ഭർത്താവ് അടുത്തില്ലാത്തതു കൊണ്ടാണ് വിഷ്ണുവിനോട് വരാൻ പറഞ്ഞത്….

രചന : സന്തോഷ് അപ്പുക്കുട്ടൻ

വസുന്ധര

************

“ഭർത്താവ് അടുത്തില്ലാത്തതു കൊണ്ടാണ് വിഷ്ണുവിനോട് വരാൻ പറഞ്ഞത്….”

വസുന്ധരയുടെ സ്വരം പതറുന്നതറിഞ്ഞ വിഷ്ണു മൊബൈലിൽ നിന്നു നോട്ടം മാറ്റി ചുറ്റും നോക്കിയപ്പോഴാണ് എളിയിൽ കൈയ്യും കുത്തി തന്നെ നോക്കി നിൽക്കുന്ന ഭാമയെ കണ്ടത്!

അവളെ നോക്കി വിളറിയ മുഖത്തോടെ കണ്ണടച്ചു കാണിച്ചു കൊണ്ട് മൊബൈലിലൂടെ വരുന്ന സ്വരത്തിന് അവൻ കാതോർത്തു.

“ഇന്ന് രാത്രിയാകുമ്പോൾ വിഷ്ണു എൻ്റെ വീട്ടിൽ വരണം…ഇതെൻ്റെ അപേക്ഷയാണ് ”

വസുന്ധരയുടെ നനഞ്ഞ സ്വരം മൊബൈലിലൂടെ ഒഴുകിയെത്തിയപ്പോൾ എന്തു പറയണമെന്നറിയാതെ വിഷ്ണു ഭാമയെ പാളി നോക്കി.

തൻ്റെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും ശ്രദ്ധിച്ച് അവൾ അവിടെ തന്നെ നിൽക്കുന്നത് കണ്ടപ്പോൾ വസുന്ധരയോടു മറുപടി പറയാൻ കഴിയാതെ വിഷ്ണു കുഴങ്ങി.

” എൻ്റെ വീടിൻ്റെ ലൊക്കേഷൻ ഞാൻ അയച്ചുതരാം…. ഞാൻ കാത്തിരിക്കും. ബൈ ”

പൊടുന്നനെ വസുന്ധരയുടെ സംസാരം നിലച്ചപ്പോൾ ആശ്വാസത്തോടെ വിഷ്ണു കസേരയിലേക്ക മർന്നു കണ്ണടച്ചു കിടന്നു.

“ആരാ വിഷ്ണുവേട്ടാ ഫോണിൽ സംസാരിച്ചിരുനത്?”

ഭാമയുടെ സ്വരം അരികെയുയർന്നപ്പോൾ അവൻ കണ്ണ് തുറന്ന് പതിയെ പുഞ്ചിരിച്ചു.

നിറം മങ്ങിയ പുഞ്ചിരിയിൽ സത്യമൊളിപ്പിച്ച് അവൻ കസേരയിൽ നിന്നെഴുനേറ്റു അവളുടെ കൈ പിടിച്ചു.

“ദീപുവാണ്…. അവൻ നാളെ പുലർച്ചെ ഖത്തറിലേക്കു പോകാണെന്ന്…. ”

“അതിന്?”

” എന്നോടൊന്നു ചെല്ലാൻ പറഞ്ഞു:… ഞങ്ങൾ പഴയ കോളേജ് ഫ്രണ്ട്സുകൾ ഒക്കെ ഒന്നിക്കുന്നുണ്ടു…

കൂടെ ഒരു ചെറിയ പാർട്ടിയും ”

അന്നേരം മനസ്സിൽ വന്ന നുണ പറയുമ്പോൾ പതറാതിരിക്കാൻ വിഷ്ണു ആവോളം പണിപ്പെട്ടു.

“ഇതിനാണോ വിഷ്ണു വേട്ടൻ പരിഭ്രമിക്കുന്നത്… പോയിട്ട് വാ..,, പിന്നെ കള്ള് ഓവറാവരുത് ”

കൈതണ്ടയിൽ പതിയെ നുള്ളികൊണ്ട് ഭാമ പോയപ്പോൾ ആശ്വാസത്തോടെ അവൻ ക്ലോക്കിലേക്കു നോക്കി.

എട്ട് മണി….

ഇത്ര രാവിലെ തന്നെ വസുന്ധര തന്നെ ഫോൺ ചെയ്തു വിളിക്കുന്നത് എന്തിനാണ്?

അതും വർഷങ്ങൾ നീണ്ട മൗനങ്ങൾക്കു ശേഷം, തൻ്റെ ഫോൺ നമ്പർ ആരുടെയോ കൈയിൽ നിന്ന് വാങ്ങിയിട്ട്?

ചോദ്യങ്ങൾ വിഷ്ണുവിൻ്റെ മനസ്സിൽ ഓരോന്നായി പതിയെയുയർന്നപ്പോൾ, അയാൾ പതിയെനടന്നു ചുമരിലെ കണ്ണാടിയ്ക്കു മുന്നിൽ നിന്നു.

ഇരുപത് വർഷങ്ങൾക്കു മുൻപുള്ള വിഷ്ണുവിൽ നിന്ന് ഒരുപാട് മാറിയിരിക്കുന്നു.

പണ്ടത്തെ മെല്ലിച്ച ശരീരത്തിനും, രോമങ്ങൾ കിളിർത്തു തുടങ്ങുന്ന മുഖത്തിനും പകരം ഇപ്പോൾ…..

തടിച്ച ശരീരവും, മുഖത്ത് കട്ടമീശയുമായി വല്ലാത്ത മാറ്റം……

വർഷങ്ങളുടെ മാറ്റം മുടിയിഴകളിൽ നരയായി വീണതറിഞ്ഞ അവൻ്റെ ചുണ്ടിൽ വരണ്ട ഒരു പുഞ്ചിരി വിടർന്നു…..

കണ്ണാടിയിൽ നോക്കി മുടി കറുപ്പിക്കുമ്പോൾ, പിന്നിൽ ഭാമയുടെ മുഖം തെളിഞ്ഞതും വിഷ്ണു അവളെ നോക്കി ചോദ്യഭാവത്തോടെ പുരികമുയർത്തി.

” എന്താ പതിവില്ലാത്ത ഈ മുടി കറുപ്പിക്കൽ? ഇനി ഈ വയസ്സാം കാലത്ത് മറ്റൊരു പെണ്ണിനെ കൂടെ പാർപ്പിക്കണമെന്നുണ്ടോ?”

ചിരിയോടെ ഭാമ ചോദിച്ചതും,വിഷ്ണുവിൻ്റെ ഉള്ളിൽ ചെറിയൊരു മിന്നൽ പാഞ്ഞു.

” കോളേജ് കാലത്തെ കൃഷ്ണൻ ആയതോണ്ട് ചോദിച്ചതാ … ആരെങ്കിലും ഇങ്ങേരേയും ധ്യാനിച്ചു കാത്തിരിക്കുന്നുണ്ടെങ്കിലോ?”:..

ഉത്തരത്തിനോടടുക്കുന്ന ചോദ്യവുമുയർത്തി ഭാമ നടക്കാൻ തുടങ്ങിയതും, അവൻ തിരിഞ്ഞ് അവളുടെ കൈ പിടിച്ചു.

“നിൻ്റൊപ്പം ചേർന്നു നടക്കണമെങ്കീ എനിക്ക് ഇത്തിരി മേക്കപ്പ് കൂടിയേ തീരൂ…. ”

വിഷ്ണുവിൻ്റെ വാക്കുകൾ കേട്ടതും ഭാമ പുഞ്ചിരിയോടെ തലയാട്ടി.

“ഇപ്പോഴെങ്കിലും എനിക്ക് സൗന്ദര്യമുണ്ടെന്നു പറഞ്ഞല്ലോ? അതു മതി”

പറഞ്ഞു തീർന്നതും അവൾ, വിഷ്ണുവിൽ നിന്നും ബ്രഷ് വാങ്ങി അവൻ്റെ മുടിയിഴകളിൽ കറുത്ത നിറം ചാലിച്ചുകൊണ്ടിരുന്നു…..

എത്ര ദേഷ്യത്തോടെയിരുന്നാലും സ്നേഹമയമായ ഒരു വാക്കിൽ തരളിതമാകുന്നവരാണ് സ്ത്രീകളെന്ന് അവൻ പണ്ടേ മനസ്സിലാക്കിയതാണ്….

ആ അറിവ് തെറ്റാണെന്നും, പലരെ പോലെയല്ല താനെന്നും വിഷ്ണുവിനെ ആദ്യമായി പഠിപ്പിച്ചത് വസുന്ധര ആയിരുന്നു….

വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു ഉൾകുളിരായി വസുന്ധര മനസ്സിൽ നിറയുന്നതറിഞ്ഞ അയാൾ പതിയെ മൂളിപാട്ട് പാടി തുടങ്ങി ….

ഉച്ചഭക്ഷണവും കഴിച്ച്, കാറിറക്കാൻ ഷെഡ്ഡിലേക്ക് നടന്ന അവനെ ഭാമ തടഞ്ഞു.

” ഒരു ഓട്ടോ വിളിച്ചിട്ടു പോയാൽ മതി വിഷ്ണുവേട്ടാ …. ഇനി കൂട്ടുകാരുമായി കുടിച്ച് കൂടുതലായാൽ സ്വയം ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും…. അതോർത്ത് വീട്ടിലിരിക്കിണ എനിക്ക് സമാധാനമുണ്ടാകില്ല”

ഭാമ സ്നേഹത്തോടെ പറഞ്ഞപ്പോൾ, പുഞ്ചിരിയോടെ തലയാട്ടി കൊണ്ട് അവളുടെ കവിളിൽ ചുണ്ട് ചേർത്തു അവൻ.

“നീ പേടിക്കേണ്ട ഭാമേ…. എത്ര കുടിച്ചാലും ഒരിഞ്ച് പാളാതെ ഞാൻ ഡ്രൈവ് ചെയ്യും…..”

വിഷ്ണുവിൻ്റെ വാക്കുകൾക്ക് മുന്നിൽ അവൾ പിന്നെ തടസ്സം പറഞ്ഞില്ല.

“വേഗം വരണേ…. അഖിലിനെ പിക് ചെയ്യാൻ എയർപോർട്ടിലേക്ക് പോകേണ്ടതാണ് ”

അവൾ പറഞ്ഞു തീർന്നതും ആ കവിളിൽ പതിയെ നുള്ളി അയാൾ.

“ചേട്ടൻ്റെ മോൻ വരുന്നതിൻ്റെ സന്തോഷം അലയടിക്കുകയാണല്ലോ ടീ നിൻ്റെ മുഖത്ത് ?”

“എനിക്ക് സന്തോഷമായിട്ടെന്താ കാര്യം…. നമ്മുടെ മോൾടെ മുഖത്ത് ഒരു തെളിച്ചവുമില്ലല്ലോ?…. ആ പയ്യനോടുള്ള സ്നേഹം ഉപേക്ഷിച്ചിട്ടു വന്നതാണെങ്കിലും, അവൾടെ മനസ്സിൽ ഇപ്പോഴും ആ പയ്യനാണെന്നു തോന്നുന്നു.”

നനഞ്ഞ ശബ്ദത്തിൽ ഭാമയത് പറഞ്ഞപ്പോൾ വിഷ്ണു അവളെ ചേർത്തു പിടിച്ചു.

” അത് നിനക്ക് വെറുതെ തോന്നുന്നതാ…. ഞാൻ നിൽക്കുമ്പോഴല്ലേ ഇനി ഫോണിൽ വിളിക്കരുതെന്ന് പറഞ്ഞ് ആ പയ്യനെ അവൾ ഷൗട്ട് ചെയ്തത്…. നല്ലൊരു തേപ്പ് കിട്ടിയതിൻ്റെ ഹാങ്ങ് ഓവറിൽ നിന്നും ആ പാവം പയ്യൻ ഇപ്പോഴും വിടുതൽ ആയിട്ടുണ്ടാവില്ല .”

വിഷ്ണുവിൻ്റെ വാക്കുകൾ കേട്ടപ്പോൾ അവൾ വിശ്വാസം വരാതെ നോക്കി നിന്നു.

” അതേടീ…. അവൾ എൻ്റെ മോളാ…. പ്രായോഗികമായി ചിന്തിക്കാൻ അവളെ ആരും പഠിപ്പിക്കേണ്ട…. എല്ലാം മറന്ന് ഇപ്പോൾ അവൾ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിയ്ക്കുന്നത് അഖിലിനെയാണ് ”

വിഷ്ണുവിൻ്റെ വാക്കുകൾ കേട്ട സന്തോഷത്താൽ മറുപടിയായി ഒരു മന്ദസ്മേരം അവളുടെ ചുണ്ടിലുതിർന്നപ്പോൾ, ആ കൈ ഒന്നു പിടിച്ചു മുറുക്കി അയാൾ കാറിലേക്കു കയറി….

പടിക്കൽ നിന്നു കാർ തിരിയുന്നത് വരെ തന്നെ നോക്കി നിന്ന ഭാമയുടെ ഓർമ്മകളിൽ നിന്ന് അയാളുടെ മനസ്സ് പെട്ടെന്ന് വസുന്ധരയിലക്ക് പാഞ്ഞു……

ഒരുപാട് പെൺകുട്ടികൾ തന്നിലേക്ക് പാറി പറന്നിറങ്ങിയിരുന്നെങ്കിലും, കോളേജ് കാലഘട്ടത്തിൽ അയാളുടെ മനസ്സ് വല്ലാതെ ആശിച്ചിരുന്നത് വസുന്ധരയെ ആയിരുന്നു…

ശാലീനത തുളുമ്പുന്ന അവളുടെ മുഖത്തെക്കാൾ ആകർഷിച്ചത് കടഞ്ഞെടുത്ത പോലെയുള്ള അവളുടെ നിമ്നോന്നതമായ മേനിയഴകായിരുന്നു…..

ഒരിക്കലും അവൾ തന്നിലേക്ക് സ്വയം വന്നണയില്ലായെന്നു മനസ്സിലായപ്പോഴാണ് പ്രണയം ഭാവിച്ച് അടുത്തുകൂടിയത്.

വാകമരത്തിനു താഴെയിരുന്നു വർത്തമാനം പറഞ്ഞിരുന്ന ആ നാളുകൾ, മനസ്സിലിപ്പോഴും വാക പൂക്കൾ പോലെ ചുവന്നു തുടുത്ത മാദകമായ ഓർമ്മകൾ പോലെ.,,,,,

അസ്ഥിയിലും, മജ്ജയിലും, മാംസത്തിലും പറ്റി ചേർന്ന കാമാർദ്രമായ പ്രണയം…..

ചോരയിലൂടെ കുതിച്ചു പാഞ്ഞിരുന്ന കാമാവേശത്തോടെ, പലയിടത്തേക്കും വിളിച്ചെങ്കിലും അവൾ ഒരിക്കലും അതിനു തയ്യാറായിരുന്നില്ല!

ഏതെങ്കിലും നിമിഷങ്ങളിൽ തൻ്റെ പ്രലോഭനങ്ങളിൽ വീഴാതിരിക്കില്ലയെന്ന പ്രതീക്ഷയോടെ മനസ്സിൽ ചിലന്തിവലയും കെട്ടി കാത്തിരുന്നു.

പക്ഷെ തന്നെക്കാളും ബുദ്ധിമതിയായിരുന്നു അവളെന്ന് തിരിച്ചറിയാൻ വിഷ്ണുവിന് അധികം ദിവസങ്ങൾ വേണ്ടി വന്നില്ല.

പ്രണയം തുടങ്ങിയ വാകമരചുവടിനു താഴെ തന്നെ, പ്രണയത്തിന് വിട പറയാൻ വന്ന വസുന്ധരയുടെ മുഖം ഇപ്പോഴും വിഷ്ണുവിൻ്റെ ഓർമയിലുണ്ട്…..

ആ ഓർമയിൽ അയാളൊന്നു നിരാശയോടെ ചിരിച്ചു കൊണ്ട് പതിയെ തലയാട്ടി.

“നമ്മുടെ പ്രണയം നമ്മൾക്ക് മറക്കാം വിഷ്ണു …. അച്ഛനും, അമ്മയ്ക്കും തീരെ ഇഷ്ടമില്ല ഈ ബന്ധം, നെഞ്ചുരുകിയിട്ടാണെങ്കിലും എനിക്കു നിന്നെ ഉപേക്ഷിക്കേണ്ടി വരും”

ഒട്ടും പതറാതെ, കണ്ണിലേക്കു നോക്കി അവളത് പറഞ്ഞപ്പോൾ വിഷ്ണു തരിച്ചിരുന്നു പോയി.

“എന്നെ വേദനിപ്പിച്ചിട്ട് നിനക്ക് പോകാൻ കഴിയുമെങ്കിൽ പോകാം… പക്ഷെ ഒരു ദിവസം…. ഒരൊറ്റ ദിവസം നമ്മൾ ഭാര്യഭർത്താക്കൻമാരായി കഴിഞ്ഞൂടെ?”

വിഷ്ണുവിൻ്റ ദയനീയത നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ, അവൾ ക്രൂരമായി അവനെ നോക്കി.

“അച്ചനും, അമ്മയും എതിരു നിന്നെങ്കിലും എപ്പോഴെങ്കിലും അവരുടെ മനസ്സുമാറുന്നത് വരെ കാത്തിരിക്കാമെന്ന ചിന്തയിലായിരുന്നു ഞാൻ ഇതുവരെ….. ആ കാത്തിരിപ്പിന് അർത്ഥമില്ലായെന്ന് വിഷ്ണു ഇപ്പോൾ പറഞ്ഞ വാചകം ഓർമ്മപ്പെടുത്തുന്നു”

“വസുന്ധരാ…. ഞാൻ ”

വിഷ്ണുവിൻ്റെ വാക്കുകൾ ചിതറി വീണപ്പോൾ അവളുടെ മുഖത്ത് ഒരു പുച്ഛചിരി വിടർന്നു.

“ഇനി വാക്കുകൾക്ക് വേണ്ടി വിഷ്ണു തപ്പി പിടയേണ്ട…. അവരാണ് ശരി …. അവർ പറഞ്ഞതാണ് ശരി…. വരരുത് പിന്നാലെ…. പ്ലീസ് ലീവ് മീ എലോൺ ”

അടർന്നു വീണ വാക പൂക്കളെ ചതച്ചരച്ചു പോകുന്ന അവളെയും നോക്കി നിന്ന വിഷ്ണുവിൻ്റെ കണ്ണുകൾ ചുവന്നു തുടുക്കുകയായിരുന്നു ആ നിമിഷം:…

തൻ്റെ ദയനീയത നിറഞ്ഞ വാക്കുകൾക്കൊന്നും അവളെ പ്രലോഭിപ്പിക്കാൻ കഴിയില്ലായെന്നു തോന്നിയ നിമിഷം അയാളിലെ പ്രണയത്തിനു മീതെ പ്രതികാരത്തിൻ്റെ ചിന്തകളുയരുകയായിരുന്നു.

കപ്പിനും,ചുണ്ടിനുമിടയിൽ അവളെന്ന മധുചഷകം നഷ്ടപ്പെടുന്നതറിഞ്ഞ വിഷ്ണു, അവളുടെ ഗർവിന് എങ്ങിനെയും പ്രതികാരം വീട്ടണമെന്ന ചിന്തയിലായി…

അവളെ മരണത്തിലേക്ക് തള്ളിവിടുവാൻ വേണ്ടി, രാവെളുക്കുവോളം ചിന്തയിലുഴറി നടന്നപ്പോൾ, പദ്ധതികളുമായി കൂടെയെത്തിയത് ഉറ്റ സ്നേഹിതൻ വിനോദ് ആയിരുന്നു…..

” അവളെ ഒറ്റയടിക്കു കൊല്ലണ്ടാ വിഷ്ണൂ…. മരിച്ചതു പോലെ അവൾ ജീവിക്കണം…. ആ കാരണത്താൽ നിശ്ചയിച്ച അവളുടെ വിവാഹം മുടങ്ങണം”

കഞ്ചാവിൻ്റെ പുക ദീർഘമായി ഉള്ളിലേക്ക് വലിച്ചെടുത്ത വിനോദിൻ്റ കണ്ണുകൾ ചുവന്നു കുറുകി.

” എങ്ങിനെയാണന്നല്ലേ നീ ഇപ്പോൾ കരുതുന്നത്….. സിംപിൾ മോൻ….. ഇന്ന് ലാബിൽ നിന്ന് നിനക്ക് ഒരു അലറി കരച്ചിൽ കേൾക്കാം…. ആ കരച്ചിലോടെ പിന്നെ അവൾ മരിച്ചു തുടങ്ങുകയാണ്….

വെയിറ്റ് ആൻറ് സീ”

പറഞ്ഞു തീർന്നതും വിനോദ് അട്ടഹസിച്ചു’…

ആ അട്ടഹാസം ഗ്രൗണ്ടും കടന്ന്, കോളേജിലെത്തി, ലാബ് റൂമിലേക്ക് കടന്നപ്പോൾ അവിടം നിന്ന് ഒരു പെൺകുട്ടിയുടെ പ്രാണൻ പോകുന്ന നിലവിളിയുയർന്നതും എന്തൊക്കെയോ വീണുടയുന്ന ശബ്ദവും പുറത്തേക്കിരച്ചെത്തിയപ്പോൾ ആരോ പറയുന്നത് ആ ബഹളത്തിനിടയിലും കേട്ടിരുന്നു……

” കഞ്ചാവ് മൂത്ത വിനോദ് വസുന്ധരയുടെ മുഖത്തേക്ക് ആസിഡൊഴിച്ചെന്ന്……

അവളുടെ അലറി കരച്ചിൽ ആണ് കേൾക്കുന്നതെന്ന്

കാലങ്ങൾ പലതും കഴിഞ്ഞെങ്കിലും ഇന്നും വ്യക്തമായി ആ കരച്ചിലിൻ്റെ ശബ്ദം കാതിൽ അലയടിക്കുന്നുണ്ട്…….

അതോർക്കുമ്പോൾ ഒരു ചെറിയ സുഖം മനസ്സിൽ പൊട്ടി വിടരാറുണ്ട്…..

വിഷ്ണുവിനെ കബളിപ്പിച്ച് മറ്റാരുവൻ്റെ ജീവസഖിയാകാൻ കൊതിച്ചവൾ കാലങ്ങൾക്കു ശേഷം വീണ്ടും ഈ വിഷ്ണുവിനെ വിളിക്കുന്നതെന്തിന്?

ഉള്ളിലുയർന്ന ചോദ്യത്തിന് സ്വയം ഉത്തരം കണ്ടെത്തിയ അവൻ പതിയെ പുഞ്ചിരിച്ചു കൊണ്ട്, അടുത്ത് കണ്ട ബാറിലേക്ക് കാർ ഓടിച്ചു കയറ്റി.

ആവശ്യത്തിനുള്ള തരിപ്പിന് മദ്യം അകത്ത് കയറ്റിയ ശേഷം, വണ്ടി പുറത്തേക്കെടുക്കുമ്പോൾ ഇരുട്ടിനൊപ്പം, മഴയും വന്നിരുന്നു.

മഴ…..മദ്യം…. മങ്ക!

ഓർത്തപ്പോൾ അവൻ്റെയുള്ളിൽ കുളിരു കോരി!

വസുന്ധര അയച്ചു കൊടുത്ത ലൊക്കേഷൻമാപ്പും നോക്കി, ഹൈവേയിലൂടെ വണ്ടി ഓടിക്കുമ്പോൾ, പതിയെ പതിയെ അവൻ്റെ, വിവാഹശേഷം മൂടിപ്പുതച്ചിരുന്ന മാന്യതയുടെ രൂപം അടർന്നു വീഴുകയായിരുന്നു……

പത്തു മുപ്പതു കിലോമീറ്ററിലധികം ഹൈവേയിലൂടെ ഓടി, വലതു വശത്തേക്കുള്ള ടാറിട്ട ചെറിയ ടാർ റോഡിലേക്ക് വണ്ടി കയറ്റി ഒന്നു രണ്ടു കിലോമീറ്റർ ഉള്ളിലേക്ക് പോയപ്പോൾ നിശബ്ദമായ ഒരു അന്തരീക്ഷമാണ് അവനെ വരവേറ്റത്.

കണ്ണെത്താ ദൂരമുള്ള പാടശേഖരം ഒരു വശത്തും മറുവശത്ത് നീണ്ടു കിടക്കുന്ന തെങ്ങിൻ തോപ്പും…..

അത്രയും നേരം വണ്ടിയോടിച്ചിട്ടും ഒരു വണ്ടി എതിരെ നിന്നു കടന്നു വരുന്നത് അവൻ കണ്ടില്ല….

ഒരു മനുഷ്യജീവി പോലും ആ ഭാഗത്തില്ലായെന്ന് അവനു തോന്നി.

രാത്രിയുടെ ഇരുട്ടും, മഴയുടെ കുളിരും, ചിവീടുകളുടെ ശബ്ദവും ഭയാനകമാക്കി തീർത്ത അന്തരീക്ഷത്തിലൂടെ പതിയെ കാറോടിക്കുമ്പോൾ മനസ്സിന് ധൈര്യമേകിയത് വസുന്ധരയുടെ രൂപമായിരുന്നു!

ഈ രാത്രി തൻ്റെ ജീവിതത്തിൽ തങ്കലിപികൾ കൊണ്ട് കുറിച്ചിടേണ്ട ദിവസമായിരിക്കും…..

മധുരമായ ഓർമകളുമായി മുന്നോട്ട് പോയിരുന്ന അവൻ കാർ നിർത്തി പതിയെ റിവേഴ്സ് എടുത്തു…..

പഴകിയ ഗെയിറ്റിനു മുന്നിൽ കൊളുത്തിയ പ്ളേറ്റിലെ പേര് കണ്ടതും, അവൻ അഹ്ളാദത്തോടെ, തൊട്ടടുത്ത് കാണുന്ന വീട്ടിലേക്ക് നോക്കി.

ഇരുട്ടിനെ വകഞ്ഞു മാറ്റി ഒരു വിളക്കിൻ്റെ വെളിച്ചം തെളിഞ്ഞതും, കാറ്റിലാടുന്ന വെട്ടത്തിൽ ഒരു സ്ത്രീരൂപം തെളിഞ്ഞു വന്നപ്പോൾ അവൻ പതിയെ മന്ത്രിച്ചു.

വസുന്ധര!

തുറന്നിട്ട ഗേറ്റിലൂടെ അവൻ കാർ മുന്നോട്ട് എടുത്തതും, ആ വീടിൻ്റെ പോർച്ചിലേക്ക് എത്തിയതും ഒരു നിമിഷം കൊണ്ടായിരുന്നു.

കാറിൽ നിന്ന് ചാടിയിറങ്ങി അവൻ വസുന്ധരക്കു മുന്നിൽ ചെന്നു നിന്നു…..

ഷാളു കൊണ്ട് മുഖത്തിൻ്റെ ഒരുവശം മറച്ച അവളിലെ മേനിയിലേക്കായിരുന്നു അവൻ്റെ നോട്ടം….

നിശാവസ്ത്രത്തിനുള്ളിൽ തെളിഞ്ഞു കിടക്കുന്ന അവളുടെ മാദകമായ മേനി കണ്ടതും, ഒരു കോരിത്തരിപ്പോടെ ആ കൈ കടന്നുപിടിച്ചു അവൻ…..

” സമയം ഒരുപാടുണ്ട് വിഷ്ണു …. നേരം വെളുക്കുവാനും, കൊതി തീരെ കാണാനും ”

അവൾ അതും പറഞ്ഞ് അകത്തേക്ക് കടന്നപ്പോൾ അവനും പതിയെ അനുഗമിച്ചു…..

” വരില്ലാന്ന് ഞാൻ വിചാരിച്ചു….. പക്ഷേ ഒരിക്കൽ ഈ മേനി മോഹിച്ച വിഷ്ണുവിന് വരാതിരിക്കാനാവില്ലല്ലോ.. അല്ലേ?

പതിഞ്ഞ ശബ്ദത്തിൽ അവളത് പറഞ്ഞപ്പോൾ ഒരു പുഞ്ചിരിയോടെ വിഷ്ണു തലയാട്ടി…..

കുരിരുളിനെ വകഞ്ഞു മാറ്റാൻ ശക്തിയില്ലാതെ ആടിയുലയുന്ന ചിമ്മിനി വെട്ടത്തിൽ അവർ പരസ്പരം നോക്കി നിന്നു.

“കറൻ്റ് ഇല്ലേ ഇവിടെ?”

ചുറ്റും പതുങ്ങിയിരിക്കുന്ന ഇരുളിലേക്ക് നോക്കി വിഷ്ണു ചോദിച്ചപ്പോൾ, അവൾ അവൻ്റെ കൈ തണ്ടയിൽ പതിയെ തലോടി.

“കറൻറും ഇല്ല…. ശല്യപ്പെടുത്താൻ ആരും ഇല്ല… ആരുടെ വീടാണെന്നു പോലും അറിയുകയുമില്ല ”

വസുന്ധരയുടെ മറുപടി കേട്ടപ്പോൾ അവൻ അമ്പരപ്പോടെ അവളെ നോക്കി……

അതിനുള്ള അവളുടെ മറുപടി ഒരു മാദകമായ ചിരിയായിരുന്നു……

മൗനം തങ്ങി നിന്ന നിമിഷങ്ങൾക്കൊടുവിൽ അവൾ തന്നെ നിശബ്ദതയെ ഭേദിച്ചു.

“വിഷ്ണു കാത്തിരുന്ന കാര്യത്തിലേക്ക് കടക്കുന്നതിന് മുൻപ് എനിക്ക് ചിലത് പറയാനുണ്ട് ”

അവൾ പറഞ്ഞു തീർന്നതും, തുറന്ന് വെച്ച ഒരു ഡയറി അവനു നേരെ നീട്ടിവെച്ചു അവൾ…..

“ഇതൊന്നു വായിക്ക് വിഷ്ണു …. ”

വസുന്ധര പറഞ്ഞതും അവളെയൊന്നു നോക്കി അവൻ ഡയറി താളിലെ വടിവൊത്ത അക്ഷരങ്ങളിലേക്ക് നോക്കി പതിയെ ചുണ്ടനക്കി.

“പ്രാണനെ പോലെ പ്രണയിച്ചവൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ മറ്റൊരാളുടെതായി തീരും…. പകരം പ്രണയത്തോടെ മരണത്തെ പുൽകും ഞാൻ

ആ ഡയറി താളിൽ നിന്നു കണ്ണെടുത്ത് അവൻ വസുന്ധരയെ ചോദ്യഭാവത്തിൽ നോക്കി.

“ഈ ഡയറിയിൽ എഴുതിയിരിക്കുന്നത് എൻ്റെ ഓരേ ഒരു മകൻ ഗോകുലാണ് …. അവൻ്റെ വിഷാദ ഭാവം കണ്ടപ്പോൾ അവൻ കാണാതെ എടുത്തതാണ് ഈ ഡയറി. വായിച്ചു നോക്കിയപ്പോൾ പ്രണയനൈരാശ്യം….അവനെ ചതിച്ച പെൺകുട്ടി ദിയയാണ്…. ദിയാവിഷ്ണുനാഥ്…..

അന്വേഷിച്ചറിഞ്ഞപ്പോൾ നിങ്ങളുടെ മകൾ ആണെന്നറിഞ്ഞു.. നിങ്ങളുടെ ഓരേ ഒരു മകൾ ”

വസുന്ധര പറഞ്ഞു തീർന്നതും, ഒരു കൊള്ളിയാൻ വിഷ്ണുവിൻ്റെ മനസ്സിലൂടെ പാഞ്ഞു…..

” ഞെട്ടണ്ട വിഷ്ണു … സത്യം അതാണ്… നിങ്ങളുടെ ഭാര്യയുടെ ചേട്ടൻ്റെ മകനുമായി ദിയയുടെ വിവാഹം ഉറപ്പിച്ചപ്പോൾ തകർന്നു പോയത് എൻ്റെ മകനാണ് … മരണത്തെ മോഹിച്ചു തുടങ്ങി അവനിപ്പോൾ…….”

അനങ്ങുന്ന ചുണ്ടുകൾക്കൊപ്പം കാറ്റിലുലയുന്ന തീനാളം അവളുടെ മിഴികളിലെ കണ്ണുനീരിനെ തൊട്ടുണർത്തുന്നതും നോക്കി മൗനമായി അയാളിലിരുന്നു.

“എൻ്റെ ജീവിതം വിഷ്ണു നശിപ്പിച്ചു…. എൻ്റെ മോൻ്റെ ജീവിതം കൂടി വിഷ്ണു നശിപ്പിക്കരുത് ….

തന്നൂടേ ദിയയെ എൻ്റെ ഗോകുലിന് ”

പതിയെ അവൾ ചോദിച്ചതും അയാൾ പൊട്ടി ചിരിച്ചു…..

ആ ചിരിയിൽ ആ പഴയ വീടിൻ്റെ അകത്തളം കുലുങ്ങുന്നുവെന്നു തോന്നിയപ്പോൾ അവൾ പതിയെ കൈപ്പത്തി അവൻ്റെ ചുണ്ടോടു ചേർത്തു.

“ഒരമ്മയുടെ പൊട്ടി കരച്ചിലിനു മുന്നോടിയായിട്ടാണ് വിഷ്ണുവിൻ്റെ ഈ പൊട്ടി ചിരി എന്നോർക്കണം.. ”

പറഞ്ഞു തീർന്നു വസുന്ധര മുഖമുയർത്തിയപ്പോൾ കണ്ടത്, തീനാളങ്ങളേറ്റ് വീണ്ടും ചുവക്കുന്ന തൻ്റെ ചുണ്ടിലേക്ക് ആർത്തിയോടെ നോക്കുന്ന വിഷ്ണുവിനെയാണ്!

“ദിയയെ ഗോകുലിന് തന്നാൽ വിഷ്ണുവിന് എന്തും ഞാൻ നൽകും… വിഷ്ണു മോഹിക്കുന്നതെന്തും..

പറഞ്ഞു തീർന്നതും അവൾ എഴുന്നേറ്റ് പോയി ഇരുട്ട് മൂടിയ മൂലയിൽ നിന്നു ഒരു മദ്യത്തിൻ്റെ ബോട്ടിലും, രണ്ട് ഗ്ലാസും എടുത്ത് വന്ന് അവൻ്റെ മുന്നിലേക്ക് വെച്ചു.

രണ്ട് ഗ്ലാസിലേക്കായി വസുന്ധര മദ്യം പകർത്തുമ്പോൾ അവൾ ദയനീയതയോടെ അവനെ നോക്കി.

“ഈ ഭൂമുഖത്ത് എനിക്ക് സ്വന്തമെന്നു പറയാൻ അവൻ മാത്രമേയുള്ളൂ… അവന് വേണ്ടിയാണ് ഞാൻ ഇതുവരെ ജീവിച്ചത് …..”

“നീയെന്തു ദയനീയത പറഞ്ഞാലും, നിന്നെയെനിക്ക് എന്നെന്നേയ്ക്കുമായി കാൽചുവട്ടിൽ വെക്കാമെന്നു പറഞ്ഞാലും ആ ആഗ്രഹം നടക്കാൻ പോണില്ല വസുന്ധരേ?”

“എന്തുകൊണ്ട്?”

മദ്യഗ്ലാസ് അവനു നേരെ നീട്ടി അവൾ ഉറച്ച ശബ്ദത്തിൽ ചോദിച്ചു.

” അവന് പഠിപ്പുണ്ട്. കാണാൻ സുന്ദരനുമാണ്. ആവശ്യത്തിനുള്ള സാമ്പത്തികവുണ്ട്…. സ്വഭാവം മനസ്സിലാക്കണമെങ്കിൽ ഈ ഡയറിയിലെ വരികളിൽ അത് തെളിഞ്ഞു കിടക്കുന്നുമുണ്ട്…. പിന്നെയെന്തിന് ഒരെതിർപ്പ്?

വസുന്ധര ചോദിച്ചുതീർന്നതും മദ്യ ഗ്ലാസ് വായിലേക്ക് കമഴ്ത്തി അയാൾ ചിരിച്ചു.

” എല്ലാമുണ്ടായാലും ദിയ സമ്മതിക്കില്ല… കാരണം എൻ്റെയും, ഭാമയുടെയും എതിർപ്പിനെ മറികടന്ന് മറ്റൊരു തീരുമാനം അവൾ എടുക്കില്ല… അത്രയ്ക്കും സ്നേഹിച്ചു വളർത്തിയതാണ് ഞങ്ങൾ അവളെ ”

വിഷ്ണു പറഞ്ഞു തീർന്നതും അവൾ അവൻ്റെ മുഖത്തേക്ക് പകയോടെ നോക്കി.

“ഇരുപത് വർഷങ്ങൾക്കു മുൻപ് കൂട്ടുകാരൻ്റെ കൈയ്യിൽ ആസിഡ് കൊടുത്തു വിടുമ്പോൾ ഇതൊന്നും ഓർത്തില്ലല്ലോ മിസ്റ്റർ വിഷ്ണുനാഥ് ?”

കാലിൽമേൽ കാൽ കയറ്റി വെച്ച് അവനെ തന്നെ പകയോടെ നോക്കി മദ്യ ഗ്ലാസ് കൈയിലിട്ടു തിരിച്ചു അവൾ…..

” ഒരച്ഛനും, അമ്മയും ജീവൻ കൊടുത്ത് വളർത്തിയവളായിരുന്നു ഈ വസുന്ധരയെന്ന്…. അവരുടെ തീരുമാനങ്ങൾക്കപ്പുറത്തേക്ക് ചലിക്കാൻ കഴിയാത്തവളായിരുന്നു അവളെന്നും…….?”

അവളുടെ ചോദ്യത്തിനു മുന്നിൽ ഉത്തരം മുട്ടി നിന്നു വിഷ്ണു……

വാക്കുകൾക്ക് വേണ്ടി പരതി അവൻ നിസഹായനായി വസുന്ധരയെ നോക്കി.

“ഞാൻ ചോദിച്ച ചോദ്യത്തിന് എങ്ങിനെ ചിന്തിച്ചാലും ഉത്തരം കിട്ടില്ല വിഷ്ണൂ…. പക്ഷെ കാലമൊരിക്കൽ കറങ്ങി വരുമെന്ന് വിഷ്ണു ചിന്തിക്കാതിരുന്നത് തെറ്റ്! ചെയ്തതൊക്കെ ബൂമറാങ്ങ് പോലെ തിരിച്ചു വരുമെന്ന് മനസ്സിലാക്കാതിരുന്നത് അതിലേറെ തെറ്റ്?”

കാലിൽമേൽ കയറ്റി വെച്ച് അവൾ പകയോടെ പറയുമ്പോൾ, വിഷ്ണുവിൻ്റെ സിരകളിലൂടെ പതിയെ ഭയം ഇരച്ചു കയറി…..

വസുന്ധര ഒരുക്കി വെച്ച ചക്രവ്യൂഹത്തിനുള്ളിലേക്ക് താൻ ഓടി കയറിയതാണെന്ന ചിന്ത അവനെ പേടിപ്പിച്ചു തുടങ്ങി…..

” ഞാൻ ചതിച്ചെന്നു പറഞ്ഞു വിഷ്ണു കൂട്ടുകാരൻ്റെ കൈയിൽ ആസിഡ് കൊടുത്തു വിട്ടു. അപ്പോൾ എൻ്റെ മകനെ ചതിച്ച തൻ്റെ മോൾക്കു വേണ്ടി അവൻ്റെ കൈയ്യിൽ ആസിഡ് കൊടുത്തു വിടാം ഞാൻ ..

ഒരു ഗിവ് ആൻ്റ് ടേക്ക് പോളിസി…. എന്താ വിഷ്ണുനാഥിൻ്റ അഭിപ്രായം.?.”

പറഞ്ഞു തീർന്നതും അവൾ ടേബിളിനു താഴേക്ക് കൈയിട്ട് ഒരു കുപ്പിയെടുത്ത് ടേബിളിൽ വെച്ചു.

“വീര്യം കൂടിയ ആസിഡാ… വിഷ്ണുവിനോട് ഒരു വട്ടം ചോദിച്ച് അഭിപ്രായം അറിഞ്ഞിട്ട് ഉപയോഗിക്കാമെന്നു വെച്ചു….. ആ ഭംഗിയുള്ള കൊച്ചു മുഖം വികൃതമാക്കാൻ ഇത്രയ്ക്കും ആസിഡ് മതിയാകും അല്ലേ വിഷ്ണൂ? ”

വസുന്ധരയുടെ ഉറച്ച ചോദ്യം കേട്ടതോടെ വിഷ്ണു വിയർത്തു തുടങ്ങി…..

വൈദ്യുതി വെട്ടം തൊട്ടടുത്തൊന്നുമില്ലാത്ത ഒരൊഴിഞ്ഞ സ്ഥലത്തുള്ള പ്രേത ഭവനം പോലെ തോന്നിക്കുന്ന, ഈ വീട്ടിലേക്ക് ഇവൾ ക്ഷണിച്ചിരിക്കുന്നത് നല്ല ഉദ്യേശ്യത്തോടെ ആയിരിക്കില്ലായെന്ന് അവനു മനസ്സിലായി തുടങ്ങി…..

വിയർത്തൊലിച്ച് വിഷ്ണു മരവിപ്പോടെ ഇരിക്കുമ്പോൾ അവൾ പതിയെ എഴുന്നേറ്റു വന്നു ഒരു മാസിക കൊണ്ടു അവനെ വീശി തുടങ്ങി……

” ഇങ്ങിനെ വിയർത്താലോ വിഷ്ണൂ…. നിൻ്റെ ഭാഷയിൽ പറഞ്ഞാൽ ഞാൻ വെറുമൊരു പെണ്ണല്ലേ?”

ചോദ്യമുയർത്തി വസുന്ധര രണ്ടു വട്ടം വിഷ്ണുവിനു ചുറ്റും കറങ്ങി തിരിഞ്ഞു വന്ന അവൾ അവൻ്റെ മുന്നിലായ് നിന്നു…..

“പേടിക്കേണ്ട വിഷ്ണൂ… നിൻ്റെ മോളെ ഞാൻ ഒന്നും ചെയ്യില്ല… കാരണം ഒരു പെണ്ണിൻ്റെ മനസ്സ് എനിക്കറിയാം…. അവരുടെ ഇഷ്ടാനിഷ്ടങ്ങൾ അവരുടെ മാതാപിതാക്കളെ ആശ്രയിച്ചിട്ടാണെന്നും…

പക്ഷേ വിഷ്ണു അതറിയാൻ ഒരച്ഛനാകേണ്ടി വന്നു…. ”

അവൾ പറഞ്ഞു തീർന്നതും, ഒഴിച്ചു വെച്ച മദ്യം അവനു നേരെ നീട്ടി.

” ഇതങ്ങട് പിടിപ്പിക്ക് … ആ സിരകളിൽ ചൂട് പടരട്ടെ…. പണ്ടൊരിക്കൽ വിഷ്ണു പറഞ്ഞില്ലേ? ഒരു രാത്രിയെങ്കിലും നമ്മൾക്ക് ഭാര്യ ഭർത്താക്കൻമാരായി ജീവിക്കണമെന്ന്…. ആ രാത്രി ഇന്നായിക്കോട്ടെ ”

വിഷ്ണു അവളെ തന്നെ ഉറ്റുനോക്കി മദ്യം വായിലേക്കു കമഴ്ത്തുമ്പോൾ, അവൻ്റെ തോളിൽ പതിയെ പിടിച്ചു വസുന്ധര.

“എൻ്റെ മോനെ ഇഷ്ടമില്ലാത്തവളെ നിനക്കും വേണ്ടായെന്ന് ഞാൻ പറഞ്ഞപ്പോൾ സങ്കടത്തോടെ ആണെങ്കിലും അവൻ സമ്മതിച്ചു…. അവനിപ്പോൾ നാട്ടിലുണ്ടെന്ന് ഓർത്ത് നീ ഭയപെടേണ്ട ….

അവനെ ഞാൻ ദുബായിലേക്കു പറഞ്ഞയച്ചു. ”

വസുന്ധര പറഞ്ഞു തീർന്നപ്പോൾ ഒരു ആശ്വാസത്തിൻ്റെ നെടുവീർപ്പുയർന്നു വിഷ്ണുവിൽ…..

” പിന്നെ എന്നെ കാണണമെന്ന് പറഞ്ഞ് ഈ രാത്രി ഇവിടേക്ക് വരുത്തിയത്?”

വിഷ്ണുവിൻ്റെ ചോദ്യം കേട്ടതും അവനെ നോക്കി ചുണ്ട് നനച്ചു വസുന്ധര..

” ഞാൻ പറഞ്ഞല്ലോ? നീ ആഗ്രഹിച്ചതു പോലെ ഒരു രാത്രി നമ്മൾക്കു ഒന്നിച്ചു ഭാര്യഭർത്താക്കൻമാരെ ജീവിക്കാനാണെന്ന്….. ”

അവൾ പറഞ്ഞു തീർന്നതും, അവനിലെ ഭയം പതിയെ അലിയാൻ തുടങ്ങി…

ആലിംഗനത്തിനായ് നീട്ടിയ കൈകളിലേക്ക് അവൻ പതിയെ നടന്നടുക്കുമ്പോൾ, അവളുടെ മുഖത്തിൻ്റെ ഒരു വശം മറച്ചിരുന്ന ഷാൾ ഉതിർന്നു വീണതും അവൻ ഒരു ഞെട്ടലോടെ ഒരടി പിന്നോട്ടുവെച്ചു.

പൊള്ളിയടർന്നതിൻ്റെ പാട് കണ്ട അവനിൽ അതു വരെ കത്തി കയറിയ വികാരം തണുത്തുറഞ്ഞു പോയി….

“വിഷ്ണു ചോദിച്ചില്ലേ എൻ്റെ ഭർത്താവ് എവിടെയെന്ന്? എൻ്റെ മുഖം കണ്ടാൽ ഉറക്കം കിട്ടില്ലായെന്നു പറഞ്ഞ് അങ്ങേർ പോയി…. മദ്യത്തിൽ മുങ്ങി ബോധം നഷ്ടപ്പെട്ട ഒരു രാത്രി അയാൾ എനിക്കു സമ്മാനിച്ചതാണ് ഗോകുലിനെ ”

ഓരോ വാക്കും പറയുമ്പോഴും അവളുടെ കണ്ണ് നിറഞ്ഞു വരുന്നത് വിഷ്ണു കണ്ടു.

” എല്ലാവർക്കും എന്നെ ഭയം… എൻ്റെ മുഖത്തിനെ പേടി…. ഇത്രയും വർഷം ഉള്ളുരുകിയാണ് ഞാൻ ജീവിച്ചത്… പൊള്ളിയടർന്നതാണ് എൻ്റെ ശരീരമെങ്കിലും ഒരു പെണ്ണിൻ്റെ മോഹം എന്നിൽ ഉണ്ടാവില്ലേ?

ഒരു പുരുഷൻ്റെ ചൂടിൽ ഒരു വട്ടമെങ്കിലും മയങ്ങണമെന്ന്…. അതിമോഹമല്ലത് …. ന്യായമായ മോഹം…. കാരണം വയസ്സ് നാൽപ്പതേ ആയിട്ടുള്ളൂ എനിക്ക്”

ഗദ്ഗദത്തോടെ അവളത് പറഞ്ഞ് അവൻ്റെ കൈ പിടിച്ചതും അവൻ തട്ടിയെറിഞ്ഞു.

“മോഹം തീർക്കാൻ തന്നെയാണ് പത്ത് നാൽപ്പത് കിലോമീറ്റർ വണ്ടി ഓടിച്ചു ഞാൻ വന്നത്…. പക്ഷെ ഇതൊരു പാതിവെന്ത ശവശരീരമാണെന്ന് അറിഞ്ഞില്ല…. ”

അവൻ അനിഷ്ടത്തോടെ പറഞ്ഞു കൊണ്ടു എഴുന്നേറ്റതും അവൻ്റെ കൈ പിടിച്ചു വസുന്ധര!

” നല്ലൊരു സുന്ദരിയായ എന്നെ നീ പറഞ്ഞിട്ടല്ലേ വിനോദ് ആസിഡൊഴിച്ച് ഈ കോലത്തിലാക്കിയത്?”

എന്നിട്ടിപ്പോ?

ഗദ്ഗദമൂറുന്ന വാക്കുകൾ അവളിൽ നിന്നുയർന്നപ്പോൾ അവൻ പരിഹാസത്തോടെ ചിരിച്ചു.

” പഴയ കാര്യങ്ങളെ പറ്റി പറഞ്ഞ് സെൻറിയടിക്കാൻ സമയമില്ലെനിക്ക്….. മോളുടെ വിവാഹമാണ് …

ചെന്നിട്ട് നൂറ് കൂട്ടം കാര്യങ്ങളുണ്ട്… ”

വസുന്ധരയുടെ മുഖത്തേക്കു നോക്കാതെ ആണ് വിഷ്ണുവത് പറഞ്ഞത്….

വസുന്ധരയെന്ന് കേട്ട് ഓടി പിടഞ്ഞെത്തുമ്പോൾ അവൻ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല…..

ആ മുഖം കണ്ടിരുന്നാൽ ഉള്ള വികാരവും കൂടി നഷ്ടപ്പെടും എന്ന് മനസ്സിലായ അവൻ ഒരു വരണ്ട ചിരിയോടെ വസുന്ധരയെ നോക്കി.

” നിൻ്റെ പാതിവെന്ത മുഖം കാണുമ്പോൾ മനസ്സറിഞ്ഞ് ചുംബിക്കാൻ പോലും തോന്നുന്നില്ല വസുന്ധരേ….

എന്നാലും നന്ദി എന്നെ ഓർത്തതിന് …

നിൻ്റെ ഗതികേട് തുറന്നു പറഞ്ഞതിന്… ഒഴിച്ചു തന്ന മൂന്നാല് പെഗ് മദ്യത്തിന് ”

അത്രയും പറഞ്ഞ് ഒരു വരണ്ട ചിരിയോടെ എഴുന്നേറ്റു നടന്ന അവൻ ഒരു നിമിഷം തിരിഞ്ഞു നിന്നു.

“എപ്പോഴെങ്കിലും നിനക്ക് എന്നെ കൊല്ലണമെന്നു തോന്നിയിട്ടുണ്ടോ വസുന്ധരാ…..?”

അവൻ ചോദിച്ചതും പുഞ്ചിരിയോടെ അവൻ്റെ അരികിലേക്ക് നടന്നു വസുന്ധര….

” ഉണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട് … എൻ്റെ മുഖം കണ്ണാടിയിൽ കാണുമ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്… പക്ഷെ എൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച വിനോദിനെ ഈ ഭൂമിയിൽ നിന്ന് പറഞ്ഞയച്ചതിൻ്റെ നൂറാമത്തെ ദിവസം മാത്രമേ ഞാൻ നിന്നെ തേടി വരൂ ”

മദ്യം സിപ് ചെയ്യുന്നതിനിടയിൽ അവൾ സംസാരം തുടർന്നു.

“നിൻ്റെ ചൂടേറ്റ് വാടിതളരണമെന്ന് എനിക്ക് അശേഷം ആഗ്രഹമില്ല വിഷ്ണു.. നീ എൻ്റെ ശരീരത്തിനെയാണോ, മനസ്സിനെയാണോ സ്നേഹിച്ചിരുന്നതെന്ന് ഒരിക്കൽ കൂടി മനസ്സിലാക്കാനുള്ള ക്യൂരിയോസിറ്റി കൊണ്ട് ഞാൻ ചെയ്ത നാടകമായിരുന്നു അത്… അതു കൊണ്ട് എന്താ? നീ പ്രണയിച്ചത് എൻ്റെ ശരീരമാണെന്ന് തിരിച്ചറിഞ്ഞു.”

ഒഴിഞ്ഞ ഗ്ലാസിലേക്ക് മദ്യം പകർത്തുന്നതിനിടയിൽ അവൾ പരിഹാസത്തോടെ അവനെ നോക്കി.

“പഴകും തോറും വീര്യം കൂടുന്നത് വീഞ്ഞിനു മാത്രമല്ല വിഷ്ണു…. മനസ്സിൽ കാലങ്ങളോളം ഒളിപ്പിച്ച പ്രതികാരത്തിനും വീര്യം കൂടും ”

“എന്നിട്ട്?”

ചുണ്ടുകൾ പ്രത്യേക ആകൃതിയിൽ വക്രീകരിച്ച് പരിഹാസത്തോടെ അവൻ ചോദിച്ചു.

“കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും. അതിനി എൻ്റെ ജീവൻ പോയാലും ശരി…. നിയമങ്ങളെ പേടിക്കാതെ നിൻ്റെ ജീവനെടുക്കും ഞാൻ ”

വീറോടെ പറഞ്ഞ അവളെ പരിഹാസത്തോടെ നോക്കി വിഷ്ണു പുഞ്ചിരിച്ചു.

“വിനോദിനെ പറഞ്ഞയച്ചിട്ടല്ലേ എൻ്റെ നേർക്ക് വരുകയുള്ളൂ.,, അപ്പോൾ അതൊരിക്കലും സംഭവിക്കാൻ പോകുന്നില്ല…… കാരണം നിനക്ക് കൈയെത്തി പിടിക്കാൻ കഴിയുന്നതിനപ്പുറം നീലാകാശത്തിലാണ് അവൻ്റെ യാത്ര…. ”

വിഷ്ണുവിൻ്റെ വാക്കുകൾ കേട്ടതും ഒരു പരിഹാസത്തോടെ അവനെ നോക്കി വസുന്ധര….

“ഏത് ആകാശത്ത് പറന്നാലും സമ്മാനം വാങ്ങിക്കാൻ ഭൂമിയിലേക്ക് വരണ്ടേ…. വരുത്തും ഞാനവനെ എൻ്റെ സമ്മാനം വാങ്ങിപ്പിക്കാൻ ”

” അപ്പോൾ ശരി വസുന്ധരാ…. നിൻ്റെ ആഗ്രഹങ്ങൾ പൂവണിയാൻ ഞാൻ പ്രാർത്ഥിക്കാം….

ദുരാഗ്രഹമാണെങ്കിലും ”

പരിഹാസത്തോടെ പറഞ്ഞു കൊണ്ടവൻ പടിയിറങ്ങുമ്പോൾ അർത്ഥഗർഭമായ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു വസുന്ധര.

അവൻ്റെ കാർ കണ്ണിൽ നിന്നു മറയും വരെ നോക്കി നിന്ന വസുന്ധര പൊടുന്നനെ മൊബൈലെടുത്ത് കീ ബട്ടണിൽ വിരലമർത്തി.

കുറച്ചു നിമിഷങ്ങൾക്കു ശേഷം വിഷ്ണുവിൻ്റെ കാറിനു പിന്നിലായി മറ്റൊരു കാർ പതിയെ ഇഴഞ്ഞു നീങ്ങികൊണ്ടിരുന്നു…

“സത്യം പറയണം ഉണ്ണിയേട്ടാ…. എല്ലാവരും വെറുക്കുന്ന…. ഒരു കാലത്ത് എന്നെ വളരെ ആഗ്രഹിച്ചിരുന്ന വിഷ്ണു പോലും വെറുക്കുന്ന ഈ കവിളിലെങ്ങിനെ ഉണ്ണിയേട്ടൻ ആവേശത്തോടെ ചുംബിക്കുന്നു….? ഒരു രാത്രി പോലും എന്നെ ഉറങ്ങാൻ സമ്മതിക്കാത്തത്?”

ഉണ്ണിയുടെ ശരീരത്തിലേക്ക് ചാരി വസുന്ധര ഗദ്ഗദത്തോടെ ചോദിച്ചപ്പോൾ ആ പൊള്ളിയടർന്ന കവിളിൽ ചുണ്ടമർത്തി അവൻ….

“ആ ചോദ്യത്തിനു ഒരു ഉത്തരമേയുള്ളൂ വസു… കാമുകനും ഭർത്താവും തമ്മിലുള്ള വ്യത്യാസം…

അതാണ് ആ ഉത്തരം ”

പൊടുന്നനെ വസുന്ധരയുടെ മൊബൈൽ അടിച്ചപ്പോൾ അവൾ മൊബൈൽ കാതോരം ചേർത്തു.

“മോൻ്റെ ഡാഡിയുള്ളപ്പോൾ ഈ മമ്മിയെ കുറിച്ചു മോൻ വിഷമിക്കണ്ട ഗോകുൽ…. മമ്മിയുടെ ഒരു ചെറിയ ആഗ്രഹം സാധിച്ചു തരാനാണ് ഡാഡി ലീവെടുത്ത് ഇങ്ങോട്ടു വന്നത്… എല്ലാം ഭംഗിയായി നടന്നു.അതു കൊണ്ട് വെളുപ്പിന് ഞങ്ങൾ ദുബായിയിൽ ലാൻ്റ് ചെയ്യും…പിക് ചെയ്യാൻ മോൻ വരണം ”

പറഞ്ഞവസാനിച്ച് വസുന്ധര മൊബൈൽ ഉണ്ണിക്കു കൊടുത്ത് ആ തോളിൽ സംതൃപ്തിയോടെ ചാരി കിടന്നു……

കുറച്ചു ദൂരം ചെന്നപ്പോൾ വലിയ ഒരു ഗതാഗത കുരുക്ക് കണ്ടപ്പോൾ, തൊട്ടടുത്ത പോലീസുകാരനോട് കാര്യം തിരക്കി ഉണ്ണി .

” വൻ തോതിൽ കള്ളപ്പണവുമായി ഒരു കാർ ഇതിലെ പോകുമെന്ന് ഒരു അനോണിമസ് കോൾ കിട്ടിയിട്ട് ചെക്കിങ്ങ് തുടങ്ങിയതാ…. പക്ഷേ കള്ള പണക്കാരെ കിട്ടിയില്ല… പകരം സുഹൃത്തിനെ കൊന്ന്‌ കാറിലാക്കി കൊണ്ടു പോകുന്ന ഒരു നൊട്ടോറിയസ് ക്രിമിനലിനെ കിട്ടി ”

പോലീസുകാരൻ ദേഷ്യത്തോടെ പറഞ്ഞ് കുരുക്കിൽ നിൽക്കുന്ന വണ്ടികളെ പതിയെ മുന്നോട്ടു കടത്തിവിടുമ്പോൾ, വസുന്ധര ആവേശപൂർവ്വം ഉണ്ണിയുടെ കവിളിൽ ചുംബിച്ചു.

പതിയെ നീങ്ങുന്ന വാഹനവ്യൂഹങ്ങളിലൊന്നിലിരുന്ന ഉണ്ണിയും, വസുന്ധരയും, പോലീസുകാർ വളഞ്ഞിട്ട വാഹനത്തിലേക്ക് എത്തി നോക്കി.

കുറ്റവാളിയെ പോലെ കുനിഞ്ഞു നിൽക്കുന്ന വിഷ്ണുവിനെ കണ്ടതും അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു…..

പോലീസുകാർ പലതും ചോദിക്കുന്നുണ്ടെങ്കിലും, അതൊന്നും കേൾക്കാതെ, തൻ്റെ കാറിൻ്റെ പിൻസീറ്റിൽ കിടക്കുന്ന തൻ്റെ ഉറ്റ സുഹൃത്തായ വിനോദിൻ്റെ ശവശരീരത്തിലേക്ക് നോക്കി മൗനമായി നിൽക്കുകയായിരുന്നു വിഷ്ണു……

അതിനെക്കാളേറെ അവനെ ഭീതിപ്പെടുത്തിയത് വസുന്ധരയുടെ വാക്കുകൾ ഓർത്തപ്പോഴായിരുന്നു….

“വിനോദിനെ ഈ ഭൂമിയിൽ നിന്നു പറഞ്ഞയച്ചതിൻ്റെ നൂറാം നാൾ നിൻ്റെ ജീവനെടുത്തിരിക്കും ഞാൻ ”

പക നിറഞ്ഞ അവളുടെ ശബ്ദം വീണ്ടും കാതിൽ ഈയമായി ഉരുകി വീണപ്പോൾ, മരണത്തിൻ്റെ കാലൊച്ച തൊട്ടടുത്തെത്തിയതെന്നറിഞ്ഞ വിഷ്ണു തളർച്ചയോടെ പോലീസുകാരുടെ കൈകളിലേക്ക് തളർന്നുവീഴുന്നത് ഒരു നിർവൃതിയോടെ നോക്കിയിരിക്കുകയായിരുന്നു വസുന്ധരയപ്പോൾ .

ശുഭം….

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : സന്തോഷ് അപ്പുക്കുട്ടൻ