നിഴലായ് നോവലിൻ്റെ ഇരുപത്തിയൊന്നാം ഭാഗം വായിക്കൂ……

രചന : Thasal

“എണീറ്റോ…. ഞാൻ കരുതി പൊന്നു മോന് കെട്ട് ഇറങ്ങിയിട്ട് ഉണ്ടാകില്ല എന്ന്…. ”

അടുക്കളയിലൂടെ പിന്നിലെക്ക് ഇറങ്ങാൻ നിന്ന നന്ദനെ കണ്ട് അപ്പം ചുടുകയായിരുന്ന അമ്മ പറഞ്ഞതും അവൻ ഒന്ന് ഇളിച്ചു കൊണ്ട് തല ചൊറിഞ്ഞു….

“അധികം ഇളിക്കണ്ടാ… ഈ നശിച്ച കുടി എന്ന് നിർത്തുന്നോ അന്നേ നീ നന്നാവൂ…. നിനക്ക് എന്തിന്റെ കുറവ് ഉണ്ടായിട്ടാണെടാ,,,,, എന്ത് വിഷമം ഉണ്ടായിട്ട ഈ കുടി…. സ്വയം നശിക്കാനോ…. ഈ കുടിയും വെച്ച് നിനക്ക് പെണ്ണിനേ ആരെങ്കിലും തരുമഡാാ…. ”

അമ്മ ദേഷ്യത്തോടെ പറഞ്ഞതും അവൻ മണിയെ ആലോചിച്ചു കൊണ്ട് ഒന്ന് ചിരിച്ചു…

“ഞങ്ങളും തരില്ല ഒരു പെണ്ണിനെയും…. അതിനെ കൂടി സങ്കടപ്പെടുത്താൻ ഞങ്ങൾക്ക് ആകില്ല…

ഓർത്ത് വെച്ചോ പൊന്നു മോൻ…. ”

അമ്മ കലിപ്പിച്ചു ഒന്ന് നോക്കിയതും അവൻ ഒന്നും മിണ്ടാൻ നിൽക്കാതെ ആകെ ചമ്മിയ കണക്കെ പുറത്തേക്ക് നടന്നു…

“അമ്മ ചായ… ”

അടുക്കളയിലേക്ക് വരുന്നതിനിടയിൽ പാറു വിളിച്ചു പറഞ്ഞു…

“ദേ വന്നു അടുത്ത അവതാരം,,, നീ എന്താടി കുമ്പ കർണന്റെ കുടുംബത്തിൽ പെട്ടതാണോഡി…..

ഏത് നേരവും തീറ്റ…. ഡി പെണ്ണെ മിണ്ടാതെ അടങ്ങി ഒതുങ്ങി അത് ചുട്ട് എടുക്കാൻ നോക്ക്…

അത് കഴിഞ്ഞിട്ട് മതി തിന്നൽ…. ”

അമ്മക്ക് യാതൊരു മയവും ഇല്ലായിരുന്നു… അവർ അവളെ ഒന്ന് കലിപ്പിച്ചു നോക്കി കൊണ്ട് സ്റ്റോർ റൂമിൽ പൊട്ടി കിടക്കുന്ന ഭരണി ചില്ലുകൾ കോരി എടുക്കുന്ന തിരക്കിൽ ആണ്… പാറു വേഗം ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന പോലെ അടുപ്പിന്റെ അടുത്തേക്ക് ഓടി…

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

“മണിയെ…. ”

ഷിർട്ടിന്റെ സ്ലീവ് ഒന്ന് കയറ്റി വെച്ച് കൊണ്ട് ഗൗതം വിളിച്ചതും ഉണ്ടാക്കി വെച്ച അപ്പവും കറിയും അടുക്കളയിലേ ടേബിളിൽ നിരത്തി കൊണ്ട് കൈ രണ്ടും ദാവണി ശീലയിൽ തുടച്ചു കൊണ്ട് അവൾ ഉള്ളിലേക്ക് നടന്നു…

“എന്താ ഏട്ടാ…. ”

അവന്റെ റൂമിന്റെ വാതിൽ പടിയിൽ നിന്ന് കൊണ്ട് അവൾ ചോദിച്ചു…ഗൗതം ഒന്ന് തിരിഞ്ഞു കൊണ്ട് അവളെ അടിമുടി നോക്കി…

“നീ ഇത് വരെ റെഡി ആയില്ലേ…. ഇന്ന് കോളേജിൽ പോകേണ്ടതല്ലേ….”

അവന്റെ ചോദ്യം കേട്ടപ്പോൾ ആണ് അവൾക്കും ഓർമ വന്നത്… എങ്കിലും ഒരു താല്പര്യം ഇല്ലാത്ത മട്ടെ അവൾ തല ചൊറിഞ്ഞു…

“ഇന്ന് വെള്ളിയാഴ്ചയല്ലെ….ഇന്ന് പോയാൽ ശരിയാവില്ല… ഞാൻ തിങ്കൾ മുതൽ പൊയ്ക്കോളാം… ”

“വെള്ളിക്ക് എന്താടി കുഴപ്പം…. ”

“വെള്ളിയാഴ്ച പോയാൽ തലക്ക് മുകളിൽ വെള്ളി ശാപം ഉണ്ടാകും…. ഇത്രയൊക്കെ വലുതായിട്ടും ഏട്ടന് ഒന്നും അറിയില്ല… ശ്ശെ… സർ ആണെന്ന് പറഞ്ഞു നടക്കാൻ നാണം ഇല്ലേ … ”

ഓരോന്ന് പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോകുന്ന മണിയെ ഗൗതം അടക്കി പിടിച്ച ചിരിയോടെ നോക്കി….

“ഒന്നും അറിയാത്ത പോലെ നിൽക്കുന്നത് കൊണ്ട നീ ഈ വീട്ടിൽ താമസിച്ചു പോകുന്നത്… ഈ വഴി ആണേൽ ഞാൻ തന്നെ നിന്നെ ആ തോട്ടിൽ കൊണ്ട് പോയി ഇടും… ”

അവൾ കേൾക്കാൻ എന്ന പോലെ അവൻ വിളിച്ചു പറഞ്ഞു…

“ആയിക്കോട്ടെ തമ്പ്രാ….”

ലോഡ് കണക്കിന് പുച്ഛം വാരി എറിഞ്ഞു കൊണ്ടായിരുന്നു അവളുടെ മറുപടി…. അവൻ ഒന്ന് ചിരിച്ചു കൊണ്ട് കയ്യിൽ വാച്ച് കെട്ടുമ്പോൾ അറിയാതെ തന്നെ കണ്ണുകൾ ചുമരിൽ തൂക്കി ഇട്ട കുടുംബ ഫോട്ടോയിൽ ചെന്ന് പതിഞ്ഞു…

തന്നെയും മണിയെയും പൊതിഞ്ഞു പിടിച്ചു നിൽക്കുന്ന അമ്മയും അച്ഛനും…. മണിയുടെ പകർപ്പ് പോലെ തോന്നിക്കുന്നുണ്ടായിരുന്നു അമ്മയെ… അല്പം ഗൗരവവും മുഖത്തെ കട്ടി മീശ മുകളിലേക്ക് പിരിച്ചു വെച്ച അച്ഛനെ കാണാൻ എവിടെ ഒക്കെയോ ഗൗതമിനെ പോലെയുണ്ട്….ഗൗതമിന്റെ കണ്ണുകൾ ഒന്ന് കലങ്ങി… കണ്ണുകളിൽ മിഴിനീരുകൾ ഉരുണ്ടു കൂടുമ്പോഴും ചുണ്ടിൽ പതിവ് പുഞ്ചിരി ഉണ്ടായിരുന്നു…. അവന്റെ കണ്ണുകൾ എല്ലാവരിലും ഉഴിഞ്ഞു അവസാനം മണിയിൽ എത്തി നിന്നു…

അവന് ഒരുപാട് ഇഷ്ടം ആയിരുന്നു അമ്മയോടും അച്ഛനോടും…. ഒരു തെല്ലു പോലും പരിഭവം അവരോട് ഇല്ലായിരുന്നു… കാരണം അവന് കൂട്ടിന് തന്റെ കുഞ്ഞ് പെങ്ങളെ നൽകി കൊണ്ടായിരുന്നു അവർ പോയത്…. ഒരുപാട് സ്നേഹം നൽകിയ കുഞ്ഞ് പെങ്ങൾ…. എന്തിനും ഏതിനും തന്റെ കൂടെ നിൽക്കുന്നവൾ… എത്ര കുറുമ്പ് കാണിച്ചാലും തന്റെ ഉള്ളൊന്ന് പിടഞ്ഞാൽ അത് മനസ്സിലാക്കാൻ അവൾക്കേ സാധിക്കൂ….

കണ്മുന്നിൽ കാണുമ്പോൾ പരസ്പരം കളിയാക്കിയും തല്ലു കൂടിയും നടക്കുമ്പോഴും പരസ്പരം നന്നായി മനസ്സിലാക്കാൻ അവർക്ക് സാധിച്ചിരുന്നു… അവന്റെ കൈകൾ മേശക്ക് മുകളിൽ ഇരിക്കുന്ന അവന്റെയും മണിയുടെയും കുട്ടി കാലത്തെ ഫോട്ടോയിലേക്ക് നീണ്ടു…

അത് എടുത്തു പുഞ്ചിരിയോടെ തന്നെ മണിയുടെ ഫോട്ടോക്ക് മുകളിൽ ഒന്ന് ചുണ്ടമർത്തി….

“ആ ഫോട്ടോക്ക് കൊടുക്കുന്നതിനു പകരം ഇങ്ങ് തന്നൂടെ വാധ്യാരെ…. ”

കുറുമ്പോടെയുള്ള മണിയുടെ ശബ്ദം കേട്ടു അവൻ പെട്ടെന്ന് തന്നെ നോട്ടം മാറ്റിയതും കണ്ടു കള്ള ചിരിയോടെ രണ്ട് കയ്യും കെട്ടി വാതിൽ പടിയിൽ ചാരി നിൽക്കുന്ന മണിയെ… അവൻ വലിയ മൈന്റ് ഒന്നും കാണിക്കാതെ ഫോട്ടോയിലേക്ക് ഒന്ന് ഊതിയും കൈ കൊണ്ട് അതിന് മുകളിൽ തുടക്കുകയും ഒക്കെ ചെയ്തു…

“ഭയങ്കര പൊടിയാ…. ഇവിടെ ആരും തുടയും നനയും ഒന്നും ഇല്ലാന്നാ തോന്നുന്നത്…. ”

ചുണ്ടിൽ മുള പൊട്ടിയ പുഞ്ചിരി മെല്ലെ മറച്ചു പുടിച്ചു കൊണ്ട് അവൻ പറഞ്ഞതും അവളുടെ ചുണ്ടുകൾ കൂർത്തു വന്നു…

“ആടോ…. ഞാൻ ഇവിടെ തുടക്കാറ് ഒന്നും ഇല്ല… എന്നെ കൊണ്ടൊന്നും പറയിപ്പിക്കാൻ നിൽക്കണ്ട…

ആളെ കളിയാക്കാൻ നില്ക്കുവാ… എന്റെ ഈശ്വരാ എത്ര തേങ്ങ വീഴുന്നു… അതിൽ ഒന്ന് പെങ്ങളെ സ്നേഹിക്കാത്ത ഈ വാധ്യാരുടെ തലയിൽ ഒന്ന് വീണിരുന്നുവെങ്കിൽ…. ”

മേലേക്കും കണ്ണ് നട്ടു കൊണ്ടുള്ള അവളുടെ പ്രാർത്ഥന കേട്ടു ഗൗതം ഒന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് അവളെ പിടിച്ചു തന്നോട് ചേർത്ത് നിർത്തി…

അവൾ ഒന്ന് കുതറി മാറാൻ ശ്രമിച്ചതും അവളുടെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു ആ നെറുകയിൽ വാത്സല്യത്തോടെ ചുണ്ടമർത്തി…. അവളും പരിഭവം നിറഞ്ഞ മുഖത്ത് ആർക്കും മനസ്സിലാകാത്ത തരത്തിൽ പുഞ്ചിരി നിറച്ചിരുന്നു….

“എനിക്ക് ആകെ സ്വന്തം എന്നൊക്കെ പറയാൻ നമ്മുടെ മുത്തശി കഴിഞ്ഞാൽ നീ മാത്രം ഒള്ളൂ എന്റെ മണികുട്ട്യേ……അപ്പൊ ഈ ഏട്ടൻ ഇടയ്ക്കിടെ എന്റെ കുട്ടിക്ക് സ്നേഹം അടിയായും തൊഴിയായും…

പിന്നെ ചീത്തയായും അങ്ങ് തരില്ലേ…”

പറയുന്നതിന്റെ കൂടെ അവൻ അവളുടെ തലയിൽ ഒന്ന് മേടിയതും അവൾ പുഞ്ചിരിയോടെ അവനെ നോക്കി…. ഒരു ചീത്ത എങ്കിലും പ്രതീക്ഷിച്ച അവൻ അവളുടെ ചിരി കണ്ട് അത്ഭുതത്തോടെ നോക്കി….

“ആണോ ഏട്ടാ….. അത് പോലെ എനിക്കും സ്വന്തം എന്ന് പറയാൻ ഏട്ടൻ മാത്രമല്ലേ ഒള്ളൂ…

എനിക്കും സ്നേഹം ഇടക്ക് കൂടാറും ഉണ്ട്… ”

അവൾ പറഞ്ഞു പൂർത്തിയാക്കി കൊണ്ട് അവനെ നോക്കിയതും അവൻ കണ്ണ് മിഴിച്ചു കൊണ്ട് അവളെ നോക്കിയതും അവൾ കിട്ടിയ അവസരം വെച്ച് അവന്റെ കയ്യിൽ കടിച്ചു…. ആദ്യം ഒന്ന് തരിച്ചു എങ്കിലും വേദന അരിച്ചു ഇറങ്ങിയതും അവൻ ആകെ ഒന്ന് പിടഞ്ഞു…

“ടി… ടി… കടി വിടടി…. കടി വിടടി… ”

അവൻ എരിവ് വലിച്ചു കൊണ്ട് മറു കൈ കൊണ്ട് അവളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ട് അലറിയതും അവൾ ഒന്ന് കൂടെ അവന്റെ കയ്യിൽ അമർത്തി കടിച്ചു കൊണ്ട് അവന് പിടി കിട്ടും മുന്നേ ഇറങ്ങി ഓടി….

“എനിക്ക് സ്നേഹം കൂടുമ്പോൾ ഞാൻ ഇങ്ങനെയാ പ്രകടിപ്പിക്ക വാധ്യാരെ… ”

ഓടുന്നതിനിടയിൽ അവൾ വിളിച്ചു പറയുന്നുണ്ടായിരുന്നു… അവൻ കയ്യിലും പിടിച്ചു കൊണ്ട് അവളെ കണ്ണുരുട്ടി നോക്കി….

“വടി കൊടുത്തു അടി വാങ്ങി…. ”

ഹാളിൽ സോഫയിൽ ഇരുന്നു കൊണ്ട് മുത്തശ്ശി പൊട്ടിച്ചിരിയോടെ പറഞ്ഞു… അവൻ അവരെ നോക്കി ഒന്ന് പല്ല് കടിച്ചു….

“ക്ക.. ക്ക… ക്ക… ഇളിച്ചോ…. ഇളിച്ചോ…. പല്ല് മുഴുവൻ പുറത്തും കാട്ടി ഇളിച്ചോ…. കുറച്ചു കൂടി കഴിഞ്ഞാലേ…. ഈ പല്ലൊക്കെ കൊഴിഞ്ഞു ഒരു വെറ്റില പോലും നല്ല പോലെ കഴിക്കാൻ പറ്റാതെ…. മോനെ…. ഇതൊക്കെ അരച്ച് മുത്തശ്ശിയുടെ വായയിൽ വെച്ച് തരോ… എന്നും ചോദിച്ചു എന്റെ അടുത്ത് തന്നെ വരും… അന്നും കാണണം ഈ ചിരി….. ”

അവൻ അഭിനയിച്ചു കൊണ്ട് പറഞ്ഞു….

“പ്ഫാ…. എരണം കെട്ടവനെ…. ”

മുത്തശ്ശിയുടെ ഒറ്റ ആട്ടലിൽ ആള് തിരിഞ്ഞു ഓടി….

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

“ചേച്ചി…. ആ ചില്ലയിൽ ഉള്ളത് മതി…. ”

“ഏതാടാ…. നല്ല പോലെ പറ… ”

“അത്… ചേച്ചിയുടെ കയ്യിന്റെ മുകളിൽ ഉള്ളത്..”

മണി മരത്തിന്റെ മണ്ടയിൽ ഇരുന്നു മാങ്ങ പൊട്ടിക്കുകയാണ്… അവൾക്ക് താഴെയുള്ള ചില്ലയിൽ ഇരുന്നു മാങ്ങ കഴിക്കുന്ന തിരക്കിൽ ആണ് പാറു…

കുറെ കുട്ടി പട്ടാളങ്ങൾ താഴെ നിന്ന് നിർദ്ദേശം കൊടുക്കുന്നുണ്ട്….

മണി മുകളിലെ ഒരു കുല മാങ്ങ തന്നെ പൊട്ടിച്ചു താഴെ ഇട്ടു… പിള്ളേര് എല്ലാരും ശബ്ദം കൂട്ടി അത് പെറുക്കി എടുക്കാൻ തുടങ്ങി….

“ഡാാ…. ”

പെട്ടെന്ന് ഒരു അലർച്ച കേട്ടതും എല്ലാവരും തിരിഞ്ഞു നോക്കിയതും കണ്ടു കയ്യിൽ വടിയും പിടിച്ചു ഓടി വരുന്ന ശങ്കരെട്ടനെ…. അങ്ങേരുടെ പറമ്പിൽ കയറി മാങ്ങ പൊട്ടിക്കുന്ന തിരക്കിൽ ആയിരുന്നു എല്ലാവരും….

“അയ്യോ… ചേച്ചി… ശങ്കരൻ തമ്പി…. വന്നു…. ഓടിക്കോ… ”

ഒരു വിരുതൻ മുകളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു കൊണ്ട് ഓടിയതും പാറുവും മണിയും മരത്തിൽ നിന്നും വേഗത്തിൽ ചാടി ഇറങ്ങി കൊണ്ട് ഓടി…

ഓടുന്ന ഓട്ടത്തിൽ പാറു പിന്നിൽ ആയത് കൊണ്ട് തന്നെ ശങ്കരെട്ടന്റെ കയ്യിൽ അവളെ കിട്ടിയതും മുന്നിൽ ഓടിയിരുന്ന മണി കയ്യിൽ ഉള്ള മാങ്ങ കൊണ്ട് അയാളെ ഒറ്റ ഏറ്… അയാളുടെ പിടി അഴിഞ്ഞതും പാറുവും ഓടി…

ഓടി വീട്ടിൽ കയറി റൂമും അടച്ചു ഇരുന്നു…

ഇന്നേക്കുള്ള കോട്ട കിട്ടാൻ ആയി എന്ന് രണ്ട് പേർക്കും മനസ്സിലായിരുന്നു….

“പാറു….. മണി….. ”

പുറത്ത് നിന്നും നന്ദന്റെ അലർച്ച വന്നതും രണ്ട് പേരും തലയിൽ കൈ വെച്ച് പോയി….

“പോണോടി…. ”

“മ്മ്മ്ഹും… ഞാൻ പോകത്തില്ല….നീ തന്നെ പൊയ്ക്കോ…”

പാറു കൈ ഒഴിഞ്ഞു കൊണ്ട് അവിടെ തന്നെ ഇരുപ്പുറപ്പിച്ചു…. അപ്പോഴേക്കും റൂമിന്റെ വാതിലിൽ കൊട്ട് വീണു….

“ഡീീ….. പാറു….. മണി… രണ്ടും പുറത്ത് വരുന്നതാണ് നല്ലത്… ഞാൻ എങ്ങാനും ചവിട്ടി തുറന്നാൽ രണ്ടും ബാക്കി കാണത്തില്ല തുറക്കടി.. ”

അവൻ അലറി…മണി ആണേൽ പേടിച്ചു വിറച്ചുള്ള ഇരിപ്പാണ്,,,,കണ്മുന്നിൽ തെളിഞ്ഞു വരുന്നത്…

അടിപൊളിയായി മുളകും തേച്ചു ഉണക്കി എടുത്ത അവന്റെ ചൂരൽ ആണ്… ഹമ്മേ കഴിഞ്ഞ പ്രാവശ്യം കിട്ടിയതിന്റെ വേദന മാറിയിട്ടില്ല….

“നീ എന്തിനാഡാാ… ഇങ്ങനെ കിടന്ന് അലറുന്നത്…. ”

അമ്മ വന്നു ഇടപെട്ടു…. അപ്പച്ചി രക്ഷിക്കൂ എന്ന പോലെ മണി വാതിലിൽ ചെവി ചേർത്തു വെച്ചു…

“രണ്ടിനോടും ഇറങ്ങി വരാൻ പറയുന്നതാണ് നല്ലത്…. ഡി….ഇറങ്ങി വാടി…. ”

അവൻ അലറി… അവൾ പെട്ടെന്ന് തന്നെ പിന്നിലേക്ക് വലിഞ്ഞു….

“മക്കളെ…. ഇറങ്ങി വാ… ”

അപ്പച്ചിയുടെ വിളി കൂടി എത്തി…. അപ്പച്ചി യു ടൂ …. മണി ദയനീയമായി പാറുവിനെ നോക്കി…

അവൻ നഖം കടിക്കുന്ന തിരക്കിൽ ആണ്…

“ഈ നേരത്ത് എങ്കിലും ഒന്ന് ടെൻഷൻ അടിക്കഡി പുല്ലേ….”

“എനിക്ക് ഭയങ്കര ടെൻഷൻ ഉണ്ടടി,,, പുറത്തേക്ക് വരാത്തതാ… ”

പാറു ദയനീയമായി പറയുന്നത് കേട്ടു മണിയും കണ്ണുകൾ ചുളിച്ചു അവളെ നോക്കി… അവളുടെ നോട്ടത്തിന് അർത്ഥം മനസ്സിലാക്കും പോലെ പാറുവും അവളുടെ അരികിലേക്ക് വന്നതും മണി മെല്ലെ വാതിൽ തുറന്നതും ബാക്കി ഉന്തി തുറക്കുന്ന ഉത്തരവാദിത്തം നന്ദന്റെതായിരുന്നു…

വാതിൽ തുറന്നതും കണ്ടു… ഉറഞ്ഞു തുള്ളി നിൽക്കുന്ന നന്ദനെ… നന്ദൻ പാറുവിനെയും വലിച്ചു ഹാളിൽ എത്തിയതും അല്പം പേടിച്ച് ആണെങ്കിൽ കൂടി മണിയും വന്നു…വെറും ആത്മാർത്ഥത….

ഹാളിൽ രണ്ട് പേരും നിൽപ്പ് ഉറപ്പിച്ചതും നന്ദൻ കയ്യിൽ ഒരു ചൂരലുമായി വന്നു… മണിയുടെ നോട്ടം ചുറ്റും പരതി ഗൗതമിൽ എത്തി നിന്നതും അവൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് അവളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു….

മണി ചുണ്ടനക്കി *പോടാ പട്ടി *എന്ന് വിളിച്ചതും ആദ്യത്തെ അടി അവളുടെ കയ്യിൽ തന്നെ പതിഞ്ഞു… അവൾ എരിവ് വലിച്ചു മുഖം ചുളിച്ചു കയ്യിലും പിടിച്ചു കൊണ്ട് നന്ദനെ നോക്കി…

അവൻ കണ്ണ് കൂർപ്പിച്ചു അവളെ നോക്കുകയായിരുന്നു….

“ഇയാൾ എന്തിനാ എന്നെ തല്ലുന്നെ…. ”

മണി കരച്ചിലിന്റെ വക്കത്ത് എത്തി കൊണ്ട് ചോദിച്ചു….

“നീയൊക്കെ എവിടെ ആയിരുന്നഡി… ”

അവൻ ദേഷ്യത്തോടെ ചോദിച്ചു…

“റൂമിൽ… ”

അത് ന്യായം… ന്യായം പറഞ്ഞ പാറുവിനും കിട്ടി ഒന്ന്…

“റൂമിൽ കയറും മുന്നേ എവിടെ ആയിരുന്നു എന്ന ചോദിച്ചത്…പറയടി രണ്ടും… ”

ചൂരൽ ടേബിളിൽ അടിച്ചു കൊണ്ട് അവൻ ചോദിച്ചതും ഒന്ന് ഞെട്ടി കൊണ്ട് രണ്ടും പിന്നിലേക്ക് മാറി….

“അത്… ശങ്കരൻ തമ്പി…. ”

“എന്ത്… ???!”

“സോറി… ശങ്കരെട്ടന്റെ പറമ്പിൽ മാങ്ങ…. ”

പറഞ്ഞു തീരും മുന്നേ അവന്റെ കയ്യിൽ ഇരിക്കുന്ന ചൂരൽ ഉയർന്നു താണു… അതിനോടൊപ്പം രണ്ടും ചാടിയതും കറക്ട്ടായി തന്നെ അവരുടെ കണം കാലിൽ കൊള്ളുകയും ചെയ്തു…. രണ്ടും എരിവ് വലിച്ചു കൊണ്ട് തിതൈ തുള്ളി പോയി….

“കണ്ടവരുടെ പറമ്പിലേ മരത്തിൽ കയറി മാങ്ങ പൊട്ടിക്കരുത് എന്ന് എത്രപ്രാവശ്യം നിന്നോടൊക്കെ പറഞ്ഞിട്ടുണ്ടെഡി….. ഇത്രയും പ്രായം ആയില്ലേ… പേരിണെങ്കിലും ഒരു നാണം…എവിടെ….

എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കാൻ നിൽക്കരുത്…. പൊട്ടിച്ചതും പോരാ ആരാടി അയാളുടെ മോന്തക്ക് ആ മാങ്ങ കൊണ്ട് എറിഞ്ഞത്…. ”

അവൻ ചോദിച്ചതും അത് വരെ കാല് തടവി കൊണ്ടിരുന്ന മണി ഒന്ന് ഞെട്ടി… പാറുവാണേൽ അവളെ ചൂണ്ടാൻ നിൽക്കുന്നത് കണ്ടതും മണി അത് പിടിച്ചു വെച്ചു….

“ആരാന്നു പറയടി…. ”

“ചേട്ടാ…. അത് ഇവള…സത്യം… ”

പാറു കൈ ഒഴിഞ്ഞു… ഇനിയും വാങ്ങാൻ വയ്യ…

നന്ദൻ കലിപ്പിച്ചു ഒന്ന് മണിയെ നോക്കിയതും മണി പാറുവിനെ നോക്കി കണ്ണുരുട്ടി….

“ഇതിനെ ഒക്കെ…..തല്ലിയിട്ടും കാര്യം ഇല്ലല്ലോ…..ഇത്രയും വളർന്നില്ലേ….. കയറി പോടീ രണ്ടും….”

നന്ദൻ അലറിയതും രണ്ടും ഉള്ളിലേക്ക് ഓടി…

ഇനി കിട്ടാൻ വയ്യ… അത് തന്നെ കാരണം….

അമ്മ ആണേൽ വായയും പൊത്തി നിൽക്കുകയാണ്… മക്കളുടെ വീര ഷൂര പരാക്രമണങ്ങൾ അല്ലേ ചുരുളഴിയുന്നത്….. നന്ദൻ വടി നിലത്ത് എറിഞ്ഞു കൊണ്ട് റൂമിലേക്ക്‌ കയറി പോയി….

വരുന്ന വഴിയിൽ അവരെ പറ്റിയുള്ള പരാതി കേട്ട ദേഷ്യത്തിൽ ആയിരുന്നു അവൻ…

ഒന്നാമതെ അത്ര വലിയ മൂഡിൽ അല്ല… അതിന്റെ കൂടെ നാട്ടുകാരുടെ പരാതിയും….

അവൻ കണ്ണുകൾ മറക്കും വിധം കൈ കൈ വെച്ചു കൊണ്ട് കിടന്നു… ഇടക്ക് അവന്റെ കൂടെ ഗൗതമും കയറി കിടന്നത് അവൻ അറിയുന്നുണ്ടായിരുന്നു….

നേരം ചെല്ലുന്തോറും എന്തോ ഒരു കുറ്റബോധം ഉള്ളിൽ….അടിക്കണ്ടായിരുന്നു….അവൻ ബെഡിൽ നിന്നും എഴുന്നേറ്റപ്പോഴെക്കും ഗൗതമിനെ കാണാൻ ഇല്ലായിരുന്നു…. അവൻ മെല്ലെ റൂമിൽ നിന്നും ഇറങ്ങി….പാറുവിന്റെ റൂമിന്റെ അരികിലേക്ക് നടന്നു…

കൈ കൊണ്ട് വാതിൽ മുട്ടാൻ ആഞ്ഞതും എന്തോ പെറുക്കി പറച്ചിൽ കേട്ടു അവൻ അത് വേണ്ടെന്നു വെച്ചു….

“ദുഷ്ടൻ… ഗഡോൽഗജൻ…. എന്തൊരു വേദനയാ എന്റെ കൃഷ്ണാ… കാലിലെ തൊലി അങ്ങ് ഉരഞ്ഞു പോയി എന്ന തോന്നുന്നേ…

അയാൾക്ക്‌ ഒന്നും കണ്ണിൽ ചോരയില്ല…. കള്ള് കുടിച്ചാൽ തികച്ചു മണികുട്ടി എന്ന് വിളിക്കില്ല….

എന്തൊരു സ്നേഹം ആകും…. നല്ല ബോധത്തിലോ കഴിഞ്ഞ ജന്മത്തിൽ അയാളെ കൊന്നത് ഞാൻ ആണെന്ന് തോന്നും….അയാളെ ഒക്കെ ഉണ്ടല്ലോ….. ”

കരച്ചിൽ വക്കിൽ എത്തി നിന്നുള്ള സംസാരം ആണെന്ന് ശബ്ദം കേട്ടപ്പോൾ തന്നെ അവന് പിടി കിട്ടിയിരുന്നു… കൂട്ടത്തിൽ ഇടയ്ക്കിടെയുള്ള മൂക്ക് വലിക്കലും…. അവൻ ചെറു ചിരിയോടെ വാതിൽ തള്ളി തുറന്നതും കണ്ടു അടി കിട്ടിയ ഭാഗത്തു മരുന്ന് വെക്കുന്ന മണിയെ…. അവനെ കണ്ടതോടെ അവളുടെ മുഖം അങ്ങ് മാറി… ദേഷ്യത്തോടെ ഒന്ന് ചെരിഞ്ഞു ഇരുന്നു കൊണ്ട് മരുന്ന് വെക്കൽ ആരംഭിച്ചു…. അവൻ മെല്ലെ ഉള്ളിലേക്ക് വന്നു അവളുടെ അടുത്ത് തന്നെ ഇരുന്നു… അവൾ മൈന്റ് പോലും ചെയ്തില്ല….

അവൻ മുട്ട് കുത്തി അവളുടെ മുൻപിൽ ഇരുന്നു കൊണ്ട് അവളുടെ കാൽ ബലമായി പിടിച്ചുയർത്തി തന്റെ കാൽതുടയിലേക്ക് കയറ്റി വെച്ചു…. കണം കാലിൽ തന്നെ ചുവന്നു തിണർത്തു കിടപ്പുണ്ട്….അതിന് പുറമെ വടി തട്ടിയ മുറിവും…. അവൻ മരുന്ന് വെക്കാൻ തുടങ്ങിയതും അവൾ കാൽ പിൻവലിക്കാൻ തുടങ്ങി….

“അടങ്ങി ഇരിയഡി അവിടെ…. ”

“എന്തിനാ വന്നത്…. ചത്തോ എന്നറിയാനോ…. ഈ സ്നേഹം ഒന്നും അടിക്കുമ്പോൾ കണ്ടില്ലല്ലോ…

മരുന്ന് വെക്കാൻ എനിക്ക് അറിയാം… അതിൽ ആരുടേയും സഹായം ആവശ്യമില്ല…. ”

അവൾ അവന്റെ കാലിൽ നിന്നും കാൽ തട്ടി തെറിപ്പിക്കാൻ നോക്കി കൊണ്ട് പറഞ്ഞതും അവൻ വീണ്ടും അവിടെ തന്നെ പിടിച്ചു വെച്ച് കൊണ്ട് കാലിൽ മരുന്ന് പുരട്ടി…. ബലം പ്രയോഗിച്ചു കാര്യം ഇല്ല എന്ന് മനസ്സിലായതും അവളും എതിർത്തില്ല….

“മണി…. ”

അവൻ മെല്ലെ വിളിച്ചു… അവളിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല… ഇടയ്ക്കിടെ ഒഴുകി വരുന്ന കണ്ണുനീർ വാശിയോടെ തുടക്കുന്ന അവളെ അവൻ അലിവോടെ നോക്കി….

“മണികുട്ട്യേ.. ഒന്ന് നോക്കടി… ”

അവൻ അവളുടെ അരികിലേക്ക് നീങ്ങി ഇരുന്നു കൊണ്ട് വിളിച്ചതും അവൾ ഇടം കണ്ണിട്ട് നോക്കി എങ്കിലും പൂർണമായും അവനെ നോക്കാൻ മനസ്സ് അനുവദിച്ചില്ല… അവളുടെ കളി കണ്ട് ഒരു ചെറു ചിരിയോടെ അവളുടെ കൈ പിടിച്ചു തന്റെ കൈക്കുള്ളിൽ ആക്കി പിടിച്ചതും അവൾ പെട്ടെന്ന് എരിവ് വലിച്ചു കൊണ്ട് കൈ അടർത്തി മാറ്റിയതും കാണുന്നത് കയ്യിൽ തിണർത്തു ചുവന്നു കിടക്കുന്ന പാടിലേക്ക് ആണ്….

ആദ്യത്തെ അടിയാണ് അവന് ഓർമ വന്നത്..അവൻ അവളുടെ കൈ ഒന്ന് പിടിച്ചുയർത്തി അവിടെ തന്നെ ഒന്ന് ചുണ്ടമർത്തിയതും അവന്റെ അധരത്തിന്റെ ചൂടിൽ അവിടെ സുഖമുള്ള ഒരു വേദന നിറഞ്ഞു…

അവൾ അത് മൈന്റ് ചെയ്യാത്ത പോലേ ഇരുന്നു….

“മണി…. എന്താ നിനക്ക് വേണ്ടത്… എന്നെ തല്ലണോ തല്ലിക്കൊ എന്നാലെങ്കിലും ഈ വാശി തീരും എങ്കിൽ തല്ലിക്കൊ…. ”

അവൻ പറഞ്ഞതും അവളുടെ വലതു കൈ അവന്റെ ഇടതു കവിളിൽ പതിഞ്ഞതും ഒരുമിച്ചു ആയിരുന്നു….. അവൻ കവിളിലും കൈ വെച്ച് കൊണ്ട് അവളെ നോക്കി…. അവൾ ആണെങ്കിൽ കണ്ണുരുട്ടി പേടിപ്പിക്കുയാണ്…. അവൻ ഒരു തമാശ പറഞ്ഞതിന് ഇങ്ങനെ ഒന്ന് കിട്ടും എന്ന് അവനും പ്രതീക്ഷിച്ചില്ല…..

“ഉഫ്… എന്തോന്ന് അടിയാഡി ഇത്…. ”

അവൻ കവിളും പൊത്തി മുഖവും ചലിപ്പിച്ചു കൊണ്ട് ചോദിച്ചു….

“ഞാനായിട്ട് തന്നതല്ലല്ലോ… ചോദിച്ചു വാങ്ങിയതല്ലേ…. അത് താൻ അടിച്ച അടിയുടെ അത്ര വേദന ഒന്നും കാണത്തില്ല….. ”

അവൾ കണ്ണുരുട്ടി നോക്കി കൊണ്ട് പറഞ്ഞതും അവൻ ചിരിയോടെ തല ഒന്ന് ചൊറിഞ്ഞു…

അവൾ അവനെ തള്ളി മാറ്റി കൊണ്ട് പോകാൻ ആഞ്ഞതും അവൻ അവളെ പിടിച്ചു വെച്ച് കൊണ്ട് ആ മടിയിലേക്ക് തല ചേർത്ത് വെച്ചു…

“എന്താടി ശീമകൊന്നേ…. ഞാൻ അടിച്ചതിനു പകരം ഒന്ന് തന്നില്ലേ…. വരുന്ന വഴിയിൽ അങ്ങേരുടെ വായയിൽ നിന്നും കേട്ട ദേഷ്യം കൊണ്ട് അടിച്ചു പോയതാഡി….ഇങ്ങനെയുള്ള കുരുത്തക്കേടുകൾ കാണിക്കും മുന്നേ ഒരിക്കൽ എങ്കിലും എന്നെയോ നിന്റെ ഏട്ടനെയോ ഓർത്തുടെ പെണ്ണെ…. ”

അവൻ പറയുന്നത് കേട്ടു അവൾക്കും എന്ത് കൊണ്ടോ ശരിയാണ് എന്ന് തോന്നി….അയാൾ നന്നായി നാണം കെടുത്തിയിട്ടുണ്ടാകും എന്ന് ഉറപ്പാണ്…. അവളുടെ വിരലുകൾ അവന്റെ മുടി ഇഴകളിലൂടെ തലോടി… അവൻ ഒരു കുസൃതിയോടെ തല ഉയർത്തിയതും പെട്ടെന്ന് തന്നെ അവൾ കൈ പിൻവലിച്ചു…. അവന്റെ മുഖവും മങ്ങി….

“ഇപ്പോഴും ദേഷ്യം തീർന്നില്ലേ….. ദേഷ്യം തീരാൻ ഇനിയും അടിക്കണോ…. അടിച്ചോ…. ”

അവൻ അതും പറഞ്ഞു കൊണ്ട് തല ഉയർത്തിയതും അവൾ അവൾ തല താഴ്ത്തി കൊണ്ട് അവന്റെ അധരങ്ങളിലേക്ക് അധരങ്ങൾ അമർത്തിയതും ഒന്നിച്ചു ആയിരുന്നു…….

തുടരും…

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : Thasal