മഴ പോൽ, തുടർക്കഥ, ഭാഗം 22 വായിക്കുക….

രചന : മഞ്ചാടി

“”ഇല്ല ചേച്ചി.. അമ്മ ഇപ്പം ഇവിടെ ഇല്ല…. പല ചരക്ക് കടയിലോട്ട് പോയേക്കുവാ…അമ്മ വരുന്നതിന് മുന്നേ നമ്മുക്ക് മടങ്ങാം..””

ഇല്ലെന്ന് ഒത്തിരി തവണ പറഞ്ഞെങ്കിലും അപ്പു മോൻ അവളെയും വലിച്ച് പുറത്തേക്ക് നടന്നിരുന്നു…പുളി മര ചുവട്ടിലേക്ക് പോകുന്ന വഴിയിൽ വീണ്ടുമാ പെണ്ണ് കണ്ടു… താനേറ്റവും കൂടുതൽ വെറുക്കുന്നവനെ…

ഭദ്രനെ….

ആദ്യമവളൊന്ന് പതറിയെങ്കിലും ഉള്ളിലെ ഭയത്തെ മറച്ചു പിടിച്ചവൾ…. അപ്പു മോന്റെ കൈകളിൽ ഇറുകെ പിടുത്തമിട്ട് മറ്റെങ്ങും ശ്രദ്ധിക്കാതെ മുന്നോട്ട് ചലിച്ചു… അപ്പോഴേക്കും വഴിയിൽ ഒരു തടസ്സമായി ഭദ്രൻ അവൾക്ക് മുന്നിൽ നിലയുറപ്പിച്ചിരുന്നു….

ആരോ അവനെ നന്നായൊന്ന് പെരുമാറിയിട്ടുണ്ട് എന്ന് തോന്നുന്നു… വേച്ചു വേച്ചാണ് നടക്കുന്നത്…

ഇടത്തേ കൈ ഒടിഞ്ഞ് പ്ലാസ്റ്ററിട്ട് മൂടിയിട്ടുണ്ട് കൂടെ തലയിൽ വലിയൊരു കെട്ടും…

“”ആഹാ… ആരിത്… മനക്കലെ തറവാട്ടിലെ ഇളയ മരുമകൾ അമ്പിളിയോ…. എന്താടി മോളെ നിന്നെ അവര് പടി അടിച്ച് പിണ്ഡം വെച്ചോ… ഹാ ഏതായാലും ആ വട്ടൻ നിന്നെ ഒഴിവാക്കിയ സ്ഥിതിക്ക് നീ ന്റെ കൂടെ പോര്…നമ്മക്കങ്ങ് വിലസാടി “”

വഷളൻ ചിരിയോടെയുള്ള അവന്റെ സംസാരം അമ്പിളിക്കുള്ളിൽ അരിശം നിറക്കുന്നുണ്ടായിരുന്നു….

ദേഷ്യത്താൽ ആ മൂക്കിൻ തുമ്പ് ചുവന്ന് തുടുത്തു…

“”ച്ചീ നിർത്തെടോ….മനക്കലെ തറവാട്ടിലെ കാർത്തിക്ക് വർമ്മ കെട്ടി തന്നൊരു താലിയുണ്ട് എന്റെ കഴുത്തിൽ… വെറുതെ പ്രശ്നമുണ്ടാക്കാതെ പോ ഭദ്രാ…””

“”ഓ… അങ്ങനെ… എന്നാലേ നീ കേട്ടോ നിന്റെ കഴുത്തിൽ കിടക്കുന്നാ താലിയുണ്ടല്ലോ അതിനധികം ആയുസ്സുണ്ടാവില്ല… മനക്കലെ തറവാട്ടുകാര് തന്നേ അറുത്തു മാറ്റിക്കോളും.. പിന്നെ എന്നെ ഈ അവസ്ഥയിലാക്കിയത് നീ ഒറ്റൊരുത്തി കാരണമാ…

അത് കൊണ്ട് മോളെ ഈ ഭദ്രൻ പക തീർത്തിരിക്കും… നിന്റെ ഈ മെയ്യ് അത് പണ്ടേ ഈ ഭദ്രൻ നോട്ടമിട്ടതാ…””

“”ഹും… എല്ലാം നിന്റെ പാഴ് സ്വപ്നങ്ങളാണ് ഭദ്രാ… ഒന്നും നടക്കാൻ പോകില്ല… പണ്ട് നിന്റെ ഭീഷണിയിൽ ഞാൻ ഒരുപാട് പേടിച്ചിരുന്നു… എന്നാൽ ഇന്നങ്ങനെ അല്ല… എന്നെ സംരക്ഷിക്കാൻ എന്റെ ഭർത്താവുണ്ട്…..മനക്കലെ കാർത്തിക്ക് വർമ്മ…. എനിക്കൊരു പോറല് പോലും ഏൽക്കാൻ അദ്ദേഹം സമ്മതിക്കില്ല….””

ഉറച്ച ശബ്ദത്തോടെയുള്ള ആ പെണ്ണിന്റെ സംസാരത്തിൽ ഭദ്രൻ ചെറുതായൊന്ന് പതറി എങ്കിലും അലറി കൊണ്ടവളുടെ അടുത്തേക്ക് പാഞ്ഞു ചെന്നു… പക്ഷെ കാലിലുണ്ടായിരുന്ന മുറിവ് കാരണം അവൻ നിലം പതിച്ചിരുന്നു… ആ സമയം കൊണ്ട് പേടിച്ചു വിറച്ചു നിൽക്കുന്ന അപ്പു മോനെയും കൊണ്ട് അമ്പിളി തിടുക്കത്തിൽ വീട്ടിലേക്കോടി…

ആ പെണ്ണിന്റെ ഹൃദയം പെരുമ്പറ മുഴക്കുകയായിരുന്നു… ഉള്ളിലെ വിഭ്രാന്തി കാരണം നെറ്റിയിൽ വിയർപ്പു തുള്ളികൾ പൊടിഞ്ഞിട്ടുണ്ട്…എന്തൊക്കെയോ അവന്റെ മുന്നിൽ വിളിച്ചു കൂവി എന്നേയുള്ളു…

പക്ഷെ ഉള്ളിൽ വെറും ഭയമാണ് അടങ്ങാത്ത ഭയം….ഓരോ നാടി ഞരമ്പിനേയും വല്ലാത്തൊരു ശക്തിയോടെ ഭയം വരിഞ്ഞു ചുറ്റുന്നത് പോലെ തോന്നിയവൾക്ക്….

വാതിൽ പൊളി തുറന്ന് ഓടിട്ട ആ കൊച്ചു വീടിന്റെ അകത്തേക്ക് കയറിവൾ നടു മുറിയിലെ മേശ പുറത്തിരുന്ന മൺകൂജയിലെ വെള്ളം ആർത്തിയോടെ കുടിച്ചു…. അപ്പോഴും ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു…

“”നിന്റെ കഴുത്തിൽ കിടക്കുന്നാ താലിയുണ്ടല്ലോ അതിനധികം ആയുസ്സുണ്ടാവില്ല… മനക്കലെ തറവാട്ടുകാര് തന്നേ അറുത്തു മാറ്റിക്കോളും””

കാതിൽ വീണ്ടും വീണ്ടും ആരോ വന്നാ വാക്കുകൾ അലറുന്നു… കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ…

തന്നേ ഇനി ഒരിക്കലും ഉണ്ണിയേട്ടൻ തിരിച്ചു കൊണ്ടു പോവില്ലേ…!!

ഇനി ഒരിക്കലും തനിക്കാ മുഖമൊന്ന് കാണുവാൻ ഭാഗ്യമുണ്ടാവില്ലേ…!!

എത്ര നാളായി കാത്തിരിക്കുന്നു…. ഒരു പൊട്ടിയെ പോലെ… നീറി നീറി മരിക്കാനായി…!!

ഇനിയും വയ്യ… നെഞ്ച് പൊട്ടി പോവുന്നുണ്ട്…!!

ഹൃദയം കീറി മുറിയുന്നുണ്ട്…!!

ഏകാന്തമായി ജീവിക്കാൻ ഇനിയും വയ്യ..!!

“”ഇല്ല… ഞാൻ സമ്മതിക്കില്ല… ഈ താലി മാല ന്റെ യാ അറുത്തു മാറ്റാൻ അമ്പിളി സമ്മതിക്കില്ല..

ന്റെ യാ…””

കഴുത്തിലെ നേർത്ത മഞ്ഞ ചിരടിൽ അവൾ മുറുകെ പിടിച്ചിരുന്നു….മിഴി നീർ ധാരയായ് ഒലിച്ചിറങ്ങുന്നതിനൊപ്പം പുറം ചാടുന്ന എങ്ങലടികൾക്കിടയിലും അവൾ പുലമ്പി കൊണ്ടിരുന്നു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഏതോ പാട്ടിന്റെ വരികൾ മൂളി ഉണ്ണിക്കുട്ടൻ മുറ്റത്തേക്കിറങ്ങി… ചൂണ്ട് വിരലിൽ കുടുകുടുവിന്റെ താക്കോലിട്ട് കറക്കുന്നുണ്ട്….വണ്ടിയിൽ കയറുന്നതിന് മുന്നേ വെറുതെ അവനൊന്ന് പാളി നോക്കി…

തിങ്ങി നിൽക്കുന്നാ മുല്ല വള്ളികളുടെ പിറകിലേക്ക്…. എങ്ങാനും ആ പെണ്ണവിടെ ഉണ്ടെങ്കിലോ…

നാണം കുണുങ്ങി കയ്യിൽ നിറയെ കുപ്പി വളയിട്ട്….കണ്ണിൽ ഒത്തിരി കള്ള പ്രേമം നിറച്ച് ചിലപ്പോൾ ആരും കാണാതെ തന്നേ ഒളിഞ്ഞു നോക്കുന്നുണ്ടാവും….

അറിയാതെ ചുണ്ടിലൊരു ചിരി വന്ന് നിന്നു….ആ ഭ്രാന്തുണ്ടായിരുന്നവന്റെ മനസ്സ് എന്നോ അടിയറവ് പറഞ്ഞിരുന്നു…. സത്യമാണോ മിഥ്യയാണോ എന്ന് പോലും അറിയാത്ത ആ പെൺകൊടിയുടെ മുന്നിൽ….

വെറും സങ്കല്പമാണെന്ന് പല തവണ മനസ്സിനെ പഠിപ്പിച്ചെങ്കിലും വിശ്വസിക്കാൻ ഹൃദയം കൂട്ടാക്കുന്നില്ല…..

അറിയാതെ പ്രേമം ഉള്ളിൽ മുള പൊട്ടി പോയി….

ഗായത്രിയുമായുള്ള വിവാഹത്തിൽ നിന്നും എങ്ങനെയെങ്കിലും പിന്മാറണമെന്ന് അവൻ ഉറച്ച തീരുമാനമെടുത്തിരുന്നു… ഗായത്രി തന്റെ കുഞ്ഞി പെങ്ങളാ….. കുഞ്ഞോളോടൊപ്പം താൻ ഊട്ടിയും ഉറക്കിയും കൊണ്ട് നടന്നിരുന്നവൾ…

വെറുതെ കുടു കുടുവിലൊന്ന് നാട് ചുറ്റാൻ ഇറങ്ങിയതായിരുന്നവൻ…. മെല്ലെ വണ്ടി ഓടിക്കുമ്പോൾ എതിർ ദിശയിൽ നിന്നും ഒരിളം തെന്നൽ പയ്യെ ഒഴുകി വന്നവനെ മൂടി പൊതിഞ്ഞു… ചുണ്ടിലെ ചിരി അപ്പോഴും മാഞ്ഞിരുന്നില്ല… വയറിലൂടെ ആ പെണ്ണിന്റെ കൈ ചുറ്റി പിടിക്കും പോലെ…. തോളിലവൾ തല ചായ്ച്ചു കിടക്കും പോലെ….

ശരീരമാകെ ഒരു തണുപ്പ് പടരുന്നുണ്ടായിരുന്നു….

പേരറിയാത്താ പെണ്ണിനെ കാണാൻ വല്ലാതെ പൂതി തോന്നുന്നു…

പെട്ടന്നുണ്ട് വണ്ടി ഉരുണ്ട് വഴിയിൽ തങ്ങി നിൽക്കുന്നു… ഒത്തിരി തവണ സ്റ്റാർട്ടാക്കാൻ നോക്കി എങ്കിലും ഒരടി മുന്നോട്ട് നീങ്ങുന്നില്ല….കുടുകുടുവിനെ സ്റ്റാന്റിലിട്ടു ഇറങ്ങി നോക്കുമ്പോൾ പിന്നിലെ ടയറിന്റെ കാറ്റഴിഞ്ഞു കിടപ്പുണ്ട്…

ദേഷ്യത്തോടെ നെറ്റിയിലേക്ക് വീണു കിടന്ന മുടിയെ അവൻ കയ്യിൽ കോരിയെടുത്തു…

“”ച്ചീ നിർത്തെടോ….മനക്കലെ തറവാട്ടിലെ കാർത്തിക്ക് വർമ്മ കെട്ടി തന്നൊരു താലിയുണ്ട് എന്റെ കഴുത്തിൽ… വെറുതെ പ്രശ്നമുണ്ടാക്കാതെ പോ ഭദ്രാ…””

ഇടി മുഴക്കം പോലെ ഒരുത്തിയുടെ ഉറച്ച വാക്കുകൾ കാതിൽ പതിഞ്ഞതും അവൻ തറഞ്ഞു നിന്നു പോയി…. തല പെരുക്കുന്നത് പോലെ തോന്നിയവന്… വീണ്ടും വീണ്ടും ചെവിക്കുള്ളിൽ ആ വാക്കുകൾ പ്രതിധ്വനിക്കുന്നു…കണ്ണുയർത്തി നോക്കുമ്പോൾ ദാവണി ചുറ്റി നന്നേ മെലിഞ്ഞൊരു പെണ്ണ് ആരോടോ കയർത്തു സംസാരിക്കുന്നു…റോഡിന്റെ അപ്പുറത്തെ സൈഡിലായിരുന്നവർ….പുറം തിരിഞ്ഞു നിൽക്കുന്നത് കൊണ്ടവന് ആളെ കാണാൻ സാധിക്കുന്നില്ല….ആ പെണ്ണിനോട്‌ ഒട്ടി ചേർന്ന് ഒരു കുട്ടി ചെക്കനുമുണ്ട്…

ഹൃദയം ഉച്ചത്തിൽ… ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു…അവരുടെ അടുത്തേക്കൊന്ന് പോയി നോക്കാൻ കാലുകൾക്ക് പിടച്ചിലുണ്ടെങ്കിലും സാധിക്കുന്നില്ല… പേശികളൊക്കെയും തളർന്നു പോയിരുന്നു…

തനിക്കൊരു ഭാര്യ ഉണ്ടായിരുന്നോ…

താൻ താലി കെട്ടിയവൾ… തന്റെ കൈ കൊണ്ട് സീമന്ത രേഖയിൽ കുങ്കുമം ചാർത്തപ്പെട്ടവൾ…തന്റെ കൂടെ കഴിഞ്ഞിരുന്നവൾ… താനുമായി കിടപ്പറ പങ്കിട്ടൊരുത്തി….

പക്ഷെ ഒന്നും ഓർക്കുന്നില്ല… ഉള്ളം ശൂന്യമായിരുന്നു….

ഇനി താനിന്നോളം മനസ്സിലിട്ട് താലോലിച്ചാ മുഖം തന്റെ ഭാര്യയുടേതായിരുന്നോ…. ഓർത്തപ്പോൾ ഒരു നിമിഷം അവനൊന്ന് പൂത്തുലഞ്ഞു…ഹൃദയം വേഗത്തിൽ താളമിടുന്നുണ്ടായിരുന്നു..

എന്നിട്ട് ആരും തന്നോടതിനെ പറ്റി പറഞ്ഞില്ലല്ലോ….ഭ്രാന്ത് പിടിച്ചിരുന്ന സമയത്തെ ഓർമകളൊക്കെയും നഷ്ടപ്പെട്ടിരുന്നു….ഭ്രാന്തുള്ള തന്നെ പരിചരിക്കാൻ തനിക്കൊരു ഭാര്യ ഉണ്ടായിരുന്നിട്ടും പിന്നെന്തിനാ ഗായത്രിയുമായുള്ള വിവാഹം മുത്തശ്ശി നിശ്ചയിച്ചത്…

എന്നിട്ട് എന്ത് കൊണ്ടവൾ തറവാട്ടിൽ വരുന്നില്ല…

തന്റെ ഭാര്യയാണെങ്കിൽ തന്നോടൊപ്പം കഴിയേണ്ടവളല്ലേ…

ഇനി ഭ്രാന്തനായിരിക്കുന്ന സമയത്ത് തന്നേ ആ പെണ്ണുമായുള്ള ബന്ധം വേർപ്പെടുത്തിയോ…. ഇല്ല അങ്ങനെ ആണെങ്കിൽ എന്തിനവൾ അവളുടെ കഴുത്തിൽ മനക്കലെ തറവാട്ടിലെ കാർത്തിക്ക് വർമ്മ കെട്ടി കൊടുത്ത താലിയെ പറ്റി ഇന്നും പറയണം…മുത്തശ്ശിയും കൂട്ടരും എന്തിനവളെ ഓർമ്മ നഷ്ട്ടപെട്ട തന്നിൽ നിന്നും മറച്ചു വെച്ചു…

സംശയങ്ങളുടെ കൂമ്പാരങ്ങൾ ഉള്ളിൽ കുമിഞ്ഞു കൂടുന്നതവൻ അറിയുന്നുണ്ടായിരുന്നു…

“”നിന്റെ കഴുത്തിൽ കിടക്കുന്നാ താലിയുണ്ടല്ലോ അതിനധികം ആയുസ്സുണ്ടാവില്ല… മനക്കലെ തറവാട്ടുകാര് തന്നേ അറുത്തു മാറ്റിക്കോളും””

വീണ്ടും ആണൊരുത്തന്റെ ശബ്ദം കാതിൽ തുളച്ചു കയറി…സൂക്ഷിച്ചൊന്ന് നോക്കുമ്പോൾ ഭദ്രനാണ്…

ഭഗീരന്റെ കൂടെ ഒരുപാട് തവണ കണ്ടിട്ടുണ്ടവനെ….

അപ്പോൾ ആ പെണ്ണ് തന്റെ ഭാര്യാണെന്നുറപ്പാണ്….

ആ മുഖമൊന്ന് കാണാൻ അവർ നിന്നിരുന്നിടത്തേക്ക് തിടുക്കത്തിൽ ചുവടു വെച്ചു…പക്ഷെ അപ്പോഴേക്കും ഭദ്രനെ തള്ളി മാറ്റി അവൾ ഓടി മറഞ്ഞിരുന്നു…

നിലം പതിച്ചു കിടക്കുന്ന ഭദ്രനെ കണ്ടതും ഉണ്ണിയേട്ടൻ മനസ്സിൽ എന്തൊക്കെയോ കണക്ക് കൂട്ടി…

തന്റെ ഉള്ളിലെ ഓരോ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഇനി ഭദ്രന് മാത്രമേ കഴിയൂ…എഴുന്നേൽക്കാൻ കിണഞ്ഞു ശ്രമിക്കുന്ന ഭദ്രന്റെ മുന്നിലേക്കവൻ കൈ നീട്ടി പിടിച്ചു…

ഉണ്ണിയേട്ടനെ കണ്ടതും ഭദ്രനൊന്ന് പതറി…ഭയത്തോടെ വിളറി വെളുക്കുന്നുണ്ടായിരുന്നവൻ….

പിന്നെ പരിഭ്രമത്തോടെ ഭദ്രനൊന്ന് കഴുത്തിൽ തടവി…

അന്നാ രാത്രിയിൽ ഉണ്ണി സൂചി കുത്തി ഇറക്കിയിടത്ത് ഇപ്പഴും പൊള്ളുന്ന വേദനയാണ്…നീട്ടി പിടിച്ച ഉണ്ണിയുടെ കയ്യിലേക്കും അവന്റെ മുഖത്തേക്കും ഭദ്രൻ മാറി മാറി നോക്കുന്നുണ്ട്…

“”എന്താ ഭദ്രാ… എന്നെ നീ ഇങ്ങനെ നോക്കുന്നെ… ഇത് ഞാൻ തന്നെയാ… നേരത്തെ അവൾ പറഞ്ഞിട്ട് പോയ മനക്കലെ കാർത്തിക്ക് വർമ്മ..””

“”ഞാൻ വെറുതെ അമ്പിളിയെ ഒന്ന് പേടിപ്പിക്കാൻ… ഇനി ഒരിക്കലും അവളുടെ അടുത്തേക്ക് പോലും ഞാൻ പോവില്ല… ഉണ്ണി ന്നെ ഒന്നും ചെയ്യരുത്… ഒരു തവണ ഒറ്റ തവണത്തേക്ക് നിക്ക് ഒന്ന് മാപ്പ് തരൂ…. ഉണ്ണീടെ ഭാര്യയുടെ മേൽ ഇനി ന്റെ നിഴൽ പോലും വീഴില്ല…. ഉറപ്പ്…””

“”അമ്പിളി…ഉണ്ണിക്കുട്ടന്റെ അമ്പിളി “”

ചുണ്ടിലൊളിപ്പിച്ച കുസൃതി ചിരിയോടെ ആ നാമം വെറുതെ അവനൊന്ന് മന്ത്രിച്ചു….

തനിക്ക് ഭ്രാന്തുണ്ടായിരുന്ന സമയത്ത് എന്തൊക്കെയോ നടന്നിട്ടുണ്ട്… എന്നാൽ അതൊക്കെയും തനിക്കിന്ന് നഷ്ട്ടപെട്ട ഓർമ്മകളാണ്… മനസ്സിൽ നിന്നും കുടിയിറങ്ങിയ ഓർമ്മകളിൽ ഒത്തിരി പ്രിയപ്പെട്ട പലതുമുണ്ട്…

താൻ മറന്നു പോയ തന്റെ പെണ്ണായ അമ്പിളി പോലും…

ഭദ്രനെ ഒന്ന് പിഴിഞ്ഞെടുത്താൽ തീരാവുന്നതേ ഉള്ളു തന്റെ ഉള്ളിലെ സംശയങ്ങൾ… ഗൗരവത്തോടെ ഉണ്ണിയേട്ടൻ ഭദ്രനെ കഴുത്തിന് പിടിച്ച് എഴുന്നേൽപ്പിച്ചു… ആ കണ്ണുകളിൽ ആളി കത്തുന്ന കോപാഗ്നി മതിയായിരുന്നു ഒളിഞ്ഞു കിടക്കുന്ന ഓരോ സത്യങ്ങളും ഭദ്രനെ കൊണ്ട് പറയിപ്പിക്കാൻ….

തുടരും..

ഇഷ്ട്ടായോ…

പിന്നെ അമ്പൂട്ടിയും ഉണ്ണിക്കുട്ടനും വിട പറയാൻ അധിക സമയമില്ല…. അത് കൊണ്ട് എല്ലാവരും ന്റെ കൂടെ നിൽക്കണേ…

എനിക്കായി രണ്ട് വരി കുറിക്കുമെന്ന പ്രതീക്ഷയോടെ…..

രചന : മഞ്ചാടി