ഈ ജോലിയെങ്കിലും കിട്ടിയാൽ മതിയായിരുന്നു ന്റെ കൃഷ്ണാ…. വീട്ടിലെ കാര്യങ്ങൾ എല്ലാം ബുദ്ധിമുട്ടിലാണ്.

രചന : രമ്യ മണി

നഗരത്തിന്റെ തിരക്കിലേക്ക് മായ ടാക്സിയിൽ വന്നിറങ്ങി. ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന ഭംഗിയുള്ള കെട്ടിടം.

കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ചെന്ന്, അവൾ ബാഗിൽ നിന്നു മൊബൈൽ എടുത്തു

സ്ഥാപനത്തിന്റെ അഡ്രെസ്സ് ഒന്നൂടെ നോക്കി ഉറപ്പു വരുത്തി, ലിഫ്റ്റിനു അമർത്തി കാത്തുനിന്നു.

അഭിമുഖത്തിന് വിളിച്ച ഓഫീസ് ആറാമത്തെ നിലയിലാണ്. ലിഫ്റ്റിൽ നിന്നിറങ്ങി ഇടനാഴിയിലൂടെ അടങ്ങാത്ത സമ്മർദ്ദത്തോടെ മായ ചുവടുകൾ മുന്നോട്ടു വച്ചു. കുറച്ചു നടത്തത്തിനു ശേഷം, അവൾ ഓഫീസ് കണ്ടു പിടിച്ചു. എന്നിട്ട്, റിസപ്ഷനിൽ ഇരിക്കുന്ന പെൺകുട്ടിയെ സമീപിച്ചു.

മുഖത്തു പരിധിയിൽ കൂടുതൽ ചായവും , ചെറിയ സ്കർട്ടും ഇട്ട ആ പെൺകുട്ടി യെ കണ്ടപ്പോൾ, മായ സ്വന്തം വേഷമൊന്നു നോക്കി… അവൾക്കു ഇത്തിരി കുറച്ചിൽ അനുഭവപ്പെട്ടു.

ആ പെൺകുട്ടി ചൂണ്ടിക്കാണിച്ച സീറ്റിൽ മറ്റു ഉദ്യോഗാർത്ഥികൾക്കൊപ്പം അവളും പതുകെ ഓരം ചേർന്ന് പോയി ഇരുന്നു.

ഈ ജോലിയെങ്കിലും കിട്ടിയാൽ മതിയായിരുന്നു ന്റെ കൃഷ്ണാ. .. ഇനിയും വേണുവേട്ടന്റെ വരുമാനം കൊണ്ട് മാത്രം വീട്ടിലെ കാര്യങ്ങൾ എല്ലാം നടക്കില്ല..

താമസവാടക, പിന്നെ അടച്ചു തീർക്കാനുള്ള ബാങ്കിലെ കടങ്ങളും നാട്ടിൽ അനിയത്തിമാർക്കു പഠിക്കാൻ വേണ്ട കാശ്, കുഞ്ഞിന്റെ ചിലവുകൾ ..

എല്ലാം ബുദ്ധിമുട്ടിലാണ്..

പ്രസവം കഴിഞ്ഞപ്പോൾ, അതോടനുബന്ധിച്ചു കുഞ്ഞിന് ചില അസുഖങ്ങൾ പിടി പെട്ടു.

അതിന്റെ ചികിത്സയും കുഞ്ഞിനെ നോട്ടവും ഒക്കെയായി കഴിഞ്ഞ ഒന്നര കൊല്ലം ജോലിയിൽ നിന്നു വിട്ടുനിക്കേണ്ടി വന്നു.

ഇപ്പോൾ ജോലി തിരയാൻ തുടങ്ങീട്ട് ആറു മാസത്തോളമായി… ഒന്നും ശെരിയാകുന്നില്ല….

മായ ആധിയോടെ നെടുവീർപ്പിട്ടു… ശീതീകരിച്ച മുറിയായിരുന്നിട്ടു കൂടി അവൾ വിയർത്തൊഴുകി.

“മിസിസ് മായ വേണുഗോപാൽ.. പ്ലീസ് കം ഇൻ”

തന്റെ പേര് വിളിക്കുന്ന കേട്ടു അവൾ വിറയലോടെ അകത്തേക്കു നടന്നു.

അകത്തു ഇരിക്കുന്ന ആൾ അവളെ കണ്ടപ്പോൾ എഴുന്നേറ്റ് സ്വാഗതം ചെയ്ത ശേഷം സ്വയം പരിചയപ്പെടുത്തി.

ആമുഖ സംസാരങ്ങൾക്കു ശേഷം, കണ്ണട വെച്ച ആൾ അവളോട്‌ പറഞ്ഞു.

“സീ, മായ… നിങ്ങളുടെ ബയോഡേറ്റ, കിട്ടിയപ്പോൾ ഞങ്ങൾ നിങ്ങളെ പറ്റി നന്നായി അന്വേഷിച്ചു….

നിങ്ങളുടെ പഴയ സ്ഥാപനങ്ങൾക്കെല്ലാം നിങ്ങളെ പറ്റി നല്ല മതിപ്പാണ്… മിടുക്കിയായ എംപ്ലോയീ…

ഞങ്ങൾക്കതു ഓക്കെ ആണ്… പക്ഷെ, നിങ്ങളെ ജോലിക്കെടുക്കാൻ വേറെ കുറെ പ്രശ്നങ്ങൾ ഉണ്ടല്ലോ”….

“ഒന്നാമത്, യൂ ആർ ഔട്ട് ഡേറ്റഡ്… കഴിഞ്ഞ ഒന്നരക്കൊല്ലം നിങ്ങൾ ജോലിയിൽ നിന്ന് വിട്ടു നിൽക്കുകയാണ്, ഇൻഡസ്ട്രിയൽ അപ്ഡേറ്റ്സ് ഒന്നും നിങ്ങൾക്കില്ല. ലോകം നിമിഷങ്ങൾകൊണ്ട് മുന്നോട്ടോടുകയാണ്.. ടെക്നോളജി എല്ലാം മാറി”…

“നിങ്ങൾക്കു പഠിച്ചെടുക്കാ മെന്നു വച്ചാൽ തന്നെ, ഒരു ചെറിയ കുട്ടി ഉള്ളതുകൊണ്ട്, കുഞ്ഞിന് അസുഖം, പ്രശ്നങ്ങളൊക്കെ പറഞ്ഞു മിക്കപ്പോളും അവധി ചോദിക്കും”…

“വീട്ടിലെ കാര്യങ്ങൾക്കിടയിൽ ജോലി ബുദ്ധിമുട്ടാവും..കുറെ ലേഡീസ് നെ ഞാൻ അങ്ങനെ കണ്ടിട്ടുണ്ട്”… അയാൾ നിറയെ പുച്ഛത്തോടെ പറഞ്ഞു നിർത്തി.

മായയുടെ കണ്ണുകൾ നനഞ്ഞു .. ചുണ്ടുകൾ വിറച്ചു….

അതു കണ്ട അയാൾ പരിഹാസത്തോടെ വീണ്ടും പറഞ്ഞു

“പിന്നെ, ഞങ്ങൾക്ക് വേണ്ടത് വളരെ എനെർജിറ്റിക് ആൻഡ് ബോൾഡ് സ്റ്റാഫ്‌ ആണ്. സോ”….

മായ പെട്ടന്ന് എണീറ്റു തിരിഞ്ഞു നടന്നു.

പുറത്തേക്കിറങ്ങിയതും അടക്കി വച്ച സങ്കടം അണപൊട്ടി ഒഴുകി.

അവിടുന്ന് ഇറങ്ങി ഗേറ്റിനു പുറത്തിറങ്ങും മുൻപേ മായ കണ്ണീരും കവിളും അമർത്തി തുടച്ചു….

എന്നിട്ട് മനസ്സിൽ ചില ഉറച്ച തീരുമാനങ്ങൾ എടുത്തു.

*****

അഞ്ചു വര്ഷങ്ങൾക്കു ശേഷം…

ഓഫീസിൽ വന്നു മായ ബാഗ് എടുത്തു മാറ്റി വച്ചു സീറ്റിൽ ഇരുന്നു. എന്നിട്ടു ഫോൺ എടുത്തു വിളിച്ചു.

“നീന… ഇന്ന് എത്ര പേരെ വിളിച്ചിട്ടുണ്ട്….ആരെങ്കിലും കാത്തിരിക്കുന്നുണ്ടെങ്കിൽ അകത്തേക്കു വിട്ടോളു…

“മാം , ഇന്ന് രണ്ടു പേരെ വിളിച്ചിട്ടുണ്ട്. ഒരാൾ പുറത്തിരിക്കുന്നു, അയാളെ അകത്തേക്കു വിടാം”…

കുറച്ചു നിമിഷങ്ങൾക്ക് ശേഷം വാതിൽ മുട്ടി കണ്ണട വച്ച ഒരാൾ അകത്തേക്കു വന്നു.

മായ അയാളെ സൂക്ഷിച്ചു നോക്കി. വളരെ ക്ഷീണിതനായ ഒരാൾ, അല്പം സമ്മർദ്ദത്തിൽ ആണെന്ന് അയാളുടെ മുഖത്തുണ്ട്. എവിടെയോ കണ്ട മുഖ പരിചയം. മുന്നോട്ടു നീട്ടിയ രേഖകൾ പരിശോധിച്ചു

കഴിഞ്ഞ ഏഴു മാസമായി ജോലി ചെയ്യുന്നില്ല

ഉടൻ മായക്ക് ഓർമ കിട്ടി.മിസ്റ്റർ അരുൺ നിങ്ങൾക്കു എന്നേ പരിചയം തോന്നുന്നുണ്ടോ…

മുൻപൊരിക്കൽ ഞാൻ നിങ്ങളുടെ അടുത്ത് ഒരു ജോലിക്കായി വന്നിരുന്നു, അന്ന് ചെറിയ കുഞ്ഞുണ്ടെന്ന കാരണത്താൽ എനിക്കാ ജോലി കിട്ടിയില്ല.

“ഉവ്വ് മാഡം ഓർമയുണ്ട്, എന്നോട് ക്ഷമിക്കണം…ഇപ്പോൾ, എനിക്ക് ഒരു ജോലി വേണം.. പഴയ സ്ഥാപനത്തീന്നു എന്നെ പറഞ്ഞു വിട്ടു… സാമ്പത്തികമായി അല്പം വിഷമത്തിലാണ്, ഭാര്യക്കു ജോലിയില്ല”…അയാൾ പതുക്കെ പറഞ്ഞു നിർത്തി.

“അരുൺ.. നിങ്ങൾക്കൊരു കാര്യം അറിയാമോ .

ഈ ലോകം വളരെ ചെറുതാണ് .. പണവും, അധികാരവും ഒന്നും സ്ഥായിയായ കാര്യമല്ല. നമ്മൾ അതേ സാഹചര്യത്തിൽ എത്തുമ്പോളെ നമുക്കു മറ്റുള്ളവരുടെ വിഷമം മനസ്സിലാവു”….

“പിന്നെ, കുഞ്ഞിനെ നോക്കാൻ വേണ്ടി കരിയർ നോക്കാതെ എല്ലാ സ്വപ്നങ്ങളും ഉപേക്ഷിക്കുന്ന ഒരുപാടു അമ്മമാരുണ്ട് ഈ ലോകത്തു… പിന്നീട് അവർക്കു ജോലി വേണ്ടപ്പോൾ അവരെ ചേർത്ത് പിടിക്കയാണ് വേണ്ടത്… ഒന്നോ രണ്ടോ വർഷത്തെ ഇടവേള എന്നാൽ അവരെ ജോലിക്ക് കൊള്ളില്ല എന്നല്ല”….

“കുഞ്ഞിന് അസുഖം വരുമ്പോൾ ഒരു അമ്മക്ക് ചിലപ്പോ ജോലിയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ല…

അതാണ് മാതൃത്വം…. ആ വികാരം പറഞ്ഞറിയിക്കാൻ പറ്റില്ല. അതൊക്കെ മനസ്സിലാക്കുമ്പോളാണ് മനുഷ്യൻ മനുഷ്യനാകുന്നത്”…. സഹജീവികളെ സ്നേഹിക്കാൻ പഠിക്കുക… ഒരാളെ സഹായിച്ചില്ലെങ്കിലും പരിഹസിക്കാതിരിക്കുക”….

“ആ അതൊക്കെ മറക്കാം, നിങ്ങൾ തീർച്ചയായും ഈ ജോലിക്ക് അനുയോജ്യനാണ്, നിങ്ങൾക്കുള്ള അപ്പോയ്ന്റ്മെന്റ് ലെറ്റർ നാളെ തന്നെ അയക്കും..ഓൾ ദി ബെസ്റ്റ് “.

നിറഞ്ഞ പുഞ്ചിരിയോടെ തല ഉയർത്തി പിടിച്ചു വീണ്ടും കാണാം എന്ന് പറഞ്ഞു മായ അരുണിനെ യാത്രയാക്കി.

ഈ വ്യക്തിയോട് തനിക്കും കടപ്പാടുണ്ട്, തന്നെ ഈ നിലയിലേക്ക് എത്തിച്ചതിൽ, സ്ത്രീ എന്ന നിലയിൽ ശക്തയാക്കിയതിൽ.

(കഥയിൽ പുതുമല്യന്നറിയാം ന്നാലും…. ജോലി ചെയ്യുന്ന എല്ലാ അമ്മമാർക്കുമായി സമർപ്പിക്കുന്നു)

ലൈക്ക് കമന്റ് ചെയ്യണേ

രചന : രമ്യ മണി