ഈ അൻപത്തിയഞ്ചാം വയസ്സിലാണോ ഇ നിയൊരു ക ല്യാണം..അ മ്മക്കിത് എന്തിന്റെ സൂ ക്കേ ടാ….

രചന : കൃഷ്ണനുണ്ണി കിള്ളിക്കുറുശ്ശിമംഗലം

“ഈ അൻപത്തിയഞ്ചാം വയസ്സിലാണോ ഇനിയൊരു കല്യാണം ?

അമ്മക്കിത് എന്തിന്റെ സൂക്കേടാ?”

ദീപുവിനെ പിന്തുണച്ച് കൊണ്ട് ചെറിയമ്മ ദേവി തുടർന്നു.

“അല്ല ലക്ഷ്മി നീ ഇത് എന്ത് ഭാവിച്ചാണ്…

നാട്ടുകാര്…. എന്നാലും ഒന്നും അറിയാത്ത ഒരാള്… എന്തിനാ ഈ വയസ്സാംകാലത്ത്?

മുഖത്ത് പുച്ഛത്തോടെ ലക്ഷ്മി തല ചെരിച്ചു കൊണ്ട് പറഞ്ഞു.. “നാട്ടുകാര്… വയസ്സാംകാലത്ത്…ഹും..

” ഇനി ഇതിൽ വേറെ ഒരു വർത്തമാനം ഇല്ല..

ഞങ്ങൾക്ക് അഭിമാനമാണ് വലുത്…

അമ്മയാണെന്നുള്ളതൊക്കെ ശരിതന്നെ പക്ഷേ അയാളുടെ കൂടെ പൊറുക്കണമെന്നുള്ളതാണ് ഉദ്ധേശമെങ്കിൽ അങ്ങ് ദൂരെ ഏതെങ്കിലും നാട്ടിൽ പോയി കഴിഞ്ഞോണം… എന്റെ കൺമുന്നില് പറ്റില്ല”

“മോനേ ദീപൂ ,അരുത്….” ഇടക്ക് കയറി ദേവി തടഞ്ഞു…

“എന്ത് അരുതെന്നാ വല്യമ്മേ…. ഈ കാട്ടിക്കൂട്ടലിനോടൊക്കെ എന്താ പറയാ?വെറും ഒരാഴ്ചയായുള്ളു അയാൾ അപ്പുറത്ത് താമസമാക്കിയിട്ട്… അതും ഒറ്റക്ക് …ആരാ എന്താ ഒന്നും അറിയാത്ത ഒരാൾ..

അടുത്ത മാസം എന്റെ കല്യാണം ആണ് അവരോട് എന്ത് പറയും? അതൊക്കെ പോട്ടെ പാർട്ടിക്കാരുടെ ഇടയിൽ എങ്ങനെ ഞാൻ തലപ്പൊക്കി നടക്കും…

സഖാക്കന്മാരുടെ മുൻപിൽ ഞാൻ നാണം കെടും..

നിശബ്ദത വിട്ടവൾ പറഞ്ഞു.. “ഛീ… നിർത്തട..

അവനും അവന്റെ ഒരു സഖാക്കളും… ഒരു സഖാവ് എന്താണ് നിനക്കറിയാമോടാ ? എങ്ങിനെ ആയിരിക്കണമെന്നറിയോടാ? നീയൊക്കെ പാർട്ടി ഓഫീസ് എന്ന് പറഞ്ഞ് ചീട്ടുകളിച്ചിരിക്കുന്ന സഖാവ് കുമാരൻ സ്മാരകമില്ലേ… ആ സഖാവ് കുമാരന്റെ മകൻ, സഖാവ് ഉണ്ണിയാണ് അപ്പുറത്ത് താമസിക്കുന്നത്.. ”

“വർഷങ്ങൾക്ക് മുൻപ് നാടുവിട്ടു പോയ അയാൾ….? അമ്മക്കെന്താ അയാളുമായി ബന്ധം?” ദീപു ചോദിച്ചു…

” നീ അമ്മയെ കാണാൻ തുടങ്ങുന്ന മുൻപ് അമ്മക്കൊരു ലോകമുണ്ടായിരുന്നു… നീയറിയാത്ത

സഖാവ് ഉണ്ണിയെന്ന ഒരു ലോകം.. ചുവപ്പന്നാൽ രക്തം മാത്രമല്ല കമ്മ്യൂണിസം കൂടിയാണെന്ന് സഖാവ് പഠിപ്പിച്ച ലോകം…

മുപത്തി ആറ് വർഷങ്ങൾക്ക് മുൻപ് ഞാൻ മഹാരാജാസിലേക്ക് BA ബിരുദത്തിനായി ചേർന്നു.

ഒരു പാട് മഹാരഥന്മാർ പഠിച്ചിറങ്ങിയ കലാലയം.

പേരിൽ തന്നെ ഒരാനചന്തം നിറഞ്ഞുനിൽക്കുന്ന മഹാരാജാസ്..

ഖദർ മാത്രം ഇട്ടു കാണുന്ന കുടുംബത്തിലെ ഒരംഗമായ എന്നേ മഹാരാജാസ് വരവേറ്റത് ചുവപ്പിന്റെ ഉഷസ്സിൽ വിരിഞ്ഞൊരു പ്രഭാതത്തിലായിരുന്നു. കലാലയത്തിൽ അങ്ങിങ്ങായി നവാഗതർക്ക് സ്വാഗതം ആശംസിച്ചു കൊണ്ടുഉള ലേഖനങ്ങൾ …ചെങ്കൊടികൾ.. തോരണങ്ങൾ..

ചുവരെഴുത്തുകൾ…

ചെഗുവേരയുടെ ചുവർ ചിത്രങ്ങൾ !അതൊരു പുതിയ അനുഭൂതി തന്നെ ആയിരുന്നു.

കലാലയത്തിനുള്ളിലെ വഴികളിൽ നിലത്ത് SFI എന്ന് എഴുതിവച്ചതിൽ ചവിട്ടാതെ ഞാൻ നടന്നു.

രണ്ടു ദിവസം കഴിഞ്ഞുള്ള ഒരു ഉച്ചനേരത്തെ ഇടവേളയിൽ ഒരു അഞ്ചാറ് ആളുകൾ ക്ലാസിനുള്ളിലേക്ക് കയറി വന്നു.

വാതിലടച്ചപ്പോഴാണ് റാഗ്ഗിംഗ് ആണെന്ന് മനസ്സിലായത്.. ഓരോരുത്തരെ അടുത്തേക്ക് വിളിച്ചു പരിചയപ്പെടുന്നുണ്ട്. എന്റെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു കാരണം ആദ്യം പരിചയപ്പെട്ട സുമേഷ് എന്ന സഹപാടിയോട് ഡാൻസ് കളിക്കാൻ ആവശ്യപ്പെട്ടു.

“എന്താടി ആലോചിച്ച് നിക്കണത് ഇവിടെ വാ” ആ വിളികേട്ട് ഞാൻ ഞെട്ടി മുൻപിലേക്ക് വേഗത്തിൽ ചെന്നു.

“എന്താ പേര്?”

“ലക്ഷ്മി.. ”

” അപ്പൊ എങ്ങിനെയാ പാട്ട് പാടുന്നോ ഡാൻസ് കളിക്കുന്നോ…?” കൂട്ടത്തിലൊരാൾ ചോദിച്ചു.

ഞാൻ പറഞ്ഞു “എനിക്ക്… എനിക്ക്..

അറിയില്ല.. ” ഞാൻ തലകുനിച്ച് നിന്നു.

“എന്നാ സാരല്ല ഏടൻമാര് പഠിപ്പിച്ചു തരാം

ഇതും പറഞ്ഞു ഒരാൾ എന്റെ താടിയിൽ തൊട്ടു പതിയെ മുഖം മുകളിലേക്കുയർത്തി.. പിന്നീട് എന്റെ ചുണ്ടിലേക്കും അയാളുടെ വിരൽ നീണ്ടു..

പെട്ടെന്നാണ് ഞങ്ങളേ ഒക്കെ ഞെട്ടിച്ചു കൊണ്ട് അവരുടെ കൂട്ടത്തിലെ ഒരാൾ തന്നെ ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്ന് എന്റെ ചുണ്ടിൽ തൊട്ടയാളുടെ കരണക്കുറ്റിക്ക് ഒരൊറ്റ അടി കൊടുത്തത്,എന്നിട്ട് പറഞ്ഞു

” ഒരു പെണ്ണിന്റെ ദേഹത്ത് തൊട്ടിട്ടുള്ള ഒരു പരിചയപ്പെടൽ വേണ്ട.”

കൂടുതൽ ഒന്നും പറയാതെ അദ്ധേഹം ക്ലാസിന്റെ മുറി തുറന്ന് പുറത്തേക്ക് നടന്നു തുടങ്ങിയിരുന്നു..

അപ്പൊഴെക്കും അടികൊണ്ടയാൾ ഉണ്ണി സഖാവേ എന്ന് വിളിച്ച് പിറകേ പോകുന്നതും കണ്ടു…

അദ്ദേഹം ക്ലാസിൽ നിന്ന് ഇറങ്ങി പോയെങ്കിലും അദ്ദേഹത്തേ ഞങ്ങളുടെ ഹൃദയങ്ങൾ വരവേറ്റിരുന്നു

പ്രത്യേകിച്ച് എന്റെ….! നല്ല ശരീരവും കട്ടികൂടിയ കൃധാവും മീശയും കണ്ണടയും വച്ച ഒരു പുരുഷൻ… സഖാവ്…!

അതായിരുന്നു കണ്ട മാത്രയിൽ അദ്ദേഹമെനിക്ക്.!

പിന്നീടങ്ങോട്ട് സഖാവിനെ അറിയാനായിരുന്നു എന്റെ ശ്രമങ്ങള്.. എപ്പോഴോ തോന്നിയൊരു കൗതുകം.

സഖാവ് ബിരുദാനന്തര വിദ്യാർത്ഥി ആയിരുന്നു.

പക്ഷേ സഖാവിനെ കാണണമെങ്കിൽ ക്യാമ്പസ്സിലെ മരചുവട്ടിലൊ ലൈബ്രറികളിലോ.. കാന്റീനിലോ പോണമായിരുന്നു. സഖാവിനെ കാണാൻ വേണ്ടി മാത്രം അച്ഛനറിഞ്ഞാൽ എന്താ ഉണ്ടാവുക എന്നത് പോലും ആലോചിക്കാതെ ഞാൻ അവരുടെ സംഘടനയുടെ ഭാഗമായി. സഖാവ് നല്ല പ്രാസംഗികൻ ആയിരുന്നു. വാക്കുകൾകൊണ്ട് ഹൃദയം കവരുന്നവൻ.. ഒഴിവു സമയങ്ങളിൽ ഞാൻ സഖാവിന്റെ കൂടെ കൂടും.. ദിവസങ്ങൾക്കുള്ളിൽ സഖാവ് എന്റെ പ്രിയപ്പെട്ടവനായി ഞാൻ സഖാവിന്റെ പ്രിയ സഖിയും… അന്ന് ക്യാമ്പസിലെ മരങ്ങൾ ഞങ്ങൾക്കായ് തളിർത്ത പോലെ തോന്നി എനിക്ക്.

കണ്ടു മുട്ടലുകൾ പതിവായി എന്റെ വാതോരാതെയുള്ള സംസാരങ്ങൾ ശ്രദ്ധയോടെ കേൾക്കാൻ വിധിക്കപ്പെട്ട ഒരാൾ ആയി തോന്നി എനിക്ക് ,കണ്ണിലേക്ക് തന്നേ നോക്കി എന്നേ വാചാലയാക്കുന്ന എന്റെ സഖാവ്..

സഖാവിന് പ്രസ്ഥാനവും പ്രണയവും പ്രാണനായിരുന്നു. രണ്ടിനും സമയം കണ്ടെത്തിയിരുന്നു.

ഇലക്ഷനിൽ സഖാവായിരുന്നു ചെയർമാൻ സ്ഥാനാർഥി. എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നത് കൊണ്ട് സഖാവിന്റെ വിജയം എപ്പോഴേ എഴുതപ്പെട്ടിരുന്നു.

സഖാവും ഞാനും ഒരു ദിവസം വൈകീട്ട് ക്ലാസ് മുറിയിൽ പിറ്റേന്നുള്ള സമരത്തിന്റെ തുണിയെഴുത്തുകൾ എഴുതുകയായിരുന്നു.

ഇടക്കിടക്ക് സഖാവ് എന്റെ കണ്ണുകളിലേക്ക് നോക്കുന്നുണ്ടായിരുന്നു ഞാനും..

ഒരു നക്ഷത്രാങ്കിത പതാക എടുത്ത് സഖാവ് എന്റെ അടുത്തുവന്നു ,എന്നിട്ട് ചോദിച്ചു.

“സഖാ.. വിപ്ലവമെന്നാൽ പ്രണയമാണ്..

പ്രണയമെന്നാൽ അതിപ്പൊ നീയാണ്… ജീവിതം ഒരു അപരിചിതമായ പാതയാണ്. മുന്നോട്ടുള്ള കയറ്റിറക്കങ്ങളോ ഇടവഴികളോ മുൻകൂട്ടി മനസ്സിലാക്കാൻ ബുദ്ധിമുട്ടായ തികച്ചും അപരിചിതമായ പാത. ഇനിയി പാതയിൽ എന്റെ കൈ പിടിച്ച് നടക്കാൻ ലക്ഷ്മിയും വേണം.. പൊൻ തളികയിൽ ചോറു തരാമെന്നോ ,പട്ടുമെത്തയിൽ കിടത്തിയുറക്കാമെന്നോ ഞാൻ വാക്കു തരുന്നില്ല

പക്ഷേ ഞാനുണ്ടിലെങ്കിലും നിന്നെ ഊട്ടാമെന്നും എന്റെ ഉടുതു*ണി ഊരി തന്ന് നാണം മറച്ച് നിന്റെ മാനം കാക്കാമെന്നും ഞാൻ തരുന്ന വാക്കാണ്.ഇഷ്ട്ടമാണെങ്കിൽ ഈ പതാക ഏറ്റുവാങ്ങാം.. ”

രണ്ട് മിനുട്ടോളം ഒരക്ഷരം മിണ്ടാതെ സഖാവിന്റെ കണ്ണുകളിലേക്ക് നോക്കി നിറകണ്ണുകളോടെ ആ പതാക നെഞ്ചോട് ചേർത്തുകൊണ്ട് ഞാൻ പുറത്തേക്കോടി…

പിന്നീടുള്ള ഓരോ നിമിഷവും ഞങ്ങൾ ആസ്വധിക്കുകയായിരുന്നു.ഇൻക്വിലാബ് മുകരിതമായ ഇടനാഴികളിൽ കണ്ണും കണ്ണും നോക്കി ഞങ്ങൾ നടന്നു.ഓരോ രാത്രിയിലും നേരം വേഗം പുലരാനായി എന്റെ പ്രാർഥന…

സഖാവിനേ കാണാൻ

എന്റെ ബിരുദകാലം കഴിഞ്ഞപ്പോഴേക്കും സഖാവ് പഠനം കഴിഞ്ഞ് ഒരു ട്യൂഷൻ അദ്യാപകനായി ,ഒപ്പം സജീവ രാഷ്ട്രീയ പ്രവർത്തകനും.

വീട്ടിൽ ഈ ബന്ധം അറിഞ്ഞു വലിയ പ്രശ്നമായി.

എന്തുവന്നാലും അച്ഛൻ ഈ ബന്ധം സമ്മതിക്കിലെന്നു പറഞ്ഞു. വല്ല്യമാവന്റെ മകനുമായി കല്യാണം ഉറപ്പിക്കാൻ തീരുമാനിച്ചു.. അന്ന് രാത്രി ഞാൻ വീട് വിട്ടിറങ്ങി…

പാർട്ടി ഓഫീസിന്റെ വാതിൽക്കൽ മുട്ടിയത് സഖാവ് അവിടെ കാണുമെന്ന് ഉറപ്പുള്ളതോണ്ടായിരുന്നു..

വാതില് തുറന്നയുടൻ ഞാൻ പറഞ്ഞു വീട്ടിൽ ഒരുപാട് പ്രശ്നമുണ്ടായതും അതിനേ തുടർന്ന് ഞാൻ വീടുവിട്ട് ഇറങ്ങി വന്നതും…

“നീ എന്ത് മണ്ടത്തരമാണ് ഈ കാണിച്ചത്? ”

മറുപടിക്ക് കാത്തുനിൽക്കാതെ സഖാവ് പറഞ്ഞു.

“ഇരുട്ടിന്റെ മറവില് നിന്നെ ഇങ്ങനെ ഇതുപോലെ സ്വന്തമാക്കാനല്ല ഞാൻ നിന്നേ സ്നേഹിച്ചത്.പത്താളുടെ മുന്നിൽ അഭിമാനത്തോടെ നിന്നേ സ്വന്തമാക്കാനാണ്. ഇപ്പൊനീ ഇങ്ങനെ ചെയ്യ്താൽ അത് നിനക്ക് മാത്രമല്ല നിന്റെ അച്ഛനും മോശമാണ്…അങ്ങിനെയൊരു വിഷമം അദ്ദേഹത്തിന് വരുത്താൻ ഞാൻ തയ്യാറല്ല.”

കൂടുതൽ ഞാനെന്തെങ്കിലും പറയുന്ന മുൻപേ സഖാവ് ടോർച്ചും എടുത്ത് നടന്നു തുടങ്ങിയിരുന്നു

അനുസരണയുള്ള ഒരുവളായി പിറകേ നടക്കാൻ മാത്രമേ എനിക്ക് സാധിച്ചുള്ളു. എന്റെ വീടിന്റെ പടിപ്പുര താണ്ടിയപ്പോൾ ഉമ്മറത്ത് അച്ഛൻ ഇരിക്കുന്നത് ദൂരെ നിന്ന് എനിക്ക് കാണാമായിരുന്നു.

ഞാൻ സഖാവിന്റ പിന്നേലേക്ക് കൂടുതൽ വലിഞ്ഞു….

“ദിവാരേട്ടാ… ലക്ഷ്മി വിഷമം വന്നപ്പോൾ എന്തോ ബുദ്ധിമോശം കാണിച്ചു.തിരിച്ചുകൊണ്ടു വന്നാക്കിയിട്ടുണ്ട്. എനിക്ക് അവളേം അവൾക്കെനേം ഇഷ്ട്ടമാണ് ഒരുമിച്ചൊരു ജീവിതം സ്വപ്നം കാണുന്നോരാണ്.. സമയം എടുക്കുമെങ്കിലും മനസ്സ് മാറുമ്പോ അവളെ എനിക്ക് തന്നാ മതി.. ”

സഖാവ് പറഞ്ഞു.

“എന്റെ മോള് ഇവിടുന്ന് ഇറങ്ങി പോംമ്പോ ഞാൻ ചത്ത് കിടക്കല്ലായിരുന്നു, അവൾ അങ്ങോട്ട് തന്നേ വരൂ എന്നനിക്ക് അറിയാമായിരുന്നു ,അതിനേക്കാൾ സഖാവ് തന്നെ അവളെ ഇവിടെ കൊണ്ടുവന്ന് ആക്കും എന്നുള്ള വിശ്വാസവും. പക്ഷേ എന്റെ മോളേ ആർക്ക് കെട്ടിച്ചു കൊടുക്കണം എന്ന് ഞാൻ തീരുമാനിക്കും, നീ അല്ല… കമ്മ്യൂണിസ്റ്റുകാരന് കെട്ടിച്ചു കൊടുക്കാൻ ഞാൻ ഒരുക്കവുമല്ല! ”

“ദിവാരേട്ടാ, ഒരിക്കല് ലക്ഷ്മി ഓടി വന്ന് എന്റെ അടുത്ത് കരഞ്ഞുകൊണ്ട് ഒരു കാര്യം ആവശ്യപ്പെട്ടു

അച്ഛൻ ആശുപത്രിയിലാണ്, O+ രക്തം വേണമെന്ന്.. ഒരേ രക്ത ഗ്രൂപ്പ് ആയിരുന്നോണ്ട് ഞാൻ ആണ് രക്തം തന്നത്.. അത് ഞാൻ അത് ചെയ്യുമ്പോ കമ്മ്യൂണിസ്റ്റ് കാരനാണോ കോൺഗ്രസ്സിനാണോ എന്ന് നോക്കിയില്ല.. നിങ്ങളെ രക്ഷിക്കുക എന്ന ഒറ്റ ഉദ്ധേശമേ എനിക്കുണ്ടായിരുന്നുള്ളു. ”

” നിന്റെ ഒരു കുപ്പി രക്തത്തിന് എത്ര പണം വേണമെടാ നീ ചോദിക്ക് ഞാൻ തരാം” ദിവകരൻ ചോദിച്ചു… ‎

“നിങ്ങളേ പോലെ ബന്ധങ്ങൾക്ക് വിലയിടാൻ മാത്രം ചെറ്റയല്ല ഉണ്ണി. നാളെ സൂര്യനുദിക്കുന്നുണ്ടേൽ ലക്ഷ്മി എന്റെ ഭാര്യയായിരിക്കും ” .ഇത്രേം പറഞ്ഞ് എന്റെ മുഖത്ത് പോലും നോക്കാതെ സഖാവ് പടിയിറങ്ങി. വിജയിച്ച മട്ടിൽ ഞാൻ അകത്തേക്കും കയറി.

പിറ്റേ ദിവസം സഖാവിന് വെട്ടേറ്റു എന്ന വാർത്ത കേട്ടാണ് ഞാൻ ഉണർന്നത്. സഖാവ് എന്നേ ഇവിടെ കൊണ്ടു വന്നാക്കിയതിനു ശേഷം പാർട്ടി ഓഫീസിലേക്ക് തന്നെയാണ് പോയിട്ടുണ്ടാവുക.

പറയത്തക്ക ശത്രുക്കളിലാത്ത സഖാവിനെ അക്രമിക്കണമെങ്കിൽ അത് എന്റെ അച്ഛൻ തന്നെ ആയിരിക്കുമെന്ന് എനിക്ക് നല്ല ഉറപ്പായിരുന്നു.

സഖാവ് സുഖം പ്രാപിച്ച് വരുമ്പോഴേക്കും എന്റെ കല്യാണം അമ്മാവന്റെ മകനുമായി നടന്നു കഴിഞ്ഞിരുന്നു. മനസ്സ് മരവിച്ചിരുന്ന എനിക്ക് പ്രതിരോധിക്കാൻ പോലും ആയില്ല. സഖാവ് അതറിഞ്ഞ് നാടുവിട്ടു. ഒരു പക്ഷേ വീണ്ടും കണ്ടുമുട്ടി എന്നേ വേദനിപ്പിക്കേണ്ടെന്ന് വച്ചാകും.

എന്റെ ശരീരത്തിനെ കീഴ്പ്പെടുത്താൻ എന്റെ ഭർത്താവിന് പറ്റി അതോണ്ടാല്ലോ ഇന്ന് എന്നേ ചോദ്യം ചെയ്യാൻ നീ ഉണ്ടായത്…. പക്ഷേ എന്റെ മനസ്സപ്പോഴും സഖാവിന് മാത്രമായിരുന്നു.”

ഒരു ദീർഘനിശ്വാസത്തോടെ ദീപു ചോദിച്ചു. “പിന്നീട് സഖാവിപ്പോഴാണോ വരുന്നത്…..?

ഇത്രയും കാലത്തിനു ശേഷം?”

“അല്ല ,വിവാഹം കഴിഞ്ഞ് 5 മാസങ്ങൾക്ക് ശേഷം നിന്നേ ഗർഭിണിയായിരിക്കുമ്പോഴാണ് നിന്റെ അച്ഛൻ മരിക്കുന്നത്. അതറിഞ്ഞപ്പോൾ അദ്ദേഹം എന്നേ കാണാൻ വന്നിരുന്നു. എന്നേജീവിതത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു പൂർണ്ണമനസ്സോടെ.. പക്ഷേ ഞാൻ പോയില്ല.. അന്ന് മുതൽ കഴിഞ്ഞ മാസം വരേക്കും സഖാവ് നല്ലൊരു തുക മാസം നമുക്കയച്ചു തരാരുണ്ട്. നിന്റെ അച്ഛൻ മരിച്ചതിൽ പിന്നേ എനിക്ക് കിട്ടുന്ന വിധവ പെൻഷൻ എന്ന പേരിൽ വന്ന് കൊണ്ടിരുന്ന പൈസ സഖാവ് അയക്കുന്ന പണമായിരുന്നു. സഖാവ് ബോംബേയിലെ ഒരു സ്ക്കൂളിൽ അദ്ധ്യാപകനായിരുന്നു. നിന്റെ ഈ തടി പോലും അദ്ദേഹത്തിന്റെ വിയർപ്പാണ്. രാത്രിയുടെ മറവിൽ ഒരിക്കൽ പോലും അദ്ദേഹം പൈസ വസൂലാക്കാൻ പിൻ വാതിലിൽ മുട്ടിയിട്ടില്ല. സഖാവിനെന്നല്ല ഒരാൾക്കും ഞാനത് തുറന്നുകൊടുത്തിട്ടും ഇല്ല.

നീ എന്നോട് ഈ വീട്ടിൽ നിന്നും ഇറങ്ങാൻ പറഞ്ഞില്ലേ.. ഈ വീടു പോലും സഖാവിന്റെ ഔധാര്യമാണ്. നീ പറഞ്ഞില്ലേ നിനക്ക് നാണക്കേടാണ് നിന്റെ ഭാര്യ വീട്ടുകാരോട് എന്ത് പറയുമെന്നൊക്കെ. നിന്റെ സ്ഥാനത്ത് ഞാൻ അന്ന് സ്വാർഥതയോടെ പെരുമാറിയിരുന്നെങ്കില് നീ ഉണ്ടാവുക പോലും ഇല്ലായിരുന്നു. ഇന്നിപ്പൊ എന്റെ ബാധ്യതകളൊക്കെ തീർന്നു.ഞാൻ തീർത്തും സ്വതന്ത്രയാണിപ്പോൾ, ഇത്ര കാലം മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു.ഇനിയുള്ള കാലം പത്തു ദിവസമെങ്കിൽ പത്തു ദിവസം സഖാവിനൊപ്പം ജീവിക്കണം സഖാവിന്റെ പ്രിയ സഖിയായി..! ”

പുറത്ത് ഒരു കാറ് വന്നു നിൽക്കുന്ന ശബ്ദം കേട്ട് ലക്ഷ്മി പറഞ്ഞു.

“ദീപു ,അമ്മ ഒന്നും കൊണ്ടു പോകുന്നില്ല, സഖാവ് കൈകളിലേൽപ്പിച്ച ആ പതാക ഞാൻ സൂക്ഷിച്ചു വച്ചിരുന്നു അത് മാത്രമേ എടുത്തിട്ടുള്ളു..

നിങ്ങൾക്കൊക്കെ നാണക്കേടുണ്ടാക്കാൻ ഇവിടെ ഇന്നാട്ടില്, നിങ്ങടെ കൺമുന്നിൽ കാണുകയുമില്ല.

അമ്മ ശരീരസുഖം തേടി പോവുകയല്ല ട്ടൊ… 30 വർഷത്തെ കഥകൾ പറയാനും കേൾക്കാനുമുണ്ട് എനിക്കും സഖാവിനും . ഞങ്ങൾ ഞങ്ങൾക്ക് വേണ്ടി ജീവിച്ചു തുടങ്ങട്ടെ ഇനി… ”

ചെരിപ്പ് പോലുമിടാതെ ലക്ഷ്മി പടിയിറങ്ങി. കാറിന്റെ മുൻ സീറ്റിൽ ഇരുന്നു.. സഖാവിന്റെ കണ്ണിലേക്ക് നിറകണ്ണുകളോടെ, നിർവൃതിയോടെ ആ പഴയ പത്തൊമ്പത്കാരിയേ പോലെ നോക്കി ചിരിച്ചു….

സഖാവിന്റെ മനസ്സും മുഖവും തെളിഞ്ഞു… വണ്ടി പതിയേ ചലിച്ചു തുടങ്ങി.. ‎ അവരുടെ ലോകത്തേക്ക്……!

രചന : കൃഷ്ണനുണ്ണി കിള്ളിക്കുറുശ്ശിമംഗലം

ലൈക്ക് കമന്റ് ചെയ്യണേ…