ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് ആ കവിളിലും നെറ്റിയിലും മാറി മാറി ഉമ്മ വെച്ചു….

രചന : Jayesh Panicker

ഭാര്യ (കഥ)

***********

എന്നെ നന്നായി വിറക്കുന്നുണ്ടായിരുന്നു. ദേഷ്യം കൊണ്ട്‌ എന്റെ കണ്ണുകള്‍ ചുവന്നിരുന്നു. ഞാന്‍ പെട്ടെന്നു തന്നെ ഡ്രെസ് എല്ലാം വാരിപ്പെട്ടിയിലിട്ടു.

റിസപ്ഷനില്‍ വിളിച്ചു ബില്ല് ക്ലോസ് ചെയ്യാന്‍ പറഞ്ഞു. പിന്നെ വേഗത്തില്‍ തയ്യാറായി പുറത്തിറങ്ങി.

അവള്‍ തന്നെ ചതിക്കുമോ. എനിക്കല്‍പ്പം പേടിയുണ്ടായിരുന്നു. ഇനിയും ആരെങ്കിലും ഈ വിവരം അറിഞ്ഞാല്‍ ആകെ നാണക്കേടാവും. പത്രക്കാര്‍ അറിഞ്ഞാല്‍ പിന്നെ ആത്മഹത്യ ചെയ്യുകയേ നിവൃത്തിയുള്ളൂ

ഞാന്‍ തിടുക്കത്തില്‍ പുറത്തിറങ്ങി. കൌണ്ടെറില്‍ ബില്ലു കൊടുത്തു. ആരും ഒന്നും ചോദിച്ചില്ല. രണ്ടു ദിവസത്തേക്കായിരുന്നു മുറി ബുക്കു ചെയ്തിരുന്നത്.

സംശയിക്കാതിരിക്കാന്‍ “ഐ ഹാവ് ആന്‍ എമേര്‍ജെന്സീ” എന്നു മാത്രം പറഞ്ഞു.

വേഗത്തില്‍ തന്നെ ടാക്സി വരുത്തി.

പുറത്തിറങ്ങുമ്പോള്‍ ഞാന്‍ ചുറ്റും നോക്കി. അവള്‍ അവിടെയെങ്ങാനുമുണ്ടോ. ഭാഗ്യം അവളെ അവിടെയെങ്ങും കണ്ടില്ല, പോയിക്കാണും.

എയർപോര്‍ട്ടിലെത്തിയപ്പോള്‍ ഫ്ലൈറ്റിനു സമയമായിരുന്നു. എന്തായാലും നന്നായി. ഈ സ്ഥലത്ത് അധികം നില്കുന്നത്‌ ശരിയല്ല. എത്രയും വേഗം സ്ഥലം വിടണം. ഈ യാത്രതന്നെ ആരെയും അറിയിക്കാതെയായിരുന്നു. ഏതെങ്കിലും സ്റ്റേറ്റ് മാറി യാത്ര ചെയ്യുകയോ, എവിടെയെങ്കിലും പോകുകയോ ചെയ്യുമ്പോള്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും ഒക്കെയാണു നിയമം.

പക്ഷേ ഈ യാത്ര അങ്ങനെ ആയിരുന്നില്ലല്ലോ

ഫ്ലൈറ്റില്‍ കയറിയപ്പോഴാണ് ഒന്നു സമാധാനമായത്‌.

നെഞ്ചീടിക്കുന്ന ശബ്ദം ഇപ്പോഴും കേള്‍കാം. ബി പി കൂടിയതാവും. മരുന്നു കൈയ്യിലുണ്ട്. പിന്നെയും അകാരണമായ ഒരു ഭയം മനസിലേക്കോടിവന്നു.

ദൈവമേ ഒരു പ്രശ്നവും ഉണ്ടാകാതിരുന്നാല്‍ മതിയായിരുന്നു

ഞാന്‍ സീറ്റിലേക്കു ചാഞ്ഞു കിടന്നു. ഒന്നു റെസ്റ്റ് എടുത്താല്‍ നോര്‍മലാവും

എങ്കിലും രണ്ടു ദിവസമായി എന്തൊരു ഉല്‍സാഹമായിരുന്നു. ആ രാഘവന്‍ തമ്പി ആണെല്ലാത്തിനും കാരണം, അയാളുടെ ഒരു കസിന് ഒരു സഹായം ചെയ്തുകൊടുത്താല്‍ എനിക്കൊരു സമ്മാനം തരാമെന്നു പറഞ്ഞു. പഴയ ക്ലാസ്മേറ്റല്ലേന്നു വിചാരിച്ചു ഒന്നു കണ്ണടച്ചു.

തെറ്റാണ് ചെയ്തതെന്നും അറിയാം. അയ്യാളു പാവമല്ലേ. പക്ഷേ ഒരു ഉന്നത സ്ഥാനത്തിരുന്ന് അങ്ങനെ ചെയ്യുന്നത്‌ ശരിയല്ലന്ന് മനാസാക്ഷി പലപ്രാവശ്യം ഓര്‍മിപ്പിച്ചു. എന്നാലും അയാള്‍ ഒരു പഴയ സുഹൃത്തായത്‌കൊണ്ട്‌ ചെയ്തു. സമ്മാനം എന്താണെന്ന് പറഞ്ഞപ്പോള്‍ ആദ്യം വിശ്വാസം വന്നില്ല.

സാധാരണ എല്ലാവരും കാശൊ അല്ലെങ്കില്‍ എന്തെങ്കിലും ഒക്കെ ആയിരിക്കും ഓഫര്‍ ചെയ്യുക.

അടുത്ത സീറ്റിയില്‍ ഒരു സുഖവാസം. രണ്ടു ദിവസത്തേക്കു ലീവെടുത്ത് ഒരു യാത്ര. അവിടെ കുളിരുകോരാന്‍ ഒരു സുന്ദരി പെണ്ണിനെ ഏര്‍പ്പാടാക്കാമെന്നും അയാള്‍ രഹസ്യം പറഞ്ഞപ്പോള്‍ ആദ്യം ഒന്നു ഞെട്ടി. അതു വേണോ.

ശനിയാഴ്ച രണ്ടു പെഗ്ഗ്‌ വിസ്കി കഴിക്കുമെങ്കിലും ഇതുവരെ ഈ വഴിക്ക്‌ ചിന്തിച്ചിട്ടില്ല.

ആദ്യമായതിന്റെ ഒരു പേടിയും ചമ്മലും ഉണ്ടായിരുന്നു. പക്ഷേ ഒരാളും അറിയില്ലെന്നും സംഗതി ടോപ് സീക്രട്ട് ആയിരിക്കുമെന്നും പറഞ്ഞപ്പോള്‍ ഒന്നു നോക്കിയാലോ എന്നു തന്നെ തീരുമാനിച്ചു.

പിന്നെ ലീവ് എടുത്തു. പക്ഷേ വീട്ടില്‍ നിന്നും എങ്ങനെ മാറി നില്‍ക്കും. മകന്‍ ബോര്‍ഡിങ്ങിലാണ് അവന്‍ ഉടനെ വരില്ല. ഭാര്യയോടെന്തു പറയും പെട്ടെന്നാണ് ഒരു അന്വേഷണ റിപ്പോര്‍ട്ടിന്റെ കാര്യം മനസ്സില്‍ തടഞ്ഞത്‌.

ഒരുവിധത്തില്‍ അവളെ പറഞ്ഞു വിശ്വസിപ്പിച്ചു.

അടുത്ത രണ്ടു ദിവസം ആകെയൊരു ഉന്മാദത്തിലായിരുന്നു. ജീവിതത്തില്‍ ആദ്യമായി ഒരു അന്യ സ്ത്രീയുടെ കൂടെ. ഇതു വരെ അങ്ങനെ ഒന്നും ചെയ്തിട്ടില്ല. അവസരം കിട്ടാഞ്ഞിട്ടല്ല.

പക്ഷേ ആവഴിക്ക്‌ ചിന്തിച്ചിട്ടില്ല. തന്റെ പദവി ആയിരുന്നു മുഖ്യം.

വീട്ടില്‍ എന്തിനും വഴങ്ങുന്ന ഭാര്യ ഉണ്ട്‌. എങ്കിലും വയസ്സായപ്പോള്‍ വേറിട്ട് ചിന്തിക്കാന്‍ തുടങ്ങിയിരുന്നു.

എന്നാലും മനസില്‍ പോലും ഇങ്ങനെ ഒരു ചാന്‍സിനെക്കുറിച്ചു ചിന്തിച്ചിരുന്നില്ല.

എല്ലാം പ്ലാന്‍ ചെയ്തതു പോലെ നടന്നു, എയർപോര്‍ട്ടില്‍ ചെല്ലുമ്പോഴും ഒരു പേടി ഉണ്ടായിരുന്നു.

ആരെങ്കിലും കണ്ടാലോ. ബോംബെയിലേക്കൊരു യാത്ര തന്നെ കളവു പറഞ്ഞാണ്‌. ഇനിയും പരിചയക്കാരെ കണ്ടാല്‍ കുഴപ്പമാവും. എന്നാലും വീട്ടില്‍ ഭാര്യ അറിയുമെന്ന ഭയം വേണ്ട.

അവളൊന്നും അറിയില്ല.

എയര്‍ ഹോസ്റ്റസ് വെള്ളവുമായി വന്നു. വെള്ളം കുടിച്ചപ്പോള്‍ അല്പം ആശ്വാസമായി. എങ്കിലും ആ സംഭവങ്ങള്‍ മനസ്സില്‍ നിന്നും മായുന്നില്ല.

എന്തു സന്തോഷത്തോടെയായിരുന്നു ഹോട്ടെലില്‍ എത്തിയത്. തമ്പി ഹോട്ടെലില്‍ നേരത്തെ എത്തിയിരുന്നു. ഉടന്‍ തന്നെ റൂമില്‍ എത്തി. ഒരു സ്യുട്ടു അയാള്‍ ബുക്കു ചെയ്തിരുന്നു. അടുത്ത ഒരു മണിക്കുറിനകം സുന്ദരിക്കുട്ടി എത്തുമെന്നറിഞ്ഞപ്പോള്‍ ആകെ കുളിരുകോരി.

അയാളെ ഉടന്‍തന്നെ പറഞ്ഞയച്ചു. പിന്നെ ഫ്രെഷ് ആയി അവള്‍ക്കായി കാത്തിരുന്നു.

ആഘോഷത്തിനു കൊഴുപ്പു കൂട്ടാന്‍ ഫ്രിഡ്ജിലിരുന്ന വിസ്കിയുടുത്തു ചെറുതായി സിപ്പ് ചെയ്തുകൊണ്ടിരുന്നു. അവള്‍ അല്പം താമസിച്ചു.

സമയം പോകുംതോറും സിരകളില്‍ മദ്യം വീര്യം പകരുന്നുണ്ടായിരുന്നു.

അല്‍പസമയത്തിനകം കതവിനു മുട്ടു കേട്ടു ഞാന്‍ തന്നെ കതകുതുറന്നു. എനിക്കാകെ ഒരു അന്ധാളിപ്പായിരുന്നു. സാരിയില്‍ പൊതിഞ്ഞ ഒരു സുന്ദരി വാതില്‍കല്‍. പ്രതീക്ഷിച്ചതിലും ചെറുപ്പം.

കാഴ്ചയില്‍ത്തന്നെ ഒരു വശ്യതയുണ്ട്‌. ഞാന്‍ കണ്ണു മിഴിച്ചു നോക്കിനീല്‍കുമ്പോള്‍ അവള്‍ കുലുങ്ങിച്ചിരിച്ചു കൊണ്ട്‌ റൂമിലേക്ക് കയറി.

ഞാന്‍ വാതില്‍കല്‍ തന്നെ തരിച്ചു നില്കുകയായിരുന്നു. ആകെ ഒരു വല്ലാത്ത മോഹവലയത്തില്‍ പെട്ടതു പോലെ. മനസില്‍ ആവേശം നുരയിടുന്നുണ്ടായിരുന്നു. കിടക്കയിലിരുന്ന അവള്‍ പിന്നെയും ചിരിച്ചു. ചുണ്ടില്‍ നിന്നും മുത്തു പൊഴിയുന്നതു പോലെ പറഞ്ഞു “ കണ്ടു നില്കുന്നതേയുള്ളോ അതോ എന്നെ വാരി പുണരുന്നോ” ആ വാക്കുകള്‍ ഏതോ സ്വപ്ന ലോകത്തുനിന്നെന്നതു പോലെയാണ് ഞാന്‍ കേട്ടത്‌.

ഞാനവളുടെ അടുത്തേക്ക്‌ വന്നു. കതകടയ്ക്കുവാന്‍ പോലും മറന്നു പോയിരുന്നു.

അവള്‍ ഒരു ചെറിയ പരിഭവത്തോടെ, എഴുന്നേറ്റ്‌ കതകടച്ചു, പിന്നെ എന്റെ അടുത്തെത്തി കെട്ടിപ്പിടിച്ചു.

കവിളിലും ചുണ്ടിലും ചുംബിച്ചു. ഞാന്‍ ആകെ പുളകിതനായി നില്‍കുകയായിരുന്നു. മനസില്‍ ആദ്യം തന്നെ തമ്പിക്കു നന്ദി പറഞ്ഞു.

അവളുടെ ഒരു പ്രത്യേക ഗന്ധം അവിടെയൊക്കെ നിറഞ്ഞു നിന്നിരിന്നു. ഞാന്‍ ഒരു ഉന്മാദ അവസ്ഥയലായിരുന്നുവെന്നു പറയാം. തലക്കുയ്ക്കു ഒരു മന്ദത ബാധിച്ചതു പോലെ. പതുക്കെ മാറില്‍ നിന്നും സാരി അവള്‍ മനപ്പൂര്‍വം താഴേക്കിട്ടു .

പിന്നെ എന്നില്‍ പടര്‍ന്നു കയറുകയായിരുന്നു.

ഏതോ ഒരു നിമിഷത്തില്‍, വിവസ്ത്രയായ അവളില്‍ ഒട്ടിച്ചേരുമ്പോള്‍ ആവേശം ഇരട്ടിച്ചു.

എപ്പോഴോ ഒരു വികാരത്തള്ളലില്‍ അവളുടെ നിംമ്നോന്നതങ്ങളില്‍ ദന്ത ക്ഷതങ്ങള്‍ വീണപ്പോള്‍ അവള്‍ ക്ഷുഭിതയായി.

എന്നെ കുടഞ്ഞ്‌ താഴെയിട്ടു. അവള്‍ ആകെ ക്രുദ്ധയായി കാണപ്പെട്ടു. ഞാന്‍ അതു കാര്യമാക്കിയില്ല.

പിന്നെയും അവളില്‍ പടര്‍ന്നു കയറാനുള്ള ആവേശമായിരുന്നു, പക്ഷേ അവള്‍ തന്നെ പിടിച്ചു തള്ളിത്താഴെയിട്ടു. ഞാന്‍ കൂടുതല്‍ ആവേശത്തോടെ അവളിലേക്കടുക്കാന്‍ ശ്രമിക്കുമ്പോഴേക്കും, അവള്‍ ചെരുപ്പ്‌ കൈയ്യിലെടുത്ത്‌ അടുത്തേക്ക്‌ വരുന്ന കാഴ്ച്ച കണ്ണില്‍ തടഞ്ഞു.

അതെന്റെ സര്‍വ നിയന്ത്രണങ്ങളെയും മാറ്റി മറിച്ചു.

എനിക്ക്‌ നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു.

ഞാന്‍ അവളോട്‌ ആക്രോശിച്ചു. “ എടീ നീ എന്നെ കൈവെക്കും അല്ലേ” പിന്നെ വായില്‍ വന്ന ചീത്ത വിളിച്ചു.

അവളും വിട്ടില്ല ഉച്ചത്തിലെന്തോ പറഞ്ഞു കൊണ്ട്‌ അവളും അടുത്തേക്ക്‌ വരുന്നതു കണ്ടു. എനിക്ക്‌ സഹിക്കാവുന്നതിലും അധികമായിരുന്നു അത്.

അവള്‍ സാരി വലിച്ചു ചുറ്റി പോകാനുള്ള തയാറെടുപ്പിലായിരുന്നു. “ കാശു തന്നെങ്കില്‍ അതു മുതലാക്കാനും എനിക്കറിയാം. ഞാന്‍ ആരാണെന്ന് നിനക്കാറിയോമോ. ഒരു ജഡ്‌ജി ആണ്. നിന്നെ എന്തു ചെയ്യണമെന്ന് എനിക്കറിയാം” ഞാന്‍ വീണ്ടും അവളെ കടന്നു പിടിക്കാനുള്ള ആവേശത്തിലായിരുന്നു.

അവള്‍ ഹിന്ദിയില്‍ കുറേ ചീത്ത പറഞ്ഞു. പിന്നെ ചെരിപ്പുമായ് അടുത്തു. ഞാന്‍ ആകെ കേട്ടത്‌ ഇത്രമാത്രം “ നിങ്ങള്‍ ജഡ്‌ജി ആയിരിക്കും. അതു കോടതിയില്‍. ഇപ്പോ എന്റെ മുന്‍പില്‍ നിങ്ങള്‍ വെറുമൊരു ഞരമ്പു രോഗി”

എനിക്കത് വലിയ അപമാനമായി തോന്നി. ഞാന്‍ അവളുടെ അടുത്തേക്ക്‌ വീണ്ടും അടുത്തു. പക്ഷേ അവള്‍ പെട്ടെന്നു പറഞ്ഞു. “ ഞാനിപ്പോള്‍ പോലീസിനെ വിളിക്കും, ആള്‍കാരെ വിളിച്ചു കൂട്ടും.

തന്നെ ഞാന്‍ കാണിച്ചു തരാം”

ഞാന്‍ ഒന്നു ഞെട്ടി. ഇവള്‍ ആകെ കുഴപ്പിക്കുമല്ലോ. ഞാന്‍ എന്റെ അവസ്ഥ ഒന്നു ആലോചിച്ചു പോയി.

അവള്‍ ആള്‍ക്കാരെ വിളിച്ചാല്‍ അതു വാര്‍ത്തായാകും. ആരെങ്കിലും അറിഞ്ഞാല്‍ അതു കുഴപ്പമാകും.

എനിക്ക്‌ തലയിലൊരു പെരുപ്പു തോന്നി. ഞാന്‍ ഉടനെ തന്നെ പേര്‍സില്‍ നിന്നും കുറേ രൂപയെടുത്ത് അവളുടെ നേരെ നീട്ടി. പിന്നെ അപേക്ഷിക്കുന്നതു പോലെ പറഞ്ഞു. “ എനിക്കൊരു അബദ്ധം പറ്റി.

നീ പ്രശ്നമുണ്ടാക്കരുത്‌ വേഗം പോക്കോ” അവള്‍ എന്റെ നേരെ ക്രൂരമായി നോക്കി. അവളുടെ കണ്ണുകളില്‍ വല്ലാത്ത ദേഷ്യം ഉണ്ടായിരുന്നു.

ഞാന്‍ ആ നോട്ടുകള്‍ അവളുടെ കൈകളില്‍ പിടിപ്പിക്കാന്‍ ശ്രമിച്ചു, ദേഷ്യത്തോടെ അവളത്‌ എന്റെ നേരെ വലിച്ചെറിഞ്ഞു. പിന്നെ കുറേ ചീത്ത പറഞ്ഞിട്ട്‌ അവിടെനിന്നും ഇറങ്ങിപ്പോയി.

ഞാന്‍ തരിച്ചുനില്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഒരു തിരിച്ചറിവ് മനസ്സില്‍ വല്ലാത്ത ഭയം ജനിപ്പിച്ചു. അടുത്ത നിമിഷം ഞാന്‍ ആകെ ചകിതനായി. ഇനിയും അവള്‍ പുറത്തു പോയി ആള്‍ക്കാരെ അറിയിച്ചാല്‍. എനിക്കറിയാം അവള്‍ വളരെ ക്ഷുഭിതയായാണ്‌ പോയത്.

നോക്കിനില്‍കാന്‍ സമയം ഇല്ല. ഞാന്‍ ഒരു ജഡ്‌ജി ആണ്. വളരെ ഉയര്‍ന്ന പോസ്റ്റില്‍ നില്‍കുന്ന ആള്‍.

ആള്‍ക്കാരറിഞ്ഞാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.

പിന്നെ അവിടെനിന്നും രക്ഷപ്പെടുക മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. എത്രയും വേഗം വീട്ടിലെത്തുക.

എന്റെ ഭാര്യയെങ്ങാനും അറിഞ്ഞാലോ. തലയില്‍ ഇടിത്തി വീണതുപോലെയാണ് തോന്നിയത്.

ഭാര്യയുടെ മുഖം എന്റെ മനസിലേക്ക് ഓടിയെത്തി.

അവള്‍ അറിഞ്ഞാല്‍ … ഇതുവരെ അവള്‍ക്ക് എന്നെക്കുറിച്ചു ഒരു മോശം അഭിപ്രായവുമില്ല.

അതിനിടകൊടുത്തിട്ടില്ല. ആലോച്ചിക്കുമ്പോള്‍ പോലും ഒരു തളര്‍ച്ച തോന്നി.

അവള്‍ അറിഞ്ഞാല്‍ ഇതുവരെയുണ്ടായിരുന്ന മുഖം അവളുടെ മുന്‍പില്‍ അഴിഞ്ഞു വീണാല്‍.

ഹോ അതാലോചിക്കാന്‍ വയ്യ.

പിന്നെ എന്റെ മനസിലേക്ക് ഒരു കുളിര്‍മഴയായി അവള്‍ വന്നു. എന്റെ ഭാര്യ. ശരിക്കും അവളെക്കുറിച്ചു ഇപ്പോഴാണ് ഒന്നു ചിന്തിക്കാന്‍ തോന്നിയത്. ഒരു പാവമല്ലേ അവള്‍. ഇതു വരെ എന്നെ ഒരു നോട്ടം കൊണ്ടു പോലും അലോസരപ്പെടുത്തിയിട്ടുണ്ടോ. എന്റെ എല്ലാ ആഗ്രഹത്തിനും മുന്‍പില്‍, ആവശ്യങ്ങള്‍ക്കും മുന്‍പില്‍ സ്വയം അര്‍പ്പിക്കുകയല്ലേ അവള്‍ ചെയ്തിട്ടുള്ളൂ. അവളുടെ ആഗ്രഹങ്ങളോ ആവശ്യങ്ങളോ ഇന്നേവരെ ഞാൻ ശ്രദ്ധിച്ചിട്ടില്ല.

ഞാന്‍ ആരോ ആണെന്ന ധാരണ വച്ചു പുലര്‍ത്തി അവളെ വരുതിയില്‍ കൊണ്ടുവരാനല്ലേ ശ്രമിച്ചിട്ടുള്ളൂ.

അവള്‍ ഇന്നു വരെ എന്തെങ്കിലും മറുത്തു പറഞ്ഞതായി ഓര്‍മയിലില്ല. ഒരു നാട്ടുംപുറത്തുകാരി പാവം പെണ്ണ്. ഇപ്പോള്‍ അവള്‍ എന്റെ മനസ്സില്‍ ഒരു തണുത്ത ഓര്‍മ പോലെ ഒഴുകി ഇറങ്ങകുയായിരുന്നു.

ആദ്യമായി എനിക്കവളോട്‌ അനുകമ്പ തോന്നി.

അവള്‍ ഇതുവരെ എന്തിനെങ്കിലും പ്രതികരിച്ചിട്ടുണ്ടോ.

എല്ലാം എനിക്കുവേണ്ടി സഹിക്കുകയായിരുന്നില്ലേ.

എന്റെ പദവി മാത്രമായിരുന്നു എനിക്ക്‌ വലുത്. ഒരു ജഡ്‌ജി ആണ് ഞാന്‍ എന്നു എപ്പോഴും അഹങ്കരിച്ചിരുന്നില്ലേ. ദേഷ്യപ്പെടുമ്പോഴും ആജ്ഞാപിക്കുമ്പോഴും അവള്‍ അതെല്ലാം മനസാ അംഗീകരിക്കുകായിരുന്നില്ലേ. അങ്ങനെ ഒരാള്‍ക്കു കഴിയുമോ. ഒരിക്കലെങ്കിലും എന്റെ മുരട്ടു സ്വഭാവത്തില്‍ അവള്‍ പൊട്ടിത്തെറിക്കാന്‍ ആഗ്രഹിച്ചിരുന്നിരിക്കുമോ. എനിക്ക്‌ ഒരു വല്ലായ്മ തോന്നി. അവള്‍ എന്റെ ഭാര്യ ആണ്. അതു കൊണ്ട്‌. അവള്‍ ഒരു സ്ത്രീ അല്ലാതാവുന്നില്ല.

അവള്‍കും അവളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും.

വിചാരങ്ങളും ഉണ്ടാവില്ലേ. ഞാന്‍ ഒരു ധര്‍മ്മസങ്കടത്തില്‍ ആയിരുന്നു. സ്വന്തം ഭാര്യയെ ഇതു വരെ ഇങ്ങനെ കാണാന്‍ ശ്രമിച്ചിട്ടില്ല.

എല്ലാം തന്റെ തെറ്റ്. എപ്പോഴും എന്റെ ഇംഗിതം, എന്റെ കാഴ്ചപ്പാട്‌, എന്റെ ആവശ്യങ്ങള്‍ അതു മാത്രമേ ഞാന്‍ ചിന്തിച്ചുള്ളൂ. അപ്പോള്‍ എന്റെ മനസിലേക്ക് ഒരു ഭയം ഓടിക്കയറുന്നുണ്ടായിരുന്നു.

വികാരത്തിന്റെ വേലിയേറ്റത്തിലുണ്ടായിട്ടുള്ള ദന്ത ക്ഷതങ്ങള്‍. ഇതൊക്കെ പ_തിവുകള്‍ തന്നെ.

പക്ഷേ അവള്‍ ഇതു വരെ മറുത്തൊന്നും പറഞ്ഞിട്ടില്ല. എല്ലാം എനിക്കുവേണ്ടി. ശരീരം തളരുന്നത്‌ പോലെ എനിക്കു തോന്നി.

പ്ലേന്‍ ലാന്‍ഡ്‌ ചെയ്യാനുള്ള അറിയിപ്പു വന്നു. ഞാന്‍ കണ്ണു തുറന്നു. ബാഗും എടുത്തു പുറത്തിറങ്ങുമ്പോഴും മനസിലെ വ്യഥ മാറിയിരുന്നില്ല.

ഭാര്യയെ എങ്ങനെ അഭിമുഖീകരിക്കും. എന്നും തന്റെ ഇംഗിതത്തിനു മാത്രം ജീവിച്ചിരുന്ന ആ പാവത്തിനെ ഒരൂനിമിഷമെങ്കിലും മറന്നുവല്ലോ.

അവള്‍ അതറിഞ്ഞാല്‍, തന്നെ ഒഴിവാക്കിപ്പോയാല്‍, എനിക്ക്‌ വല്ലാത്ത വിമ്മിഷ്ടം തോന്നി.

ടാക്സിയില്‍ ഇരിക്കുമ്പോള്‍ എത്രയും വേഗം വീടെത്തണമെന്നു വിചാരിച്ചു.

ഞാന്‍ എന്തു മാത്രം അവളെ വേദനിപ്പിച്ചിരിക്കുന്നു.

ഒരു അവകാശം പോലെ തന്റെ ആഗ്രഹങ്ങള്‍ മാത്രം അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഒരിക്കല്‍ പോലും അവളെ ഒരു സ്ത്രീയായി കാണാന്‍ ശ്രമിച്ചിട്ടില്ല.

തന്റെ ചിട്ടകള്‍, അഭിപ്രായങ്ങള്‍, എല്ലാം അധികാരത്തോടെ അനുസരിക്കുക മാത്രമേ അവള്‍ ചെയ്തിരുന്നുള്ളൂ.

ഒരിക്കലെങ്കിലും അവള്‍ ഒന്നു പൊട്ടിത്തെറിച്ചിരുന്നെങ്കില്‍, ഒന്നു പ്രതികരിച്ചിരുന്നെങ്കില്‍, തനിക്കതു ആലോചിക്കാന്‍ പോലുമാവില്ല.

ഞാന്‍ സീറ്റില്‍ ചാരിക്കിടന്നു. മനസ്സില്‍ അവളോട് ആയിരം പ്രാവശ്യം മാപ്പു പറഞ്ഞു കഴിഞ്ഞിരുന്നു.

“ക്ഷമിക്കൂ” എന്നു ആയിരം വട്ടം ഏറ്റു പറഞ്ഞിരുന്നു.

വീടെത്തിയപ്പോഴും ഇറങ്ങാന്‍ മടിച്ചു ഞാന്‍ കാറിലിരുന്നു. അവള്‍ വാതില്‍ക്കല്‍ വന്നു നില്കുന്നുണ്ടായിരുന്നു. ഞാന്‍ ആ മുഖത്തെ ഭാവം ശ്രധിക്കുകയായിരുന്നു. അതിശയം ആണോ അതോ സന്തോഷമോ. എന്നും അവള്‍ അങ്ങനെ ആയിരുന്നു, എനിക്കെന്ത്‌ തോന്നും എന്നു മാത്രമേ അവള്‍ ചിന്തിച്ചിട്ടുള്ളൂ. ഡ്രൈവര്‍ ബാഗ്‌ എടുത്തു വരാന്തയില്‍ വെച്ചു. അയാളുടെ കാശ് കൊടുത്ത്‌ വരാന്തയിലേക്ക്‌ കയറുമ്പോള്‍ ഞാന്‍ അവളെത്തന്നെ കാണുകയായിരുന്നു. ഇതുവരെ കാണാത്തതുപോലെ, അറിയാത്തതുപോലെ.

സാധാരണ ധൃതി കാണിച്ചു അകത്തേക്ക്‌ കയറി,

ഒന്നും മിണ്ടാതെ പോയിരുന്ന എന്റെ, ഇപ്പോഴത്തെ നോട്ടം അവളെ അതിശയപ്പെടുത്തിയിരിക്കും.

ഞാന്‍ അവളുടെ അടുത്തു ചെന്നു. അവള്‍ മുഖം ഉയര്‍ത്തി എന്നെ നോക്കി. ഞാന്‍ അടുത്തെത്തിക്കഴിഞ്ഞിരുന്നു. അവള്‍ മുഖം താഴ്തി അവിടെ തന്നെ നിന്നു.

പതിവിനു വിപരീതമായി ഞാന്‍ അവളുടെ മുഖം പിടിച്ചുയര്‍ത്തി. അവളുടെ കണ്ണുകളീലേക്കു നോക്കി

അത്ഭുതമായിരുന്നോ അവളുടെ കണ്ണുകളീലപ്പോൾ

പിന്നെ അവളുടെ തലമുടിയില്‍ തഴുകി. അവളെ നെഞ്ചോടു ചേര്‍ത്തു. കവിളിലും നെറ്റിയിലും മാറി മാറി ഉമ്മ വെച്ചു. അവള്‍ ഒന്നു പിടഞ്ഞുവോ, അവളുടെ നെഞ്ചിന്റെ സ്‌പന്ദനം എനിക്ക്‌ കേള്‍കാം.

അവള്‍ കൈകള്‍കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു.

പിന്നെ ഏങ്ങിക്കരഞ്ഞു. വര്‍ഷങ്ങള്‍ തടഞ്ഞു വെച്ച ഒരു നീരരുവി പോലെ, അവള്‍ എന്റെ നെഞ്ചില്‍ വീണു കരഞ്ഞു.

ഞാന്‍ അവളെ ആദ്യമായി അറിയുകയായിരുന്നു.

അവളുടെ സ്നേഹം അറിയുകയായിരുന്നു. അവളുടെ കണ്ണുനീര്‌ എന്റെ മാറില്‍ അലകളുണ്ടാക്കി.

ഞാന്‍ അവളേയും കൊണ്ട്‌ അകത്തേക്ക്‌ നടന്നു.

സൊഫയില്‍ അവളെ എന്റെ അടുത്തു പി_ടിച്ചിരുത്തി. അവളുടെ കണ്ണുകളിലെ തിളക്കം ഞാന്‍ ആദ്യമായി കാണുകയായിരുന്നു.

ഒരു വാടിയ താമരത്തണ്ടെന്നതു പോലെ എന്റെ തോളില്‍ അവള്‍ തല ചായ്ച്ചു. അവളുടെ മിഴികള്‍ തോര്‍ന്നിരുന്നു. ഞാന്‍ പതിയെ അവളുടെ ചെവിയില്‍ പറഞ്ഞു “ക്ഷമിക്കൂ മോളേ” അവള്‍ എന്റെ വായ പൊത്തി. പതിയെ എന്നെ അവളുടെ നെഞ്ചില്‍ അമര്‍ത്തിപ്പിടിച്ചു. ഞാന്‍ അപ്പോള്‍ ഇതുവരെ അറിയാത്ത, ഇതുവരെ കാണാത്ത ഒരു ലോകത്തായിരുന്നു. പിന്നെ എപ്പോഴോ ഞാന്‍ ആ മടിയില്‍ തലവെച്ചു കിടക്കുമ്പോള്‍, അവള്‍ എന്റെ മുടിയിഴകളില്‍ തലോടുമ്പോള്‍, മനസില്‍ ഒരു കുളിര്‍കാലം നാമ്പിടുകയായിരുന്നു.

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : Jayesh Panicker