അമ്മയെ ഒരാൾ പെണ്ണുകാണാൻ വരുന്നുണ്ട്… മോൾക്ക് സമ്മതമാണോ…

രചന : Reji Mash

അമ്മേ പതിയെ ….

പതിയെ പോയാൽ മതി…

വലത്തോട്ടു കുതിച്ചു കൊണ്ടിരിക്കുന്ന സ്പീഡോമീറ്റർ നോക്കി മഹിമ അമ്മയുടെ തോളിൽ ഇരു കൈകളും അമർത്തി കൊണ്ടു പറഞ്ഞു…

കാര്യമൊക്കെയാണെങ്കിലും മഹിക്കൊരു ഗമയാ ണ് അമ്മയെയും കൊണ്ട് കോളേജിൽപോകുന്നത്..

അമ്മക്ക്കോളേജിലെ ഫ്രണ്ട്സിട്ടിരിക്കുന്ന പേര് തന്നെ ഫ്രീക്കമ്മ എന്നാണ്…

ഫ്രീക്കമ്മയ്ക്ക് ആരാധകര് കൂടുതലാണ് കോളേജിൽ… അറ്റം നെറ്റിയിലേക്ക് വെട്ടിയിട്ടിരിക്കുന്ന തലമുടി സ്ട്രെയിറ്റ് ചെയ്തിട്ടിരിക്കുന്നു.. മൂക്കുത്തിയുടെ നിറം മാറി കൊണ്ടിരിക്കും നിത്യേന… ചെവിയിൽ മൂന്ന് നാല് സ്റ്റഡ്സ്.. നോർമലി ജീൻസും കളർ ടീ ഷർട്ടുമാണ് സ്ഥിരം വേഷം.. നീല ഹോണ്ട സി ബി ആർ ബൈക്കും….റേസിങ്ങ് സ്പീഡും….

പോരേ പാർവ്വതിയമ്മാളെന്ന എൻറമ്മക്ക് ഫ്രീക്ക് പാറൂന്ന് പേര് വരാൻ… പക്ഷേ ഞാൻ സ്നേഹം കൊണ്ട് പാറൂന്നേ വിളിക്കാറുള്ളു….

പാറൂ വേണ്ട പാറൂ… ചോദിക്കണ്ട …അവനൊക്കെ ഗുളികയുടെ ആൾക്കാരാന്നാ കോളേജില് പറയുന്നത്.. വിട്ടേക്ക്… ഇനി ഉണ്ടായാൽ ചോദിക്കാം.. കാര്യം എന്താന്ന് വച്ചാൽ കോളേജിലെ അലമ്പ് ഗ്യാങ്ങിലൊരുവൻ പിന്നാലെ നടന്ന് ശല്യമുണ്ടാക്കുന്നതാണ്…. ആകാശ്….

കോളേജിൽ വന്നവർഷം മുതലേ ഉള്ളതാണ്…

ഞാൻ അത്ര മൈൻഡ്‌ ചെയ്യാറില്ല.. ഇപ്പോഴിത്തിരി കൂടുതലായിരിക്കുന്നു..കാണാനൊക്കെ ഒരു വെടിപ്പുള്ളവനായിരുന്നു…. പക്ഷേ ഇപ്പോ ആളാകെ മാറി.. ഊളൻമാരുടെ പോലെ പുരികത്തിലും അടി ചുണ്ടിനടിയിലും സ്റ്റഡ്, ഉയർത്തി കെട്ടി കളറ് കൊടുത്ത മുടി, ഊശാന്താടി.. മെനകെട്ടവൻമാരാ കൂടെയുള്ള എല്ലാ അവൻമാരും..

നീ മിണ്ടാതിരി.. എവിടെയാ മഹീ അവരുടെ സ്ഥിരംതാവളം… പാറു ചോദിച്ചു…

മുതലക്കുളത്തിനരികെ കൃത്യമായി ഊളൻമാർ ഇരുപ്പുണ്ടാർന്നു.. പാറുവണ്ടി സൈഡൊതുക്കി നിർത്തിയതും പണി പാളിയല്ലോ എന്നോർത്തിട്ടാകും ആകാശ് ഓടി അവന്റെ ബൈക്കിൽ കയറി വണ്ടി മുന്നോട്ടെടുത്തു പാഞ്ഞു.. വെപ്രാളത്തിനിടയിൽ ഒരമ്പതു മീറ്റർ പോയപ്പോഴേക്കും ഒരു വലിയ ശബ്ദം കേട്ടു.. അമ്മയാണ് ഓടി ആദ്യമെത്തിയത്..

ആകാശ് വണ്ടി സ്കിഡ് ചെയ്ത് ചോരയിൽ കുളിച്ചു കിടക്കുന്നു…

ഈശ്വരാ പാവം…

എതിരേ ഒരു കാർ വന്ന് നിർത്തി.. അമ്മയും വേറെയാരൊക്കെയോകൊച്ചു കുഞ്ഞിനെയെന്നവണ്ണം ആകാശിനെ കോരിയെടുത്തു..

കാറിലേക്ക് കയറ്റി വണ്ടിയെടുക്ക് എന്ന് ഉറക്കെ പറഞ്ഞു…

കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് അമ്പിസ്വാമിയെന്ന് ഓമന പേരുള്ള ഇംഗ്ലീഷ് ലക്ചറർ വിറക്കുന്നു…

അമ്പിസ്വാമി അവിവാഹിതനാണ്.. എണ്ണ പുരട്ടി ചീകിയൊതുക്കിയ മുടി.. നെറ്റിയിൽ നാലഞ്ചു കുറികൾ..

മുണ്ടും ഷർട്ടും സ്ഥിരം വേഷം…കോളേജ് പെമ്പിള്ളേരുടെ കുഞ്ചാക്കോ ബോബനാണ് കക്ഷി..

പക്ഷേ പച്ച വെള്ളം ചവച്ചരച്ച്‌ കുടിക്കുന്ന പ്രകൃതം.. പച്ച പാവം

പാറു പെട്ടെന്ന് ഡ്രൈവിംഗ് സീറ്റിനരികിലേക്കെത്തി അമ്പിസ്വാമിയെ വലിച്ച് പുറത്തേക്കിറക്കി വണ്ടിയെടുത്തു…

രണ്ടാഴ്ച്ചക്ക് ശേഷം പാറു തന്നെയാണ് ഇത്തിരി നാണത്താൽ തന്നോടന്വേഷിച്ചത്..

അമ്മയെയൊരാൾ പെണ്ണുകാണാൻ വരുന്നുണ്ടെന്നും മോൾക്ക് സമ്മതമാണോന്നും…

ആളാരാണെന്നറിഞ്ഞപ്പോഴാണ് അമ്പരന്ന് കണ്ണ് മിഴിച്ചു പോയത്…

അശ്ശേ പാറൂ… ആ അമ്പിസ്വാമിയോ… എന്തിനാ വാലിൽ കെട്ടി നടക്കാനാണോ…

ആദ്യം പരിഹസിച്ചെങ്കിലും വേഗംസമ്മതം മൂളി..

വിവാഹം കഴിഞ്ഞ് രണ്ടാം വർഷം ഭർത്താവിനെ നഷ്ടപ്പെട്ടിട്ടും മറ്റൊരു വിവാഹത്തിനിന്നേ വരെ സമ്മതം മൂളാത്തതായിരുന്നു പാറു…

കല്യാണം ആഘോഷമായിത്തന്നെ നടന്നു..അമ്മയുടെയും അച്ഛന്റെയും കല്യാണം കൂടാൻ പറ്റിയ കുട്ടി എന്നൊക്കെ ഇന്ന് കോളേജിൽ ചെല്ലുമ്പോ കളിയാക്കല് കേൾക്കേണ്ടി വരുമല്ലോ കൃഷ്ണാ…

എന്നാലോചിച്ച് നവദമ്പതികളെ ശല്യപ്പെടുത്താതെ ഡ്രസ് മാറി ഇറങിയപ്പോളാണ് പാറു പുറകീന്ന് വിളിച്ചത്.. അച്ഛനും കോളേജിലേക്കല്ലേ..

അച്ഛന്റെ കൂടെ പോയാമതിയെന്ന്.. വാതിൽ തുറന്ന് പുറത്തിറങ്ങിയ അച്ഛനെ കണ്ട് വായ് പൊളിച്ച് നിന്നു പോയി..

പാന്റ്സും ഷർട്ടും മനോഹരമായി ഇൻ ചെയ്ത് ധരിച്ചിരിക്കുന്നു.. എണ്ണ ചീകി വച്ചിരിക്കുന്ന മുടിക്കു പകരം സ്പൈക്ക് ചെയ്ത് വച്ചിരിക്കുന്ന മുടി..

കൂളിംഗ് ഗ്ലാസ്.. ജെന്റിൽമാൻ ലുക്ക്….

അമ്പടി പാറുവേ നീ ഒറ്റ ദിവസം കൊണ്ട് അമ്പിസ്വാമിയെ റെമോയാക്കിയാ…

ഒന്നും മിണ്ടാതെ കാറിൽ കയറി കോളേജിലെത്തി..

ഫ്രീ അവറിൽ ഗാർഡനിലെ മഞ്ഞ വാക ചോട്ടിലിരുന്ന് മനോരാജ്യം കണ്ടോണ്ടിരിക്കുമ്പോഴാണ് പുറകിൽ ഒരു മുരടനക്കം..

ഞെട്ടി തിരിഞ്ഞ് നോക്കി….

ആകാശ്…

ഹേ ഭഗവാൻ അടുത്ത അദ്ഭുതം ഇതാ മുമ്പിൽ…

കയ്യിലൊരു ബാൻഡേജുണ്ട്… ഊശാന്താടിയെല്ലാം കളഞ്ഞ് ക്ളീൻ ഷേവ് മുഖം.. മുഖത്തൊരു ചുവന്ന കുറി..തിളങ്ങുന്ന കണ്ണുകൾ …മുഖത്തിനഭിമുഖമായ് വന്നു കൊണ്ട് ആകാശ് പതിയെ പറഞ്ഞു..

മഹീ….ഒരു മാപ്പപേക്ഷ നൽകുവാനായി വന്നതാണ്… മോശമായി പെരുമാറിയിട്ടുണ്ട് ഒരു പാട്..

ക്ഷമിക്കണം… ഒരുപാടിഷ്ടമാണ്…കണ്ട നാൾ മുതൽ…. മറക്കാൻ ശ്രമിക്കാം … ഇനി ഒരിക്കലും ശല്യപ്പെടുത്തില്ല… കൺമുമ്പിൽ പോലും വരാതിരിക്കാം…ഇടറുന്ന ശബ്ദത്താൽ ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞ് തിരിഞ്ഞു നടന്ന ആകാശിന്റെ വിരലുകളിൽ പെട്ടെന്നുള്ള ഒരു തോന്നലാൽ കയറി പിടിച്ചു…

ആ തിളങ്ങുന്ന കണ്ണുകളെ സ്വന്തമാക്കാനെന്നവണ്ണം മുഖം അരികിലേക്കടുപ്പിച്ചു കൊണ്ട് മെല്ലെ പറഞ്ഞു..

ഈ കുറുമ്പ്കാരൻ കുട്ടിയെ എനിക്കിഷ്ടമാണ്…..

ആകാശ് ചിരിച്ചു കൊണ്ട് പറഞ്ഞു..

വിശ്വസിക്കാവോ..ഇതെല്ലാം..

അതോ ഫ്രീക്കമ്മയെ വിളിച്ചോണ്ട് വരോ ഇനിയും..

ഓടാൻ വയ്യേ ഇനി…

പൊട്ടി ചിരിച്ചു കൊണ്ട് ആ വിരലുകളിൽ പിടിമുറുക്കി കണ്ണിറുമ്മി കാണിച്ചു…

മഞ്ഞ വാക പൂക്കൾ ഒരു സ്നേഹക്കാറ്റിനാൽ കൂട്ടമായ് പ്രണയ വർഷം പോലെ പൊഴിയുന്നുണ്ടായിരുന്നു…

ലൈക്ക് കമൻ്റ് ചെയ്യണേ…

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : Reji Mash