എനിക്ക് മടുത്ത് നിന്നെ… നാളെ നേരം വെളുത്താൽ നിന്നെ ഇവിടെ കാണരുത്… ഇറങ്ങി പൊക്കോണം….

രചന : ലില്ലി

“”ഒരുമ്മ താടീ…””

കവിളിൽ ചൂണ്ടുവിരൽ കുത്തി ചിരിയോടെയവൻ എനിക്ക് നേരെ കെഞ്ചി…

“”ഉമ്മയുമില്ല കിമ്മേയില്ല…പാതിരാത്രി പന്ത്രണ്ട് വരെ നാടും ചുറ്റി വന്നിട്ട്… മാറങ്ങോട്ട്…””

“”ഒരുമ്മയല്ലേ ചോദിച്ചത് അല്ലാതെ കിഡ്നി ഒന്നും അല്ലല്ലോ…അതും എന്റെ സുന്ദരിയായ ഭാര്യയോട്…””

വലതു കൈ ഉയർത്തിയെന്നെ ബലമായി ചേർത്തു പിടിക്കാനൊരുങ്ങിയതും ദേഷ്യത്തോടെ ഞാൻ അകന്ന് മാറി…

“”ദേ ജോപ്പാ….ശ്ലീവാച്ചൻ കളിക്കാൻ വന്നാലുണ്ടല്ലോ,ഞാനങ്ങ് 28 ഫീമെയിൽ കോട്ടയം ആവും നോക്കിക്കോ…””

ചിരിയോടെ ആളെന്നെ അടക്കിപ്പിടിക്കാൻ വീണ്ടുമൊരു പാഴ്ശ്രമം നടത്തി…

“ഹോ ഇതെന്താ വലിച്ചുകേറ്റി വന്നേക്കുന്നെ…എന്തൊരു വൃത്തികെട്ട നാറ്റമാ ഇത്…””

ഷട്ടർ ഇട്ടപോലെ വായും പൂട്ടി അകന്ന് മാറിയപ്പോൾ അബദ്ധം പിണഞ്ഞ പോലെ ആ കണ്ണുകൾ ചിമ്മിയടഞ്ഞു…

“”എടീ… അത്‌… ഞാൻ… “”

“”വിക്കണ്ട…കൂട്ടത്തിൽ സിഗരറ്റും വലിച്ചു കയറ്റി അല്ലേ…””

“”അത്‌ ആ ഡേവിസിന്റെ കൊച്ചിന്റെ പിറന്നാളാല്ലാരുന്നോ…കൂടിയതൊക്കെ വാങ്ങി തരാൻ അവന്റെ കയ്യിൽ ഉണ്ടോ.. “”

പരുങ്ങലോടെ എനിക്ക് മുഖം തരാതെ ജനലോരം തിരിഞ്ഞു നിന്നതും, ആളുടെ മുതുകിൽ ഒട്ടിയ വെളുത്ത ഷർട്ടിന്മേൽ നനഞ്ഞൊഴുകുന്ന രക്തക്കറകൾ കാൺകെ ഞെട്ടലോടെ ഞാൻ അരികിലേക്ക് ചെന്നു..

“”ജോപ്പാ… ഇത്…എന്താ നിനക്ക് പറ്റിയെ…””

എനിക്ക് നേരെ വേഗം തിരിഞ്ഞു നിന്ന ആളുടെ മുഖത്ത് എന്തെല്ലാമോ മറയ്ക്കാനുള്ള പരിഭ്രമം പ്രകടമായി…

“”അത്‌… ഡെയ്സീ… ആ ഗണേഷും ടീമുമായി ഒരു ചെറിയ ഉടക്ക്…””

കൂടുതൽ കേൾക്കാനാകാതെ ഞാൻ മെല്ലെ ആ കൈകൾ പിടിച്ചു കട്ടിലിലേക്ക് ഇരുത്തി നീണ്ട മുറിവുകളിലെ രക്തം ഒപ്പിഎടുത്ത് വീണ്ടും മരുന്ന് വച്ചു കെട്ടി…

വിശദീകരങ്ങൾക്കൊന്നും ചെവികൊടുക്കാൻ കാത്തു നിൽക്കാതെ കട്ടിലിന്റെ ഓരം പറ്റി ഞാൻ കിടന്നു…

എന്നിൽ നിന്നും അടർന്നു വീഴുന്ന കണ്ണുനീർ തലയിണകൾ കുടിച്ചു വറ്റിക്കുന്നുണ്ടായിരുന്നു…

“”ഡെയ്സീ…നീയെന്താ ഒന്നും ചോദിക്കാത്തെ…””

കുറ്റവാളിയെ പോലെ എനിക്കരികിൽ ചേർന്നിരുന്നു എന്റെ കൈകളെയവൻ കവർന്നതും അരിശത്തോടെ പിടഞ്ഞെഴുനേറ്റ് ഞാനാ കൈകൾ മെല്ലെ അടർത്തി മാറ്റി…

“”നീ എപ്പോഴെങ്കിലും എന്നെ പറ്റി ഓർക്കാറുണ്ടോ ജോപ്പാ…ഓരോ തവണയും എനിക്ക് വാക്ക് തന്നിട്ട് വീണ്ടും വീണ്ടും അത് തെറ്റിക്കുന്നതിൽ ഒരിറ്റ് പോലും കുറ്റബോധം ഇല്ലേ നിനക്ക്…””

“”ഡെയ്സീ… പറ്റിപ്പോയില്ലേ… ഇനി ഞാൻ ആവ….””

വാക്കുകൾ പൂർത്തിയാക്കും മുൻപേ ആ ചുണ്ടുകളിൽ ഞാൻ വിരൽ ചേർത്തു…

“”വേണ്ട…പാലിക്കാൻ പറ്റാത്ത വാക്കൊന്നും തന്ന് ഇനിയും എനിക്ക് മുന്നിൽ ചെറുതാകണ്ട…

കാരണം, തെറ്റ്, അതെന്റേത് മാത്രമാ…

പൊന്നുപോലെ സ്നേഹിച്ചവരെ ചതിച്ചിട്ട് വേദനിപ്പിച്ചിട്ട്‌ നിനക്കൊപ്പം പടിയിറങ്ങിയതിന്റെ, നിന്നെ സ്നേഹിച്ചതിന്റെ ഒക്കെ ശിക്ഷ… ഞാൻ ആനുഭവിക്കണം ഇതെല്ലാം…””

തേങ്ങലോടെ ശബ്ദം ചിലമ്പിച്ചു പോയി…

“”മതി നിർത്ത്… അല്പം താഴ്ന്നു തന്നെന്നും കരുതി എന്റെ തലേൽ കയറരുത് നീ…

പറഞ്ഞില്ലേ,സംഭവിച്ചു പോയീന്ന്… ഇങ്ങനൊക്കെ പറയാൻ ഞാൻ ചത്തൊന്നും പോയില്ലല്ലോ…””

അവന്റെ കണ്ണുകളിൽ ദേഷ്യം കത്തിയെരിഞ്ഞു .

“”എത്ര നിസ്സാരമായിട്ടാ പറയുന്നേ… നീയില്ലെങ്കിൽ ആരുമില്ലാതായിപ്പോകുന്ന എന്നെ പറ്റി ഓർക്കുന്നില്ലല്ലോ ജോപ്പാ… മുന്നോട്ട് ജീവിക്കാൻ ദൈവം ഒരു കുഞ്ഞിനെ പോലും നമുക്ക് തന്നിട്ടില്ല…

എന്നും കുന്നും…അടീം പിടീം വെട്ടും കുത്തും…ഒരിക്കൽ സ്വന്തം അപ്പനേം, മകളെ പോലെ സ്നേഹിച്ച എന്റെ ചേട്ടായിമാരേം ഒക്കെ വിട്ട് നിനക്കൊപ്പം ഞാൻ ഇറങ്ങി വന്നില്ലേ…””

ഹൃദയത്തിൽ ആഴ്ന്നുപോകുന്ന സങ്കടത്തെ ഞാൻ പിഴുതെടുത്തു…

“”അതിന് ഇനീം വൈകീട്ടില്ലല്ലോ… എന്നെ ഉപേക്ഷിച്ചു ചെന്നാൽ സാക്ഷാൽ തേക്കിലക്കാട്ട് കുര്യച്ചനും പൊന്നാങ്ങളമാരും നിന്നെ സ്വീകരിച്ചോളത്തില്ലേ…””

എന്റെ വാക്കുകൾ ചൊടിപ്പിച്ചതാകാം, പതിവില്ലാത്ത പോലെ ആ സ്വരത്തിൽ തീവ്രത കൂടിവരുന്നുവെന്ന് ഞാനറിഞ്ഞു…

“”അപ്പൊ ഞാൻ പോയാൽ നിനക്ക് ഒട്ടും വിഷമം ഇല്ലേ… എന്നെ വേണ്ടാതായോ ജോപ്പാ നിനക്ക്…””

“”ഒന്ന് മിണ്ടാതിരിക്കുവോ ഡെയ്സീ നീയ്… എനിക്കിത്തിരി സമാധാനം തരുവോ…””

“”ഇല്ല… എനിക്കറിയണം… എന്റെ അപ്പനോടും ചേട്ടന്മാരോടും ഉള്ള ദേഷ്യത്തിന് പുറത്താണോ എന്നെ നീ സ്വന്തമാക്കിയതെന്ന്… പറ നിനക്ക് പക തീർക്കണമായിട്ടാണോ എന്നെ സ്നേഹിച്ചതെന്ന്….””

അവന്റെ കണ്ണുകൾ കുറുകി… കൈത്തണ്ടയിൽ ബലമായി പിടിച്ചു അവനിലേക്ക് ചേർത്തു…

“” അതേടീ അങ്ങനെ എങ്കിൽ അങ്ങനെ… സത്യത്തിൽ എനിക്ക് മടുത്ത് നിന്നെ… നാളെ നേരം വെളുത്താൽ നിന്നെ ഇവിടെ കാണരുത്… ഇറങ്ങി പൊക്കോണം നിന്റെ അപ്പന്റേം പൊന്നാങ്ങളമാരുടേം അടുത്തോട്ട്…. ശല്യം ഒഴിഞ്ഞു തന്നാ മതി….

വാക്കുകൾ കടപ്പല്ലിൽ ഞെരിച്ചുടച്ച് കോപത്തോടെയെന്നെ കട്ടിലിലേക്ക് തള്ളി വാതിൽ വലിച്ചടച്ചവൻ പുറത്തേക്ക് പോകുന്നത് ഞാനറിഞ്ഞു…..

അവന്റെ വാക്കുകളുടെ സ്തംഭനത്താൽ, നേർത്ത തേങ്ങലോടെ മുഖം മറച്ചു ഞാൻ കരയുമ്പോൾ ദൂരേക്കകലുന്ന കാറിന്റെ ശബ്ദം എന്റെ കാതുകൾ കവർന്നു…

ജനലോരം തല ചായ്ച്ച് ഇരുട്ടിലേക്ക് ഞാൻ നോക്കി നിൽക്കുമ്പോൾ വീശിയടിച്ച കാറ്റിന് ഇരുളിൽ പൂത്ത ഏലപ്പൂവുകളുടെ ഗന്ധമായിരുന്നു…

കഴിഞ്ഞു പോയ അഞ്ചു വർഷങ്ങൾ…

ഇണക്കവും പിണക്കവും സ്നേഹവും കരുതലും…എത്ര മനോഹരമായിരുന്നു…

ഒരു നിമിഷത്തെ വാശിയാൽ ഇത്രമേൽ കഠിനമായ വാക്കുകളാൽ എന്നെ തളർത്തമായിരുന്നോ നിനക്ക്…

എന്നെ മടുത്തെന്ന്… ശല്യമാണെന്ന്… ഇറങ്ങി പോകണമെന്ന്…

തിരികെ പോകാൻ ഒരിടമില്ലാത്തവളാണെന്ന് ഞാനെന്നവൻ മറന്നുപോയെന്ന് തോന്നുന്നു…

അതോ ഒരിക്കൽ അവനായി ഉപേക്ഷിച്ചതൊക്കെ വീണ്ടും ഞാൻ തേടി ചെല്ലുമെന്നോ…

എന്റെ ചുണ്ടിൽ നേർത്തൊരു പരിഹാസച്ചിരി മൊട്ടിട്ടു…

വർഷങ്ങൾ എത്ര പിന്നിട്ടിരിക്കുന്നു…

അന്ന് നാലാം ക്ലാസ്സ്‌ മുറിയിലേക്ക് തന്റെ അപ്പച്ചന്റെ കയ്യിൽ തൂങ്ങി വന്ന ആ വികൃതിക്കാരന്റെ മുഖം ഇന്നും മായാതെ മനസ്സിന്റെ കോണിലുണ്ട്…

അനിത ടീച്ചർ ക്ലാസ്സ്‌ ലീഡർ ആയി എന്നെ തിരഞ്ഞെടുക്കുമ്പോൾ എപ്പോളും വികൃതി കാട്ടുന്ന ജോപ്പന്റ പേരും എനിക്ക് എഴുതേണ്ടി വന്നിട്ടുണ്ട്…

എന്നും തല്ലു വാങ്ങി കൂട്ടി വീർത്ത മുഖത്തോടെ കൂസലില്ലാതെ നടന്നു പോകുമായിരുന്നു അവൻ…

ഒരക്ഷരം പഠിക്കില്ല… ഒരിക്കൽ അറിഞ്ഞു പ്രസവത്തോടെ അമ്മയെ നഷ്ടമായ അവന് അപ്പൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന്…

ഒരു ദിവസം സ്കൂൾ വിടാനുള്ള അവസാന മണി മുഴങ്ങിയപ്പോൾ കൂട്ടുകാർക്കൊപ്പം വരാന്തയിലൂടെ ഞാൻ ഓടി.. കാൽ തട്ടി ചരൽ വിരിച്ച മുറ്റത്തേക്ക് മുട്ടിടിച്ച് വീണപ്പോൾ കൂട്ടുകാരൊക്കെ എന്നെ തനിച്ചാക്കി കവാടം കടന്ന് പുറത്തേക്ക് പോയിരുന്നു…

അന്നെനിക്ക് നേരെ നീണ്ടു വന്ന കുഞ്ഞു കൈകൾ എന്റെ ജോപ്പന്റേതായിരുന്നു….

ഇടത്തെ കയ്യിൽ പൊതിഞ്ഞു പിടിച്ച തേൻ മിട്ടായി എനിക്ക് നേരെ നീട്ടുമ്പോൾ ഒരു കുഞ്ഞു സുഹൃദത്തിന്റെ മധുരവും ഞങ്ങൾ അന്ന് നുകർന്നു…മെല്ലെ മെല്ലെ ആ സൗഹൃദം വളർന്നു…

ജോപ്പന്റെ അപ്പച്ചന് മൂന്ന് നാല് ബസുകൾ ഉണ്ട്…

പിന്നെ വീടിന്റെ ചുറ്റുമുള്ള തോട്ടത്തിൽ ഏലവും കാപ്പിയും കുരുമുളകും ഒക്കെ കൃഷിചെയ്യുന്നുണ്ട്…

എന്റെ അപ്പച്ചനുമായി കൂട്ട് ചേർന്ന് ആയിടയ്ക്ക് ജോപ്പന്റെ അപ്പച്ചൻ എന്തോ കച്ചവടം ആരംഭിച്ചു..

അങ്ങനെ മെല്ലെ മെല്ലെ കുടുംബസുഹൃത്തുക്കളുമായി ഞങ്ങൾ…

ഇടയ്ക്ക് അവൻ ഞങ്ങളുടെ വീട്ടിലേക്ക് വരും അപ്പച്ചന്റെ കൂടെ…

ആകെ വികൃതി ആണ്… മുറ്റത്തെ പേരമരത്തിൽ കയറലും… തൊഴുത്തിൽ കെട്ടിയ പശുവിന്റെ അകിടിൽ പിടിച്ചു വലിക്കലും… കൂട്ടിൽ കിടന്ന് കുരയ്ക്കുന്ന നായയെ കല്ലെടുത്ത് എറിയലും…

ആകെ ബഹളം ആണ്…

മൊത്തത്തിൽ വികൃതി… ആരെയും പേടിയില്ല…

ഒരിക്കൽ എന്റെ അമ്മച്ചി എന്തോ വഴക്ക് പറഞ്ഞപ്പോൾ ആള് സങ്കടപ്പെട്ട് വീടിനു പിന്നിലുള്ള വൈക്കോൽ തുറുവിനു അകത്ത് ആരും കാണാതെ കയറി ഒളിച്ചിരുന്നു…. ഒരുപാട് നേരം അവനെ തിരക്കി എല്ലാവരും നടന്നതും ഒടുവിൽ മണിക്കൂറുകൾക്ക് ശേഷം എന്റെ മൂന്ന് ചേട്ടായിമാരിൽ ഇളയ ആൾ ജിമ്മിച്ചൻ അവനെ വൈക്കോൽ തുറുവിനുള്ളിൽ നിന്നും കണ്ടെടുത്തതുമൊക്കെ ഇന്നും ഞങ്ങൾ പറഞ്ഞു ചിരിക്കാറുണ്ടായിരുന്നു…

അഞ്ചും ആറും ഏഴും ക്ലാസുകൾ പിന്നിട്ടപ്പോൾ ഞങ്ങളുടെ സൗഹൃദം ഒരു വന്മരമായി പന്തലിച്ചു…

പത്താം ക്ലാസ്സിൽ എത്തിയിട്ടും ആൾക്കൊരു മാറ്റവുമില്ല

എങ്കിലും വല്ലാത്ത സ്നേഹമായിരുന്നു എന്നോട്…

അന്നാ കൈകളിൽ പൊതിഞ്ഞു തന്നപോലെ തേൻ മിട്ടായികൾ ആരും കാണാതെ ഇടയ്ക്കിടെ എനിക്ക് തരുമായിരുന്നു…

പക്ഷേ അവന്റെ ആ വഴക്കാളി സ്വഭാവത്തിൽ മാത്രം യാതൊരു മാറ്റവും വരുന്നില്ല… പോകെ പോകെ എന്നെ കാണുമ്പോൾ മാത്രം മാന്യനായി കാണിക്കാൻ ആൾക്കൊരു അഭിനയമുണ്ട്…കള്ളച്ചിരിയോടെ കണ്ണുകൾ കുറുകിയുള്ളൊരു പാവത്താൻ നോട്ടം…

ഇടയ്ക്കിടയ്ക്ക് എന്റെ ഒരു നോട്ടത്തിലോ വാക്കിലോ അവനെ അടക്കി നിർത്താൻ കഴിയുമായിരുന്നു…

അമ്മയില്ലാതെ വളരുന്ന ആൺകുട്ടിയുടെ ഒരുതരം മുരടസ്വഭാവമാണവന്… ഇഷ്ടമില്ലാത്തത് കണ്ടാൽ ഒന്ന് പറഞ്ഞു രണ്ടാമതത്തിന് കൈവച്ച് കളയും…

കാലമിങ്ങനെ കടന്ന് പോയപ്പോൾ സൗഹൃദം,സ്നേഹം,പ്രണയം ഇതെല്ലാം കൂടിക്കലർന്നു പോയി…

തുറന്ന് പറഞ്ഞതൊന്നുമില്ല…ഒരു ചെറിയ സങ്കടം വന്നാൽ ഓടി വരും അവൻ… കൈ പിടിച്ചു ചേർത്തു നിർത്തും… അവന് ഇടയ്ക്ക് അമ്മയില്ലാത്ത സങ്കടം വരും…അപ്പൊൾ എന്റെ മടിത്തട്ടിൽ കിടക്കണം…

ബലമായി കൈവിരലുകൾ പിടിച്ചു തലയിൽ വച്ചിട്ട്‌ പറയും…

“”ഇത്തിരി നേരം തലോടിത്താടി ഡെയ്സീന്ന്…””

കഷ്ട്ടിച്ചവൻ പത്താം ക്ലാസ്സ്‌ ജയിച്ചപ്പോൾ നല്ല മാർക്കോടെ പാസ്സ് ആയ എനിക്ക്.. അവന്റെ മമ്മി അവന് കൊടുത്ത ഒരു കുഞ്ഞു സ്വർണ്ണമാല കഴുത്തീന്ന് ഊരി എനിക്കിട്ടു തന്നു…

പ്ലസ് ടു കഴിഞ്ഞ് എനിക്ക് ബി.ഡി.എസ് ന് അഡ്മിഷൻ എടുത്തപ്പോൾ അവൻ ബി കോമിനും ചേർന്നു…

അന്നാദ്യമായി പരസ്പരം കാണാതെ ആ ശബ്ദം കേൾക്കാതെ വന്നപ്പോ മനസ്സിലായി ജോപ്പൻ വെറും ജോപ്പൻ അല്ല എന്റെ ആരൊക്കെയോ ആണെന്ന്…പക്ഷേ അവന്റെ മനസ്സിൽ എന്താണെന്ന് അറിയില്ലല്ലോ…

തമ്മിൽ കാണാതെ മൂന്നേ മൂന്ന് ദിവസങ്ങക്കപ്പുറം എന്നെ കാണാൻ ആള് കോളേജിലേക്ക് വന്നു…

കണ്ട പാടെ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു…ആ കണ്ണുകൾ ചെറുതായി നിറഞ്ഞു… ചുണ്ടുകളിൽ ആ കുസൃതിച്ചിരിയും…ഞാനും കരഞ്ഞു പോയി…

എന്തിന് മനസ്സ് തുറക്കണം…ആ ഒരു നോക്കിൽ അവന്റെ ലോകം ഞാൻ മാത്രമാണെന്ന് പറയാതെ പറയുകയല്ലേ…

എനിക്ക് മൂന്ന് ചേട്ടന്മാരാണ്…എന്നെ ഒത്തിരി സ്നേഹിക്കുന്ന കൈപിടിച്ച് നടത്തുന്ന എല്ലാ വാശിക്കും കൂട്ട് നിൽക്കുന്ന മത്സരിച്ചു സ്നേഹിക്കുന്നവർ…

ഇടയ്ക്കിടെയുള്ള അവധി ദിനങ്ങൾ എത്താൻ കൊതിയോടെ ഞാൻ കാത്തിരിക്കുമായിരുന്നു…

കാപ്പിയും ഏലവും കായ്ച്ചു നിൽക്കുന്ന തോട്ടങ്ങളാൽ ചുറ്റപ്പെട്ട ആ വലിയ വീട്ടിലേക്ക് അവനെ കാണാൻ ഞാൻ ഓടിയെത്തുമായിരുന്നു…

കാപ്പിതോട്ടങ്ങൾക്കിടയിലൂടെ ഞങ്ങൾ കൈപിടിച്ചു നടക്കും… അവിടെയുള്ള ചെറിയ ഓലപ്പുരയുടെ തിണ്ണയിലിരുന്ന് ആ തോളിലേക്ക് ഞാൻ ചായും…

പഴുത്തുചുവന്ന കാപ്പിക്കുരുക്കൾ പൊട്ടിച്ചു ഞങ്ങൾ കഴിക്കുമായിരുന്നു…

അവസാനം, കണ്ടും സംസാരിച്ചും കൊതിതീരാതെ ഞങ്ങൾ യാത്രപറയുമ്പോൾ നെറ്റിയിൽ അവനെനിക്കായൊരു ചുംബനം തരുമായിരുന്നു…

പക്ഷേ പോകെ പോകെ കവലയിലും കോളേജിലും എല്ലാം എന്നും തല്ലും വഴക്കും ആയിരുന്നു.. ആള് ഡിഗ്രി കഴിഞ്ഞപ്പോൾ ഞാൻ നാലാം വർഷത്തിലേക്കായി…

അപ്രതീക്ഷിതമായി ആണ് അന്നത് സംഭവിച്ചത്…

അവന്റെ അപ്പച്ചൻ സഞ്ചരിച്ച കാർ ഏതോ ലോറിയുമായി ഇടിച്ചു…ആശുപത്രിയിലേക്ക് പോകും വഴി അവനെ തനിച്ചാക്കി അപ്പച്ചനും നിത്യതയിലേക്ക് മടങ്ങി…

എല്ലാവരും നഷ്ട്ടപ്പെട്ട ഇരുപത്തിയൊന്നു കാരൻ…അന്നാ ദിവസം എല്ലാവർക്കും മുന്നിൽ സങ്കടത്താൽ ഒരു ആശ്രയമെന്നോണം എന്റെ നെഞ്ചിലേക്ക് അവൻ ചാഞ്ഞു കരഞ്ഞു… ആ മുടിയിഴകളിൽ തലോടി നിനക്ക് ഞാനില്ലേ എന്ന് ഞാൻ പറഞ്ഞു..

അപ്രതീക്ഷിതമായി അത്‌ കണ്ട് വന്ന എന്റെ അപ്പച്ചന്റെ മുഖത്തെ താക്കീതിന്റെ ഭാവം അന്നെന്നെ അത്ഭുതപ്പെടുത്തി…

ദിവസങ്ങൾക്കപ്പുറം ഒരിക്കൽ വീട്ടിലേക്ക് ജോപ്പനെ ക്ഷണിച്ചു എന്റെ അപ്പച്ചൻ…

കൂട്ടുകാരനപ്പുറം അവനുമായൊരു ബന്ധം നിനക്ക് ആവശ്യമില്ല മോളേ… അവന്റെ അപ്പനെ പോലെ അല്ലവൻ…

തല്ലും വഴക്കുമായി നടക്കുന്നൊരു കവലച്ചട്ടമ്പിക്ക് കൊടുക്കാനല്ല എന്റെ മോളേ ഞാൻ വളർത്തുന്നെ…

നീയതങ്ങു മുളയിലേ നുള്ളിയേക്കണം കേട്ടോ ജോപ്പാ… എന്റെ മോൾ ഞാൻ പറയുന്നത് കേട്ടോളും…

എന്റെ ചേട്ടായിമാരെ സാക്ഷി നിർത്തി അവനും എനിക്കും നൽകിയ താക്കീതായിരുന്നു അത്‌…

എന്റെ നിറഞ്ഞ കണ്ണുകളിലേക്ക് അവൻ നോക്കിയ ആ നോട്ടം ഇന്നും മറക്കാനാകില്ലെനിക്ക്…

അവനറിയാം ഡെയ്സിക്ക് ജോപ്പനെ മറക്കാൻ പറ്റില്ലെന്ന്…

ഒരു നിമിഷം കൊണ്ടോ ദിവസങ്ങൾ കൊണ്ടോ അല്ല…വർഷങ്ങൾ കൊണ്ട് നെയ്തെടുത്തൊരു പ്രണയക്കൂട്ടിലെ വർണ്ണപ്പക്ഷികൾ ആയിരുന്നു ഞങ്ങൾ…

വീണ്ടും രണ്ട് വർഷങ്ങൾ പിന്നിട്ടു….

തന്റെ അപ്പച്ചന്റെ ബിസ്സിനസ്സുകൾ അവൻ ഏറ്റെടുത്തു… അഞ്ചിലധികം ബസുകൾ തന്നെയുണ്ട്…

ഇടയ്ക്കൊക്കെ കണ്ടക്ടർ ആയും ഡ്രൈവർ ആയുമൊക്കെ ജോപ്പൻ മുതലാളിയെ കാണാം…

ഒരിക്കൽ, ബസുകാർ തമ്മിലുള്ള സംഘർഷത്തിൽ മറ്റൊരാളെ കുത്തി പരിക്കേൽപ്പിച്ചതിനു ജോപ്പനെ പോലീസ് അറസ്റ്റ് ചെയ്തു… ന്യായം അവന്റെ ഭാഗത്ത് ആണെങ്കിലും ഗുരുതരമായ പരിക്കായിരുന്നു കുത്തേറ്റ ആൾക്ക്…

ദിവസങ്ങൾക്ക് ശേഷം പുറത്തിറങ്ങിയെങ്കിലും അപ്പച്ചനും മൂത്ത രണ്ട് ചേട്ടന്മാർക്കും ജോപ്പനോടുള്ള ദേഷ്യം കൂടി…ഒപ്പം എന്നോടുള്ള ശകാരങ്ങളും…

അങ്ങനെ ഞങ്ങൾക്കിടയിലെ സ്നേഹം വളർന്നുകൊണ്ടേയിരുന്നു…

എനിക്ക് കല്യാണ ആലോചനകൾ വന്ന് തുടങ്ങി…

ഒരിക്കൽ അപ്പച്ചനെ കണ്ട് എന്നെ പെണ്ണ് ചോദിക്കാൻ ജോപ്പൻ ഓഫീസിലേക്ക് പോയി…

അവിടെ വച്ചു എല്ലാവർക്കും മുന്നിൽ വച്ച് അവനെ അപ്പൻ തല്ലി… പരിഹസിച്ചു… അപമാനിച്ചു… ആ കൂട്ടത്തിൽ ഏട്ടന്മാരും തല്ലിയെന്ന്…

“”ഈ ജോപ്പൻ ഒരു പെണ്ണിനെ കെട്ടുമെങ്കിൽ അത്‌ ഞാൻ സ്നേഹിച്ച, എന്നെ സ്നേഹിക്കുന്ന നിങ്ങളുടെ മകൾ ഡെയ്‌സിയെ ആയിരിക്കും… അല്ലെങ്കിൽ ഈ മൂക്കിന് താഴെയുള്ള രോമം ജോപ്പനങ്ങ് വടിക്കും….””

അന്നത്തെ വെല്ലുവിളി ആയിരുന്നു…

അപമാനിച്ചതിനും പരിഹസിച്ചതിനുമൊക്കെ അവന്റെ മനസ്സിൽ അപ്പനോടും ഏട്ടന്മാരോടും പക നിറഞ്ഞു…

പ്രണയത്തിനപ്പുറം അവരെ തോൽപ്പിക്കാൻ എന്നെ ഏത് വിധത്തിലും സ്വന്തമാക്കാൻ ജോപ്പൻ ശ്രമിക്കുന്നത് പോലെ എനിക്ക് തോന്നി തുടങ്ങി…

അതെന്റെ തെറ്റുധാരണ ആണോ എന്ന് പോലും എനിക്കറിയില്ല ഇന്നും…

മാസങ്ങൾ പിന്നിട്ടു, ഞങ്ങളുടെ ഇടവകയിലെ തന്നെ മറ്റൊരു സമ്പന്ന കുടുംബത്തിലെ ഏക മകന് വേണ്ടി എന്നെ മണവാട്ടിയാക്കാൻ അപ്പനും ഏട്ടന്മാരും സ്വയം തീരുമാനമെടുത്തു…

നിന്റെ നല്ല ഭാവിക്ക് വേണ്ടിയാണെന്ന ഒരൊറ്റ വാക്കിൽ എന്റെ ആഗ്രഹങ്ങൾക്കുള്ള അവസാന ആണിയും ആഞ്ഞു തറച്ചു…

അന്നൊരു മഴയുള്ള രാത്രി കുടിച്ച് അവശനായി ജോപ്പനെന്റെ വീടിന്റെ പടിക്കൽ വന്നു…

അവന്റെ ഡെയ്സിയെ അവന് വേണമെന്ന്…

അവളില്ലാതെ പോകില്ലെന്ന്…

വാക്കുതർക്കങ്ങൾ കയ്യാംകളിയിലേക്ക് കടന്നു…

അന്നും എനിക്ക് വേണ്ടി പത്താളെ ഒറ്റയ്ക്ക് നേരിടുന്ന ജോപ്പൻ എല്ലാ തല്ലും കൊണ്ട് ചതഞ്ഞരയുന്നത് എന്റെ കണ്മുന്നിൽ ഞാൻ എങ്ങനെ സഹിക്കും…

ഞാൻ എങ്ങനെ കണ്ട് നിൽക്കും…

ഒടുവിൽ ആ മഴയിലേക്കിറങ്ങി അവന് കുറുകെ നിൽക്കുമ്പോൾ എന്നിലെ ദേഷ്യത്തിന് മുന്നിൽ അപ്പച്ചനും ചേട്ടന്മാരും നിശ്ചലരായി…

ചോരയോഴുകുന്ന അവന്റ ചുണ്ടുകൾ വിറച്ചു…

“”നീ വരില്ലേ എനിക്കൊപ്പം… “”

മറുത്ത് പറഞ്ഞില്ല, ആ വിരലുകളിൽ കോർത്തു പിടിച്ചു…

ഞങ്ങൾ പടിയിറങ്ങി… സ്നേഹിച്ചവരെയെല്ലാം ഉപേക്ഷിച്ചു പ്രണയത്തിനു വേണ്ടി എല്ലാം ബലികഴിച്ചു..

അവനെ പോലെ ഞാനും അനാഥയായി…

എന്നെ മിന്ന് ചാർത്തി… അവൻ തന്ന ചുവന്ന മന്ത്രകോടി ഞാനുടുത്തു…

ആരുമില്ലാത്ത ആ വലിയവീടിന്റെ അകത്തങ്ങളിൽ ഞങ്ങളുടെ പ്രണയം തളിർത്തു…മൊട്ടിട്ടു…

തളിർത്തു…മഴനഞ്ഞു…

ആ നെഞ്ചോരം ചായുമ്പോൾ മറ്റൊരു സങ്കടവും എന്നെ പൊതിയില്ലായിരുന്നു…

ആരുമില്ലാത്ത കുറവെനിക്ക് തോന്നിക്കാൻ ജോപ്പൻ സമ്മതിക്കില്ല… ഞാൻ ഒന്ന് ദേഷിച്ചാൽ മുഖം വീർപ്പിക്കുന്ന അനുസരണയുള്ള ഒരു മകനെ പോലെ… ആഗ്രഹിച്ച എല്ലാ ബന്ധങ്ങളും സ്നേഹവും അവൻ എന്നിൽ നിന്നാണ് കണ്ടെത്തുന്നത്…

അപ്പച്ചനും ചേട്ടന്മാർക്കുമൊക്കെ ഞങ്ങൾ ശത്രുക്കളായി…

ഏറ്റവും ഇളയ ചേട്ടൻ ജിമ്മിച്ചൻ ഇടയ്ക്ക് എന്നെ കാണാൻ വരും… ജോപ്പനുമായി സംസാരിക്കില്ല…

എല്ലാവരേം ഉപേക്ഷിച്ചു പോയതിന്റെ സങ്കടമാണ് ആൾക്ക്…

ആദ്യമൊക്കെ അടുത്തൊരു ദന്തൽ ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യാൻ ഞാൻ പോയിതുടങ്ങി…വീട്ടിൽ മടി പിടിച്ചിരിക്കാതെ എന്റെ പെണ്ണുംപിള്ളേടെ ചിലവിൽ എനിക്ക് പുട്ടടിക്കണം എന്ന് തമാശയോടെ പറഞ്ഞു ഓടിച്ചു വിട്ടത് ജോപ്പനാണ്…

അണ്ണാൻ മൂത്താലും മരം കയറ്റം മറക്കില്ല എന്നപോലെയാണ് ജോപ്പന്റെ കാര്യം… വഴക്കും ബഹളവും അടിയും… അതിൽ മാത്രം ഒരു കുറവുമില്ല…

പേടിയാണെനിക്ക്… അവനെ നഷ്ടമാകുമോ എന്ന്…ഇനി ആരെല്ലാം ഉണ്ടെങ്കിലും എനിക്കെന്റെ ജോപ്പനോളം വരില്ല ഒന്നും… അവൻ അന്ന് തന്ന ആ തേൻ മിട്ടായിയുടെ മധുരം എങ്ങനെ ഞാൻ മറക്കും…

ഇടയ്ക്കൊക്കെ ഇതിനെ ചൊല്ലി പിണങ്ങും ഞങ്ങൾ… കവലയിൽ അടികൂടി എന്നൊക്കെ ഞാൻ അറിഞ്ഞാൽ ആള് എന്നെ തണുപ്പിക്കാൻ നല്ല സോപ്പിടൽ ആണ്…

തലയിൽ തൊട്ട് സത്യമൊക്കെ ചെയ്യും…

ഓർമ്മകളുടെ കുത്തൊഴുക്കിൽ ഒരുപാട് പിന്നിലേക്ക് ഞാൻ നീന്തി…അവന്റെ വാക്കുകൾ തന്ന വേദനയിൽ കണ്ണുകൾ കലങ്ങി വീർത്തു…

പക്ഷേ ഇന്ന് പറഞ്ഞ വാക്കുകൾ ഒരുപാട് കടന്നുപോയി… ഞാൻ പോകുമെന്ന് പറഞ്ഞപ്പോൾ..

അവന്റെ സ്നേഹത്തെ, ആത്മാർത്ഥതയെ സംശയിച്ചപ്പോൾ ഉള്ള ദേഷ്യത്തിൽ ആകും, അങ്ങനെ ഒക്കെ അവൻ പറഞ്ഞത് എന്ന് ഞാൻ സ്വയം ആശ്വാസം കണ്ടെത്തി…

പുറത്ത് മഴയും ഇടിയും മിന്നലും കനക്കുന്നു…ജോപ്പന്റെ ഫോണിലേക്ക് കുറേ വിളിച്ചു… എന്നെ വേണ്ടെന്നൊക്കെ വാശിക്ക് പറഞ്ഞാലും എത്ര വേദനിപ്പിച്ചാലും അവനെ വിട്ട് പോകാൻ എനിക്ക് പറ്റുവോ…

ഉമ്മറത്തെ ചാരുപടിയിൽ അവനായി കാത്തിരുന്നു…

ഏറെ നേരം ആ തൂവാനത്തിന്റെ കുളിരേറ്റ് ഞാൻ നിന്നു…

ചില നിമിഷങ്ങൾ കടന്ന് പോകെ മുറ്റത്തേക്ക് മഴനനഞ്ഞു വന്ന ജീപ്പിൽ നിന്ന് മൂത്ത രണ്ട് ചേട്ടന്മാരും മഴയിലേക്ക് ഇറങ്ങിവന്നതും ഞാൻ ആശ്ചര്യത്തോടെ നിന്നുപോയി…

കാലങ്ങൾക്കിപ്പുറം എന്നെ തേടി വന്ന രക്തബന്ധങ്ങൾ…എന്റെ ജോപ്പൻ ഉണ്ടാരുന്നെങ്കിൽ എന്നേക്കാൾ അവൻ സന്തോഷിക്കുമായിരുന്നോ…

“”മോളേ… നമ്മുടെ അപ്പച്ചൻ…അപ്പച്ചന് വയ്യാതായി… മോളേ കാണണം എന്ന് പറയുവാ..””

ആന്റണിച്ചായൻ എന്റെ കൈകൾ കൂട്ടിപ്പിടിച്ചു…

ആ കണ്ണുകൾക്കൊപ്പം എന്റെയും കണ്ണുകൾ കലങ്ങി…

നെഞ്ചിൽ കൂട് തുറന്നൊരു ഭാരം പുറത്തേക്ക് പൊട്ടിവന്നു…

മുറിയിലേക്കോടി ജോപ്പനെ ഞാൻ ഫോണിൽ വിളിച്ചു… ആദ്യ ബെല്ലിന് മുന്നേ കട്ടാക്കി കളയുന്നു അവൻ… സങ്കടത്തോടൊപ്പം എന്നിൽ ദേഷ്യം ഇരച്ചു കയറി… വീണ്ടും വീണ്ടും ഞാൻ ശ്രമിച്ചു…

ഒടുവിൽ മറുപുറം സ്വിച്ച് ഓഫ്‌ ആണെന്നറിഞ്ഞു…

ഐ സി യു വിനുള്ളിലേക്ക് ഞാൻ കയറുമ്പോൾ എല്ലാംകൊണ്ടും സങ്കടമെന്നേ മൂടുന്നത് ഞാനറിഞ്ഞു…

പെട്ടന്നൊരു നെഞ്ച് വേദന വന്നതാണെന്ന്…

ആദ്യത്തേത് ഞാനാ പടിയിറങ്ങിയപ്പോൾ.. ഇത് രണ്ടാമത്തേത് ആണെന്ന്…

ആ കാൽക്കൽ മുഖം ചേർത്തു ഞാൻ കരഞ്ഞു…

ദൈവത്തോട് പ്രാർത്ഥിച്ചു.. എന്റെ അപ്പച്ചന് ഒന്നും വരുത്തല്ലേ ഈശോയെ എന്ന്…

ജോപ്പനെ വിളിച്ചപ്പോൾ വീണ്ടും കിട്ടിയില്ല….അടുത്ത ദിവസം അപ്പച്ചന് വലിയ പ്രശ്നങ്ങൾ ഒന്നുമില്ല എന്നറിഞ്ഞപ്പോൾ ഏറെ സന്തോഷമായെനിക്ക്…

അടുത്ത് നിന്ന് മാറാനെ പറ്റില്ല… കൈപിടിച്ച് അടുത്തിരുത്തും… മൂന്ന് ആൺമക്കൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ കനിയാ എന്റെ മോളെന്ന് പണ്ടൊക്കെ പറയുമായിരുന്നു… അത്രക്കും സ്നേഹിച്ചിട്ടുണ്ട്…പക്ഷേ ജോപ്പന്റെ കാര്യത്തിൽ മാത്രം എന്തെ ഇത്രക്കും സ്വാർത്ഥനായി എന്നറിയില്ല…

“”മക്കളെ… അവൻ വന്നില്ലിയോ… “”

രണ്ട് ദിവസത്തിനപ്പുറം അപ്പച്ചൻ പരുങ്ങലോടെ ചോദിച്ചു… ഞാൻ എന്ത് മറുപടിയാണ് നൽകേണ്ടത്…

ജിമ്മിച്ചനോട് കാര്യം പറഞ്ഞപ്പോൾ വീട്ടിൽ പോയിയും നോക്കി… ആള് അവിടെയെങ്ങും ഇല്ല…ഫോണിലും കിട്ടുന്നില്ല…

“”ഹാ എന്നോട് ദേഷ്യമാരിക്കും അല്ലിയോ ഡേയ്സിമോളെ…ശെരിയാ അപ്പച്ചൻ അവനെ ദ്രോഹിച്ചിട്ടുണ്ട്… സാരമില്ല നേരിൽ പോയി കണ്ട് അവനോടു ക്ഷമ ചോദിച്ചോളാം…അവൻ പൊറുക്കുവോ മോളേ എന്നോട്… “”

അവശതയോടെ ചുമച്ച്കൊണ്ട് അപ്പച്ചൻ പറഞ്ഞു നിർത്തി…

എന്താണ് ഞാൻ മറുപടി പറയുക…

നിശബ്ദമായി ആ കൈകളിൽ തലോടി ഞാൻ ഒരു കൃതിമ ചിരി ചിരിച്ചു…

കണ്ണുകൾ നിറഞ്ഞത് മറയ്ക്കാൻ വേഗമാ മുറിയിൽ നിന്നും പുറത്തേക്ക് ഞാൻ നടന്നു… ഇടനാഴിയിലെ ഭിത്തിമേൽ ചാരി നിന്നു…

ആകെ മൊത്തം ഒരു വല്ലായ്ക… അടുത്ത നിമിഷം ബോധമറ്റ് ഞാനാ ഇടനാഴിയുടെ നടുവിലേക്ക് തളർന്നു വീണു…

“”സന്തോഷിക്കാനുള്ള വകയുണ്ടല്ലോ ഡെയ്സീ… ദേ ഇവിടെ ഒരു ഒരാളൂടെ ഉണ്ട് കേട്ടോ…””

അടിവയറിൽ മെല്ലെ തൊട്ട് ഡോക്ടർ അത്‌ പറയുമ്പോൾ സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞു…

ജിമ്മിച്ചൻ ഓടി വന്നെന്റെ കൈപിടിച്ച് മുത്തി…

ആ കണ്ണുകളും നിറയുന്നത് ഞാനറിഞ്ഞു…

എന്റെ ജോപ്പന് സന്തോഷം ആയിരിക്കുവോ…കുഞ്ഞിനെയും വേണ്ടാന്ന് പറയുവോ…സന്തോഷം സങ്കടത്തിന്റ കറുപ്പിൽ ലയിച്ചു…

ദിവസങ്ങൾ പിന്നിട്ടു…ജോപ്പനെപ്പറ്റി ആർക്കും ഒന്നും അറിയില്ല…എന്നെ മരണം കവർന്നു കൊണ്ടുപോകാൻ പോലും ഞാൻ ആശിച്ചുപോയി…

അപ്പച്ചനോട് അവനെപ്പറ്റി കള്ളം പറഞ്ഞു…

എന്റെ ജോപ്പനില്ലാതെ…അവന്റെ ചോരയും ഉദരത്തിൽ പേറി വർഷങ്ങൾക്കിപ്പുറം എന്റെ വീടിന്റെ പടികൾ ഞാൻ ചവിട്ടി…

രണ്ടാഴ്ചകൾക്കപ്പുറം…

കവലയിൽ വന്നുനിന്ന ജീപ്പിൽ നിന്നും ജോപ്പൻ പുറത്തേക്കിറങ്ങിയതും ജിമ്മിച്ചൻ കാലുയർത്തി ആ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി…

നിലത്ത് തളം കെട്ടി നിന്ന ചെളി വെള്ളത്തിലേക്ക് ജോപ്പൻ തെറിച്ചു വീണതും അവന്റ നെഞ്ചിലേക്ക് കയറി ഇരുന്നു ആ കരണത്തേക്ക് വീണ്ടും ആഞ്ഞടിച്ചു…

ഒരു അഭ്യാസിയെ പോലെ ഉരുണ്ട് കറങ്ങി നിലത്ത് നിന്നുമെഴുനേറ്റ് ജിമ്മിച്ചന്റെ കൈകൾ ലോക്ക് ചെയ്തു ജോപ്പൻ…

“”ആദ്യത്തെ ചവിട്ട് ഞാൻ കൊണ്ടത് എന്റെ പൊന്നളിയൻ ആയോണ്ട്… രണ്ടത്തത്തെ അടി കൊണ്ടത് പെങ്ങളെ ഒന്ന് വിഷമിപ്പിച്ചതിനുള്ള മുൻ‌കൂർ ജാമ്യം…. അളിയൻ ഇനി എന്നെ അടിച്ച അമ്മച്ചിയാണേ ഞാൻ ആ ബന്ധം അങ്ങ് മറക്കുവേ…””

ചിരിയോടെ ജോപ്പൻ ജിമ്മിയുടെ കൈകൾ കൂട്ടിപ്പിടിച്ചു…

“”നിർത്തടാ… എന്റെ പെങ്ങളെ കെട്ടീട്ട് അവൾക്കൊരു കൊച്ചിനേം ഉണ്ടാക്കി കൊടുത്തിട്ടുണ്ട് അവളെ നിനക്ക് മടുത്തെന്ന്… ഇനി വേണ്ടെന്ന്… അല്ലേടാ ചെറ്റേ…അതിനാനോടാ ഞങ്ങടെ കൊച്ചിനെ നീ സ്നേഹിച്ചത്…””

വാക്കുകൾ മുറിഞ്ഞു ആ കണ്ണുകൾ നിറഞ്ഞു…കോപത്തോടെ ജോപ്പന്റെ കോളറിൽ വീണ്ടും കുത്തിപ്പിടിച്ചു…

അടുത്ത നിമിഷം സന്തോഷത്തോടെ പൊട്ടികരഞ്ഞുകൊണ്ട് ജിമ്മിച്ചനെ പൂണ്ടടക്കം ജോപ്പൻ കെട്ടിപിടിച്ചു…

കാണികളൊക്കെ അന്തം വിട്ട് നോക്കി നിൽക്കെ ജിമ്മിച്ചനെ പൊക്കി എടുത്ത് വട്ടം കറക്കി…

ഇതെന്ത് പറ്റി എന്നറിയാതെ ആളും അന്തം വിട്ട്പോയി…

ജിമ്മിച്ചനെ തള്ളി ജീപ്പിൽ കയറ്റി നൂറേ നൂറിൽ വിട്ടു…

“”അളിയാ എന്റെ ഡെയ്‌സി… അപ്പോൾ അവൾ എന്നെ ഇട്ടിട്ട് പോയതല്ലേ… ശെരിയാ അടീം പിടീം ഒക്കെ ഉണ്ടെങ്കിലും അവളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലെന്ന് അവൾക്ക് തന്നെ അറിയാം…

അറിയാതെ പറഞ്ഞു പോയി… ഇനി അനുസരക്കേട് കാണിക്കില്ല… അവളെന്നോട് ക്ഷമിക്കുവോ അളിയാ…””

ജിമ്മിച്ചന്റെ കൈകൾ കൂട്ടിപ്പിടിച്ചു ജോപ്പൻ…പറഞ്ഞത് ഒത്തിരി കൂടിപ്പോയി എങ്കിലും, അപ്പച്ചന്റെയും ചേട്ടന്മാരുടെയും അടുത്തേക്ക് ഡെയ്‌സി തിരികെ പോയി എന്ന് തെറ്റിദ്ധരിച്ച് ജോപ്പന് ഭ്രാന്ത് പിടിച്ചു എന്ന്…

അതുകൊണ്ടാണ് അവിടെ നിന്ന് മാറി നിന്നതെന്ന്…

അപ്പച്ചന്റെ അസുഖത്തെ പറ്റിയൊന്നും ആളറിന്നില്ല എന്ന്…

“”അതാണ്‌ വാവിട്ടു പോകുന്ന ഓരോ വാക്കും മറ്റുള്ളവരെ ഒത്തിരി വേദനിപ്പിക്കും ജോപ്പാ… നീ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എന്റെ ഡെയ്‌സി മോള് എത്ര വേദനിച്ചിട്ടുണ്ടാകും നിനക്കറിയോ…””

ജോപ്പന്റെ കണ്ണുകൾ നിറഞ്ഞു…

മുത്തേക്ക് നിർത്തിയ ജീപ്പിൽ നിന്നും ആ മണ്ണിലേക്ക് ജോപ്പൻ കാൽചവിട്ടി…

കാര്യങ്ങൾ എല്ലാവർക്കും അറിയാം എന്നുള്ളത് ജോപ്പനിൽ ആശങ്കയും ധൈര്യമില്ലാഴ്മയും ഉളവാക്കി….

ഡെയ്സിയെ കാണാനും തന്റെ ചോര പൂത്ത ആ അണിവയറിൽ തലോടാനുമുള്ള ആഗ്രഹം അവന്റെ ഉള്ളിൽ വീർപ്പുമുട്ടി…

ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ അപ്പച്ചൻ ജോപ്പനെ കൈപിടിച്ച് കയറ്റി… അവനെ തന്റെ നെഞ്ചോരം ചേർത്തു വച്ചു അയാൾ… പരസ്പരം ഒരു ക്ഷമ പറച്ചിൽ പോലും അവിടെ ആവശ്യം വന്നില്ല…

അളിയന്മാരും അപ്പച്ചനുമൊക്കെ വിശേഷങ്ങൾ തിരക്കുമ്പോഴും ജോപ്പന്റെ കണ്ണുകൾ അകത്തെ മുറിയിലേക്കായിരുന്നു…അവളെ കണ്ട് ക്ഷമചോദിച്ചു ചേർത്തുപിടിച്ച് പരിഭവങ്ങൾ അലിയിക്കാൻ അവൻ കൊതിച്ചു…

വാതിൽ തുറക്കുന്ന ഒച്ച കേട്ടതും ജനലഴികളിൽ നിന്നും ഞാൻ മുഖമുയർത്തി…

“”ഡെയ്സീ… “”

തോളിലാക്കരം സ്പർശിച്ചതും അനിഷ്ട്ടത്തോടെ ഞാൻ മാറി നിന്നു…

“”അറിയാതെ… അന്ന് വായീന്ന് വീണ് പോയതാ…

ഇനി പറയില്ല… നീയില്ലാതെ നിന്റെ ജോപ്പന് പറ്റുവോ…””

ആ സങ്കടമെനിക്ക് കണ്ട് നിൽക്കാൻ കഴിയില്ലെങ്കിലും പുശ്ചത്തോടെ ഞാൻ ചിരിച്ചു… അവനേൽപ്പിച്ച മുറിവുണങ്ങാത്ത പോലെ…

“”വേണ്ട ജോപ്പാ… നീ പൊയ്ക്കോ… നിനക്കെന്നെ മടുത്തില്ലേ… ശല്യമല്ലേ ഞാൻ…””

വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ട് കൈപ്പത്തിയാൽ ഞാൻ മുഖം മറച്ചു…

“”മോളേ… ക്ഷമിക്ക്… നമ്മുടെ കുഞ്ഞ്… നീ കരഞ്ഞാൽ അവനും വിഷമിക്കും…””

“”നീ പോയപ്പോൾ തൊട്ട് ഞാൻ കരയുവാ ജോപ്പാ… അതൊക്കെ ശീലമായി ഇപ്പൊ…

വയ്യെനിക്ക് ഇനീം… നിന്റെ ഇഷ്ടവും സ്വാതന്ത്ര്യവും ഒക്കെ നടക്കട്ടെ…നമ്മുടെ സ്നേഹത്തിന്റെ തെളിവായിട്ട് എന്റെ കുഞ്ഞിനെ ഞാൻ വളർത്തും…

അവകാശം ഒന്നും ചോദിച്ചു വരത്തില്ല കേട്ടോ…

അപ്പൻ മടുത്തുപേക്ഷിച്ചതാ ഈ അമ്മയെ എന്ന് ഞാൻ പറയത്തും ഇല്ല നമ്മുടെ കുഞ്ഞിനോട്…””

അവളുടെ വാക്കുകളിൽ ചലനമില്ലാതെ ജോപ്പൻ നിന്നു… ഇരുവരും കരയുകയാണ്…

“”ഇനി എന്നെ കാണാൻ വരരുത്… പൊയ്ക്കോ എനിക്ക് നിന്നെ കാണണ്ട…””

കരഞ്ഞുകൊണ്ട് ബാത്റൂമിൽ കയറി ഞാൻ വാതിലടച്ചു… തുടരെ തുടരെ എന്നെ വിളിച്ചവൻ വാതിൽ തട്ടി… ചില സമയങ്ങൾക്കപ്പുറം പുറത്തേക്ക് പാഞ്ഞിരച്ചു പോകുന്ന ജീപ്പിന്റെ ശബ്ദം ഞാനറിഞ്ഞു…

ദിവസങ്ങൾക്കപ്പുറം അപ്പച്ചന് ജോപ്പൻ മകനായി…ഏട്ടൻമാർക്ക് കുഞ്ഞളിയനായി…എന്നിട്ടും എന്നിലെ വാശി എന്തോ കെട്ടാടാങ്ങാതെ നിന്നു….

പകൽ ഇടയ്ക്കിടെ വരും വീട്ടിലേക്ക്…

എനിക്കരികിലേക്ക് വന്ന് സൂക്ഷിച്ചു നോക്കും മുഖത്തേക്ക്… ഒന്നും മിണ്ടാതെ തിരിച്ചു പോകും…അവനറിയാം എന്തൊക്കെ പറഞ്ഞാലും ഡെയ്‌സിക്ക് ജോപ്പനെ വെറുക്കാൻ പറ്റില്ലെന്ന്…

പക്ഷേ അവന്റെ വാക്കുകൾ ഏൽപ്പിച്ച മുറിവെന്നിൽ ഉണങ്ങാതെ നിന്നു….

ആദ്യം വക്കാലത്തുമായി അമ്മച്ചിയെ അയച്ചു…പിന്നെ ജിമ്മിച്ചനെ അയച്ചു…അവസാനം ആന്റണിച്ചായനെ അയച്ചു…എന്നിട്ടും എന്റെ മുഖം വീർത്തു തന്നെയിരുന്നു…

നാലാഴ്ചകൾ യുഗങ്ങൾ പോലെ പിന്നിട്ടു…

ഒരു ഞായറാഴ്ച്ച നാളിൽ കുർബ്ബാന കഴിഞ്ഞ് പള്ളിയിൽ നിന്ന് ഞാനിറങ്ങി…

പുകഞ്ഞു കത്തുന്ന വെയിൽച്ചൂടിലേക്ക് കുടനിവർത്തി ഇടവഴിയിലൂടെ ഞാൻ നടന്നു…

മുന്നിലേക്ക് വന്ന് നിന്ന ജീപ്പിൽ നിന്നും ആളിറങ്ങി എനിക്ക് നേരെ വന്നു…

ഒന്നും മിണ്ടാതെ എന്നെ ചേർത്തുപിടിച്ചു എന്റെ കവിളിൽ ചുംബിച്ചു…

“”ഇത്രേം മതി… പോട്ടെടാ… നീയില്ലാതെ പറ്റണില്ല… ക്ഷമിക്കില്ലേ എന്നോട്…നിന്റെ ജോപ്പൻ തളർന്നു പോയി…””

കയ്യുകൾ കൂട്ടിപ്പിടിച്ചു ചുംബിച്ചു…

ആ കണ്ണുകൾ കലങ്ങി..

ഒന്നും മിണ്ടാതെ ഞാൻ മെല്ലെ നടന്നു ആളുടെ ജീപ്പിന്റെ മുന്നിൽ കയറി… അടുത്ത നിമിഷം അത്ഭുതത്തോടെ ചുറ്റിനും നോക്കി ഓടി വന്നു ഡ്രൈവർ സീറ്റിൽ ഇരുന്നു…

സന്തോഷം അടക്കാൻ വയ്യെന്ന് തോന്നുന്നു

എനിക്കരികിലേക്ക് ആഞ്ഞു വന്ന് വീണ്ടുമെന്റെ കവിളിൽ ഒരുമ്മ തന്നു… മുഖം തിരിച്ചു പുറത്തേക്ക് നോക്കി ഞാനിരുന്നപ്പോൾ നൂറേ നൂറിൽ ജീപ്പ് പായിച്ചു…

ആ കാപ്പിത്തോട്ടങ്ങൾക്കിടയിലെ കുഞ്ഞ് ഓലപ്പുരയ്ക്കു മുന്നിൽ നിർത്തി..മെല്ലെയെന്റെ കൈ പിടിച്ചിറക്കി..

കാപ്പിപ്പൂവുകളുടെ ഗന്ധമാണിവിടെ ഒപ്പം തണൽ വിരിച്ച തണുത്ത കാറ്റും…

“”ക്ഷമിക്ക് പൊന്നേ… വയ്യ, നീ മിണ്ടാതെ ഇരിക്കുമ്പോൾ എനിക്കാരും ഇല്ലാത്ത പോലെ…ക്ഷമിക്കില്ലേ… ഒരേ ഒരു വട്ടത്തേക്ക്.. എന്നത്തെയും പോലെ അല്ല ഇനി ആവർത്തിക്കില്ല…

ദേ ആറ് ബസും ഞാൻ വിറ്റു… എന്നും അതിൽ നിന്നാണ് വഴക്കും അടീം… എനിക്ക് എല്ലാത്തിലും വലുത് എന്റെ ഡെയ്‌സിയാ…മിണ്ടടീ പ്ലീസ്..”‘

കെഞ്ചലോടെ എന്റെ താടിയിൽ നുള്ളി…

എന്റെ വീർത്ത മുഖത്തിന്റെ കോണിൽ പൊട്ടിമുളച്ച ചിരി അവൻ കണ്ടെടുത്തു…

മെല്ലെ എന്റെ മടിത്തട്ടിലേക്ക് കുസൃതി ചിരിയോടെയവൻ തലചായ്ച്ചു…

“”ഒന്ന് തലോട് പെണ്ണേ…””

എന്റെ കൈപിടിച്ചവന്റെ തലയിൽ വച്ചു…

അല്പനേരം നിശ്ചലമായ കൈകൾ ഞാനറിയാതെ അവന്റെ മുടിയിഴകളെ തഴുകിപ്പോയി…

മെല്ലെ എന്റെ വയറിൽ ഒരു കുഞ്ഞ് മുത്തം നൽകി ജോപ്പൻ ചാടി എഴുനേറ്റ് എന്നെ കോരിയെടുത്ത് വട്ടം കറക്കി…

“”ദേ ജോപ്പാ എനിക്ക് വയ്യ… താഴെ ഇറക്കാനാ പറഞ്ഞത്…””

മെല്ലെ താഴെ ഇറക്കി ആ നെഞ്ചോരമെന്നെ ചേർത്തു പിടിച്ചു…

രോമം മറച്ച ആ കവിളിലേക്ക് ഞാൻ എന്റെ ചുണ്ടുകൾ ചേർത്തു…അവൻ ചിരിച്ചു…

ഏലപ്പൂവുകൾ മൊട്ടിടുന്ന മണവും കാറ്റും കുളിരും…അങ്ങ് ദൂരെ മാനത്തൊരു മഴവില്ലിന്റെ ഏഴ് വർണ്ണങ്ങളും…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമൻ്റ് ചെയ്യണേ

രചന : ലില്ലി