പൗർണ്ണമിത്തിങ്കൾ തുടർക്കഥയുടെ അവസാന ഭാഗം വായിക്കുക…

രചന : മീര സരസ്വതി..

“പണ്ടൊരിക്കൽ ഒരു പ്രണയ ലേഖനം ചോദിച്ചത് ഓർമ്മയുണ്ടോ ന്റെ പൗർണ്ണമിത്തിങ്കളേ..? ഞാനാ കടം വീട്ടിയെട്ടോ.. ഇനിയും ചില കടങ്ങളുണ്ട് വീട്ടാൻ.. ഞാനൊന്ന് ഉഷാറായി നടന്നോട്ടെ…”

മീശ പിരിച്ച് കുറുമ്പൊടെ സഖാവ് പറഞ്ഞതും പൗമിയുടെ ചൊടിയിലുമൊരു പുഞ്ചിരി വിടർന്നു..

💖💖💖💖💖

“പയ്യെ ഓടെടാ വാസൂട്ടാ… അച്ഛയ്ക്ക് ഓടാൻ വയ്യട്ടോ… ”

ലഞ്ച് ബ്രേക്കിന് വീട്ടിലെത്തിയതായിരുന്നു പൗമി..

വിവി വാസൂട്ടന്റെ പുറകെ ചോറുമെടുത്ത് നടപ്പാണ്..

അച്ഛയ്ക്ക് വേഗത്തിൽ ഓടാൻ പറ്റില്ലെന്ന് കുറുമ്പന് നല്ല ബോധ്യമുണ്ട്.. ആളെയിട്ട് വട്ടം കറക്കുവാണ്..

വിവിയേട്ടനിപ്പോൾ വാക്കിങ് സ്റ്റിക്കിന്റെ സഹായത്തിൽ നന്നായി നടക്കാം.. വായനശാലയിലും പാർട്ടി ഓഫീസിലുമൊക്കെ പോയിത്തുടങ്ങി..

ഇടക്കൊക്കെ കടയിലും പോകുന്നുണ്ട്.. പൗമിയുടെ സ്കൂട്ടിയുടെ ശബ്ദം കേട്ടതും മ്മാ മ്മാ എന്ന് വിളിച്ച് കുട്ടിക്കുറുമ്പൻ കൈ കൊട്ടി ചിരിച്ചു തുടങ്ങി.. വണ്ടി ഒതുക്കി ചെന്ന് മോനെ വാരിയെടുത്തു പൗമീ..

“മ്മേടെ ചക്കര അച്ഛയെ വട്ടം കറക്കുവാണോ..

പാവല്ലേ അച്‌ഛാ.. വായോ നമ്മക്ക് നല്ല കുട്ടിയായി മാമുണ്ണാലോ…”

വാസൂട്ടന്റെ ഇരു കവിളിലും മുത്തം വെച്ച് പറഞ്ഞു പെണ്ണ്..

“കുറുമ്പൻ നല്ലപോലെ ഇടങ്ങേറാക്കുന്നുണ്ടല്ലേ വിവിയേട്ടാ.. അമ്മയോട് പറയാർന്നില്ലേ…”

“അമ്മ കൊടുക്കാന്ന് പറഞ്ഞതാ പൗമീ.. ഇവന്റെ പിറകെ ഇങ്ങനെ ഓടുമ്പോൾ നമ്മൾ രണ്ടാളുടെയും നടത്തം ശെരിയാകുമല്ലോ.. ഞാനും വാസൂട്ടനുമിപ്പോൾ ഒരുമിച്ചല്ലേ പിച്ചവെക്കുന്നത്…”

പകുതി കളിയായും പകുതി കാര്യമായും വിവിയത് പറഞ്ഞപ്പോൾ ആ പെണ്ണൊന്ന് പുഞ്ചിരിച്ചു..

“വൈകിട്ട് നേരത്തെ വരാവോ പൗമീ.. നമുക്കൊരിടം വരെ പോകാം…”

“ലാസ്റ്റ്‌ പീരീഡ് ഫ്രീയാണ് വിവിയേട്ടാ.. അപ്പോൾ വന്നാൽ മതിയോ…”

“അത് മതി പൗമീ.. ഞാനിവന് കഴിക്കാൻ കൊടുത്തോളാം.. നീ പോയി കഴിച്ചിട്ടും വാ..”

“വേണ്ടാ..ഒരുമിച്ച് കഴിക്കാം വിവിയേട്ടാ…”

വിവി ഒരുരുള വാസൂട്ടന്റെ വായിൽ വെച്ച് കൊടുത്തതും അതേ സ്പീഡിൽ ആ ഉരുള കുറുമ്പൻ പുറത്തേക്ക് തുപ്പി..

“വന്നു വന്ന് കഴിക്കാനിപ്പോൾ വെറും മടിയാ ചെക്കന്.. ”

പെണ്ണൊന്ന് ശകാരിച്ചതും വിവിയെ നോക്കി ചുണ്ടു പുറത്തേക്ക് കൂർപ്പിച്ച് ചിണുങ്ങി തുടങ്ങീ വാസൂട്ടൻ..

അച്ഛയുടെ മുഖവും ഗൗരവത്തിലാണെന്ന് കണ്ടതും ചിണുക്കം കരച്ചിലിലേക്ക് വഴിമാറിയിരുന്നു..

“അച്ചെടെ ചക്കര കരയേണ്ടാട്ടൊ.. അമ്മയെ നമുക്ക് മാണ്ടുവിനു കൊടുക്കാവേ…”

വിവി മോനെ നെഞ്ചോട് ചേർത്ത് പറഞ്ഞതും സ്വിച്ചിട്ട പോലെ ആ കരച്ചിലും നിന്നിരുന്നു..

💖💖💖💖💖💖

“എങ്ങടാ പോകണെന്നെങ്കിലും പറയാവോ രണ്ടാളും..”

വണ്ടിയിലോട്ട് കയറും മുന്നേ വിവിയോടും റിനിയോടും പൗമി ചോദിച്ചു.. മറുപടിയൊന്നും ഉണ്ടായിരുന്നില്ല..

ആ യാത്ര ഒരു ചെറിയ ഓടിട്ട വീടിനു മുന്നിലാണ് അവസാനിച്ചത്.. വണ്ടിയിൽ നിന്നും ഇറങ്ങിയതും സംശയത്തോടെ വിവിയുടെ മുഖത്തേക്ക് നോക്കി പൗമി..

” വിക്രമിന്റെ വീടാണ്.. ”

എന്തോ ആ പേര് കേട്ടതും ആ പെണ്ണിന്റെ ഉള്ളിലൊരു നടുക്കമുണ്ടായി.. വിവിയെ രക്ഷിക്കാൻ വേണ്ടി സ്വയം ജീവൻ കളഞ്ഞവനാ വിക്രമേട്ടൻ..

വിവിയേട്ടൻ ആ അവസ്ഥയിലായതു കൊണ്ടോ അല്ലെങ്കിൽ വിവിയേട്ടനെ രക്ഷിക്കുന്നതിനിടയിലാണ് ആളുടെ മരണം എന്നത് ഉൾക്കൊള്ളാനുള്ള മനഃപ്രയാസത്തിലോ ആകണം ഒരിക്കൽ പോലും ഇവിടെ വരുന്ന കാര്യം ആലോചിക്കാതിരുന്നത്..

ആൾക്ക് അമ്മ മാത്രമേ ഉള്ളുവെന്ന് ഏട്ടൻ പറഞ്ഞറിയാം പൗമിക്ക്.. അമ്മയെ കാണാൻ പലപ്പോഴും ഏട്ടൻ വരാറുണ്ട്.. കാറിന്റെ ശബ്ദം കേട്ടതിനാലാകണം ആയമ്മ പുറത്തേക്ക് വന്നൊന്ന് എത്തി നോക്കിയത്.. പരിചയമില്ലാത്ത ആൾകാരായതിനാലാകണം ആ മുഖത്തൊരു കൗതുകം മിന്നിമാഞ്ഞത്..

അടുത്തെത്തിയപ്പോഴാണ് പൗമിയെ ശ്രദിച്ചത്.. ആ മുഖമൊന്ന് വിടർന്നു..

തെളിഞ്ഞൊരു പുഞ്ചിരിയാ മുഖത്ത് പ്രത്യക്ഷമായി..

“മോളായിരുന്നോ.. കേറി വാ.. കേറി വാ..”

സന്തോഷത്തോടെ സ്വീകരിച്ച് അകത്തു കയറ്റുന്ന ആയമ്മയെ അത്ഭുദത്തോടെ നോക്കി പെണ്ണ്..

ഒരിക്കൽ പോലും ആയമ്മയെ കണ്ടതായി ഓർക്കുന്നുന്നില്ല.. പിന്നെയെങ്ങനെ അറിയാമെന്ന് പെണ്ണ് അത്ഭുതം കൂറി.. ഉമ്മറത്തെ ഭിത്തിയിൽ മാലയിട്ട്‌ തൂക്കിയ വിക്രമിന്റെ ജീവനുറ്റുന്ന പടത്തിലേക്ക് നോട്ടം പോയതും ഒരു നിമിഷം പെണ്ണിന്റെ നെഞ്ചൊന്ന് പിടഞ്ഞു.. ഇപ്പോഴും ആളെ മരണം കൊണ്ടുപോയെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി..

“ഒരിക്കലും അമ്മയെ വിട്ടെവിടേം പോകില്ലെന്ന് വാക്കു തന്നതായിരുന്നു.. എന്നിട്ട്… അമ്മ പോകും മുന്നേ അവനങ്ങു പോയി.. ആഹ്..ഇതൊക്കെ അനുഭവിക്കണമെന്നാകാം ദൈവ നിശ്ചയം.. ”

നെടുവീർപ്പോടെ ആ അമ്മ പറഞ്ഞതും അമ്മയുടെ അടുത്ത് പോയൊന്ന് ചേർത്തുപിടിച്ചു.. കരഞ്ഞ് കരഞ്ഞ് കണ്ണുനീർ വറ്റിപോയിക്കാണണം.. ഒരു തുള്ളി കണ്ണുനീർ പോലും ആയമ്മയുടെ കണ്ണിൽ നിന്നുമുതിർന്നില്ല.. ജീവിച്ചിരിക്കുമ്പോൾ മക്കളുടെ മരണം കാണുക.. അവരുടെ വിയോഗമറിയുക..

അവരില്ലെന്ന് മനസ്സിനെ പറഞ്ഞു പാടിപ്പിച്ച് ഈ വയസ്സുകാലത്ത് തനിയെ ജീവിക്കുക.. എത്ര ഭയാനകമാണല്ലേ..

“മോള് വാ നമുക്ക് അകത്തേക്ക് പോകാം.. മക്കൾ അകത്തേക്ക് കയറിയിരിക്ക് ട്ടോ..”

പൗമിയുടെ കൈയും പിടിച്ച് അമ്മ അകത്തേക്ക് നടന്നു.. പിന്നാലെ മോനെയെടുത്ത് വിവിയും..

റിനീഷ് തിരികെ കാറിനരികിലേക്ക് നടന്നു..

അമ്മയ്ക്കായി വാങ്ങിച്ച്‌ കൊണ്ട് വന്ന സാധനങ്ങളുമെടുത്ത് തിരികെ വീട്ടിലേക്ക് കയറി..

അമ്മയുടെ കൂടെ അടുക്കളയിലാണ് പൗമി..

നിർത്താതെ സംസാരിക്കുന്ന പ്രകൃതക്കാരിയാണ് ആയമ്മ.. ചിലപ്പോൾ തനിച്ചുള്ള ജീവിതത്തിന്റെ വിരസതയിൽ സംസാരിക്കാൻ ഒരാളെ കിട്ടിയ സന്തോഷത്തിലാകാം.. ചായ ഉണ്ടാക്കുന്നതിനിടയിൽ ഒരുപാട് വിശേഷങ്ങൾ ചോദിക്കുകയും അവരുടെ വിശേഷങ്ങൾ പറയുകയും ചെയ്യുന്നുണ്ട്..

ഒരിക്കൽപോലും ഒരു ആവലാതിയോ പരാതിയോ ആയമ്മയുടെ വായിൽ നിന്നും വീണില്ലെന്നത് പൗമിയിൽ അത്ഭുതം നിറച്ചു..

ചായ കുടിച്ച ശേഷം സംസാരത്തിലാണ് എല്ലാവരും..

വാസൂട്ടന് ഉറക്കം വന്നതും ചിണുങ്ങി തുടങ്ങിയിരുന്നു..

“മോള് അകത്ത് മുറിയിൽ ചെന്ന് പാല് കൊടുത്തോളൂ.. ”

ഒരു മുറി ചൂണ്ടിക്കാണിച്ച് അമ്മ പറഞ്ഞതും ആ മുറി ലക്ഷ്യമാക്കി പൗമി നടന്നു.. വിക്രമേട്ടന്റെ മുറിയാകണം ഒരു കുഞ്ഞു അലമാര നിറയെ ബുക്കാണ്.. ബെഡിൽ ഒരറ്റതായി ഇരുന്നു മോന് പാല് കൊടുത്തു പൗമി.. മോനുറങ്ങിയതും മോനെ ബെഡിൽ കിടത്തി അരികിലായി തലയിണയും വെച്ച് എഴുന്നേറ്റു.. ബുക്‌ഷെൽഫിന്റെ അരികിലേക്ക് നടന്നു.. കുറെയേറെ പുസ്തകങ്ങൾ ഉണ്ട്.. തന്റെ പ്രിയപ്പെട്ട കുറച്ച് പുസ്തകങ്ങളുണ്ടതിൽ.. തന്റെ ഇഷ്ട കഥകളായ ബെന്യാമീനിന്റെ മഞ്ഞ വെയിൽ മരണങ്ങളും, ഞാൻ നുജൂദ് വയസ്സ് പത്ത് വിവാഹ മോചിത, സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി.,

കെ.ആർ.മീരയുടെ ആരാച്ചാർ ഇവയൊക്കെയും ഇടം പിടിച്ചിട്ടുണ്ട്.. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ വിക്രമേട്ടൻ പുസ്തകങ്ങൾ കൊണ്ടുതരുന്നത് പെണ്ണ് ഓർത്തുപോയി.. അപ്പോഴും വായിച്ചയുടൻ പുസ്തകങ്ങൾ തിരിച്ചു തരണം എന്ന കണ്ടീഷനോടെയേ തരാറുള്ളൂ എന്നും പൗമി ഓർത്തു.. ചിലപ്പോൾ ആളുടെ കുഞ്ഞു പുസ്തക ശേഖരണത്തിന് വേണ്ടിയാകാം..

അപ്പോഴാണ് ഒരു കുഞ്ഞു ഡയറി പൗമിയുടെ കണ്ണിലുടക്കിയത്.. അപ്പോൾ തോന്നിയ ആകാംക്ഷയിൽ ആ ഡയറിയെടുത്തു ആദ്യ പേജ് മറിച്ച് നോക്കിയതും ആ പെണ്ണിന്റെ കണ്ണൊന്നു വിടർന്നു.. ആകാംക്ഷയോടെ അടുത്ത പേജും മറിച്ച് നോക്കി.. കണ്ണിൽ ഇരുട്ടു കയറും പോലെ തോന്നി പെണ്ണിന്.. ശരീരമാകെ വിറക്കും പോലെ..

വിശ്വാസം വരാതെ പിന്നെയും പിന്നെയും ഓരോ പേജുകളും മറിച്ചു.. എല്ലാത്തിലും വരച്ചു വെച്ചിരിക്കുന്ന പെണ്ണിന്റെ മുഖഛായ തന്റേതാണെന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞു പൗമി.. അപ്പോൾ ഇതിനർത്ഥം വിക്രമേട്ടന് തന്നെ ഇഷ്ടമായിരുന്നു എന്നാണോ.. വിക്രമേട്ടന്റെ പ്രണയം അത് താനായിരുന്നെന്നോ..ഒരു നോട്ടം കൊണ്ട് പോലും തനിക്കത് മനസ്സിലായതുമില്ലല്ലോ..

വിശ്വസിക്കാനാകാതെ തരിച്ചു നിന്നു പെണ്ണ്..

“മോനുറങ്ങീലെ മോളെ…”

അമ്മയുടെ ശബ്ദമാണ് പൗമിയെ ചിന്തകളിൽ നിന്നും ഉണർത്തിയത്.. അമ്മയുടെ നോട്ടം കൈയ്യിലെ ഡയറിയിലേക്ക് തിരിഞ്ഞു..

“മോളെന്നാൽ ജീവനായിരുന്നു എന്റെ കുട്ടിക്ക്..

ചെറുപ്പത്തിലേ അവനങ്ങനാ.. എല്ലാം വിട്ടു കൊടുത്താ ശീലം.. മോളുടെ വിവാഹം തീരുമാനിച്ചന്ന് എന്നെ ഒരുപോള കണ്ണടയ്ക്കാൻ വിട്ടില്ല ചെക്കൻ.. മടിയിൽ കിടന്ന് പദം പറഞ്ഞു കരച്ചിലായിരുന്നു.. ഒരു കണക്കിന് അത് നന്നായെ ഉള്ളൂ.. ഇല്ലെങ്കിൽ എന്നെപോലെ മോളുമിന്ന് ഒറ്റയാൾ പോരാട്ടം നടത്തേണ്ടി വന്നേനെ..”

വേദന കലർന്ന ചിരിയോടെ ആയമ്മ പറഞ്ഞതും പൗമിയുടെ ഉള്ളിലും ഒരു നെരിപ്പോട് കത്തിയമർന്നിരുന്നു.. ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വിക്രമിനെയോർത്ത് ആ പെണ്ണിന്റെ ഉള്ളം എന്തിനെന്നറിയാതെ വിങ്ങിയിരുന്നു..

💖💖💖💖💖

“പൗർണ്ണമിത്തിങ്കളെ.. കാര്യമായ ആലോചനയാണല്ലോ… എന്താണ്..?”

ആലോചനയോടെ കിടക്കുന്ന പെണ്ണിനരികിലായ്‌ കിടന്നു കൊണ്ട് വിവി ചോദിച്ചു.. പെണ്ണൊന്ന് തിരിഞ്ഞു കിടന്ന് ആ നെഞ്ചിലെ രോമക്കാടുകളിൽ മുഖം പൂഴ്ത്തി.. പെണ്ണിന്റെ കണ്ണുനീർ നെഞ്ച് നനച്ചതും പതിയെ അവളെ തന്നിൽ നിന്നുമടർത്തി മാറ്റി വിവി..

“ന്താ പറ്റ്യെ ന്റെ മോൾക്ക്.. മ്മ്മ്..??”

“വിക്രമേട്ടന്.. വിക്രമേട്ടന്.. എന്നെ ഇഷ്ടായിരുന്നു..

വിവിയേട്ടനത് അറിയായിരുന്നോ…?”

“മ്മ്… അവനെന്നോട് പറഞ്ഞിരുന്നു..”

ആ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാകാതെ പെണ്ണാ മുഖത്തേക്ക് കൂർപ്പിച്ച് നോക്കി..

“നിന്നെ ചോദിച്ചും കൊണ്ട് സൂര്യേട്ടനോട് സംസാരിച്ചില്ലേ.. അന്നെന്നെ കാണാൻ വന്നിരുന്നു വിക്രം..

വെറുതെ രാഷ്ട്രീയ പകപോക്കനാണ് എങ്കിൽ അവന്റെ പെണ്ണിനെ വിട്ടേക്കണമെന്ന് പറയാൻ..

അവനു നിന്നോടുള്ള ഇഷ്ടം എനിക്കാദ്യമേ മനസ്സിലായതാ.. അതുകൊണ്ട് കാര്യായിട്ട് അത്ഭുതമൊന്നും തോന്നിയില്ല.. പിന്നീടുള്ള ദിവസങ്ങളൊക്കെ നമ്മുടെ പിന്നാലെ നിഴൽ പോലെ ഉണ്ടാവാറുണ്ട്..നമ്മൾ തമ്മിൽ അത്രയേറെ ഇഷ്ടമാണെന്ന് മനസ്സിലായതാകും പിന്നെ പിന്നെ വിട്ടുമാറിയത്.. വിവാഹമൊക്കെ കഴിഞ്ഞൊരു നാളിൽ നിന്നെയൊന്ന് ആ അമ്മയെ കൊണ്ടുപോയി കാണിക്കാവോന്ന് ചോദിച്ചിട്ടുണ്ട് അവൻ.. അന്നത്തെ തിരക്കിനിടയിൽ എനിക്കത് സാധിച്ചില്ല.. നമ്മൾക്ക് വേണ്ടി ജീവൻ വെടിഞ്ഞവനാ..

ആ ആഗ്രഹമെങ്കിലും സാധിച്ചു കൊടുക്കണ്ടേ..

അതാ നിന്നെയും കൊണ്ടിന്നു പോയെ…”

ഒരു നെടുവീര്പ്പോടെ വിവി അത് പറഞ്ഞതും ആ പെണ്ണ് പിന്നെയുമാ നെഞ്ചിൽ ചേർന്ന് കിടന്നു കരഞ്ഞു.. അവളെ ആശ്വസിപ്പിക്കാനായി വിവിയുടെ വിരലുകളാ മുടിയിഴകളിലൂടെ ഓടി നടന്നു..

“ചില പ്രണയങ്ങൾ അങ്ങനെയാ പൗമി..

പ്രാണനെയും പ്രാണന്റെ പ്രാണനെയും വിട്ടു കൊടുത്തുള്ള പ്രണയം.. ചിലപ്പോൾ അവരുടെ ഉള്ളിൽ ഒരിക്കലുമതൊരു പ്രണയ പരാചയമാവില്ല…

വിജയത്തിന്റേതാകാം.. കേൾക്കാറില്ല.. പ്രണയം അത് വിട്ടുകൊടുക്കലിന്റേത് കൂടിയാകുന്നുവെന്ന്…”

അവൻ അവന്റെ പ്രണയത്തെ ചേർത്തത് പറയുമ്പോൾ അങ്ങ്‌ ദൂരെ ആകാശത്ത് ഒരു കുഞ്ഞു നക്ഷത്രം അവരുടെ ജനാല വാതിൽക്കലൂടെ കണ്ണ് ചിമ്മി ചിമ്മി ആ കാഴ്ച കാണുന്നുണ്ടായിരുന്നു..

💖💖💖💖💖

“ഡി പെണ്ണേ.. ഇവൻ വാസൂട്ടനെക്കാൾ കുറുമ്പനാട്ടോ…”

വിധുവിന്റെ വയറിൽ കൈവെച്ച് അനക്കം നോക്കികൊണ്ട് വിവി പറഞ്ഞു.. അവൾക്കിത് എട്ടാം മാസമാണ്.. വീട്ടിലാണിപ്പോൾ..

“മാമന്റെ കുരുത്തക്കേടുകൾ കാണാതിരിക്കില്ലല്ലോ..”

ചിരിയോടെ വിധു പറഞ്ഞതും അവളുടെ തലയിൽ കൊട്ടി വിവി..

“ന്റെ വാസൂട്ടന്റെ അനക്കങ്ങളൊന്നും എനിക്കറിയാൻ പറ്റിയില്ലല്ലോ.. അതൊക്കെ ഞാൻ എന്തോരം കൊതിച്ചതാണെന്നോ…”

“അതിനെന്താ ഏട്ടാ.. വാസൂട്ടൻ വലുതായി തുടങ്ങീലെ.. ഇനി ഒന്നൂടി ആവാലോ.. അപ്പൊ ഏട്ടന് കേട്ടോണ്ടിരിക്കാലോ…”

കുറുമ്പൊടെ ആ അനിയത്തി പെണ്ണതു പറഞ്ഞതും പൗമിയുടെ മുഖത്ത് നാണത്തിൻ പൂത്തിരി കത്തി തുടങ്ങി..

രാത്രിയിൽ മോനെയും ഉറക്കി കിടത്തിയ ശേഷം ഒന്ന് ഫ്രഷായി മുറിയിലേക്ക് വന്നു പൗമി.. ബെഡിൽ അവളെയും നോക്കി തന്നെ കിടപ്പാണ് സഖാവ്..

മീശ പിരിച്ച് കുറുമ്പൊടെയുള്ള ആ നോട്ടം കണ്ടതും പൗമി പൊട്ടിച്ചിരിച്ചു..

“ന്താണ് മോനെ വിവിയേട്ടാ ഒരു വല്ലാത്ത ജാതി നോട്ടം.. ഏഹ്ഹ്..?”

“അതെന്താ നോക്കാൻ പാടില്ലേ.. ന്റെ പൗർണ്ണമിത്തിങ്കളല്ലേ..?ന്റെ മാത്രമല്ലേ..?”

“അതൊക്കെയാണ്.. പക്ഷേ.. നോട്ടം പന്തിയല്ലല്ലോ… എന്താണ്…?”

“അത് പിന്നേയ്.. നേരത്തെ വിധു പറഞ്ഞില്ലേ..

നിക്കും ഒരാഗ്രഹം.. വാസൂട്ടന്റെ അനക്കങ്ങളോ നിന്റെ വീർത്ത് വന്ന വയറോ ഒന്നും കാണാൻ എനിക്ക് ഭാഗ്യമുണ്ടായില്ല.. എന്തോ ഒക്കെയും അനുഭവിക്കണം എന്നൊരു തോന്നൽ..”

“അതിനെന്താ.. നമുക്ക് അനുഭവിക്കലോ…”

പെണ്ണവന്റെ അരികിലായി ഒട്ടിക്കിടന്നു പറഞ്ഞതും സഖാവിന്റെ മുഖം സന്തോഷത്താൽ വിടർന്നു..

പുഞ്ചിരി തൂകുന്ന ആ ചുണ്ടുകളെ പെണ്ണ് കവർന്നെടുത്തപ്പോൾ അത്യധികം പ്രണയത്തോടെ അത്യധികം സ്നേഹത്തോടെ അവളിലെ പെണ്ണിനെ ചെറു ചുംബനങ്ങളിലൂടെ ഉണർത്തീ ഒടുക്കം അവളിലായ് ആവേശത്തോടെ പടർന്നു കയറി അവളിലായ് ഒരു പ്രണയ വസന്തം സൃഷ്ടിച്ചു സഖാവ്..

“ഒരു കവിത ചൊല്ലെടി പെണ്ണെ.. എത്ര കാലമായ് കേട്ടിട്ട്..”

പെണ്ണിൽ നിന്നും അടർന്നു മാറി അവളെ നെഞ്ചോട് ചേർത്ത് വിവി പറഞ്ഞതും ചിരിയോടെ തന്റെ സഖാവിനായ് ചൊല്ലി തുടങ്ങീ പെണ്ണ്…

🎶വിപ്ലവ വീര്യം കൈമുതലായി ചെങ്കൊടിയേന്തി നടക്കും മുമ്പിൽ നമ്മുടെ വീര സഖാവ്.. നമ്മുടെ വീര സഖാവ്..

വാകകൾ പൂക്കുമാ ക്യാമ്പസിന്റെ വീര ചരിത്രം കുറിച്ച സഖാവ്

തീപ്പൊരി പോലെ ചിതറും വാക്കുകൾ മുന്നോട്ടങ്ങ് നയിച്ചൂ…

തീപ്പൊരി പോലെ ചിതറും വാക്കുകൾ മുന്നോട്ടങ്ങ് നയിച്ചൂ..

വിപ്ലവ വീര്യം കെടാതിരിക്കാൻ വീറോടങ്ങ് നയിച്ചു..

വിപ്ലവ വീര്യം കെടാതിരിക്കാൻ വീറോടങ്ങ് നയിച്ചു..

വാകപ്പൂവിൻ നിറവും പിന്നെ ചെങ്കൊടി പാറും നിറവും

ഒന്നായ്‌ ചേരും മണ്ണിൽ പിന്നെ രക്തം നിറയും മണവും..രക്തം നിറയും മണവും..

ചോരകൽ ചീറ്റിയ വിപ്ലവ വീര്യം മുന്നോട്ടെന്നും മുന്നോട്ട്..

ചോരകൽ ചീറ്റിയ വിപ്ലവ വീര്യം മുന്നോട്ടെന്നും മുന്നോട്ട്..

രക്തം ചീറ്റി നേടിയെടുക്കും

വിപ്ലവ വീര ചരിത്രം..

വിപ്ലവ വീര ചരിത്രം..

സഖാക്കളെ നാം മുന്നോട്ട്

സഖാക്കളെ നാം മുന്നോട്ട്..

നേടാനുള്ളത് നേടിയെടുക്കാൻ മുന്നിൽ നിന്നും നയിക്കും നിങ്ങൾ

ധീര സഖാവെ നിങ്ങൾ.. ധീര സഖാവെ നിങ്ങൾ..

വീര ചരിത്രം കുറിക്കാറായി രക്ത സാക്ഷിയായ്‌ നിങ്ങൾ..ധീര സഖാവേ നിങ്ങൾ.. ധീര സഖാവേ നിങ്ങൾ..🎶

ധീര സഖാവ്( ഷേർളി ഷിബു)

“ജീവിതത്തോട് പടവെട്ടി പൊരുതി ജയിച്ച എന്റെ ധീര സഖാവ്…”

കിടന്നിടത്തു നിന്നും ചെറുതായി മുകളിലേക്ക് നീങ്ങി ആ നെറ്റിയിൽ ഒരു ചുടു ചുംബനമർപ്പിച്ച് തിരികെ വീണ്ടുമാ നെഞ്ചിൽ മുഖം പൂഴ്ത്തി പെണ്ണ് പറഞ്ഞു..

“പൗമീ…”

“ഉം…”

“ന്റെ പൗർണ്ണമിത്തിങ്കളേ…”

“പറ സഖാവേ….”

“ശരിക്കും നീയാണ് ധീര സഖാവ്.. പോരാളി..

ഞാനില്ലായ്മയിൽ ധീരതയോടെ വീറോടെ പടവെട്ടി പൊരുതി ജയിച്ചവൾ.. നിന്റെ ഈ പാതിയെ ആത്മവിശ്വാസം നിറച്ച് ജീവിതത്തിലേക്ക് തിരികെ കൂട്ടിക്കൊണ്ടു വന്നവൾ.. നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല പെണ്ണെ.. എന്റെ താങ്ങുകളില്ലാതെ എത്ര കാര്യ പ്രാപ്തിയോടെയാ നീയീ വീട് നോക്കിയത്.. എന്നെ ശുശ്രൂഷിച്ചത്..

നീയാ ഉശിരുള്ള പെണ്ണ്… യൂ ആർ സോ ഗ്രേറ്റ് പൗർണ്ണമിത്തിങ്കളെ… ആൻഡ് ഐആം പ്രൗഡ് ഓഫ് യൂ…”

അവളുടെ തലമുടിയിൽ അരുമയായി തലോടി മൂർദ്ധാവിൽ മുത്തി സഖാവ് പറഞ്ഞു..

“ഉവ്വുവ്വ്.. വരവ് വെച്ചേക്കാം സഖാവെ.. ആവശ്യം വരുമല്ലോ…”

ചിരിയോടെ പറഞ്ഞു ആഞ്ഞു പുണർന്നു പൗമി..

“പൗമീ.. നമുക്കൊന്ന് നടക്കാൻ പോയാലോ…”

“ഈ നേരത്തോ…”

“ആം…”

“അപ്പൊ വാസൂട്ടനോ…”

“അമ്മയെ ഏല്പിക്കാന്നെ.. കാലിനു അസ്വസ്ഥത പോലെ ഒന്ന് നടന്നിട്ട് വരാമെന്ന് പറയാം അമ്മയോട്…”

കാലങ്ങൾക്ക് ശേഷം സ്ട്രീറ്റ് ലൈറ്റിന്റെ അകമ്പടിയോടെ തന്റെ പ്രിയതമന്റെ തോളോട് തോൾ ചേർന്ന് പെണ്ണ് പിന്നെയും നടന്നു..

“എത്രയോ നാളത്തെ ആഗ്രഹമാ വിവിയേട്ടാ.. ഈ തോളോട് തോൾ ചേർന്നുള്ള നടത്തം..”

അതിനു മറുപടിയെന്നോണം അവളുടെ തോളിലൂടെ കൈയ്യിട്ട് തന്നോട് ചേർത്ത് പിടിച്ചവൻ നടന്നു..

മാനത്തപ്പോൾ നിലാവും ഒരു കൂട്ടം താരകങ്ങളും അവരെ നോക്കി കണ്ണ് ചിമ്മി പുഞ്ചിരിച്ചു കൊണ്ടേയിരിന്നു…

💖💖💖💖💖

” നിങ്ങടെ ആക്രാന്തം എപ്പോ നിക്കും മനുഷ്യാ..

ഇവിടെ ഗർഭമെനിക്കാ നിങ്ങൾക്കല്ലാ…”

“ആ ഗർഭത്തിനു ഉത്തരവാദി ഞാനാ.. അപ്പൊ എനിക്കും ആക്രാന്തമാകാം..”

രാവിലെ തന്നെ വിധുവും റിനീഷും തുടങ്ങിയിട്ടുണ്ട്..

കനത്ത പോളിങ്ങിലാണ് റിനീഷ്.. മസാല ദോശ കഴിക്കാൻ വിധു ആഗ്രഹം പറഞ്ഞപ്പോൾ ശാരദാമ്മ ഉണ്ടാക്കിയതാ..

“ഈ വഴക്കും വക്കാണവുമായി നിങ്ങളെങ്ങനെ മുന്നോട്ട് പോകുന്നിഷ്ടാ.. സമ്മയ്ക്കണം രണ്ടിനേം….”

വിവിയേട്ടനാണേ…

“ഈ വഴക്കിലും വക്കാണത്തിലും ശാസനയിലുമൊക്കെ ഒരു സ്നേഹം ഒളിഞ്ഞിരിപ്പുണ്ടെടോ.. നമ്മള് പണ്ട് തൊട്ടേ ഇങ്ങനല്ലേ.. ഇനിയിത് മാറ്റിയാൽ ലൈഫ് പരമ ബോറാകും..

നമ്മളെ സ്നേഹം ഇങ്ങനെയാ..

അല്ലേടി വിധൂട്ടാ..”

മറുപടിയായി പെണ്ണൊന്ന് പുഞ്ചിരിച്ചപ്പോൾ ആ ഏട്ടന്റെ ചുണ്ടിലുമൊരു മനോഹര പുഞ്ചിരി വിടർന്നു..

വായനശാലയുടെ വാർഷികാഘോഷം വന്നെത്തി..

കഴിഞ്ഞ രണ്ടു വർഷവും വിവിയില്ലാതെ ഒരാഘോഷവുമില്ലാതെ ചെറിയൊരു രീതിയിൽ മാത്രമാണ് പരിപാടി സംഘടിപ്പിച്ചത്… ഇത് വിവിയുടെ തിരിച്ചു വരവായതിനാൽ ഗംഭീരമായി ആഘോഷിക്കുന്നുണ്ട്.. രാവിലെ വായനശാലയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് വിവിയും റിനിയും..

“അതേയ് പോകുന്നതൊക്കെ കൊള്ളാം..

ഞാനില്ലെന്ന് വെച്ച് ഗിരിരാജൻ കൊത്തിപ്പെറുക്കി നടക്കാനൊന്നും നിക്കേണ്ട കേട്ടല്ലോ…”

ഭീഷണി സ്വരത്തിൽ വിവിധ പറഞ്ഞതും എല്ലാവരും പൊട്ടിച്ചിരിച്ചു പോയി.. എല്ലാവരുടെയും പൊട്ടിച്ചിരി കേട്ടാകണം വാസൂട്ടനും കൈകൊട്ടി ചിരിക്കുന്നുണ്ട്..

അവരുടെ പ്രണയവും കുറുമ്പും കുസൃതിയും ഒക്കെയും കൂടിച്ചെർന്ന് ആ വീട്ടിൽ പിന്നെയും പിന്നെയും സന്തോഷങ്ങൾ അലയടിച്ചു തുടങ്ങി..

💖💖💖💖💖

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിവി മത്സരിച്ചു.. നാടിനെ തൊട്ടറിഞ്ഞ നാട്ടുകാരുടെ പ്രിയങ്കരനായ സഖാവ് വിവേക് ഇപ്പോൾ പഞ്ചായത്തിന്റെ സാരഥിയാണ്.. തന്റെയീ പുനർജ്ജന്മം നാടിനു വേണ്ടി സമർപ്പിച്ചു കൊണ്ട് കൂടുതൽ കർമ്മൊൽസുകനായി സഖാവു… പ്രായം മുൻപരിചയം എന്നിവയെല്ലാം വികസനത്തിന്റെയും കൃത്യ നിർവ്വഹണത്തിന്റെയും അളവുകോലല്ല എന്നത്‌ ഇച്ഛാശക്തിയിൽ നിന്നും നാടിനെ നയിച്ചുകൊണ്ട് സഖാവ്‌ തെളിയിചിരിക്കുന്നു.. അവന്റെ കർമ്മ രംഗത്ത് എല്ലാ വിധ പിന്തുണയുമായി അവന്റെ പൗർണ്ണമിത്തിങ്കളും.. കൂടെ കുട്ടികുറുമ്പൻ വാസൂട്ടനും അവന്റെ അനിയത്തിപെണ്ണ് മാളൂസും..

(അവസാനിച്ചു…💖💖)

സഖാവ് വിവിയും അവന്റെ പൗർണ്ണമിത്തിങ്കളും വിടവാങ്ങുകയാണേ.. എത്രത്തോളം നന്നായെന്ന് അറിയില്ല.. നല്ലതായാലും മോശമായാലും എനിക്കായ് വല്ല്യ കമെന്റ്സ് തരണേ.. എന്നെ സപ്പോട്ട് ചെയ്തും വിമർശിച്ചും കൂടെ നിന്ന നിങ്ങളെ ഓരോരുത്തരോടും ഒരുപാടൊരുപാട് നന്ദി…

സ്നേഹം..തുടക്കം മുതൽ കൂടെ നിന്നു പ്രോത്സാഹിപ്പിച്ച ഇച്ചാ ഒത്തിരി ലുബ്‌..

💖💖💖

എന്റെ സഖാവിനായി കവിത എഴുതി ചൊല്ലിത്തന്ന ഷെർലി ചേച്ചിക്ക്‌ ഒത്തിരി സ്നേഹം ട്ടോ..💖

രചന : മീര സരസ്വതി..

Scroll to Top