മഴ പോൽ തുടർക്കഥയുടെ ഇരുപത്തിയൊന്നാം ഭാഗം വായിക്കൂ…

രചന : മഞ്ചാടി

ചുക്കി ചുളിഞ്ഞ് അലങ്കോലമായിരുന്ന മെത്ത വിരി അവൾ കുടഞ്ഞു വിരിച്ചു… പിന്നെയും ചൂലെടുത്ത് ബാക്കി ഭാഗം കൂടി വൃത്തിയാക്കുമ്പോൾ പിറകിലൂടെ ആരോ വന്ന് കെട്ടി പിടിക്കുന്നു… ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ അപ്പു മോനാണ്……

(അപ്പച്ചിയുടെ മകൻ )

മുന്നിലെ കുഞ്ഞരി പല്ലുകളിൽ രണ്ടെണ്ണവും പറിഞ്ഞ് മോണ കാട്ടി ചിരിക്കുന്നുണ്ട്….

“”ഹാ…. ആരിത് ന്റെ അപ്പു മോനോ… മോന് എപ്പഴാ എഴുന്നേറ്റെ… ചേച്ചി മുറീല് വന്നപ്പോ നല്ല ഉറക്കായിരുന്നു…..””

ഒത്തിരി നേരം കരഞ്ഞത് കൊണ്ട് അടഞ്ഞ ശബ്ദമായിരുന്നു ആ പെണ്ണിന്റേത്….മൂക്കിൻ തുമ്പും കവിൾ തടങ്ങളും പിന്നെ ഇരു കണ്ണുകളും ചുവന്നിരിക്കുന്നുണ്ട്…

“”അമ്പിളി ചേച്ചീ…. ഞാൻ പിണക്കാട്ടോ…. ന്നെ കാണാൻ വരുമെന്ന് പറഞ്ഞിട്ട് വന്നില്ലല്ലോ….

ഞാൻ അമ്മയോട് എന്നും ചോദിക്കാറുണ്ട് അമ്പിളി ചേച്ചി എന്നാ വരാ ന്ന്….””

പരിഭവത്തോടെ ചുണ്ട് പുറത്തേക്ക് തള്ളിപ്പിടിച്ചുള്ള ആ കുട്ടി ചെക്കന്റെ വർത്തമാനം കേട്ടവളിൽ നേർത്തൊരു ചിരി വിടർന്നു…

സ്നേഹത്തോടെ…. ഒത്തിരി വാത്സല്യത്തോടെ അവനെ നെഞ്ചോടടക്കി പിടിച്ചു… പിന്നെ ആ കുഞ്ഞി കവിളിൽ കുനിഞ്ഞ് നിന്ന് ചെറുതായൊന്ന് മുത്തി….

“”ആണോടാ…. ചക്കരെ…. ഇപ്പൊ അമ്പിളി ചേച്ചി വന്നില്ലേ… ഇനി നമ്മക്ക് രണ്ട് പേർക്കും കൂടി ഒത്തിരി കളിക്കാവേ….””

“”ആണോ… അപ്പൊ ഇനി അമ്പിളി ചേച്ചി ഒരിക്കലും തിരിച്ചു പോവില്ലേ… എന്നും ന്റെ കൂടെ ഉണ്ടാവോ…””

ആവേശത്തോടെ മിഴികൾ വിടർത്തിയുള്ള അവന്റെ ചോദ്യം ഉള്ളിൽ ഉണ്ടായിരുന്നു ഇത്തിരി സന്തോഷത്തെയും തല്ലി കെടുത്തിയിരുന്നു….

മറുപടി പറയാൻ നാവ് പൊങ്ങുന്നില്ല… തൊണ്ട കുഴിയിൽ ഒരു നോവ് പുറം ചാടാൻ കഴിയാതെ പിടയുന്നു….

“”അതല്ല…. അപ്പു മോന് ബാല വാടിയിലൊക്കെ പോവാറില്ലേ….പുതിയ കൂട്ടുകാരെ ഒക്കെ കിട്ടിയോ….””

മറ്റെന്തൊക്കെയോ പറഞ്ഞവൾ നിറഞ്ഞു തുളുമ്പാൻ വെമ്പി നിൽക്കുന്ന മിഴികളെ ഏറെ പ്രയാസപ്പെട്ട് പിടിച്ചു നിർത്തി…

“”ഉണ്ടല്ലോ… ഒത്തിരി കൂട്ടുകാരെ കിട്ടിയല്ലോ…. ചിക്കുട്ടനും അമ്മാളു കുട്ടിയും വിനു മോനും പിന്നെ ഞാനും നല്ല രസാ… ഞങ്ങൾ നാല് പേരും കൊറേ കൊറേ കളിക്കാറുണ്ട്….ഇനി ഞങ്ങൾ കളിക്കുമ്പോ അമ്പിളി ചേച്ചിയേം കൂടി കൂട്ടാട്ടോ….””

വിരലിൽ എണ്ണം പിടിച്ച് ആവേശത്തോടെ അവൻ പറഞ്ഞു നിർത്തി… ഇടക്കിടെ കിടന്ന് തുള്ളി ചാടുന്നുണ്ട്…. കിടക്കയിൽ കുത്തി മറിഞ്ഞ് വിരിപ്പിൽ വീണ്ടും ചുളിവ് വീഴ്ത്തുന്നവനെ അവളൊന്ന് കെറുവിച്ചു നോക്കി…. അവനെ പിടിക്കാൻ കയ്യെത്തി ആഞ്ഞതും അപ്പച്ചി വിളിച്ചിരുന്നു….

“”അപ്പു…. ടാ ചെക്കാ…. ഇങ്ങു വന്നേ…. വന്ന് ചായ കുടിക്ക്….””

“”ചേച്ചി… അമ്മ വിളിക്കുന്നുണ്ട് ഞാൻ കുറച്ചു കഴിഞ്ഞു വരാട്ടോ… ന്നിട്ട് നമ്മുക്ക് രണ്ട് പേർക്കും കൂടി അരി നെല്ലിക്ക ഉപ്പും മുളകും കൂട്ടി കഴിക്കാം…””

തുള്ളി ചാടി തന്നേ ആ കുഞ്ഞി പയ്യൻ ഓടി പോകുന്നത് കണ്ടു….ഗോവണി പടികൾ ചടപടെ ഇറങ്ങുന്ന ശബ്ദം കാതിലേക്ക് തുളച്ചു കയറുന്നുണ്ടായിരുന്നു…..ഓടി ചെന്നവൾ ആ കൊച്ചു മുറി വാതിൽ അടച്ചു കൊളുത്തിട്ടു….നിലത്തേക്ക് ഊർന്നിരുന്ന് മിഴി നീരിലൂടെ ഉള്ളിലെ വിഷമങ്ങളെ ഒഴുക്കി വിടുമ്പോൾ ഹൃദയം പിടയുകയായിരുന്നു….കഴുത്തിലെ താലി മാലയിൽ ഒരേങ്ങലോടെ മുറുകെ പിടിച്ചിരുന്നു…

പിന്നെ അതിൽ ഭ്രാന്തമായി പലവട്ടം ചുംബിച്ചു….

താനിനി ഒരിക്കലും തിരിച്ചു പോവില്ലേ….!!

തന്നേ കൂട്ടാൻ ഉണ്ണിയേട്ടൻ വരില്ലേ… ഒരിക്കലും വരില്ലേ…. ഒരു നോക്കെങ്കിലും കാണാൻ കൊതി തോന്നുന്നു… കാത്തിരിക്കാൻ വയ്യ..!!ഒട്ടും വയ്യ…!!

നെഞ്ച് വല്ലാതെ നീറുന്നു….നീറി… നീറി പുകയുന്നു….!!

“”ഉണ്ണിക്കുട്ടാ…. അമ്പൂട്ടിയെ തിരികെ കൊണ്ടു പോ…. നീറി… നീറി ഈ പെണ്ണിപ്പോ ചാവാറായി….

നിക്കി വയ്യ… ഉണ്ണിയേട്ടാ….ന്നോട് ഒരു തരി സ്നേഹം പോലും ഇല്ലേ….നിക്കി ഇഷ്ട്ടായിട്ടല്ലേ ഒത്തിരി ഒത്തിരി ഇഷ്ട്ടായിട്ടല്ലേ… ഒരു നിമിഷം പോലും ന്റെ ഉണ്ണിയേട്ടനെ കാണാതെ വയ്യ….””

പൊട്ടി ഒലിക്കുന്ന മിഴികളോടെ ആരോടെന്നില്ലാതെ അവൾ പുലമ്പി കൊണ്ടിരുന്നു…… തിരുമ്മി തിരുമ്മി മുഖാമാകെ നീറ്റലും പുകച്ചിലുമാണ്….

“”ഉണ്ണിയേട്ടാ….”” വീണ്ടുമവൾ വിളിച്ചു…. ഏറെ പ്രണയത്തോടെ….ഉള്ളിൽ കിടന്ന് പിടക്കുന്ന അടങ്ങാത്ത പരിഭവത്തോടെ…..

“”ഉണ്ണിയേട്ടാ……”” സ്ഥലകാല ബോധം നഷ്ടപ്പെട്ടവൾ അലറി വിളിച്ചു….ഉറക്കെ കരഞ്ഞു…തൊണ്ട പൊട്ടി കരഞ്ഞു…ഉണ്ണിയേട്ടനൊപ്പമുള്ള പ്രിയ നിമിഷങ്ങൾ ഓർക്കേ ഹൃദയം പൊട്ടി നിലവിളിച്ചു….

മരവിച്ചിരുന്നു…ആ പെണ്ണാകെ മരവിച്ചിരുന്നു…ഉണ്ണിയേട്ടന്റെ അടുത്തേക്ക് ഓടി പോകണമെന്ന് തോന്നി…. ഇത്രയും നേരം കാണാത്തതിലുള്ള പരിഭവം ആ നെഞ്ചിൽ കിടന്ന് കരഞ്ഞു തീർക്കണമെന്ന് തോന്നി….മുത്തങ്ങൾക്കൊണ്ടവനെ മൂടണമെന്ന് തോന്നി….

ഇനിയും ഇനിയും അവനെ പ്രേമിക്കാൻ തോന്നി…..കാലുകൾക്ക് പിടച്ചിലുണ്ടെങ്കിലും ശരീരം തളർന്നിരുന്നു….ഒരു പാവ കണക്കെ ആ പെണ്ണ് നിലത്തേക്ക് മറിഞ്ഞു വീണു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

മനക്കലെ തറവാട്ടു മുറ്റത്ത് വണ്ടി നിർത്തിയതും ഉണ്ണിയേട്ടൻ പുറത്തേക്ക് ഇറങ്ങിയിരുന്നു…. നേരം സന്ധ്യയോട് അടുത്തു കഴിഞ്ഞു…. മൂവന്തി ചുവപ്പണിഞ്ഞ മേഘ കെട്ടുകൾക്ക് ചന്തമേറിയിരുന്നു….

ആ വലിയ വീടിന്റെ ചുറ്റും അവനൊന്ന് കണ്ണോടിച്ചു…. പടർന്നു പന്തലിച്ചു നിൽക്കുന്ന ആൽമരവും പൂത്തുലഞ്ഞു നിൽക്കുന്ന മുല്ല മരവും…പണ്ട് ആ മുല്ല മര ചോട്ടിലിരുന്ന് തന്റെ കുഞ്ഞി പെങ്ങൾക്ക് ഒത്തിരി മാലകൾ കോർത്തു കൊടുത്തിരുന്നു…. ഓർമ്മകൾ ഒരു മഞ്ഞു കട്ട പോലെ മനസ്സിലേക്ക് പൊഴിഞ്ഞു വീഴുന്നു….ഉള്ളിലൊരു തണുപ്പ് പടർത്തി അലിഞ്ഞില്ലാതാവുന്നു….

മുല്ല വള്ളികൾക്കിടയിലൂടെ ഒരു രൂപമുണ്ട് അവനെ ഒളിഞ്ഞു നോക്കുന്നു…. ചുവന്ന നിറത്തിലുള്ള ദാവണി ചേല ചുറ്റി, സീമന്ത രേഖ കുങ്കുമത്താൽ നീട്ടി ചുവപ്പിച്ച് കണ്ണിൽ ഒത്തിരി പ്രണയം നിറച്ച് നോട്ടമെറിയുന്നുണ്ടവൾ….ആ സുന്ദരി പെണ്ണ്….

കയ്യിൽ പല നിറത്തിലുള്ള കുപ്പി വളകൾ അണിഞ്ഞിട്ടുണ്ട്….

കഴുത്തിൽ നേർത്തൊരു താലി ചിരടും…നാണത്തോടെ കവിളിൽ രക്ത വർണ്ണം പടർത്തിയാ പെണ്ണ് കൈ മാടി വിളിച്ചതും ഏതോ ഒരുൾ പ്രേരണയിലവൻ അവൾക്കരികിലേക്ക് പയ്യെ പയ്യെ ചുവടു വെച്ചു…

“”ഉണ്ണി മോനെ…. വായോ തൊടിയും പറമ്പും ഒക്കെ പിന്നെ കാണാ…. ഇപ്പൊ മോന് ചെന്ന് നന്നായൊന്ന് കുളിച്ച് റെസ്റ്റെടുക്ക്….””

അടച്ചു പൂട്ടിയ വാതിൽ തുറക്കുന്നതിനിടെ പത്മാവതി വിളിച്ചു പറഞ്ഞതും അവനൊന്ന് തിരിഞ്ഞു നോക്കി…. വീണ്ടും മുല്ല വള്ളികൾക്കിടയിലേക്ക് തിടുക്കത്തിൽ കണ്ണ് പായിച്ചെങ്കിലും അവിടം ശൂന്യമായിരുന്നു….ഹൃദയം വല്ലാതെ പിടച്ചു…

ഉച്ചത്തിലുച്ചത്തിൽ പിടച്ചു…

മനസ്സാകെ ആ പെണ്ണ് കീഴടക്കിയിട്ടുണ്ട്….ഓരോ ചിന്തയും ഓരോ വികാരങ്ങളും അവളിൽ തട്ടി നിൽക്കുന്നു… നിരാശയോടെ മുഖം കുനിച്ച് പടികൾ കയറുമ്പോൾ ഉള്ളിലിലെവിടെയോ എന്തോ ആഞ്ഞു കുത്തി നോവ് പടർത്തി കൊണ്ടിരുന്നു….

ആ പെണ്ണ് വെറും തന്റെ സങ്കല്പമാണെന്ന് മനസ്സിനെ വീണ്ടും വീണ്ടും പറഞ്ഞു പഠിപ്പിച്ചു….

എങ്കിലും ഉള്ളിന്റെ ഉള്ളിൽ അവളുടെ മുഖമൊന്ന് നേരിൽ കാണാൻ അജ്ഞാതമായാ പെൺകൊടി സത്യമാണെന്ന് വിശ്വസിക്കാൻ അവൻ വല്ലാതെ മോഹിച്ചു…

മുറി വാതിൽ തുറന്നവൻ മുന്നിലെ കിടക്കയിലേക്ക് തളർച്ചയോടെ മറിഞ്ഞു വീണു….മിഴികൾ ചിമ്മിയച്ച് വെറുതെ അൽപ നേരം കിടന്നു…. ഒരു കുഞ്ഞു പൂ മൊട്ട് തല ഉയർത്തുന്നത് പോലെ നിമിഷങ്ങൾക്ക് മുന്നേ മുല്ല വള്ളികൾക്കിടയിൽ നിന്നിരുന്നാ പെണ്ണിന്റെ മുഖം മനസ്സിലങ്ങനെ വിരിഞ്ഞു വന്നു…. ആദ്യം പീലികൾ തിങ്ങി നിറഞ്ഞ കണ്ണുകൾ…. പിന്നെ മൂക്കിൻ തുമ്പും വിറ കൊള്ളുന്ന അധരങ്ങളും ഏറ്റവുമൊടുക്കം നെറ്റിയിൽ പടർത്തിയ കുകുമവും….. ആ പെണ്ണുടലിന്റെ പൂർണ്ണ രൂപം….

“”””ഉണ്ണിക്കുട്ടൻ നിക്കൊരു മുത്തം തര്വോ… ദേ…. ഇവിടെ….”””””

കാതിൽ അവളുടെ നനുത്ത ചുണ്ടുകൾ സ്വകാര്യം പറയുന്നു….ചൊടികളിൽ അവനറിയാതെ ഒരു ചെറു ചിരി മൊട്ടിട്ടു …കണ്ണിലെ ഗോളങ്ങൾ എന്തിനോ വേണ്ടി അനിയന്ത്രിതമായി ഉഴരുന്നുണ്ടായിരുന്നു….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ശനിയും ഞായറും തിങ്കളും പെട്ടന്ന് കടന്നു പോയി…

ദിവസങ്ങൾ ആഴ്ചകളായി… ആഴ്ചകൾ മാസങ്ങാളായി…. ഒരു പെണ്ണ് കാത്തിരുന്ന് കാത്തിരുന്ന് എരിഞ്ഞു തീരാറായി….ദേഹമാകെ മെലിഞ്ഞൊട്ടി വെറുമൊരു കുഞ്ഞി വിരലിന്റെ അത്രേം ആയിട്ടുണ്ട്…. കൺ തടങ്ങൾ കറുത്തിരുണ്ട് ഒരു മുഴം കുഴിഞ്ഞിരുന്നു….

കണ്ണീരൊഴുക്കി ഉറങ്ങാതെ തള്ളി വിടുന്ന രാത്രികൾ… കഴിച്ചാൽ ഒരു വറ്റ് പോലും ഇറങ്ങില്ല… തൊണ്ട കുഴിയിൽ തന്റെ പ്രാണനെ ഓർത്തുള്ള നോവ് കുടുങ്ങി കിടക്കുകയായിരുന്നു….

ഒത്തിരി നാളായി…. ഒത്തിരി ഒത്തിരി നാളായി ആ മുഖമൊന്ന് കണ്ടിട്ട്… ആ കവിളിലൊന്ന് ചുണ്ട് ചേർത്തിട്ട്…. ആ നെഞ്ചിൽ തല വെച്ചൊന്നുറങ്ങിയിട്ട്…. ഒന്നും വേണ്ട ഒരു നോക്കെങ്കിലും തന്റെ ഉണ്ണിക്കുട്ടനെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ…സുഖമായി ഇരിക്കുന്നോ എന്നറിഞ്ഞിരുന്നെങ്കിൽ അത് മതി… അത് മാത്രം മതി…. ഇനിയുള്ള ജന്മം ഉരുകി തീരാൻ…

ഇപ്പോഴും അലറി വിളിച്ച് ബഹളം വെക്കാറുണ്ടോ…. വല്യച്ഛനും ഭാഗീരനും കൂടി ഒത്തിരി വഴക്ക് പറഞ്ഞ് അടിച്ച് നോവിക്കാറുണ്ടോ….. ഓർക്കുമ്പോൾ കണ്ണങ്ങനെ നിറഞ്ഞൊഴുകും….. കവിളിലൂടെ ചാല് തീർത്ത്….

കൺ പീലികളെ നനച്ച് അണ പൊട്ടി ഒഴുകും……

ഇവിടെ വന്നതിന് ശേഷം അപ്പച്ചി പുറത്തേക്കൊന്ന് ഇറങ്ങാൻ പോലും സമ്മതിച്ചിട്ടില്ല…. എപ്പോഴും ദീർഘ ദൃഷ്ടിയോടെ അപ്പച്ചിയുടെ കണ്ണ് അവളുടെ പിറകെ ഉണ്ടാകും…

കൂട്ടിലിട്ട പക്ഷിയെ പോലെ ഒരു മനസ്സമാധാനവും ഇല്ലാതെ നീറി ജീവിക്കുന്നു….ഉണ്ണിയേട്ടനെ കാണാൻ വല്ലാതെ കൊതി തോന്നുമ്പോൾ കണ്ണടച്ചിരിക്കും..

അപ്പോൾ കാണാം ചുണ്ട് കൂർപ്പിച്ച് കണ്ണിൽ ഒത്തിരി കുറുമ്പ് നിറച്ച് തന്നേ നോക്കുന്ന ഉണ്ണിക്കുട്ടനെ….

പത്മാവാതിയും കൂട്ടരും ഉണ്ണിയേട്ടനും ഗായത്രിയും തമ്മിലുള്ള വിവാഹം നടത്താനുള്ള തത്രപ്പാടിലായിരുന്നു…. നിയമപരമായി ഉണ്ണിയേട്ടനും അമ്പിളിയും തമ്മിലുള്ള ബന്ധം വേ_ർപ്പെടാൻ ഇനി വെറും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു…..ഒന്നുമറിയാതെ ആ പെണ്ണ് ഉണ്ണിയേട്ടൻ അവളെ കൂട്ടാൻ ഇന്ന് വരും നാളെ വരും എന്നോർത്ത് ഒരു പൊട്ടിയെ പോലെ കാത്ത് കാത്ത് ഇരിക്കുന്നു…

ഉണ്ണിയേട്ടനപ്പോഴും ആ മുഖത്തെ മനസ്സിലിട്ട് താലോലിച്ചു നടന്നു…ഉണരുമ്പോൾ ആദ്യം ഓർക്കുന്നതും രാത്രി കണ്ണടക്കുമ്പോൾ അവസാനം മുന്നിൽ തെളിയുന്നതും അവളുടെ മുഖം…തന്റെ ഭാര്യാണെന്നവനറിയില്ല….

ആ ഭ്രാന്തുണ്ടായിരുന്നവനോർമ്മയില്ല…. അവളാരാണോ… എന്താണോ… ഒന്നും….

കല്ലിൽ കൊതി വെച്ച പോലെ…..വെറുമൊരു മുഖം മാത്രം….!!

ആരോടെങ്കിലും അവളെ പറ്റി ചോദിക്കണമെന്നുണ്ട്… പക്ഷെ എന്ത് ചോദിക്കും എങ്ങനെ ചോദിക്കും….

ഗായത്രി ഉണ്ടായിരുന്നെങ്കിൽ അവളോടെങ്കിലും തന്റെ മനസ്സൊന്ന് തുറക്കാമായിരുന്നു…. പക്ഷെ അവിടെയും പത്മാവതി തടസ്സമിട്ടു…ചെറിയമ്മയെയും ഗായുവിനെയും മനക്കലെ തറവാട്ടുകാരുടെ ഉടമസ്ഥതയിൽ തന്നെയുള്ള മറ്റൊരു വീട്ടിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്…. തറവാട്ടിൽ അറ്റകുറ്റ പണിയാണെന്ന് കള്ളം പറഞ്ഞു കൊണ്ട്…

ഉണ്ണിയേട്ടനുമായുള്ള വിവാഹത്തെ പറ്റി ഗായത്രിയോടും ആ പെണ്ണിന്റെ അമ്മയോടും ഒന്നും പറഞ്ഞിരുന്നില്ല… അന്യ നാട്ടിലുള്ള അനന്ത വർമ്മയോട് (ചെറിയച്ഛൻ )മാത്രം പത്മാവതി കാര്യങ്ങൾ അവതരിപ്പിച്ചു… ആ വിവാഹത്തിന് പിന്നിലുള്ള ഗൂഡ ലക്ഷ്യങ്ങളെ മറച്ചു വെച്ചു കൊണ്ട് … ഒരുപാട് തവണ അയാൾ എതിർക്കാൻ ശ്രമിച്ചെങ്കിലും അമ്മയുടെ തീരുമാനങ്ങൾക്കൊരു വിലങ്ങു തടിയാവാൻ ആ മകന് കഴിയുമായിരുന്നില്ല..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

പണികളൊക്കെ ഒരുക്കി വെച്ച്….മേശക്കുമുകളിൽ മുഖമാമർത്തി വെറുതെ കിടക്കുകയായിരുന്നു
അമ്പൂട്ടി…പെട്ടന്നുണ്ട് അപ്പു മോൻ വന്ന് തട്ടി വിളിക്കുന്നു…

“”ചേച്ചി… വായോ… നമ്മുക്ക് ആ പുളി മര ചോട്ടിൽ ഒന്ന് പൂവാം… നിറയെ ചക്കര പുളി കായ്ച്ചിട്ടുണ്ട് ന്ന്… ഇന്നലെ ന്നോട് ചിക്കുട്ടൻ പറഞ്ഞിരുന്നു വാ ചേച്ചി…””

കയ്യിൽ പിടിച്ചു വലിച്ചവളെ എഴുന്നേൽപിക്കാൻ നോക്കുന്നുണ്ടാ കുട്ടി ചെക്കൻ… മുഷിപ്പോടെ അമ്പിളി പെണ്ണാവനെ ഒരു നോട്ടമായിരുന്നു…

“”വേണ്ട അപ്പൂസേ… നിന്റെ അമ്മ കണ്ടാ ന്നെ വഴക്ക് പറയും… നിനക്കും കിട്ടും ആ ചൂരൽ കൊണ്ട് രണ്ടടി… വേണ്ട..””

“”ഇല്ല ചേച്ചി.. അമ്മ ഇപ്പം ഇവിടെ ഇല്ല…. പലചരക്ക് കടയിലോട്ട് പോയേക്കുവാ…അമ്മ വരുന്നതിന് മുന്നേ നമ്മുക്ക് മടങ്ങാം..””

ഇല്ലെന്ന് ഒത്തിരി തവണ പറഞ്ഞേക്കിലും അപ്പു മോൻ അവളെയും വലിച്ച് പുറത്തേക്ക് നടന്നിരുന്നു…പുളി മര ചുവട്ടിലേക്ക് പോകുന്ന വഴിയിൽ വീണ്ടുമാ പെണ്ണ് കണ്ടു… താനേറ്റവും കൂടുതൽ വെറുക്കുന്നവനെ…

ഭദ്രനെ….

തുടരും…

ഇഷ്ട്ടായോ…. പിന്നെ സപ്പോർട്ടിന് ഒത്തിരി നന്ദി തുടർന്നും പ്രതീക്ഷിക്കുന്നു…അഭിപ്രായങ്ങൾ പറയണേ… കാത്തിരിക്കുന്നു….

ലൈക്‌ ചെയ്യാൻ മറക്കണ്ടാട്ടോ…

രചന : മഞ്ചാടി


Comments

Leave a Reply

Your email address will not be published. Required fields are marked *