നീ എന്നോടു ക്ഷമിക്കണം.. നിനക്കു തന്ന വാക്ക് പാലിക്കാന്‍ എനിക്കു കഴിയില്ല… നമ്മൾ തമ്മിൽ ചേരില്ല

രചന : Deepthy Praveen

ഇഷ്ടവസന്തം

**************

” ഭാമി വാക്ക് മാറുന്നത് നെറികേട് ആണെന്നു എനിക്കു അറിയാം.. പക്ഷേ….. നീ എന്നോടു ക്ഷമിക്കണം . നിനക്കു തന്ന വാക്ക് പാലിക്കാന്‍ എനിക്കു കഴിയില്ല… ”

തല കുനിച്ചു കൊണ്ടു ഏഴുവര്‍ഷത്തെ സ്വപ്നങ്ങള്‍ക്ക് ഏതാനും വാക്കുകളില്‍ തിരിശ്ശീലയിടുമ്പോള്‍ മറുവശത്ത് ഉണ്ടാകാന്‍ ഇടയുള്ള നടുക്കം വൈശാഖന് അറിയാമായിരുന്നു

ശബ്ദം ഒന്നും കേള്‍ക്കാതെ ആയപ്പോള്‍ മുഖമുയര്‍ത്തി നോക്കി…

അടരാന്‍ വെമ്പി നില്‍ക്കുന്ന മിഴികളില്‍ നിറഞ്ഞ ചോദ്യങ്ങളെ അവഗണിച്ചു കൊണ്ടു നോട്ടം മാറ്റി…

ജൂനിയറായി പഠിച്ച കാലം മുതലെ മനസ്സില്‍ കയറ്റിയതാണ്… ഒരു ജോലിയായിരുന്നു തടസ്സം..

ആ ജോലി കിട്ടിയപ്പോള്‍ അവള്‍ ഒരുപാട് സന്തോഷിച്ചു…

പക്ഷേ പകുതി വഴിയില്‍ യാത്ര പറയുകയാണ്…

അവള്‍ എങ്ങനെ ഉള്‍കൊള്ളും…. അറിയില്ല….

” വൈശേട്ടാ… ഞാന്‍ എന്താ ചെയ്തേ… ഇങ്ങനെയൊക്കെ … ”

കണ്ണീരിനൊപ്പം അവളുടെ വാക്കുകളും അടര്‍ന്നു…

”ഭാമി… കൂടുതല്‍ ഒന്നും ചോദിക്കരുത്… നീ നല്ലൊരു ജീവിതം കണ്ടു പിടിക്കണം.. നമ്മള്‍ തമ്മില്‍ ചേരില്ല.. അതാണ്… ”

അവളുടെ മുഖത്തേക്ക് നോക്കി കടുപ്പത്തില്‍ തന്നെ പറയുമ്പോഴും ആ കണ്ണുകള്‍ നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു…

കൂടുതലൊന്നും പറയാതെ അവളുടെ മുന്നില്‍ നിന്നും തിരിഞ്ഞു നടക്കുമ്പോള്‍ പിന്നിലെ ശബ്ദമില്ലാതെയുള്ള നിലവിളി അറിയുന്നുണ്ടായിരുന്നു

” എങ്കിലും വൈശാഖാ.. ഒരു ജോലി കിട്ടിയപ്പോഴേക്കും നീ ഇങ്ങനെ മാറരുതായിരുന്നു..

ആ പെണ്ണ് എത്ര ആശിച്ചതാ… നീ ഇങ്ങനെ ഒരു ചതിയനായി പോയെല്ലോ.. ”

ജോബിയാണ്… അടുത്ത കൂട്ടുകാരനാണ്..

അന്നാണ് അവനും അവസാനമായി മിണ്ടിയത്‌…എല്ലാവരുടെയും മുന്നില്‍ ചതിയനായി…

ശരിയാണ്… അവളെ ചതിക്കുകയായിരുന്നു…

പിന്നാലെ നടന്നപ്പോഴൊക്കെ ഒഴിഞ്ഞു മാറിയതാണ്..

ഭാവയാമിയെന്ന പേരായിരുന്നു ആദ്യം ആകര്‍ഷിച്ചത്… പിന്നീട് പൂച്ചയെ പോലെ ശാന്തമായ സ്വഭാവം..ഒടുവില്‍ അവളുടെ നിസ്വാര്‍ത്ഥമായ പ്രണയം ആയിരുന്നു ആത്മാവിനോളം അടുപ്പിച്ചത്‌..

ഒരിക്കല്‍ എന്നില്‍ നിന്നും മാറി ചിന്തിക്കരുതേ എന്നു മാത്രമായിരുന്നു അവളുടെ അപേക്ഷ …. അച്ഛനൂം അമ്മയ്ക്കും ഏക മോളായിരുന്നു..

അതുകൊണ്ട് തന്നെ ഇഷ്ടം ആണെന്നു പറഞ്ഞപ്പോള്‍ തന്നെ തന്റെ അച്ഛനോട് പറയാനാണ് അവള്‍ ആവശ്യപെട്ടത്..

മകളുടെ ഇഷ്ടത്തേക്കാള്‍ വലുതായി ഒന്നും ഇല്ലാത്ത ആ അച്ഛന്‍ ജോലി നേടി വന്നാല്‍ മോളെ തരാമെന്നു ഉറപ്പു തരുകയും ചെയ്തു.. ആ കുടുംബത്തെ മുഴുവന്‍ ചതിച്ചതു പോലെ ആയിപ്പോയി …

ഭാമിയുടെ കല്യാണം കഴിഞ്ഞൂന്ന് അനിയത്തി പറഞ്ഞ് അറിഞ്ഞപ്പോഴും ഒരു നോവായിരുന്നു…

ദിവസങ്ങള്‍ ,മാസങ്ങള്‍ വര്‍ഷങ്ങള്‍ ഓടിയകന്നു…

വീണ്ടും അവളെ കാണുന്നത് ഇന്നാണ്‌..

അപ്രതീക്ഷിതമായി അമ്പലനടയില്‍…

അമ്മയോടൊപ്പം അമ്പലങ്ങളില്‍ പോകാന്‍ ഇറങ്ങിയതാണ്‌..

” വൈശേട്ടാ.. ”

അമ്മയുടെ കൈ പിടിച്ചു നടക്കുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി..

തിരിഞ്ഞു നോക്കാതെ തന്നെ ആളെ മനസ്സിലായി…

ഇന്നോളം വേറൊരു ശബ്ദവും തന്നില്‍ പ്രതിധ്വനിച്ചിട്ടില്ലല്ലോ..

” ഭാമി.. ”

ആ പേര് കേട്ടതും അമ്മയുടെ ശ്രദ്ധയും അങ്ങോട്ടേക്കായി..

പൂമ്പാറ്റ പോലെ രണ്ടു പെണ്‍കുഞ്ഞുങ്ങളുടെയും കൈയ്യില്‍ പിടിച്ചു കൊണ്ട് അവള്‍..

”ഭാമി എന്താ ഇവിടെ. ”

” വൈശേട്ടന് എന്നെ ഓര്‍മ്മയുണ്ടോ.. ”

ആ ചോദ്യത്തിലെ നൊമ്പരം നെഞ്ചു പൊള്ളിച്ചു..

ഇപ്പോഴും തന്നോടുള്ള സ്നേഹം ആ കണ്ണുകള്‍ പറഞ്ഞു..

” ഞങ്ങള്‍ ഇവിടെയാ വൈശേട്ടാ.. രവിയേട്ടന് ഇവിടെയാ ജോലി.. ”

” എന്റെ മക്കളാണ് വൈശേട്ടാ .. ആമിയും ബാലയും.. ”

മക്കളുടെ നേര്‍ക്ക് ഞാന്‍ നോക്കുന്നത് കണ്ടു പെട്ടെന്ന് അവൾ പറഞ്ഞു..

അന്നത്തേ അതേ പ്രസരിപ്പോടെ അവള്‍ മുന്നില്‍ നില്‍ക്കുമ്പോഴും അവളുടെ മുഖത്ത് നഷ്ടബോധമുണ്ടോ… അതോ തനിക്കു തോന്നുന്നതാണോ..

” ഭാര്യയും മക്കളും എവിടെ വൈശേട്ടാ .. ”

ചുറ്റുപാടും നോക്കി കൊണ്ട് അവള്‍ ചോദിക്കുമ്പോള്‍ അമ്മയുടെ മുഖം താഴ്ന്നിരുന്നു… അമ്മ പതിയെ മുന്നോട്ട് നടന്നു കുറച്ചകലെയുള്ള ആലിന്‍ ചുവട്ടില്‍ ഇരിപ്പുറപ്പിച്ചു..

” ഞാനും അമ്മയും മാത്രമേയുള്ളു ഭാമി…”

ചെറിയ ചിരിയോടെ അത് പറയുമ്പോള്‍ അവളുടെ മുഖം മങ്ങിയിരുന്നു..വിശ്വസിക്കാനാവാത്ത ഒരു പകപ്പ്…

” കുടുംബം ..”

” ചില മുഖങ്ങള്‍ മനസ്സില്‍ പതിഞ്ഞാല്‍ പകരം വെയ്ക്കാന്‍ ഒരു മുഖം വേറേ കിട്ടില്ല ഭാമി…

അങ്ങനെ ഒരിക്കല്‍ പതിഞ്ഞ മുഖം പിന്നീടൊട്ടു ഇറങ്ങിയും പോയില്ല.. ആ ഓര്‍മ്മകള്‍ക്ക് തന്നെ വല്ലാത്ത ലഹരിയാണ്… ഇന്നും ആ ലഹരി നുണഞ്ഞു എന്റെ ജീവിതം ഞാന്‍ ആഘോഷിക്കുന്നു.”

ഭാമിയുടെ മുഖത്ത് സങ്കടവും സന്തോഷവും മാറിമാറി വരുന്നതു പോലെ തോന്നി..

” ഒരു ജീവിതം നോക്കി കൂടെ വൈശേട്ടാ..”

” എന്തിന്..ഞാന്‍ സന്തോഷവാനാണ്‌…. ഈ ജന്മം ഇങ്ങനെ തീരട്ടെ.. ഭാമിയെ കാണണമെന്നു ഉണ്ടായിരുന്നു.. പ്രതികരണം എങ്ങനെ ആയിരിക്കും എന്ന ഭയവും … ഞാന്‍ നിന്നോട് ചെയ്ത ദ്രോഹവും അത്തരത്തില്‍ ആയിരുന്നെല്ലോ.. എന്തായാലും ഈ അമ്പല നടയില്‍ വെച്ചു കണ്ടുമുട്ടിയതും ദൈവനിശ്ചയമാകും…നിനക്കു എന്നോടു ദേഷ്യമില്ലെന്നത് തന്നെ വലിയ ആശ്വാസമാണ്.. ”

ഞാന്‍ മനസ്സറിഞ്ഞു ചിരിച്ചു ..

” ദേഷ്യമോ.. എന്തിന്…. ചിലതൊക്കെ നമുക്കു നേടാന്‍ കഴിയില്ലായിരിക്കാം.. എന്നു കരുതി അതെന്നും പ്രിയപ്പെട്ടത് തന്നെ ആയിരിക്കും.. നഷ്ടങ്ങളിലൂടെ മാത്രം മൂല്യം കൂടുന്ന ചില ഇഷ്ടങ്ങള്‍ പോലെ.. ”

അവളുടെ മുഖം കൂടുതല്‍ തിളങ്ങി..

” വൈശേട്ടാ .. ഒരു കാര്യം ചോദിക്കട്ടെ . ”

അവള്‍ ഒന്നു പരുങ്ങി..

അവളുടെ മനസ് അറിയാവുന്ന എനിക്കു ആ ചോദ്യവും അറിയാമായിരുന്നു ..

” നീ എന്താ ചോദിക്കാന്‍ പോകുന്നതെന്ന് എനിക്കു അറിയാം ഭാമി…… അന്നത്തെ പോലെ തന്നെ ഇന്നും എന്റെ പക്കല്‍ ഉത്തരമില്ല… ചിലപ്പോള്‍ ഇത് ആയിരിക്കണം വിധി… നീ നന്നായി ജീവിക്കുന്നത് കണ്ടാല്‍ മതി..നിന്റെ ചിരിയാണ് എന്റെ സന്തോഷം.. ”

യാത്ര പറഞ്ഞു മടങ്ങുമ്പോള്‍ ഈ യാത്രയും ഈ ജന്മവും വെറുതെയല്ലെന്നു ഉറപ്പിച്ചു.. എത്ര ജന്മങ്ങള്‍ കഴിഞ്ഞാലും തന്റെ സ്നേഹം അവളുടെയുള്ളില്‍ ഉറവയായി ഉണ്ടായിരിക്കും…

”അവന്റെ ഇഷ്ടം സമ്മതിച്ചു കൊടൂത്താല്‍ മതിയായിരുന്നു… നല്ലയൊരു പെങ്കൊച്ച്… ”

ആല്‍ത്തറയില്‍ ഇരുന്ന അമ്മയെ ചേര്‍ത്തു പിടിച്ചൂ വണ്ടിയുടെ നേരേ നടക്കുമ്പോള്‍ കുറ്റബോധത്തോടെ അമ്മ പിറുപിറുക്കുമ്പോഴും ആ കണ്ണുകളിലെ സ്നേഹത്തിന്റെ ശക്തി എന്നില്‍ മുന്നോട്ടുള്ള പ്രയാണത്തെ ഓര്‍മ്മിപ്പിക്കുകയായിരുന്നു…

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : Deepthy Praveen