എന്റെ സ്നേഹം വേണ്ടെന്ന് വെക്കാൻ മാത്രം ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്തൂ….

വാടാമല്ലി..

രചന : ലെനീഷ് പൂക്കോം .

രാവിലെ പത്രത്താളിലൂടെ കണ്ണോട്ടം നടത്തുകയായിരുന്നു ശ്രീലക്ഷ്മി.. എന്നത്തേയും പോലെ പതിവു വായന .. വാർത്തകളിൽ കണ്ണോടിച്ചു തിരികെ വെക്കുമ്പോൾ ഒരു വാർത്തയിൽ കണ്ണുടക്കി ..

യുവാവിന് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി .. !!

വാർത്തയോടൊപ്പമുള്ള ഫോട്ടോയിലേക്ക് ഒന്നേ നോക്കിയുള്ളു ശ്രീലക്ഷമി .. ദേവജിത്ത് .. ദേവേട്ടൻ

സ്നേഹവും കരുതലും തനിക്ക് എന്തെന്നു കാണിച്ചു തന്നവൻ.. ഒറ്റക്ക് എവിടെപ്പോകാനും ധൈര്യം തന്നവൻ.. തന്നെ ശ്രീക്കുട്ടീന്ന് വിളിക്കാൻ ആദ്യമായി മനസ്സുകൊണ്ട് അവകാശം കൊടുത്തവൻ…

പക്ഷെ താൻ ഒന്നും പറയാതെ ഒരു ദിവസം ആ സ്നേഹത്തിന് വേദനകൾ മാത്രം നൽകി പടിയിറങ്ങിപ്പോയി …

എന്നിട്ടും തന്റെ സങ്കടങ്ങൾ പറയാനും ആശ്വസിപ്പിക്കാനും കൂട്ടിനുണ്ടായിരുന്നു കുറച്ച് നാൾ വരെ ..

ദേവേട്ടൻ ഓർമ്മയായിരിക്കുന്നു .. ആരും കാത്തിരിക്കാനില്ലാതെ ,ആരെയും സങ്കടപ്പെടുത്താതെ യാത്ര പോയിരിക്കുന്നു… വിശ്വസിക്കാൻ പറ്റാതെ ശ്രീലക്ഷ്മി വീണ്ടും വാർത്തയിലേക്ക് നോക്കി.. ഒരു തുള്ളി കണ്ണീർ ഇററു വീണു അക്ഷരങ്ങൾക്കും മങ്ങലേറ്റു..

എന്നും ജോലി കഴിഞ്ഞ് ബസ്സ് കാത്തിരിക്കുമ്പോൾ കൂട്ടുകാരന്റെ ബൈക്കിന്റെ പിറകിൽ നെറ്റിയിൽ ചുവന്ന കുറിയും കൈയിൽ ചുവന്ന കെട്ടുമായി പോയിരുന്ന ആളെ താൻ എപ്പോഴാണ് ശ്രദ്ധിച്ചു തുടങ്ങിയത്..

അതെ.. അന്നാണ്.. അന്ന് ചെറിയൊരു ചാറ്റൽ മഴയുള്ള ദിവസം … പതിവായി പോകുന്ന ബസ്സ് അന്നു പണിമുടക്കിയപ്പോൾ ..

അടുത്ത ബസിനു വേണ്ടിയുള്ള കാത്തിരിപ്പ് ..

ബസ്സിൽ കയറി വെറുതെ പുറത്തേക്ക് നോക്കിയപ്പോൾ അവൻ തന്നെ തന്നെ നോക്കി നിൽക്കുന്നു ..

മെറൂൺ കളർ ഷർട്ടും കാവി മുണ്ടും പിന്നെ ചന്തമുള്ള ആ ചുവന്ന കുറിയുമായി ..

താനും അല്പനേരം നോക്കി നിന്നു പോയി ആ മുഖത്തേക്ക്.. കണ്ണുകളിൽ എന്തോ കൊത്തിവലിക്കുന്നതു പോലെ ആകർഷണം.. ആ കണ്ണുകൾ തന്നോടെന്തോ പറയുന്നതുപോലെ …

ചുണ്ടുകൾ തന്നെ നോക്കി പുഞ്ചിരിച്ചതു പോലെ ..

വീട്ടിലെത്തിയിട്ടും തനിക്ക് ആ രൂപം മനസിൽ നിന്നും മാഞ്ഞു പോയില്ല. ആ കാന്തികവലയത്തിൽ താൻ പെട്ടു പോയോ .. പിന്നീട് രണ്ടു മൂന്ന് ദിവസത്തേക്ക് അയാളെ കണ്ടില്ല .. താനേറെ തിരഞ്ഞെങ്കിലും..

ഒരു ദിവസം തന്റെ ഓഫീസിൽ ബോസിനൊപ്പം കയറി വരുന്ന ആളെ കണ്ട് ഞാൻ ഞെട്ടി.. അതെ …അയാൾ തന്നെ .. ഈശ്വരാ … എന്തിനാ ഇയാൾ ഇവിടെ.. തന്റെ ഹൃദയമിടിപ്പ് കൂടിയോ

അതെ ഇപ്പം അതിന്റെ ശബ്ദം അടുത്ത ക്യാബിനിലിരിക്കുന്നവർക്കും കേൾക്കാം..

” ങാ.. ശ്രീലക്ഷ്മി ഇതെന്റെ അടുത്ത ചങ്ങാതിയാ .. പേര് …”

“ങാ…പേരൊക്കെ ഞാൻ പറഞ്ഞോളാം.. വന്ന കാര്യം പറയ്.. എനിക്ക് വേഗം പോണം.. ”

ഹൊ.. എന്തൊരു ഗൗരവം.. ആ മുഖത്തിന് തീരെ ചേരാത്തതുപോലെ ..

” നീ ഈ CD ഒന്ന് കോപ്പിയെട്ത്തു കൊട്ത്തേ വേഗം.. പെട്ടെന്ന് വേണ്ടതാ ..”

” ഉം.. കോപ്പിയെടുത്തു കൊടുക്കാൻ ഇതെന്താ CD റൈറ്റിങ്ങ് ഷോപ്പോ ” എന്ന് ചോദിക്കണംന്നുണ്ടായിരുന്നു മനസ്സിൽ .. പക്ഷെ അയാളുടെ നോട്ടത്തിനു മുന്നിൽ ഒന്നും ചോദിക്കാൻ നിന്നില്ല.. CD വാങ്ങിപ്പോകുമ്പോൾ ഒന്നു പുഞ്ചിരിച്ച് താങ്ക്സ് പറയാനുള്ള മാന്യത കാണിച്ച് അയാൾ പോയി .. പിന്നീട് താൻ അയാളെ കുറിച്ച് പതിയെ പതിയെ അന്വേഷിച്ചു .. പേര് ദേവജിത്ത് .. ആ നാട്ടിലെ വിപ്ലവ യുവജന സംഘടനയുടെ ആവേശം … ജനങ്ങൾക്ക് പ്രിയപ്പെട്ടവൻ.. പിന്നെ കുറെ ദിവസത്തേക്ക് അയാളെ ആ വഴിക്കൊന്നും കണ്ടില്ല.. പിന്നെ കണ്ടത് ഗവൺമെൻറ് ആശുപത്രിയിലെ രക്ത ബേങ്കിന് മുന്നിൽ വെച്ചായിരുന്നു..

” ഏയ് ശ്രീലക്ഷ്മീ.. ” വിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ അയാൾ .. വിപ്ലവകാരി ..

” ഹാ.. എന്താ ഇവിടെ … ആരാ ഉള്ളത് ” ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് അയാളെ കണ്ടപ്പോൾ എന്താ പറയേണ്ടത് എന്നറിയാതെ മറുപടി തൊണ്ടയിൽ തന്നെ കുടുങ്ങി …

” ഹലോ.. തന്നോടാഡോ ചോദിച്ചത് .. ”

” അ .. ചെറിയമ്മ .. അമ്മേടെ അനിയത്തിയാ .. തിമിരത്തിന്റെ ഓപ്പറേഷൻ .. കഴിഞ്ഞു ..

നിങ്ങൾ

” ഞാനിവിടെ ഇടക്കിടെ ഇതിന്റെ മുന്നിൽ വരും.. ”

“എന്തിന്.. നിങ്ങൾക്ക് രക്തം കുറവാണോ.. ”

” ഹ..ഹ.. കുറഞ്ഞിട്ടല്ല ട്ടോ.. കൂടുതലുള്ളത് ആർക്കെങ്കിലും കൊടുക്കാൻ … “.

അന്ന് തമ്മിൽ കൂടുതൽ പരിചയപ്പെട്ടു.. ആള് ശരിക്കും ഒരു വിപ്ലവകാരി തന്നെ .. പക്ഷെ വിപ്ലവം തോക്കിൻ കുഴലിലൂടെയല്ല എന്ന് കരുതുന്ന ആശ്രയമറ്റവർക്ക് കൂടപ്പിറപ്പാകുന്ന വിപ്ലവകാരി ..

ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞതനുസരിച്ച് ആളുകളെയും കൂട്ടി രക്തം ദാനം ചെയ്യാൻ വന്നതാണത്രേ ഇന്ന് ..

മിക്ക ദിവസവും ഇവിടുണ്ടാകാറുണ്ടത്രേ … മുറിയിൽ വന്ന് ചെറിയമ്മയേയും അമ്മയേയുമൊക്കെ കണ്ടിട്ടാണ് അന്ന് അയാൾ പോയത്…

വീണ്ടും അയാൾ മുങ്ങി… ഇപ്പോൾ കാണാഞ്ഞിട്ട് ഒരാഴ്ചയായി .. ഒരു വിഷുവിന്റെ തലേദിവസം വീണ്ടും എന്നെ ഞെട്ടിച്ചു കൊണ്ട് അയാൾ എന്റെ വീട്ടിലെത്തി … അമ്മയോട് കാര്യങ്ങൾ അങ്ങ് അവതരിപ്പിച്ചു .. എന്നെ കെട്ടാൻ പുള്ളിക്ക് ആഗ്രഹമുണ്ടത്രെ.. ഞാൻ കേൾക്കാനാഗ്രഹിച്ച വാക്ക് …

ഒരിക്കെലെങ്കിലും ഇയാൾക്ക് നേരിട്ടു പറഞ്ഞൂടായിരുന്നോ ദുഷ്ടൻ.. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത പെണ്ണുകാണൽ ചടങ്ങ് ..!! പേര് പറയാൻ പോലും ധൈര്യം ചോർന്നു പോയ എന്നോട് അയാൾ പറഞ്ഞു

” ശ്രീക്കുട്ടീ.. എന്റെ പേര് അറിയുമെന്നെനിക്കറിയാം.. എന്നാലും ഞാനെനെ പരിചയപ്പെടുത്താം … പേര് ദേവജിത്ത്..ചെറുതെങ്കിലും ജീവിക്കാൻ വരുമാനമാർഗ്ഗമുള്ള ഒരു ജോലിയും കൂടെയുണ്ട്.. എനിക്കിയാളെ ജീവിതകാലം മുഴുവൻ സഹിച്ചാൽ കൊള്ളാമെന്നുണ്ട്.. മറ്റു കാര്യങ്ങളൊക്കെ അമ്മയോട് പറഞ്ഞിട്ടുണ്ട്

എനിക്ക് ഇപ്പളേ സമ്മതം എന്ന് പറയണമെന്നുണ്ടായിരുന്നു .. സന്തോഷംകൊണ്ടോ എല്ലാരുടേയും കണ്ണുകൾ എന്നിൽ പതിഞ്ഞതുകൊണ്ടോ ഒരക്ഷരം പോലും എന്നിൽ നിന്ന് പുറത്തേക്ക് വന്നില്ല ..സ്വന്തം പേരു പോലും പറയാൻ സമ്മതിച്ചില്ല ദുഷ്ടൻ.. അതെങ്ങനെയാ.. ശ്രീക്കുട്ടീന്ന് വിളിച്ചല്ലേ സംസാരിച്ചത് ..

ദേവേട്ടനെ വീട്ടിൽ എല്ലാർക്കും ഇഷ്ടായി..

ദേവേട്ടന്റെ തുറന്ന് പറച്ചിൽ എന്നെ കൂടുതൽ ആ ഹൃദയത്തിലേക്ക് അടുപ്പിച്ച് നിർത്തി.. വാക്കുകൾ കൊണ്ട് ബന്ധമുറപ്പിച്ച് വീട്ടുകാർ ഞങ്ങളോടൊപ്പം നിന്നു.. എന്റെ ഏട്ടനൊഴികെ.. !! പിന്നീട് പ്രണയത്തിന്റെ നിമിഷങ്ങളായിരുന്നു തമ്മിൽ..

എന്നും എപ്പോഴും ഞാൻ ചെറിയ ചെറിയ കാര്യത്തിന് പോലും ദേവേട്ടനെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു..

പക്ഷെ എന്റെ കുറുമ്പായി മാത്രമേ ദേവേട്ടൻ അതു കണ്ടിട്ടുള്ളൂ .. ഇടക്ക് ദേവേട്ടൻ എനിക്ക് എഴുത്തെഴുതും..

പ്രണയലേഖനമാണെന്ന് കരുതി വായിക്കാനിരിക്കുമ്പോഴാണറിയുക അത് ദേവേട്ടൻ കുത്തി കുറിച്ച കഥകളോ കവിതയോ ആണെന്ന്…

വായിച്ചിട്ട് അഭിപ്രായം പറയണമെന്ന് പറയുമെങ്കിലും ദേവേട്ടനറിയാം താനൊരിക്കലും ഒന്നും പറയില്ല എന്ന്

ഒരുപാടിഷ്ടമായിരുന്നു ആ എഴുത്തൊക്കെ തനിക്ക്

പക്ഷെ അങ്ങനെ വലിയ ആളാവണ്ട എന്ന് പറഞ്ഞ് ഞാൻ ദേവേട്ടനെ കളിയാക്കിയിട്ടേ ഉള്ളു എപ്പൊഴും

പിന്നെപ്പൊഴാണ് തന്റെ മനസ്സ് പതറിയത്..

ഹൃദയത്തിലാഴ്ന്നിറങ്ങിയ സ്നേഹം പറിച്ചെറിഞ്ഞ് മറ്റൊരു പുരുഷനു മുന്നിൽ തലകുനിച്ചത്..

ഒരിക്കൽ പോലും ദേവേട്ടൻ തന്നെ ഒരു നോട്ടം പോലും ചീത്തയാക്കീട്ടില്ല.. പക്ഷേ.. താനിക്കിന്ന് മറ്റൊരാളുടെ ഭാര്യയാകേണ്ടി വന്നു.. തന്റെ വിവാഹം മറ്റൊരാളുമായി തീരുമാനിച്ചതറിഞ്ഞ് ഒരിക്കൽ ദേവേട്ടൻ വന്നു തന്നെ കാണാൻ .. ഉള്ളിൽ കരഞ്ഞുകൊണ്ട് ദേവേട്ടൻ തന്നോട് പറഞ്ഞ വാക്കുകൾ ഇപ്പഴുമുണ്ട് കാതിൽ..

” വാവേ .. ഞാനൊരിക്കലും നിന്റെ സന്തോഷത്തിന് എതിരായി മുന്നിൽപ്പോലും വരില്ല.. പക്ഷെ എന്നെങ്കിലും നീ പറയണം.. എന്റെ സ്നേഹം വേണ്ടെന്ന് വെക്കാൻ മാത്രം ഞാനെന്ത് തെറ്റു ചെയ്തൂന്ന്..

അതെനിക്ക് ബോധ്യം വരുന്നത് വരെ ഇനി എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടാവില്ല.. ”

എന്തു പറയണം താൻ ..തന്റെ ഏട്ടന്റെ വാശിക്ക് മുന്നിൽ തനിക്ക് എന്റെ ആഗ്രഹങ്ങളെല്ലാം ബലി കൊടുക്കേണ്ടി വന്നെന്നോ.. ന്നന്ദേട്ടൻ എല്ലാം മറക്കുമെന്നായിരുന്നു കരുതിയത്.. പക്ഷെ മറന്നത് താനല്ലേ.. ഒരു പത്രവാർത്തയിലൂടെയാണ് പിന്നെ കാണുന്നത്.. നിർദ്ധനനായ യുവാവിന് സ്വന്തം കിഡ്നി ദാനം ചെയ്ത ദേവേട്ടന്റെ വാർത്ത ..

അന്നൊരുപാട് കരഞ്ഞു താൻ … മനസ്സുകൊണ്ട് ആ കാലിൽ കെട്ടിപ്പിടിച്ചു കൊണ്ട് ..

” ഡീ.. മൂധേവീ .. നിന്റെ കെട്ട്യോൻ ചത്തോടീ.. കുറെ നേരായല്ലോ പേപ്പറും പിടിച്ച് സ്വപ്നം കാണുന്നു.. ”

അകത്തു നിന്നും ഇഴയടുപ്പമില്ലാതെ പൊരുത്തക്കേടിന്റെ പുരുഷശബ്ദം അവളുടെ കാതിൽ മുഴങ്ങി

കണിയാരുടെ മരപ്പലകയിൽ കണ്ട പൊരുത്തം ജീവിതത്തിന്റെ തളികയിൽ മാഞ്ഞു പോയിരുന്നു ..

ദേവജിത്തിന്റെ ശരീരം മെഡിക്കൽ കോളജിന് വിട്ടുകൊടുത്ത വരി കൂടി നിറകണ്ണുകളോടെ വായിച്ച് ശ്രീലക്ഷമിയുടെ മനസ്സ് ഞെട്ടറ്റു വീണ പൂവിനെ ഓർത്ത് തേങ്ങി ..

” ഒരു വിപ്ലവകാരി എപ്പോഴും വിപ്ലവകാരിയായിരിക്കും.. ജീവിതത്തിലും മരണത്തിലും..”ദേവേട്ടന്റെ മുഴക്കമുള്ള ശബ്ദം..

അപ്പൊഴും ദേവൻ അവൾക്ക് ചൊല്ലി കൊടുക്കാറുള്ള കവിത ശ്രീലക്ഷ്മിയുടെ ഡയറിയുടെ താളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു ..

” മരണമെത്തുന്ന നേരത്ത് നീയെന്റെയരികിൽ .. ഇത്തിരി നേരം ഇരിക്കണേ..” !!

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ലെനീഷ് പൂക്കോം


Comments

Leave a Reply

Your email address will not be published. Required fields are marked *