നിഴലായ് നോവലിൻ്റെ ഭാഗം 23 വായിക്കൂ……

രചന : Thasal

“വേണ്ട ഏട്ടാ…. ”

അവളുടെ ചുണ്ടുകൾ വിതുമ്പി…. നന്ദൻ ദേഷ്യത്തോടെ അവളെ തട്ടി അകറ്റി കൊണ്ട് ഗൗതമിന് നേരെ നടന്നു….ഗൗതം എന്ത് സംഭവിച്ചാലും വേണ്ടില്ല എന്ന പോലെ നിന്നു… മുഖം അടച്ചു ഒരു അടിയായിരുന്ന നന്ദന്റെ പ്രതികരണം…..

“നന്ദ….. ”

അച്ഛന്റെ സ്വരം അവിടെ മുഴങ്ങി കേട്ടു…. തെറ്റ് ചെയ്തവനെ പോലെ തല കുമ്പിട്ട് നിൽക്കുന്ന ഗൗതമിനെ കാണുന്തോറും എല്ലാവരുടെ ഉള്ളിലും വേദന നിറഞ്ഞു… പാറുവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി…. നന്ദൻ ദേഷ്യത്തോടെ അവന്റെ കോളറിൽ കുത്തി പിടിച്ചു….

“കൂടെ നിന്ന് ചതിക്കുക ആയിരുന്നല്ലേടാ…. ”

നന്ദന്റെ വാക്കുകളിൽ ആ ദേഷ്യം വ്യക്തമായിരുന്നു…. അവന്റെ കോളറിൽ പിടിച്ചു ഒന്ന് ഉലച്ചതും അത് കാണാൻ കഴിയില്ല എന്ന പോലെ മണി എഴുന്നേറ്റു ഗൗതമിനോട് ചേർന്ന് നിന്ന് കൊണ്ട് നന്ദനെ പിടിച്ചു പിന്നിലേക്ക് തള്ളി…..അവളുടെ ആ പ്രവർത്തിയിൽ എല്ലാവരും ഒരുപോലെ ഞെട്ടിയിരുന്നു….

“തൊട്ടു പോകരുതെന്റെ ഏട്ടനെ….. ”

അവൾ നന്ദന് നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞതും നന്ദൻ ഒരു നിമിഷത്തേക്ക് നിശബ്ദം ആയി….

“ഇപ്പൊ നന്ദേട്ടന് എന്താ വേണ്ടേ…. ഏട്ടൻ പറഞ്ഞില്ല എന്നല്ലേ…. സ്വയം വിഡ്ഢി ആയത് കൊണ്ടല്ലേ…. അപ്പൊ ഞാനോ.. കൂടെ രാവെന്നോ പകലെന്നോ ഇല്ലാതെ നടന്ന…. എല്ലാത്തിനും കൂട്ട് നിന്ന എന്നോട് ഈ പാർവതി പറഞ്ഞോ….ആരെക്കാളും ഏറെ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് വീമ്പു പറഞ്ഞിരുന്ന ഈ ഏട്ടൻ പറഞ്ഞോ… എല്ലാത്തിനും മൗനാനുവാദം നൽകിയ ഈ ഇരിക്കുന്ന ആരെങ്കിലും ഒരു സൂചന എങ്കിലും നൽകിയോ… ”

അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു… നന്ദൻ ഉള്ളിൽ വന്ന വേദന തൊണ്ട കുഴിയിൽ തടഞ്ഞു വെച്ചു… കണ്ണുകൾ താഴേക്ക് ചലിപ്പിച്ചു… എല്ലാവരുടെയും സ്വരം താഴ്ന്നിരുന്നു….

“ഇല്ല ആരും പറഞ്ഞില്ല….ഇത് വരെ എല്ലാവർക്കും ഇടയിൽ വെറും കോമാളിയുടെ വേഷം ആയിരുന്നു നന്ദേട്ടാ നമുക്ക് രണ്ടാൾക്കും…. എല്ലാവരും ഒരുമിച്ചു ചെയ്ത തെറ്റിന് എന്റെ ഏട്ടനെ ഇനിയും വേദനിപ്പിക്കാൻ ഞാൻ അനുവദിക്കില്ല……വേദന തോന്നുന്നുണ്ട്……എനിക്ക് ഇതൊന്നും കാണുകയും അറിയുകയും വേണ്ടാ…. ”

അവളുടെ വാക്കുകൾക്ക് കണ്ണീരിന്റെ ചുവ ആയിരുന്നു… അവൾ ധൃതിപ്പെട്ടു കൊണ്ട് അവിടെ നിന്നും നടന്നു….

“മണി… ”

പാറു ദയനീയമായി വിളിച്ചു….

“മതി പാർവതി…. ഇനിയും ഒരു നാടകത്തിനോ അഭിനയത്തിനോ എനിക്ക് താല്പര്യം ഇല്ല… എന്റെ ഉള്ളിൽ ഉള്ളതെല്ലാം നിനക്ക് അറിയാവുന്നതല്ലേ…. ഞാനും വിശ്വസിച്ചു എന്നോട് പറയാത്ത ഒരു രഹസ്യവും നിനക്കുള്ളിലും ഉണ്ടാകില്ല എന്ന്…. തോൽപ്പിച്ച് കളഞ്ഞില്ലേ…. ഒരു വാക്ക് എന്നോട്…. ”

മണിയുടെ വാക്കുകൾ പാതി വഴിയിൽ മുറിഞ്ഞു…

അവൾ വേറൊന്നും ആലോചിക്കാതെ കോണി കയറി ഓടി… അവളെ നോക്കുന്ന എല്ലാ കണ്ണുകളിലും കണ്ണുനീർ ആയിരുന്നു…. പാറു പൊട്ടിക്കരച്ചിലോടെ നിലത്തേക്ക് ഊർന്നു വീണു….

ഗൗതം തലയിൽ കയ്യൂന്നി കൊണ്ട് ടേബിളിലും….

“ഒരു വാക്ക് എന്നോട്…. ”

മണിയുടെ വാക്കുകൾ വീണ്ടും വീണ്ടും അവളുടെ കാതുകളിൽ തളച്ചു കയറി… പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ ഞെട്ടി പിടഞ്ഞു എഴുന്നേറ്റു കൊണ്ട് നന്ദന്റെ അരികിലേക്ക് വന്നു…

നന്ദൻ ദേഷ്യത്തിൽ തല വെട്ടിച്ചു….

“ഏട്ടാ…. ”

പാറു അങ്ങേ അറ്റം തേങ്ങലോടെ വിളിച്ചു… നന്ദൻ ഒരു വട്ടം പോലും തല ഉയർത്തി നോക്കിയില്ല….

“ഏട്ടാ…. ഒന്ന് നോക്ക് ഏട്ടാ…. പ്ലീസ്…. എനിക്ക് പേടി ആയത് കൊണ്ടാ….എനിക്ക് ഇനിയും വയ്യ ഏട്ടാ…. ”

അവൾ വിതുമ്പലോടെ പറഞ്ഞതും നന്ദന്റെ കണ്ണുകളും നിറഞ്ഞു വന്നു… അവൻ മുഖം വെട്ടിച്ചു കൊണ്ട് അവളുടെ കൈ എടുത്തു മാറ്റി കൊണ്ട് മുന്നോട്ട് നടക്കാൻ ഒരുങ്ങിയതും പ്രതീക്ഷയോടെ നോക്കിയിരുന്ന കണ്ണുകളിൽ എല്ലാം നിരാശ മൊട്ടിട്ടു…. പൊടുന്നനെ ആണ് ഗൗതമിന്റെ പിടി അവനിൽ പതിഞ്ഞത്…..

നന്ദൻ പിടിച്ച കയ്യിലൂടെ ആളിലേക്ക് എത്തി നിന്നതും കണ്ടു ചുവന്ന കണ്ണുകളോടെ തന്നെ നോക്കുന്ന ഗൗതമിനെ….നന്ദൻ ഒരു നിമിഷം അവനെ തന്നെ നോക്കി പോയി… ആ സമയം അവന്റെ കണ്ണുകളിൽ ഒരു തരി പോലും വെറുപ്പ് അല്ലായിരുന്നു വേദനയായിരുന്നു… ഉള്ളിൽ ചതിക്കപ്പെട്ടു എന്ന ചിന്തയും….

“നന്ദ….. ചെയ്തത് തെറ്റായി പോയി എന്ന് എനിക്ക് അറിയാം… പറയണമായിരുന്നു കുറെ മുന്നേ തന്നെ….. പാറുവും എന്നോട് പറഞ്ഞതാ…… പക്ഷെ പറയാൻ കഴിയാതെ പോയത് എനിക്കാ…. ”

ഗൗതമിന്റെ വാക്കുകൾ ഒന്ന് വിറച്ചു… നന്ദൻ സംശയത്തോടെ അവനെ ഒന്ന് നോക്കി….

“പേടി ആയിരുന്നടാ….നീ നൽകുന്ന സ്വാതന്ത്ര്യം ഞാൻ മുതലാക്കി എന്ന് നീ കരുതുമോ എന്ന പേടി….

എന്തും നിമിഷ നേരം കൊണ്ട് തുറന്ന് പറയുന്ന നിന്നെ പോലെ ആകാൻ എനിക്ക് കഴിയാതെ വന്നു….നിനക്ക് അത് ഇഷ്ടം ആയില്ല എങ്കിലോ… നിന്റെ സൗഹൃദം നഷ്ടപ്പെടുമോ എന്ന പേടിയും.

അവൻ പറഞ്ഞു അവസാനിക്കും മുന്നേ നന്ദന്റെ കൈ അവന്റെ കോളറിൽ തന്നെ പിടി മുറുക്കിയിരുന്നു….. പേടിയോടെ തങ്ങളുടെ അടുത്തേക്ക് വരുന്ന പാറുവിനെ ഒരു നോട്ടമെ നന്ദൻ നോക്കിയൊള്ളു ആ നിമിഷം പാറു തറഞ്ഞു നിന്ന് പോയി….

” ആ തുറന്ന് പറച്ചിൽ കൊണ്ട് എന്തിന്റെ പേരിൽ ആട ഞാൻ നിന്റെ സൗഹൃദത്തേ വേണ്ടെന്ന് വെക്കുക… പറയടാ…. അത്രമാത്രം ഇടുങ്ങിയ മനസ്സാണ് എന്റെതെന്ന് നീ കരുതിയോ…. നിന്റെ ഒക്കെ എന്തെങ്കിലും ഒരു ആഗ്രഹത്തിനോ ഇഷ്ടത്തിനോ ഞാൻ എതിർപ്പ് നിന്നിട്ടുണ്ടൊ…. പിന്നെ ഇങ്ങനെ ഒന്ന്…. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു…. ”

നന്ദന്റെ വേദനയോടൊപ്പം ദേഷ്യവും കലർന്ന സ്വരം കേട്ടു ഗൗതം ഒന്നും പറയാൻ ആകാതെ തല താഴ്ത്തി നിൽക്കുകയായിരുന്നു….

“നിങ്ങൾക്കിടയിൽ എന്തോ ഉണ്ട് എന്ന സംശയം ആദ്യമായി എന്നോട് പറഞ്ഞത് വിച്ചുവാണ്,,,, അന്നും എനിക്ക് എന്തോ വിശ്വാസം ഉണ്ടായിരുന്നു അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ നീ ആദ്യം പറയുന്നത് എന്നോടാകും എന്ന വിശ്വാസം…. ആ വിശ്വാസമാ നീ തകർത്തത് ഗൗതം…. ”

നന്ദൻ ദേഷ്യം കൊണ്ട് ഒന്ന് വിറച്ചു….

“അച്ഛാ…. ഇവരുടെ ഇഷ്ടം എന്താണോ…. അത് പോലെ തന്നെ നടക്കട്ടെ…. അതിൽ എന്റെയോ മണിയുടെയോ അഭിപ്രായം വേണ്ടാ…. ”

“നന്ദ…. ”

ഗൗതം ഒരിക്കൽ കൂടി ദയനീയമായി വിളിച്ചു…

“ശ്ശ്… മിണ്ടി പോകരുത്…. ഇതിൽ നിന്നും ഒഴിയാൻ ആണ് നിന്റെ ഉദ്ദേശം എങ്കിൽ…. നീ കാണുന്നത് ആ പഴയ നന്ദനെ ആയിരിക്കില്ല….എന്റെ പെങ്ങളെ നീ സ്നേഹിച്ചിട്ടുണ്ടെങ്കിൽ… മോഹിപ്പിച്ചിട്ടുണ്ടെങ്കിൽ അവളെ നീ തന്നെ കെട്ടണം…. കെട്ടിയിരിക്കണം…. ”

അവസാനം ഒരു ഭീഷണി പോലെ പറഞ്ഞു കൊണ്ട് എല്ലാവരെയും ഒരിക്കൽ കൂടി കണ്ണുരുട്ടി നോക്കി മുണ്ടും മടക്കു കുത്തി ഇറങ്ങി പോയവനെ നോക്കി… മുകളിലെ ജനവാതിലിൽ മുഖം ചേർത്ത് കാത്തിരുന്നവൾ ആവേശത്തോടെ പെരുവിരൽ പൊക്കി… അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി മിന്നി എങ്കിലും അവൻ ചുറ്റും ഒന്ന് നോക്കി ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം തമ്പപ്പ് ചെയ്തു കാണിച്ചു…..

🍂🍂🍂🍂🍂🍂🍂🍂🍂🍂

“നീ എന്ത് പണിയാ കാണിച്ചത് എന്റെ നന്ദ…. എല്ലാം ശരിയാക്കേണ്ട സമയത്ത് നീ എന്തിനാ അങ്ങനെയെല്ലാം പറയാൻ പോയത്.. ഇച്ചിരി മയത്തിൽ ആകാമായിരുന്നു…. ”

സ്ഥിരം കൂടി ഇരിക്കാറുള്ള പാടത്ത് കെട്ടിയിട്ടുള്ള ഏറു മാടത്തിൽ ഇരിക്കുമ്പോൾ വിച്ചു ചോദിച്ചതും അവൻ പ്രയാസപ്പെട്ടു ഒന്ന് ചിരിച്ചു കാണിച്ചു….

“അത് ശരിയാകില്ലടാ…. അത്ര പെട്ടെന്ന് ഞാനും മണിയും അവരോട് ക്ഷമിച്ചാൽ അത് ഇനിയും പലതും ഞങ്ങളോട് മറച്ചു വെക്കാൻ ഉള്ള ഒരു വളമായി മാറും…. കുറച്ചു കൂടെ പൊയ്ക്കോട്ടേ ഈ നാടകം.. ”

നന്ദന്റെ വാക്കുകൾ കേട്ടു വിച്ചു അമർത്തി ഒന്ന് മൂളി….

“അവസാനം അത് നിനക്ക് തന്നെ പണി ആകാതിരുന്നാൽ മതി….നിനക്ക് അറിയില്ലേ ഗൗതമിനെ ഇത്തിരി അഭിമാനം കൂടുതൽ ഉള്ള കൂട്ടത്തിലാ…. ”

വിച്ചു ഒരു താക്കീതോടെ പറഞ്ഞു….നന്ദൻ ഒന്ന് ചിരിച്ചതെയൊള്ളു….

“നമുക്ക് നോക്കാം….. എന്ന ഞാൻ പോയി…ഇരുട്ടിയാൽ മണി എന്നെ വച്ചു പൊരിക്കും…. അവളോട്‌ റൂം അടച്ചു ഇരിക്കാൻ പറഞ്ഞിട്ട് ഇറങ്ങിയതാ…. എന്തൊക്കെ ആണാവോ ചെയ്തു വെച്ചിരിക്കുന്നത്….”

നന്ദൻ ചിരിയോടെ പറഞ്ഞു കൊണ്ട് ഏറുമാടത്തിൽ നിന്നും ചാടി ഇറങ്ങി…

“എന്നിട്ട് എന്താ നിന്റെ പ്ലാൻ….അധികം വാശി പിടിപ്പിക്കാൻ ഉള്ള പോക്കാണോ,,,, ”

അവന്റെ പൊക്ക് കണ്ട് വിച്ചു വിളിച്ചു ചോദിച്ചു…

നന്ദൻ മുണ്ട് മടക്കി കുത്തി കൊണ്ട് മുന്നോട്ട് നടന്നു….

“ആരോട് വാശി കാണിച്ചാലും അവനോട് തോന്നുന്നില്ലടാ… ഒരു പാവം…. അവന്റെ മുൻപിൽ അധികം പിടിച്ചു നിൽക്കാൻ പറ്റില്ല… എല്ലാം പറഞ്ഞു ശരിയാക്കണം… ”

ഒന്ന് നിശ്വസിച്ചു കൊണ്ട് നന്ദൻ തിരികെ നടന്നു…

നന്ദൻ പോകുന്നതും നോക്കി നിന്ന വിച്ചുവിന്റെ ചുണ്ടിൽ നിശബ്ദമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു…..

വേദനയിൽ കലർന്ന ഒരു പുഞ്ചിരി….

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

“നന്ദേട്ടാ…. സീൻ അത്ര ശരിയല്ല…. എല്ലാരും മാറി മാറി മുട്ടി കൊണ്ടിരിക്കുകയാണ്….

അപ്പച്ചിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട് എങ്കിലും പുറത്ത് ഭയങ്കര കരച്ചിലും ബഹളവും….”

ശബ്ദം താഴ്ത്തി തലയിലൂടെ പുതപ്പും ഇട്ടു ലേശം പോലും ശബ്ദം പുറത്തേക്ക് കേൾക്കാത്ത രീതിയിൽ അവൾ ഫോണിൽ പറഞ്ഞതും വീട്ടിലേക്ക് നടക്കുന്ന അവന്റെ കാലുകൾക്ക് വേഗതയേറി….

“നീ വാതിൽ തുറന്ന് അഭിനയിക്കാൻ തുടങ്ങിക്കൊ… അപ്പോഴേക്കും ഞാനും അവിടെ എത്തും…. ”

“എന്ത് അഭിനയിക്കാൻ…. എനിക്ക് അറിയത്തില്ല… ”

മണി ചിന്തയിൽ ആണ്…

“വോ….അഭിനയം അറിയാത്ത ഒരു പാവം കുട്ടി….. എനിക്ക് മുന്നിൽ വെച്ച് തകർക്കുന്നില്ലേ…

അതങ്ങു ചെയ്‌താൽ മതി… പിന്നെ എന്നോട് ചാടി കടിക്കാൻ വരും പോലെ ഇടയ്ക്കിടെ ചാടി പറയണ്ട… നൈസ് ആയിട്ട് ലേശം കരച്ചിൽ ഒക്കെ വരുത്തിയിട്ട്….. ”

“അപ്പൊ കരയണോ…. ”

“പിന്നെ എന്തിനാടി നിനക്ക് ഇത്രയും കണ്ണുനീർ നല്ല പോലെ തന്നെ കരയണം…. ഞാൻ വരും വരെ പിടിച്ചു നിൽക്കാൻ അത് മാത്രമേ വഴിയൊള്ളു…. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ അങ്ങ് കരഞ്ഞാൽ മതി… ഓവർ ആക്റ്റ് ചെയ്തു ചളമാക്കരുത്…. ”

അവൻ ദയനീയമായി ഒന്ന് പറഞ്ഞു…

“പോടോ കാലമാട…. എനിക്ക് അറിയാം… ”

അവൾ ഇച്ചിരി ദേഷ്യത്തോടെ പറഞ്ഞു…

“മണി…. ”

പുറത്ത് നിന്നും വാതിലിൽ ഉള്ള മുട്ടലിനോടൊപ്പം പാറുവിന്റെ ചിലമ്പിച്ച ശബ്ദവും ഉയർന്നു…. മണി ആദ്യം ഒന്ന് ഞെട്ടി….

“അയ്യോ… പാറു വിളിക്കുന്നുണ്ട്…. ”

“ഓഹ്… എന്ന നീ ഫോൺ വെച്ച് പോയി നോക്ക്….. പിന്നെ അമ്മ കുളമാക്കില്ലല്ലോ…”

അവൻ ഒരു സംശയത്തോടെ ചോദിച്ചു…

“അപ്പച്ചിയോ…. നല്ല ആളാ…. ഞാൻ പറഞ്ഞത് മുതൽ ഭയങ്കര അഭിനയം ആയിരുന്നു… ഇത് കഴിഞ്ഞാൽ നമുക്ക് അപ്പച്ചിയെ സിനിമയിൽ അഭിനയിക്കാൻ വിടാം…”

അവൾ ചിരിയോടെ പറയുന്നത് കേട്ടു അവനും ചിരി പൊട്ടി വന്നു….

“മണി ഒന്ന് വാതിൽ തുറക്ക്…. എന്നോട് ക്ഷമിക്കടി…. തെറ്റ് പറ്റിപോയി…. ”

കരച്ചിലിന്റെ അകമ്പടിയോട് കൂടി തന്നെ പാറുവിന്റെ വാക്കുകൾ വന്നതും മണിയിലും നന്ദനിലും ഒരുപോലെ വേദന നിറഞ്ഞു….

“നന്ദേട്ടാ… എനിക്ക് പിടിച്ചു നിൽക്കാൻ കഴിയാത്തത് ഈ കരച്ചിലിന് മുന്നിലാ..പാവം അല്ലേ….

ഞാൻ മിണ്ടട്ടെ…. ”

മണി സങ്കടത്തോടെ ചോദിച്ചു….

“അവർ രണ്ട് പേരോടും എനിക്കും ദേഷ്യം ഇല്ല മണി… പക്ഷെ അവർ ഇത് ആലോചിച്ചിട്ട് എങ്കിലും ഇനി ഒരു കാര്യവും നമ്മളോട് മറച്ചു വെക്കാൻ പാടില്ല…. അതിന് വേണ്ടി ചെറിയൊരു വിഷമം…. ഇത് അത്രയേ ഒള്ളൂ…. നീ എഴുന്നേറ്റു പോയി വാതിൽ തുറക്ക് മണി…. പറഞ്ഞത് ഒന്നും മറക്കണ്ടാ….”

അവൻ ഒരു താക്കീതോടെ പറഞ്ഞു കൊണ്ട് ഫോൺ വെച്ചതും മണി സങ്കടത്തോടെ താടയിലും കയ്യൂന്നി എങ്ങോട്ടോ നോക്കി ഇരുന്നു…. വീണ്ടും വീണ്ടും വാതിലിൽ മുട്ട് വീണതും അവൾ പെട്ടെന്ന് തന്നെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു മൂക്കും കണ്ണും ശക്തിയായി തിരുമ്മി അത് ചുവപ്പിച്ചു….

“പണ്ടാരം എന്തൊരു വേദനയാ…. ”

കണ്ണാടിയിൽ നോക്കി എല്ലാം സെറ്റ് ആണെന്ന് ഉറപ്പ് വരുത്തി കണ്ണിലും കയ്യിട്ട് ഇച്ചിരി കണ്ണീരും വരുത്തി കൊണ്ട് വാതിൽ തുറന്നതും മുന്നിൽ ഒരു ജാഥക്കുള്ള ആൾക്കാർ… ബ്യൂട്ടിഫുൾ….. കണ്ണ് നീറിയിട്ട് ശരിക്കും തുറക്കാനും പറ്റുന്നില്ല…

ദൈവമേ…. കണ്ണ് ഒന്ന് തിരുമ്മി ശരിയാക്കാൻ മുന്നിൽ നിൽക്കുന്നവരെ കൊണ്ടും പറ്റുന്നില്ല…

മണി ആകെ വിഷമത്തിൽ ആയി പോയി…. പാറു കരഞ്ഞു കൊണ്ട് മുന്നോട്ട് ആഞ്ഞു അവളെ കെട്ടിപിടിച്ചു….

“മണി… സോറി….പിണങ്ങല്ലേടാ… ”

അവൾ കരഞ്ഞു അലമ്പാക്കിയതും മണിക്ക് അവളെ ആശ്വസിപ്പിക്കാൻ പോലും പറ്റുന്നില്ല….കണ്ണ് എരിഞ്ഞു കണ്ണിൽ നിന്നും കുടുകുടെ കണ്ണീർ ചാടി കൊണ്ടിരിക്കുകയാണ്….

കിട്ടിയ അവസരം വെച്ച് കണ്ണ് ഒന്ന് തിരുമ്മിയതും അവർക്ക് പുറകിൽ ഉണ്ടായിരുന്ന അപ്പച്ചി വാ പൊത്തി ചിരിച്ചു… മണി ആണേൽ ഒരു ആശ്വാസത്തോടെ ശ്വാസം വലിച്ചു വിട്ടു… പിന്നെ ഒട്ടും അമാന്തിക്കാതെ പാറുവിനെ തന്നിൽ നിന്നും അടർത്തി മാറ്റി…. പാറുവിനെ ഒരു നിമിഷം നോക്കി കൊണ്ട് താഴേക്ക് നടന്നതും പാറുവും അവൾക്ക് പിറകെ തന്നെ കരച്ചിലോടെ നടന്നു….

അപ്പോഴേക്കും താഴെ നന്ദനും എത്തിയിരുന്നു…

നന്ദനെ കണ്ട് ഒന്നും പറയാൻ കഴിയാതെ ഗൗതം ഒന്ന് തല താഴ്ത്തി ഇരുന്നു പോയി… നന്ദൻ ഉള്ളിലേക്ക് കടന്നതും പാറു ഒരു ഗ്ലാസിൽ വെള്ളവുമായി വന്നു എങ്കിലും നന്ദൻ അവളെ പാടെ അവഗണിച്ചു കൊണ്ട് ടേബിളിൽ നിന്നും വെളളം എടുത്തു കുടിച്ചു…. അവൾക്ക് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…. ഓർമ വെച്ച നാള് മുതൽ ഇന്ന് വരെ ജീവിതത്തിൽ ആദ്യമായി ആണ് ഇങ്ങനെ ഒരു അവഗണന…. ഗൗതം ആരുടേയും മുഖത്ത് പോലും നോക്കാൻ ത്രാണി ഇല്ലായിരുന്നു,,,,

“ഏട്ടാ….. ഒന്ന് മിണ്ട് ഏട്ടാ….. എന്നെ ഒന്ന് നോക്കുക എങ്കിലും ചെയ്യ്…. ”

പാറു കരച്ചിലോടെ പറഞ്ഞു….

“അമ്മാ….ഞാൻ വീട്ടിലേക്ക് പോവുകയാണ്… വേണ്ടവർക്ക് വരാം….”

നന്ദൻ അത് മാത്രമായിരുന്നു പറഞ്ഞത്… മണി കണ്ണ് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി…

“ഇത് നമ്മുടെ പ്ലാനിങ്ങിൽ ഇല്ലല്ലോ… ”

മണി നഖവും കടിച്ചുള്ള ആലോചനയിൽ ആണ്….

“ഏട്ടാ… പ്ലീസ്…. ”

“പാർവതി….. മതി നിന്റെ കരച്ചിൽ…. ഇനിയും എന്നെ വിഡ്ഢി വേഷം കെട്ടിക്കാൻ ആണോ നിന്റെ ഈ കള്ളകണ്ണീർ…. എനിക്ക് അത് കാണേണ്ട ആവശ്യം ഇല്ല…. ”

നന്ദന്റെ സ്വരം ഉറച്ചതായിരുന്നു….പാറു ഒന്ന് തേങ്ങി കൊണ്ട് നിലത്തേക്ക് ഇരുന്നു പോയി…

“ടാ ചെക്കാ….”

ദേഷ്യത്തോടെ അമ്മ വിളിച്ചതും ഇപ്രാവശ്യം ഞെട്ടിയത് മണിയും നന്ദനും ആയിരുന്നു…

“കുറെ നേരം ആയി ഞാൻ ക്ഷമിക്കുന്നു എന്ത് കണ്ടിട്ട് ആണെടാ നിന്റെ ഒക്കെ ഷോ….അല്ലേൽ നീയും മണിയും ഒരു നടക്ക് പോകില്ലല്ലോ… ഇപ്പൊ എന്താ ഒത്തൊരുമ…. ”

“അപ്പച്ചി ഡയലോഗ് അതല്ല… ”

മണി അവരെ തിരുത്താൻ നോക്കി കൊണ്ട് പറഞ്ഞു…

“നീ മിണ്ടരുത് രണ്ടും കൂടെ രാവിലെ തുടങ്ങിയതാ…. ”

“പണിപാളി…. ”

മണി മേലേക്കും നോക്കി കൊണ്ട് മെല്ലെ എസ്‌കേപ്പ് ആകാൻ നോക്കിയതും നന്ദൻ അവളുടെ കൈ പിടിച്ചു അവിടെ തന്നെ നിർത്തി….

“അങ്ങനെ മോളിപ്പോ ഒറ്റയ്ക്ക് രക്ഷപ്പെടെണ്ടാ.. ”

“ശരിയാ രണ്ടും ചെയ്തത് തെറ്റ് തന്നെയാ…ആരോടും മിണ്ടാതുള്ള ഈ പരിപാടി നല്ലതായി എന്നൊന്നും ഞാൻ പറയത്തില്ല…..അതിന് ഇനിയും ഒരു ശിക്ഷയും വേണ്ടാ…. ഈ നേരം മുഴുവൻ അനുഭവിച്ചില്ലേ… എന്റെ മക്കള് ഇങ്ങനെ തെറ്റി നടക്കുന്നത് കാണാൻ ഉള്ള ത്രാണി ഒന്നും ഈ അമ്മക്ക് ഇല്ല…. ഇനിയും അഭിനയിക്കാൻ ഒന്നും നിൽക്കണ്ട… രണ്ട് കൂട്ടരും മിണ്ടിക്കേ…. ”

അമ്മ കയ്യൊഴിഞ്ഞു….

“അത് അമ്മേ…. ”

നന്ദൻ ഒന്ന് പരുങ്ങി…

“നിനക്ക് ഒക്കെ എത്ര വയസ്സായടാ…. ”

“എനിക്ക് ഇരുപത്… നന്ദേട്ടന് എത്രയാ…. ആ… ഇരുത്തി ആറ്… അല്ലേ നന്ദേട്ടാ… ”

മണി നിഷ്കളങ്കമായി ചോദിച്ചു… നന്ദൻ അവളെ നോക്കി ഒന്ന് കണ്ണുരുട്ടി….പാറു ആണേൽ എല്ലാം ശരിയായി എന്ന ആവേശത്തോടെ നിലത്ത് നിന്ന് ചാടി എഴുന്നേറ്റു….

“എനിക്ക് ഇരുപത്തി ഒന്ന്…. ഗൗതമേട്ടന് ഇരുത്തി അഞ്ച്…..അല്ലേ ഏട്ടാ… ”

അവളും റിപ്പോർട്ട്‌ കൊടുത്തു… ഗൗതം പെട്ടിയിൽ ആണി അടിക്കല്ലേടി എന്ന കണക്കെ ഒരു നോട്ടവും…

“ഇത്രയും പ്രായം ആയിട്ടും എന്റെ മക്കൾക്ക്‌ ബോധം എന്നൊരു സാധനം ഈശ്വരൻ കൊടുത്തിട്ടില്ല…. ടാ ഗൗതം ഇങ്ങ് വന്നേ… പാറു ഇങ്ങ് വാ…. ”

അമ്മയുടെ വിളി കേട്ടതും രണ്ട് പേരും ആവേശത്തോടെ വന്നു….

“മണി… പിടിച്ചു നിന്നോണം… ”

നന്ദൻ പതിയെ പറഞ്ഞു…

“പറ്റുമെന്ന് തോന്നുന്നില്ല നന്ദേട്ടാ… ”

അവളും മറുപടി കൊടുത്തു….

“ഇനി മേലാൽ ഇവർ അറിയാതെ എന്തെങ്കിലും രഹസ്യവും കൊണ്ട് നടക്കുമോ രണ്ട് പേരും… ”

അമ്മ ചോദിച്ചതും രണ്ട് പേരും പരസ്പരം നോക്കി പെട്ടെന്ന് തന്നെ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി…..

“നന്ദ…. മണി…. രണ്ട് പേരും മിണ്ടിക്കേ… ”

കുഞ്ഞ കുട്ടികളെ പോലെ രണ്ട് പേരും മുഖത്തോട് മുഖം നോക്കി….

“മിണ്ടണോ… ”

മണി ചോദിച്ചു…

“മ്മ്മ്… മിണ്ടിക്കൊ…. പിന്നെ എല്ലാരും കേൾക്കാൻ വേണ്ടി പറയുകയാണ് ഇത് ലാസ്റ്റ് ചാൻസ് ആണ്…. ഇനിയും ഇമ്മാതിരി പണി ഒപ്പിച്ചാൽ മിണ്ടാൻ എന്നെയും മണിയെയും കിട്ടില്ല….”

ഒരു താല്പര്യം ഇല്ലാത്ത കണക്കെ അഭിനയിച്ചു കൊണ്ട് ചുറ്റും ഒന്ന് നോക്കി കൊണ്ട് നന്ദൻ പറഞ്ഞതും ഗൗതമും പാറുവും ഒരുപോലെ മുന്നോട്ട് പോകാൻ നിന്നതും മണിയും നന്ദനും രണ്ട് പേരെയും കൈ കൊണ്ട് തടഞ്ഞു…

“എങ്ങോട്ടാ ചാടി കയറി…..ഞങ്ങൾ ഒന്ന് നോക്കട്ടെ നിങ്ങൾ നന്നാവോ എന്ന്… എന്നിട്ട് മതി അടുത്തേക്കുള്ള വരവ് ഒക്കെ… കീപ് ഡിസ്റ്റൻസ്….. ”

മണി പറഞ്ഞതും നന്ദനും അതിനോട് ശരി വെക്കും രീതിയിൽ ഒന്ന് തലയാട്ടി… ഗൗതമും പാറുവും അമ്മയെ നോക്കിയപ്പോൾ അമ്മ അതിൽ ഞാൻ ഇടപെടില്ല എന്ന കണക്കെ ഒന്ന് തലയാട്ടി… അവരെ പുച്ഛിച്ചു കൊണ്ട് ഉള്ളിലേക്ക് കയറി പോകുന്ന നന്ദനെയും മണിയെയും കണ്ടു എല്ലാവരും വാ പൊത്തി ചിരിച്ചു….

തുടരും…

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : Thasal