ഹരിയേട്ടാ ഈ ഓയിന്മെന്റ്‌ ഒന്ന് പുരട്ടി തരുവോ..എനിക്ക് കാണാത്തിടത്താ.. പ്ലീസ്…

ക്ഷമ….

രചന: Vijay Lalitwilloli Sathya

“ഹരിയേട്ടാ ഈ ഓയിന്മെന്റ്‌ ഒന്ന് പുരട്ടി തരുവോ?

എനിക്ക് കാണാത്തിടത്താ.. പ്ലീസ് ”

രാത്രി അത്താഴമൊക്കെ കഴിഞ്ഞു ഹരിപ്രസാദ് മകൻ ഹൃതുവിനൊപ്പം ഉറങ്ങാൻ കിടക്കുകയായിരുന്നു.

അപ്പോഴാണ് പ്രിയ എന്ന തന്റെ പ്രിയതമ തന്റെ കിച്ചണിലെ ജോലിയൊക്കെ തീർത്തു, താൻ വൈകിട്ട് മെഡിക്കൽ സ്റ്റോർ അടച്ചു വരുമ്പോൾ കൊണ്ടുവന്ന ഓയിന്മെന്റുമായി ബെഡ് റൂമിലേക്ക് കടന്നു വന്നു ചോദിച്ചത്.

” അയ്യേ… എവിടെയാ.. ”

ഹരിപ്രസാദ് അല്പം നാണത്തോടെ ചോദിച്ചു.

ഹരിയേട്ടന്റെ നാണം കണ്ടപ്പോൾ പ്രിയ ഓയിന്മെന്റ്‌ ശ്രദ്ധിച്ചത്.

” അയ്യോ ഇത് മാറി ഹരിയേട്ടാ.. ഇത് അല്ല വേണ്ടത്.. ഇത് ചൊറിച്ചിലിനു ഉള്ളതാണല്ലോ എനിക്ക് വേണ്ടത് മുറിവിനു പുരട്ടാനുള്ളതാ.. ”

അവൾ കരച്ചിലും ചിരിയും സങ്കടവും കലർന്ന സ്വരത്തിൽ പറഞ്ഞു.

“അതിനു നീ മുറിവിനാണെന്നു പറഞ്ഞില്ലല്ലോ..

ഞാൻ കരുതി വല്ല ചൊറിച്ചിലും പിടിപെട്ടെന്നു..

കല്യാണം കഴിഞ്ഞു വരുമ്പോൾ ദേഹം മുഴുവനും ചൊറിച്ചിലും പുണ്ണുമായിയുന്നില്ലേ.. ”

“പോ ഹരിയേട്ടാ കളിയാക്കാതെ നിങ്ങൾ വാങ്ങിച്ചു തന്ന കല്യാണ പുടവ ചുറ്റിയതിന്റെ അലര്ജി ആയിരുന്നു അന്ന് എന്റെ വയറിനുണ്ടായതു..

എന്റമ്മോ അതിനു ശേഷം അത് അലമാരിയിൽ നിന്നു ഇതുവരെ പുറത്തെടുത്തിട്ടില്ല… ഒരാഴ്ച്ച ഓയിന്മെന്റ്‌ പുരട്ടേണ്ടി വന്നു ആ ചൊറിച്ചിൽ മാറാൻ..! ”

“അതൊക്ക പോട്ടെ എവിടെയാ മുറിവ് ”

ഹരി ചോദിച്ചു.

പ്രിയ ഹൃതു ശരിക്കും ഉറങ്ങിയോ എന്ന് പാളി നോക്കി.

“അവനുറങ്ങിയെടി ”

ഹരി പറഞ്ഞു.

പ്രിയ വസ്ത്രം മാറ്റി പുറം കാണിച്ചു കൊടുത്തു.

“ഈശ്വര… എടി ഇത് നല്ലത് പോലെ മുറിഞ്ഞിട്ടുണ്ടല്ലോ… എന്നാ പറ്റിയതാ..? ”

ഹരി പ്രിയയുടെ പുറത്തെ മുറിവ് കണ്ടു ആഴ്ചര്യവാനായി ചോദിച്ചു.

“ഹരിയേട്ടാ അത് ഹൃദു സ്കൂളിൽ നിന്നു വന്ന നേരം ഞാൻ മാർക്കറ്റ്‌ വരെ പോകാൻ വസ്ത്രം മാറ്റുകയായിരുന്നു. കഴിഞ്ഞാഴ്ച വാങ്ങിയ പുത്തൻ ചുരിദാർ ഒന്ന് ഇട്ടുകളയാമെന്നു വിചാരിച്ചു.

അതിന്റെ സിബ് പുറകിലായിരുന്നു. സിബ് ഇടനായി ഹൃദുവിനെ വിളിച്ചു.മുറ്റത്ത്‌ കളിക്കുകകയായിരുന്ന അവൻ ബെഡിൽ കയറി നിന്നു ചുരിദാറിന്റെ സിബ് പിടിച്ചു

‘ഹൈലേസാ’ എന്നുംപറഞ്ഞു ഒരെറ്റ വലിയായിരുന്നു മുകളിലേക്ക്.. സിബിനിടയിൽ കിടന്നു ഇറച്ചിയും തോലും കരിഞ്ഞു ഞാൻ വേദന കൊണ്ട് നിലവിളിച്ചു പോയി… ഞാൻ വേഗം ചുരിദാർ മാറ്റി.. ചോര പൊടിച്ചു വന്നു മുറിവിൽ കൂടി. അത് കണ്ടു ഹൃദു കരയാൻ തുടങ്ങി. അത് കണ്ടു എനിക്ക് വല്ലാണ്ടായി.

ഞാൻ കൂടുതൽ കോപമൊന്നു പ്രകടിപ്പിക്കാൻ പോയില്ല. മോൻ പേടിച്ചു വല്ലാണ്ടായിരിക്കുന്നു എന്ന് മനസിലായി.ഞാൻ ഫോൺ എടുക്കാൻ പോയപ്പോൾ ‘പപ്പയോടു പറയല്ലേ മമ്മി ‘എന്ന് പറഞ്ഞു കരഞ്ഞു എന്റെ രണ്ടു കാലിലും കെട്ടിപിടിച്ചു തല എന്റെ കാലിനിടയിൽ ചേർത്ത നിന്നു കരയുകയായിരുന്നു പാവം.

ചുരിദാറിൽ ചോരയായതും മറ്റും അവനെ നന്നായി ഭീതിയിലാഴ്ത്തി. ‘ഇല്ല മോനെ പപ്പയോടു പറയില്ല കേട്ടോ..ഇത് ഒരു ആക്സിഡന്റ് അല്ലെ.

മനഃപൂർവം അല്ലല്ലോ. മാത്രമല്ല ഇത് ഒരു ചെറിയ മുറിവല്ലേ..

ഓയിന്മെന്റ്‌ പുരട്ടിയാൽ കരിഞ്ഞു പോകും..

കേട്ടോ മോൻ പേടിക്കേണ്ട അമ്മയ്ക്ക് ഒന്നുമില്ലടാ.. പപ്പയെ നമ്മുടെ കടയിൽ നിന്നും ഓയിന്മെന്റ്‌ വാങ്ങാനാ വിളിക്കാൻ പോവുന്നത് കേട്ടോ.’

അത് കേട്ടു അവൻെറ കരച്ചിലും ഭയവും മാറി….

അതാണ്‌ ഞാൻ വൈകിട്ട് വിളിച്ചപ്പോൾ ഓയിന്മെന്റ്‌ എന്ന് മാത്രം പറഞ്ഞത്. മുറിവിന്റെ എന്ന് പറഞ്ഞാൽ നിങ്ങൾ കാര്യം തിരക്കിയാൽ എനിക്ക് അതിനു മറുപടി തരേണ്ടി വരുമ്പോൾ മോൻ കേട്ടു ഭയപ്പെടേണ്ട എന്ന് കരുതിയാണ് ഫോൺ വേഗം വെച്ചത്.

അവൻ കാണാതെ വിളിച്ചു പിന്നീട് കാര്യം പറയാമെന്നു വിചാരിച്ചു.. അതിനു ശേഷം അവൻ എന്റടുത്തു നിന്നു മാറിയിട്ട് വേണ്ടേ പറയാൻ.

ഇപ്പോൾ ആണ് എന്റെ മോൻ ഒന്ന് ഉറങ്ങിയത്. ആ മൂന്നാം ക്ലാസ് കാരന്റെ കുഞ്ഞു മനസ് വേദനിച്ചിട്ടുണ്ടാകും…. ”

എല്ലാം കേട്ടപ്പോൾ ഹരിക്ക് മോനോട് വാത്സല്യം ഏറി. നിഷ്കളങ്കനായ അവന്റെ കവിളിൽ ഹരി ഒരു ചെറു ഉമ്മ കൊടുത്തു.

അത് കിട്ടിയപ്പോൾ ഹൃദ് നെടുവീർപ്പിട്ടു.

അലമാരിയിൽ നിന്നും ഹരി മുറിവിന്റെ ഓയിന്മെന്റ്‌ എടുത്തു പ്രിയയുടെ മുറിവിൽ പുരട്ടുമ്പോൾ ചോദിച്ചു.

“ഹൃദു കരഞ്ഞില്ലായിരുന്നെങ്കിൽ നീ അവനെ എന്തു ചെയ്യുമായിരുന്നു..? ”

“എന്താ ഹരിയേട്ടാ അങ്ങനെ ചോദിച്ചത് അവൻ കുഞ്ഞല്ലേ അറിയാതെ പറ്റിയതല്ലേ.. ഞാൻ എന്തു ചെയ്യാനാ.. നമ്മുടെ ചങ്കല്ലേ അവൻ..? ”

“ഉം “ഹരി മൂളി

“മാത്രമല്ല ഹരിയേട്ടാ ഇത് പോലുള്ള സന്ദർഭത്തിൽ നമ്മൾ മുൻ പിൻ ചിന്തിക്കാതെ പെരുമാറിയാൽ ഭാവിയിൽ അവന്റെ സമീപനവും മറ്റുള്ളവരോട് അങ്ങനെ തന്നെ ആകും. മാതാപിതാക്കളെ കണ്ടാണ് മക്കൾ സ്വഭാവ സവിശേഷതകൾ പഠിക്കുക. ക്ഷമയ്ക്ക് ജീവിതത്തിൽ ഒരുപാട് പ്രാധാന്യം ഉണ്ടെന്നു കുട്ടികൾ മനസിലാക്കേണ്ടത് ആണ്. ഇത്തരം സന്ദർഭത്തിൽ അനുഭവിച്ചാണ് അത് ബോധ്യപ്പെടേണ്ടത്. ”

അവൾ പറഞ്ഞത് വാസ്തവം തന്നെ..

“നാളെ ആവട്ടെ പപ്പയും ഇത്തരം കാര്യങ്ങളിൽ ക്ഷമിക്കും എന്ന് അവൻ നേരിട്ട് ബോധ്യപ്പെടണം.. ”

ഹരി പറഞ്ഞു

പിറ്റേന്ന് രാവിലെ വാട്ടർ ബോട്ടിൽ, ബാഗ് ഇവയെല്ലാം കൊണ്ട് ഹൃദു പപ്പയുടെ സ്കൂട്ടറിൽ കയറിയിരുന്നു.

മമ്മിയോട് ബൈ പറഞ്ഞു.

ഹരിപ്രസാദ് മെഡിക്കൽ സ്റ്റോറിൽ പോകാൻ റെഡി ആയി വന്നു.മകനെയും ഇരുത്തി സ്കൂട്ടർ നീങ്ങി തുടങ്ങി. പ്രിയ രണ്ടുപേർക്കും ടാറ്റാ നൽകി ഗേറ്റ് അടച്ചു. കുറച്ചു കഴിഞ്ഞു ഹരി മകനോട് ചോദിച്ചു.

“മോനെ മമ്മിയുടെ പുറത്ത് എന്താടാ ഒരു പാട്..?

പപ്പയുടെ ഓർക്കാപ്പുറത്തു ചോദ്യം ഹൃദുവിനെ ഒന്ന് കുഴക്കി. എങ്കിലും അവൻ ഉഷാറായി പറഞ്ഞു.

“ഓ അതോ പപ്പാ.. അത്‌ ഒരു ആക്സിഡന്റാണ്‌.!”

“ങേ ആക്സിഡന്റോ.. അതെന്താ.. ”

“അതെ പപ്പാ മമ്മി ഒരു ചുരിദാർ വാങ്ങിയിരുന്നല്ലോ ഇന്നലെ ഞാൻ മമ്മിയെ വെയർ ചെയ്യാൻ നേരം ഹെൽപ് ചെയ്തപ്പോൾ അതിന്റെ സിബ് ഇടുന്ന നേരത്തു അത് മമ്മിയുടെ ദേഹത്ത് ഒന്ന് ചെറുതായി ഉരഞ്ഞു.. ”

‘ഓ ഉരഞ്ഞതെ ഉള്ളോ? .. ”

“ഒരു വിരലിന്റെ നീളത്തിൽ മുറിവായി അത് സാരമില്ല മരുന്ന് പറ്റിയാൽ മാറിക്കൊള്ളും ”

“അതെയതെ ഹല്ല പിന്നേ ”

“ചോര വന്നോടാ മക്കളെ.. “.

“ആ ഇത്തിരി പൊടിഞ്ഞു ”

“ഇത്തിരിയോ? ”

“ആ ഒരു കാൽ ലിറ്റർ ”

അമ്പട ! ഇവൻ ആളു കൊള്ളാം.

മകന്റെ വാക്കിലെ നർമ്മം ആസ്വദിച്ചു ഹരിപ്രസാദ് അവനെ സ്കൂളിൽ വിട്ടശേഷം മെഡിക്കൽ ഷോപ്പ് ലക്ഷ്യമാക്കി നീങ്ങി..!

ലൈക്ക് കമന്റ് തരണേ ..

രചന: Vijay Lalitwilloli Sathya

Scroll to Top