പൗർണ്ണമിത്തിങ്കൾ തുടർക്കഥയുടെ പത്താം ഭാഗം വായിക്കുക…

രചന : മീര സരസ്വതി

“കഴിഞ്ഞില്ലേ സഖാവേ ഒരുക്കം….?”

കണ്ണാടിയിൽ നോക്കി ഒരു വട്ടം കൂടി മുടിയൊന്ന് ചീകിയൊതുക്കി ചിരിയോടെ മുന്നിൽ വന്നു നിന്നു വിവിയേട്ടൻ.. മെറൂൺ കളർ ഷർട്ടും അതേ കരയുള്ള മുണ്ടുമാണ് വേഷം.. ആൾക്ക് നല്ല ചേർച്ചയുണ്ട്..

മുണ്ടുടുത്ത് ആളെ കാണാൻ പ്രത്യേക ചേലാണെന്നേ..

“സ്കാൻ ചെയ്തത് മതി.. എങ്ങനിണ്ട്ന്ന് പറയ്…

കൊള്ളാവോ…?”

എന്റെ തലയിലൊന്ന് കൊട്ടിക്കൊണ്ട്‌ ചോദിച്ചു..

“പിന്നേ.. കിടുവല്ലേ…”

“നിങ്ങൾക്കും കൂടെ വരായിരുന്നു പൗമീ.. നമ്മുടെ ക്യാമ്പസിലൂടെ നിന്റെ കൈ കോർത്തു നടക്കാൻ എത്ര കൊതിച്ചതായിരുന്നൂന്നോ..”

” ഇനിയും പോകാലോ വിവിയേട്ടാ.. പിള്ളേരോട് പറഞ്ഞും പോയില്ലേ.. ”

വിവിയേട്ടൻ നിരാശയോടെ റൂമിൽ നിന്നിറങ്ങി..

പയ്യന്നൂർ കോളേജിൽ അവരുടെ ബാച്ചിന്റെ ഗെറ്റ് റ്റുഗെതെർ ആണ്.. ആൾക്ക് കോളേജിലൂടെ എന്റെ കൈയും കോർത്ത് പിടിച്ച് നടക്കാനൊരാശ.. പണ്ട് നടക്കാൻ പറ്റാത്തതിന്റെ കടം തീർക്കലാണ് ലക്‌ഷ്യം.. പോകാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല.. പത്താം ക്ലാസ് കുട്ടികൾക്ക് കൊസ്റ്റ്യൻ പേപ്പർ റിവിഷൻ ചെയ്യാനുണ്ട്‌.. ഞായറാഴ്ച ആയതിനാൽ പിള്ളേര് ഇന്ന് രാവിലെ തന്നെ ലൈബ്രറിയിൽ എത്താമെന്ന് ഏറ്റതാ.. ഇനിയിപ്പോ എക്സാമിനു ദിവസങ്ങൾ മാത്രമേയുള്ളൂ.. ഒരു ദിവസം പോലും വെറുതെ കളയാനുമില്ല.. ആളുടെ ക്ഷണം നിരസിക്കുകയല്ലാതെ വേറെ വഴിയില്ല..

“അതേ…. പോവുന്നതൊക്കെ കൊള്ളാം.. കണ്ട രൂപയുടേം പൈസയുടേം പിറകെ ഒലിപ്പിച്ചോണ്ട് നടന്നാലുണ്ടല്ലോ…”

വിധുവാണേ… റിനീഷേട്ടനെ ഉപദേശിക്കുന്നതാണീ രംഗം.. രൂപ റിനീഷേട്ടന്റെ കോളേജ് ലൈൻ ആയിരുന്നു.. ഡിഗ്രി കഴിഞ്ഞതും പെണ്ണ് റിനീഷേട്ടനെ അസ്സലായി തേച്ചു വേറെ കെട്ടി.. അതും പറഞ്ഞ് ആൾ കുറെ നാൾ മാനസ മൈനെ പാടി നടന്നിട്ടുണ്ട്.. അതിന്റെ പേരിൽ വിധു പണ്ട് റിനീഷേട്ടനെ കളിയാക്കിയതിനു എണ്ണവും കണക്കുമില്ല.. എന്നാലിപ്പോ ആ പേര് കേൾക്കുന്നതെ പെണ്ണിന് കലിപ്പാണ്..

“അതോർത്തു പെങ്ങള് പേടിക്കേണ്ടാ.. ഈ ആങ്ങളയുടെ രണ്ടു കണ്ണും അളിയന്റെ മേലുണ്ടാകും…”

“നിന്റെയീ യക്ഷിപ്പെങ്ങളെയാ തലവരയിൽ നീട്ടി വലിച്ച് വരച്ചേക്കുന്നതെന്ന് അറിഞ്ഞിരുന്നേൽ ഒരു പൈസയുടേം പിറകേ പോകില്ലായിരുന്നു പരട്ട ആങ്ങളെ… എന്റെ വിധി അല്ലാതെന്താ..”

തലയിൽ സ്വയമിടിച്ച് റിനീഷേട്ടൻ വണ്ടിയെടുത്തു..

അവർ രണ്ടുപേരും പോകുന്നത് ചിരിയോടെ ഞങ്ങൾ നോക്കി നിന്നു.. പിന്നെ പെട്ടെന്ന് റെഡിയായി വന്ന് ശാരദാമ്മയോട് യാത്ര പറഞ്ഞ് ഞങ്ങൾ വായനശാലയിലേക്ക് തിരിച്ചു..

ബ്രേക്ക് ടൈമിൽ ഫോണെടുത്ത് നോക്കിയപ്പോൾ വിവിയേട്ടൻ ഒരുപാട് ഫോട്ടോസ് അയച്ചിട്ടുണ്ട്.. വാക ചുവപ്പിച്ച കോളേജ് കവാടവും റോഡും.. മതിലിലെ ചെഗുവേരയുടെ പടത്തിനു സമീപം വിവിയേട്ടൻ ചാരി നിന്നുള്ള ഫോട്ടോസ്.. കോളേജിലെ നീണ്ട വരാന്ത..

ഞാവൽ മരത്തിനു താഴെ പടിയിൽ ഇരുന്നുള്ള ഫോട്ടോസ്.. അങ്ങനെയങ്ങനെ.. എന്തോ ഒക്കെയും കണ്ടപ്പോൾ കോളേജിലോട്ട് ഓടിയെടുക്കാൻ തോന്നി.. കാലം മായ്ക്കാത്ത കുറേയേറെ കലാലയ ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തി.. വീണ്ടുമാ ക്യാമ്പസ് ചില്ലകളിലേക്ക് ചേക്കേറാൻ മനസ്സ് കൊതിച്ച് കൊണ്ടേയിരുന്നു..

വൈകിട്ട് വീട്ടിലെത്തുമ്പോൾ ആളുടെ കൈയ്യിലൊരു കുഞ്ഞു കവറുണ്ടായിരുന്നു.. അതിലിത്തിരി ഞാവല്പഴവും.. പഠിക്കുന്ന കാലത്ത് ഞങ്ങൾ ഞാവല്പഴം കണ്ടതായിട്ട് ഭാവിക്കാറുപോലുമില്ല.. ഇന്ന് വിധുവും ഞാനും അടിയിട്ടാ കഴിച്ചത്.. ഞാവലിന്റെ രുചിയോടൊപ്പം ഓർമ്മകളുടെ രുചി കൂടി കലർന്നതിനാലാകാം അത്രയധികം രുചികരമായി തോന്നിയതും..

അല്ലെങ്കിലും സഹോദരങ്ങളോട് തല്ലുകൂടി പിടിച്ച് പറിച്ച് കഴിക്കുന്നതിനും അമ്മ കാണാതെ കട്ടെടുത്ത്‌ കഴിക്കുന്നതിനും ഒരു പ്രത്യേക രുചി തന്നെയാണേ..

അമ്മ തയ്ക്കുവാനായി മുകളിലേക്ക് കയറിയ തക്കം നോക്കി ഞാനും വിധുവും അടുക്കളയിൽ ഒരു തിരച്ചിൽ നടത്തും.. അമ്മ രഹസ്യ അറകളിൽ പൂഴ്ത്തിവെച്ച അച്ചാർ, പുളി , ഉപ്പിലിട്ടത്, പാൽപ്പൊടി ഇത്യാദി സംഭവങ്ങളൊക്കെ കസ്റ്റഡിയിൽ എടുക്കുന്നത് അപ്പോഴാണ്.. പിന്നെയത് കസ്റ്റഡിയിൽ നിന്നും ഒരു തെളിവുമില്ലാതെ മുങ്ങിപ്പോകുമെന്നത് വേറൊരു നഗ്ന സത്യം..

രാത്രി അമ്മയെ ആഹാരമുണ്ടാകാൻ സഹായിയായി നിന്നതാണ്.. കുക്കറിൽ വെജിറ്റൽ കുറുമയ്ക്കായി പച്ചക്കറികൾ വേവിക്കാൻ വെച്ചിട്ടുണ്ട്.. ആദ്യത്തെ വിസിൽ വന്നപ്പോൾ ആകെയൊരു മനം പുരട്ടൽ….

വൈകിട്ട് കഴിച്ച ഞാവൽപ്പഴത്തിന്റെ ചവർപ്പ് പിന്നെയും തികട്ടി വരും പോലെ.. ആകെയൊരു പരവേശം തോന്നി.. ഓക്കാനം സഹിക്കാൻ വയ്യെന്ന് തോന്നിയതും വാഷ്‌റൂം ലക്ഷ്യമാക്കി ഒരോട്ടമായിരുന്നു..

പിന്നാലെ എന്ത് പറ്റിയെന്ന് ചോദിച്ച് വിധുവും അമ്മയുമുണ്ട്.. ഛർദ്ദിച്ചു കഴിഞ്ഞതും ആകെയൊരു തളർച്ച പോലെ..

അവശതയോടെ അമ്മയുടെ തോളിലേക്ക് തല ചായ്ച്ചു.. അമ്മയും വിധുവും ശ്രദ്ധയോടെ താങ്ങിപ്പിടിച്ച് മുറിയിൽ കൊണ്ട് കിടത്തി..

“ഞാവൽ പഴം പിടിച്ചില്ലെന്ന് തോന്നുന്നു അമ്മാ…”

അവശതയ്ക്കിടയിലും പറഞ്ഞൊപ്പിച്ചു..

“ഇതേയ്‌ ഞാനവല്പഴത്തിന്റേത് ആകാൻ വഴിയില്ല. ”

അമ്മ ചിരിയോടെ പറഞ്ഞതും എന്റെ ചുണ്ടിലുമൊരു പുഞ്ചിരിയൂറി.. നിമിഷങ്ങൾ കഴിഞ്ഞതും വിവിയേട്ടൻ വെപ്രാളത്തോടെ ഓടി വന്നു.. വിധു വിളിച്ച് പറഞ്ഞതാകണം .. അമ്മയെ വകഞ്ഞു മാറ്റി എന്റെ അരികിൽ വന്നിരുന്നു..

“എന്താ പറ്റ്യേ അമ്മാ..? അപ്പോഴേ പറഞ്ഞതാ ഞാവൽ പഴം ഒത്തിരിയൊന്നും കഴിക്കേണ്ടെന്ന്..

ആർത്തി പിടിച്ച് കഴിച്ചിട്ടിപ്പോ നോക്ക്… വാ പെട്ടെന്ന് റെഡി ആയിക്കെ ഡോക്ടറെ കാണിക്കാം..”

“നിക്ക്.. ആദ്യം ഉറപ്പിച്ചിട്ട് കാണിച്ചാൽ മതി വിവീ…”

“ഇനിയെന്ത് ഉറപ്പിക്കാനാ അമ്മെ..വിധൂ.. പോയി നീയും അമ്മയും റെഡി ആക്.. ”

“അതേയ് വിവിയേട്ടാ..നാളെ നമുക്കൊരു പ്രെഗ്നൻസി കിറ്റ് വാങ്ങി ചെക്ക് ചെയ്യാം.. എന്നിട്ട് മതി ഡോക്ടറെ കാണിക്കുന്നത്..”

ഞാനത് പറഞ്ഞതും ഒരു വാക്ക് പോലും ഉച്ചരിക്കാൻ കഴിയാതെ തറഞ്ഞിരിപ്പാണ് സഖാവ്..

അവിശ്വസനീയതയോടെ മൂന്നാളുടെ മുഖത്തേക്കും മാറി മാറി നോക്കുന്നുണ്ട്.. എല്ലാരുടെ മുഖത്തും ചിരിക്കണ്ടതും ആളെഴുന്നേറ് ചെന്ന് അമ്മയെ കെട്ടിപിടിച്ചു.. പിന്നെയെന്റെ അടുത്തേക്ക് വന്ന് നെറുകയിൽ ചുംബിച്ചു..

“അതേയ്.. ഉറപ്പിക്കാനായില്ല.. നാളെ നോക്കിയിട്ട് മതി തീരുമാനിക്കാൻ..”

അതും പറഞ്ഞ് അമ്മ വധുവിനെയും കൂട്ടി മുറിവിട്ടിറങ്ങി.. വിവിയേട്ടൻ എന്റെ മുഖമാ കൈ കുമ്പിളിൽ കോരിയെടുത്ത് ചുംബനങ്ങളാൽ മൂടിയിരുന്നു..

“എന്റെ പൗർണ്ണമിത്തിങ്കളേ.. എനിക്ക് കാത്തിരിക്കാൻ ക്ഷമിയില്ലെട്ടോ.. അറിയാതെ ഇന്നിനി ഉറക്കം വരില്ല.. ഞാനൊന്ന് മെഡിക്കൽ സ്റ്റോർ വരെ പോയിട്ടും വരാം..”

“ഇന്നിനി ഈ രാത്രിയിൽ പോകേണ്ടാ വിവിയേട്ടാ..

നാളെ നോക്കാം..”

എവിടെ.. ആളതൊന്നും കേട്ടില്ല.. ബൈക്കുമെടുത്ത് പെട്ടെന്ന് കവലയിലേക്കിറങ്ങി.. തിരിച്ച് വരുമ്പോൾ മുഖമാകെ മങ്ങിയിട്ടുണ്ട്..

“എന്തേയ്.. കിട്ടിയില്ലേ വിവിയേട്ടാ..?”

“കിട്ടി.. പക്ഷെ രാവിലെയേ നോക്കാൻ പറ്റുള്ളൂ എന്ന്.. ഫസ്റ്റ് യൂറിനെടുത്താ ചെക്ക് ചെയ്യേണ്ടേ..”

ആ മുഖത്തെ പരിഭവം കണ്ടപ്പോൾ ചിരിപൊട്ടിപ്പോയിരുന്നു.. ആളെന്റെ അരികിൽ വന്ന് കട്ടിലിനു താഴെയായി ഇരുന്നു വയറിൽ നേർത്തൊരു ചുംബനം സമ്മാനിച്ചു.. ആ മുഖത്തെ ആകാംക്ഷയും പ്രതീക്ഷയും കാണുമ്പോൾ ഊഹങ്ങളെല്ലാം ശരിയാകണേ എന്ന് ഈശ്വരനോട് പ്രാർത്ഥിച്ച് പോയി..

രാവിലെ അഞ്ചു മണി ആയപ്പോൾ തന്നെ വിവിയേട്ടൻ എന്നെ വിളിച്ചെഴുന്നേല്പിച്ചു.. പ്രെഗ്നൻസി കിറ്റിലെ രണ്ടു ചുവപ്പു വരകൾ തെളിഞ്ഞതും ആളെന്നെ ആഞ്ഞു പുണർന്നു..

പെട്ടെന്ന് എന്തോ ഓർത്തത് പോലെ പിടിക്കളയച്ചു..

“സോറി.. സോറി.. ഞാനോർക്കാതെ..

വേദനിച്ചോ..?”

“ഇല്ലെന്റെ വിവിയേട്ടാ.. ”

കിലുങ്ങിച്ചിരിച്ചു കൊണ്ട് പറയുന്ന പെണ്ണിനെ നെഞ്ചോട് ചേർത്ത് മൂർദ്ധാവിൽ അമർത്തി ചുംബിച്ചു വിവി.. സന്തോഷക്കൊടുമുടിയിൽ ആയിരുന്നു രണ്ടാളും.. ആദ്യത്തെ കൺമണിയുടെ വരവറിയിച്ചു കൊണ്ട് പ്രഗ്നൻസി ടെസ്റ്റ് കിറ്റിൽ കണ്ട ആ രണ്ട് ചുകപ്പ് വരകൾ കാണും തോറും ഞങ്ങൾ രണ്ടുപേർക്കുമുണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു.. പരസ്പരം ചുംബനങ്ങൾ കൈമാറുമ്പോഴും കണ്ണുകൾ ഈറനായിരുന്നു..

വിധുവോടും അമ്മയോടും പറഞ്ഞപ്പോഴും മറിച്ചായിരുന്നില്ല.. വീട്ടിൽ ഏട്ടനെ വിളിച്ചു പറഞ്ഞയുടനെ തന്നെ ഏട്ടനും ഏടത്തിയും ഹാജരായി.. റിനീഷേട്ടൻ വന്നത് ഒരു പാക്കറ്റിൽ ബേക്കറി പലഹാരങ്ങളും കൊണ്ടായിരുന്നു..

ചുരുക്കത്തിൽ ഞങ്ങളുടെയാ അന്തരീക്ഷമാകെ സന്തോഷത്താൽ അലയടിച്ചിരുന്നു.. ഞങ്ങളുടെ കുട്ടി സഖാവിന്റെ വരവ് എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിച്ചിരുന്നു..

💖💖💖💖

നിയമസഭാ തിരഞ്ഞെടുപ്പ് വന്നെത്തി.. അതിന്റെ തിരക്കിലേക്ക് ഊളിയിടും മുന്നേ വിവിയേട്ടൻ എന്നെയും കൊണ്ട് ഡോക്ടറെ കണ്ടു പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്ന് ഉറപ്പിച്ചു..

നാട് ഇലക്ഷൻ ചൂടിലേക്ക് കടന്നിരിക്കുകയാണ്..

വിവിയേട്ടൻ ഇലക്ഷൻ പ്രചാരണത്തിന്റെ തിരക്കിലും.. വോട്ടു ചോദിക്കലും ചുവരെഴുത്തുമൊക്കെയായി പകലും രാത്രിയും എന്നില്ലാതെ തിരക്കോട് തിരക്കാണ്.. ഇടക്ക് കഴിക്കാൻ ഒരു വരവ് വരും.. അപ്പോഴും മിക്കവാറും ടിവിയിൽ ഡിബേറ്റിന്റെ പിറകേയാകും.. പലപ്പോഴും ആളെയൊന്ന് മിണ്ടാൻ പോലും കിട്ടാതെ വരുമ്പോൾ സങ്കടമേറി വരാറുണ്ട്.. പ്രതേകിച്ച് ഒരു പെൺകുട്ടി ഭർത്തവിന്റെ സാമീപ്യം ഏറെ കൊതിക്കുന്ന ഈ സമയത്ത്..

“എനിക്കറിയാം പൗമി നിനക്കെന്റെ സാമീപ്യമാണ് ഇപ്പോൾ ഏറെയാവിശ്യമെന്ന്.. ഈ ഇലക്ഷൻ ഒന്ന് കഴിഞ്ഞോട്ടെന്റെ പൗർണ്ണമിത്തിങ്കളേ… നമുക്കീ ഗർഭ കാലം ആഘോഷമാക്കാം..”

ആളുടെ ഈ വാക്കുകൾ എന്നിൽ ആശ്വാസം പകരാൻ മാത്രമുള്ളതായിരുന്നു.. ആ നെഞ്ചിൽ തലചായ്ച്ച് കിടക്കുമ്പോൾ ഇതിനെങ്കിലും കഴിയുന്നുണ്ടല്ലോ എന്നൊരു സമാധാനമായിരുന്നു..

ഇലക്ഷൻ വന്നെത്തി.. വിവിയേട്ടനാണ് പാർട്ടിയുടെ ബൂത്ത് ഏജന്റ്.. രാവിലെ തന്നെ വിവിയേട്ടനും റിനീഷേട്ടനും സ്കൂളിലേക്ക് വിട്ടു..

“നേരത്തെ എത്തിയേക്കണം മൂന്നാളും..

വൈകുന്തോറും തിരക്കാകും… നടക്കാൻ വയ്യെങ്കിൽ റിനിയെ വിളിക്കണം ട്ടോ.. അവൻ വന്നോളും…”

വെപ്രാളം പിടിച്ച് ഓടുന്നതിനിടയിലും എന്റെ ഇരു കവിളിലും ചുംബനം നൽകാനും വയറിൽ തലോടി ഞങ്ങളുടെ കുട്ടി സഖാവിനായുള്ള ഉമ്മയർപ്പിക്കാനും മറന്നില്ല എന്റെ സഖാവ്.. ആ ചുംബനങ്ങൾ കണ്ണുകളടച്ച് ഏറ്റു വാങ്ങുമ്പോഴും അതെന്റെ സഖാവിന്റെ അവസാന ചുംബനങ്ങളാകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല…

രാവിലെ തന്നെ ഞങ്ങൾ മൂന്നു പേരും ചെറിയമ്മമാരും കൂടെ സ്കൂലേക്ക് ചെന്നു.. എല്ലാ പാർട്ടിയുടെയും അണികൾ അവിടിവിടെ ആയുണ്ട്‌..

അതിരാവിലെ ആയതിനാൽ തിരക്കൊന്നും അധികം ഇല്ലായിരുന്നു.. വോട്ട് ചെയ്ത്‌ പെട്ടെന്നിറങ്ങാൻ പറ്റി.. ഞങ്ങളെ തിരികെ വീട്ടിൽ കൊണ്ട് വിട്ടത് റിനീഷേട്ടനായിരുന്നു.. വീട്ടിൽ എത്തിയതും ഞങ്ങളുടെ ആ ദിവസം സാധാരണയെന്ന പോലെ നീങ്ങി.. എനിക്കിപ്പോൾ രണ്ടാം മാസമാണ്.. ജോലി ചെയ്യാനൊന്നും അമ്മ സമ്മതിക്കാറില്ല..ചുമ്മാ സംസാരിച്ച് കൊണ്ട് രണ്ടുപേരുടെയും പിന്നാലെ നടന്നു സമയം കളഞ്ഞു.. ബൂത്തിലായതിനാൽ വിവിയേട്ടനെ ഒന്ന് വിളിക്കാൻ പോലും പറ്റിയതുമില്ല..

അതിനിടയിലാണ് വനജേച്ചിയും കുറച്ച് സ്ത്രീകളും റോഡിലൂടെ പോകുന്നത് കണ്ടത്.. വോട്ടു ചെയ്തു തിരികെ പോകുന്നതാകണം.. ഞങ്ങളെ ഉമ്മറത്ത് കണ്ടതും വനജേച്ചി അടുത്തേക്ക് വന്നു..

” ബൂത്തിനു പുറത്ത് പ്രശ്നമാ മോളെ.. അടിപിടി കണ്ട് വോട്ടു ചെയ്യാതെയാ ഞങ്ങൾ മടങ്ങിയത്..”

ചേച്ചി പറഞ്ഞതും ഞങ്ങളുടെ എല്ലാവരുടെയും ഉള്ളൊന്ന് കാളി.. ഹൃദയമിടിപ്പ് ഏറി വന്നു..

വിധു വിവിയേട്ടന്റെയും റിനീഷേട്ടന്റെയും ഫോണിലേക്ക് മാറി മാറി വിളിച്ചു കൊണ്ടേയിരുന്നു..

നിരാശയായിരുന്നു ഫലം.. ഓടിപ്പോയി ടിവി വെച്ചു..

ന്യൂസിൽ പ്രശ്നമുണ്ടായതിനെ കുറിച്ച് വിവരിക്കുന്നുണ്ട്..

വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന പേരിൽ തുടങ്ങിയ വഴക്ക് അടിയിൽ കലാശിച്ചതാണ്..

പോലീസ് ഇടപെട്ട് പ്രശ്നങ്ങളൊക്കെ അവസാനിപ്പിച്ചിട്ടുണ്ട്.. ഇപ്പോൾ സമാധാനകാരമായ അന്തരീക്ഷമാണ് എന്ന് കേട്ടതും തെല്ലൊരാശ്വാസം തോന്നിയിരുന്നു..എങ്കിലും റിനീഷേട്ടന്റെ വിളി വരും വരെ ഭയത്തോടെയാണിരുന്നത്..

പേടിക്കാനൊന്നുമില്ല ചെറിയ വാക്കു തർക്കങ്ങൾ മാത്രമാണെന്ന് ഏട്ടനും വിളിച്ചു പറഞ്ഞതോടെ സമാധാനമായി.. വോട്ടിങ് കഴിഞ്ഞതോടെ വിവിയേട്ടൻ വിളിച്ചിരുന്നു.. എത്രയും പെട്ടെന്ന് വീട്ടിലെത്താമെന്നു വാക്കു തന്നാണ് വെച്ചത്..

രാത്രിയേറെ വൈകിയും വിവിയേട്ടനും റിനീഷേട്ടനും വീട്ടിലെത്തിയില്ല.. ഇലക്ഷന്റെ ബാക്കി പത്രമെന്നോണം കവലയിൽ മിക്കവാറും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.. ഞങ്ങൾ മൂന്നു സ്ത്രീകൾ എന്ത് ചെയ്യുമെന്നറിയാതെ വേവലാതി പൂണ്ടിരിക്കുമ്പോഴാണ് ചെറിയച്ഛൻ വീട്ടിലേക്ക് വന്നത്..

“ചെറിയ പ്രശ്നം നടക്കുന്നുണ്ട് ഏടത്തീ.. വിവിയും റിനീഷും സേഫ് ആണ്.. പേടിക്കാനൊന്നുമില്ല..

നിങ്ങൾ തനിച്ചായത് കൊണ്ട് ഇവിടെ നിൽക്കാൻ ഏല്പിച്ചിട്ടുണ്ട്…”

ചെറിയച്ഛൻ ആശ്വാസപ്പിക്കാൻ പറഞ്ഞതാണേലും ഞങ്ങൾ നല്ല പോലെ ഭയന്നിരുന്നു.. പിന്നീട് ഞങ്ങൾ മൂന്നു പേരും പ്രാർത്ഥനയോടെയാണ് ഓരോ നിമിഷങ്ങളും തള്ളി നീക്കിയത്….

“വാസൂട്ടാ.. പയ്യെ ഓട്.. വീണു പോകുമേ…”

അകത്ത് നിന്ന് പൗമിയുടെ ശബ്ദം കേൾക്കാം..

എന്റെ വണ്ടിയുടെ ശബ്ദം കേട്ട്‌ ഓടി വരവാണ് വാസൂട്ടൻ.. ഒരു വയസ്സ് കഴിഞ്ഞെതേയുള്ളൂ അതിനാൽ ബെല്ലും ബ്രേക്കുമില്ലാത്ത പോലെയാ കുറുമ്പന്റെ ഓട്ടം.. എന്നെ കണ്ട ഉടനെ എടുക്കാനായി കൈ രണ്ടും നീട്ടി… വാസൂട്ടനെ കൈയ്യിലെടുത്ത് മേലോട്ട് പൊക്കി പിടിച്ചതും ആള് ചിരി തുടങ്ങി.. അകത്തേക്ക് കയറുമ്പോൾ പൗമി റെഡി ആയി വരുന്നുണ്ട്..

“അവൾക്ക് എങ്ങനിണ്ട് റിനീഷേട്ടാ.. ക്ഷീണം തന്നെയാണോ..?”

“രാവിലെ തന്നെ നല്ല ചർദ്ധിയാ പൗമി.. ഒരു വക കഴിച്ചില്ല.. നീ ഇറങ്ങുവാണോ..?”

“സമയായി.. റിനീഷേട്ടൻ ചെല്ല്.. ആൾക്കെയ്‌ കാണാഞ്ഞിട്ട് സമാധാനം കാണത്തില്ല..”

പുഞ്ചിരിയോടെയാണവൾ പറഞ്ഞതെങ്കിലും ഉള്ളിൽ പുകയുന്ന ഒരായിരം നോവുകൾ പ്രിയപ്പെട്ടവരുടെ മുന്നിൽ മറച്ചു വെക്കാനുള്ള ഉപാധിയാണ് ആ പുഞ്ചിരിയെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ..

മോനെയുമെടുത്ത് അകത്തെ മുറിയിൽ കിടക്കുന്നവനരികിലേക്ക് നടന്നു.. കഴിഞ്ഞ രണ്ടു വർഷമായി ഈയൊരവസ്ഥയിൽ കാണുന്നുണ്ടെങ്കിലും ഓരോ പ്രാവശ്യവും ഈ വാതിൽ പടി കടന്നു വെക്കുമ്പോൾ തന്നെ നെഞ്ചിടിപ്പേറും.. കണ്ണ് നീറും..

കരച്ചിൽ തൊണ്ടക്കുഴിയിൽ വിങ്ങി നിൽക്കും..

ചലനമേതുമില്ലാതെ കിടക്കുന്നവനരികിലേക്ക് കസേര വലിച്ചിരുന്നു..

അലിവോടെയുള്ള നോട്ടം പോലും അവനിഷ്ടമാകില്ലെന്നുറപ്പാ.. അതിനാൽ തന്നെയും ഇവിടെ വരുമ്പോഴൊക്കെയും വഴക്കിട്ട് ഓരോന്ന് പറയുകയോ അല്ലെങ്കിൽ വാ തോരാതെ വിശേഷം പറയുകയോ ചെയ്യാറാണ് പതിവ്.. എന്നെങ്കിലും അവനൊക്കെയും കേൾക്കുമായിരിക്കും..

അറിയുമായിരിക്കും എന്ന പ്രതീക്ഷയിൽ..

“എന്തൊരുറക്കമാ വിവീ..നീ നിന്റെ കുട്ടി സഖാവിനെ നോക്ക്.. ദേ അവന്റെ മുകളിലത്തെ നിരയിൽ കൂടെ പല്ലു വരുന്നുണ്ടേ.. ഇപ്പൊ കൂടെ എന്റെ വിരല് കടിച്ചു പറിച്ചതേയുള്ളൂ…. നിനക്ക് നിന്റെ വിധുവെ കാണേണ്ടേ.. എന്റെ കൂടെ രാജകുമാരിയെ പോലെ അവള് കഴിയുന്നത് കാണണ്ടേ… അവിടേം ഒരു കുട്ടി സഖാവ് വരാൻ പോകുവാ.. ഇതു വല്ലതും നീ അറിയുന്നുണ്ടോ..

നീയില്ലാതെ നിന്റെ പൗർണ്ണമിത്തിങ്കൾ വിഷമിക്കുന്നത് കാണുന്നുണ്ടോ..

ശാരദാമ്മയുടെ വിഷമം കാണുന്നുണ്ടോ.. അമ്മൂട്ടി നിന്നെ കാണാഞ്ഞിട്ട് ബഹളമാണെന്ന് ചാരുവേട്ടി പറയുന്നുണ്ട്.. എഴുന്നേൽക്ക് വിവീ..”

അവന്റെ കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന കണ്ണുനീർ തുള്ളികൾ മതിയായിരുന്നു ഈ കോമ സ്റ്റേജിലും അവൻ ഞാൻ പറയുന്നതൊക്കെയും ശ്രവിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ.. ഒരു നാൾ അവനുണരുമെന്ന പ്രതീക്ഷയോടെയാ ഓരോ ദിനങ്ങളും തള്ളി നീക്കുന്നത്.. ഞങ്ങളുടെ സഖാവ് കൂടുതൽ കരുത്തുറ്റവനായി തിരിച്ചു വരുന്ന ഒരു നാൾ വരും..

വാസൂട്ടൻ ചുമലിൽ കിടന്ന് ഉറക്കം പിടിച്ചിട്ടുണ്ട്..

കുഞ്ഞിനെ പതിയെ വിവിയുടെ ബെഡിൽ അവന്റെ അരികിലേക്ക് നീക്കി കിടത്തി.. കൈയ്യിൽ നിന്നും മാറ്റികിടത്തിയതിനാലാകണം ഒന്ന് ചിണുങ്ങികൊണ്ട് അച്ഛയുടെ ശരീരത്തോടൊട്ടി കിടന്നൂ കുറുമ്പൻ..

ഇന്ന് രാവിലെയാകണം പൗമി താടി രോമങ്ങളൊക്കെ വെട്ടിക്കൊടുത്ത്.. മിനു മിനുത്ത അവന്റെ മുഖത്തൂടെ ഒന്ന് വിരലോടിച്ച് പതിയെ എഴുന്നേറ്റു..

ശാരദാമ്മ അടുക്കളയിലുണ്ട്.. കാര്യമായ പണിയിലാണ്..

“ഞാൻ വന്നത് അറിഞ്ഞില്ലേ ശാരദാമ്മേ..?”

“അറിഞ്ഞു… ഞാൻ ചായ ഇടുവായിരുന്നു.. നീ ഇരിക്ക് ആഹാരമെടുക്കാം..”

പഴയതു പോലെ ഇപ്പോഴും രാവിലത്തെ കഴിപ്പ് ഇവിടുന്നാ.. വിവി ആ അവസ്ഥയിലായിട്ടും വിധു എന്റെ ഭാര്യയായി വീട്ടിലേക്ക് വന്നിട്ടും ആ പതിവ് തെറ്റിച്ചില്ല.. ഓട്ടപത്തിരിയും തേങ്ങാപ്പാലും പഞ്ചസാരയും..

വായിൽ കപ്പലോടും.. എന്റെ വിവിയുടെ ഫേവറേറ്റും… കണ്ണിൽ ഉരുണ്ടു വന്ന നീർത്തുള്ളികൾ ശാരദാമ്മ കാണാതെ മറച്ചു വെക്കാൻ ശ്രമിച്ചെങ്കിലും ആളത് കണ്ടുപിടിച്ചെന്ന് തോന്നുന്നു..

നേര്യത് കൊണ്ട് കണ്ണ് തുടയ്ക്കുന്നുണ്ട്.. ഒരു ചേർത്ത് പിടിക്കലിലൊന്നും കാര്യമില്ലെന്ന് ഈ രണ്ടു വർഷത്തിനിടയിൽ മനസ്സിലാക്കിയ കാര്യമായതിനാൽ മൗനത്തെ കൂട്ടുപിടിച്ച് കഴിച്ചെഴുന്നേറ്റു..

വായനശാലയിലേക്ക് നടക്കുമ്പോൾ ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ച ആ ദിവസത്തിലേക്ക് ഒന്ന് കൂടി മനസ്സ് ആഴ്ന്നിറങ്ങി..

💖💖💖💖💖

ബൂത്തിൽ പ്രശ്നമുണ്ടായിരുന്ന സ്ഥിതിക്ക് കവലയിൽ എന്തേലും അപകടമുണ്ടാകും എന്ന തോന്നലിൽ എലെക്ഷൻ സമയം കഴിഞ്ഞതും ഞങ്ങൾ എത്രയും പെട്ടെന്ന് വീട്ടിലേക്ക് തിരിച്ചു…

കവലയിൽ എത്തിയതും കുറച്ച് പേര് കൂടി നിന്ന് വഴക്കിടുന്നത് കണ്ടു.. കൂടുതൽ ശ്രദ്ധിച്ചപ്പോഴാണ് ഞങ്ങളുടെ പിള്ളേരെ ഉപദ്രവിക്കുന്നതാണെന്ന് മനസ്സിലായത്..

ഞങ്ങളുടെ പിള്ളേരുടെ മേൽ കൈ വെക്കുന്നത് ഞങ്ങൾ സഖാക്കൾക്ക് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല..

വണ്ടിയിൽ നിന്നിറങ്ങി പാഞ്ഞടുത്തു..

പുറത്തു നിന്നും ഇറക്കിയ ആൾക്കാരാണ്..

മനഃപൂർവ്വം പ്രശ്നമാക്കാനുള്ള ഉദ്ദേശമാകണം..

വിക്രമും കൂട്ടരും എല്ലാം വീക്ഷിച്ചു കൊണ്ട് കുറച്ചകലെ നിൽപ്പുണ്ട്.. അവരുടെ പാർട്ടിക്കാർ പ്രശ്നത്തിലില്ലാത്തതാകണം ഇടപെടാതെ മാറി നിൽക്കുന്നത്.. വഴക്കുകൾ പിന്നീട് കൈയ്യാങ്കളിയായ് മാറിയിരുന്നു.. അതിനിടയിലാണ് വിവി തെറിച്ചു വീഴുന്നത് കണ്ടത്.. കാര്യം മനസ്സിലാകാതെ തരിച്ചു നിൽക്കുമ്പോഴേക്കും ചുറ്റും കൂടി നിൽക്കുന്നവരൊക്കെയും നാലുപാടും ചിതറി ഓടിയിരുന്നു..

താഴെ റോഡിൽ വേദനയാൽ പുളഞ്ഞ് കൊണ്ട് കിടക്കുന്ന വിക്രമിലേക്ക് നോട്ടം പോയപ്പോളാണ് കാര്യം മനസ്സിലായത്.. വിവിക്കേൽക്കേണ്ട കുത്തേറ്റത് വിക്രമിനാണ്.. അല്ല ആ കുത്തേറ്റു വാങ്ങിയത് വിക്രമാണ്.. എന്ത് വേണമെന്നറിയാതെ വെപ്രാളത്തോടെ നിന്നു.. വേദനയാൽ പുളയുന്ന വിക്രമിനെ ശ്രദ്ധിക്കുന്നതിനിടയിൽ വിവിയിലേക്ക് ശ്രദ്ധ പോയതുമില്ല..

അതിനിടയിൽ വിക്രമിന്റെ ആൾക്കാർ അവനെ താങ്ങിയെടുത്ത് വണ്ടിയിൽ കയറ്റിയിരുന്നു.. വിവി എഴുന്നേൽക്കുന്നത് കാണാത്തതിനാലാണ് അരികിലേക്ക് പോയി നോക്കിയത്.. ഒരു വട്ടം മാത്രമേ നോക്കാൻ പറ്റിയുള്ളൂ.. തലയുടെ പിന്നിലൂടെ ഒഴുകുന്ന രക്തം കണ്ടതും അലറി വിളിച്ചു പോയി..

വിക്രം തള്ളിയിട്ടപ്പോൾ വിവി റോഡരികിലെ കല്ലിൽ തലയിടിച്ചാണ് വീണത്..

ഉടുത്തിരുന്ന മുണ്ടു കീറി തലയിൽ കെട്ടിവെച്ച് ആ വണ്ടിയിൽ തന്നെ അവനെയും കേറ്റി..

അന്ന് തൊട്ട് ഇന്നുവരെ അവൻ കോമയിൽ കിടപ്പാണ്.. അവന്റെ പ്രിയപ്പെട്ടവരെ കാണാതെ..

അറിയാതെ.. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുകയാണ്..

എന്നെങ്കിലുമുണരുമെന്ന പ്രതീക്ഷയിൽ..

എന്തെങ്കിലും അത്ഭുതങ്ങൾ സംഭവിക്കുമെന്ന പ്രതീക്ഷയിൽ ഞങ്ങളിപ്പോഴും ചികിത്സ തുടരുന്നു…

ഈ രണ്ടു വർഷത്തിനിടയിൽ അവനൊരു കുഞ്ഞു പിറന്നതോ വധുവിന്റെയും എന്റെയും വിവാഹം കഴിഞ്ഞതോ ഒന്നും അവനറിഞ്ഞിട്ടില്ല.. അവന്റെ ആഗ്രഹം പോലെ പൗമി നമ്മുടെ സ്കൂളിൽ തന്നെ ജോലി നേടിയതും അവനറിഞ്ഞിട്ടില്ല.. ഒന്നുമറിയാതെ ആ മെഡിക്കൽ ബെഡിൽ ജീവിക്കുന്നൊരു രക്തസാക്ഷിയായി കിടപ്പുണ്ട്..

വായനശാല എത്തിയപ്പോൾ സൂര്യേട്ടനെ കണ്ടു..

“വിവിക്ക് എങ്ങനിണ്ട് റിനീഷ്..”

മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നറിഞ്ഞും വെറുതെയൊരു കുശലാന്വേഷണം..

അന്ന് വിക്രമിന് ജീവൻ നഷ്ടമായി.. വിവിയുടെ അവസ്ഥ ഇങ്ങനെയും.. അതോടെ സൂര്യേട്ടനും ആകെ തകർന്നു..

“അതുപോലെ തന്നെ ഏട്ടാ..”

നെടുവീർപ്പോടെ പറഞ്ഞതും ഞങ്ങളുടെ ഇടയിൽ ഒരു നിമിഷത്തേക്ക് മൗനം കടന്നു വന്നു.. ആ മൗനത്തെ തടഞ്ഞു കൊണ്ട് പെട്ടെന്നാണ് ഫോണിലേക്ക് ശാരദാമ്മയുടെ കോള് വന്നത്..

മറുതലക്കൽ പറയുന്നതൊക്കെയും ഒരു ഞെട്ടലോടെ ശ്രവിക്കാനെ കഴിഞ്ഞുള്ളു…

സന്തോഷത്താൽ ശബ്ദം പോലും പുറത്തു വരാത്ത അവസ്ഥ..

“സൂര്യേട്ടാ വണ്ടിയെടുക്ക്…”

വിലങ്ങിക്കിടക്കുന്ന വാക്കുകളെ ശ്രമപ്പെട്ട തിരിച്ചു പിടിച്ച് പറഞ്ഞു.. മറുപടിക്കായി കാത്തു നിൽക്കാതെ ജീപ്പിലേക്ക് ചാടിക്കയറിയിരുന്നു..

(തുടരാം…💖)

രചന : മീര സരസ്വതി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top