നീ ഇന്ന് മുതൽ നിലത്ത് കിടന്നാൽ മതി..കുറച്ച് നാളത്തേക്ക് നമ്മളും ഒരകലം പാലിക്കുന്നത് നല്ലതാണ്…

രചന : സജി തൈപ്പറമ്പ്

“നീ ഇന്ന് മുതൽ നിലത്ത് കിടന്നാൽ മതി ,കുറച്ച് നാളത്തേക്ക് നമ്മളും ഒരകലം പാലിക്കുന്നത് നല്ലതാണ്”

ആദിയേട്ടൻ തമാശ പറഞ്ഞതാണെന്നാണ് അവളാദ്യം കരുതിയത് ,പക്ഷേ കട്ടിലിൽ കിടന്ന ബെഡ്ഷീറ്റും

തലയിണയും എടുത്ത് നിലത്തേയ്ക്കിട്ടപ്പോഴാണ്, നീലിമ ശരിക്കും ഞെട്ടിയത്.

“ആദിയേട്ടാ.. അതിന് ഞാൻ ഡ്യൂട്ടി കഴിഞ്ഞ് ,പതിനാല് ദിവസത്തെ ക്വാറൻ്റൈനും കഴിഞ്ഞാ വന്നിരിക്കുന്നത്”

“എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ ?ചിലർക്ക് ഇരുപത്തിയെട്ട് ദിവസം കഴിഞ്ഞാലേ രോഗലക്ഷണങ്ങൾ പുറത്ത് കാണിക്കു ,നീയൊരു നഴ്സല്ലേ? നിനക്ക് ഞാൻ പ്രത്യേകം പറഞ്ഞ് തരേണ്ടതുണ്ടോ?

“എന്ന് വച്ചാൽ ഞാനിങ്ങോട്ട് വരാൻ പാടില്ലായിരുന്നു എന്നാണോ, ആദിയേട്ടൻ പറഞ്ഞ് വരുന്നത്”

നീലിമയ്ക്ക് സങ്കടം വരുന്നുണ്ടായിരുന്നു.

“അതായിരുന്നു നല്ലത് ,ഇവിടെ പ്രായമായ അമ്മയും മൂന്ന് വയസ്സുള്ള നമ്മുടെ മോളുമുള്ളതല്ലേ, നീ കുറച്ച് നാള് ഇങ്ങോട്ട് വന്നില്ലെങ്കിലും, ഒന്നും സംഭവിക്കാൻ പോകുന്നില്ലല്ലോ?

“കൊള്ളാം ആദിയേട്ടാ ..

ഡ്യൂട്ടി കഴിഞ്ഞ് ഏഴ് ദിവസം, ഹോസ്പിറ്റലിൽ തന്നെ ക്വാറൻ്റൈനിൽ കഴിഞ്ഞ ,ഞാനൊഴിച്ചുള്ളവരെല്ലാം വീട്ടിൽ പോയിട്ടും, ഞാൻ പിന്നെയും, ഏഴ് ദിവസം കടിച്ച് പിടിച്ച് അവിടെ തന്നെ കഴിഞ്ഞത് ,നിങ്ങളെയെല്ലാവരുടെയും, ആരോഗ്യത്തെക്കുറിച്ച് ചിന്തിച്ചിട്ട് തന്നെയാണ്

ഇനിയും എൻ്റെ പൊന്ന് മോളേയും, ആദിയെട്ടനെയും കാണാതെയിരിക്കാൻ, എനിക്ക് കഴിയാത്തത് കൊണ്ടാണ് , അടുത്ത ഡ്യൂട്ടിക്ക് കയറുന്നതിന് മുമ്പ് ,രണ്ട് ദിവസത്തേക്കാണെങ്കിലും, നിങ്ങളോടൊപ്പം സന്തോഷത്തോടെ കഴിയാമെന്ന് കരുതി , ഞാനിങ്ങോട്ട് ഓടിയെത്തിയത്”

“ഓഹ് അവളുടെയൊരു സെൻറിമെൻ്റ്സും ,റൊമാൻസും, ഇതൊന്നും പ്രകടിപ്പിക്കേണ്ട സമയമല്ലിത്, ഞാനപ്പോഴെ അമ്മയോട് പറഞ്ഞതാ, സകല രോഗികളുടെയും കൂടെ രാവും പകലും ഇടപഴകുന്ന, നഴ്‌സുമാരെയൊന്നും എനിക്ക് കല്യാണം കഴിക്കണ്ടന്ന് ,അപ്പോൾ അമ്മയ്ക്കായിരുന്നു നിർബന്ധം, വിധവയായ സ്വന്തം കൂട്ടുകാരിയോട്, അമ്മയ്ക്കന്ന് തോന്നിയ സഹതാപം കരണമാണ്, നിന്നെ ഞാൻ ചുമക്കേണ്ടി വന്നത്”

“ആദിയേട്ടാ…”

നീലിമയുടെ ശബ്ദം അറിയാതെ ഉയർന്നു പോയി.

“നീ ഒച്ച വയ്ക്കണ്ട ,ഞാൻ പറഞ്ഞത് സത്യമാണ് ,എപ്പോഴാ നിന്നിൽ നിന്നും എനിക്ക് അസുഖം പകരുന്നതെന്ന ഭീതിയിലാണ്, ഞാൻ കഴിഞ്ഞ് കൂടുന്നത്”

“അപ്പോൾ നിങ്ങളുടെ മനസ്സിൽ ഇത്തരം ചിന്തകളുള്ളത് കൊണ്ടാണല്ലേ ?കല്യാണം കഴിഞ്ഞ് പിറ്റേ ആഴ്ച തന്നെ ഗൾഫിലേക്ക് തിരിച്ച് പോയതും, നാല് വർഷമായിട്ടും തിരിച്ച് വരാതിരുന്നതും”

“അതേ ,അത് തന്നെയാണ് കാര്യം, ഇപ്പോഴും ഞാൻ വരില്ലായിരുന്നു ഈ നശിച്ച രോഗം വന്നപ്പോൾ, കമ്പനി നിർബന്ധപൂർവ്വം ഞങ്ങളെയെല്ലാവരെയും കയറ്റി വിട്ടത് കൊണ്ട് മാത്രം വന്നതാണ്”

നീലിമയ്ക്ക് ആ അവഗണന സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.

ഒരു മാസം മുമ്പ് ,തൻ്റെ നൈറ്റ് ഷിഫ്റ്റ് തുടങ്ങുന്ന ദിവസമായിരുന്നു ,ആദിയേട്ടൻ വന്നിട്ടുണ്ടെന്ന് അമ്മ വിളിച്ച് പറയുന്നത് ,അത് കേട്ടപ്പോഴുണ്ടായ സന്തോഷത്തിൽ കഷ്ടപ്പെട്ട് വലിച്ച് കയറ്റിയ PPE കിറ്റ് ഊരി ദൂരെയെറിഞ്ഞിട്ട്, എത്രയും വേഗം വീട്ടിലെത്തി, ആദിയേട്ടൻ്റെ നെഞ്ചിലേക്ക് വീഴാനാണ് തോന്നിയത്, എന്നിട്ട് ഇത്രയും നാളായിട്ടും, തന്നെയും മോളേയും കാണാൻ വരാതിരുന്നതിന്, പരിഭവം പറഞ്ഞ് ,കെടിപ്പിടിച്ച് കരയണമെന്ന് മനസ്സ് കൊതിച്ചുവെങ്കിലും, തൻ്റെ പരിചരണത്തിനായി കാത്ത് കിടക്കുന്ന, പേഷ്യൻ്റ്സിൻ്റെ ദയനീയ മുഖം ഓർമ്മ വന്നപ്പോൾ, മനസ്സിനെ ഒതുക്കി നിർത്തുകയായിരുന്നു.

തനിക്കൊരു ഔദാര്യമായി നിലത്തേയ്ക്കിട്ട് തന്ന, ബെഡ്ഷീറ്റും, തലയണയും മാറോട് ചേർത്ത് പിടിച്ച് നീലിമ ചുമരിൽ ചാരിയിരുന്നു.

മിഴിക്കോണിൽ ഉറവപൊട്ടി ഒഴുകിയിറങ്ങി വന്ന, ചുടുകണങ്ങൾ, കൺപോളകൾ ഇറുകിയടച്ച് തടയാൻ ശ്രമിച്ചെങ്കിലും, പീലികൾക്കിടയിലൂടെ അവ പുറത്തേയ്ക്ക് ചാടി.

പക്ഷേ, അതൊന്നും ശ്രദ്ധിക്കാതെ, മോളോടൊപ്പം കട്ടിലിൽ കിടന്ന ആദിത്യൻ, ഉറക്കത്തിലേക്ക് വീണിരുന്നു.

എത്ര നേരം അങ്ങനെ ഇരുന്നെന്നറിയില്ല ,കരഞ്ഞ് തളർന്ന നീലിമ, എപ്പോഴോ ഒന്ന് മയങ്ങി.

ആരുടെയോ ഞരക്കവും മൂളലും കേട്ടാണ് ,നീലിമ പെട്ടെന്ന് ഞെട്ടിയുണർന്നത്.

സ്വബോധത്തിലേക്ക് തിരിച്ച് വരാൻ കുറച്ച്നിമിഷങ്ങൾ എടുത്തെങ്കിലും, ശബ്ദം കേട്ടത് ആദിയേട്ടനിൽ നിന്നാണെന്ന് മനസ്സിലായ നീലിമ, ചാടിയെഴുന്നേറ്റ് മുറിയിലെ ലൈറ്റിട്ടു.

നെഞ്ചിൻ്റെ ഇടത് വശത്ത് രണ്ട് കൈകളും അമർത്തി പിടിച്ച് കൊണ്ട്, ആദിയേട്ടൻ കിടന്ന് പുളയുന്നു.

“ആദിയേട്ടാ എന്ത് പറ്റി ,നെഞ്ച് വേദനയാണോ ?

അവൾ അടുത്തിരുന്ന് കൊണ്ട്, അയാളെ പതിയെ എഴുന്നേല്പിച്ച് കസേരയിൽ കൊണ്ടിരുത്താൻ നോക്കി.

പക്ഷേ, അതിന് മുമ്പേ അയാൾ തൻ്റെ കൈകളിൽ നിന്ന് ഊർന്ന് പോകുന്നതായി, അവൾക്ക് മനസ്സിലായി.

തറയിലേക്കിരുന്ന അയാളെ, നീലിമ പതിയെ മലർത്തിക്കിടത്തി.

അപ്പോഴേക്കും, അയാളുടെ ഞരക്കം നിന്നത് കണ്ട്, അവൾ പരിഭ്രമിച്ചു.

ആദിയുടെ നെഞ്ചിലേക്ക് ചെവി ചേർത്ത് വച്ചപ്പോൾ, ഹൃദയമിടിപ്പ് കേൾക്കാൻ കഴിയുന്നില്ലായിരുന്നു.

ഭീതിയോടെ, അവൾ അയാളുടെ മൂക്കിൻ തുമ്പത്ത്, തൻ്റെ വിരലുകൾ ചേർത്ത് വച്ച് ശ്വാസമുണ്ടോ, എന്ന് നോക്കി.

അതും നിലച്ചിരുന്നു.

കാർഡിയാക് അറസ്റ്റ്.

അവളുടെ ഉള്ള് പിടച്ചു.

തളരേണ്ട സമയവമല്ലിത് ,തൻ്റെ ഭർത്താവിൻ്റെ ജീവൻ തിരിച്ച് പിടിക്കാൻ, താൻ ഉണർന്ന് പ്രവർത്തിച്ചേ മതിയാവു,

അവൾ ഒരു തലയിണയെടുത്ത് അയാളുടെ കാലുകൾക്കടിയിൽ തിരുകി ,അവ ഉയർത്തിവച്ചു.

എന്നിട്ട്സകല ദൈവങ്ങളെയും മനസ്സിൽ വിളിച്ച് കൊണ്ട്, അയാളുടെ നെഞ്ചിൽ ഇരു കൈകളും കൊണ്ട് ,ശക്തമായി അമർത്തിക്കൊടുത്തു,

കുറച്ച് കഴിഞ്ഞ്, ബെഡ്ഷീറ്റിൻ്റെ തുമ്പ് കൊണ്ട്, വായിലൂടെ ഒഴുകിയിറങ്ങിയ നുരയും പതയും തുടച്ച് വൃത്തിയാക്കിയിട്ട്, വീണ്ടും നെഞ്ചിൻ കൂടിൽ, ശക്തമായി കൈകൾ കൊണ്ട് സമ്മർദ്ദം ചെലുത്തി.

അപ്പോഴും, അയാർക്ക് യാതൊരു ചലനവുമില്ലെന്ന് മനസ്സിലാക്കിയ നീലിമ ,അയാളുടെ വായ തുറന്ന് വച്ച്, തൻ്റെ വായ അതിലേക്ക് ചേർത്ത് പിടിച്ച് കൊണ്ട്, ശക്തമായി ഉള്ളിലേക്ക് തൻ്റെ ശ്വാസം ഊതിക്കയറ്റി.

അല്പനേരം കഴിഞ്ഞപ്പോൾ, അയാളുടെ ശരീരമൊന്ന് അനങ്ങിയെന്ന് മനസ്സിലായ നീലിമ, വീണ്ടും നെഞ്ചിലേക്ക് തൻ്റെ കരങ്ങൾ, ശകതിയോടെ അമർത്തി കൊണ്ടിരുന്നു.

അത്രയുമായപ്പോൾ, അയാളൊന്ന് ഞരങ്ങി ,അത് കേട്ടപ്പോൾ നീലിമയ്ക്ക് പ്രതീക്ഷയുണ്ടായി.

ആദിത്യന് ബോധം തിരിച്ച് കിട്ടിയത്, അവളെ തെല്ലൊന്ന്മല്ല സന്തോഷിപ്പിച്ചത് .

അവൾ വേഗം ,മേശപ്പുറത്തിരുന്ന മൊബൈലെടുത്ത് നൂറ്റിയെട്ടിലേക്ക് ഡയൽ ചെയ്തു.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

മയക്കം വിട്ട് കണ്ണ് തുറക്കുമ്പോൾ, തൻ്റെയടുത്ത് ഡോക്ടേഴ്സും, നഴ്സുമൊക്കെ നില്ക്കുന്നത് കണ്ട ആദിത്യൻ, ആദ്യമൊന്ന് അമ്പരന്നു.

“ങ്ഹാ കണ്ണ് തുറന്നല്ലോ ,ആദിത്യാ … ആർ യു ഓകെ”

കൂട്ടത്തിൽ സീനിയറെന്ന് തോന്നിയ ഡോക്ടർ, അയാളോട് ചോദിച്ചു.

“ഉം ..”

അയാൾ മൂളുക മാത്രം ചെയ്തു.

“ഇനി പേടിക്കാനൊന്നുമില്ല കേട്ടോ?

നാളെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റും

പിന്നെ കുറച്ച് ദിവസം റസ്റ്റ് എടുക്കേണ്ടി വരും”

“എനിക്ക് എന്ത് പറ്റിയതാ ഡോക്ടർ?

“ഓഹ് ഹൃദയം ചെറുതായിട്ടൊന്ന് നിലച്ചു, പക്ഷേ താൻ ഭാഗ്യവാനാടോ ,തൻ്റെ ഭാര്യ ഒരു നഴ്സായിരുന്നത് കൊണ്ട് മാത്രമാണ്, താനിപ്പോഴും ജീവനോടെയിരിക്കുന്നത് ,അവൾ തനിക്ക് കൃത്യമായി പ്രഥമ ശുശ്രൂഷ തന്നില്ലായിരുന്നെങ്കിൽ ,ഒരു പക്ഷേ, ഇവിടെ വരെ എത്തില്ലായിരുന്നു,ങ്ഹാ ഒന്നും സംഭവിച്ചില്ലല്ലോ, താനാദ്യം നന്ദി പറയേണ്ടത് അവളോടാണ്”

അപ്പോഴാണ്, തനിക്ക് രാത്രിയിൽ നെഞ്ച് വേദനയുണ്ടായതും, നീലിമ തൻ്റെയടുത്ത് വന്നിരുന്നതുമൊക്കെ ഓർമ്മ വന്നത്

താനെന്തൊക്കെയാണ് അവളോടിന്നലെ പറഞ്ഞത്.

അതോർത്തപ്പോൾ ആദിത്യന് കുറ്റബോധമുണ്ടായി.

“ഡോക്ടർ, എനിക്കവളെയൊന്ന് കാണാൻ പറ്റുമോ?

“പിന്നെന്താ ,തീർച്ചയായും ,ഞങ്ങളിവിടുന്നിറങ്ങിയിട്ട്, അവളെ പറഞ്ഞ് വിടാം”

അവർ നടന്ന് നീങ്ങിയപ്പോൾ, ആദിത്യൻ ഐ സി യു വിൻ്റെ വാതിലിലേക്ക് നോക്കി.

അവിടെ, ഡോറിൻ്റെ മധ്യഭാഗത്ത് ഘടിപ്പിച്ച ,വൃത്താകൃതിയിലുള്ള ഗ്ളാസ്സിലൂടെ, തന്നെ ഉറ്റ് നോക്കുന്ന രണ്ട് കണ്ണുകൾ, തൻ്റെ ജീവൻ രക്ഷിച്ച ദൈവത്തിൻ്റെ കണ്ണുകളാണെന്ന്, ആത്മനിന്ദയോടെ അയാൾ തിരിച്ചറിയുകയായിരുന്നു.

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : സജി തൈപ്പറമ്പ്

Scroll to Top