ഏത് നേരത്താണാവോ ഇവളെയൊക്കെ പിടിച്ച് തലയില് വെക്കാൻ തോന്നിയത്… കണ്ണും കാണില്ല…

ഗൗതമി…

രചന : മഞ്ചാടി

“”കണ്ണ് കാണില്ലെങ്കിൽ എവിടെയെങ്കിലും ഒരു ഭാഗത്ത് അടങ്ങി ഒതുങ്ങി ഇരിക്കണം… അല്ലാതെ കിടന്ന് കുതിര കളിക്കാൻ നിന്നേക്കരുത്…എന്തൊരു ശല്യമാ ഗൗതമി…. കഴിഞ്ഞ ഒരു മാസത്തോളം റിസേർച് ചെയ്ത് തയ്യാറാക്കിയ ഫയലാ നീയിപ്പം വെള്ളം തട്ടിക്കളഞ്ഞ് നശിപ്പിച്ചത്…. സമാധാനായല്ലോ….

നാശം…””

പ്രിയപെട്ടവനിൽ നിന്നുമുള്ള മൂർച്ഛയേറിയ വാക്കുകൾ നൽകിയ വേദനയിലാകാം കാഴ്ചയില്ലാത്ത ഗൗതമിയുടെ കണ്ണുകൾ വല്ലാതെ നീറി പുകഞ്ഞത്…

“” ഞാൻ…കണ്ടില്ലായിരുന്നു ദത്തേട്ടാ…പെട്ടന്ന് ഓർക്കാതെ…””

പറഞ്ഞു മുഴുവപ്പിക്കുന്നതിന് മുന്നേ വെളിച്ചം കുടിയിറങ്ങിയ മിഴികൾ നോവേറ്റ് കലങ്ങി….

കൺതടങ്ങളിൽ പതിയെ നീർ ചാലുകൾ പിറവിയെടുത്തു… ചുറ്റും തിങ്ങി നിറഞ്ഞ ഇരുട്ടിൽ നിന്നവൾ വെപ്രാളപ്പെട്ടു കൊണ്ടേയിരുന്നു….

“”ഏത് നേരത്താണാവോ ഇവളെയൊക്കെ പിടിച്ച് തലയില് വെക്കാൻ തോന്നിയത്…. ഹും കണ്ണും കാണില്ല…ഓരോരോ ഗതികേട് “”

മേശക്ക് മുകളിൽ അടുക്കി വെച്ചിരുന്നതൊക്കെയും തട്ടി തെറിപ്പിച്ച് ദത്തൻ ഇറങ്ങി പോകുന്നതവൾ കണ്ടില്ല…. മറിഞ്ഞു വീണ പുസ്തക കെട്ടുകൾക്കൊപ്പം നിലം പതിച്ച ചെപ്പ് കുടത്തിലെ മഞ്ചാടി മണികൾ തറയിലാകെ ചിതറി തെറിച്ചതുമവൾ കണ്ടില്ല…

ചുമരിലൂടെ ചാരിയിറങ്ങി നിലത്തേക്ക് ഊർന്നിരുന്നു…..

കാൽമുട്ടിലേക്ക് മുഖം ചേർക്കുമ്പോൾ ദത്തേട്ടൻ പറഞ്ഞതൊക്കെയും വീണ്ടും വീണ്ടും ചെവിക്കുള്ളിൽ മുഴങ്ങി…അതിനേക്കാളുച്ചത്തിൽ ഹൃദയം നിലവിളിച്ചു…

“”ഏത് നേരത്താണാവോ ഇവളെയൊക്കെ പിടിച്ച് തലയില് വെക്കാൻ തോന്നിയത്…. കണ്ണും കാണില്ല…””

ചാട്ടുളി പോലെന്തോ നെഞ്ചിനകത്തേക്ക് തുളഞ്ഞു കയറി രക്തം പൊടിയുന്നു…

ഹൃദയത്തിന്റെ ഭിത്തികളിൽ നിന്നുമത് മെല്ലെ കിനിഞ്ഞിറങ്ങുന്നു…..

ഇരുട്ട് മാത്രമുള്ള കണ്ണുകളിൽ നോവേറി…

അതേ കണ്ണുകളെ ദത്തേട്ടനിന്ന് വെറുക്കുന്നല്ലോ….

കരൾ പറിഞ്ഞിളകുന്ന വേദന…

ഗൗതമിയെ വിവാഹം ചെയ്തതിൽ ദത്തേട്ടനിന്ന് സ്വയം ശപിച്ചില്ലയോ…

ഗൗതമി എന്നത് ജീവിതത്തിലെ തെറ്റായൊരു തീരുമാനമായിരുന്നെന്ന് ദത്തേട്ടന് തോന്നി തുടങ്ങിയോ…

ഒരായിരം ചോദ്യങ്ങൾ മനസ്സിനെ വരിഞ്ഞു മുറുക്കി നോവിച്ചു…

വേദനയിൽ നീർ തുള്ളികൾ കവിളിലൂടെ പൊഴിഞ്ഞിറങ്ങി…

കഴുത്തിലെ മഞ്ഞ ചരടിൽ മുത്തമിടുമ്പോൾ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു….

കണ്ണുകൾ ഇറുകെ മൂടി…

രാവും പകലും അവളെ പിന്തുടരുന്ന ഇരുട്ടിൽ ഓർമ്മകൾ തെളിഞ്ഞു വന്നു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“”ദത്തേട്ടാ…. നിക്കൊന്നും കാണുന്നില്ലല്ലോ… കണ്ണടച്ചാലും തുറന്നാലും ഇരുട്ടാ….. കറുത്ത നിറം…

നിക്കി പേടിയാവുന്നു ദത്തേട്ടാ…പേടിയാ…ഇരുട്ടത്ത് പേടിയാ ഗീതൂട്ടിക്ക്…. നിക്കി… നിക്കി ഇനി ഒരിക്കലും ഒന്നും കാണാൻ പറ്റില്ലേ…””

പാട കെട്ടി കാഴ്ച മറഞ്ഞ കണ്ണുകളിൽ വല്ലാത്ത പിടച്ചിലായിരുന്നു…

ദൃതിപ്പെട്ട് അടുത്തുള്ളതൊക്കെയും തൊട്ടും പിടിച്ചും നോക്കുമ്പോൾ വെപ്രാളത്തോടെ മിഴിയിണകൾ നാല് പാടും പാഞ്ഞു…

“”ദത്തേട്ടാ… ഒന്നും കാണുന്നില്ല… ഇത്തിരി പോലും കാണുന്നില്ല…. “”

മൂടി കിടക്കുന്ന ഇരുട്ടിലേക്ക് നേർത്ത വെളിച്ചെമെങ്ങാനും വീഴുമോയെന്ന പ്രതീക്ഷയിലവൾ ഇടയ്ക്കിടെ കണ്ണുകൾ ചിമ്മിയടച്ചു….

വേവലാതിയോടെ ഇരുട്ടിൽ എങ്ങോട്ടെന്നില്ലാതെ ഓടി…. മുന്നിലുണ്ടായിരുന്ന തടി മേശയിൽ തടഞ്ഞ് നിലത്തേക്ക് മലർന്നടിച്ചു വീണു….

കയ്യിലണിഞ്ഞ നിറമുള്ള കുപ്പി വളകൾ തറയിലമർന്ന് പൊട്ടി ചിതറി…

“”ദത്തേട്ടാ….””

സ്വരം നന്നേ നേരത്തിരുന്നു….

കിതപ്പോടെ വീണിടത്തു നിന്നും തട്ടിപിടഞ്ഞെഴുന്നേറ്റതും പാദങ്ങളിലേക്ക് പൊട്ടി വീണ കുപ്പി വള തുട്ടുകൾ തുളഞ്ഞു കയറി….

“”സ്സ്…. നോവുന്നു ദത്തേട്ടാ…””

മുള പൊട്ടുന്ന വേദനയെ കടിച്ചമർത്തിയവൾ ഇരുട്ടിൽ വേച്ചു വേച്ചു മുന്നോട്ട് നടന്നു….

കണ്ണു കാണാതെ വീണ്ടുമെന്തിലോ തടഞ്ഞു വീണു…

എങ്കിലുമൊരുവട്ടം കൂടി കൈകുത്തി എഴുന്നേൽക്കാൻ അവളൊന്ന് ശ്രമിച്ചു….

കഴിഞ്ഞില്ല… തോറ്റു പോയിരിക്കുന്നു

ശരീരത്തിലുടനീളം വല്ലാത്തൊരു മരവിപ്പ്….

കണ്ണിൽ ഭയപ്പെടുത്തുന്ന ഇരുട്ട് മാത്രം…

മുറിഞ്ഞ കാൽ പാദങ്ങളിലെന്തോ കുത്തി നീറുന്നു…

തൊണ്ടക്കുഴിയിൽ ഏകാന്തമായൊരു നോവ് പിടഞ്ഞു കൊണ്ടേയിരുന്നു… ചോര വറ്റി വിളർത്ത ചുണ്ടുകൾ വിറച്ചു…

കാഴ്ച നഷ്ടപ്പെട്ടൊരുത്തിയുടെ നിസ്സഹായത….

ഒത്തിരി തവണ മിഴികൾ മൂടി തുറന്നു…

ഇരുളു മാത്രം….

ഇനി ഒരിക്കലും തന്റെ നേത്രങ്ങളിലേക്ക് വെളിച്ചം വീഴില്ലെന്ന ചിന്ത അവളെ വരിഞ്ഞു ചുറ്റി ശ്വാസം മുട്ടിച്ചു…. ഇനിയെന്നുമീ ഇരുട്ടിന്റെ ലോകത്ത്…

നിറക്കൂട്ടങ്ങളില്ലാതെ….

ചമയങ്ങളൊന്നുമില്ലാതെ…. തപ്പിയും തടഞ്ഞും…

തട്ടി വീണും…. മറ്റുള്ളവർക്കൊരു ഭാരമായി….

ഗൗതമിക്ക് നെഞ്ച് വിങ്ങി..

ഇടക്കെപ്പഴോ വിറക്കുന്ന കൈകൾ കഴുത്തിലെ മഞ്ഞ ചരടിൽ മുറുകി…. കണ്ണില്ലാത്തവൾ ഈ താലിക്കും ഒരു ഭാരമാവില്ലേ… മുള്ള് പോലെന്തോ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി അവിടം വ്രണപ്പെടുത്തി….

“”കണ്ണില്ലാത്തോണ്ടെങ്ങാനും ദത്തേട്ടൻ ന്നെ വേണ്ടാന്ന് പറയോ…””

ഭീതിയോടെ ഹൃദയം മുറ വിളി കൂട്ടി…

വെട്ടമില്ലാതെ കണ്ണിലെ വട്ടപൊട്ടുകൾ ഉഴറി….

“” കരിമഷി ചാലിച്ച നിന്റെയീ കണ്ണുണ്ടല്ലോ പെണ്ണെ അതെന്റെയുള്ളിൽ മായജാലം തീർക്കുന്നു “”

പണ്ടൊരിക്കൽ ദത്തേട്ടൻ തന്റെ കാതരികിൽ അടക്കം പറഞ്ഞ വാക്കുകൾ… അതേ മിഴികളിലെ ഇരുട്ടിനി അവനെ മടുപ്പിക്കുമോ…

അവൾക്കുള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി..

ഭാര്യക്കിനി കണ്ണു കാണില്ല… കണ്ണ് പൊട്ടിയാ…

കാര്യങ്ങളൊക്കെ ഇനി ആര് നോക്കും…ചോറും കറിയും വെക്കണം… മുറികളോരോന്നും അടിച്ചു വാരി തൂത്തിടണം…. മുഷിഞ്ഞതൊക്കെ അലക്കണം… കണ്ണ് കാണാത്തവളെ എന്തിന് കൊള്ളാം….

കാട് കയറിയ ചിന്തകൾ അവളിലെ ഭാര്യയെ നുള്ളി നോവിച്ചു…

മുറുകെ കൂട്ടിയടച്ച കൺപോളകൾക്കിടയിലൂടെ നീർ മുത്തുകൾ നിശബ്ദം ഉരുണ്ടു വീണു.

ഇരുട്ട്..

കറുപ്പ്..

അന്ധകാരം…

ഗൗതമിയിൽ ഭയം കുമിഞ്ഞു കൂടി…

പ്രതീക്ഷയോടെ വീണ്ടും വീണ്ടും കണ്ണുകൾ ഇറുകെ മൂടി തുറന്നു. അവിടെയും ഇരുട്ട്. എവിടെയും ഇരുട്ട്.

കണ്ട് കൊതി തീരാത്ത പല മുഖങ്ങളും ഉള്ളിൽ തെളിഞ്ഞു കത്തി.

ദത്തേട്ടൻ…

കുഞ്ഞുന്നാളിലെ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് പാഞ്ഞു കയറിയവൻ.

പ്രണയമായിരുന്നു…

മുറിക്കമീസിൽ നിന്നും പട്ടു പാവാടയിലേക്കും അതിന് മുകളിൽ ദാവണി ചുറ്റിയപ്പോഴും അതേ പ്രണയം കൂടുതൽ ഭ്രാന്തോടെ അവൾക്കുള്ളിൽ പൂത്തു തളിർത്തു.

നാളുകൾക്ക് മുന്നേ അവന്റെ കൈകൊണ്ട് കഴുത്തിലൊരു താലി വീണിരുന്നു. സീമന്ദരേഖ കുങ്കുമത്തിൽ കുതിർന്ന് ചുവന്നിരുന്നു.

നിറമുള്ള ഓർമ്മകൾ പോലുമിന്ന് ഇരുണ്ടിരിക്കുന്നു…

ഒരു നിമിഷം ഇരുട്ടിനെയവൾ അറച്ചു…

ശപിച്ചു…

എങ്കിലും അവനോടുള്ള പ്രണത്തിലേക്കവൾ ഇഴകി ചേർന്നതും അവളിലെ പെണ്ണ് പൂർണ്ണമായതും ഇരുട്ടിലായിരുന്നു. നിലാവ് പെയ്ത് നക്ഷത്രങ്ങൾ പൂത്തുലഞ്ഞ് അഴകേറെയുള്ള ഇരുട്ടിൽ.

പ്രണയം തളിരെടുക്കുന്ന ഓരോ രാത്രിയും പുലരുവോളം അവളിലെ പെണ്ണ് ഉണർന്നിരിക്കുമായിരുന്നു.

ഒരിക്കൽ ഇരുട്ടിനെ ഗൗതമി പ്രണയിച്ചിരുന്നു..

അത്രയേറെ തീവ്രതയോടെ…

ഇന്നിപ്പോൾ ഇരുട്ടിനെയവൾ വെറുക്കുന്നു.

ജീവിതത്തിലെ ഓരോ പ്രതീക്ഷയെയും ഇരുട്ട് വിഴുങ്ങിയിരിക്കുന്നു.

കൺ പീലികൾ വീണ്ടു വീണ്ടും എന്തിനോ വേണ്ടി നനഞ്ഞു .കൂമ്പിയടഞ്ഞ മിഴികളോടെ ഇരുട്ടിൽ നിന്നും ഇരുട്ടിലേക്കവൾ ഊളിയിട്ടു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

അടഞ്ഞ കൺപോളകൾ വലിച്ചു തുറക്കുമ്പോൾ സൂര്യൻ പടിഞ്ഞാറിലേക്ക് നീന്തി തുടങ്ങിയിരുന്നു..

മൂവന്തി ചുവപ്പണിഞ്ഞ വിണ്ണിൽ അമ്പിളിക്കീറ് നേരത്തെ സ്ഥാനം പിടിച്ചിട്ടുണ്ട്… നിലത്ത് നിന്നും ഏറെ പ്രയാസപ്പെട്ട് ചുമര് ചാരി എഴുന്നേറ്റു…

ഏന്തി വലിഞ്ഞ് മുന്നോട്ട് നീങ്ങുമ്പോൾ തട്ടി വീഴാതിരിക്കാൻ പ്രതേകം ശ്രദ്ധിച്ചു…

എങ്കിലും ഇടയ്ക്കിടെ ഇരുട്ടത്ത് കാല് തെന്നുമ്പോൾ അടുത്തു കിട്ടിയ ചുമരിൽ കൈത്തലം ചേർത്തു വെയ്ക്കും… നടക്കുന്നതിനിടെ കാൽപാദങ്ങൾക്ക് കീഴിലെന്തോ തടഞ്ഞപ്പോൾ കുനിഞ്ഞിരുന്ന് തറയിലൂടെ വിരലോടിച്ചു നോക്കി…

അങ്ങിങ്ങായി ചിതറി വീണ മഞ്ചാടി മണികൾ…

വെറുതെ രണ്ട് മൂന്നെണ്ണം കൈവെള്ളയിലേക്ക് എടുത്ത് പിടിച്ചു… മനസ്സപ്പോൾ കാവിലൂടെ ഓടി നടന്ന് ദത്തേട്ടനൊപ്പം മഞ്ചാടി പെറുക്കുന്ന പെണ്ണൊരുത്തിയുടെ കൂടെയായിരുന്നു… കുഞ്ഞുകളി വിട്ടു മാറാതെ കൊഞ്ചി പറഞ്ഞും കുറുമ്പ് കാണിച്ചും നടന്നിരുന്ന ഒരുവൾ…

ആ പെണ്ണ് തന്നെയല്ലേ ഇന്നിപ്പോൾ ഇരുട്ടിന്റെ ലോകത്ത് കൂനിക്കൂടി ഇരിപ്പുള്ളത്….

നെടുവീർപ്പോടെ പെറുക്കിയെടുത്ത മഞ്ചാടി ക്കുരു മേശപ്പുറത്തു വെച്ച് വെളിയിലേക്കിറങ്ങി…

“”ദത്തേട്ടാ… “”

വെറുതെ ഒച്ചയെടുത്തൊന്ന് വിളിച്ചു നോക്കി….

മറുപടിയില്ലെന്ന് കണ്ടപ്പോൾ തപ്പി തടഞ്ഞ് ഓരോ മുറിയിലും കയറി ഇറങ്ങി…

ഗീതൂട്ടിയോട് വഴക്കിടുമ്പോഴൊക്കെ പിണക്കം മാറ്റാൻ ദത്തേട്ടൻ ആരും കാണാത ഒളിച്ചിരിക്കാറുണ്ടല്ലോ…..

കയ്യിലൊരു പലഹാരപ്പൊതിയും കാണും… പെട്ടന്ന് മുന്നിലേക്ക് ചാടി വീണ് ഗീതൂട്ടിയെ പേടിപ്പിക്കാറുണ്ടല്ലോ…. ചിണുങ്ങി നിൽക്കുന്ന ഗീതൂട്ടിക്ക് ഒത്തിരി ഒത്തിരി മുത്തങ്ങൾ തരാറുണ്ടല്ലോ…

ന്റെ ഗീതൂട്ട്യേ…. ഞാൻ ചുമ്മാ ചീത്ത പറഞ്ഞതല്ലേ… ന്റെ കുഞ്ഞന് നൊന്തോടാന്നു പറഞ്ഞ് വാരി പുണരാറുണ്ടല്ലോ…

അന്നൊക്കെ ഗൗതമിക്കെല്ലാം കാണാമായിരുന്നു…

നിറമുള്ളതൊക്കെയും അവൾ കണ്ടിരുന്നു…

ഇന്നങ്ങനെയല്ലല്ലോ ഗൗതമി ഇരുട്ടിലല്ലേ…

മിഴികളിലങ്ങനെ മഴ പെയ്തു…

എങ്കിലുമവൾ കൊതിയോടെ കാത്തിരുന്നു…

വാനം കറുത്തു പാരിജാതം പൂത്തു…

എന്നിട്ടും ദത്തേട്ടൻ വന്നില്ല….

മുത്തങ്ങൾ തന്നില്ല…

വാരി പുണർന്നില്ല…

മിഴി നീർ അണ പൊട്ടിയൊഴുകി… സങ്കടം സഹിക്കവയ്യാതെയവൾ വാതിലിനരികിൽ പടിഞ്ഞിരുന്നു…

ദത്തേട്ടനും മടുത്തു കാണും കണ്ണില്ലാത്ത ഒരുവളുമായുള്ള ജീവിതം…

മനസ്സിനെ ആസ്വസ്ഥമാക്കി കൊണ്ട് കാഴ്ച നഷ്ടപ്പെട്ടതിൽ പിന്നെയുള്ള അവനിലെ മൗനവും അകൽച്ചയും ഓർമ്മ വന്നു…. ശല്യമായി തോന്നി കാണും… ഇനിയുമീ കണ്ണില്ലാത്തവളുമായുള്ള ബന്ധം വെച്ചു പൊറുപ്പിക്കേണ്ടെന്ന് തോന്നി കാണും…

ഗൗതമിക്ക് നോവുന്നു….

ഹൃദയ പാളികളോരോന്നുമടർന്ന് രക്തം
ചീന്തുന്നു….

ഇറ്റി വീഴുന്ന ചോരത്തുള്ളികൾ വീണ് പ്രണയം നനയുന്നു…വീണ്ടും പൂത്ത് തളിർക്കുന്നു..

(കടപ്പാട് )

“”ഏത് നേരത്താണാവോ ഇവളെയൊക്കെ പിടിച്ച് തലയില് വെക്കാൻ തോന്നിയത്…. കണ്ണും കാണില്ല…

ഓരോരോ ഗതികേട്..”” അവന്റെ വാക്കുകൾ കാതിലൂടെ തുളഞ്ഞു കയറി…കേൾക്കേ കേൾക്കേ അതൊരു മൂളക്കമായി മാറി..

ശരീരത്തിന്റെ ഭാരം കുറഞ്ഞു വന്നു… കണ്ണുകൾ മാളി അടയുമ്പോഴും ഉള്ളം തേങ്ങുന്നുണ്ടായിരുന്നു…

കാഴ്ച നഷ്ടപ്പെട്ടതിലവൾ സ്വയം ശപിക്കുന്നുണ്ടായിരുന്നു…

രാത്രി യാമങ്ങളിലെപ്പഴോ കണ്ണ് തുറന്നപ്പോൾ അരികിലാകെ ദത്തേട്ടന്റെ ഗന്ധം…

അവന്റെ ചൂട്…

ഇടുപ്പിലൂടെ ദത്തേട്ടന്റെ കൈകൾ കുരുക്കിട്ടിരുന്നു…

കഴുത്തിടുക്കിലവന്റെ നിശ്വാസം…

ഒക്കെയും മനസ്സിന്റെ ചാപല്യങ്ങാളാണെന്നൊരു തോന്നൽ…

സ്വപ്നമല്ലെന്നുറപ്പാക്കാൻ അടുത്ത് കിടക്കുന്നവനെ മെല്ലെ തൊട്ട് നോക്കി… ഏറെ നാൾ അന്യമായിരുന്ന അവന്റെ കര വലയത്തിലെ പ്രണയ ചൂടിലേക്ക് അടരുവാനാകാതെ ദീർഘ നേരം പറ്റി ചേർന്നു…

“” ഞാനൊന്ന് ഒച്ചയിട്ടപ്പോഴേക്കും ഇവിടെ ഒരാൾ കരഞ്ഞ് നിലവിളിച്ച് ബോധം കെടുമെന്ന് ഒട്ടും വിചാരിച്ചില്ല… “”

കാതിലവൻ കുസൃതിയോടെ അടക്കം പറഞ്ഞതും കണ്ണു കാണാത്ത പെണ്ണിനുള്ളിൽ വീണ്ടും നോവുണർന്നു…

“”ദത്തേട്ടാ… ഞാൻ.. ഞാനൊരു ഭാരമാവുന്നുണ്ടോ… ന്റെ കണ്ണിലെ ഇരുട്ട് നിങ്ങളെ മടുപ്പിക്കുന്നോ ദത്തേട്ടാ….””

ഒരിറ്റു കണ്ണുനീർ ആ കൺപീലികളിൽ തടഞ്ഞു നിന്നു…പിന്നെയത് നിശബ്ധം അവന്റെ നെഞ്ചിലേക്ക് വീണു ചിതറി തെറിച്ചു…

“”ഗീതുവേ… ഒത്തിരി നൊന്തൂല്ലേ… ദത്തൻ ഒരുപാട് വേദനിപ്പിച്ചു ല്ലേ..””

ഒലിച്ചിറങ്ങുന്ന കണ്ണു നീർ തുള്ളിയിലേക്കവൻ അധരങ്ങൾ ചേർത്തു വെച്ചു…

കരുതലോടെ വാത്സല്യത്തോടെ അതിലുപരി പ്രേമത്തോടെ അവളെ വാരി പുണർന്നു…

“”നിക്കി ഒട്ടും ഭാഗ്യല്ലാതെ പോയല്ലോ ദത്തേട്ടാ…

ന്തേ നിക്കി മാത്രം ഇങ്ങനൊരു ദുർവിധി… ന്തിനാ ന്റെ കണ്ണില് മാത്രം ഇരുട്ട് വീണത്… കണ്ട് കൊതി തീർന്നില്ല… ഒട്ടും കൊതി തീർന്നില്ല… ഈ ഇരുട്ടിലിങ്ങനെ ഞാൻ ശ്വാസം മുട്ടി ചത്തു പോവും…””

വാക്കുകൾ ഇടറി അവന്റെ നെഞ്ചിലേക്ക് തല ചായ്‌ച്ച് ദേഹത്ത് ചുറ്റി പിടിച്ചു…

“” എന്റെ… കണ്ണിലൂടെ നീയെല്ലാം കാണും ഗൗതമി… നിന്റയുള്ളിലെ ഇരുട്ടിൽ ദത്തന്റെ പ്രണയം തിളങ്ങും… ഒരിക്കലുമൊരിക്കലും അണയാതെ തിളങ്ങും…””

പറഞ്ഞവസാനിക്കുമ്പോൾ ചുണ്ടുകൾ അലിവോടെ ആ പെണ്ണിന്റെ കുഞ്ഞു നെറ്റിയിൽ അമർന്നു…

പിന്നീട് നീർ മുത്തുകൾ പറ്റി കിടന്ന ഇരു കണ്ണിലും ഒടുക്കം ഏറ്റവും ഒടുക്കം അവളുടെ മൂക്കിൻ തുമ്പിലും…

ചുണ്ടിൽ നാമ്പെടുത്ത കുഞ്ഞു ചിരിയോടെ അവളുടെ കവിളിണകൾ കുങ്കുമ ചുവപ്പണിഞ്ഞു…

ഇടുപ്പിലൂടെ ചുറ്റി പിടിച്ചിരുന്ന വിരലുകൾക്ക് മുറുക്കം കൂടി…

ഇരുവർക്കുമിടയിൽ പ്രണയം ഒഴുകിപ്പരന്നു…

ഉയർന്ന് പൊങ്ങുന്ന നിശ്വാസങ്ങൾക്ക് വിയർപ്പിന്റെ ഗന്ധം….

ചുറ്റിപ്പിണഞ്ഞ അധരങ്ങളിൽ സ്നേഹത്തിന്റെ മാധുര്യം….

മുറ്റത്ത് നേർത്ത മഴ കിലുക്കവും തുറന്നിട്ട ജനലഴികളിലൂടെ തൂവാനത്തിന്റെ കുളിരും…..

ഗൗതമി തരളിതയായി…

ഇരുട്ടിനെ വീണ്ടുമറിയാതെ പ്രണയിച്ചു പോകുന്നു….

ഉള്ളിലെ സങ്കട പുഴ പതിയെ വറ്റി വരണ്ടു..

ചുണ്ടിൽ ഉറവ വറ്റാത്ത അലിവാർന്ന ചിരി….

നേത്ര ഘോളങ്ങളിൽ പ്രണയത്തിന്റെ തിളക്കം…

“”ഗീതുവേ… ഞാൻ നിന്നെ വേണ്ടാന്ന് വെച്ചാലോ… ന്നിട്ട് രണ്ടും കണ്ണും കാണുന്ന ഒരുത്തിയെ അങ്ങ് കെട്ടിയാലോ…””

ഇടക്കെപ്പഴോ പാതി മയങ്ങുന്ന പെണ്ണിന്റെ കാതിലവൻ കുറുമ്പ് പറഞ്ഞു…

“”ന്തോന്ന്… വേണ്ടാതീനം മൊത്തം കാണിച്ചേച്ചിട്ടിപ്പോ ന്നെ വേണ്ടാ ന്നോ… ദേ അങ്ങനെ വല്ലതും മനസ്സിലുണ്ടെങ്കി നിങ്ങടെ രണ്ട് കണ്ണും ഞാനങ്ങ് കുത്തി പൊട്ടിക്കും പറഞ്ഞേക്കാം… ഹാ…””

വന്ന ദേഷ്യത്തിലവന്റെ നെഞ്ചിൽ നുള്ളി വലിച്ചവൾ പുറം തിരിഞ്ഞു കിടന്നു… പിന്നിൽ നിന്നും ഉയരുന്ന ദത്തേട്ടന്റെ പൊട്ടി ചിരികൾക്ക് ചെവി കൊടുക്കാതെ തലയിണക്കടിയിലേക്ക് മുഖം പൂഴ്ത്തി വെച്ചു…

“”ആഹാ… അപ്പന്റെ ഗീതൂട്ടിക്ക് കരയാൻ മാത്രല്ല പണ്ടത്തെ പോലെ കുറുമ്പ് കൂടാനും അറിയാ ല്ലേ…

ഞാനും വിചാരിച്ചു കാഴ്ച നഷ്ടപ്പെട്ടതോടെ ഈ പെണ്ണിലെ കുറുമ്പും കുസൃതിയുമെല്ലാം നഷ്ടപ്പെട്ടുവെന്ന്…””

വീണ്ടുമുറക്കെയുള്ള അവന്റെ ചിരിയൊച്ച കേൾക്ക വയ്യാതെയവൾ അവന്റ ചുണ്ടുകളെ പൊതിഞ്ഞു പിടിച്ചു… അടുത്ത നിമിഷം ആ ചിരി അവളിലേക്കും പരന്നു…

ചുണ്ടിലൊരു കുന്നോളം കുസൃതി ഒളിപ്പിച്ചു കിടക്കുന്നവനെ ഗൗതമി ഇറുക്കെ പുണർന്നു…

പുലരും മുൻപേ പിന്നെയും മഴ പൊടിഞ്ഞു….

നിലാവ് പെയ്തു…

ചിതറുന്ന മഴ മുത്തുകൾക്കൊപ്പം ഒരു തെച്ചിപ്പൂ ഭൂമിയുടെ മടിത്തട്ടിലേക്ക് ഞെട്ടറ്റ് വീണു…

ഒരിക്കൽ കൂടിയവന്റെ അധരങ്ങൾ ഇരുട്ട് തിങ്ങിയ മിഴികളെ തഴുകി…. പ്രേമത്തോടെ തലോടി…

ഇനിയെന്നുമീ പെണ്ണിന് വെളിച്ചമേകുമെന്ന പ്രത്യാശയോടെ…

അവസാനിച്ചു….

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : മഞ്ചാടി