എന്റെ അത്ര വലിപ്പം ഒന്നും ഇല്ല , രാജുവിനു ആണ് എന്നേക്കാൾ കൂടുതൽ…..

രചന : Manoj k chandran edappal

പിറന്നാൾ ആയതിനാൽ ദിവ്യയുടെ നിർബന്ധത്തിനു വഴങ്ങിയാണ് അമ്പലത്തിൽ അവളുടെ കൂടെ പോയത് …ഷർട്ട്‌ അഴിച്ചു വേണം അമ്പലത്തിൽ പ്രവേശിക്കാൻ …അവിടെയാണെങ്കിൽ എപ്പോഴും ധാരാളം സ്ത്രീകളും ഉണ്ടാവും….ഞാൻ പുറത്ത് നിന്നു പ്രാർത്ഥിക്കാം എന്ന് പറഞ്ഞെങ്കിലും ദിവ്യ സമ്മതിച്ചില്ല ..അതിനകത്തു പരിചയമുള്ള സ്ത്രീകൾ ആരും ഉണ്ടാവരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് അകത്തേക്ക് നടന്നത് …

പ്രദിക്ഷിണം വെക്കുന്നതിനിടയിൽ ഒരു സ്ത്രീ എന്നെ നോക്കി..ഞാൻ മൈൻഡ് ചെയ്തില്ല ..അല്പസമയം കഴിഞ്ഞു പ്രസാദത്തിനു കാത്ത് നിൽകുമ്പോൾ ആണ് ദിവ്യ ആ സ്ത്രീയോട് സംസാരിക്കുന്നത് കണ്ടത് …

ശബ്ദം കേട്ടപ്പോൾ ആളെ മനസ്സിലായി ..

നാട്ടുകാരനും കൂട്ടുകാരനുമായ രാജുവിന്റെ ഭാര്യയാണ് …തോളിൽ ഇട്ടിരുന്ന ഷർട്ട്‌ ഞാൻ നെഞ്ചിനുമുന്നിൽ വെച്ച് നഗ്നത മറച്ചുപിടിച്ചു …മാസ്ക് ധരിച്ചത് കൊണ്ടാണ് അവൾ നേരത്തെ എന്നെ നോക്കിയപ്പോൾ എനിക്ക് മനസ്സിലാകാതിരുന്നത് ..മാസ്കിനടിയിൽ ചിരിക്കുന്നത് കണ്ടു പിടിക്കാൻ വല്ല മാജിക്കും ഉണ്ടെങ്കിൽ പഠിക്കണം എന്ന് മനസ്സിൽ ചിന്തിച്ചു നിൽകുമ്പോൾ ആണ് അവൾ ഹാപ്പി ബർത്ഡേ പറയുന്നത് ..ഞാൻ താങ്ക് യു പറഞ്ഞു.

” രാജു ഏട്ടനും മനോജേട്ടനും കുമ്പക്കാർ ആണല്ലോ

അവൾ അത് പറഞ്ഞപ്പോൾ എനിക്ക് ജാള്യത തോന്നി

ഞാൻ എന്റെ നഗ്നമായ വയറിലേക്ക് നോക്കി

ശരിയാണ് ..കുറെ ആയി ജോലി ഒന്നും ചെയ്യാതെ ഇരിക്കുകയല്ലേ ..ചെറുതായി കുമ്പ ചാടിയിട്ടുണ്ട് …ഞാൻ വേഗം വയറ് ഷർട്ട്കൊണ്ട് മറച്ചുപിടിച്ചു പിടിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു …..”എന്റെ അത്ര വലിപ്പം ഒന്നും ഇല്ല , രാജുവിനു ആണ് എന്നേക്കാൾ കൂടുതൽ …” .

അവൾ മറുപടിയൊന്നും പറയാതെ പുറത്തേക്ക് പോയി…തിരിച്ചു പോരുമ്പോൾ ദിവ്യ ചോദിച്ചു ഇങ്ങള് എന്താണ് ആ കുട്ടിയോട് അങ്ങനെ പറഞ്ഞത് ..

“.അവൾ എന്തിനാ എന്റെ കുമ്പയിൽ നോക്കുന്നത് ..അവൾക്ക് അവളുടെ ഭർത്താവിന്റെ കുമ്പയിൽ നോക്കിയാൽ പോരേ …”

ഞാൻ പറഞ്ഞു ..

“അതിനിപ്പോ എന്താണ് ഉണ്ടായത് .?അവൾ നിങ്ങളുടെ വയറിൽ നോക്കിയോ…ഇനി ഇപ്പൊ ഒന്ന് നോക്കിയാൽ തന്നെ എന്താണ് പ്രശ്നം ?”

” അവൾ എന്റെ കുമ്പയിൽ നോക്കുന്നത് ഞാൻ കണ്ടില്ല ..പക്ഷെ അവൾ പറഞ്ഞത് നീ കേട്ടില്ലേ.

അവളുടെ രാജു ഏട്ടനും ഞാനും കുമ്പക്കാരാണല്ലോ ന്നു…

അതാണ് ഞാൻ പറഞ്ഞത് എന്റെ ചെറുതാണ് , രാജീവ്‌നാണ് കൂടുതൽ എന്ന് …ശരിയല്ലേ ..”

ഇത് കേട്ട് ദിവ്യ എന്നെ അന്ധാളിച്ചു നോക്കിക്കൊണ്ട് പറഞ്ഞു

” ഈശ്വരാ …ഇങ്ങളെകൊണ്ട് തോറ്റു …ഇങ്ങളുടെ രണ്ടാളുടെയും പിറന്നാൾ കുംഭമാസത്തിൽ ആണല്ലേ എന്നാണ് അവൾ ചോദിച്ചത് . രാജു ന്റെ പിറന്നാൾ ഇന്നലെ ആയിരുന്നത്രെ …ഞാൻ മനു ഏട്ടന്റെ പിറന്നാൾ ഇന്നാണ് എന്ന് പറഞ്ഞപ്പോൾ ആണ് അവൾ നിങ്ങൾ രണ്ട് പേരും കുംഭ ക്കാർ ആണല്ലോ എന്ന് പറഞ്ഞതും നിങ്ങളോട് happy birthday പറഞ്ഞതും …കുംഭക്കാർ എന്ന് അവൾ ഉദ്ദേശിച്ചത് കുംഭമാസക്കാർ എന്നാണ് ..”

ദിവ്യ പറഞ്ഞത് കേട്ടു തലക്ക് കൈ കൊടുത്തു ഞാൻ ആ അമ്പലപറമ്പിൽതന്നെ നിന്നു …വീട്ടിൽ എത്തിയിട്ട് ബാക്കി തരാം എന്ന് പറഞ്ഞുകൊണ്ട് ദിവ്യ എന്നെ പിടിച്ചു വലിച്ചു മുന്നോട്ടു നടന്നു…

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : Manoj k chandran edappal