അഷ്ടപദി തുടർക്കഥയുടെ മൂന്നാം ഭാഗം വായിച്ചു നോക്കൂ……

രചന : ഉല്ലാസ് OS

ഈശ്വരാ, എന്താ താൻ കേട്ടത്,,

റേപ്പ് ചെയ്തു എന്ന കുറ്റത്തിനാണോ അപ്പോൾ ഇയാൾ ജയിലിൽ കിടന്നത്….

ശോഭചേച്ചി….. അവൾ വിളിച്ചപ്പോളേക്കും അവർ അവരുടെ റൂമിൽ കയറി വാതിൽ അടച്ചു കഴിഞ്ഞിരുന്നു..

ദൈവമേ കണ്ണു അടക്കാൻ കഴിയണില്ല…. അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു..

ഇയാൾ ഉള്ളപ്പോൾ താൻ ഈ വീട്ടിൽ സുരക്ഷിത ആകുമോ എന്നാണ് അവൾ ഏറ്റവും ഭയന്നത്…

എന്തായാലും ശോഭചേച്ചിയേ അവരുടെ കാൽ പിടിച്ചു ആണെങ്കിലും കൂടെ നിർത്താം എന്നവൾ തീരുമാനിച്ചു…

നേരം അഞ്ചുമണി ആയിരിക്കുന്നു..

അവൾ എഴുനേറ്റു കുളിച്ചു വിളക്ക് കൊളുത്തി…

കുറച്ചു സമയം പൂജാമുറിയിൽ ഇരുന്നപ്പോൾ അവൾക്ക് തെല്ല് ആശ്വാസം അനുഭവപെട്ടു..

അടുക്കളയിൽ എത്തിയപ്പോൾ ശോഭ എഴുന്നേറ്റിട്ടില്ല എന്നവൾക്ക് മനസിലായി..

പാവം… കിടക്കട്ടെ കുറച്ചു സമയം…. അവൾ തലേ ദിവസം അരച്ച് വച്ച മാവ് എടുത്തു ദോശക്കല്ലിൽ ഒഴിച്ചു.. ദോശ എല്ലാം ചുട്ടു കഴിഞ്ഞിട്ടും ശോഭ എഴുനേറ്റു വന്നില്ല..

നാളികേരം എടുത്തു ചിരകി,, ചുവന്നുള്ളിയും, വറ്റൽ മുളകും കൂടി ഇട്ടു മിക്സിയിൽ നന്നായി അരച്ചെടുത്തു..

കടുകും കറിവേപ്പ്പിലയും ഇട്ടു ശുദ്ധമായ വെളിച്ചെണ്ണയിൽ താളിച്ചുകൊണ്ട് അവൾ ആ ചമ്മന്തി കൂടുതൽ രുചിയുള്ളതാക്കി…

ശോഭ ചേച്ചി എന്താ എഴുനേൽക്കാത്തത്, സമയം 7മണി ആയിരിക്കുന്നു..

അവൾ അവരുടെ റൂമിലേക്ക് ചെന്നു..

അവിടെ എങ്ങും അവൾക്ക് അവരെ കണ്ടെത്താൻ കഴിഞ്ഞില്ല..

ദൈവമേ, ആ സ്ത്രീ തന്നെ കബളിപ്പിച്ചു മുങ്ങിയോ…

മീനാക്ഷിക്ക് പേടിയാകാൻ തുടങ്ങി..

എന്താ ചെയ്ക.. എന്റെ ഭഗവാനെ..

ജോലിക്ക് പോകുവാൻ സമയം ആയി വരുന്നു..

അയാൾ ഇതുവരെ എഴുന്നേറ്റിട്ടില്ല…

വീട് അടച്ചിട്ടു പോകുവാനും പറ്റുല്ല..

വരട്ടെ, കുറച്ചു സമയം കൂടി കാത്തിരിക്കാം എന്നവൾക്ക് തോന്നി..

പെട്ടന്ന് ശോഭയുടെ ഫോൺ ചിലച്ചു..

ഇതെടുക്കാതെ ആണോ അവർ പോയത്..

ആദ്യം അവൾ ഫോൺ എടുത്തില്ല, അവൾക്കു ദേഷ്യം ആയിരുന്നു..

മൂന്നാമതും ഫോൺ റിങ് ചെയുകയും മീനാക്ഷി ഫോൺ എടുക്കുവാൻ തുനിഞ്ഞതും പിറകിൽ നിന്നൊരാൾ വന്നു ആ ഫോൺ എടുത്തു, നോക്കിയപ്പോൾ രുക്മിണി അമ്മയുടെ മകൻ…

മീനാക്ഷി ഭയന്ന് കൊണ്ട് പിന്നോട്ട് മാറി..

അവൻ അത് എടുത്തിട്ട് സ്‌പീക്കർ ഓൺ ചെയ്തു..

ഹെലോ, മീനൂട്ടി.. ശോഭചേച്ചിയാണ്..

മീനാക്ഷി ഞെട്ടി തരിച്ചുകൊണ്ട് ഫോണിൽ നോക്കി..

മോൾക്ക് ദേഷ്യം ഉണ്ടെന്നു അറിയാം, ചേച്ചിയോട് ക്ഷമിക്കണമ്, വേറെ വഴിയില്ല, അതുകൊണ്ട് ആണ്, ഞാൻ എന്റെ മോളുടെ അടുത്തേക്ക് പോകുവാ, മക്കൾ പറഞ്ഞു അവിടെ നില്കേണ്ടന്നു, മോളും എത്രയും പെട്ടന്ന് രക്ഷപെട്ടോ കുഞ്ഞേ, അവൻ,,ആ, ശ്രീഹരി,,, അല്ലെങ്കിൽ നിന്നെയും വെച്ചേക്കില്ല കെട്ടോ… ഇതും പറഞ്ഞു ഫോൺ കട്ട്‌ ആയി..

മീനാക്ഷിക്ക് തലകറങ്ങുന്നത് പോലെ തോന്നി..

അയാൾ പുറത്തേക്ക് പോയി.. ശ്രീഹരി എന്നാണ് അയാളുടെ പേര് എന്നവൾക്ക് ഇപ്പോളാണ് മനസിലായത്..

ശ്രീഹരി അടുക്കളയിൽ ആണ് പോയതെന്ന് മീനാക്ഷിക്ക് മനസിലായി..

മീനാക്ഷി അങ്ങോട്ട് തല ചെരിച്ചു നോക്കി..

ചായ ഇടുവാൻ ഉള്ള ശ്രമത്തിൽ ആണ് അയാൾ..

താൻ ഇട്ടുകൊടുക്കണോ…. അവൾ ഓർത്തു..

ഓഹ് വേണ്ട എന്നവൾക്ക് തോന്നി….

ചായ ഇട്ടുകൊണ്ട് അവൻ മെല്ലെ അവന്റെ റൂമിലേക്ക് പോയി…

മീനാക്ഷി ആണെങ്കിൽ നിന്നിടത്തു നിന്നതേ ഒള്ളൂ..

കുറച്ചു കഴിഞ്ഞു മീനാക്ഷി ജോലിക്ക് പോകുവാനായി റെഡി ആയി വന്നു..

വേഗം രണ്ട് ദോശ എടുത്തു അവൾ കഴിച്ചു..

അവൾ നോക്കിയപ്പോൾ ശ്രീഹരി കുളി കഴിഞ്ഞു ഇറങ്ങി വരുന്നുണ്ടായിരുന്നു.. ഇന്നലെ കണ്ട ആൾ അല്ലേ ഇതെന്ന് അവൾ ഓർത്തു..

ഇപ്പോൾ ആൾക്ക് ഒരു മനുഷ്യക്കോലം ഒക്കെ ആയി എന്ന് അവൾക്ക് തോന്നി..

അവൻ ഹാളിൽ ഇറങ്ങി വന്നു ടീവി ഓൺ ചെയ്തു ഒരു കസേരയിൽ ഇരുന്ന്…

മീനാക്ഷി രണ്ടും കല്പിച്ചു കൊണ്ട് ഒരു പ്ലേറ്റിൽ മൂന്നു ദോശയും ഒരു ബൗളിൽ കുറച്ചു ചട്നിയും എടുത്തുകൊണ്ട് ഡൈനിങ്ങ് ടേബിളിൽ വെച്ചു…

കുടിക്കാനായി ചായയും ചൂടുവെള്ളവും കൂടി അവൾ എടുത്തു വെച്ചിരുന്നു..

അവൾ തിരികെ അടുക്കളയിൽ പോയിട്ട് വന്നപ്പോളേക്കും ശ്രീഹരി ഇരുന്നു ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു..

ഇന്ന് ജോലിക്ക് പോകണോ ഇല്ലയോ എന്ന സംശയം ആണ് മീനാക്ഷിക്ക് പെട്ടന്ന് ഉടലെടുത്തത്..

രാവിലത്തേക്ക് ഉള്ള ഭക്ഷണം മാത്രമേ റെഡി ആയുള്ളൂ..

ഇത്ര പെട്ടന്ന് ഇയാൾ ആഹാരം കഴിക്കുമെന്ന് അവൾ ഓർത്തില്ല…

ഓഹ് തനിക്ക് ഇപ്പോൾ അയാളോട് സഹതാപം തോന്നേണ്ട കാര്യം ഇല്ല എന്നവൾക്ക് തോന്നി, തന്നെയും അല്ലാ ഉച്ചക്ക് വേണമെങ്കിൽ അയാൾ ദോശ കഴിക്കട്ടെ എന്നവൾ ഓർത്തു..

മീനാക്ഷി ബാഗും എടുത്തു പോകുവാൻ ഇറങ്ങി വന്നപ്പോൾ ശ്രീഹരി ഉമ്മറത്തിരിപ്പുണ്ട്..

തന്നോട് ഇത് വരെ മിണ്ടാത്ത സ്ഥിതിക്ക് ഇയാളോട് താൻ ജോലിക്ക് പോകുന്ന കാര്യം പറയേണ്ട എന്നവൾ തീരുമാനിച്ചു..

മീനാക്ഷി, ഞാൻ ഇവിടെ വന്ന കാര്യം തത്കാലം അമ്മ അറിയേണ്ട കെട്ടോ….മീനാക്ഷിയെ നോക്കി അവൻ പറഞ്ഞു..

അവൾ അവനെ ഒന്ന് പാളി നോക്കി, എന്നിട്ട് തല കുലുക്കി..

അപ്പോളേക്കും അവൻ എഴുനേറ്റു അവളുടെ നേർക്ക് വന്നു..

അവൾ പിന്നോട്ട് മാറുവാൻ തുടങ്ങിയതും സ്റ്റെപ്പിൽ നിന്നും വേച്ചു പോയതും ഒരുമിച്ചായിരുന്നു..

തനിക്ക് കണ്ണ് കണ്ടൂടെ.. അവൻ ഒച്ച ഉയർത്തിയപ്പോൾ അവൾ പേടിച്ചു വിറക്കുവാൻ തുടങ്ങി..

അമ്മയോട് പറയേണ്ട…. മനസിലായി കാണുമല്ലോ അല്ലേ.. അവൻ ഒന്നുടെ അവർത്തിച്ചിട്ട് അകത്തേക്ക് കയറി പോയി..

വാതിൽ അടയുന്ന ശബ്ദം മീനാക്ഷി കേട്ടു..

അന്ന് ബാങ്കിൽ ചെന്നപ്പോൾ രണ്ട തവണ രുക്മിണി അമ്മ അവളെ വിളിച്ചിരുന്നു..

അവൾ പക്ഷെ ശ്രീഹരി വന്ന കാര്യം മാത്രം പറഞ്ഞിരുന്നില്ല..

ഇന്നെന്താ മീനാക്ഷി, ഒരു ഉഷാർ ഇല്ലാത്തത് എന്ന് അംബിക മാഡം ചോദിച്ചെങ്കിലും മറുപടിയായി മീനാക്ഷി അത് ചിരിച്ചു തള്ളുകയാണ് ചെയതത്..

എന്നും ജോലികഴിഞ്ഞു ഓടി വരുന്ന മീനാക്ഷിക്ക് അന്ന് ആദ്യമായി കാലുകൾ കുഴഞ്ഞു.

എന്തെങ്കിലും വഴി കണ്ടേ തീരു എന്നവൾ ഓർത്തു..

വീട്ടിൽ എത്തിയ മീനാക്ഷി കാളിംഗ് ബെൽ അടിച്ചു, രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ആണ് വാതിൽ തുറക്കപ്പെട്ടത്…

ശ്രീഹരി തലയിൽ തോർത്തുകൊണ്ട് ഒരു കെട്ടൊക്കെ കെട്ടിവെച്ചിട്ടുണ്ട്..

കാര്യമായ എന്തോ പണിയിൽ ആണ് എന്നവൾക്ക് തോന്നി..

അകത്തേക്ക് കയറിയപ്പോൾ നല്ല മണം വരുന്നുണ്ടായിരുന്നു..

എന്തോ കറി ആണെന്ന് അവൾക്ക് മനസിലായി..

നേരെ റൂമിൽ ചെന്നിട്ട് അവൾ വാതിൽ ലോക് ചെയ്തു..

ഡ്രസ്സ്‌ മാറിയിട്ടിട്ട് അവൾ നേരെ ഹാളിലേക്ക് വന്നു..

ശ്രീഹരി അപ്പോളും അടുക്കളയിൽ ആയിരുന്നു

മുറ്റം എല്ലാം അടിച്ചുവാരി, ഉമ്മറം എല്ലാം തുടച്ചിട്ട് അവൾ കുളിക്കുവാനായി പോയി..

വാതിൽ എല്ലാം ലോക്ക് ചെയ്യുന്നതിൽ അവൾ അതീവ ശ്രദ്ധ ചെലുത്തി..

കുളികഴിഞ്ഞു വിളക്ക് വെച്ച്,നാമം ചൊല്ലുമ്പോൾ ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ടു അവൾ..

അച്ഛൻ ആണ് വിളിക്കുന്നത്…

ഹെലോ അമ്മേ,, ,, അയ്യോ അച്ഛനെന്ത് പറ്റി, അവൾ ശബ്ദമില്ലാതെ കരഞ്ഞു..

ഫോൺ വെച്ചിട്ട് അവൾ വിങ്ങി കരഞ്ഞു..

മീനാക്ഷി, എന്താ പറ്റിയത്, എന്തിന് കരയുന്നത്..

അവിടേക്ക് വന്ന ശ്രീഹരി ചോദിച്ചു..

പെട്ടന്നവൾ ചാടി എഴുനേറ്റു…

അച്ഛന് പെട്ടന്നൊരു നെഞ്ച് വേദന…

ഹോസ്പിറ്റലിൽ ആണ്.. അവൾ പറഞ്ഞു..

തനിക്ക് ഇപ്പോൾ പോകണോ..? അവൻ ആരാഞ്ഞു..

നാളെ പോയ്കോളാം,, അവൾ മറുപടി കൊടുത്തു..

ഇയാൾ ഭക്ഷണം കഴിച്ചിട്ട് കിടന്നോളു,,, അതും പറഞ്ഞിട്ട് ശ്രീഹരി പുറത്തേക്ക് പോയി..

പക്ഷെ മീനാക്ഷിക്ക് ഒന്നും കഴിക്കുവാൻ പറ്റില്ലായിരുന്നു..

അച്ഛനെ കുറിച്ച് ഓർത്തപ്പോൾ ആകെ സങ്കടം ആയി.. ഇത്തവണ വിളിച്ചപ്പോൾ അമ്മ അച്ഛന്റെ കൈയിൽ ഫോൺ കൊടുത്തു, അച്ഛനോട് സംസാരിച്ചപ്പോൾ മനസിന് സ്വസ്ഥത കിട്ടിയത്..

അവൾ തന്റെ മുറിയിൽ കയറി വാതിൽ ചാരി ഇട്ട് ഇരിക്കുക ആണ്….

ശ്രീഹരി എന്തിനാണ് ആ പെൺകുട്ടിയെ അങ്ങനെ ചെയ്തത്, ഇയാളെ കണ്ടിട്ട് അങ്ങനെ തോന്നുന്നേ ഇല്ല,,, ഒരുപക്ഷെ അവൾ ഇയാളുമായി സ്നേഹത്തിൽ ആയിരുന്നോ, ആ പെൺകുട്ടി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ, ഉണ്ടെങ്കിൽ അത് എവിടെയാണ്,,,,, നൂറായിരം ചോദ്യങ്ങൾ മീനാക്ഷിയുടെ മനസ്സിൽ അലയടിച്ചു വന്നു..

ഓരോന്ന് ഓർത്തു കൊണ്ടു അവൾ ഇരിക്കുകയാണ്…

കുറച്ചു കഴിഞ്ഞപ്പോൾ അവൾ മയങ്ങി പോയി…

ആരോ മുറിയിലേക്ക് കയറിവരുന്നതായി അവൾക്ക് പെട്ടന്ന് തോന്നി..

പെട്ടന്ന് അവൾ കണ്ണ് തുറന്നതും ശ്രീഹരി മുൻപിൽ..

അവൻ മേശയുടെ അരികിലായി തിരിഞ്ഞു നിന്നു എന്തോ ചെയ്യുകയാണ്,,ലൈറ്റ് ഓഫ് ചെയുവാൻ തുടങ്ങുവാണോ…..

അവൾ ചാടി എഴുനേറ്റു,,,

അവന്റെ പുറത്തു ആഞ്ഞു കടിച്ചിട്ട് പുറത്തേക്ക് ഓടാനായി ഭാവിച്ചതും അവൻ മറുകൈകൊണ്ട് അവളെ തള്ളി കട്ടിലിലേക്ക് ഇട്ടതും ഒരുമിച്ചായിരുന്നു….

എന്നെ ഒന്നും ചെയ്യല്ലേ….. മീനാക്ഷി അവന്റെ നേർക്ക് കിടന്നുകൊണ്ട് കൈകൾ കൂപ്പി..

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി …

പ്ലീസ്,…

പുറം .തിരുമ്മിക്കൊണ്ട് അവൻ അവളെ നോക്കി….

എന്നിട്ട് പുറത്തേക്ക് ഇറങ്ങി പോയി..

മീനാക്ഷി കണ്ണുതുടച്ചുകൊണ്ട് എഴുനേറ്റു..

നോക്കിയപ്പോൾ മേശയിൽ ഒരു പ്ലേറ്റിൽ ചോറും കറികളും ഇരിക്കുന്നു..

അവൾ കഴിക്കാതെ കിടന്നത്കൊണ്ട് അവൻ കൊണ്ടുവന്നു എല്ലാം വെച്ചതായിരുന്നു…

ഈശ്വരാ,,,, എന്ത് കഷ്ടം ആയിപോയി…

ഛെ, നാണക്കേട്….അയാൾ എന്ത് വിചാരിച്ചുകാണും..

നല്ല വിശപ്പ്… അവൾ വേഗം കൈകഴുകി ചോറ് മുഴുവനും കഴിച്ചു…

പാത്രം കൊണ്ടു വെയ്ക്കാനായി അടുക്കളയിലേക്കു പോകുവാൻ അവൾക്ക മടി തോന്നി..

ശ്രീഹരി എങ്ങാനും താഴെ കാണുമോ…

അവൾ അത് കഴുകി മേശയിൽ വെച്ചിട്ട്, കട്ടിലിൽ കിടന്നു…

നാളെ എങ്ങനെ ശ്രീഹരിയുടെ മുഖത്ത് നോക്കും,,,

കഷ്ടം ആയിപോയി…

************************

കാലത്തെ തന്നെ മീനാക്ഷി ഉണർന്നു…

നാട്ടിലേക്ക് പോകാൻ ആയി ഉള്ള തയ്യാറെടുപ്പിൽ ആണ് മീനാക്ഷി..

ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി..

രണ്ട് ദിവസം അവധി എടുത്തു, രുക്മിണ് അമ്മയെ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു..

അപ്പോളേക്കും ശ്രീഹരി എഴുനേറ്റ് വന്നത്..

അവന്റെ മുഖത്ത് നോക്കുവാൻ അവൾക്ക് ജാള്യത തോന്നി…

ഇയാൾ നാട്ടിൽ പോകുവാൻ റെഡി ആയോ? ശ്രീഹരി അവളേ നോക്കി..

അവൾ തലയാട്ടി…

അവനു കഴിക്കാനായി അപ്പവും വെജിറ്റബിൾ കറിയും അവൾ എടുത്തു വെച്ചിരുന്നു..

ഉള്ളിത്തീയൽ ഉണ്ടാക്കി വെച്ചിട്ടുണ്ട്, ചേന മെഴുകുവരട്ടിയും, കാബ്ബജ് തോരനും ഇരിപ്പുണ്ട്, കുറച്ചു ഫ്രിഡ്ജിലും എടുത്തു വെച്ചിട്ടുണ്ട്.. അവൾ പറഞ്ഞു..

അതൊന്നും സാരമില്ല, ഇയാൾ പോയിട്ട് വരൂ…

അവൻ അവളോട് പറഞ്ഞു..

ഇന്നലെ അങ്ങനെ സംഭവിച്ചത്,,, ഞാൻ മനപ്പൂർവം അല്ല, സോറി,,,

അവൻ തിരിച്ചെന്തെങ്കിലും പറയും മുൻപേ അവൾ ഓടി അകത്തേക്ക് പോയി…

അര മണിക്കൂർ കഴിഞ്ഞപ്പോൾ മീനാക്ഷി പോകുവാൻ റെഡി ആയി വന്നു.. ഓറഞ്ച് നിറം ഉളള സൽവാർ ആണ് വേഷം,

ശ്രീഹരി എവിടെ? അവൾ ചുറ്റിലും നോക്കി..

മുറ്റത്തു നട്ടിരിക്കുന്ന കുറ്റിമുല്ലയും മന്ദാരവും ഒക്കെ നട്ടു നനക്കുകയാണ് അവൻ.. ഇളം മഞ്ഞ നിറം ഉള്ള ഒരു ഷർട്ട്‌ ഇട്ടുകൊണ്ട് പിന്തിരിഞ്ഞു നിൽക്കുകയാണ്…

ഞാൻ പോയിട്ട് വരാം.. അവൾ പറഞ്ഞപ്പോൾ ശ്രീഹരി കൈ കഴുകിയിട്ടു അവളുടെ അടുത്തേക്ക് വന്നു..

ഇതാ, ഇത് വെച്ചോളൂ… അവൻ കുറച്ചു നോട്ടുകൾ അവളുടെ നേർക്ക് നീട്ടി..

അയ്യോ വേണ്ട, എന്റെ കൈയിൽ ഉണ്ട്.. അവൾ ചുമലുകൊണ്ട് പിന്നോട്ട് ചലിച്ചു…

അത് സാരമില്ല, ഇയാൾ ഒരു വഴിക്ക് പോകുന്നത് അല്ലേ..

അവൻ നിർബന്ധിച്ചപ്പോൾ മനസില്ലാമനസോടെ അവളത് മേടിച്ചു..

കാരണം അവളുടെ കൈയിൽ കാശും കുറവായിരുന്നു…

ശ്രീഹരിയോട് യാത്ര പറഞ്ഞിട്ട് അവൾ റോഡിലേക്ക് ഇറങ്ങി..

ഒന്ന് തിരിഞ്ഞു നോക്കണം എന്നവൾക്ക് തോന്നി….

നോക്കിയപ്പോൾ ശ്രീഹരി വീടിന്റെ അകത്തേക്ക് കയറിപോകുന്നതാണ് അവൾ കണ്ടത്

തുടരും…

(എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയണേ ലൈക്ക് ഷെയർ ചെയ്യണേ…)

രചന : ഉല്ലാസ് OS