മഴ പോൽ തുടർക്കഥയുടെ മൂന്നാം ഭാഗം വായിച്ചു നോക്കൂ…..

രചന : മഞ്ചാടി

“””മുഹൂർത്തം കഴിയാറായി കുട്ടീ…. ആ മാല കെട്ടി കൊടുക്കൂ….. “””

“”മ്മ്ഹ്ഹ്.. മ്മ്ഹ്ഹ്… നിക്ക് ചുവപ്പ് നിറം ഇഷ്ട്ടല്ല…. ഈ കുട്ടി ചുവന്ന ഡ്രെസ്സാ ഇട്ടിരിക്കുന്നെ….

പച്ച നിക്ക് നല്ലഷ്ട്ടാ…. പച്ച ഡ്രസ്സ്‌ ഇട്ടാല് ഞാൻ മാല കെട്ടികൊടുക്കാ…. അല്ലെങ്കി ഉണ്ണി കുട്ടൻ കെട്ടൂല്ല……. “”””

ഉള്ളിലെന്തോ കൊളത്തി വലിക്കുന്നു….

വിതുമ്പാൻ തുടങ്ങിയിരുന്ന ചുണ്ടുകളെ ഏറെ പ്രയാസപ്പെട്ടു കൊണ്ട് പിടിച്ചു നിർത്തി…. ചുറ്റും കൂടിയിരുന്നവരുടെ കണ്ണുകളിൽ സഹതാപം മാത്രമായിരുന്നു….

“”””ഈ കുട്ടിയോട് പച്ച ഡ്രസ്സ്‌ ഉടുക്കാൻ പറ…. ന്നാലെ ഉണ്ണിക്കുട്ടൻ മല കെട്ടൂ…. ചുവപ്പ്… നിക്ക് തീരെ ഇഷ്ട്ടായില്ല…. ഒട്ടും ഒട്ടും ഇഷ്ട്ടായില്ല….. “””

വാശിയോടെ ഉണ്ണിയേട്ടൻ മുഖവും വീർപ്പിച്ച് നിൽപ്പാണ്…. താലി മാല ഇടത്തേ കയ്യിൽ ചുരുട്ടി പിറകിലേക്ക് പിടിച്ചിട്ടുണ്ട്…. ഒന്നുറക്കെ കരയാൻ തോന്നി അമ്പിളിക്ക്….അണിഞ്ഞിരുന്ന പൊന്നിനും പുടവക്കും വല്ലാത്ത ഭാരം അനുഭവപ്പെട്ടവൾക്ക് വീർപ്പുമുട്ടി….

മറ്റുള്ളവർക്ക് മുന്നിൽ സ്വയമൊരു കോമാളി ആകുന്നത് പോലെ….

നിയന്ത്രണം വിട്ട് മിഴി നീർ കവിളിലൂടെ ഒഴുകിയിറങ്ങി….അപ്പോഴേക്കും ഗായത്രി അവളെ ചേർത്തു പിടിച്ചിരുന്നു …

“””അയ്യേ…. എന്താ ഇത്…. കല്യാണ പെണ്ണ് കരയേ….മ്മ്ഹ്… മ്മ്ഹ്… കണ്ണു തുടച്ചേ….

ചേച്ചി…. ഉണ്ണിയട്ടന് ചില സമയത്ത് ഭയങ്കര വാശിയാ…..വല്യച്ഛനൊന്ന് ഒച്ചയിട്ടാ തീരുന്നതേ ഉള്ളു….

ചേച്ചി കരയല്ലേ….ട്ടോ…. ദേ വന്നവരൊക്കെ നോക്കുന്നു……”””

പടർന്ന കണ്മഷി അവൾ തുടച്ചു കൊടുത്തു……അമ്പിളി പ്രയാസപ്പെട്ടൊന്ന് ചിരിച്ചു…. ഒട്ടും തെളിച്ചമില്ലാത്ത….. ഒരുപാട് പരിഭവങ്ങൾ ഒളിപ്പിച്ചൊരു ചെറു ചിരി….

“””ഉണ്ണിയേട്ടാ….. “”ഗായത്രി കണ്ണു കൂർപ്പിച്ചവനെ നോക്കിയെങ്കിലും ഇതൊന്നും തന്നെ ബാധിക്കുന്നേ ഇല്ലെന്ന മട്ടിൽ വാശി പിടിച്ചു നിക്കുകയായിരുന്നവൻ….

“”” ഉണ്ണിയേട്ടാ….. നോക്കിയേ അമ്പിളി കുട്ടി കരയുന്നത്….. അമ്പിളി കുട്ടിക്ക് നന്നായി സങ്കടം വന്നിട്ടുണ്ട്….. ട്ടോ….എന്തിനാ ഉണ്ണിയേട്ടന് ഇഷ്ട്ടായില്ല എന്ന് പറഞ്ഞത് ….. അമ്പിളി കുട്ടിയെ കരയിപ്പിച്ചില്ലേ…. ഇനി ഞങ്ങളാരും ഉണ്ണിയേട്ടനോട് മിണ്ടില്ല നോക്കിക്കോ…..”””

കുറുമ്പ് നിറഞ്ഞിരുന്ന മുഖത്ത് പെട്ടന്ന് പരിഭവം നിഴലിച്ചു…..

“”ഗായു… ന്നോട് മിണ്ടൂല്ല….. “”ചുണ്ട് പിളർത്തി കൊണ്ടവനത് ചോദിക്കുമ്പോൾ കാണാൻ നല്ല ചേലുണ്ടായിരുന്നു…. കവിളിലെ നുണക്കുഴികൾ ഒന്ന് കൂടി തെളിഞ്ഞു നിന്നു….

“””മ്മ്ഹ്ഹ്… ഇല്ല.. അമ്പിളി കുട്ടിക്ക് വേഗം ആ മാല കെട്ടി കൊടുക്ക്… ന്നാലെ…. അമ്പിളി കുട്ടിയെ മ്മക്ക് വീട്ടിലേക്ക് കൊണ്ട് പോവാൻ പറ്റൂ……. അമ്പിളി കുട്ടി വന്നില്ലെങ്കിൽ പിന്നേ കഥയും പാട്ടും ഒക്കെ ആരാ പാടി തരാ….. പെട്ടന്ന് കെട്ടി കൊടുക്ക് ഉണ്ണിയേട്ടാ…വാശി പിടിക്കല്ലേ…..ന്നാ പെട്ടന്ന് വീട്ടിലേക്ക് പോകാം…. ന്നിട്ട് അമ്പിളി കുട്ടിക്ക് നിറയെ പൂമ്പാറ്റകളുള്ള പച്ച ഉടുപ്പ് നമ്മക്ക് ഇട്ടു കൊടുക്കാം…. അത് പോരെ…. ഹ്മ്മ്…. “””

താടിയിൽ പിടിച്ചവനെ കൊഞ്ചിക്കുമ്പോൾ ആ പാതിരാ കണ്ണുകൾ ആവേശത്തോടെ വിടർന്നു വരികയായിരുന്നു…. ചുരുട്ടി പിടിച്ച താലി നിവർത്തി ഇടം കണ്ണിട്ട് പുതു പെണ്ണിനെ ആ ഭ്രാന്തുള്ള പയ്യൻ ഒന്നൊളിഞ്ഞു നോക്കി……

പരിഭവിച്ച് നിലത്തേക്ക് മിഴികളൂന്നി നിന്നവളുടെ ചുവന്നു തുടുത്ത മൂക്കിൻ തുമ്പത്തുള്ള ഒറ്റക്കൽ മൂക്കുത്തി കണ്ടവന് കൗതുകം തോന്നി….

മെല്ലെ അതിൽ തൊട്ടതും പെണ്ണൊന്ന് പൊള്ളി പിടഞ്ഞു…..

കണ്ണുകളിൽ വല്ലാത്ത പിടപ്പ്…. കവിൾ തടങ്ങളിൽ രക്ത വർണ്ണം പടർന്നു…..

“””ഉണ്ണീ….പുറത്തെ വണ്ടിയിൽ നല്ല പുളി വടി ഇരിപ്പുണ്ട്….. എടുക്കണോ ഞാൻ……വാശി പിടിക്കാതെ മുഹൂർത്തം തീരും മുൻപ് ആ താലി അങ്ങ് കെട്ടി കൊടുക്ക്…. അല്ലെങ്കി അറിയാല്ലോ എന്റെ സ്വഭാവം…… നല്ല തല്ല് കിട്ടും…..””

അന്ത്യ ശാസനം പോലെ മനക്കലെ തറവാട്ടിലെ മുതിർന്ന കാരണവർ അച്യുതൻ വർമ്മയുടെ ശബ്ദം അവിടെ മുഴങ്ങിയതും ഉണ്ണിയേട്ടൻ ആകെ വിളറി വെളുത്തു….

പിന്നെയെല്ലാം പെട്ടന്നായിരുന്നു….. ആ അനാഥ പെണ്ണിന്റെ കഴുത്തിലവൻ താലി മാല ചാർത്തി…..

സീമന്ത രേഖയിൽ കുങ്കുമം പടർത്തി അവളെ സുമംഗലിയാക്കി …

അമ്പിളി പെണ്ണിനി മനക്കലെ ഭ്രാന്തന്റെ സ്വന്തമായി മുദ്ര കുത്തപെട്ട നിമിഷം…..

കർമങ്ങളൊക്കെയും കഴിഞ്ഞ് ഇരുവരും കതിർ മണ്ഡപം വിട്ടിറങ്ങുമ്പോൾ അമ്പിളിയുടെ മിഴികൾ എന്തിനോ വേണ്ടി നിറഞ്ഞിരുന്നു….എവിടേക്കാണ് ജീവിതം തന്നെ കൊണ്ട് പോകുന്നതെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല…..

വാശിയും കുറുമ്പും ഒത്തിരിയുള്ള ഉണ്ണിയേട്ടന്റെ കൂടെ എല്ലാം പൊരുത്തപ്പെട്ട് അവന്റെ വികൃതികളോരോന്നും സഹിച്ച് ഇനിയുള്ള കാലം ജീവിക്കാനുള്ള ത്രാണി തനിക്ക് നൽകേണമേ എന്നവൾ മനമുരുകി പ്രാർത്ഥിച്ചു…

“””കുട്ടീ….. കുട്ടിയൊരിക്കലും ന്റെ മോനെ ഒരു ഭാരമായി കാണരുത് ….. വാശിയും കുറുമ്പും ഇച്ചിരി കൂടുതലുള്ള കൂട്ടത്തിലാ ഈ ചെക്കൻ…. അതൊക്കെ മോൾ വേണം മാറ്റാൻ….. എങ്ങനെ നടന്നിരുന്നതാ ന്നറിയോ ന്റെ മോൻ….. എന്താ ചെയ്യാ എല്ലാം വിധി എന്ന് പറഞ്ഞ് ആശ്വസിക്കാം….

മനക്കലെ തറവാട്ടിലെ മുത്തശ്ശിയുടെ കാലിൽ തൊട്ടനുഗ്രഹം വാങ്ങുമ്പോൾ അമ്പിളിയെ നെഞ്ചോടടക്കി പിടിച്ച് ആ വൃദ്ധ വിതുമ്പിയിരുന്നു….. ചുളിവുകൾ തിങ്ങി നിറഞ്ഞ കവിളിലൂടെ കണ്ണു നീർ ചാലിട്ട് ഒഴുകി വന്നു …

ഉണ്ണിയേട്ടന്റെ കൂടെ സദ്യയുണ്ണാൻ പന്തലിലേക്ക് നടക്കുമ്പോൾ പെട്ടന്നാണവൻ തോളിൽ പിടിച്ചവളെ മുന്നിലേക്ക് നിർത്തിയത്…..

“”ഹയ്‌ മുല്ലപ്പൂ…. അമ്പൂട്ടി മുല്ലപ്പൂ ചൂടിയിരുന്നോ… ഞാൻ കണ്ടില്ലല്ലോ….ആരാ മുല്ല മാല കോർത്തു തന്നെ…. ന്റെ വീട്ടിലും ഉണ്ട് കൊറേ മുല്ലപ്പൂ…. ഞാൻ നട്ടതാ… കൊറേ കൊറേ പൂക്കള് വിരിഞ്ഞിട്ടുണ്ട്…. അമ്പൂട്ടിക്ക് ഇതേ പോലെ ചൂടാൻ ഞാൻ മാല കെട്ടി തരണ്ട് ട്ടോ..””

മുടിയിൽ ചൂടിയിരുന്ന മുല്ല പൂവിലേക്ക് മുഖമമർത്തി മണത്തു നോക്കി…. പുറം തോളിൽ പതിഞ്ഞ അവന്റെ ചുടു ശ്വാസം അവളിലെ ഹൃദയ താളം ഉയർത്തുന്നുണ്ടായിരുന്നു…..

“”നല്ല മണം….. “” പിന്നേ അവൾ ചൂടിയ മുല്ല പൂവിൽ നിന്നും ഒരു പിടി പറിച്ചെടുത്ത് മാനത്തേക്ക് വാരിയെറിഞ്ഞ് കൊച്ചു കുട്ടികളെ പോലെ കൈ കൊട്ടി ചിരിക്കുന്നുണ്ട്…

ഏറെ നിഷ്കളങ്കനായൊരു ഭ്രാന്തൻ…..

കുറുമ്പും വാശിയും ഇച്ചിരി വികൃതിയുമുള്ള ഒരു കുഞ്ഞു മനസ്സ്….

ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി മുഖത്തൊരു കൂളിംഗ് ഗ്ലാസും വെച്ച് സിനിമ സ്റ്റൈൽ കോപ്രായങ്ങൾ കാട്ടി മുന്നിൽ നടക്കുന്നത് കണ്ട് ആ പെണ്ണിന്റെ ചൊടികളിൽ പുഞ്ചിരി വിരിഞ്ഞിരുന്നു….

“”ഉണ്ണിയേട്ടാ ആ മുണ്ട് താഴ്ത്തി ഇടന്നേ…. “”

വെറുതെ പറഞ്ഞതാണെങ്കിലും കാറ്റ് പോലെ അവന് അമ്പിളിക്കടുത്തേക്ക് പാഞ്ഞു വന്നു….

ഒരു നിമിഷം ആ പെണ്ണൊന്ന് പകച്ചു നിന്നു….

പേടിയോടെ ഒരടി പിറകോട്ടു വെചെങ്കിലും ആ ഭ്രാന്തൻ അവളെ ഇടുപ്പോടെ ചേർത്ത് പിടിച്ചിരുന്നു….

ഹൃദയം വല്ലാതെ പിടച്ചാ പെണ്ണിന്റെ…

അവർക്കിടയിലുള്ള അകലം നന്നേ നേർത്തു വന്നതും ആ പെണ്ണാകെ ഭയന്നു വിറച്ചിരുന്നു….

കയ്യിലെ കർച്ചീഫിൽ ഇറുകെ പിടിച്ചു…..

മഞ്ചാടി മണികളുടെ നിറമുള്ള അധരങ്ങൾ വിറ പൂണ്ടു…..

കവിൾ തടങ്ങൾ ചുവന്ന് തുടുത്തതും അമ്പിളി പെണ്ണിന്റെ ചേലങ്ങ് കൂടി വന്നു….

“””ഉ….. ഉണ്ണി…. ഏട്ടാ…. “” ഒരു തരം പിടപ്പോടെ അവൾ വിളിക്കുമ്പോൾ അവന്റെ പാതിരാ കണ്ണുകൾ ആ പെണ്ണിന്റെ മുഖത്താകെ ഓടി നടക്കുകയായിരുന്നു…. അവസാനം പുരികക്കൊടികൾക്കിടയിൽ പറ്റി ചേർന്ന് കിടന്നിരുന്ന കല്ല് വെച്ച ചുവന്ന വട്ട പൊട്ടിൽ തങ്ങി നിന്നു….

“”അമ്പിളി കുട്ടി…. ഈ പൊട്ട് നിക്ക് വേണം…. ട്ടോ…. വേറെ പൊട്ട് വേണെങ്കി ഗായുനോട്‌ ചോദിച്ചോ…. ഈ പൊട്ട് ഞാൻ ഇനി തരൂല്ല..”””

പൊട്ട് മെല്ലെ പറിച്ചെടുത്ത് ചന്ദന കുറിക്ക് താഴെയായി അവന്റെ നെറ്റിയിൽ കുത്തി….

പിന്നേ അവളെ നോക്കി വെളുക്കെ ചിരിച്ചു…

“”എങ്ങനെ ഉണ്ട് അമ്പൂട്ടി….നല്ല രസല്ലേ ഉണ്ണിക്കുട്ടനെ കാണാൻ….പിന്നേ വീട്ടിൽ ചെന്നിട്ട് ഇതേ പോലെ….നിക്ക് കണ്ണെഴുതി തരണേ….അല്ലെങ്കി ഉണ്ണിക്കുട്ടൻ പിണങ്ങും നോക്കിക്കോ….. “””

പൊട്ട് കുത്തി മുഖത്ത് നവ രസങ്ങൾ കാണിച്ചു നിൽക്കുന്ന ഉണ്ണിയേട്ടനെ കണ്ട് അമ്പിളിക്ക് ചിരി പൊട്ടി….

“”എന്തിനാ…. അമ്പൂട്ടി ചിരിക്കണേ…. ഉണ്ണി കുട്ടനെ കാണാൻ ചേലില്ലേ…..”

കണ്ണുകൾ വിടർത്തി അമ്പിളി പെണ്ണിനെ ആകാംഷയോടെ അവൻ ഉറ്റു നോക്കുന്നുണ്ട്…..

തിരിച്ചൊന്നും പറയാതെ പുഞ്ചിരി തൂകി അവൾ നിന്നതും അവന്റെ ചുണ്ടുകൾ കുറുമ്പോടെ കൂർത്ത് വന്നു….

കണ്ണുകളിൽ ഒരുതരം നിഷ്കളങ്കത നിറഞ്ഞു നിന്നു….

“”പറ അമ്പൂട്ടി ന്നേ…. കാണാൻ ചേലില്ലേ…. “”

തോളിൽ ഉലച്ചു കൊണ്ട് വീണ്ടും ചോദിച്ചതും ആ പെണ്ണ് പെരു വിരലിൽ ഊന്നി ഉയർന്നു നിന്നു….

നെറ്റിയിലവനൊട്ടിച്ചിരുന്ന പൊട്ട് പറിച്ചെടുത്ത് അവന്റെ പാതിരാ കണ്ണുകളിൽ കണ്ണാടി നോക്കി സ്വന്തം നെറ്റിയിൽ തന്നെ ഒട്ടിച്ചു വെച്ചു….

ചുണ്ടുകളിലപ്പോൾ കുസൃതി ചിരി ആയിരുന്നു….

“””ഇത്…ന്റെ പൊട്ടാ… ഉണ്ണിയേട്ടന് വേണെങ്കി ഗായൂനോട് ചോദിച്ചോ….നേരത്തെ ന്റെ ചുവന്ന ഡ്രസ്സ്‌ ഇഷ്ട്ടായില്ല ന്ന് പറഞ്ഞില്ലേ…. അത് കൊണ്ട് ന്റെ പൊട്ട് ഞാൻ തരൂല്ല ട്ടോ……. “”

ഉള്ളിൽ എവിടെയോ ആ പഴയ കുറുമ്പി പെണ്ണ് ഉണരുന്നത് പോലെ…. നാവ് പുറത്തേക്ക് ഇട്ട് അവനോട് കോക്രി കാണിച്ചു… പിന്നേ ഇടത്തേ കണ്ണിറുക്കി അവന്റെ മുടിക്കു മുകളിൽ വെച്ചിരുന്ന കൂളിംഗ് ഗ്ലാസും എടുത്ത് മുഖത്ത് വെച്ചമ്പിളി അവന്റെ മുന്നേ നടന്നു….

ഇതൊക്കെ കണ്ട് ഗായത്രിയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു….അമ്പിളി പെണ്ണിന്റെ പൂ പോലുള്ള പോക്ക് കണ്ട് അവൾ അന്തം വിട്ടു…

“”ന്റെ ദേവ്യേ ഇതെന്ത് മറിമായം…. നേരത്തെ ഉണ്ണിയേട്ടൻ താലി കെട്ടില്ലാന്ന് പറഞ്ഞ് വാശി പിടിച്ചപ്പോ കിടന്ന് മോങ്ങിയ ആളാ…. ഇപ്പൊ ദേ കൂളിംഗ് ഗ്ലാസ്‌ വെച്ച് പോകുന്നു…. “”

വാ തുറന്ന് അമ്പിളിയെ തന്നെ ഉറ്റു നോക്കി…

“”ഗായു…. അമ്പിളി കുട്ടിയോട് പൊട്ട് തരാൻ പറ….. നിക്ക് പൊട്ട് വേണം…. അവളോട് തരാൻ പറ ഗായു…. ഈ അമ്പിളി കുട്ടി ചീത്ത കുട്ടിയാ….ഞാൻ വികൃതി കാട്ടും…അവളെ..””

കൈ കാലിട്ടടിച്ച് കൊച്ചു കുട്ടികളെ പോലെ നിന്ന് തുള്ളുകയായിരുന്നവൻ …..വാശിയോടെ മുഖം ഒരു കുടം വീർപ്പിച്ചിട്ടുണ്ട്… ചുണ്ടുകൾ കൂർത്ത് വന്നു….കണ്ണുകളിൽ കുറുമ്പ് നിറഞ്ഞു….

“””ആഹ്…. ഉണ്ണിയേട്ടൻ നേരത്തെ അമ്പിളി കുട്ടിയുടെ ചുവന്ന ഉടുപ്പ് ഇഷ്ട്ടായില്ല ന്ന് പറഞ്ഞിട്ടല്ലേ അമ്പിളി കുട്ടി പൊട്ട് തരാഞ്ഞത്…..സാരല്ല ട്ടോ അമ്പിളി കുട്ടിയോട് സോറി പറഞ്ഞാ മതി…. ദേ വന്നേ…. മാമുണ്ണാണ്ടെ… ഉണ്ണിയേട്ടന്….. വേഗം വായോ….ഉണ്ണിയേട്ടന് ഇഷ്ട്ടപെട്ട പുളിയെഞ്ചി….

പിന്നേ അട പായസം ഒക്കെ ഇണ്ട്…. വേഗം വായോ….പൊട്ട് വേണം ന്ന് പറഞ്ഞ് വാശി പിടിച്ച് നിന്നാലേ എല്ലാം ഞാൻ തിന്ന് തീർക്കുട്ടോ….. “””

പുളിയെഞ്ചിയും അട പായസവും കേട്ടതേ അവൻ ഓടി ആദ്യത്തെ വരിയിൽ തന്നെ ഇടം പിടിച്ചിരുന്നു

തൊട്ടടുത്ത് ഇരിക്കുന്ന അമ്പിളിയെ കണ്ടതും കൊഞ്ഞനം കുത്തി കാണിക്കാനും ആ ഭ്രാന്തൻ മറന്നില്ല….

“”ഞ.. ഞ്ഞ… ഞഞ്ഞാ… നീ പോടി…. നിന്നോട് ഞാൻ മിണ്ടൂല്ല… നീ ചീത്ത കുട്ടിയാ…. നിക്ക് പൊട്ട് തന്നില്ലല്ലോ….. ന്റെ ഗായു ആണ് നല്ല കുട്ടി….. “”

ഉണ്ണി കുട്ടൻ കാട്ടി കൂട്ടുന്ന ഓരോ കോപ്രായങ്ങൾ കണ്ട് അവർക്ക് തൊട്ടു മുന്നിലായി ഭക്ഷണം കഴിക്കാനിരുന്ന പെൺ കുട്ടികളൊക്കെ വാ പൊത്തി ചിരിക്കുന്നുണ്ട്…. ഉണ്ണിയേട്ടൻ ഉടനെ അവരെ നോക്കി ഇടത്തേ കണ്ണിറുക്കി കാണിച്ചതും അവരുടെ പൊട്ടിച്ചിരികൾ ഉയർന്നു വന്നു….

“”ഹോ…. കണ്ണി കണ്ട പെണ്ണുങ്ങളെ വായി നോക്കാനും സയ്റ്റടിക്കാനും ഇങ്ങേർക്ക് ഒരു ഭ്രാന്തും ഇല്ല…..വഷളൻ… “” ആ പെണ്ണിന്റെ ഉള്ളിൽ കുശുമ്പ് നിറയുകയായിരുന്നു…ചുണ്ട് കൊട്ടി പലതും പിറുപിറുക്കുന്നുണ്ടാ കുശുമ്പി പാറു…

“”ന്റെ ചേച്ച്യേ…. ഇപ്പൊ തന്നെ തൊടങ്ങിയോ കുശുമ്പും കുന്നായിപ്പും…. നിക്ക് വയ്യ… ഈ ഉണ്ണിയേട്ടന്റെ ഒരു കാര്യം…. “”

അപ്പോഴേക്കും ഇലയിട്ട് ചോറ് വിളമ്പിയിരുന്നു….

പത്ത് കൂട്ടാനും പിന്നേ രണ്ട് തരം പായസവും കൂടി ആയതോടെ സദ്യ ഉഷാറായി….

എല്ലാം കൂടി കൂട്ടി കുഴച്ച് അളിമ്പി… അളിമ്പി….ആ ഭ്രാന്തൻ കഴിക്കുന്നത് കണ്ടപ്പോൾ അമ്പിളിക്കെന്തോ ഒരസ്വസ്ഥത….ഒരു വറ്റ് പോലും ഇറങ്ങുന്നില്ല….അറപ്പ് തോന്നി ഛർദിക്കാൻ വരുന്നത് പോലെ…

കഴിക്കുന്നതിനിടെ നിറയെ വറ്റുകൾ നിലത്തും അവന്റെ മടിയിലും വീണു പോയിരുന്നു….

കവിളിലും താടിയിലും ഒക്കെ ചോറിന്റെ അവശിഷ്ടം വെച്ച് തേച്ചിട്ടുണ്ട്… ഇട്ടിരുന്ന ഷർട്ടിൽ പോലും മഞ്ഞൾ കറ തെളിഞ്ഞു നിന്നു….

തികച്ചും ഒരു കൊച്ചു കുഞ്ഞിന്റെ അവസ്ഥ….

എത്ര ദയനീയമാണ്….താളം തെറ്റിയ അവന്റെ മനസ്സിന് ഒട്ടും പ്രായമില്ല…. ഒരു തരി കളങ്കമില്ല…

വെറും വികൃതികളും കുസൃതികളും… പിന്നേ ഇച്ചിരി കുറുമ്പും വാശിയും…അത്ര മാത്രം

കഴിച്ചു കഴിഞ്ഞതും ആ ഭ്രാന്തൻ ഇല കയ്യിലെടുത്ത് നാക്ക് നീട്ടി നക്കി നക്കി തുടച്ചു…..

അമ്പിളിക്ക് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല…

അറപ്പോടെ കണ്ണുകൾ ഇറുക്കി അടച്ചു…..

“”ശേ ഉണ്ണിയേട്ടാ…. ഞാൻ പറഞ്ഞിട്ടില്ലേ വൃത്തിക്ക് ഭക്ഷണം കഴിക്കണന്ന്…. എന്നിട്ട് എന്താ ഈ കാണിച്ചു വെച്ചേക്കുന്നേ….. ആകെ വെച്ച് തേച്ചിട്ടുണ്ടല്ലോ…. വല്യച്ഛൻ കാണണ്ട…. നല്ല തല്ല് കിട്ടും…. ഇങ് വന്നേ….. “”

ഇരിപ്പിടത്തിൽ നിന്നും ഗായത്രി അവനെ വലിച്ചെഴുന്നേല്പിച്ചു….ആ ഭ്രാന്തനപ്പോൾ പേപ്പർ ഗ്ലാസ്സിൽ പാർന്നു വെച്ചിരുന്ന മധുരമൂറും അട പായസം കൊതിയോടെ നുണയുകയായിരുന്നു….

അവന്റെ കട്ടി മീശയിൽ പായസം കുടിച്ചതിന്റെ അടയാളമെന്നോണം നര വീണത് പോലെ അങ്ങിങ്ങായി വെളുത്തു കിടക്കുന്നുണ്ട്….

“”ഗായു…. ഉണ്ണിക്കുട്ടൻ ഈ പായസം മൊത്തം കുടിച്ചോട്ടെ…. നിക്ക് നല്ലഷ്ട്ടാ അട പായസം…. ന്ത്‌ സ്വാദാ…..ന്നേ വിട് ഗായു…. പായസം കുടിക്കട്ടെ…..””

ഗായത്രി ഒന്ന് കണ്ണുരുട്ടിയതും ഉണ്ണിക്കുട്ടൻ മിണ്ടാതെ പിറകെ നടന്നു…. ഇടയ്ക്കിടെ ബാക്കി വെച്ച പായസത്തിലേക്ക് കൊതിയോടെ തിരിഞ്ഞു നോക്കി നൊട്ടി നുണയുന്നുണ്ട്….

ഏറ്റവും ഇഷ്ട്ടപെട്ട അട പായസം മുഴുവൻ അകത്താക്കാൻ പറ്റാത്തതിലുള്ള പരിഭവമായിരുന്നു….

ഉച്ച തിരിഞ്ഞ് മനക്കലെ തറവാട്ടിലേക്ക് പുതു പെണ്ണിനേയും കൊണ്ട് പോകുമ്പോൾ ഉണ്ണിയേട്ടൻ വസ്ത്രം മാറിയിരുന്നു…മഞ്ഞൾ കറ വീണ ഷർട്ട്‌ മാറ്റി പുതിയ ഒരെണ്ണം ഇട്ടിട്ടുണ്ട്….നെറ്റിയിൽ അലങ്കോലമായ ചിതറി കിടന്നിരുന്ന മുടി ഇഴകൾ വൃത്തിയായി ചീകിയിട്ടിരുന്നു…

അമ്പിളിക്കെന്തൊ അസ്വസ്ഥത പോലെ… പുതിയ വീട്….പുതിയ ആളുകൾ…. പുതിയൊരു ജീവിതം….. അതും മനക്കലെ തറവാട്ടിൽ….ഒരു ഭ്രാന്തന്റെ ഭാര്യയായി… ചിലപ്പോ അവിടെയും അവളെ കാത്തിരിക്കുന്നത് ഒരടുക്കളക്കാരിയുടെ കുപ്പായമായിരിക്കും…..ഉണ്ണിയേട്ടന്റെ എല്ലാം കാര്യങ്ങളും നോക്കി നടത്തുന്ന വെറുമൊരു വേലക്കാരി…. ഒന്നുമല്ലെങ്കിൽ തറവാട്ടിലേക്ക് വെറും കയ്യോടെ കയറി ചെന്നവളല്ലേ ഈ അനാഥ പെണ്ണ്….

ആ പൊട്ടി പെണ്ണിന് അത്ര വിലയെ കാണൂ അവിടത്തെ പ്രമാണികൾക്ക്…

അനാവശ്യ ചിന്തകൾ വല്ലാതെ അവളെ വീർപ്പുമുട്ടിച്ചു…

ഉണ്ണിയേട്ടൻ ഒന്നവളെ നോക്കുന്നു കൂടിയില്ല….കാറിലിരുന്ന് പുറത്തെ കാഴ്ചകൾ ആവേശത്തോടെ കാണുകയാണ്…

ഒരു കൊച്ചു കുഞ്ഞിന്റെ ഉത്സാഹത്തോടെ….

ഒരു പാട് നാളുകൾക്ക് ശേഷമാണ് കക്ഷി പുറത്തേക്ക് ഇറങ്ങുന്നതെന്ന് തോന്നുന്നു….

ഇടയ്ക്കിടെ ചൂളമടിക്കുന്നുണ്ട്….. ഒരു ഭ്രാന്തനായ് പൊട്ടി ചിരിക്കുന്നുണ്ട്…. എല്ലാം കണ്ട് ഒരധിക പറ്റായത് പോലെ അമ്പിളിയും…

ആ കണ്ണുകൾ നിറയുന്നുണ്ട്….

ചുണ്ടുകൾ വിതുമ്പാൻ വെമ്പി നിന്നു….

“”അമ്പൂട്ടി നമ്മക്ക് *ഞാനൊരു മനുഷ്യൻ * കളിച്ചാലോ…?? നല്ല രസായിരിക്കും…. “”

പെട്ടന്നവൻ കാറിന്റെ സീറ്റിൽ ചമ്രം പടിഞ്ഞിരുന്നു….കൈകൾ വിടർത്തി വെച്ചു…

അറിയാതെ കണ്ണ് നിറച്ചു നിന്നിരുന്ന അമ്പിളി കുട്ടി ചിരിച്ചു പോയി….. ഭർത്താവിന്റെ കൂടെ ഞാനൊരു മനുഷ്യൻ കളിക്കുമെന്ന് സ്വപ്നത്തിൽ പോലും അവൾ കരുതി കാണില്ല….

പൊൻവളയിട്ട് മൂടിയ കൈകൾ വിടർത്തി വെച്ചു…

“”ഞാനൊരു മനുഷ്യനെ കണ്ടിട്ടുണ്ട് അയാളുടെ ഷർട്ടിന്റെ നിറമെന്താണെന്ന് പറയാമോ… അമ്പൂട്ടി പറ…. “”

“”നീല നിറം… “” ആ പെണ്ണിന്റെ ശബ്ദം നന്നേ നേർത്തിരുന്നു …അവന്റെ കനത്ത കൈ വിരലുകലുകളിൽ നിന്നുതിരുന്ന ഇളം ചൂട് ഓരോ സ്പർശനത്തിലൂടെയും അവളുടെ ശരീരമാകെ പടർന്നു കയറി….

പെട്ടന്ന് വിമാനം പോകുന്ന ശബ്ദം കേട്ടതും ആ ഭ്രാന്തൻ കൈകൾ തട്ടി എറിഞ്ഞ് കാറിന്റെ ഗ്ലാസ്സിലൂടെ മാനത്തേക്ക് നോക്കി കൂകി വിളിച്ചു…

“””വിമാനം…. അമ്പൂട്ടി… നോക്കിക്കേ വിമാനം…. ഹായ്… ന്ത്‌ രസാ… കണ്ടോ…. നീയ് ദാ അവിടെ…. “”

അവളും അവനോട് ചേർന്ന് പുറത്തേക്ക് തലയിട്ട് പറക്കുന്ന വിമാനം നോക്കി നിന്നു…. അറിയാതെ താനും ആ ഭ്രാന്തന്റെ കുട്ടി കളികളിൽ കൂടുന്നത് പോലെ….

വിഷമങ്ങളൊക്കെയും മറന്ന് മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു….

തുടരും…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമൻ്റ് ചെയ്യണേ..

രചന : മഞ്ചാടി


Comments

Leave a Reply

Your email address will not be published. Required fields are marked *