അനന്തഭദ്രൻ എന്ന തുടർക്കഥയുടെ ഒന്നാം ഭാഗം ഒന്ന് വായിച്ചു നോക്കൂ…

രചന: കരിമഷി

“”എന്റെ ഏട്ടത്തി..ഇനി ഇതും കൂടയേ ബാക്കി ഉണ്ടായിരുന്നുള്ളൂ…അല്ലെങ്കിൽ തന്നെ ആവോളം ചീത്തപ്പേര് ഈ കുടുംബത്തിന് അനന്തൻ ഉണ്ടാക്കി വച്ചിട്ടുണ്ട്..കവലയിലെ ചട്ടമ്പിയായും കള്ളുകുടിയനായും,പെണ്ണുപിടിയനായും അറിയപ്പെടുന്നത് പോരാഞ്ഞിട്ടാണോ വീട്ടിലും ഇങ്ങനെ ഒരുത്തിയെ കൊണ്ട് പാർപ്പിച്ചിരിക്കുന്നത്..””

ഉള്ളിലെ ദേഷ്യം അണപ്പല്ല് കടച്ചമർത്തി മല്ലിക പറഞ്ഞതും സാവിത്രിയമ്മയുടേയും മാധുവിന്റ്റെയും തല താനെ കുനിഞ്ഞു പോയി..

“”ശീലാവതി ചമഞ്ഞ് നീയി കുടുംബത്തിൽ കേറി പറ്റിയല്ലോ അസത്തെ..ഇനി ഈ നാട്ടുകാരുടെ മുഖത്ത് ഞങ്ങളെങ്ങനെ നോക്കും.. നിക്കും ഉണ്ട് രണ്ടു പെങ്കുട്ട്യോള്..അതിങ്ങളെ ഞാനെങ്ങനെ കെട്ടിച്ചു വിടും എന്റെ മംഗലത്ത് അമ്മേ…””

നെഞ്ചത്ത് കൈയും വച്ച് മല്ലിക ആത്മഗമിച്ചു..

“”ഇതുവരെ നോക്കിയതു പോലെ കണ്ണു കൊണ്ട് നോക്കിയാ മതി ചെറിയമ്മേ…””

ഉടുത്ത കാവി മുണ്ടും മടക്കി കുത്തി അടുക്കളയിലേക്ക് വന്നു അനന്തൻ പറഞ്ഞതും മല്ലിക ഒരു ഞെട്ടലോടെ പിന്തിരിഞ്ഞു നോക്കി

അവന്റെ ശബ്ദം കേട്ടതും മാധു പേടിയോടെ സാവിത്രിക്ക് പിറകിലൊളിച്ചു..

“”ഓ..നീയിവിടെ ഉണ്ടായിരുന്നോ..ഈ നാട്ടിലെ അഴിഞ്ഞാടുന്നവളുടെ അടുത്തൂന്ന് കിട്ടുന്ന ചീത്തപേര് പോരാഞ്ഞിട്ടാണോ അനന്താ നീ വീട്ടിലും ഒരുത്തിയെ കൂട്ടി കൊണ്ട് വന്നിരിക്കുന്നേ…””

മല്ലികയുടെ അറപ്പ് നിറഞ്ഞ വാക്കുകൾ ചെവിയിലെത്തിയതും കുടിച്ചു കൊണ്ടിരുന്ന വെള്ളത്തിന്റ്റെ ഗ്ലാസ് ദേഷ്യത്തോടെയവൻ തിണ്ണയിലേക്ക് വച്ചു..

അതേ നിമിഷം അവരുടെ വാക്കുകളുടെ ചൂടിൽ വെന്തുരുകുകയായിരുന്നു മാധു..

ഉള്ളിലെ പുകഞ്ഞെരിയുന്ന അഗ്നി പർവ്വതത്തിന്റ്റെ ബാക്കിയായി കവിളിനെ പൊള്ളിച്ച് മിഴിനീർ പൊടിഞ്ഞു…

“”ആർക്കൊക്കെ വേണ്ടി മടിക്കുത്തഴിച്ചവളാണോ എന്തോ..അതല്ലേ നീ വിളിച്ചപ്പോ കൂടെയിങ്ങ് പോന്നത്..””

മല്ലികയുടെ വാക്കുകൾ വീണ്ടും പേമാരി പോലെ തന്നിലേക്ക് വന്ന് പതിഞ്ഞതും അടക്കി വച്ച തേങ്ങലടികൾ മാധുവിൽ നിന്നും ചെറുതായി ഉയര്‍ന്നു പോയി

“”ദേ എന്റെ വായീന്ന് കേൾക്കണ്ടെങ്കിൽ ഇറങ്ങി പൊക്കോ ഇവിടുന്ന്..””

വലിഞ്ഞു മുറുകിയ മുഖത്തോടെ അനന്തൻ അലറിയതും മല്ലിക പുറകിലേക്കൊന്ന് വേച്ചു പോയി..

“”അനന്താ…മൂത്തവരോട് ഇങ്ങനെ ആണോ സംസാരിക്കുവാ..””

താക്കീതോടെ സാവിത്രിയുടെ വാക്കുകളെത്തിയതും അവൻ അവരെയൊന്ന് ചികഞ്ഞു നോക്കി

“”പിന്നേ..തെരുവിലെ തലതെറിച്ച ഗുണ്ടയായ ഇവനല്ലെ മര്യാദ..””

പുച്ഛത്തോടെ മല്ലിക മുഖം തിരിച്ചതും അനന്തൻ അവിടെ നിന്നും കാറ്റു പോലെ പുറത്തേക്കിറങ്ങി..

“”മല്ലികേ നീയിപ്പൊ പോ..””

കടിച്ചു പിടിച്ച ഹൃദയ വേദനയോടെ സാവിത്രി അനന്തൻ പോയ വഴിയേ നോക്കി പറഞ്ഞു

ഇന്നത്തേക്ക് വേണ്ടത് ഒത്തതു പോലെ നിഗൂഢമായ പുഞ്ചിരി വിതറിക്കൊണ്ട് മല്ലിക അവിടെ നിന്ന് ഇറങ്ങി

മല്ലിക പോയതും മുഖം താഴ്ത്തി നിന്ന് കണ്ണീർ പൊഴിക്കുന്ന മാധുവിനെ സാവിത്രിയൊന്ന് നോക്കി

പതിയെ കണ്ണുകളൊപ്പി കൊണ്ട് മാധുവിന്റ്റെ താടി തുമ്പിൽ പിടിച്ചു തലയുയർത്തി…

“”അയ്യേ..എന്താ ഇത് മാധുവേ…അമ്മേടെ കുട്ടി കരയുവാണോ..പോട്ടെ അവള് പറഞ്ഞത് മോള് കാര്യാക്കണ്ട..വേണേ അമ്മ ക്ഷമ ചോദിക്കാം..””

മാധുവിന്റ്റെ കൈകൾ കൂട്ടി പിടിച്ച് സാവിത്രി പറഞ്ഞതും അരുതെന്ന രീതിയിൽ മാധു തലയനക്കി..

“”ഞാൻ കാരണമല്ലേ അമ്മേ ഇങ്ങനൊക്കെ…ഞാൻ പൊക്കോളാം..””

നിറമിഴികളാലെ പറഞ്ഞു നേരെ നോക്കിയതും സാവിത്രിയും കരയുകയായിരുന്നു..

“”അമ്മേടെ മോള് എങ്ങോട്ട് പോകാനാ..എവിടേം പോകണ്ട..അമ്മേടെ കൂടെ നിന്നാ മതീട്ടോ..ചെല്ല് ത്രിസന്ധ്യ കഴിഞ്ഞു..പോയി കുളിച്ചിട്ടു വാ..””

മാധുവിനെ ചേര്‍ത്ത് പിടിച്ചു നെറുകയിൽ മുത്തി കൊണ്ട് സാവിത്രി പറഞ്ഞതും തലയാട്ടി കൊണ്ട് മാധു ഡ്രസ്സെടുക്കാനായി പോയി..

ഡ്രസ്സെടുത്ത് താഴേക്കിറങ്ങിയതും മുറ്റത്ത് നിന്നും വണ്ടിയുമെടുത്ത് പോകുന്ന അനന്തനെ കണ്ടു..

ഇത്തിരി നേരം അവൻ പോയ വഴിയെ നോക്കിയതിനു ശേഷം അടുക്കളയിലേക്ക് നടന്നു..

“”നല്ല നിലാവുണ്ട്..അമ്മ വരണോ കുട്ടിയേ കൂടെ??””

എണ്ണ തേക്കുന്നതിനിടയിൽ അമ്മ ചോദിച്ചതും വേണ്ടെന്ന് പറഞ്ഞു മാധു കുളിക്കടവിലേക്കോടി..

ഓടി പോകുന്ന മാധുവിനേയും നോക്കി പലതും മനസ്സിൽ കുറിച്ചു കൊണ്ട് സാവിത്രി പണിയിലേക്ക് ശ്രദ്ധ തിരിച്ചു

തൊടിയിലൂടെ നടന്ന് കുളിക്കടവിലെ പടിയിൽ കൈയിലുള്ള ദാവണിയും വച്ച് മുടിയും അഴിച്ചിട്ട് അവസാനത്തെ പടിയിലായി മാധു ഇരുന്നു..

അന്നത്തെ പൗർണമി ചന്ദ്രനെ പോലും ഇരുള് വിഴുങ്ങിയതു പോലെ തോന്നിയവൾക്ക്..

ആകാശത്തു നിന്ന് തന്നെ നോക്കി കണ്ണു ചിമ്മുന്ന താരകത്തെയവൾ ഇമചിമ്മാതെ നോക്കി ഇരുന്നു..

“”അച്ഛേ…ഇനിം പറ്റണില്ലട്ടോ മാധുവിന്…കൂടെ കൊണ്ടോയിക്കൂടെ എന്നെയും!!..ഇന്നവര് വിളിച്ചത് കേട്ടില്ലേ..ആർക്കു വേണ്ടിയും മടിക്കുത്തഴിക്കുന്നവളെന്ന്..അങ്ങനാണോ അച്ഛേ അച്ഛേടെ മോള്…ഞാനും വരട്ടെ അച്ഛേ..അങ്ങോട്ടേക്ക്..മടുത്തു എല്ലാം കൊണ്ടും…””

തേങ്ങലോടെ പുറം കൈ വച്ചു കണ്ണു തുടച്ചു കൊണ്ട് മാധു പറഞ്ഞു

അതിനൊരു ഉത്തരമെന്നോണം ആ താരകം പത്നിമടങ്ങ് വെളിച്ചത്തിൽ മിന്നിത്തിളങ്ങി..

അവൾക്കുള്ള ഉത്തരം കിട്ടിയെന്നോണം പുഞ്ചിരിച്ചു കൊണ്ടവൾ അവിടെ നിന്നും എഴുന്നേറ്റു..

വെള്ളത്തിന്റ്റെ തണുപ്പ് ശരീരത്തെ തണുപ്പിക്കുന്നുണ്ടെങ്കിലും ഉള്ളാകെ വെന്തു നീറുകയാണ്…

പതിയെ ഓരോ ചുവടുകൾ വച്ച് കുളത്തിന്റ്റെ ആഴത്തിലേക്കൾ നടന്നു നീങ്ങി…

ഉള്ളാകെ കഴിഞ്ഞ കാലത്തിന്റ്റെ കയ്പ്പും മധുരവും നിറഞ്ഞ ഓർമ്മകളായിരുന്നു…

നോട്ടിഫിക്കേഷൻ ലഭിച്ചു വായിക്കുവാൻ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യുക, അടുത്ത ഭാഗം മിസ്സ് ആവാതെ വായിക്കുവാൻ കഥയിടം എന്ന ഈ പേജ് ലൈക്ക് ചെയ്യുക…

(തുടരും…)

രചന: കരിമഷി