നിഴലായ്, നോവൽ, ഭാഗം 28 വായിച്ചു നോക്കൂ….

രചന : Thasal

“എനിക്ക് ഇഷ്ടം ആട്ടോ നിങ്ങളെ…. ഈ നന്ദേട്ടനെ മാത്രമേ മണി സ്നേഹിച്ചിട്ടൊള്ളൂട്ടൊ … ”

അവൾ പതിഞ്ഞ സ്വരത്തിൽ അവന് മാത്രം കേൾക്കാൻ എന്ന പോലെ പറഞ്ഞതും പറഞ്ഞതിന് അർത്ഥം മനസ്സിലായില്ല എങ്കിലും അവൻ അവളുടെ നെറ്റിക്ക് സൈഡിൽ ആയി അവൾ പോലും അറിയാത്ത വണ്ണം ഒന്ന് ചുണ്ടമർത്തി….

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

“മുത്തശ്ശി… ഞാൻ ഇറങ്ങീട്ടൊ…. ”

കയ്യിൽ ഒരു ബാഗും പിടിച്ചു ഉമ്മറത്തു നിന്ന് തന്നെ മണി വിളിച്ചു പറഞ്ഞു… മുത്തശ്ശി മെല്ലെ ഉമ്മറത്തെക്ക് കടന്ന് വന്നു…

“ഇത്ര രാവിലേ തന്നെ പോണോ മോളെ…. ”

ഇത് വരെ കൂടെ ഉണ്ടായിരുന്ന ആള് പണിക്ക് പോണ സങ്കടം ആണ് മുത്തശ്ശിക്ക്….അവൾ ഒന്ന് സങ്കടം അഭിനയിച്ചു…

“പോയില്ലേൽ വരില്ലേ മുത്തശിടെ കൊച്ച് മോൻ ആനയെ തല്ലുന്ന വടിയുമായി….ഞാൻ പോയി വന്നിട്ട് കാണാവേ…”

മണി മുത്തശ്ശിയെ നോക്കി പറഞ്ഞു കൊണ്ട് ഉമ്മറത്തെക്ക് തന്നെ കയറി അവടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു കൊണ്ട് മുറ്റത്തേക്ക് ചാടി ഇറങ്ങി….

“എങ്ങനെ നടന്നിരുന്ന കൊച്ചാ…. ഇപ്പൊ പണിക്ക് വരെ പോകേണ്ടി വന്നു…കെട്ടാൻ പോകുന്നവൻ കൊള്ളില്ല അത് തന്നെ കാര്യം..”

വേലിക്കപ്പുറം ഓരോ തലകൾ ആയി ഉയർന്നു വന്നു… അയല്പക്കത്തെ ചേച്ചി ആരോടോ അടക്കം പറയുന്നത് അവൾക്ക് കേൾക്കാമായിരുന്നു…

അവൾ ഒന്നും കേൾക്കാത്ത പോലെ മുന്നോട്ട് നടന്നു….

പഠിപ്പുര കടന്നതും പെട്ടെന്ന് അവരെ കണ്ട പോലെ ഒറ്റ നിർത്തം ആയിരുന്നു…. മുഖത്ത് ചിരി മിന്നിക്കുന്നുണ്ട്….

“അല്ല ഇതാര്…. മണിക്കുട്ടിയോ… ജോലിക്ക് പോകുവായിരിക്കും അല്ലേ… ”

അവളെ കണ്ട പതർച്ച മറികടക്കാൻ വേണ്ടി അതിൽ ഒരു സ്ത്രീ ചോദിച്ചു… അവൾ ചെറുതിലെ ഒന്ന് ചിരിച്ചു….

“അതേലോ ശാരദേച്ചി…. അല്ല ഞാൻ ജോലിക്ക് പോകുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ… ”

അവൾ ഒരു സംശയം എന്ന പോലെ ചോദിച്ചതും അവർ വീണ്ടും ഒന്ന് പതറി….

“എനിക്കൊ…എന്ത് കുഴപ്പം… ”

“അല്ല ഇറങ്ങുമ്പോൾ എന്തോ കേട്ട പോലെ തോന്നി അത് കൊണ്ട് ചോദിച്ചതാ…. ചേച്ചിക്ക് പ്രശ്നം ഉണ്ടാകാൻ പാടില്ലല്ലോ…. ഞാനല്ലേ ജോലിക്ക് പോകുന്നത്..അല്ലേ… ”

അവൾ ചിരിച്ചു കൊണ്ട് ചോദിച്ചതും പതർച്ച മറച്ചു കൊണ്ട് അവരും കൂടെ ചിരിക്കാൻ ശ്രമിച്ചു…

“പിന്നെ ചേച്ചി… ചേച്ചീടെ മോനല്ലേ ഇന്നലെ എന്തോ കവലയിൽ കിടന്നു അടി ഉണ്ടാക്കിയതിന് പോലീസ് പിടിച്ചു കൊണ്ട് പോകേ എന്തൊക്കെയോ കേട്ടു…അവൻ പണിക്ക് പോകാറില്ലേ ചേച്ചി…. ”

മണി നിഷ്കളങ്കമായി ചോദിച്ചു… അതോടെ അവർ ചുറ്റും ഒന്ന് നോക്കി കൂടെ നില്ക്കുന്നവർക്കിടയിൽ നിന്നും രക്ഷപ്പെടാൻ എന്ന പോലെ പോകാൻ ഒരുങ്ങി…

“ശരദേ… എന്നിട്ട് ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ലല്ലോ… ”

കൂട്ടത്തിലെ ഏതോ സ്ത്രീ ചോദിച്ചു… അവർ വെട്ടി വിയർത്തു കൊണ്ട് അവിടെ തന്നെ നിന്നു…

“നല്ല കഴിവ് ഉള്ള കൊച്ചനാ…ആ കഴിവ് വെച്ച് അവൻ പോലീസ് സ്റ്റേഷനിൽ പരമാവധി കയറാൻ നോക്കുന്നുണ്ട്… ”

മണി പറഞ്ഞു…

“പോലീസ് ആകാനാണോ മോളെ… ”

ഒരു സ്ത്രീ ചോദിച്ചതും അവൾക്ക് ചിരി പൊട്ടി…

“അല്ലന്നേ… എപ്പോഴും എന്തെങ്കിലും ഒരു പ്രശ്നം ഈ പരിസരത്ത് നടന്നാൽ പോലീസ് ആദ്യം പോകുന്നത് അവനെ അല്ലേ… വല്ലവന്റെയും വീട്ടിലെ കാര്യങ്ങൾ പറഞ്ഞു കൊടുക്കും മുന്നേ അതങ്ങു പറഞ്ഞു കൊടുക്ക് ശാരദ ചേച്ചിയെ… ”

അവൾ ഉള്ളിലെ ദേഷ്യം മുഴുവൻ വാക്കുകളിൽ ഒതുക്കി പറഞ്ഞു കയ്യിലെ ബാഗ് ഒന്നൂടെ കയറ്റി ഇട്ടു ഇച്ചിരി കടുപ്പത്തിൽ അവരെ നോക്കി കൊണ്ട് മുന്നോട്ട് നടന്നു… അവൾക്ക് നന്ദനെ പറഞ്ഞത് അത്ര അങ്ങ് പിടിച്ചില്ല അത് തന്നെ ആയിരുന്നു അവളുടെ ദേഷ്യത്തിന്റെ കാരണവും….

🍂🍂🍂🍂🍂🍂🍂🍂🍂🍂

“വായിൽ തോന്നിയത് ഒക്കെ അങ്ങ് വിളിച്ചു പറയാം എന്ന് കരുതി കാണും…. അല്ലേൽ തന്നെ എന്റെ നല്ല പേര് കൊണ്ട് അങ്ങേർക്ക് നാട്ടിൽ നടക്കാൻ കഴിയുന്നില്ല… അതിനിടയിലാ ഇത് കൂടി… വയ്യ എന്റെ ദൈവമെ…ഇങ്ങനെ ഉള്ള സാധനങ്ങൾക്ക് എന്തിനാ നാവ് വെച്ച് പിടിപ്പിച്ചേക്കുന്നെ…. ”

അവളുടെ ദേഷ്യം മുഴുവൻ വാക്കുകളിൽ ഒതുക്കി കൊണ്ട് അവൾ വായനശാലയുടെ വാതിൽ തുറന്നു….

ഉള്ളിൽ ഇന്നലത്തെ പത്രങ്ങൾ എല്ലാം ടേബിളിൽ വലിച്ചു വാരി ഇട്ടിട്ടുണ്ട്… എല്ലാം അടുക്കി എടുത്തു ഉള്ളിലെ റൂമിൽ കൊണ്ട് പോയി വെക്കുകയും …

സ്ഥാനം തെറ്റിയ പുസ്തകങ്ങൾ എല്ലാം യഥാ സ്ഥിതിയിൽ ആക്കുകയും ചെയ്തു…. അവിടം മുഴുവൻ വൃത്തിയാക്കി അടിച്ചു വാരി ഇട്ടു…

ടീവി ഓൺ ചെയ്തു കൊണ്ട് അവൾ അവിടെ ഉള്ള കസേരയിൽ കയറി ഇരുന്നു… ആകെ കൂടി ക്ഷീണം പിടിച്ചിരുന്നു…

“എന്റെ കൃഷ്ണ…ഒരു കൂട്ടം പണി കഴിഞ്ഞുള്ള വരവാ… അപ്പോഴേക്കും അടുത്ത പണി… ആ തെണ്ടി പാറു സുഖമായി കിടന്നുറങ്ങുന്നുണ്ടാകും… പട്ടി…. ”

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

“പട്ടി… തെണ്ടി… ചെറ്റ…. മര്യാദക്ക് വീട്ടിൽ ഇരുന്ന ഞാനാ… അങ്ങേര് ഒറ്റ ഒരുത്തൻ കാരണവ ഇവിടെ എത്തിയത്….”

ചുറ്റും ഒന്ന് നോക്കി കൊണ്ട് പാറു പറഞ്ഞു..അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു… ആൾക്ക് കിട്ടിയത് ഒന്നൊന്നര പണിയാ… നാട്ടിലെ അറിയപ്പെടുന്ന എഴുത്തുകാരന്റെ സഹായി…എന്ന് വെച്ചാൽ അങ്ങേര് പറയും ഇവള് എഴുതും….

ആത്മകഥയെ… വർക്ക്‌ ചെയ്യാൻ മടി കൊണ്ട് കോളേജ് നിർത്തി വന്നു പെട്ടത് പുലി മടയിൽ…

ആള് കുറച്ചു ഗൗരവക്കാരൻ ആണെ….

“എഴുതിയോ…. ”

അങ്ങേര് കൊമ്പൻ മീശയും തടവി കൊണ്ട് ചോദിച്ചതും പാറു ഒരു നിമിഷം തല ഉയർത്തി അയാളെ നോക്കി…

“ഞാൻ ഒരു കാര്യം…. ”

അവൾ ഒന്ന് വിരൽ ഉയർത്തി പിടിച്ചു കൊണ്ട് ചോദിച്ചു… അയാൾ ആണെങ്കിൽ കണ്ണും കുറുക്കി കൊണ്ട് അവളെ ഒരു നോട്ടം…

“മ്മ്മ് ചോദിക്ക്… ”

“സത്യത്തിൽ ഇതൊക്കെ ഉള്ളത് തന്നെയാണോ… എന്തൊരു തള്ളാണ് മനുഷ്യ നിങ്ങൾ… ”

പാറു ഒരു ബോധവും ഇല്ലാതെ പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചു… അയാൾ കണ്ണും ഉരുട്ടി അവളെ നോക്കി… അതോടെ അവൾ ഒന്ന് സ്റ്റെക്ക് ആയി….

“കേൾക്കുന്നവർക്കും വിശ്വസിക്കാൻ പറ്റണ്ടേ…. ഇംഗ്ലണ്ടിൽ പോയപ്പോൾ സായിപ്പ് വന്നു കെട്ടിപിടിച്ചതും…. നിങ്ങളെ പോലെ ഒരു എഴുത്തുകാരൻ വേറെ ഇല്ല എന്നൊക്കെ പറഞ്ഞു എന്നൊക്കെ പറഞ്ഞാൽ കേൾക്കുന്നവർക്ക് അറിയാം ശുദ്ധ തള്ളാണ് എന്ന്… ഒന്നും ഇല്ലേലും നിങ്ങളെക്കാൾ കൂടുതൽ തള്ളിയ ഞാൻ തന്നെ ഇത് എഴുതണം എന്ന് വെച്ചാൽ…ഞാൻ പറഞ്ഞു എന്നെ ഒള്ളൂ…”

പാറു ഒന്ന് ഇട്ടു നോക്കി കൊണ്ട് വീണ്ടും എഴുത്ത് ആരംഭിച്ചു.. അയാൾ എന്തോ ആലോചനയിൽ ആയിരുന്നു….

“മ്മ്മ്… അതങ്ങു വെട്ടിയെക്ക്… ”

അയാൾ ഗൗരവത്തോടെ പറഞ്ഞു…

“ഏത് സർ… ”

“അവസാനം പറഞ്ഞത് തന്നെ… ”

അയാൾ ഇച്ചിരി ദേഷ്യത്തോടെ പറഞ്ഞതും പാറു ഒന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് അയാളുടെ താടിയിൽ പിടിച്ചു വലിച്ചു…

“കൊച്ച് കള്ളൻ… ഇതൊക്കെ തള്ളായിരുന്നല്ലേ…. എന്തൊരു creativity…. സമ്മതിച്ചു തന്നിരിക്കുന്നു….ഇങ്ങനെ തള്ളാൻ ആണെങ്കിൽ മുല്ലപെരിയാർ പോലും പൊട്ടി പോകുമല്ലോ… ”

പാറുവിന്റെ നാക്കിന് ഒരു ലൈസെൻസും ഇല്ല…

കേട്ടു നിന്ന അങ്ങേർക്ക് പോലും ഞെട്ടൽ…

എല്ലാവരും ഇച്ചിരി പേടിയിൽ നിൽക്കുന്ന അയാളോട് ആദ്യമായി ആണ് ഒരാൾ ഇങ്ങനെ പെരുമാറുന്നത്…

അയാൾ ഒന്ന് കടുപ്പത്തിൽ നോക്കിയിട്ടും പെണ്ണിന് കൂസൽ ഇല്ല…

“കൊച്ചെ…ഞാൻ നാലാള് അറിയപ്പെടുന്ന ഒരു എഴുത്തുകാരനാ…”

“അതിന്… ആര് തള്ളിയാലും ഞാൻ പറയും… ”

എവിടെ എന്തെങ്കിലും ഒരു കൂസൽ… അവസാനം അയാൾക്ക്‌ പോലും ചിരി പൊട്ടി എന്നത് യാഥാർഥ്യം….

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

“ആഹാ…. ഇയാളാണോ ഇന്ന് ഇവിടെ…. ”

പുസ്തകത്തിലെക്ക് കണ്ണും നട്ടു ഇരിക്കുന്നതിനിടയിൽ പെട്ടെന്ന് വിച്ചുവിന്റെ ശബ്ദം കേട്ടു മണിയുടെ ഉള്ളിൽ എന്തോ ഒരു ആളൽ ഉണ്ടായി….ഉള്ളിൽ കിടന്ന് ഹൃദയം ക്രമമില്ലാതെ മിഡിക്കും പോലെ…മെല്ലെ തല ഉയർത്തി തനിക്ക് മുന്നിൽ ചിരിയോടെ നിൽക്കുന്നവനെ നോക്കി കഷ്ടപ്പെട്ടു കൊണ്ട് ഒരു പുഞ്ചിരി സമ്മാനിച്ചു…. അവളുടെ ആ മാറ്റം അവനെയും തെല്ലൊന്ന് വേദനിപ്പിച്ചു….

“ഇതെന്താഡോ…ഒരു തെളിച്ചം പോരല്ലോ…. ”

അവൻ വേദന പുറമെ പ്രകടിപ്പിക്കാത്ത തരത്തിൽ ഒരു കുസൃതി സ്വരത്തിൽ ചോദിച്ചതും അവൾക്ക് എന്ത് പറയണം എന്നറിയില്ലായിരുന്നു… കാരണം എന്തോ അവനിൽ നിന്നും മനസ്സ് വളരെ അധികം അകന്ന പോലെ… മനുഷ്യർ അങ്ങനെയാണ്….

പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോൾ ഒരുപാട് അടുത്തവർ പോലും മനസ്സ് കൊണ്ട് അകലും….

“അത് ഞാൻ വെറുതെ….പുസ്തകം എടുത്തോ….”

അവൾ എന്ത് പറയണം എന്നറിയാതെ വിക്കി കൊണ്ട് ചോദിച്ചതും അവന്റെ ചുണ്ടിൽ പഴയ പുഞ്ചിരി നിറഞ്ഞു…. ആ പഴയ സൗമ്യത നിറഞ്ഞ വേറൊരു അർത്ഥതലങ്ങൾ ഇല്ലാത്ത….വെറുതെ ഒരു പുഞ്ചിരി…..

“താൻ ഇറങ്ങാൻ ആയോ….”

അവനിൽ നിന്നും മറുചോദ്യം ആണ് ഉയർന്നത്…അവൾ മെല്ലെ ഒന്ന് തലയാട്ടി….

“എന്നാൽ നമുക്ക് ഒരുമിച്ച് പോകാം… തന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്…. ”

അവൻ സൗമ്യമായി പറഞ്ഞു.. അവൾക്കും അത് തള്ളി കളയാൻ തോന്നിയില്ല… അവൻ തനിക്ക് ഒരു ഏട്ടന്റെ സ്ഥാനത്ത് മാത്രം അല്ലായിരുന്നു…

നല്ലൊരു സുഹൃത്ത്‌ കൂടി ആയിരുന്നു…. അവൾ ബാഗും എടുത്തു ഇറങ്ങി… കൂടെ തന്നെ അവനും…

പതിവില്ലാതെ അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു…

“ജാൻവി അനന്ദൻ……എങ്ങനെയാണ് എനിക്ക് മണിക്കുട്ടി ആയി മാറിയത് എന്ന് തനിക്ക് അറിയോ…”

പിന്നിലേക്ക് കയ്യും കെട്ടി നടക്കുന്നതിനിടയിൽ മൗനത്തെ കീറി മുറിച്ചു കൊണ്ടായിരുന്നു അവന്റെ ചോദ്യം…. അവൾ ഒന്ന് തല ഉയർത്തി അവനെ നോക്കിയതെയൊള്ളു…. അവൻ നിഷ്കളങ്കമായി ഒന്ന് പുഞ്ചിരിച്ചു….

“എന്റെ ഗൗതമിന്റെ പെങ്ങൾ…. അതിനേക്കാൾ ഉപരി നന്ദന്റെ ഏറ്റവും വലിയ ശത്രു… അതൊക്കെ ആയിരുന്നു എനിക്ക് തന്നെ പറ്റിയുള്ള ഏക അറിവ്…. അതിൽ നിന്നും തന്നെ കൂടുതൽ മനസ്സിലാക്കി….എന്നെ കാണുമ്പോൾ ഒന്ന് പുഞ്ചിരിച്ചു തരുന്ന തന്നോട് എന്തോ ഒരു ഇഷ്ടം തോന്നിയിരുന്നു….അന്ന് മുതൽ നീ എനിക്ക് മണിക്കുട്ടിയാണ്… അത് എന്താണെന്ന് തിരിച്ചറിഞ്ഞപ്പോൾ പറയാൻ തോന്നിയില്ല….

ഇങ്ങനെ നടക്കാനും ഒരു രസം തോന്നി….പക്ഷെ ഈ സമയത്ത് എങ്കിലും തന്നോട് അത് പറഞ്ഞില്ലെങ്കിൽ അതൊരു ചതിയായി മാറും എന്ന് തോന്നിയപ്പോൾ ആണ് ഞാൻ ഇന്നലെ അത് പറഞ്ഞത്… പക്ഷെ ഈ നിമിഷം എനിക്ക് തോന്നുന്നു… അത് പറയേണ്ടിയിരുന്നില്ല എന്ന്…”

അവൻ അല്പം ഗൗരവത്തിൽ പറഞ്ഞു നിർത്തിയതും മണി അല്പം ഞെട്ടലോടെ അവനെ നോക്കി…

അവൻ മുൻപോട്ടു നോക്കിയുള്ള നടപ്പാണ്….

“അതിന് ശേഷം ഞാൻ മണിക്കുട്ടിയെ കണ്ടിട്ടില്ല…. ജാൻവി ആയിരുന്നു എനിക്ക് മുന്നിൽ എന്നെ കാണുമ്പോൾ പതിവ് പോലെ ഒരു ചിരി പോലും ഇല്ല…. എന്ത് പറ്റിയഡോ തനിക്ക്…. ഞാൻ പറഞ്ഞത് ഇഷ്ടമായിരുന്നു എന്നല്ലേ… ഇഷ്ടമാണ് എന്നല്ലല്ലൊ…. ”

അവന്റെ ചോദ്യങ്ങൾക്ക് മുന്നിൽ അവൾക്ക് സ്വയം തെറ്റുകാരിയായി തോന്നി… അവളുടെ മുഖം കുനിഞ്ഞു….

“അത് പോലെ താൻ എന്നെ ഇഷ്ടപ്പെടണം എന്നും ഞാൻ പറഞ്ഞിട്ടില്ല…. പിന്നെ എന്തിനാ ഈ ഒഴിഞ്ഞു മാറ്റം… ”

അവൻ അവളെ വേദനിപ്പിക്കാൻ താല്പര്യമില്ലാത്ത മട്ടിൽ ഒരു തമാശ പറയുന്ന ലാഗവത്തോടെ ആയിരുന്നു ചോദിച്ചത് അവൾക്കും തോന്നി അവൻ പറയുന്നത് ശരിയാണ് എന്ന്..അവൾക്ക് എന്തോ ഒന്നും പറയാൻ തോന്നിയില്ല….

“ആഹാ… നീ ഇവളെയും കൊണ്ടിങ്ങ് പൊന്നോ..”

പെട്ടെന്ന് ഗൗതമിന്റെ ശബ്ദം കേട്ടു രണ്ട് പേരും ചെറു ഞെട്ടലോടെ മുന്നോട്ട് നോക്കിയതും കണ്ടു വയൽ കടന്നു വരുന്ന ഗൗതമിനെ…ഗൗതം ചിരിച്ചു കൊണ്ട് മുകളിലേക്ക് കയറി….

“ഞാൻ ഇവളെ വിളിക്കാൻ അങ്ങ് വരുകയായിരുന്നു….നീ വായനശാലയിൽ പോയതായിരിക്കും അല്ലേ…. ”

ഗൗതമിന്റെ ചോദ്യങ്ങൾക്ക് അവൻ ഉത്തരം നൽകുമ്പോഴും അവന്റെ കണ്ണുകൾ മണിയിൽ എത്തി…

അത് അറിഞ്ഞു എന്ന പോലെ മണി അവരെ നോക്കാതെ എങ്ങോ കണ്ണുകൾ പായിച്ചു നിന്നു….

“എന്ന ശരിഡാ… പോയി….ഈ സാധനത്തിനെ വീട്ടിൽ എത്തിച്ചിട്ട് വേണം ക്ലബിലേക്ക് പോകാൻ….

നീ വരുന്നില്ലേ… ”

“ഇല്ലഡാ… അമ്മ തനിച്ചാ… ചേച്ചി ഇന്ന് തിരികെ പോയി…. നേരം വൈകിയാൽ പിന്നെ അത് മതിയാകും… നിങ്ങൾ ചെല്ല്… ”

വിച്ചുവിന്റെയും ഗൗതമിന്റെയും സംസാരം ശ്രവിച്ചു കൊണ്ടിരിക്കുകയായിരുന്നു മണി.. ചിന്തകൾ പലപ്പോഴും പല വഴി സഞ്ചരിച്ചു…

“ഡി… നീ ഇത് എവിടെയാ… പോകണ്ടേ… വാ… ”

,ഗൗതം കയ്യിൽ തട്ടി പറഞ്ഞപ്പോൾ ആണ് അവൾ ചിന്തകളിൽ നിന്നും ഉണർന്നത്…. അവൾ ഞെട്ടി കൊണ്ട് മെല്ലെ തലയാട്ടി… ഗൗതം മുന്നിൽ ടോർച് തെളിയിച്ചു കൊണ്ട് ഇറങ്ങിയതും മണി അവന് പിന്നാലെ തന്നെ നടന്നു… അവൾക്ക് ഒന്ന് തിരിഞ്ഞു നോക്കണം എന്നുണ്ടായിരുന്നു….മനസ്സ് വേണ്ടാ എന്നും വേണം എന്നും ഒരുപോലെ പറഞ്ഞു…. പക്ഷെ എന്ത് കൊണ്ട് അവൾ തിരിഞ്ഞു… അപ്പോഴും കണ്ടു മാറിൽ കയ്യും പിണച്ചു തന്നെ നോക്കുന്ന വിച്ചുവിനെ… അവൾക്ക് പുഞ്ചിരിക്കാതിരിക്കാൻ ആയില്ല…

പുഞ്ചിരിച്ചു…ഒരു ഏട്ടനോടുള്ള പെങ്ങളുടെ സ്നേഹം പോലെ… തനിക്ക് യാതൊരു പിണക്കവും ഇല്ല എന്ന് തെളിയിക്കും പോലെ… അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി നിറഞ്ഞു….

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

“എന്ന ഞാൻ പോയിട്ടൊ… സാഹിത്യകാരാ… ”

പാറു അയാളുടെ മീശ ഒന്ന് പിരിച്ചു വെച്ചു കൊണ്ട് പറഞ്ഞതും നന്ദൻ ഒന്ന് ഞെട്ടി കൊണ്ട് അവളുടെ കയ്യിൽ ഒന്ന് തട്ടി… അവൾക്കുണ്ടോ കൂസൽ…

“ആയ്ക്കോട്ടെ പാറുവമ്മേ…. ”

ആയാലും അതെ ടോണിൽ പറഞ്ഞതും ഇപ്രാവശ്യം ഞെട്ടിയത് നന്ദൻ ആണ്…എന്ത് നല്ല മനുഷ്യൻ ആയിരുന്നു… വെറും വെടി പുഹ എന്നും പറഞ്ഞു നടന്നിരുന്ന ആളാ… ഇതാണ് പറയുന്നത് ചന്ദനം ചാരിയാൽ ചന്ദനം മണക്കും എന്ന്….

“നാളേക്കുള്ള തള്ള് ഇപ്പോൾ തന്നെ നോക്കി വെച്ചോ… ”

അവൾ ചിരിയോടെ പറയുന്നത് കേട്ടു അയാൾ കള്ള ഗൗരവത്തോടെ അടിക്കാൻ ഓങ്ങിയതും അവൾ ചിരിയോടെ പുറത്തേക്ക് ഇറങ്ങി… നന്ദനും ചിരിച്ചു കൊണ്ട് അവൾ പോയ വഴിയേ നോക്കി അയാളോട് ചിരിയോടെ പോകാൻ എന്ന പോലെ തലയാട്ടി…

“ജാൻവിയുടെ വീട്ടിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ ചെറിയൊരു വട്ട് ഞാൻ പ്രതീക്ഷിച്ചിരുന്നു… പക്ഷെ ഇത് ഒന്നൊന്നര വട്ട് ആയി പോയി….”

അയാൾ ചിരിയോടെ പറഞ്ഞു… നന്ദനും ഒന്ന് ചിരിച്ചു…

“സാഹിത്യകാര എന്റെ ഏട്ടനെ ഇങ്ങ് വിട്ടേക്ക്… അങ്ങേരെ കൂടി തള്ളി മറിച്ചിട്ടാൽ എന്റെ കാര്യം കഷ്ടത്തിൽ ആകുവേ….”

പുറത്ത് നിന്നും പാറുവിന്റെ ശബ്ദം കേൾക്കുന്നുണ്ട്…. അയാൾക്ക്‌ ചിരി ഒതുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല… നന്ദൻ ചിരിയോടെ തലയാട്ടി കൊണ്ട് പുറത്തേക്ക് നടന്നു…മുറ്റത്ത്‌ തന്നെ മിട്ടായിയും നുണഞ്ഞു കൊണ്ട് പാറു നിൽപ്പുണ്ട്.. അവൻ ചിരിയോടെ അവളുടെ തലയിൽ ഒന്ന് കൊട്ടി കൊണ്ട് മുന്നോട്ട് നടന്നതും അവളും പിന്നാലെ നടന്നു….

“ഏട്ടാ…ഏട്ടോയ്…”

“എന്താടി… ”

അവളുടെ വിളിക്ക് ഇച്ചിരി കടുപ്പത്തിൽ ആയിരുന്നു അവന്റെ മറുപടി…

“ഏട്ടന് എന്നെയാണോ അതോ മണിയെയാണോ ഏറ്റവും ഇഷ്ടം… ”

ഓടി ചെന്ന് അവന്റെ കയ്യിൽ തൂങ്ങി കൊണ്ടായിരുന്നു അവന്റെ ചോദ്യം… അവന്റെ ചുണ്ടിൽ ഒരു ചിരി പടർന്നു…. അവൻ ഫോൺ എടുത്തു അതിൽ ഗൗതമിന്റെ ഫോണിലേക്ക് ഡയൽ ചെയ്തു…

“നീ ഈ ചോദ്യം അവനോട് ചോദിച്ചു നോക്ക്…. ”

അത് മാത്രം പറഞ്ഞു കൊണ്ട് അവൻ ഫോൺ അവളുടെ കയ്യിൽ ഏൽപ്പിച്ചു…

ഫോൺ അടിക്കുന്ന ശബ്ദം കേട്ടതും ഗൗതം ഒന്ന് എടുത്തു നോക്കിയതും നന്ദന്റെ പേര് കണ്ട് അവൻ മണിയെ നോക്കി ചിരിച്ചു…

“നന്ദനാ…ഇന്ന് ഏതാ ബ്രാന്റ് ആവോ… ”

അവൻ ചിരിയോടെ പറഞ്ഞു കൊണ്ട് ഫോൺ അറ്റന്റ് ചെയ്തു കൊണ്ട് സ്പീക്കറിൽ ഇട്ടു…

“ഹെലോ… എന്താടാ… ”

“ഏട്ടാ… ഏട്ടന് എന്നെയാണോ മണിയെയാണോ കൂടുതൽ ഇഷ്ടം… ”

എടുത്ത പാടെ ചാടി കയറിയുള്ള അവളുടെ സംസാരം കേട്ടു ഗൗതം ഒന്ന് അതിശയപ്പെട്ടു കൊണ്ട് ഒന്ന് കൂടെ ഫോണിലേക്ക് നോക്കി… അവന് ചിരി വന്നു പോയി… മണി ആണേൽ എന്താണ് പറയാൻ പോകുന്നത് എന്ന ആകാംഷയിൽ അവനെ നോക്കി നിൽക്കുകയായിരുന്നു…. അവൻ ചെകുത്താനും കടലിനും നടുവിൽ പെട്ട അവസ്ഥ….

“നിന്റെ ഏട്ടൻ ഇല്ലേ അടുത്ത് അവനോട് ചോദിച്ചു നോക്ക്… ”

“ഏട്ടൻ ആണ് പറഞ്ഞത് ഗൗതമേട്ടനോട് ചോദിക്കാൻ… പറ… ”

പാറു ഒന്ന് കെഞ്ചി… മണി ആണേൽ എന്ത് പറയും എന്ന ആകാംക്ഷയിൽ നോക്കി നിൽക്കുകയായിരുന്നു…

“പട്ടി… ”

ഗൗതം നന്ദനെ സ്മരിച്ചു പോയി…

“എനിക്ക് നിന്നെക്കാളും മണിയെക്കാളും ഇഷ്ടം നിന്റെ ഏട്ടനെയാ… ”

അവൻ മെല്ലെ തടി ഊരാൻ നോക്കി…

“പറ്റത്തില്ല ഞങ്ങൾ രണ്ട് പേരും മാത്രമേ ഓപ്ഷനിൽ ഒള്ളൂ… ഉത്തരം സ്പശ്ട്ടവും വ്യക്തവും ആയിരിക്കണം…. ”

“അങ്ങ് പറ ഗൗതമെ….”

മറുഭാഗത്ത്‌ നിന്നും ആങ്ങളയും പെങ്ങളും കത്തി കയറുകയാണ്…ഗൗതം ആകെ പെട്ട അവസ്ഥയിൽ മണിയെ നോക്കി… മണി ചിരി കടിച്ചു പിടിച്ചു കൊണ്ട് അവനെ നോക്കി കണ്ണ് കാണിച്ചു…

അതോടെ അവനും ചെറിയ രീതിയിൽ ആശ്വാസം ആയി….

“അത് നിന്നെ അല്ലേടി പാറുകുട്ട്യേ…. ”

അവൻ കൊഞ്ചലോടെ ചോദിച്ചു…

“നന്ദി ഇല്ലാത്ത ശവമേ… ഇത്രയും കാലം ആ പെണ്ണ് വെച്ച് വിളമ്പി തന്നിട്ട് എന്നെ ആണ് ഇഷ്ടം എന്നോ… താനൊക്കെ ഒരു ഏട്ടൻ ആണോഡോ…അതിനൊക്കെ എന്റെ ഏട്ടനെ കണ്ട് പഠിക്ക്….എന്നെ കഴിഞ്ഞേ ഒള്ളൂ വേറെ ആരും…

പാറുവിന്റെ കയ്യിൽ നിന്നും ആ ഒരു മറുപടി ആരും പ്രതീക്ഷിച്ചില്ല… ഗൗതം ഷോക് അടിച്ച കാക്കയെ പോലെ ആയി… മണി അവന്റെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി…

“ടി.. പാറു നിന്റെ ഏട്ടന്റെ കയ്യിൽ ഫോൺ കൊടുത്തേ… എനിക്ക് ഇപ്പൊ അറിയണം… ആരെയാ ഇഷ്ടം എന്ന്…. ”

മണി അങ്ങ് കത്തി കയറി…. നന്ദൻ ആകെ പെട്ട അവസ്ഥയിൽ പാറുവിനെ നോക്കി പോയി…

അവിടെ നിന്ന് യാതൊരു ദാക്ഷിണ്യവും പ്രതീക്ഷിക്കണ്ട…. അത് പാറുവാണ്…. പാറുവിനെ പറഞ്ഞാൽ ചിലപ്പോൾ പാറു തന്നെ തന്നെ കൊല്ലും… മണിയെ പറഞ്ഞാൽ പെങ്ങളോട് സ്നേഹം ഇല്ലാത്ത ആങ്ങള… ഏത് നേരത്ത് ആണാവോ….

“എനിക്ക് രണ്ട് പേരെയും…. ”

“അത് കള്ളക്കളി… ”

ഗൗതം ഇടയിൽ കയറി… നന്ദൻ പല്ല് കടിച്ചു…

“എനിക്ക് എന്റെ തന്തയെ ആണ് കൂടുതൽ ഇഷ്ടം… ഇമ്മാതിരി ചോദ്യം ഒക്കെ ചിന്തിച്ചു കൂട്ടുന്ന പെങ്ങളെ തന്നില്ലേ… ആ തന്തയെ…. ”

നന്ദൻ ഇച്ചിരി കടുപ്പത്തിൽ പറഞ്ഞപ്പോൾ തന്നെ എല്ലാവർക്കും മനസ്സിലായി… അത് സ്വന്തം തന്തക്കു വിളിച്ചതാണ് എന്ന്… ഇനി ഒരു ചോദ്യം… ഉത്തരം ഭരണിപാട്ട്… വേണ്ടാ താങ്ങൂല…. മണി വേഗം തന്നെ ഫോൺ ഓഫ് ചെയ്തു..ശ്വാസം നേരെ വിട്ടു…

“പേടിച്ചു പോയോ… ”

ഗൗതം ചിരിയോടെ ചോദിച്ചു…

“വല്ലാണ്ട്… ”

തുടരും…

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : Thasal