അനന്തഭദ്രൻ തുടർക്കഥയുടെ മൂന്നാം ഭാഗം വായിച്ചു നോക്കൂ…..

രചന : കരിമഷി

“”നീ ഇതെവിടെക്കാ ഈ പാതിരാത്രിക്ക്””

മധുവിന്റെ അടുത്തായി ബൈക്ക് നിര്‍ത്തി അനന്തൻ ചോദിച്ചതും അവൾ ആകെ വെട്ടി വിയർക്കാനായി തുടങ്ങിയിരുന്നു..

ഒന്നും മിണ്ടാതെ നിക്കുന്ന മാധുവിനെ അവനൊന്ന് സംശയത്താലെ നോക്കി

“”നിന്നോടാ ചോദിച്ചത്..നീയെന്താ ഈ പാതിരാത്രി ഇവിടെ..!!””

അനന്തൻ കടുപ്പിച്ചൊന്ന് ചോദിച്ചതും ഞെട്ടി കൊണ്ട് മാധു അവനെ നോക്കി

“”ഒ..ഒന്നൂല്യ..ഞാൻ..വെ..വെറുതെ..””

ഒത്തിരി കരഞ്ഞതിനാലാ പെണ്ണിന്റെ ശബ്ദം അടഞ്ഞിരുന്നു..എങ്കിലും അവനോടുള്ള പേടിയിൽ പറഞ്ഞു ഒപ്പിച്ചു..

അവളുടെ കൈയിലുള്ള കുഞ്ഞു കെട്ടിലേക്കും..നിറഞ്ഞു തുളുമ്പുന്ന കണ്ണുകളും അവനിൽ നേരിയ സംശയം ജനിപ്പിച്ചു..

“”വാ…കേറ്..””

ഒന്ന് മൗനം പാലിച്ചതിനു ശേഷം ദൂരേക്ക് നോക്കിയവൻ പറഞ്ഞതും ഒരാളലോടെ മാധു അവനെ നോക്കി

“”കേറാൻ..””‘

അനന്തൻ ദേഷിച്ചു കൊണ്ട് അലറിയതും വേണ്ടന്ന രീതിയിലവൾ തലയനക്കി

“”നീ കേറുന്നോ അതോ ഞാൻ തൂക്കി എടുത്തു കൊണ്ട് പോകണോ??””

പരുക്കനായ അവന്റെ ശബ്ദം വീണ്ടും തന്നിലേക്ക് പതിച്ചതും ഒരാശ്രയത്തിനെന്നോണമവൾ ചുറ്റും നോക്കി

“”ഞാൻ നിന്നെ ഒന്നും ചെയ്യില്ല..മരിക്കാൻ പോകുന്നവൾക്കാണോ എന്റെ കൂടെ വരാൻ പേടി..വാ..””

അവളുടെ നോട്ടം മനസ്സിലായതും ഇത്തിരി മയത്തോടെ അവൻ പറഞ്ഞു

അത്രയും പറഞ്ഞിട്ടും ഒരടി പോലും മാറാതെ നിൽക്കുന്നവളെ അവൻ അണപ്പല്ല് ഞെരിച്ചു കൊണ്ട് നോക്കി

“”ച്ഛീ…കേറെഡി പുല്ലേ..””

അവന്റെ ആക്രോശത്തിൽ അറിയാതെ തന്നെ മാധു ഒന്ന് വേച്ചു പോയി..

ഇനിയും ഇവിടെ നിൽക്കുന്നതും തനിക്ക് സുരക്ഷിതമല്ലെന്നും മരിക്കാൻ പോകുന്നവൾക്കെനി എന്തെന്നുമുള്ള ചിന്തയിൽ അവൾ പതിയെ അവനു പുറകിലായി കയറി..

യാത്രയിലുട നീളം രണ്ടു പേരും മൗനത്തെ കൂട്ടു പിടിച്ചിരുന്നു..

സർവ്വ ഈശ്വരന്മാരേയും വിളിച്ചു കൊണ്ട് ആണ് മാധു അവനൊപ്പം യാത്ര ചെയ്തത്..

കാരണം ഇത്രയും കാലം ജീവിച്ചത് ഒരു ദുഷ്പേരും ഇല്ലാതെയാണ്..ആരുടേയെങ്കിലും കണ്ണിൽ പെടുന്ന ഈ ഒരു നിമിഷം മതി ഇതുവരെ കാത്തു വച്ച മാനം കപ്പല് കയറാൻ..

ചിന്തകൾ കാടു കയറി പോകാനായി തുടങ്ങിയതും ബൈക്ക് ഒരു ഇരമ്പലോടെ മംഗലത്ത് വീടിന്റെ മുന്നിൽ വന്നു നിര്‍ത്തി

കുഞ്ഞ് നാളിൽ ചേച്ചിയുടെ കൈയും പിടിച്ചു ഇവിടേക്ക് വരുന്ന ഓർമ്മകൾ മനസ്സിലെത്തിയതും സങ്കടം വർദ്ധിച്ചതു പോലെ മാധുവിന് തോന്നി

“”ഏതാ അനന്താ ഈ കുട്ടി??”‘

ബൈക്കിന്റെ മുരൾച്ച കേട്ട് വന്ന സാവിത്രി മാധുവിനെ കണ്ടു സംശയത്തോടെ ചോദിച്ചു

“”ചാവാനിറങ്ങിയതാ..നമ്മുടെ വിജയൻ ചേട്ടന്റെ മോളാ..””

അത്രയും പറഞ്ഞ് ഇട്ടിരുന്ന കാവി മുണ്ട് മടക്കി കുത്തി അവൻ ഉള്ളിലേക്ക് നടന്നു..

പക്ഷേ അവൻ പറഞ്ഞ വാക്കുകളിൽ കുരുങ്ങി ഇരിക്കുകയായിരുന്നു മാധു..

അപ്പൊ അനന്തന് തന്നെ നേരത്തെ അറിയോ!!!

സംശയങ്ങൾ കടിഞ്ഞാണു വിട്ട പട്ടം പോലെ പറക്കാൻ തുടങ്ങിയപ്പോഴാണ് സാവിത്രിയുടെ മോളെ എന്നുള്ള വിളി കേട്ടത്

“”മോള് വാ..””

ഏറെ സ്നേഹത്തോടെ അകത്ത് കൊണ്ട് പോയി സാവിത്രി അവൾക്ക് ഭക്ഷണം വിളമ്പി..

അപ്പച്ചിയുടെ ദേഹോപദ്രവവും പട്ടിണി കിടത്തലുമൊക്കെയായി രണ്ടു ദിവസമായിരുന്നു വല്ലതും കഴിച്ചിട്ട്

“”കഴിക്ക് മോളെ..””

മുന്നിലെ ഭക്ഷണം നോക്കി ഇരിക്കുന്ന മാധുവിനോട് സാവിത്രി ചിരിയാലെ പറഞ്ഞു

ഒന്നു കൂടി മുന്നിലെ പ്ലേറ്റിനേയും സാവിത്രിയേയും നോക്കിയതിനു ശേഷം മാധു ആർത്തിയോടെ അത് കഴിക്കാൻ തുടങ്ങി

അവളുടെ കഴിപ്പ് കണ്ടു ഒരു നിമിഷം ആ അമ്മയുടെ കണ്മുകളും ഈറനായി..

“”അന്നത്തിന്റ്റെ മുന്നിലിരുന്ന് കരയാൻ പാടില്ല കുട്ടിയേ..””

കഴിക്കുന്നതിനിടയിൽ കണ്ണു നിറച്ചിരിക്കുന്നവളെ നോക്കി സാവിത്രി സ്നേഹത്തോടെ പറഞ്ഞു

ആദ്യമായി ഒരു അമ്മയുടെ വാത്സല്യമറിഞ്ഞതിൻ്റെ അനുഭൂതിയിൽ വീണ്ടും ആ കണ്ണുകൾ പെയ്തു കൊണ്ടേയിരുന്നു…

തുടരും…

രചന : കരിമഷി