കരിവെള്ളൂർ ഗ്രാമത്തിലാണീ ക്ഷേത്രം..

പരശുരാമനാല്‍ സ്ഥാപിതമായ പുരാതനമായ മഹാക്ഷേത്രമാണ് കരിവെള്ളൂര്‍ മഹാദേവ ക്ഷേത്രം.

കേരളത്തിലെ നൂറ്റിയെട്ട് ശിവക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടുത്തെ പ്രധാന പ്രതിഷ്ഠ കരിവെള്ളൂരപ്പന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവിടെ ക്ഷേത്രത്തില്‍ കൂത്ത് വഴിപാടായി നടത്തിയാല്‍ കുട്ടികള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. മാത്രമല്ല, അപൂര്‍വ്വങ്ങളായ മത്തവിലാസം കൂത്ത്,വിരുത്തിക്കൂത്ത് എന്നിവ നടക്കുന്ന ക്ഷേത്രം കൂടിയാണിത്. കരിവെള്ളൂരിന്റെ നാഥനായാണ് കരിവെള്ളൂരപ്പന്‍ അറിയപ്പെടുന്നത്.

കരിവെള്ളൂരപ്പന് തിരുമുമ്പിൽ പ്രാർത്ഥനയോടെ കൈകൂപ്പി നിന്നു… എന്റെയീ പ്രാണനെ എനിക്ക് തന്നെ തന്നേക്കണമേ എന്ന് ആത്മാർഥമായി പ്രാർത്ഥിച്ചു.. ഞങ്ങൾ തൊഴുതിറങ്ങും മുന്നേ വിധുവും റിനീഷേട്ടനും ഇറങ്ങിയിരുന്നു..ആലിൻ ചുവട്ടിലിരിപ്പുണ്ട്‌ രണ്ടാളും.. ഞങ്ങളെ കണ്ടതും ചവിട്ടിത്തുള്ളി പെണ്ണടുത്തേക്ക് വന്നു..

കണ്ണൊക്കെ നിറച്ചു വെച്ചിട്ടുണ്ട്..

“വാ പൗമി.. പോകാം..”

“എന്താടി പറ്റ്യെ…”

“അങ്ങേർക്കെന്റെ ശല്യം സഹിക്കാൻ വയ്യെന്ന്..

ദുബായിക്ക് പോണോത്രെ…”

“ഇനിയും നിർത്തീലെ രണ്ടും.. നിങ്ങളു സെറ്റയാലെങ്കിലും ഈ വഴക്ക്നിൽക്കുമെന്ന് കരുതിയ ഞാനാരായി..”

“ഏഹ്ഹ്.. ആര് സെറ്റായാലെന്ന്…?”

അപ്പൊ റിനീഷേട്ടൻ ഒന്നും പറഞ്ഞില്ലേ..

അവൾക്കൊരു മറുപടി കൊടുക്കും മുന്നേ റിനീഷേട്ടൻ പെണ്ണിന്റെ കൈയും പിടിച്ച് മുന്നോട്ട് നടന്നിരുന്നു..

വഴിയരികിൽ നിർത്തിവെച്ച ബൈക്കിൽ കയറിയിരുന്നു റിനീഷേട്ടൻ.. കയറി ഇരിക്കാൻ വിധുവിനോട് ആജ്ഞാപിക്കുന്നുണ്ട്.. ശങ്കയോടെ പെണ്ണേട്ടന്റെ മുഖത്തു നോക്കിയതും സമ്മത ഭാവത്തിൽ വിവിയേട്ടൻ തലയാട്ടി..

“അളിയോ.. ഇവളെ ഞാൻ ചെന്നാക്കിയേക്കാം.. നിങ്ങള് വിട്ടോ..”

അവര് പോയതും ഞങ്ങൾ ഇടവഴിയിലോട്ട് കയറി..

“പൗർണ്ണമിത്തിങ്കളേ.. സമ്മാനം വേണ്ടേ..??”

ഒരു കുസൃതിച്ചിരിയോടെ ആൾ ചോദിച്ചു..

“ഏഹ്ഹ്.. അതല്ലേ ഇന്നലെ തന്നേ..”

“ഇത് വേറെ ..”

പറഞ്ഞു കഴിഞ്ഞതും വിവിയേട്ടൻ കുനിഞ്ഞു വന്നു മൂക്കുത്തിമേൽ ചുണ്ടുകളമർത്തി..

പ്രതീക്ഷിക്കാതെ ആയതിനാൽ ആകെയൊരു വിറയൽ കടന്നുപോയി..

നാണത്താൽ തല താഴ്ത്തിയതും പൊട്ടിച്ചിരിച്ചു കൊണ്ട് ആളെൻറെ കൈ പിടിച്ച് നടന്നു..

“വിവിയേട്ടാ…”

“ഉം…”

“വിവിയേട്ടാ..”

“ഹ.. പറ ന്റെ പൗർണ്ണമിത്തിങ്കളേ…”

“നിങ്ങൾക്കീ മൂക്കിൽ ആരേലും കൈവിഷം തന്നായിരുന്നോ..? എപ്പോഴും മൂക്കിൽ മാത്രമല്ലെ ഉള്ളൂ..”

“ആഹാ.. ആണോ..? ആണോ..?വേറെയിടത്തും കൈവിഷം തന്നിട്ടുണ്ട്.. അവിടെ തരട്ടെ..

ഏഹ്ഹ്…?”

അത് കേട്ടതും പെണ്ണ് മുന്നോട്ടോടിയിരുന്നു..

“എനിക്ക് പാർട്ടി ഓഫിസിൽ കേറേണ്ട ആവിശ്യമുണ്ട് പൗമി.. ചെറിയൊരു കണ്ണ് പരിശോധനാ ക്യാമ്പ് പാർട്ടി സങ്കടിപ്പിക്കുന്നുണ്ട്.. അതിന്റെ ചെറിയ ആവശ്യങ്ങൾ.. സ്റ്റോപ്പിൽ വിട്ടാൽ ബസിൽ പോകാവോ പൗമി.. ഞാൻ കൊണ്ട് വിടണോ..”

“ബസ് സ്റ്റോപ്പ് വരെയൊന്നും വരേണ്ട വിവിയേട്ട..

ഞാൻ തന്നെ പൊക്കോളാം..”

പൗമി പോകുന്നത് ഒരു നിമിഷം നോക്കി നിന്ന് വിവി തിരികെ നടന്നു..

ക്ലാസ്സിൽ എത്തിയതും കണ്ടു കവിളിൽ സിന്ദൂരച്ചുവപ്പണിഞ്ഞ് നിൽക്കുന്ന വിധുപ്പെണ്ണിനെ..

കുറച്ച് നാളുകൾക്ക് ശേഷമാണ് പെണ്ണിന്റെ മുഖമൊന്ന് തെളിഞ്ഞു കണ്ടത്..

“നേരത്തെ അറിഞ്ഞിട്ടും നീയൊന്ന് സൂചിപ്പിച്ചത് പോലുമില്ലല്ലോ..”

വിധുപ്പെണ്ണ് പരിഭവം നടിച്ചു..

“റിനീഷേട്ടൻ പറയുമ്പോൾ കിട്ടുന്ന സുഖം ഞാൻ പറഞ്ഞാൽ കിട്ടുമോ പെണ്ണേ..”

“അങ്ങേരെന്നോട്‌ ഇഷ്ടം പറയുമെന്ന് എനിക്കുറപ്പായിരുന്നു പൗമീ.. പക്ഷെ ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ലാട്ടോ..”

സന്തോഷത്തോടെ വിധുവെന്നെ കോർത്ത് പിടിച്ചു..

വൈകിട്ട് വീടെത്തിയതും മൂക്കുത്തിയുടെ കാര്യം ഏട്ടത്തി ചോദിച്ചു..വിധു തന്നതാണെന്ന് പറഞ്ഞിട്ടും ആൾക്ക് വിശ്വാസമായില്ല..

“വിധുവാണോ.. വിധുവിന്റെ ഏട്ടനാണോ…?”

ഏടത്തിയുടെ ചോദ്യം ഞെട്ടലോടെയാണ് ശ്രവിച്ചത്…

” നിന്റെ മാറ്റം മനസ്സിലാക്കാൻ ഒരുപക്ഷെ ഏട്ടനെക്കാളും ഈ ഏട്ടത്തിക്ക് മനസ്സിലാകും മോളെ..”

എന്റെ കവിളിൽ തലോടി ഏട്ടത്തി പറഞ്ഞതും കുറ്റബോധത്താൽ തല താണു..

“ഒരാളോട് ഇഷ്ടം തോന്നുന്നത് അത്ര വലിയ തെറ്റല്ല പൗമീ.. വിവേക് നല്ലവനാ..”

“ഏട്ടൻ സമ്മതിക്കൂലെ ഏട്ടത്തി…”

“നിന്റെ ഇഷ്ടം ഇന്നേവരെ ഏട്ടൻ നടത്തി തരതിരുന്നിട്ടുണ്ടൊ.. ഇതും അതുപോലെ തന്നെയാകും…”

വല്ലാതെ ആശ്വാസം തോന്നിയിരുന്നു.. രാത്രി ഏട്ടൻ വന്നതും ചെറിയ രീതിയിൽ കേക്ക് മുറിച്ചാഘോഷിച്ചു.. ഏട്ടന്റെ വക ഒരു വാച്ചും ഏട്ടത്തിയുടെയും മുത്തശ്ശിയുടെയും വക ഓരോ ചുരിദാറും സമ്മാനമായി കിട്ടി.. എല്ലാം കൊണ്ടും ഒരുപാട് സന്തോഷമുള്ള ദിവസമായിരുന്നു ഇന്ന്..

💖💖💖💖💖

മാസങ്ങൾ കൊഴിഞ്ഞു പോകും തോറും ഞങ്ങളുടെ പ്രണയം ബലപ്പെട്ടു വന്നു.. ഓരിക്കലും പിരിയാനാകാത്തത്രയും ദൃഢപ്പെട്ടു.. കൂടെ വധുവിന്റെയും റിനീഷേട്ടന്റെയും.. ഞങ്ങളുടെ പ്രണയം ശാന്തമായി ഒഴുകുന്ന അരുവിപോലെയാണെങ്കിൽ അവരുടേത് ആർത്തിരമ്പുന്ന കടല് പോലെയും..

വഴക്കിലൂടെയും സ്നേഹിക്കാമെന്നതിനു ഉത്തമോദാഹരണമാണ് രണ്ടും..

“പൗമീ.. ഇപ്പോ എക്സാം ഒക്കെ കഴിഞ്ഞ് നീ ഫ്രീ ആയില്ലേ.. നമ്മുടെ കാര്യം ഞാൻ നാളെത്തന്നെ സൂര്യേട്ടനോട് സംസാരിച്ചാലോന്ന് കരുതുവാ..

നിനക്കെന്തു തോന്നുന്നു..”

“ഞാനും അതങ്ങ് പറയാൻ നിൽക്കുവായിരുന്നു വിവിയേട്ടാ..”

“അപ്പൊ.. നാളെ നമ്മുടെ വിധി നിർണ്ണയം..

നിനക്ക് പേടിയുണ്ടോ പൗമീ..”

“ചെറുതായിട്ട്.. എന്നാലും ആത്മ വിശ്വാസത്തിനു ഒരു കുറവുമില്ല..”

ചിരിയോടെ പെണ്ണതു പറഞ്ഞത് തന്റെ മനസ്സ് ഏട്ടൻ കാണാതിരിക്കില്ലെന്ന വിശ്വാസത്തിൻ പുറത്തായിരുന്നു..

(തുടരാം…💖)

അങ്ങനെ അവരും സെറ്റ്.. സ്റ്റൊറി ഇഷ്ടാവുന്നുണ്ടോ..? ലാഗ്‌ തോന്നുന്നുണ്ടോ..?

അടി ഇടി ജഗപൊക ഒക്കെ വരാനുണ്ടത്രേ..

എന്നിലെ സൈക്കോയെ എത്രയും പെട്ടെന്ന് ഒന്നുണർത്തുന്നതായിരിക്കും ..😌😌

രചന : മീര സരസ്വതി

Scroll to Top