ഗ ർഭിണിയായ അ വൾക്ക് വെച്ചുണ്ടാക്കി കൊടുക്കാനും സുസ്രൂഷിക്കാനും എനിക്ക് വ യ്യ…..

രചന : മഹാദേവൻ

“ഞാൻ അപ്പഴേ പറഞ്ഞതല്ലേ സഞ്ജുട്ടാ… ഇപ്പോൾ ഇതൊന്നും വേണ്ടെന്ന്. ഇനി അവളെ നോക്കാൻ ഈ വയ്യാത്ത ഞാൻ ഓടണ്ടേ? അവളെപോലെ ഓടിനടക്കാൻ പറ്റിയ പ്രായാണോ എന്റെ?

ഇപ്പോൾ ആണേൽ ഇതങ്ങു കളയാം.. കുറച്ച് കൂടി വൈകിയാൽ പിന്നെ അതിനും പറ്റാണ്ടാവും.

പറഞ്ഞില്ലെന്ന് വേണ്ട ”

വേദ ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ നാഴികയ്ക്ക് നാല്പതു വട്ടം പറഞ്ഞോണ്ടിരിക്കുന്ന ഒറ്റ കാര്യമായിരുന്നു അത്.

വിവാഹം കഴിഞ്ഞുള്ള നാല് വർഷക്കാലം ഓരോ മാസവും പ്രതീക്ഷയുടെ ആയിരുന്നു.

മാസമുറ ഇടക്കൊന്നു തെറ്റിയാൽ രണ്ട് ചുവന്നവരകൾ തെളിയുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന നിമിഷങ്ങൾ .

ഒറ്റ വരയ്ക്കപ്പുറം ശൂന്യത മനസ്സിനെ മൂകമാക്കുമ്പോൾ ഞാൻ അവളെ ചേർത്തുപിടിക്കും.

” സാരമില്ല പെണ്ണെ, എല്ലാത്തിനും ഒരു സമയമുണ്ടല്ലോ. ” എന്ന് പറഞ്ഞ് അവളുടെ വാടിയ മുഖം കൈകുമ്പിളിൽ ചേർത്തു ചുംബിക്കുമ്പോൾ അവൾ ഞെഞ്ചിലേക്ക് ചായും ” ഒരു കുഞ്ഞിന്റെ അമ്മയാവാനുള്ള ഭാഗ്യം എനിക്കില്ലേ ഏട്ടാ ” എന്നും ചോദിച്ചുകൊണ്ട്.

ഇന്നിപ്പോൾ അവൾ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷത്തോടെ ആണ് അമ്മയോട് പറയുന്നത്. അപ്പോൾ മുതൽ അമ്മ പറയുന്നത് വീട്ടിലെ പണികളെ കുറിച്ച് മാത്രമായിരുന്നു.

” വേദ കൂടി അനങ്ങാതെ ഇരുന്നാൽ പിന്നെ വായു ഭക്ഷിക്കുമോ ഇവിടെ ഉള്ളോർ? ”

അമ്മ പലപ്പോഴും ആ ചോദ്യം ആവർത്തിക്കുമ്പോൾ വല്ലാത്ത വിഷമം ഉണ്ടായിരുന്നു മനസ്സിൽ.

ഒന്നല്ലെങ്കിൽ ഇത്രേം കാലത്തിനു ശേഷം വീട്ടിൽ ഒരു കുഞ്ഞുണ്ടാകാൻ പോകുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ട ആളാണ് ഇപ്പോൾ കുഞ്ഞിനെ കളയാൻ പറയുന്നത്.

മകന്റെ ജീവിതത്തിലെ സന്തോഷത്തേക്കാൾ കൂടുതൽ മരുമോളെ ആ വീടിനുള്ളിൽ എങ്ങനെ വീർപ്പുമുട്ടിക്കാം എന്ന് മാത്രം ചിന്തിക്കുന്ന അമ്മ ഇതല്ല ഇതിനപ്പുറവും പറയുമെന്ന് അറിയാമെങ്കിലും ഞാൻ മൗനം പാലിക്കുകയായിരുന്നു.

” ഇത്രേം നാൾ കാത്തിരുന്ന് അവൾ ഒരു അമ്മയാകാൻ പോകുന്ന സന്തോഷത്തിൽ ഇരിക്കുമ്പോൾ ഇത് വേണ്ട, കളയാമെന്ന് പറയണമെന്നാണോ അമ്മ പറയുന്നത്?

നല്ല കാര്യം..

ഒരു അച്ഛനാകാൻ പോകുന്ന നിമിഷങ്ങളെ സ്വപ്നം കണ്ടിരിക്കുന്ന എന്നോട് തന്നെ അമ്മ ഇത് പറയണം.

ഇതിലും ഭേദം അമ്മ അന്ന് എന്നെ ഗർഭിണി ആയിരുന്നപ്പോൾ ഇതുപോലെ കളഞ്ഞാൽ മതിയായിരുന്നു. ”

വാക്കുകളിൽ നീരസവും മനസ്സിന്റെ വിഷമവും പറയുമ്പോൾ അമ്മയുടെ മുഖത്തു യാതൊരുവിധഭാവവും ഇല്ലായിരുന്നു.

” അമ്മയ്ക്ക് ഇവിടെ പണി നടന്നാൽ പോരെ.

അത് അവള് തന്നെ ചെയ്യണമെന്ന് ഒന്നും ഇല്ലല്ലോ..

ഞാൻ കുറച്ചു ദിവസം ആ രാധേച്ചിയോട് പണിക്ക് വരാൻ പറയാം.. അതാകുമ്പോൾ അറിയുന്ന ആളുമല്ലേ. ”

അമ്മയിൽ നിന്നും നല്ല ഒരു മറുപടി പ്രതീക്ഷിച്ചാണ് അത് പറഞ്ഞതെങ്കിലും അമ്മയത് മുഖവിലയ്‌ക്കെടുക്കുന്ന മട്ടിലായിരുന്നു.

” അങ്ങനെ കണ്ണിൽ കണ്ടവനൊക്കെ വീട്ടിൽ കേറി നിരങ്ങുന്നത് എനിക്ക് ഇഷ്ടമല്ലെന്ന് അറിഞ്ഞൂടെ നിനക്ക്. അവരൊക്കെ എത്ര ചെയ്താലും എനിക്ക് തൃപ്തി ആകില്ല. പണ്ടൊക്കെ വീടിന്റ പുറത്ത് നിന്നവളുമാരാ.. ഇപ്പോൾ അവറ്റകൾ വെച്ചുണ്ടാക്കി തന്നത് കഴിക്കേണ്ട ഗതികേട് ഒന്നും എനിക്ക് വന്നിട്ടില്ല. നിന്റ കുട്ടിയെ കളയണം എന്നൊന്നും നിർബന്ധം പിടിച്ചതല്ല ഞാൻ. അവൾ ഗർഭിണി ആയെന്ന് കരുതി അവൾക്ക് വെച്ചുണ്ടാക്കി കൊടുക്കാനും അവളെ ശിസ്രൂഷിക്കാനും എനിക്ക് വയ്യന്നെ പറഞ്ഞുള്ളൂ.

അതിപ്പോ അവള് തന്നെ എല്ലാ പണിയും കണ്ടറിഞ്ഞു ചെയ്താൽ തീരാവുന്നതല്ലേ ഉളളൂ ഈ പ്രശ്നങ്ങൾ.

അല്ലാതെ…… ”

അമ്മ വാക്കുകൾ മുഴുവനാക്കാതെ അർത്ഥം വെച്ചു നോക്കുമ്പോൾ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ ആയിരുന്നു എനിക്ക്.

അത് മാത്രമല്ല, ഇപ്പോഴും ജാതീയതയും തൊട്ടുതീണ്ടലുമൊക്കെ അമ്മ കൊണ്ടുണ്ടാക്കുന്നല്ലോ എന്നോർക്കുമ്പോൾ മനസ്സിൽ ദേഷ്യം വരുന്നെങ്കിലും ഒന്നും പുറത്ത് കാണിച്ചില്ല.

” എന്റെ അമ്മേ, അങ്ങനെ ഒക്കെ പറഞ്ഞാൽ എങ്ങനാ കാര്യങ്ങൾ നടക്കുന്നത്. കുറച്ചു വൈകിയുള്ള ഗര്ഭധാരണം ആയത് കൊണ്ട് തന്നെ വളരെ ശ്രദ്ധിക്കണം എന്നാണ് ഡോക്ടർ പറഞ്ഞത്.

ഈ അടുത്ത മാസങ്ങള് ശരീരം കൂടുതൽ അനങ്ങാതെ നോക്കണം, കനം തൂക്കരുത്. റസ്റ്റ്‌ കൊടുക്കണം എന്നൊക്ക പറഞ്ഞവളെ കൊണ്ട് ഈ വീട്ടിലെ മുഴുവൻ പണിയും എടുപ്പിക്കണം എന്ന് പറയാൻ അമ്മയ്ക്ക് എങ്ങനെ തോന്നി ” എന്ന് നീരസത്തോടെ ചോദിച്ച എന്നോട് അമ്മ പുച്ഛത്തോടെ പറയുന്നുണ്ടായിരുന്നു

” ഓഹ്… ഇവിടെ ഞാനും രണ്ട് പെറ്റതാ.

അന്നൊന്നും ഇല്ലാത്ത വേദനയാ ഇന്നത്തെ പെണ്ണുങ്ങൾക്ക്. വീർത്ത വയറും വെച്ച് ആ കാലത്ത് ഞങ്ങൾ ഓടിയത് ഓർക്കുമ്പോൾ ഇന്നുള്ള പെണ്ണുങ്ങൾക്ക് ഒക്കെ സുഖമല്ലേ.

ഇപ്പോൾ എന്താ ഗർഭിണി ആയാൽ അന്ന് തുടങ്ങും റസ്റ്റ്‌. കൂടെ പിന്നാലെ നടന്ന് കഴിപ്പിക്കാനും കുടിപ്പിക്കാനും എന്റെ മോനെ പോലെ കുറെ അച്ചികൊന്തൻന്മാരും. ”

അമ്മയുടെ കളിയാക്കൽ കേട്ട് വല്ലാത്ത അരിശം വന്നെങ്കിലും വന്ന ദേഷ്യത്തിന് വല്ലതും പറഞ്ഞാൽ പിന്നെ വേണ്ടായിരുന്നു എന്ന് തോന്നിയിട്ട് കാര്യമില്ലല്ലോ എന്നോർത്തു മിണ്ടാതെ നിന്നു.

അമ്മ അകത്തേക്ക് പോകുമ്പോൾ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഒരു പോംവഴി ആയിരുന്നു ഞാൻ ആലോചിച്ചത്.

എന്തൊക്ക പറഞ്ഞാലും അമ്മയുടെ തലയിൽ കേറില്ലെന്ന് മാത്രമല്ല, നട്ടല്ലില്ലാത്തവനായും അച്ചികോന്തനായും അവരിധിക്കപെടുമെന്ന ഉറപ്പുള്ളതിനാൽ എന്ത് ചെയ്യുമെന്ന് ആലോചിച്ചു തല പുകയ്ക്കാൻ തുടങ്ങി ഞാൻ.

അമ്മയുടെ സ്വഭാവം അറിയുന്നത് കൊണ്ട് തന്നെ ഓരോ പണിയും വയ്ക്കും പോലെ ചെയ്യുന്ന അവളെ സഹായിക്കാൻ ഞാനും കൂടി.

അകത്തേക്ക് കേറാൻ അല്ലെ രാധേച്ചിക്ക് തീണ്ടലുള്ളു, പുറത്തെ പണികൾക്ക് ഒരു സഹായമാകുമല്ലോ എന്ന് കരുതി അമ്മയോട് ചോദിക്കാതെ പുറംപണിക്ക് വെച്ചെങ്കിലും ഇടയ്ക്ക് കേറിപിടിച്ച ഇടുപ്പ് വേദന അകംപണിക്കും വേദയ്ക്ക് ചെയ്യാൻപറ്റാണ്ടാക്കി.

അടിച്ചുവരാനും തുടയ്ക്കാനും കുമ്പിടാൻ പറ്റാത്ത അവസ്ഥ.

അവളുടെ അവസ്ഥ കണ്ട് രാധേച്ചിയോട് അലക്കാൻ പറഞ്ഞപ്പോൾ അമ്മയ്ക്ക് അതങ്ങ് പിടിച്ചില്ല.

എന്നാൽ പിന്നെ ഒരു വാഷിങ്മെഷീൻ വാങ്ങാമെന്ന് പറഞ്ഞ് ഞാൻ ഇറങ്ങുമ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു

” നീ എന്ത് കുന്ത്രണ്ടാം വാങ്ങിയാലും ശരി എന്റെ തുണികൾ കല്ലിലിട്ട് അലക്കിയാൽ മതി.

വാഷിങ്മെഷീനിൽ ഇട്ട് അലക്കിയാൽ ചെളിയും പോകില്ല, വൃത്തീം ആവില്ല.. പെട്ടന്ന് തുണികൾ പിഞ്ഞുപോകേം ചെയ്യും..

അതുകൊണ്ട് കല്ലിൽ തല്ലിഅലക്കിയാൽ മതി കെട്ടിലമ്മ. ” എന്ന്.

അവളുടെ വയ്ക്കായ്ക കണ്ടില്ലെന്നു നടിക്കുന്ന അമ്മയുടെ പ്രവർത്തി വേദനിപ്പിക്കുമ്പോ അതിനേക്കാൾ വിഷമം തോന്നിയത് ശരീരം സമ്മതിക്കുന്നില്ലെങ്കിലും ആവുന്നപോലെ വലിക്കുന്ന വേദയുടെ അവസ്ഥ കണ്ടായിരുന്നു.

അവളെ സഹായിക്കാൻ പലപ്പോഴും ലീവ് എടുത്ത് വീട്ടിൽ നിൽകുമ്പോൾ അതവൾക്ക് ഒരു ആശ്വാസം ആയിരുന്നു.

അമ്മയ്ക്ക് പറയാൻ ” അച്ചികോന്തന്റെ ശുഷ്‌ക്കാന്തിയും “.

ഏഴാംമാസം കൂട്ടികൊണ്ടുപോകാൻ അവളുടെ വീട്ടുകാർ വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ അമ്മ വെറുതെ ഒന്ന് തല കുടഞ്ഞു.

” ഇനിപ്പോ എന്റെ ശല്യം ഉണ്ടാകില്ലല്ലോ അല്ലെ…

ന്തായാലും ചടങ്ങുകൾ നടക്കട്ടെ. പിന്നെ കൂട്ടികൊണ്ടുപോയെന്നും വെച്ച് പ്രസവവും തൊണ്ണൂറും കഴിയുന്നത് വരെ അവിടെ നിർത്തൊന്നും വേണ്ട.

കൂട്ടികൊണ്ടായാൽ ഒരാഴ്ച കഴിഞ്ഞ് ഇങ്ങോട്ട് തന്നെ കൊണ്ടൊരെ. പിന്നെ പെറാൻ സമയത്ത് പോയാൽ മതിലൊ. ”

അമ്മ പറയുന്നത് കേട്ട് അന്ന് ഞാൻ ഒന്ന് ചിരിച്ചു.

മറുത്തൊനും പറയാതെ..

അവളെ കൂട്ടികൊണ്ട് പോകാൻ അവളുടെ വീട്ടുകാർ വന്നപ്പോൾ അവർക്ക് മുന്നിൽ വേദയെ ചേർത്തുപിടിക്കുന്ന അമ്മയെ അത്ഭുതത്തോടെ ഞാൻ നോക്കി.

” എന്റെ സ്വന്തം മോളെ പോലെയാ ഞാൻ ഇവളെ നോക്കിയത്. പെട്ടന്ന് ഇവള് പോവാന്നു പറയുമ്പോൾ… ” അതും പറഞ്ഞമ്മ കണ്ണുകൾ തുടയ്ക്കുന്നത് കണ്ട് ഞാൻ അമ്പരന്നു.

” അതുകൊണ്ട് കൊണ്ടോയിട്ട് ഒരാഴ്ച കഴിഞ്ഞാൽ ഇങ്ങോട്ട് തന്നെ കൊണ്ടാക്കിയേക്കണം. ഇവളെ കാണാതെ എത്ര നാളെന്ന് വെച്ചാ ഞാൻ ഒറ്റയ്ക്ക് ഇവിടെ. ”

അമ്മയുടെ വാക്കുകളും നിറയുന്ന കണ്ണുകളും അത്ഭുതത്തോടെ നോക്കുമ്പോൾ ഞാൻ അറിയാതെ ചിരിച്ചുപോകുമോ എന്നൊരു പേടി ഉണ്ടായിരുന്നു.

ആ സമയത്ത് ചിരിച്ചാൽ മോശമല്ലേ.

പോകാൻ നേരം അമ്മയുടെ അനുഗ്രഹം വാങ്ങി ഇറങ്ങുമ്പോൾ അവൾക്കൊപ്പം ഇറങ്ങുന്ന പെട്ടികൾ കണ്ട് അമ്മയുടെ കണ്ണുകൾ മിഴിയുന്നത് ഞാൻ കണ്ടു.

” ഇതെന്തിനാ ഇതെല്ലാം കൊണ്ട് പോകുന്നത്, ഒരാഴ്ച കഴിഞ്ഞാൽ ഇതൊക്കെ ഇങ്ങോട്ട് തന്നെ ഏറ്റെണ്ടതല്ലേ ” എന്ന് ജിത്ന്യാസയോടെ ചോദിക്കുന്ന അമ്മയോട് ആദ്യമായി അവൾ ഒരു മറുവാക്ക് പറയുന്നത് ഞാൻ കണ്ടു.

” ഇല്ലമ്മേ, ഇനി അങ്ങനെ ഒരു വരവില്ല. ഞാൻ ജീവിച്ചത് പഴയകാലത്തല്ലാത്തത് കൊണ്ട് എനിക്ക് അമ്മയെ പോലെ ഒന്നും വശമില്ല. ഒരു പിന്നെ ഗർഭിണി ആയിരിക്കുമ്പോൾ ആ കുഞ്ഞിനെ കളയാൻ പറയുന്നത് മുതൽ ഇതുവരെ കഷ്ട്ടപ്പെടുത്തിയതൊക്കെ തന്നെ ധാരാളം.. ഇത്രേം ചെയ്തിട്ടും ഒന്നും പറയാതിരുന്നത് അമ്മ എന്ന് മാത്രം മനസ്സിൽ കൊണ്ട് നടന്നത് കൊണ്ടാണ്.

പിന്നെ അമ്മ പറഞ്ഞ പോലെ സ്വന്തം മകളെ പോലെ എന്നെ കാണുന്നത് കൊണ്ട് ഞാൻ അനുഭവിച്ച സുഖം എന്റെ വീട്ടുകാർക്ക് മനസ്സിലായിട്ടുണ്ടാകില്ല.

വെറുതെ അഭിനയിച്ചു കുളമാക്കി അവരെ കൂടി അറിയിക്കാതെ എന്നെ ഒന്ന് നല്ല മനസ്സോടെ അനുഗ്രഹിച്ചാൽ സന്തോഷത്തോടെ എനിക്ക് ഇറങ്ങാമായിരുന്നു.

ഇനി ഒരു വരവ് ഇല്ലെന്ന ഉറപ്പിൽ ”

അവളുടെ വാക്കുകൾ കേട്ട് അമ്മ എന്നെ അമർഷത്തോടെ നോക്കുമ്പോൾ ഞാൻ കൈമലർത്തി.

” കെട്ടിയവന് കരുത്തുണ്ടെൽ പെണ്ണ് സ്വന്തമായി ഒന്നും തീരുമാനിക്കില്ല.. അതെങ്ങനാ സാരിത്തുമ്പിൽ കെട്ടിയിട്ടേക്കുവല്ലേ ” എന്ന് മുഖഭാവം കൊണ്ട് പറയുന്ന അമ്മയുടെ മുഖത്തേക്ക് നോക്കുമ്പോൾ എനിക്ക് ഓർമ്മ വന്നത് എന്റെ അച്ഛനെ ആയിരുന്നു..

” പാവം അച്ഛൻ…. !”

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : മഹാദേവൻ