നിങ്ങളെ വിശ്വസിച്ച് ഉറ്റവരെ ഉപേക്ഷിച്ചു കൂടെവന്ന എന്നെയും നമ്മുടെ മകനെയും അനാഥർ ആക്കരുതേ

രചന : അനിത രാജു

കർമ്മ ഫലം..

നന്ദു കൊണ്ടുവന്ന മുപ്പതു പൊതിച്ചോറിൽ ഒന്നു മിച്ചം വന്നു. നല്ല ചൂട് ഉച്ച സമയം. നിവർത്തി വെച്ച കുടമടക്കി വീട്ടിൽ പോകാനുള്ള ഒരുക്കം. ദൂരെ നിന്ന് ഒരാൾ ഓടിവരുന്നു.

” മോനെ പൊതി തീർന്നോ “??

ഇല്ല വേഗം വന്നോളൂ ഒന്ന് ബാക്കി ഉണ്ട്..

അയാൾ അടുത്ത് എത്തി പ്രാകൃതം ആയി കിടക്കുന്ന തലമുടി, നീണ്ടു വളർന്ന താടി, ഒറ്റ ബട്ടൻസിന്റെ ബലത്തിൽ ശരീരത്തിൽ കിടക്കുന്ന അവിടവിടെ കീറിയ ഷർട്ട്‌, അഴുക്കു പിടിച്ചു വെള്ള നിറം നഷ്ട്ടപെട്ട ഒറ്റമുണ്ടു. അടുത്ത് വന്നപ്പോൾ ആ മുഖം വ്യക്തമായി കണ്ടു.

ഒട്ടിയ കവിൾത്തടം, കുഴിഞ്ഞ കണ്ണുകൾ., നരബാധിച്ച താടിയും മുടിയും.

അടുത്ത് വന്നയാൾ പറഞ്ഞു.

” മോനെ രണ്ടു ദിവസം ആയി പൈപ്പ് വെള്ളം കുടിച്ചു ജീവിക്കുന്നു, അപ്പോഴാ ഒരാൾ പറഞ്ഞത് എല്ലാ ഞായറാഴ്ചയും മോൻ ഇവിടെ പൊതിച്ചോറ് ദാനമായി നൽകുന്നു എന്ന്, അതാണ് ഓടിവന്നത്

ആ ശബ്ദം കേട്ടപ്പോൾ നന്ദു ഉറപ്പിച്ചു ഇത് അയാൾ തന്നെ. പത്തു വർഷം കൊണ്ട് ഒരാൾക്ക് ഇത്ര രൂപമാറ്റം വരുമോ? വരുമായിരിക്കും.

ആദ്യം അവൻ ആ പൊതി കൊടുക്കണ്ട വിശന്നു ചാകട്ടെ എന്ന് കരുതി. ഒന്ന് ആലോചിച്ചു

” കൊടുക്കാം എന്ന് തീരുമാനിച്ചു കാരണം ഇത് ദൈവ നിയോഗം ആണ്.ഒരു നേരത്തെ ആഹാരത്തിനു വേണ്ടി തന്റെ മുന്നിൽ യാചിച്ചത്. എന്റെ അമ്മ വിളമ്പി വെച്ച് സ്നേഹത്തോടെ കഴിക്കാൻ ക്ഷണിച്ചപ്പോൾ ഈ കൈകൾ കൊണ്ടാണ് ആ ഭക്ഷണം തട്ടി തെറിപ്പിച്ചു പുതിയ കാമുകിക്ക് ഒപ്പം പോയത്. കാല് പിടിച്ചു അമ്മ യാചിച്ചു ”

നിങ്ങളെ മാത്രം വിശ്വസിച്ചു ഉറ്റവരെ ഉപേക്ഷിച്ചു കൂടെവന്ന എന്നെയും നമ്മുടെ മകനെയും അനാഥർ ആക്കരുതേ ” അമ്മയെ തട്ടി മാറ്റി ഇറങ്ങി പോയി.

അന്ന് തനിക്ക് പ്രായം പത്തു വയസ്സ്.

അയാൾ അവിടെ മാറി ഇരുന്നു ആർത്തിയോടെ വാരിതിന്നുന്നു. താൻ കുടിക്കാൻ കൊണ്ട് വന്ന വെള്ളം നൽകി അതും കുടിച്ചു.

നന്ദു പോകാൻ ആയി കുടയും കവറും എടുത്തു നടക്കാൻ തുടങ്ങുമ്പോൾ അയാളുടെ പിറകിൽ നിന്നുള്ള വിളി ” മോൻ എവിടാ വീട് ”

ചന്തമുക്കിലെ അംഗനവാടിയുടെ പുറകിൽ . അവൻ അത് മനഃപൂർവം പറഞ്ഞതാണ് കാരണം അയാൾ ഉപേക്ഷിക്കുമ്പോൾ താനും അമ്മയും ആ തകരപ്പുരയിൽ ആയിരുന്നു.

നന്ദു അയാളുടെ മുഖത്ത് സൂക്ഷിച്ചു നോക്കി.

കണ്ണുകളിൽ ചെറുതായി കണ്ണുനീർ പൊടിഞ്ഞു.

“മോനെ ആ ഭാഗത്തു താമസിക്കുന്ന ഒരു നിർമ്മലെയും മകൻ നന്ദകൃഷ്‌നെയും അറിയുമോ,?

ആ മോനും നിന്റെ പ്രായം കാണും ”

എനിക്കറിയില്ല എന്ന് പറഞ്ഞു നന്ദു ബൈക്കിൽ കയറി പോന്നു.

താനും അമ്മയും വർഷം നാലുകഴിഞ്ഞു നല്ല ഒരു വീട്ടിലോട്ടു താമസം മാറിയിട്ട്.

അയാൾ എന്താ കരുതിയത് താനും അമ്മയും അയാൾ ഉപേക്ഷിച്ചാൽ ജീവിക്കില്ല എന്നോ?

സ്വന്തം മകനെ കണ്മുൻപിൽ കണ്ടിട്ട് തിരിച്ചറിയാത്തവൻ , പുതിയ പുതിയ കാമുകി മാരുടെ പുറകെ പോയി. ഇപ്പോൾ അന്നത്തിനു വേണ്ടി യാചിക്കുന്നു.

അമ്മ പറയുന്ന ഒരു വാചകം ഉണ്ട് ദൈവം നമ്മളെ പരീക്ഷിക്കും ഉപേക്ഷിക്കില്ല. അത് സത്യം ആണ്, അതല്ലേ അയാളുടെ കയ്യിൽ പൊതിച്ചോറ് നൽകാൻ കഴിഞ്ഞത്.

അമ്മ വീട്ടു ജോലിക്കു പോയാണ് തന്നെ വളർത്തിയത്. ജോലിക്കുപോകുന്ന ഒരു വീട്ടിൽ അവർക്കു അത്യാവശ്യം വേണ്ട തുന്നലും അമ്മ ചെയ്തു കൊടുത്തു. അമ്മയുടെ വീട്ടിൽ വെച്ച് തുന്നൽ പഠിച്ചിരുന്നു.

ആ വീട്ടുകാർ വിദേശത്തു ചേക്കേറിയപ്പോൾ തയ്യൽ മെഷീൻ അമ്മക്ക് നൽകി.

തുന്നൽ ജോലിയിൽ അമ്മ തിരക്കായി തുടങ്ങി

തുന്നൽ പഠിക്കാനും സ്ത്രീകൾ വന്നു തുടങ്ങി.

ഇപ്പോൾ വലിയ ഒരു യൂണിറ്റ് തന്നെ ഉണ്ട്.

തുന്നിക്കഴിയുന്ന വസ്ത്രങ്ങൾ താൻ ആണ് കടകളിൽ എത്തിക്കുന്നത്. കോളേജ് വിട്ടു വന്നു കഴിഞ്ഞാൽ അമ്മക്ക് ഒപ്പം സഹായത്തിനു ഉണ്ടാകും.

അയാൾ ഉപേക്ഷിച്ചപ്പോൾ അമ്മയും, താനും വിശപ്പ്‌ ശെരിക്കും അനുഭവിച്ചു . പട്ടിണിയുടെ കാഠിന്യം അറിഞ്ഞു. തങ്ങളുടെ വിശപ്പ്‌ മാറിയപ്പോൾ വിശക്കുന്നവരെ തങ്ങൾ തേടി.

എല്ലാ ഞായറാഴ്ചയും സർക്കാർ ആശുപത്രിയുടെ പുറത്ത് പൊതി ചോറും ആയി താൻ പോകും..

രണ്ടുവർഷം ആയി വിശക്കുന്നവരുടെ വിശപ്പ്‌ ഒരുനേരം മാറ്റാൻ.

തനിക്കും അമ്മക്കും പറ്റുന്നതുപോലെ ചെയ്യും

തങ്ങളെ ഉപേക്ഷിച്ചു പോയ അയാളുടെ ഒരു നേരത്തെ വിശപ്പ്‌ എന്റെ അമ്മ മാറ്റി.

എല്ലാവിശേഷങ്ങളും അമ്മയോട് പറയുന്ന നന്ദു അയാളെ കണ്ട കാര്യം മാത്രം പറഞ്ഞില്ല.

ഹൃദയത്തിലെ ഉണങ്ങിയ മുറിവ് വീണ്ടും കുത്തി കീറണ്ട.

നന്ദു അമ്മയെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മവെച്ചു.

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : അനിത രാജു