സദു ഏട്ടാ ദേ എണീറ്റേ…കൃഷ്ണൻ മാഷ് മ, രിച്ചൂന്ന്… ഉഷ വെ, പ്രാ, ളപ്പെട്ട് ഭർത്താവിനെ വിളിച്ചു

രചന : നിഹാരിക നീനു

“സദു ഏട്ടാ…ദേ എണീറ്റേ…കൃഷ്ണൻ മാഷ് മരിച്ചൂന്ന്!” ഉഷ വെപ്രാളപ്പെട്ട് ഭർത്താവിനെ വിളിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് സദാശിവ കൈമൾ ഇന്നലെ വളരെ വൈകിയാണ് വന്നതും കിടന്നതും. ഒരു ജനസേവകൻ ആയതിന് ശേഷം ഇങ്ങനെയാണ്.

പ്രസിഡന്റ് ഞെട്ടി ഉണർന്ന് ചോദിച്ചു

“ആക്സിഡന്റോ ഹൃദയാഘാതമോ?”

“അതെന്താ അങ്ങനെ ചോദിച്ചത്?”

ഉഷ അത്ഭുതപ്പെട്ടു.

“ഹൃദയാഘാതം ആണത്രെ! പിള്ളച്ചേട്ടനാ വിളിച്ചത്. നിങ്ങൾ ജ്യോതിഷം പഠിക്കുന്നുണ്ടോ?”

“എടീ ഇന്നലെ വൈകിട്ട് വരെ ഒരു കുഴപ്പവും ഇല്ലാതെ ഞാൻ കണ്ട ഒരാൾ ഇന്ന് പെട്ടെന്ന് മരിച്ചു എന്ന് പറയണമെങ്കിൽ ഒന്നുകിൽ വല്ല അപകടം സംഭവിക്കണം, അല്ലെങ്കിൽ ഹാർട്ട് അറ്റാക്ക്.

ഇതിന് ജ്യോതിഷവും വാനനിരീക്ഷണവും ഒന്നും വേണ്ട. കോമൺസെൻസ് മതി.

എന്നാലും മാഷ്? നീ തോർത്തെടുത്തേ. കുളിച്ച് വേഗം പോവാൻ നോക്കട്ടെ. മാഷിന്റെ മൂന്ന് ആൺമക്കളും വിദേശത്താണ്.

അവൻമാരെ വിവരം അറിയിക്കണ്ടേ?”

പഴയതെങ്കിലും മനോഹരമായ ആ വീടിന്റെ ഉമ്മറത്ത് വെള്ള പുതച്ച് കൃഷ്ണൻ മാഷ്. പാതിയടഞ്ഞ കണ്ണുകൾ കട്ടിയുള്ള കറുത്ത ഫ്രയിമുള്ള കണ്ണടയിലൂടെ വ്യക്തമായി കാണാം. അവസാനമായി ആരെയോ തിരഞ്ഞതാവണം. ഏഴ് കടലും നീന്തിക്കടന്ന് ഒരു നോക്ക് കാണാൻ പ്രിയപ്പെട്ടവർ വരില്ല എന്ന് അറിഞ്ഞിട്ടും!

അവൾ കാൽക്കൽ തന്നെ ഇരിക്കുന്നുണ്ട്. മിഴികൾ നിറഞ്ഞ് തുളുമ്പുന്നുണ്ട്. ഉറക്കെ കരയണം എന്നുണ്ട്.

പക്ഷെ തനിക്ക് അതിനധികാരം ഉണ്ടോ എന്നറിയാത്തതാവണം അവൾ നിശബ്ദമായി കരയുന്നതിന് കാരണം. അവൾ കൃഷ്ണൻ മാഷിന്റെ ചോരയല്ല. മാഷിന്റെ പ്രിയ പത്നി ലക്ഷ്മി ടീച്ചർ ജന്മം കൊടുത്തതും അല്ല. എങ്കിലും ഒരു മകൾ എന്നതിനേക്കാൾ എന്തൊക്കെയോ ആണവൾ.

മൂന്നാമത്തെ പ്രസവത്തോടെ ഭാര്യ മരിച്ചിട്ടും, ആ മൂന്ന് ആൺകുട്ടികൾക്ക് അച്ഛനായി,അമ്മയായി,എല്ലാമായി ആ അച്ഛൻ!

ചിറക് മുളച്ചാൽ അടവച്ച് വിരിയിച്ച അമ്മക്കിളിയുടെ നെഞ്ചിൽ കൊത്തി പറന്ന് പോകുന്ന വേട്ടപ്രാവുകളെ പോലെ അവരും, ചിറക് കനം വച്ചപ്പോൾ അച്ഛൻ കിളിയുടെ നെഞ്ചിൽ കൊത്തി പറന്ന് പോയി.

വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടപ്പോൾ കൂട്ടായി കിട്ടിയതാണ് അവളെ. കുടിച്ച് മരിച്ച തമിഴന്റെ മകൾ. അമ്മയും ആരുടെയോ കൂടെ പോയപ്പോൾ പകച്ച് പോയ ഒരു നാല് വയസുകാരി. അവളെ ഏറ്റെടുക്കുമ്പോൾ മാഷ് കരുതിയിരിക്കില്ല മനുഷ്യർ പരസ്പരം സ്നേഹിക്കുന്നത് കേവലമൊരു ബന്ധത്തിന്റെ പേരിലല്ല എന്ന്.

അല്ലെങ്കിൽ പിന്നെ ആരുമല്ലാഞ്ഞിടും അവൾ എല്ലാമാകില്ലായിരുന്നു.

ഒരേ സ്ക്കൂളിലാണ് കൃഷ്ണൻ മാഷും ലക്ഷ്മി ടീച്ചറും പഠിപ്പിച്ചിരുന്നത്. മൂത്തത് രണ്ടും ആൺ കുട്ടികളായി.

ഒരു പെൺകുഞ്ഞെന്നത് മാഷിന് സ്വപ്നമാണെന്ന് മനസിലാക്കിയാണ് മൂന്നാമതും ഗർഭിണിയായപ്പോൾ ലക്ഷ്മി ടീച്ചർ ആണയിട്ട് പറഞ്ഞത്,

“ഇത് പെണ്ണന്ന്യാ മാഷേ! നമുക്ക് അവൾക്ക് മൂകാംബികയിൽ അമ്മയുടെ മുന്നിൽ ചോറ് കൊടുക്കാം.

രുഗ്മിണി… മാഷിന്റെ അമ്മയുടെ പേരും ഇടാംട്ടോ.”

“നീ മിണ്ടാതിരുന്നേ ലക്ഷ്മി. അതൊക്കെ അപ്പഴത്തെ തരം പോലെ ചെയ്യാം.” മാഷ് അങ്ങനെയാണ് ഭാവി കാര്യങ്ങൾ തീരുമാനിക്കുന്നത്.

മാഷിന് പേടിയാണ്, അത് ദൈവത്തിന് മാത്രേ അറിയൂ…എന്നാ മൂപ്പരുടെ വാദം.

പ്രസവത്തോടെ നിർത്താതെയുള്ള ബ്ലീഡിംഗ്.

തന്നെ പ്രാണനിൽ പാതിയാക്കിയ മാഷിനെയും അമ്മിഞ്ഞപാലിനായി കരയുന്ന തന്റെ കുഞ്ഞിനെയും, ഒന്നും അറിയാതെ പകച്ച് നിൽക്കുന്ന മൂത്ത കുട്ടികളെയും തനിച്ചാക്കി ആ അമ്മ യാത്രയായി. പിന്നീടങ്ങോട്ട് ഒരു യുദ്ധമായിരുന്നു മാഷിന്. സ്വയം മറന്ന് ആ മൂന്ന് കുട്ടികൾക്കായി ഉരുകിത്തീർന്നു. അവർ അവരുടെ വഴി നോക്കിയപ്പോൾ ഒരു വിഡ്ഢിയെ പോലെ ഒറ്റപ്പെട്ട് മാഷ്!

അവിടെയാണ് അവൾ

‘പൂങ്കൊടി’

മക്കൾ കൊടുക്കേണ്ട സ്നേഹം പോലും അവൾ കൊടുത്തു. മാഷ് തിരിച്ചും! മാഷിന്റെ ആവശ്യങ്ങൾ അറിഞ്ഞ് അവൾ നിറവേറ്റി. ഒടുവിൽ ആരുമില്ലാത്ത അവളെ ജീവിതത്തിന്റെ മരുഭൂമിയിൽ പാതി വരെ കൊണ്ട് പോയി കൈവിട്ട് മാഷും പോയപ്പോൾ അതവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായി.

മൂത്തവൻ ഒടുവിലാണ് എത്തിയത്.

അനിയൻമാരോട് എന്തൊക്കെയോ സംസാരിക്കുന്നു.

സദാശിവ കൈമൾ അവരുടെ അടുത്തേക്ക് ചെന്നു.

“അതേ നേരത്തോട് നേരം കഴിഞ്ഞു.

ഇനിയെങ്കിലും…”

ഇളയവനാണ് സംസാരിച്ച് തുടങ്ങിയത്.

“ആ യെസ്. ഇതിപ്പോൾ വീട്ട് വളപ്പിൽ വേണ്ടെന്നാണ് ഞങ്ങളുടെ തീരുമാനം. ഇതിനായി പ്രത്യേകം സ്ഥലങ്ങൾ ഉണ്ടല്ലോ ഇല്ലേ അങ്കിൾ?”

“അതിപ്പോൾ നിങ്ങളുടെ മൂന്നാളുടെയും തീരുമാനം പോലെ എന്താച്ചാൽ ചെയ്യാം” കൈമൾ പറഞ്ഞു.

മൂന്ന് മക്കളും വീണ്ടും ചർച്ചയിലാണ്.

മൂത്തവൻ പറഞ്ഞു,

“അച്ഛന് അമ്മയുടെ അടുത്ത് വേണം എന്നാവും. പണ്ടും അത് പറഞ്ഞിട്ടില്ലേ?”

ഇളയവന് അത് തീരെ പിടിച്ചില്ല.

“ഓ… ഭാഗത്തിൽ തെക്കേപ്പറമ്പ് എനിക്കുള്ളതാണല്ലോ? അവിടെ ശവസംസ്കാരം നടത്തി വിൽക്കാൻ നേരം ആൾക്കാർ അതിന്റെ പേരിൽ വില കുറച്ചാൽ നിങ്ങൾക്കെന്താല്ലേ?

നിങ്ങൾക്ക് ലോട്ടറിയാണല്ലോ?”

തങ്ങൾ കൈയ്യടക്കി വച്ചിരിക്കുന്നതിൽ പിന്നെയും പ്രശ്നങ്ങൾ ഉണ്ടാകേണ്ട എന്ന് കരുതി അവരും അത് സമ്മതിച്ചു.

പ്രിയതമയോടൊപ്പം നിത്യമാം നിദ്രയിലാണ്ട് ആ പ്രകൃതിയുമായി ലയിക്കാൻ ആവാതെ മാഷ് ഏതോ ഇലക്ട്രിക്‌ ശ്മശാനത്തിൽ എത്തപ്പെട്ടു.

വീണ്ടും മൂന്ന് മക്കൾ! അവർക്കിടയിൽ വാക്ക് തർക്കം മറ്റൊന്നുമല്ല, നാലിന്റെ അന്ന് മാത്രമേ ചിതാഭസ്മം കിട്ടൂ. അത് പുഴയിൽ നിമഞ്ജനം ചെയ്യപ്പെടുമ്പോൾ മരണം എന്ന സത്യത്തോട് മനുഷ്യൻ എന്ന വംശത്തോട് ചെയ്യേണ്ട അവസാന കടമ തീരും. ബലിതർപ്പണം പിന്നെ, ഇഷ്ടമുള്ളവർക്ക് ചെയ്യാം.

ഇവിടെ നാല് ദിവസം അതാണ് പ്രശ്നം. കാത്ത് നിൽക്കാൻ ആർക്കും സമയം ഇല്ല.

നിനക്കായിക്കൂടെ നിനക്കായിക്കൂടെ എന്ന് പറഞ്ഞ് ഉള്ള തർക്കമാണ്.

ഒടുവിൽ അവൾ പൂങ്കൊടി, പേടിച്ചാണെങ്കിലും അടുത്തേക്ക് ചെന്ന് ചോദിച്ചു. “

“ഞാൻ ഏറ്റ് വാങ്ങിക്കോട്ടെ?

അർഹതയില്ലാഞ്ഞിട്ടും എല്ലാം തന്നതിന്. ഈ ജീവൻ പോലും ഇന്ന് നിലനിൽക്കുന്നതിന്, ഒരാൾ മാത്രമാണ് കാരണം. ഞാൻ എറ്റ് വാങ്ങിക്കോട്ടെ?”

മക്കൾ മൂന്ന് പേരും ആലോചിച്ചു. ഇത്രയും കാലം അച്ഛന്റെ ചെലവില്ലല്ലേ നിന്നത്. ഇത് നിന്റെ കൂടി ഉത്തരവാദിത്തമാണ്. ഉണ്ട ചോറിന് നന്ദി കാട്ടിക്കോ…

അവൾക്ക് അതൊരു പുണ്യമായിരുന്നു.

ജീവിതത്തിന്റെ ലക്ഷ്യം. തന്റെ മാഷച്ഛന് ഇനി നൽകാൻ തന്നാൽ കഴിയുന്നത്. അവൾ കരഞ്ഞു പോയി.

ഇതൊന്നും കാണാൻ സമയമില്ലാത്ത മൂന്ന് പേർ പെട്ടികൾ ശരിയാക്കുകയായിരുന്നു, തിരിച്ച് പോകാൻ.

അപ്പോഴും ഒരു മന്ദമാരുതൻ പോകാതെ അവളെ തഴുകുന്നുണ്ടായിരുന്നു. നിനക്കെങ്കിലും തോന്നിയല്ലോ എന്ന പോലെ!

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : നിഹാരിക നീനു