എന്റെ കയ്യെടുത്ത്‌ അവളുടെ എളിയിലേക്ക് ചേർത്ത് വെച്ചപ്പോൾ ഞാനങ്ങ് ഇല്ലാണ്ടായി…

ബാംഗ്ലൂർ ഡേയ്സ്..

രചന : Sai Bro

‘ഇവളിത് എന്ത് ഭാവിച്ചിട്ടാണ് ഈ യാത്രയിൽ എന്നേം കൂടെ കൊണ്ടുപോകുന്നത്..?’ അത് മനസ്സിൽ ആലോചിച്ചു കൊണ്ട് ഞാൻ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നവളെ ഏറുകണ്ണിട്ടൊന്ന് നോക്കി..

എന്നാൽ അവൾ തൊട്ടടുത്ത് തോളുരുമ്മി ഇരിക്കുന്ന എന്നെ ഒട്ടും ശ്രദ്ധിക്കാതെ ചെവിയിൽ ഹെഡ്സെറ്റും തിരുകി ഏതോ വല്യക്കാട്ടി പുസ്തകം തിന്ന് തീർക്കുന്ന തിരക്കിലായിരുന്നു..

അവളാണ് ‘നിധി ഈപ്പച്ചൻ..’ ഞങ്ങളുടെ ഗ്രാമത്തിലെ സുന്ദരിമാരിൽ ഏറ്റവും മുൻനിരയിൽ ഉള്ളവൾ..

മൂന്ന് വർഷം ബാംഗ്ലൂരിൽ പഠനം നടത്തിവന്നത് കൊണ്ട് നാട്ടിലെ എന്നെപ്പോലുള്ള ലോക്കൽ ബോയ്സിനോട് മനസ്സിൽ പുച്ഛം മാത്രം കൊണ്ട് നടക്കുന്നവൾ.. !

സത്യത്തിൽ നിധി ഇത്തിരി ജാഡകൂടിയ ഐറ്റം ആയിരുന്നെങ്കിലും ഞാനവളെ അസ്സലായി വായ്നോക്കിയിരുന്നു.. ഏകദേശം ഒരു വർഷത്തോളം അവളുടെ പിന്നാലെ നടന്നിട്ടും പ്രത്യേകിച്ചു ഒരു പ്രയോജനവും ഉണ്ടാകാത്തതുകൊണ്ട് ഞാനെന്റെ പ്രണയം ഏഴായി മടക്കി കക്ഷത്തിൽ ഒതുക്കിവെച്ചിരിക്കുന്ന സമയത്താണ് നിധി ഒരാവശ്യവുമായി അന്ന് എന്റെ അടുക്കൽ വന്നത്…

ടൗണിൽ പോയി വാഴക്കിടാനുള്ള വളംചാക്ക് സൈക്കിളിന് പിറകിൽ കെട്ടിവച്ചു മൂളിപ്പാട്ടും പാടി അങ്ങനെ വരുമ്പോഴാണ് അവളുടെ വീടിന് മുൻപിൽ വെച്ച് നിധി എന്നെ തടുത്തു നിർത്തിയത്..

അത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായതിനാൽ ഒന്ന് പരുങ്ങികൊണ്ട് സൈക്കിളിൽ നിന്നിറങ്ങുമ്പോൾ പലവിധ ചിന്തകൾ എന്റെ മനസ്സിലൂടെ പാഞ്ഞു..

” അവള് ഫെമിനിസ്റ്റാടാ.. ” ഇന്നലെ കൂട്ടുകാർക്കിടയിൽ വെച്ച് നിധിയെ കുറിച്ച് ചുമ്മാ തള്ളിവിട്ടത് പെട്ടെന്നോർമ്മ വന്നു.. ‘ ‘ദേവ്യേ.. ആ കാര്യം ആരേലും പറഞ്ഞു ഇവൾ അറിഞ്ഞു കാണുമോ? ഞാനവളുടെ കാലിലെ ഹീലുള്ള ചെരുപ്പിലേക്ക് നോക്കി കൊണ്ട് കവിളൊന്നു തടവി…

പക്ഷെ.., നിധി സംസാരിച്ചത് വേറൊരു കാര്യമായിരുന്നു… ” തനിക്ക് തിരക്കിലെങ്കിൽ രണ്ട് ദിവസത്തേക്ക് എന്റെ കൂടെ ബാംഗ്ലൂരിലേക്ക് വരാമോ..?, നാളെ വൈകീട്ട് ബസ് കയറിയാൽ രണ്ട് ദിവസം കഴിഞ്ഞു തിരിച്ചു നാട്ടിലെത്താം.. ”

“അത് പിന്നെ, ഞാൻ വാഴ.. ” പെട്ടന്ന് വാക്കുകൾ കിട്ടാതെ ഞാനൊന്ന് പതറി..

“എന്തൂട്ട്.. താൻ വാഴയാണെന്നോ..? ” നിധിയുടെ ചിരിച്ചുകൊണ്ടുള്ള ആ ചോദ്യത്തിൽ ഒളിഞ്ഞിരിക്കുന്ന പരിഹാസം എനിക്ക് പെട്ടെന്ന് പിടികിട്ടി..

“അല്ല, വാഴക്ക് വളം ഇടണം, അങ്ങനെ കുറച്ചു തിരക്കൊക്കെ ഉണ്ടായിരുന്നു.. ന്നാലും ഞാൻ വരാം..”

എന്റെ മറുപടി കേട്ട് ചിരിച്ചുകൊണ്ടവൾ വീട്ടിലേക്ക് കയറുമ്പോൾ പലവിധ ചിന്തകൾ കൊണ്ട് അസ്വസ്ഥമായ മനസ്സുമായി ഞാൻ സൈക്കിളിൽ കയറി ഏന്തിവലിഞ്ഞു ചവിട്ടികൊണ്ട് വീട്ടിലേക്ക് കുതിച്ചു…

അങ്ങനെ പോന്നതാണ് ഈ യാത്ര സാക്ഷാൽ

‘ നിധി ഈപ്പച്ചന്റെ കൂടെ.. !

ഇവൾ എന്തിനാണ് ഈ യാത്രക്ക് എന്നെ കൂടെ കൂട്ടിയതെന്ന് എയർബസ്സിൽ ഇരുന്ന് അഗാധമായി ചിന്തിക്കുമ്പോഴാണ് തൊട്ടടുത്ത് തോളുരുമ്മി ഇരിക്കുന്ന നിധിയെ ഞാൻ ഒന്നൂടെ ശ്രദ്ധിച്ചത്..

നെറ്റിയിൽ ഒരു പൊട്ടോ, ചെവിയിൽ ഒരു കമ്മലോ, കഴുത്തിൽ ഒരു മാലയോ ഇല്ലെങ്കിലും എന്തോ ഒരു പ്രത്യേക ചന്തമുണ്ട് ഇവളെ കാണാൻ..

കീഴ്ചുണ്ടിനടിയിൽ ഒരു കാക്കപ്പുള്ളി കണ്ടതുപോലെ തോന്നിയപ്പോൾ ഞാൻ ഒന്നൂടെ ചേർന്നിരുന്ന് സൂക്ഷിച്ചു നോക്കി.. പുസ്തക വായനക്കിടയിൽ എന്തോ ഓർത്ത് ചായം പുരട്ടാത്ത ആ നനഞ്ഞ ചുണ്ടുകൾ ഒന്ന് വിടർന്നു..

ചെറിയൊരു പുഞ്ചിരി..

അതാ തെളിഞ്ഞു കാണുന്നു ആ കുഞ്ഞു കാക്കാപ്പുള്ളി.. !

ഉഫ്… !!! നോട്ടം മാറ്റിക്കൊണ്ട് മുകളിലെ ബെർത്തിൽ ഇരുന്ന ബാഗ് കയ്യെത്തിച്ചു എടുത്തു ഞാൻ വേഗം മടിയിൽ വെച്ചു…അത് കണ്ടിട്ടാവണം അരുകിലിരുന്നവൾ എന്നെയൊന്നു സൂക്ഷിച്ചു നോക്കി..

കുറ്റം ചെയ്തു പിടിക്കപെട്ടവനെപോലെ ഞാൻ പെട്ടെന്ന് മുഖം വെട്ടിച്ചു വഴിയോര കാഴ്ച്ചകൾ കാണാനെന്നവണ്ണം പുറത്തേക്ക് നോക്കിയിരുന്നു….അങ്ങനെ ഇരുന്ന് എപ്പോഴോ ഞാനങ്ങു ഉ റങ്ങിപ്പോയി.., പിന്നീടെപ്പോഴോ നിധി ചുമലിൽ തട്ടി വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്..

” എണീക്ക്.. നമ്മൾ ബാംഗ്ലൂർ എത്തി.. ” അത് പറഞ്ഞു അവൾ സീറ്റിൽ നിന്ന് എണീറ്റു നടന്നപ്പോൾ മടിയിലിരിക്കുന്ന ബാഗും എടുത്ത് ഞാൻ നിധിയുടെ പിന്നാലെ കൂടി…

ഒരു ടാക്ക്സിയിൽ കയറി ഏതൊക്കെയോ തിരക്കുള്ള വഴികളുടെ വളഞ്ഞും തിരിഞ്ഞും സഞ്ചരിച്ച് അവസാനം ഒരു വല്യ ഹോട്ടലിന്റെ മുൻപിൽ ആ വാഹനം നിന്നപ്പോൾ ഒന്നും പറയാതെ നിധി ബാഗും തൂക്കി എടുത്ത് അതിൽ നിന്നിറങ്ങി ഹോട്ടലിന്റെ ഉള്ളിലേക്ക് നടക്കുന്നത് കണ്ട് ഞനൊന്ന് പരിഭ്രമിച്ചു..

‘ ഇവൾ എന്നെ ഇവിടെ ഉപേക്ഷിച്ചോ..? ‘

എന്റെ മനസ്സ് വായിച്ചെന്നോണം അവൾ പെട്ടെന്നൊന്ന് പിന്തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു..

” ഞാൻ വന്ന് കൈപിടിച്ച് ഇറക്കി പ്രത്യേകം ക്ഷണിക്കണോ അകത്തേക്ക് വരാൻ..? ”

“അല്ല, നമ്മൾ എന്താണ് ഇവിടെ..? ”

ഞാൻ വിക്കി വിക്കി ചോദിച്ചു..

“ഇവിടെയാണ്‌ രണ്ട് ദിവസം നമ്മുടെ താമസം..”

“ഇത്രേം വല്യ ഹോട്ടലിലോ.. ആഹാ അത് കൊള്ളാലോ..” ഞാനത് ആലോചിച്ചു അതിശയപ്പെട്ടുകൊണ്ട് മുന്നാലെ നടക്കുന്ന നിധിയുടെ പിന്നാലെ നടന്നു…

അവിടെ രണ്ട് റൂമുകളാണ് നിധി ബുക്ക്‌ചെയ്തിരുന്നത്.. ഒന്ന് അവൾക്കും മറ്റൊന്ന് എനിക്കും..

എനിക്കായുള്ള മുറിയിൽ കയറി അവിടുത്തെ സൗകര്യങ്ങൾ കണ്ട് അതിശയിച്ചു നിൽക്കുമ്പോൾ നിധി വാതിലിന്റെ അരികിൽ വന്നുനിന്നു…

“തൊട്ടടുത്ത റൂമിൽ ഞാനുണ്ട്.. കുളിച്ചു ഫ്രഷ് ആയിക്കോളൂ.. അപ്പോഴേക്കും ഞാനുമൊന്ന് ഫ്രഷ് ആയിട്ട് വരാം.. ”

കുളിമുറിയിലെ ഷവറിന് ചോട്ടിൽ നിൽക്കുമ്പോൾ മനസ്സിൽ ആകെ സംശയങ്ങൾ ആയിരുന്നു..

‘ എന്നെ ഇവിടെ കൊണ്ടുവന്നു കുളിപ്പിച്ച് കുട്ടപ്പനാക്കിയിട്ട് ഇവൾ എന്താണാവോ ഉദ്ദേശിക്കുന്നത്..

ഇനീപ്പോ എന്റെ ചാരിത്ര്യം എങ്ങാനും ഇവൾ…?

അങ്ങനാണേൽ പല്ലും നഖവും വെച്ച് ഞാൻ എതിർക്കും..’ കയ്യിലെ പത്തുവിരലിലെയും നഖങ്ങൾ കടിച്ചു ഞാൻ മൂർച്ചകൂട്ടി…

” നിലാവിന്റെ നീല ഭസ്മ കുറി അണിഞ്ഞവളേ.. കാതിലോല കമ്മലിട്ട് കുണുങ്ങി നിൽപ്പവളേ.. ”

കുളികഴിഞ്ഞ് മൂളിപ്പാട്ടും പാടി പുറത്തിറങ്ങുമ്പോൾ അതാ ബെഡിൽ കുണുങ്ങിയിരിക്കുന്നു നിധി.. !

‘ ഈശ്വരാ.. ഇത് അതുതന്നെ… ഇവൾ രണ്ടുംകൽപ്പിച്ചു ഇറങ്ങിയിരിക്കുവാണ്.. ‘

നെഞ്ചിടിപ്പോടെ ഞാൻ അരയിൽ ചുറ്റിയിരിക്കുന്ന വെളുത്ത ടർക്കി കൈകൊണ്ട് ഒന്ന് മുറുക്കിപിടിച്ചു…

പക്ഷെ മുഖവുരയില്ലാതെ തന്നെ നിധി എന്റെ മനസ്സിലെ സംശയങ്ങൾക്കുള്ള മറുപടികൾ പെട്ടെന്ന് പറഞ്ഞുതന്നു..

‘ നിധി മുൻപ് ബാംഗ്ലൂരിൽ പഠിച്ചിരുന്നകാലത്തുണ്ടായിരുന്ന കുറച്ചു ഉറ്റ സുഹൃത്തുക്കൾ വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു ഒത്തുകൂടൽ നടത്താൻ തിരുമാനിച്ചത്രെ.. ഇവിടെ ബാംഗ്ലൂർ തന്നെയാണ് അവർ അതിനായി കണ്ടെത്തിയ സ്ഥലം.. അവരിൽ പലരുടെയും വിവാഹം കഴിഞ്ഞു, ബാക്കിയുള്ളവർക്കെല്ലാം ഓരോ റിലേഷൻഷിപ്പും ഉണ്ട്.. അന്നത്തെ അവരുടെ ഗാങ്ലീഡർ ആയിരുന്ന നിധി മാത്രം ഇപ്പോളും ‘സിംഗിൾ’ ആയി തുടരുന്നു.. അതിൽ അവൾക്കൊരു അപകർഷതാബോധവും ഉണ്ട്..

അതുകൊണ്ട്തന്നെ ഈ കൂടികാഴ്ച്ചയിൽ മറ്റു കൂട്ടുകാരികൾക്ക്‌ മുന്നിൽ ഈ എന്നെ നിധിയുടെ കാമുകനായി അവതരിപ്പിക്കാനാണ് അവളുടെ ശ്രമം… ‘

” നാളെയാണ് ആ ദിവസം..” താൻ എന്റെ കൂടെയൊന്ന് നിന്ന് തന്നാൽ മതി.. ബാക്കിയെല്ലാം ഞാൻ നോക്കിക്കൊള്ളാം.. ” നിധി അത് പറഞ്ഞുകൊണ്ട് പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അറിയാതെ ഞാൻ തലയാട്ടി സമ്മതിച്ചുപോയി…

സന്തോഷത്താൽ മുഖം വിടർത്തി ചിരിച്ചുകൊണ്ട് റൂമിന് പുറത്തേക്കിറങ്ങിയ നിധി പെട്ടെന്ന് പിന്തിരിഞ്ഞുകൊണ്ട് എന്നെ ആകെപ്പാടെയൊന്ന് നോക്കി..

” താൻ നാട്ടിലെ ജിമ്മിൽ പോകാറുണ്ടോ..? ”

“ഹേയ് ഇല്ല.. ” നഗ്നമായ നെഞ്ചിൽ കൈപിണച്ചു പിടിച്ചു അത് പറഞ്ഞപ്പോൾ എനിക്കെന്തോ നാണം തോന്നി..

മറുത്തൊന്നും പറയാതെ നിധി മുറിയിൽനിന്ന് ഇറങ്ങിപോയപ്പോൾ വാതിൽ അടച്ചു ഞാൻ ബെഡിൽ തളർന്നിരുന്നു..

‘നാളെ എന്തൊക്കെയാണാവോ സംഭവിക്കാൻ പോകുന്നത്.. ‘

കുറച്ച് കഴിഞ്ഞപ്പോൾ റൂമിലേക്ക് തൊപ്പിവെച്ചൊരു പയ്യൻ ഭക്ഷണവുമായി കടന്നുവന്നു..

നിധി ഓർഡർ ചെയ്തതാവും.. എന്തായാലും അതും കഴിച്ചു ചുമ്മാ ബെഡിൽ കിടന്നപ്പോൾ യാത്രാക്ഷീണം കാരണം അറിയാതെ കണ്ണടഞ്ഞുപോയി..

അതൊരു ദീർഘമായ ഉറക്കമായിരുന്നു.. ആ മയക്കത്തിലെപ്പോഴോ വിടർന്ന രണ്ട് ചുണ്ടുകളും ആ ചുണ്ടിനടിയിലെ കുഞ്ഞു കാക്കാപ്പുള്ളിയും എന്നെ അലോസരപെടുത്തികൊണ്ടിരുന്നു…

അന്ന് വൈകീട്ട് നിധി വീണ്ടും റൂമിലേക്ക് കടന്ന് വന്നപ്പോൾ കയ്യിൽ ഒന്ന് രണ്ട് കവറുകളും ഉണ്ടായിരുന്നു..

” ബാംഗ്ലൂരിലെ എന്റെ കാമുകന്റെ നാളത്തെ കോസ്‌റ്റ്യൂംസ് ഇതാണ്.. ” അത് പറഞ്ഞുകൊണ്ട് അവൾ ആ കവറുകൾ എനിക്ക് നേരെ നീട്ടി..

സത്യത്തിൽ അത് വാങ്ങി ബെഡിൽ വെക്കുമ്പോൾ എനിക്കെന്തോ പേടിതോന്നിതുടങ്ങിയിരുന്നു.. എന്റെ മനസ്സറിഞ്ഞെന്നോണം നിധി എനിക്കൊപ്പമിരുന്നു കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്നു.. ആർഭാടജീവിതം നയിക്കുന്ന അവളുടെ കൂട്ടുകാരികൾക്കിടയിൽ ഞാൻ എന്ന കാമുകൻ നാളെ എങ്ങിനെ പെരുമാറണം എന്നതിനെ കുറിച്ചായിരുന്നു അവളുടെ ആ ക്ലാസ്സ്‌..

പക്ഷെ ബെഡിൽ എനിക്കൊപ്പമിരുന്ന് നിധി സംസാരിക്കുമ്പോൾ എന്റെ കണ്ണുകൾ മുഴുവനും ആ മുഖത്തായിരുന്നു.. പെട്ടെന്നെപ്പോഴോ അവളുടെ കണ്ണുകൾ എനിക്ക് നേരെ നീണ്ടു..

എന്റെ ശ്രദ്ധ അവളുടെ മുഖത്തേക്ക് മാത്രമാണെന്ന് മനസിലാക്കിയതുകൊണ്ടാണെന്ന് തോന്നുന്നു പുരികം ചുളിച്ചുകൊണ്ട് ‘എന്തേ’ എന്ന അർത്ഥത്തിൽ അവൾ എന്നെയൊന്നു നോക്കി..

“നെറ്റിയിൽ ഒരു പൊട്ട് ഉണ്ടായിരുന്നേൽ സൂപ്പറായേനെ… ” നിധിയുടെ മുടിയിഴകൾ വീണുകിടക്കുന്ന ഒഴിഞ്ഞ നെറ്റി നോക്കി ഞാനത് പറഞ്ഞപ്പോൾ ഒരു പുഞ്ചിരി ആ മുഖത്തു മിന്നിമാഞ്ഞപോലൊരു തോന്നൽ..

അന്ന് വൈകീട്ടത്തെ അത്താഴം ഞങ്ങൾ ഒരുമിച്ചായിരുന്നു കഴിച്ചത്.. ഉടയുന്ന പിഞ്ഞാണത്തിൽ വിളമ്പിയ ഫ്രൈഡ്റൈസ് ഉരുളയുരുട്ടി തൈര്സലാഡ് ഇരിക്കുന്ന കുഴിയൻ പാത്രത്തിൽ മുക്കി ആസ്വദിച്ചു കഴിക്കുന്ന എന്നെ നോക്കി നിധി പൊട്ടിചിരിച്ചത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല..

“അതേയ്.. നാളെ ഇങ്ങനെ കഴിച്ചാൽ ശരിയാവില്ല.. നൈഫും ഫോർക്കും ഉപയോഗിച്ചാവണം നാളെ എന്റെ കാമുകൻ ഭക്ഷണം കഴിക്കേണ്ടത്.. ” അത് പറഞ്ഞ് മേശയിൽ ഇരുന്ന സ്റ്റീൽ കത്തിയും, മുള്ള് സ്പൂണും ഉപയോഗിച്ച് ഭക്ഷണം കഴിക്കേണ്ടതെങ്ങിനെയെന്ന് അവൾ കാണിച്ചു തന്നപ്പോൾ ഞാനാകെ വിഷമിച്ചുപോയി…

അത്താഴം കഴിഞ്ഞു കൈ കഴുകുമ്പോൾ ഞാനൊരു കാര്യം നിധിയുടെ മുഖത്തുനോക്കി ചോദിച്ചു..

” അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ, ഇയാൾക്ക് ഇതുപോലെ കത്തീം മുള്ളും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന, ഇറുക്കമുള്ള ജീൻസും ഷൂസും ധരിക്കുന്ന ഒരാളെ പണ്ടേ കണ്ടുപിടിച്ചു അയാളെ കാമുകനാക്കാൻ മേലായിരുന്നോ.. അങ്ങിനെ ആയിരുന്നേൽ ഇന്നീ പാട് പെടണ്ടായിരുന്നല്ലോ..?

ഒരു നിമിഷം എന്തോ ആലോചിച്ചിരുന്നതിന് ശേഷമായിരുന്നു നിധിയുടെ മറുപടി വന്നത്…

” ശരിയാണ് എനിക്കത് പണ്ടേ ആകാമായിരുന്നു.. അങ്ങിനെയൊരു കാമുകനെ കണ്ടെത്തിയിരുന്നു എങ്കിൽ ഇന്നീ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു.. പക്ഷെ… അതുപോലൊരു ആണിനെ ലൈഫിൽ കൊണ്ടുവരാൻ താല്പര്യമില്ലായിരുന്നു എനിക്ക്.. തന്നെക്കൊണ്ട് ഈ കോമാളിവേഷം കെട്ടിക്കുന്നത് പോലും നാളെ ഫ്രണ്ട്സിന്റെ മുന്നിൽ ഞാൻ തോറ്റുപോകാതിരിക്കാൻ വേണ്ടി മാത്രമാണ്.. ”

എന്നെ നോക്കി ഒന്ന് ദീർഘമായി നിശ്വസിച്ചതിന് ശേഷം മുറിയുടെ പുറത്തേക്കിറങ്ങുമ്പോൾ നിധി ഒന്നുകൂടെ പറഞ്ഞു.. ” നാളെ പത്തുമണിക്ക് റെഡി ആയിരിക്കൂ.. ഈ ഹോട്ടലിൽ വെച്ചാണ് പാർട്ടി…,

ഇപ്പോൾ മറ്റൊന്നുമോർക്കാതെ സുഖമായി ഉറങ്ങൂ..

ശുഭരാത്രി..

അവൾ പറഞ്ഞു പോയതിന്റെ അർത്ഥം തിരിച്ചും മറിച്ചും ആലോചിച്ചിട്ടും പിടികിട്ടാതെ ഇരുന്നപ്പോൾ ഇനിയെല്ലാം വരുന്നിടത്തു വെച്ചു കാണാം എന്ന് സ്വയം ആശ്വസിച്ചുകൊണ്ട് ഞാൻ കട്ടിയുള്ള പുതപ്പെടുത്തു തലവഴി മൂടി കൂർക്കംവലിച്ചു ഒരു ഉറക്കം അങ്ങുവെച്ചുകൊടുത്തു..

പിറ്റേന്ന് രാവിലെ കൃത്യം പത്തുമണിക്ക് ഇറുക്കമുള്ള ജീൻസും, പഞ്ഞിപോലത്തെ നേർത്ത തുണികൊണ്ടുള്ള ഷർട്ടും, താറാവിന്റെ കാല് പോലുള്ള ഷൂസും ധരിച്ചുകൊണ്ട് നിധിയുടെ മൃദുവായ നീണ്ട കൈവിരലുകളിൽ പിടിച്ചു അവളുടെ കൂട്ടുകാരികൾക്കിടയിൽ നിന്നപ്പോൾ ഒരു നിമിഷം ഞാൻ സ്വയം ചിന്തിച്ചുപോയി ശരിക്കും ഞാൻ അവളുടെ കാമുകനാണെന്ന്.. !

സത്യത്തിൽ ആ നിമിഷങ്ങളിൽ ഞാൻ സ്വർഗലോകത്തായിരുന്നു.

പക്ഷെ ഞാൻ വാ തുറന്നു കൂടുതൽ സംസാരിക്കാൻ പണി പാളുമെന്നു മനസിലാക്കിയത് കൊണ്ടാകണം അവളുടെ കൂട്ടുകാർ എന്നോട് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം കൂടുതലും നൽകിയത് നിധിയായിരുന്നു…

പാർട്ടിക്കൊടുവിൽ അർത്ഥം മനസിലാവാത്ത ഏതോ ഇംഗ്ളീഷ് പാട്ടും വെച്ച് അവിടെ വന്നവർ കൈകോർത്തു പിടിച്ചു ഡാൻസ് തുടങ്ങിയപ്പോൾ നിധി എന്റെ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ എനിക്കെന്തോ അപകടം മണത്തു..

വരൂ.. ഡാൻസ് ചെയ്യാം എന്ന് പറഞ്ഞവൾ എന്റെ കയ്യെടുത്ത്‌ അവളുടെ എളിയിലേക്ക് ചേർത്ത് വെച്ചപ്പോൾ ഞാനങ്ങ് ഇല്ലാണ്ടായി പോയി.. അരണ്ട വെളിച്ചത്തിൽ തോളോട് തോൾചേർത്ത് മുഖാമുഖം നിന്ന് പാട്ടിനനുസരിച്ചു കാൽ ചലിപ്പിച്ചുള്ള ആ ഡാൻസിൽ ഞാൻ വെള്ളം കുടിച്ചു..

പക്ഷെ എന്നോട് ഒട്ടിനിൽക്കുന്ന നിധിയുടെ ശ്വാസോച്ഛാസം വർധിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു..ആ ചുടുനിശ്വാസങ്ങൾ കഴുത്തിൽ ഏറ്റുവാങ്ങുമ്പോൾ ഞാനാകെ ഉഷ്ണിക്കുകയായിരുന്നു.. ശരീരത്തിലെ രോമകൂപങ്ങൾ അപ്പാടെ എഴുന്നേറ്റുനിന്ന് നിധിയെ സല്യൂട്ട് ചെയ്യുന്നത് ഞാൻ അറിഞ്ഞിരുന്നു.. എന്റെ ഊഹം ശരിയാണെങ്കിൽ ഏതാണ്ട് അതേ അവസ്ഥയിലായിരുന്നു നിധിയും.. പെട്ടെന്നുണ്ടായ ഉന്മാദത്തിന്റെ പുറത്ത് അവളുടെ അരക്കെട്ടിൽ ചുറ്റിപിണഞ്ഞിരുന്ന എന്റെ കൈതലം ഒന്ന് മുറുകിയപ്പോൾ നിധി ശ്വാസം അടക്കിപ്പിടിക്കുന്നതായി എനിക്ക് തോന്നി.. കവിളിണകളിൽ പടർന്ന ചുവപ്പുരാശി എന്നെ കാണിക്കാതിരിക്കാനായിട്ടെന്നവണ്ണം ഒരു നിമിഷം അവളെന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു വെച്ചു…

വാടിയ ചേമ്പിൻതണ്ട് കണക്കെ നിധി ഒരു നിമിഷം എന്നോട് ചേർന്നു നിന്നു..

പെട്ടെന്നാ സംഗീതം നിലച്ചപ്പോളാണ് ഞങ്ങൾ ഞെട്ടി വേർതിരിഞ്ഞത്..

ഗംഭീരമായ ഉച്ചയൂണ് കത്തിയും മുള്ളും ഉപയോഗിച്ച് കുത്തി കുത്തി ഒരുവിധത്തിൽ കഴിച്ചെന്ന് വരുത്തുമ്പോൾ സത്യത്തിൽ എനിക്ക് വിശപ്പെന്ന വികാരമേ ഇല്ലായിരുന്നു…

അങ്ങനെ പാർട്ടി ആവസാനിപ്പിച്ചു വന്നവരെല്ലാം കൈ കൊടുത്തു ഇറങ്ങി പോയി..

അന്ന് രാത്രി ബാംഗ്ലൂരിൽനിന്നും നാട്ടിലേക്ക് തിരികെ ബസ് കയറി അടുത്തടുത്ത സീറ്റിൽ ഇരിക്കുമ്പോൾ നിധി എന്നോടൊന്നും സംസാരിച്ചതേ ഇല്ല..

അവൾ പഴയപോലെ ചെവിയിൽ ഹെഡ്സെറ്റും തിരുകി തടിയൻ പുസ്തകത്തിന്റെ ഇതളുകളിലേക്ക് കണ്ണ് പരതിയിരുന്നപ്പോൾ അൽപ്പം മുൻപേ കഴിഞ്ഞുപോയ നിമിഷത്തിന്റെ മാസ്മരികതയോർത്തു ഞാൻ പുറം കാഴ്ചകളിലേക്ക് വെറുതെ കണ്ണുംനട്ടിരുന്നു…

പെട്ടെന്ന് നിധിയുടെ ചെവിയിൽ തിരുകിയിരുന്ന ഹെഡ് സെറ്റിന്റെ ഒരു അഗ്രം എന്റെ ചെവിയിൽ സ്ഥാപിക്കപെടുന്നതറിഞ്ഞാണ് ഞാൻ തല വെട്ടിച്ചു നിധിയെ നോക്കിയത്.. അവൾ അതൊന്നും അറിയാത്ത ഭാവത്തിൽ തടിയൻ പുസ്തകത്തിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു അപ്പോഴും..

അപ്പോഴാണ് എന്റെ ചെവിയിൽ തിരുകിയിരിക്കുന്ന ഹെഡ്സെറ്റിലൂടെ തലച്ചോറിലേക്ക് അരിച്ചിറങ്ങുന്ന സംഗീതത്തെ ശ്രദ്ധിച്ചത്….

” നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ… കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ….

ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ

രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം…”

കണ്ണടച്ചിരുന്ന് ആ സംഗീതം മുഴുവനായി കേട്ട് കഴിയുമ്പോഴേക്കും എന്റെ ഇടത്തെ കൈപത്തി മുഴുവനായും നിധിയുടെ വലതു കൈക്കുള്ളിലും, ആ തുടുത്ത മുഖം എന്റെ ഇടത് ചുമലിലും അമർന്നിട്ടുണ്ടായിരുന്നു..

അതേ… ആ യാത്രയിൽ എനിക്ക് ലഭിച്ച നിധിയായിരുന്നു അവൾ.. !

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : Sai Bro