അഷ്ടപദി തുടർക്കഥയുടെ ആറാം ഭാഗം വായിക്കൂ…

രചന : ഉല്ലാസ്

പിന്നീടുള്ള ദിവസങ്ങളിൽ ഒന്നും മീനാക്ഷിയും ശ്രീഹരിയും അധികം സംസാരിച്ചിരുന്നില്ല…

ശ്രീഹരിക്ക് അറിയാം അവൾക്ക് നന്നായി വിഷമം ഉണ്ടെന്നു.. അതിനേക്കാൾ അവൾ തന്നെ സ്നേഹിക്കുന്നുണ്ടെന്നും അവനു അറിയാം…

പക്ഷേ അവൻ കൂടുതൽ ഒന്നും ചോദിക്കുവാനോ പറയുവാനോ പോയില്ല .

അമ്മ വന്നതിനുശേഷം അവളെ ഇവിടെ നിന്നും പറഞ്ഞു അയക്കാം എന്നവൻ ഓർത്തു..

ശ്രീയേട്ടാ,,, അമ്മ നാളെ അവിടെന്നു തിരിക്കും

ഇന്ന് ഉച്ചക്ക് എന്നെ വിളിച്ചു പറഞ്ഞതാണ്…

ഓഫീസിൽ നിന്ന് തിരികെ എത്തിയതും മീനാക്ഷി വേഗം ശ്രീഹരിയുടെ മുറിയിലേക്ക് ചെന്നു..

പെട്ടന്നു അവളെ മുൻപിൽ കണ്ടതും ശ്രീഹരി കൈയിൽ ഇരുന്ന ആൽബം എവിടെ ഒളിപ്പിക്കണം എന്നറിയാൻ കഴിയാതെ വിഷമിച്ചു..

അമ്മ എപ്പോളാണ് വിളിച്ചത്,,, അവൻ ഒരുതരത്തിൽ ചോദിച്ചു..

ഇന്ന് ഉച്ചക്ക്…മറുപടി പറയുമ്പോൾ അവളുടെ ശ്രദ്ധ മുഴുവൻ അവന്റെ കൈയിൽ ഇരിക്കുന്ന ആൽബത്തിൽ ആയിരുന്നു….

ആരുടെ ആൽബം ആണ് ശ്രീയേട്ടാ ഇത്…. അവൾ അവനെ നോക്കി,,

ഒന്നും മറച്ചു വെയ്‌ക്കേണ്ടതില്ല ഇവളോട് എന്ന് അവനു തോന്നി..

അവൻ അത് സാവധാനത്തിൽ അവൾക്ക് നേർക്ക് നീട്ടി..

വിറയ്ക്കുന്ന കൈകളോടെ മീനാക്ഷി അത ശ്രീഹരിയിൽ നിന്നും മേടിച്ചു..

കണ്ണുകളുടെ കാഴ്ച മറയുന്നതുപോലെ തോന്നി മീനാക്ഷിക്ക്

ശ്രീഹരി വെഡ്സ് ഹിമ…. എന്നു വലിയ അക്ഷരത്തിൽ എഴുതിയ ഒരു കല്യാണ ആൽബം ആയിരുന്നു അത്..

ശ്രീയേട്ടന്റെ അരികത്തായി അതീവ സുന്ദരിയായ ഒരു യുവതി….പൊന്നിൽ കുളിച്ചാണ് നിൽക്കുന്നത്,

അടുത്ത് നിൽക്കുന്നതെല്ലാം പ്രൗഢിയോടുകൂടിയ ആളുകൾ, ഏതൊക്കെയോ വിശിഷ്ടവ്യക്തികൾ,

പല തരത്തിലുള്ള ഫോട്ടോസ്

അതിമനോഹരമായ ആ ഫോട്ടോസ് എല്ലാം നോക്കി കണ്ടു മീനാക്ഷി..

ശ്രീയേട്ടന് നന്നായി ചേരുന്ന ഒരു സുന്ദരി,,

മീനാക്ഷിക്ക് ഉള്ളിൽ ഒരു സങ്കടപെരുമഴ മനസ്സിൽ ആർത്തലച്ചു നിൽക്കുന്നു,

മുഴുവനും കണ്ടതിനു ശേഷം അവൾ അത് മടക്കി അവന്റെ കൈയിൽ കൊടുത്തു..

എന്തൊക്കെയോ അവൾക്ക് ചോദിക്കണം എന്നുണ്ട്

പക്ഷേ സങ്കടം കാരണം ഒന്നും പുറത്തേക്ക് വരുന്നില്ല..

എവിടെ എങ്കിലും വീണുപോകുമോ എന്ന് ആണ് അവൾ കുടുതൽ ഭയപ്പെട്ടത്..

എന്റെ വിവാഹം കഴിഞ്ഞതാണ്, ഭാര്യ ഹിമ

കണ്ടില്ലേ……. അവൻ ചോദിച്ചു..

അവൾ തലയാട്ടി..

മീനാക്ഷി ഇവിടെ ഇരിക്കു…

അവൾ ഒട്ടും പ്രതീക്ഷിക്കാതെ അവൻ അവളെ തന്റെ കട്ടിലിൽ പിടിച്ചിരുത്തി..

എന്നിട്ട് അവൻ മെല്ലെ എഴുനേറ്റു.. ജനാലക്ക് അടുത്തേക്ക് ചെന്നു നിന്നു..

ആകാശത്തു കാർമേഘം ഉരുണ്ടു കൂടി വന്നു..

ചെറിയ കാറ്റും വീശുന്നുണ്ട്, നല്ല മഴക്കാണെന്നു തോന്നുന്നു..

എന്റെ വിവാഹം കഴിഞ്ഞ ദിവസവും ഇതുപോലെ നല്ല മഴയായിരുന്നു..

അവൻ അത് പറഞ്ഞുകൊണ്ടു ജനാലയിൽ കൂടി പുറത്തേക്ക് നോക്കി….

പണ്ട്,,,, എന്റെ കുട്ടിക്കാലത്തു മഴ എന്നു കേട്ടാൽ വലിയ സന്തോഷം ആയിരുന്നു..

മഴ പെയ്യുവാൻ തുടങ്ങുമ്പോൾ ഞാൻ അമ്മയുമായി വാശിപിടിച്ചു നിറയെ ചെറു വള്ളങ്ങൾ ഉണ്ടാക്കും,

എന്നിട്ട് വീടിന്റെ അടുത്ത് കാണുന്ന പാടത്തിന്റെ നടുക്കുള്ള വലരിയിൽ കൊണ്ടുപോയി ഒഴുക്കും..

അപ്പുറത്തെ വീട്ടിലെ ഡെന്നിസും കാണും എനിക്ക് കൂട്ടിനു..

ചാറ്റൽമഴയത് വള്ളം ഉണ്ടാക്കി കളിച്ചിട്ട് ഞാനും ഡെന്നിസുംകൂടി വീട്ടിൽ എത്തുമ്പോൾ അമ്മ നല്ല ചൂടുള്ള പഴംപൊരി ഉണ്ടാക്കി വെയ്ക്കും..

നമ്മൾ കൗമാരത്തിൽ എത്തുമ്പോൾ മഴയും കൗമാരക്കാരിയാകും..

ഇടയ്ക്കു ആർത്തു പെയ്യാൻ വെമ്പി വന്നിട്ട് ഒന്ന് തുള്ളികളിച്ചു ഓടിമറയും…

മീനാക്ഷിയെ പോലുള്ള നാട്ടിന്പുറത് വളർന്ന പെൺകുട്ടികൾ കൊലുസിന്റെ കൊഞ്ചൽ കേൾപ്പിച്ചുകൊണ്ട് ഓടിമറയില്ലേ, അതുപോലെ…

മഴയോട് എന്നും എനിക്ക് പ്രണയമായിരുന്നു..

ആ മഴയുടെ ശ്രുതി ഞാൻ വെറുത്തു പോയി…

അവനിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ടെന്നു അവൾക്ക് ഉറപ്പായി..

ഹയർ സ്റ്റഡീസിന് ഞാൻ ഡൽഹിക്ക് ആണ് പോയത്..

ഡൽഹിയിൽ പോയി എംബിഎ ചെയ്തതിനു ശേഷം ഞാൻ നാട്ടിൽ എത്തി..

അച്ഛന്റെ കൂടെ ബിസിനെസ്സിൽ സഹായിച്ചുകൊണ്ട് കുറച്ചു നാൾ ഇവിടെ നിന്നതിനു ശേഷം പുറത്തേക്ക് പോകാം എന്നാണ് ഞാൻ തീരുമാനിച്ചിരുന്നത്..

അങ്ങനെ ഞാനും അച്ഛന്റെ ഒപ്പം പോകുവാൻ തുടങ്ങി

ഒരുപാട് ശതൃക്കൾ അച്ഛന് ചുറ്റും ഉണ്ടെന്നു അച്ഛന്റെ ബിസിനെസ്സ് രംഗത്തേക്ക് ഞാൻ കൂടി പ്രവേശിച്ചു കഴിഞ്ഞാണ് ഞാൻ മനസിലാക്കിയത്…

ആദ്യം ഒക്കെ എനിക്ക് നല്ല ഭയം ഉണ്ടായിരുന്നു,,

അമ്മയോട് ഞാൻ ഇതൊക്കെ വന്നു പറയുമ്പോൾ അമ്മക്കും നല്ല ഭയം ആയിരുന്നു..

അച്ഛനോട് എന്നും മത്സരം ഉണ്ടായിരുന്നത് തെക്കയിൽ പ്രഭാകരമേനോൻ എന്ന മറ്റൊരു ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമക്കായിരുന്നു..

അങ്ങനെ ഇരിക്കെ ഒരു ദിവസം അച്ഛനും ഞാനും കൂടി രാത്രിയിൽ കാറിൽ വരുമ്പോൾ ഒരു കാർ ആക്‌സിഡന്റ് ആയി കിടക്കുന്നു, നോക്കിയപ്പോൾ ഒരു പെൺകുട്ടി,

ഞങ്ങൾ വേഗം ആ പെൺകുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചു

അപ്പോളാണ് അറിയുന്നത് അത് പ്രഭാകരമേനോന്റെ മകൾ ആണെന്ന്..

പിന്നീട് അവർ എത്തിയതിനു ശേഷം ആണ് ഞങ്ങൾ അവിടെന്നു തിരിച്ചത്..

ആ ഞായറാഴ്ച ഞങ്ങൾക്ക് കുറച്ചു അതിഥികൾ വന്നു,

ഒട്ടും പ്രതീക്ഷിക്കാതെ കുറച്ചു അതിഥികൾ..

പ്രഭാകരമേനോനും ഭാര്യയും അയാളുടെ മകനും മരുമകളും ആയിരുന്നു..

പിന്നീട് ഞങളുടെ ശതൃത കുറഞ്ഞു വന്നു,

ഒരു തവണ അച്ഛനും അമ്മയും അവരുടെ വീട്ടിലേക്കും പോയി.

അമ്മയാണ് എനിക്ക് വേണ്ടി ഹിമയെ ആലോചിച്ചത്‌,,

അത് കേൾക്കേണ്ട താമസം അവർക്ക് സമ്മതം ആയിരുന്നു..

ഹിമ ഞാൻ മനസ്സിൽ കൊണ്ടു നടന്ന പോലെ ഉള്ള ഒരു പെൺകുട്ടി അല്ലായിരുന്നു..

ലണ്ടനിൽ ഒക്കെ പോയി പഠിച്ചത് കൊണ്ടാവണം അവൾ തന്റേടം നിറഞ്ഞ ഒരു പെൺകുട്ടി ആയിരുന്നു..

എന്നോട് ഒരിക്കൽ പോലും ഒന്ന് സംസാരിക്കുവാൻ അവൾ തയ്യാറല്ലായിരുന്നു..

അങ്ങനെ കല്യാണ ഒരുക്കങ്ങൾ ഒക്കെ നടന്നു കൊണ്ടിരിന്നു

ഒരു ദിവസം അച്ഛൻ നഗരത്തിൽ ഉള്ള ഒരു പ്രധാനപ്പെട്ട പ്ലോട്ട് എന്റെപേരിൽ മേടിച്ചു , അതിൽ ഒരു ഹൈപ്പർമാർകെറ്റ് പണിയുവാൻ ആയിരുന്നു അച്ഛന്റെ തീരുമാനം.

പ്രഭാകരമേനോന്റെ മകൻ മിഥുൻ പലതവണ നോക്കിവെച്ചതായിരുന്നു ആ പ്ലോട്ട്..

കല്യാണത്തിനു രണ്ട് ദിവസം മുൻപാണ് ഈ സംഭവങ്ങൾ നടക്കുന്നത്..

മിഥുനും പ്രഭാകരമേനോനും കൂടി അച്ഛനെ സമീപിച്ചു,

ആ പ്ലോട്ട് മിഥുന് നൽകണം എന്നായിരുന്നു അവർ മുൻപോട്ട് വെച്ചത്…

അച്ഛൻ പക്ഷേ സമ്മതിച്ചില്ല

അന്ന് അച്ഛനും അവരും ആയിട്ട് ഒരു മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾ ആയിരുന്നു..

ഒടുവിൽ അവർ ദേഷ്യപ്പെട്ടു ഇറങ്ങി പോയി..

ഈ വിവാഹം നടക്കില്ല എന്നു ഞങ്ങൾ ഉറപ്പിച്ചു..

പക്ഷേ അന്ന് രാത്രിയിൽ ഹിമ എന്നെ ആദ്യമായ്‌ വിളിച്ചു..

ഞാൻ ഇല്ലാതെ അവൾക്ക് ജീവിക്കാൻ പറ്റില്ലെന്നും, വേറെ ആരുടെയും മുൻപിൽ അവൾ തലകുനിക്കില്ലെന്നും പറഞ്ഞു..

എന്റെ ഒപ്പം അവൾ ഇറങ്ങിവരാൻ തയ്യാറാണെന്ന് എന്നോട് പറഞ്ഞു..

ശ്രീഹരി പറയുന്നത് കേട്ടുകൊണ്ട് ഇരിക്കുകയാണ് മീനാക്ഷി..

പുറത്തു ശക്തമായ മഴ പെയ്യുന്നുണ്ട്, ആ മഴക്ക് ഒരു രാക്ഷസിയുടെ രൂപം ആണെന്ന് അവൾക്ക് തോന്നി..

അവൾ ഇപ്പോൾ ആർത്തലച്ചു വരും എന്നവൾക്ക് തോന്നി.. .

ശ്രീഹരിയുടെ വാക്കുകൾക്ക് ആയി അവൾ ചെവിയോർത്തു..

അച്ഛൻ എന്നോട് പറഞ്ഞു അവളെ നമ്മൾക്ക് വിളിച്ചുകൊണ്ടുവരാം എന്നു, കാരണം അച്ഛന് അവിടെ ജയിക്കണം ആയിരുന്നു..

പക്ഷേ ഞങൾ വിചാരിച്ചതുപോലെ ഒന്നും സംഭവിച്ചില്ല..

വിവാഹഒരുക്കങ്ങൾ മുറപോലെ നടന്നു..

അങ്ങനെ പറഞ്ഞുറപ്പിച്ച മുഹൂർത്തത്തിൽ ഞാൻ ഹിമയുടെ കഴുത്തിൽ താലി ചാർത്തി..

എല്ലാവരും സന്തോഷത്തിൽ ആയിരുന്നു..

അന്ന്..

ഞങളുടെ ആദ്യരാത്രിയിൽ ഹിമ ഭയങ്കര കരച്ചിൽ..

അവൾക്ക് അവളുടെ അച്ഛനെയും അമ്മയെയും കാണണം എന്നായിരുന്നു..

ഇവളുടെ വിഷമം കണ്ടിട്ട് അമ്മ പറഞ്ഞു എന്നാൽ നിങ്ങൾ രണ്ടുപേരും കൂടി അവിടേക്ക് പോകുവാൻ,

ഇതുപോലെ പെരുമഴയായിരുന്നു അന്നും.. മഴ ആയതുകൊണ്ട് പോകേണ്ട എന്ന് അച്ഛൻ പറഞ്ഞതാണ്..

പക്ഷേ…

ആ നശിച്ച രാത്രിയിൽ ഞാനും അവളും കൂടി അവളുടെ വീട്ടിലേക്ക് പോയി..

അവിടെ ചെന്നതും ഇവളുടെ മറ്റൊരു മുഖം ആയിരുന്നു..

എല്ലാവരുടെയും മുൻപിൽ വെച്ച് ഇവൾ എന്നെ വെറുതെ പരിഹസിക്കുന്നു.. കളിയാക്കുന്നു,

അതുകേട്ടു മിഥുൻ ഭയങ്കര ചിരിയും..

എനിക്ക് ഒന്നും മനസിലായില്ല..

മിഥുൻ അന്ന് നന്നായിട്ട് മദ്യപിച്ചിരുന്നു..

അവൻ എന്നോട് ഓരോ കാര്യങ്ങൾ പറഞ്ഞു കോർക്കുവാൻ വന്നു,

ഞാൻ അതൊന്നും വകവെയ്ക്കാതെ ഹിമയെയും വിളിച്ചു റൂമിലേക്ക പോയി .

ക്ഷീണം കൊണ്ട് ഞാൻ ഉറങ്ങി പോയി

ഇടയ്ക്കു കണ്ണ് തുറന്ന ഞാൻ നോക്കിയപ്പോൾ എന്റെ അരികിൽ ഹിമക്ക് പകരം വേറെ ഒരു പെൺകുട്ടി..

വിവസ്ത്രയായ അവളെ നോക്കി ഞാൻ അന്തം വിട്ടു..

ഇതെല്ലാം കണ്ട ഹിമ വാവിട്ടു കരയുന്നുണ്ട്..

ചുറ്റിലും എല്ലാവരും കൂടി നിൽക്കുന്നു, അതിൽ എന്റെ അച്ഛനും അമ്മയും ചേച്ചിയും എല്ലാവരും ഉണ്ട്.

പോലീസ് വന്നു, എന്നെ ആ രാത്രിയിൽ അറസ്റ്റ് ചെയ്തുകൊണ്ട് പോയി..

ഞാൻ അങ്ങനെ ജയിലിൽ ആയി..

നിരപരാധിയായ എന്റെ അവസ്ഥ ആർക്കും പറഞ്ഞാൽ മനസിലാകില്ലായിരുന്നു…

എന്റെ അച്ഛൻ ഈ നാണക്കേടിൽ പിന്നീട് പുറത്തിറങ്ങിയില്ല.. അച്ഛന് രണ്ടുതവണ അറ്റാക്ക് ഉണ്ടായി..

പ്രഭാകരമേനോൻ അയാളുടെ പവർ ഉപയോഗിച്ചുകൊണ്ട് പ്രശസ്തരായ വക്കിലിനെ നിയമിച്ചു..

കേസിൽ അവർ ജയിച്ചു..

എന്നെ കോടതി ശിക്ഷിച്ചു..

ഹിമ ഒരിക്കൽ പോലും എന്നെ കാണുവാനായി വന്നില്ല..

പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് ഒരിക്കൽ ആ വേലക്കാരിപ്പെണ്ണ് എന്നെ കാണുവാനായി വന്നു..

മിഥുൻ ആയിരുന്നു അന്ന് അവളെ റേപ്പ് ചെയ്തത്,

പുറത്തു പറഞ്ഞാൽ എന്റെ അച്ഛനെയും അമ്മയെയും കൊല്ലുമെന്ന് അവൻ ഭീഷണിപ്പെടുത്തി എന്നു പറഞ്ഞു അവൾ ഒരുപാട് കരഞ്ഞു..

ഹിമയും കൂടി അറിഞ്ഞായിരുന്നു ഈ നാടകം എന്നു ഞാൻ അറിഞ്ഞത് അപ്പോളാണ്..

എന്ത് പറയാനാ ഈ ഞാൻ, എല്ലാം ഞാൻ സഹിച്ചു,… പുറത്തിറങ്ങുവാനായി കാത്തിരിക്കുകയായിരുന്നു ഞാൻ..

പിന്നീട് ഞാൻ ഒരിക്കൽ കൂടി ഈ വീടിന്റെ പടി ചവിട്ടിയിരുന്നു

തെക്കേപറമ്പിലേക്ക് അച്ഛന്റെ ചിത എടുക്കുവാനായിരുന്നു..

അത് പറയുമ്പോൾ മാത്രം അവന്റെ ശബ്ദം വല്ലാണ്ട് ഇടറിയിരുന്നു എന്നു മീനാക്ഷി തിരിച്ചറിഞ്ഞു..

ശക്തമായ കാറ്റിൽ ശ്രീഹരിയുടെ ദേഹത്തെല്ലാം മഴത്തുള്ളികൾ അലയടിച്ചു വന്നു,,

ശ്രീയേട്ടാ,,,, അവൾ വിളിച്ചു..

ശ്രീഹരി മെല്ലെ തിരിഞ്ഞ് നോക്കി..

ഞാൻ എന്റെ ജീവിതത്തിലെ ഒരു കാര്യങ്ങളും ആരോടും ഇതുവരെ പങ്കുവെച്ചിട്ടില്ല,

മീനാക്ഷിയോട് ഇതൊക്കെ പറഞ്ഞത് ഇയാളെന്നെ അത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായത്കൊണ്ടാണ്..

ശ്രീയേട്ടാ..

മീനാക്ഷി അവന്റെ നെഞ്ചിലേക്ക് വീണു..

അവളുടെ കണ്ണീർ അവന്റെ നെഞ്ചിലെ പകയുടെ അഗ്നി തണുപ്പിച്ചില്ല..

അവന്റെ ഇരു കൈകളും അവളെ ഗാഢമായി അസ്ലേഷിച്ചു,

അവൻ അവളുടെ നെറുകയിൽ ആദ്യമായി ഒരു മുത്തം കൊടുത്തു.. ഒരു മാൻകുട്ടിയെ പോലെനിൽക്കുന്ന അവളെ ശ്രീഹരിയുടെ കരങ്ങൾ വരിഞ്ഞുമുറുക്കി..

അവളുടെ കണ്ണുനീർ അവന്റെ അധരങ്ങൾ ഒപ്പി എടുത്തു..

പെട്ടന്നു എന്തോ ഓർത്തതുപോലെ അവൾ അവനിൽ നിന്നും അകന്നുമാറി..

ശ്രീയേട്ടന്റെ ഭാര്യ ജീവിച്ചിരുപ്പുണ്ട്, ഒരുപക്ഷെ അവൾ എല്ലാം ഏറ്റുപറഞ്ഞുകൊണ്ട് ശ്രീയേട്ടന്റെ ജീവിതത്തിലേക്ക് വന്നാലോ..

ശ്രീഹരിയിലും ഒരു ഭാവപ്പകർച്ച പ്രകടമായി..

ഛെ, മോശമായിപ്പോയി എന്നു അവൻ ഓർത്തു. .

അവൾ വേഗം തന്നെ ആ മുറി വിട്ടിറങ്ങി..

എന്നും ശ്രീഹരി കഴിച്ചതിനു ശേഷം ആണ് മീനാക്ഷി ഇരിക്കുനത്..

ഇന്ന് പതിവിനു വിപരീതമായി ശ്രീഹരി പോയി മീനാക്ഷിയെ വിളിച്ചു..

വരൂ, നമ്മൾക്കു ഒന്നിച്ചിരുന്നു കഴിക്കാം, അവൻ അതുപറഞ്ഞപ്പോൾ അവളും അവന്റെ ഒപ്പം ചെന്നു..

രണ്ട്പേരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു..

കുറച്ചു സമയം അവൻ ടീവി കണ്ടുകൊണ്ടിരുന്നു…

പിന്നീട് രണ്ടുപേരും കിടക്കാനായി പോയി..

പിറ്റേദിവസം രാവിലെ മീനാക്ഷി ഉണർന്നു,

ഇന്ന് അമ്മ വരുമല്ലോ എന്നവൾ ഓർത്തു..

പതിവ്പോലെ അവൾ ഓഫീസിലേക്ക് ഇറങ്ങാൻ നേരം ശ്രീഹരി ഉമ്മറത്ത് തന്നെ ഉണ്ട്..

ശ്രീയേട്ടാ.. അവൾ വിളിച്ചപ്പോൾ ശ്രീഹരി മുഖം ഇയർത്തി അവളെ നോക്കി..

ഹിമയെ കാണുവാൻ പോയോ ഏട്ടൻ?

അവൾ ചോദിച്ചു..

പോകണം, ഞാൻ താലി ചാർത്തിയ പെണ്ണല്ലേ,

എനിക്ക് കാണാൻ പോകണം, അമ്മ വരുവാൻ കാത്തിരിക്കുകയാണ് ഞാൻ..

അവൻ ചെറുതായൊന്നു മന്ദഹസിച്ചുകൊണ്ട് എഴുനേറ്റു..

നിറഞ്ഞുവന്ന കണ്ണുകൾ അവൻ കാണാതിരിക്കുവാനായി അവൾ വേഗം യാത്ര പറഞ്ഞു പോയി

തുടരും…

നമ്മുടെ കഥ അവസാനിക്കാറായി വരുന്നു…

എല്ലാവരുടെയും സപ്പോർട്ടിന് ഒരുപാട് ഒരുപാട് നന്ദി..

എല്ലാവരും ലൈക്ക് കമന്റ് ചെയ്യണേ…

രചന : ഉല്ലാസ്