സത്യാ ഇന്നത്തെ രാത്രിക്ക് നീ എനിക്ക് എന്ത് പ്രതിഫലം തരും…..

രചന : ഭൈരവി ഭദ്ര

രാധിക

**********

നെറ്റിയിലെ കുങ്കുമം ചുണ്ടിലെ ചോരയെ വീണ്ടും ചുമപ്പിച്ച് ഒഴുകിയിറങ്ങി. വിയർപ്പ്തുള്ളികൾ അവളുടെ പുക്കിൾ ചുഴിയിൽ തളം കെട്ടിക്കിടന്നു.

അപ്പോഴും രക്തം പടർന്നൊഴുകിയ കിടക്കയെ പറ്റിയുള്ള ഭീതിയിലായിരുന്നു അവൾ. തട്ടിമാറ്റാൻ ശ്രമിച്ചിട്ടും അയാളുടെ കൈകൾ അവളെ വരിഞ്ഞുമുറുക്കി.

ഏറെനേരത്തെ മൌനത്തിന് വിരാമമിട്ട് അവൾ സംസാരിച്ച് തുടങ്ങി.

“ഞാൻ നിങ്ങളുടെ ജീവിതത്തിലെ എത്രാമത്തെ പെണ്ണാണ്”.

പതിനേഴാമത്തവൾ അയാൾ അവളുടെ കാതിൽ പറഞ്ഞു.

തണുത്ത കാറ്റിൽ അവൾ വിറയ്ക്കുന്നതായി അയാൾക്ക് തോന്നി. സത്യ എനിക്ക് മഴനനയണം നിങ്ങളോടൊപ്പം . അവൾ അയാളെ അമർത്തി ചുംബിച്ചു.

അവൾ ഇറമ്പത്തേക്ക് ഇറങ്ങി.

“സത്യാ നിങ്ങൾ എത്ര തവണ മഴ നനഞ്ഞിട്ടുണ്ട്”

“ആവോ ഒരുപാട് പലനിറത്തിൽ മണത്തിൽ പല പെണ്ണുങ്ങളോടൊപ്പം. നിനക്ക് അറിയുമോ പെണ്ണേ ഈ മഴയുടെ രാഗം.”

“ഉം അമ്മ പാടിയ പാട്ടുകൾക്കൊക്കെയും മഴയുടെ രാഗമായിരുന്നത്രേ. ഞാനും നിങ്ങളും കേൾക്കുന്നത് രണ്ട് മഴയാണ് സത്യ രണ്ട് രാഗത്തിൽ രണ്ട് ഭാവത്തിൽ എനിക്കും നിനക്കും അതങ്ങനെ വ്യത്യസ്തമാണ്.

എനിക്ക് ഈ മഴ അമ്മയുടെ പാട്ടാണ് മരണത്തിൻറെ മുഖം മറച്ചുവെച്ച പാട്ട് ”

അയാൾ അവളുടെ മുടിയിഴകളിൽ തലോടികൊണ്ടിരുന്നു.

” അതങ്ങനെയാണ് ഓരോരുത്തരും മഴയെ ആസ്വദിക്കുന്നത് വ്യത്യസ്ത ഭാവത്തിലാണ്. മറ്റെന്താണ് ഇങ്ങനെ നമ്മുടെ മനസ്സിന്റെ താളത്തിനൊത്ത് ആസ്വദിക്കാൻ കഴിയുന്നത്. ഈ മഴയുടെ എത്ര ഭാവങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട് ”

” എനിക്കറിയില്ല പെണ്ണേ ഞാൻ കണ്ട മഴയുടെയൊക്കെയും ഭാവം കാമം ആയിരുന്നു ”

” ഉം”

അവൾ വെറുതേ മൂളി.

” ആദ്യമൊക്കെ നീ എന്ത് മാത്രം എതിർത്തു എന്നിട്ടും എന്തിനാണ് പിന്നീട് എൻ്റെ കൂടെ വരാമെന്ന് സമ്മതിച്ചത് എനിക്ക് ആദ്യം വിശ്വാസമായിരുന്നില്ല ”

അയാളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കൂട്ടാക്കാതെ അവൾ ഇറമ്പിൽ നിന്ന് മുറ്റത്തേക്ക് ഇറങ്ങി നടന്നു.

” എനിക്ക് കുരിയാലപുറത്തെ മാവിൻ ചുവട്ടിൽ പോകണം മാങ്ങ വീണിട്ടുണ്ടാകും “.

” നീ എത്ര വേഗം ഈ വീടും പരിസരവും മനപ്പാഠമാക്കി പെണ്ണേ. ഞാൻ കൂടി മറന്നിരിയ്ക്കുന്നു ആ മാവിൻറെ കാര്യം.

പണ്ട് അമ്മമ്മയുള്ളപ്പോൾ വന്ന് പോയിരുന്നു ഇവിടെ.

അമ്മമ്മയുടെ മരണശേഷം എനിക്ക് നാട്ടിൽ വരുമ്പോൾ കൂട്ടുകാരുമൊത്ത് വന്ന് മദ്യപിക്കാനുള്ള ഇടംമാത്രമായി ഈ വീട്. ”

പറഞ്ഞു തീരും മുമ്പേ അയാൾ അവളെ കൈകളിൽ കോരിയെടുത്ത് കുരിയാല ലക്ഷ്യമാക്കി നടന്നു.

അവളുടെ നീണ്ട മുടി മണ്ണിൽ തൊട്ട് കിടന്നു.

” മതി സത്യ നമുക്ക് തിരികെ പോകാം ”

അവൾ അയാളുടെ കൈകളിൽ നിന്നിറങ്ങി നടന്നു.

” ഇനിയെന്നാണ് പെണ്ണേ ഇങ്ങനെ ഒന്നുകൂടി ”

” ഇനിയുണ്ടാകില്ല ഇതുപോലെ ഇത് എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ആണ്.”

“നീയെന്താണ് രാധു പറയുന്നത് നിനക്കുമൊരു കുടുംബമാകും അന്ന് നീയും പോകും അന്നെയെയും ശ്യാമയെയും ദയയെയും പോലെ. അന്ന് നീ എന്നെ മറക്കും”

” ഇല്ല സത്യ ഒരു സ്ത്രീക്ക് അവളുടെ ജീവിതത്തിലെ ആദ്യത്തെ പുരുഷനെ മറക്കാൻ പറ്റില്ല. ”

” മറക്കും രാധു ഇനിയൊരാൾ വരുമ്പോൾ ”

” ഇനിയൊരാൾ വരില്ല ”

പിന്നൊന്നും പറയാൻ അയാൾക്ക് മുതിര്‍ന്നില്ല.

” സത്യാ ഇന്നത്തെ രാത്രിക്ക് നീ എനിക്ക് എന്ത് പ്രതിഫലം തരും”

അയാൾ ആശ്ചര്യത്തോടെ അവളെ നോക്കി

“അതേ ഞാൻ അടക്കിതന്ന നിൻറെ വികാരങ്ങൾക്ക് എൻ്റെ ശരീരത്തിന് നീ എന്ത് വിലതരും.”

” നീ എന്ത് ഭ്രാന്താണീ പറയുന്നത് നമ്മൾ അങ്ങനെയാണോ”

“പിന്നെ എങ്ങനെയാണ് സത്യ പ്രണയമില്ലാത്ത കാമത്തോളം പാപമായത് ഒന്നുമില്ല. എനിക്ക് ആ പാപത്തിൻറെ വില വേണം”

അവളിലെ മാറ്റം അയാളെ ഞെട്ടിച്ചിരുന്നു

” ഉം പറയൂ നിനക്ക് എത്രയാണ് വേണ്ടത് ”

” അമ്പതിനായിരം രൂപ അത് നിങ്ങൾക്ക വലിയ തുകയല്ലന്ന് എനിക്ക് അറിയാം ”

” ഉം ഞാനിതുവരെ പെയ്ടഡ് സെക്സ് ചെയ്തിട്ടില്ല അത് ആദ്യം നിന്നോട് തന്നെ ആകട്ടെ ”

“സത്യാ ഞാൻ പോകുന്നു”

രാവിലെ അവളുടെ ശബ്ദം കേട്ടാണ് അയാൾ ഉണർന്നത്.

“നീ ഇത്ര വേഗം ഒരുങ്ങിയോ നാളെ പോകാമായിരുന്നില്ലേ”.

“ഇല്ല പോകണം ഒരുപാട് ജോലികൾ ബാക്കിയുണ്ട്”.

“എന്നാൽ ഞാൻ വേഗം റെഡിയാകാം”

“വേണ്ട ഞാൻ യൂബർ പറഞ്ഞിട്ടുണ്ട് ഇപ്പോൾ വരും”

“രാധു നീ ഒറ്റയ്ക്ക് ”

” പോകും ഇതുവരെ ഒറ്റയ്ക്കായിരുന്നു ഇനിയുള്ള യാത്രകളും ഒറ്റയ്ക്കേ പാടുള്ളു.ഞാൻ പറഞ്ഞ തുക നീ ട്രസ്റ്റിൽ ഏൽപ്പിക്കണം. ഞാൻ വിളിച്ച് പറഞ്ഞോളാം. ”

മുറ്റത്ത് അവൾക്ക് പോകാൻ ടാക്സി വന്നിരുന്നു.

” നന്ദി സത്യ നൈമിഷികമെങ്കിലും നിങ്ങൾ തന്ന സ്നേഹത്തിന് കരുതലിന് ”

അയാൾക്ക് ഒന്നും പറയാനുണ്ടായില്ല. കുരിയാലയും കഴിഞ്ഞ് ടാക്സി മറയുംവരെ അയാൾ നോക്കി നിന്നു

പിന്നെ ഏതോ നഷ്ട ഭാരത്താൽ അവളുടെ ചോരക്കറ പുരണ്ട കിടക്കയിലേക്ക് അമർന്നു വീണു.

അയാൾ മടക്കയാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു.

തുണികൾക്കിടയിലായാണ് അവളുടെ ഡയറി അയാളുടെ ശ്രദ്ധയിൽ പെട്ടത്.

അതിൽ മനോഹരമല്ലാത്ത കൈപ്പടയിൽ വാരിവലിച്ചെഴുതിയ വരികളിലൊക്കെയും അവളുടെ തന്നോടുള്ള അടങ്ങാത്ത പ്രണയമാണെന്നത് അയാളെ തളർത്തിയിരുന്നു.

താളുകൾക്കിടയിൽ ഒന്നുകൂടി അയാൾക്ക് കിട്ടി ഒരു ബയോപ്സി ടെസ്റ്റിൻറെ റിസൽട്ട്.

പേഷ്യൻറ് നെയിം രാധിക ഭദ്രൻ

ആ ഡയറിയിലെ അവസാന താളുകളിൽ ഇങ്ങനെ കുറിച്ചിരുന്നു.

‘ അതേ സത്യ നീ മാത്രമാണ് എൻ്റെ ആദ്യത്തെയും അവസാനത്തെയും പുരുഷൻ.’

എന്ന്, സത്യയുടെ മാത്രം… രാധിക.

രചന : ഭൈരവി ഭദ്ര